Wednesday, January 7, 2009

പ്രണയിക്കുവാൻ മനസില്ലെങ്കിലോ?

പ്രണയിക്കുവാൻ മനസില്ലെങ്കിലോ?

പ്രണയം ഉദാത്തമായ ഒരു അനുഭൂതിയാണ്. അനുഭവമാണ്. പ്രണയിച്ചിട്ടുള്ളവർക്ക് അറിയാം അതിന്റെ സുഖം. എന്നുവച്ച് പ്രണയിക്കുക എന്നത് നിർബന്ധിതമായ ഒരു നിയമമോ കടമയോ ആണോ? ആണെന്നു തോന്നും നമ്മുടെ നാട്ടിലെ ചില ദൃശ്യ-ശ്രവ്യ അച്ചടി മാധ്യമങ്ങളുടെ പ്രചരണങ്ങൾ ശ്രദ്ധിച്ചാൽ!മാദ്ധ്യമങ്ങൾ പ്രണയത്തിനു നൽകുന്ന അനാവശ്യമായ പ്രചരണം അതിരു കടക്കുകയാണ്. അച്ചടി മാദ്ധ്യമങ്ങളിലെ പല രൂപത്തിലുള്ള എഴുത്തുകുത്തുകൾ, ദൃശ്യമാദ്ധ്യമങ്ങളിലെ സീരിയലുകൾ ഉൾപ്പെടെയുള്ള പരിപാടികൾ, ഇപ്പോഴത്തെ ചില എഫ്.എം റേഡിയോകളിലെ അനൌൺസർമാരും, മാരികളുമായ ഫുൾസ്റ്റോപ്പില്ലാത്ത ചില വിചിത്ര ജീവികൾ  എല്ലാം ചേർന്ന്  നിരന്തരം പ്രണയത്തിനു നൽകുന്ന പ്രചരണം കണ്ടാൽ  കേട്ടാൽ ലോകമുണ്ടായതുതന്നെ പ്രണയിക്കുവാൻ  വേണ്ടി-അതിനുവേണ്ടി മാത്രമാണെന്നു തോന്നും. പണ്ടത്തെ ചില സിനിമകളും പൈങ്കിളി നോവലുകളും ഒക്കെ നോക്കിയാൽ  ഒരിണയെ കണ്ടെത്തുന്നതാണ് മനുഷ്യൻ  നേരിടുന്ന ഏറ്റവും വലിയ ജീവിതപ്രശ്നം എന്നു തോന്നുമായിരുന്നു. എന്നാൽ  ഇന്ന്‌ ഒരു വ്യത്യാസം ഉള്ളത്‌ എന്താണെന്നു വച്ചാൽ  ഇണയെ അഥവാ ഭാവിയിലേയ്ക്ക്‌ ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക എന്ന രീതിയിലുള്ള ഒരു ഗൌരവമൊന്നും പ്രണയത്തിനു നൽകുന്നില്ല എന്നുള്ളതാണ്. ചുമ്മാ പ്രണയിക്കുക.

ഒരുത്തനുമായി,അല്ലെങ്കിൽ  ഒരുത്തിയുമായി ഉള്ള പ്രണയം മടുക്കുമ്പോൾ, അല്ലെങ്കിൽ  വേറൊരാളെ കണ്ടെത്തുമ്പോൾ  അതുമല്ലെങ്കിൽ  ഒരാളുടെ വിവാഹം കഴിയുമ്പോഴേയ്ക്ക്‌ വേറൊന്നിനെ കണ്ടെത്തി പ്രണയിക്കുക. അതുമല്ലെങ്കിൽ  ഒരേ സമയം മാനേജ്‌ ചെയ്യുവാനുള്ള കപ്പാസിറ്റി അനുസരിച്ച് ഒന്നിലേറെ പ്രണയങ്ങൾ  സംഘടിപ്പിച്ചു മുന്നേറുക. അല്ലാതെ വിവാഹം കഴിയ്ക്കുക എന്നത്‌ ഇന്നത്തെ പ്രണയത്തിന്റെ ഒരു ലക്ഷ്യമേ അല്ല. വിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത്‌ ഒരു പഴങ്കഥയത്രേ! അതായത്‌ ഇപ്പോൾ  ഏതാണ്ടൊരു ബ്രിട്ടീഷ് ബോയ്‌ഫ്രെണ്ട്‌-ഗേൾഫ്രണ്ട്‌ സ്റ്റയിൽ! ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലെ അനൌൺസർമാരും മാരികളുമാകുന്ന മംഗ്ലീഷ് പിള്ളേര്  ഒരു ദിവസം പ്രണയമെന്ന ആ വാക്ക്‌ എത്ര വട്ടം പറയുന്നു എന്നത്‌ ഒന്നെണ്ണി നോക്കിയാൽ  അവരിൽ  ആർക്കെങ്കിലുമൊക്കെ ആ വാക്ക്‌ ഏറ്റവുമധികം പ്രാവശ്യം ഉപയോഗിച്ചതിന്റെ പേരിൽ  ഗിന്നസ് ബുക്കിൽ  കയറാം. സത്യത്തിൽ  ഇവറ്റകളെല്ലാം കൂടി ചേർന്ന്  പ്രണയം എന്ന ആ മധുരമയമായ വാക്കിനെ വ്യഭിചരിയ്ക്കുകയാണ്. ആ വാക്കിനെ കൂട്ടബലാത്സംഘം ചെയ്യുകയാണ്. പ്രണയത്തിനുപിന്നിലുള്ള എല്ലാ ഉദാത്തമായ സങ്കല്പങ്ങളേയും അതിന്റെ വിശുദ്ധിയേയും വലിച്ചുകീറി നാമാവിശേഷമാക്കുകയാണ്.

നിരന്തരം ഈ ദൃശ്യ-ശ്രവ്യ ‘മലയാള ഭാഷാ വ്യഭിചാര അസോസിയേഷനുകൾ’ നടത്തുന്ന ഈ പ്രണയാഹ്വാനങ്ങൾ കാരണം കോളേജുകളിലെ കാര്യമോ പോകട്ടെ, പള്ളിക്കൂടങ്ങളിലെ ഒമ്പതിലും പത്തിലും ഹയർ  സെക്കണ്ടറിയിലുമൊക്കെ പഠിയ്ക്കുന്ന ആൺപി‌ള്ളേര് നാലിലും അഞ്ചിലും പഠിയ്ക്കുന്ന പെൺകൊച്ചുങ്ങളുടെ പുറകേ പ്രേമലേഖനവുമായി നടക്കുന്നതു കാരണം അദ്ധ്യാപകരും രക്ഷകർത്താക്കളും നന്നേ ബുദ്ധിമുട്ടുകയാണ്. ഒന്നാം ക്ലാ‌സ്സിൽ  പഠിയ്ക്കുന്ന ആണിനും പെണ്ണിനും പോലും ഇന്ന് നന്നായി അറിയാം പ്രണയവും പ്രണയ ലേഖനം എഴുത്തും. കോളേജുകളിലൊക്കെ പഠിയ്ക്കുന്ന മുതിർന്ന  കുട്ടികളാകട്ടെ പഠിയ്ക്കാനെന്നും പറഞ്ഞ് വീട്ടിൽ‌നിന്ന്‌ ഇറങ്ങിയിട്ട് കാമുകീകാമുകന്മാരുമായി പാർക്കുകളിലും ഐസ്ക്രീം പാർളറുകളിലും സിനിമാതിയേറ്ററുകളിലിമൊക്കെ കയറിയിറങ്ങി നടക്കുകയാണ്.  വല്ല എഫ്.എം റേഡിയോക്കാരും ഏതെങ്കിലും സമയത്തു പ്രണയമുണ്ടോ എന്നു ചോദിച്ചാൽ  ഇല്ലെന്നു പറയുന്നതെങ്ങനെ ?  അതു മോശമല്ലേ? ചിലരാകട്ടെ, ഹോട്ടൽ  മുറികളിലോ, ഒഴിഞ്ഞ ഏതെങ്കിലും വീടുകളൊ സ്ഥലങ്ങളോ  തരപ്പെടുത്തിയോ ഒക്കെ പ്രണയത്തിന്റെ ‘ഉച്ചകോടിയിൽ’ തന്നെ ചെന്നെത്തുന്നു. ആരുമായെങ്കിലും വിവാഹം കഴിയ്ക്കുമ്പോൾ  എക്സ്പീരിയൻസ്  ഇല്ലെന്നു വരരുതല്ലോ!  ഈ  എക്സ്പീരിയൻസുകൾ ചിലത്‌ മറ്റുള്ളവർക്കു കൂടി പകർന്നു  നൽകുവാൻ  പാകത്തിൽ  മൊബൈലിലൂടെ ലോകം ചുറ്റിവരാറുണ്ട്.  ഈ പ്രണയിനികളിൽ  ചിലതൊക്കെ പിന്നീട്‌ ശവങ്ങളായി കരയിലും വെള്ളത്തിലുമൊക്കെ കാണപ്പെടുമ്പോഴായിരിയ്ക്കും വീട്ടുകാർക്കും  നാട്ടുകാർക്കും  ആധുനിക പ്രണയത്തിന്റെ മാഹാത്മ്യം മനസ്സിലാവുക.

മിക്ക പിള്ളേർക്കും  വലിയോർക്കും  ഒക്കെ ഇന്ന്‌ മൊബൈലുണ്ട്‌. അതൊഴിവാക്കുവാൻ  പറ്റുകയുമില്ല. മൊബയിലിലാകട്ടെ ഇന്നില്ലാത്ത സംവിധാനങ്ങളില്ല. പോരാത്തതിന് മിക്കവാറും എല്ലാത്തിലും എഫ്. എം.റേഡിയോ ലഭിയ്ക്കും.അവയിലൂടെ സദാ പ്രണയാഹ്വാനങ്ങളും കേട്ടു കേട്ട് പ്രലോഭിതരായി അങ്ങനെ നടക്കാം. കൂട്ടത്തിൽ  ഒന്നു കൂടി പറഞ്ഞോട്ടെ; എല്ലാ ഭാഷകളിലും എഴുത്തിലും പറച്ചിലിലുമൊക്കെ കുത്ത് കോമ തുടങ്ങിയ ചില അവശ്യ സർവ്വീസുകളുണ്ട്‌. എന്നാൽ  ഇന്നത്തെ നമ്മുടെ ദൃശ്യ- ശ്രവ്യ മാദ്ധ്യമങ്ങളിലെ യുവ ആങ്കർമാരും ആങ്കറത്തികളും സംസാരിയ്ക്കുമ്പോൾ  ശ്വാസം വിടാൻ  തീരെ താല്പര്യമില്ലാത്തതിനാൽ  ഭാവിയിൽ  കുത്തുകളും  കോമകളുമൊക്കെ വംശനാശം നേരിട്ട്‌ അന്യം നിന്നു പോകുവാൻ  സാധ്യതകളുണ്ട്‌. ഒരു അഖിലലോക ശ്വാസം‌പിടി മത്സരം സംഘടിപ്പിച്ചാൽ  നമ്മുടെ പുതിയ എഫ്. എം സ്റ്റേഷനുകളിലെ ആണും പെണ്ണുമായിട്ടുള്ള ഈ അവതാരകർക്ക്  ഒന്നാം സമ്മാനങ്ങൾ  കിട്ടും. അവറ്റകളുടെ ശ്വാസം വിടാതെയുള്ള പ്രണയാഹ്വാനം കേട്ട് ശ്വാസം വിടാൻ  സമയമില്ലാതെ പ്രണയിച്ചു നടക്കുന്നവർ  ആരൊക്കെയാണ് അകാലത്തിൽ  ശ്വാസം നിലച്ചു മരിച്ചു പോകുന്നതെന്നു അവരുണ്ടോ അറിയുന്നു!

ചില എഫ്. എം സ്റ്റേഷനുകളിൽ  പ്രശസ്ത വ്യക്തിക‌ളെ ഇന്റെർവ്യൂ  ചെയ്യുന്ന പരിപാടികളുണ്ട്. അതിലെ ഒരു പ്രധാന ചോദ്യം തന്നെ പ്രണയിച്ചിട്ടുണ്ടോ എന്നുള്ളതാണ്. ഇനി പ്രണയിച്ചിട്ടില്ലാത്തവരാണെങ്കിലും കടുത്ത പ്രണയം ഉണ്ടായിരുന്നുവെന്നേ പറയുകയുള്ളൂ. പ്രശസ്തരൊക്കെ പ്രണയിക്കുമ്പോൾ  പിന്നെ അതേപറ്റി കേൾക്കു‌ന്ന ചെറുപ്പക്കാർ  പ്രണയിക്കാതിരിയ്ക്കുന്നതെങ്ങനെ? പള്ളിവേറെ സ്രാങ്കുവേറെ എന്നു പറഞ്ഞതുപോലെയാണ് ഇന്നു പ്രണയത്തിന്റെ കാര്യവും. പ്രണയം വേറെ വിവാഹം വേറെ. അതുകൊണ്ട്  ഇപ്പൊ ഒരു സൌകര്യമുള്ളത് എന്താണെന്നു വച്ചാൽ  ജാതിമത ഭേദമില്ലാതെ ആർക്കും  ആരെയും പ്രണയിക്കാം. ജാതിമാറി വിവാഹം കഴിയ്ക്കുന്നെങ്കിലല്ലേ പ്രശ്നമുള്ളു; പ്രേമിച്ചു പിരിയുന്നതിൽ  പ്രശ്നങ്ങൾ  ഇല്ലല്ലോ! കല്യാണം കഴിയ്ക്കുന്നത് സ്രീധനം വാങ്ങിയും കൊട്ടും കുരവയും ഒക്കെ ആയിട്ടുതന്നെ വേണം. പ്രേമവും വിവാഹവും ഇന്നു പരസ്പര വിരുദ്ധങ്ങളാണത്രേ!

ഇങ്ങനെയൊക്കെ ആണെന്നുവച്ച് പ്രണയിക്കുന്നവർ  പരസ്പരം സ്വപ്നങ്ങൾ പങ്കു വയ്ക്കാതിരിയ്ക്കുകയൊന്നുമല്ല. സ്വപ്നത്തിലും പറച്ചിലിലുമൊക്കെ ഭാവിയിലെ അവരൊരുമിച്ചുള്ള ജീവിതം തന്നെയാണ് പ്രണയകാലത്തുടനീളം പരസ്പരം പങ്കു വയ്ക്കപ്പെടുന്നത്. പക്ഷെ രണ്ടുപേർക്കും  അറിയാം നമ്മൾ  അങ്ങോട്ടും ഇങ്ങോട്ടും ഈ പറയുന്നതും പങ്കുവയ്ക്കുന്നതുമൊന്നും നടക്കാൻ  പോകുന്ന കാര്യങ്ങൾ  അല്ലെന്ന്‌! ഇനി യഥാർത്ഥ‌ത്തിൽ എന്താണ് ഈ പ്രണയം എന്നു പറയുന്നത്? അത് മുൻ‌കൂട്ടി തീരുമാനിച്ചുറപ്പിച്ച് സംഘടിപ്പിച്ചെടുക്കേണ്ടുന്ന ഒന്നാണോ? നാം കേട്ടിട്ടുള്ള വിശുദ്ധവും പ്രശസ്തവുമായ പ്രണയങ്ങളൊക്കെ യാദൃശ്ചി‌കമായി മുളപൊട്ടി വളർന്ന്  വികാസം പ്രാപിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങനെയാണെന്നോ, ആകണമെന്നോ അല്ല. യാദൃശ്ചി‌കമായി രണ്ട് യുവതീ യുവാക്കൾ  കണ്ടുമുട്ടുകയോ, അഥവാ സാധാരണ കാണാറുള്ളവർ  തന്നെ ക്രമേണ ക്രമേണ അടുത്ത് ഒടുവിൽ  അത്‌ നല്ലൊരു പ്രണയ ബന്ധമായി വളർന്നു‌ വരികയോ ഒക്കെ ചെയ്യാം. അത് ഒടുവിൽ   വിവാഹത്തിൽ  കലാശിയ്ക്കുകയോ, കലാശിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം. എന്തായാലും അത്തരം പ്രണയാനുഭവങ്ങൾ  ആർക്കും  മറക്കാനും കഴിയില്ല. അവ ഉദാത്തം തന്നെ. പക്ഷെ എന്നു വച്ചു പ്രണയിച്ചേ പറ്റൂ എന്ന് ആരെയെങ്കിലും നിർബന്ധിയ്ക്കാൻ  സാധിയ്ക്കുമോ? അതുമല്ലെങ്കിൽ  പ്രണയിക്കാത്തത്‌ ജീവിതത്തിലെ ഏറ്റവും വലിയ കുറച്ചിലാണെന്നുള്ള ധാരണ പരത്തുന്നതു ശരിയാണോ? പ്രേമം മാത്രമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം?

വിവാഹം കഴിഞ്ഞിട്ടു ഭാര്യയെ പ്രണയിക്കുന്നതിനു പിന്നിൽ  ഉദാത്തമായ ഒരു പ്രണയവും ഇല്ലേ? വിവാഹത്തിനു മുമ്പ്‌ പ്രണയിക്കുവാൻ  ആഗ്രഹിയ്ക്കാത്തവർക്ക്  പ്രണയിയ്ക്കാതിരിയ്ക്കുവാനുള്ള അവകാശമില്ലെന്നുണ്ടോ? അങ്ങനെയുള്ളവർക്ക്  പ്രണയിക്കാൻ  മനസ്സില്ലെങ്കിൽ  ഈ ഫുൾ‌സ്റ്റോ‌പ്പില്ലാത്ത ദൃശ്യ--ശ്രവ്യ മാധ്യമങ്ങളിലെ ഒയ്യാരക്കാരികളും ഒയ്യാരക്കാരന്മാരും അവരെ പ്രേമിപ്പിച്ചേ അടങ്ങൂ എന്നുണ്ടോ? അതോ  മൊബൈൽ  കമ്പനികളുമായുള്ള ഒത്തുകളികളോ? കാരണം പ്രേമങ്ങൾ  നടന്നാലല്ലേ, ഫുൾസ്റ്റോ‌പ്പില്ലാത്ത വിളികൾ  നടക്കുകയുള്ളു. വിളികൾ  നടന്നാലല്ലേ റീചാർജ്  കൂപ്പണുകൾ  ചെലവാകുകയുള്ളു. ‘പൂജ്യപ്രണയങ്ങളുടെ‌’എണ്ണം കൂടുന്നതിനനുസരിച്ച് മൊബെയിൽ കമ്പനികളുടെ എണ്ണവും കൂടിക്കൊണ്ടേയിരിയ്ക്കും. പിന്നെ ഒരു കാര്യത്തിൽ  സമാധാനിയ്ക്കാം. പണ്ടത്തെപ്പോലെ പ്രണയം പരാജയപ്പെട്ടു എന്നു പറഞ്ഞ്‌ ആത്മഹത്യ ചെയ്യുന്നവർ  ഇന്ന് നന്നേ വിരളമാണ്‌. ‘ മറ്റ്‌ ’ കടുത്ത അപകടങ്ങളൊന്നും പറ്റിയില്ലെങ്കിൽ!

2 comments:

നിരക്ഷരൻ said...

എന്റൊയ്യൊക്കെ നല്ല കാലത്ത് ഒന്ന് പ്രണയിക്കണമെങ്കില്‍ എന്തൊക്കെ പുകിലായിരുന്നു ? ഇപ്പോ എന്തെല്ലാം സൌകര്യങ്ങളാ :):)

പ്രണയിക്കാന്‍ വേണ്ടി പ്രണയിക്കുന്നതില്‍ കാര്യമില്ല. ഒരു പെണ്ണിന്റെയോ ആണിന്റേയോ പുറകേ നടന്ന് പ്രണയിക്കുന്നതിലും അര്‍ത്ഥമില്ല. അത് രണ്ടാള്‍ക്കും സ്വാഭാവികമായി അടുത്തിടപഴകുന്നതിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ട ഒരു വികാരമാണ്. അങ്ങനെ അടുത്തിടപഴകുവാന്‍, നല്ലരീതിയിലുള്ള ഒരു സാഹചര്യം നമ്മുടെ നാട്ടില്‍ കുറവാണ്. ഒരാണും പെണ്ണും തമ്മില്‍ സംസാരിച്ചാല്‍ പ്രണയമാണെന്ന് തുടങ്ങിയുള്ള ഇല്ലാവചനങ്ങള്‍ ആരംഭിക്കും. അതോടെ ചിലപ്പോള്‍ നല്ല രീതിയില്‍ പോകുന്ന ആ സൌഹൃദ ബന്ധം തീര്‍ന്നുകിട്ടും.

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരൊറ്റ പ്രണയത്തിലൂടെ ആകുന്നതിനുപകരം പലപ്രണയങ്ങളിലൂടെ, മറ്റേ പാതിയെ നല്ലവണ്ണം മനസ്സിലാക്കിയതിനുശേഷമാകണം എന്നും എനിക്കഭിപ്രായമുണ്ട്. പ്രണയിച്ചേ കല്യാണം കഴിക്കൂ എന്നുള്ളവരുടെ കാര്യത്തിലാണ് ഇപ്പറഞ്ഞത്. പക്ഷെ മലയാളിക്ക് അതിനും ബുദ്ധിമുട്ടുണ്ട്. ആരാണ് പ്രണയകാലത്ത് ശരിക്കുള്ള സ്വഭാവം കാണിക്കുക ? കല്യാണം കഴിഞ്ഞതിനുശേഷമല്ലേ തനി സ്വരൂപം പുറത്തുവരുക ?

അങ്ങനൊക്കെ നോക്കിയാല്‍ മാഷ് പറഞ്ഞതുപോലെ പ്രണയിക്കാന്‍ എനിക്ക് മനസ്സില്ലാ എന്ന മട്ടില്‍ നടക്കുകയാവും ഉചിതം.
:)

നിരക്ഷരൻ said...

എന്റൊയ്യൊക്കെ നല്ല കാലത്ത് ഒന്ന് പ്രണയിക്കണമെങ്കില്‍ എന്തൊക്കെ പുകിലായിരുന്നു ? ഇപ്പോ എന്തെല്ലാം സൌകര്യങ്ങളാ :):)

പ്രണയിക്കാന്‍ വേണ്ടി പ്രണയിക്കുന്നതില്‍ കാര്യമില്ല. ഒരു പെണ്ണിന്റെയോ ആണിന്റേയോ പുറകേ നടന്ന് പ്രണയിക്കുന്നതിലും അര്‍ത്ഥമില്ല. അത് രണ്ടാള്‍ക്കും സ്വാഭാവികമായി അടുത്തിടപഴകുന്നതിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ട ഒരു വികാരമാണ്. അങ്ങനെ അടുത്തിടപഴകുവാന്‍, നല്ലരീതിയിലുള്ള ഒരു സാഹചര്യം നമ്മുടെ നാട്ടില്‍ കുറവാണ്. ഒരാണും പെണ്ണും തമ്മില്‍ സംസാരിച്ചാല്‍ പ്രണയമാണെന്ന് തുടങ്ങിയുള്ള ഇല്ലാവചനങ്ങള്‍ ആരംഭിക്കും. അതോടെ ചിലപ്പോള്‍ നല്ല രീതിയില്‍ പോകുന്ന ആ സൌഹൃദ ബന്ധം തീര്‍ന്നുകിട്ടും.

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരൊറ്റ പ്രണയത്തിലൂടെ ആകുന്നതിനുപകരം പലപ്രണയങ്ങളിലൂടെ, മറ്റേ പാതിയെ നല്ലവണ്ണം മനസ്സിലാക്കിയതിനുശേഷമാകണം എന്നും എനിക്കഭിപ്രായമുണ്ട്. പ്രണയിച്ചേ കല്യാണം കഴിക്കൂ എന്നുള്ളവരുടെ കാര്യത്തിലാണ് ഇപ്പറഞ്ഞത്. പക്ഷെ മലയാളിക്ക് അതിനും ബുദ്ധിമുട്ടുണ്ട്. ആരാണ് പ്രണയകാലത്ത് ശരിക്കുള്ള സ്വഭാവം കാണിക്കുക ? കല്യാണം കഴിഞ്ഞതിനുശേഷമല്ലേ തനി സ്വരൂപം പുറത്തുവരുക ?

അങ്ങനൊക്കെ നോക്കിയാല്‍ മാഷ് പറഞ്ഞതുപോലെ പ്രണയിക്കാന്‍ എനിക്ക് മനസ്സില്ലാ എന്ന മട്ടില്‍ നടക്കുകയാവും ഉചിതം.
:)