Sunday, June 13, 2021

ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്

ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്

തീവ്രവാദികൾ രാജ്യദ്രോഹികളല്ല. അങ്ങനെ വിളിച്ച് അവരെ ചെറുതാക്കരുത്. അവർ ലോകദ്രോഹികളാണ്; ആഗോള ദ്രോഹികൾ!അക്കാര്യത്തിലും നമുക്കൊരു ആഗോള വീക്ഷണം ആവശ്യമാണ്. കാരണം തീവ്രവാദം ലോകവ്യാപകമാണ്. തീവ്രവാദികളുടെ ലക്ഷ്യം ഏതെങ്കിലും ഒരു രാജ്യം മാത്രമല്ല. അഥവാ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളാണെങ്കിലും അതിൻ്റെ വേരുകൾ ലോകവ്യാപകമാണ്. അതിനുള്ള പണവും ആയുധങ്ങളുമെല്ലാം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് സിറിയയിലോ മറ്റ് രാജ്യങ്ങളിലോ തീവ്രവാദത്തിനു പോകുന്നവരുടെ ലക്ഷ്യവും ഇന്ത്യ മാത്രമല്ല. ലോകം തന്നെയാണ്. 

ലോകത്തെവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് രാജ്യങ്ങളെയും ബാധിക്കും. ഉദാഹരണത്തിന് ഗൾഫിലോ,  അമേരിക്കയിലോ, യു.കെയിലോ  കാനഡയിലോ ആസ്ട്രേലിയയിലോ എവിടെ തീവ്രവാദ പ്രവർത്തനങ്ങൾ മൂലം ആ രാജ്യങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും അത് നമ്മളെയും ബാധിക്കും. കാരണം നമ്മുടെ രാജ്യത്ത് നിന്ന് ആളുകൾ  ലോകത്തെ എല്ലാ രാജ്യങ്ങളിലും പോയി തൊഴിലെടുക്കുകയും വിദ്യാഭ്യാസം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെയൊക്കെ തൊഴിലും സംരഭങ്ങളും നടത്തുക വഴി വലിയ തോതിൽ വിദേശനാണ്യവും നേടിത്തരുന്നുണ്ട്. കൂടാതെ പരസ്പരാശ്രിത ലോകക്രമത്തിൽ വിഭവങ്ങളും സാങ്കേതിക വിദ്യകളും ശാസ്ത്രത്തിൻ്റെ നേട്ടങ്ങളും എല്ലാം ലോകരാഷ്ട്രങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു രാഷ്ട്രത്തെയും ഒന്നിനു വേണ്ടിയും ആശ്രയിക്കാതെ ഒറ്റപ്പെട്ടു നിൽക്കാൻ ഒരു രാഷ്ട്രത്തിനുമാകില്ല. 

നമ്മുടെ രാജ്യവും പല രാജ്യങ്ങളിലേക്കും വിഭവങ്ങൾ കയറ്റുമതി ചെയ്യുകയും പല വിഭവങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. നമ്മുടെ കയറ്റുമതി വരുമാനവും നമ്മുടെ ധനശേഷിക്ക് മുതൽകൂട്ടാണ്. ലോകത്ത് വിഭവങ്ങൾ എല്ലാം  സംതുലിതമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെ പരസ്പരാശ്രയം  ഒരു രാജ്യത്തിനും ഒഴിവാക്കാനാകില്ല. പരമാവധി സ്വയംപര്യാപ്തത എന്നതല്ലാതെ പൂർണ്ണമായും പരാശ്രയമില്ലാത്ത സ്വയംപര്യാപ്തത ഒരു രാജ്യത്തിനും നേടാനാകില്ല. അപ്പോൾ ലോകത്ത് എവിടെയും ശാന്തിയും സമാധാനവും നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്. ഭീകരപ്രവർത്തനങ്ങളും  

യുദ്ധങ്ങളുമൊക്കെ ലോകത്തെവിടെ നടന്നാലും അതിൻ്റെ ദോഷഫലങ്ങൾ ലോകത്തെവിടെയുമുണ്ടാകും. മറ്റ് രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ സുരക്ഷയും അതത് രാജ്യങ്ങളുടെ മാത്രം ആവശ്യമല്ല. ഒരു രാജ്യത്തുണ്ടാകുന്ന ദാരിദ്ര്യം, മഹാമാരികൾ, പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതിക പ്രശ്നങ്ങൾ ഒക്കെയും എല്ലാ രാജ്യങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും. 

ദേശാതിർത്തികൾ മനുഷ്യനിർമ്മിതവും ചരിത്രപരമായ കാരണങ്ങളാലും സാംസ്കാരികമോ  ഭാഷാപരമോ പ്രകൃതിഘടന കൊണ്ടോ ഭരണസൗകര്യാർത്ഥം രൂപം കൊണ്ടതോ ഒക്കെയാകാം. എങ്കിലും ദേശാതിർത്തികൾ ഏറെയും മനുഷ്യനിർമ്മിതങ്ങളാണ്. അഥവാ പലതും അതത് ഭൂമിശാസ്ത്ര പ്രദേശങ്ങളിലെ   മനുഷ്യൻ ഏറ്റെടുത്ത് നിലനിർത്തുന്നതാണ്. ലോകമാണ്  യഥാർത്ഥ രാജ്യം. ലോകത്തിനു  മൊത്തമായ ഒരു പൊതു ഭരണകൂടവ്യവസ്ഥ ഇനി 'യും നിലവിൽ വന്നിട്ടില്ലെങ്കിലും. അതത് കുടുംബങ്ങളിലെന്നപോലെ അതത് രാഷ്ട്രങ്ങളുടെ നിർദ്ദോഷവും അനിവാര്യ വ്യമായ സ്വാർത്ഥതയ്ക്കപ്പുറം സങ്കുചിതവും അതിതീവ്രവുമായ ദേശീയത ഒരു ആഗോള വീക്ഷണത്തിനും വിശ്വമാനവികതയ്ക്കും ഭൂഷണമല്ല. നമുക്ക് നമ്മുടെ രാജ്യത്തെ സ്നേഹിച്ചു കൊണ്ടും രാജ്യത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ടും അതിൻ്റെ നിലനില്പിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടും തന്നെ വിശ്വപൗരന്മാരാകാം!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ഇന്ന് ലോകമാണ് യഥാർത്ഥ രാജ്യം.
ലോകത്തിനു മൊത്തമായ ഒരു പൊതു ഭരണകൂടവ്യവസ്ഥ ഇനി 'യും നിലവിൽ വന്നിട്ടില്ലെങ്കിലും. അതത് കുടുംബങ്ങളിലെന്നപോലെ അതത് രാഷ്ട്രങ്ങളുടെ നിർദ്ദോഷവും അനിവാര്യ വ്യമായ സ്വാർത്ഥതയ്ക്കപ്പുറം സങ്കുചിതവും അതിതീവ്രവുമായ ദേശീയത ഒരു ആഗോള വീക്ഷണത്തിനും വിശ്വമാനവികതയ്ക്കും ഭൂഷണമല്ല. നമുക്ക് നമ്മുടെ രാജ്യത്തെ സ്നേഹിച്ചു കൊണ്ടും രാജ്യത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ടും അതിൻ്റെ നിലനില്പിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടും തന്നെ വിശ്വപൗരന്മാരാകാം..!