Friday, October 16, 2009

ബി.പ്രേമാനന്ദ് : വ്യക്തിയും പ്രസ്ഥാനവും

ആദ്യം അധിക വായന ഇഷ്ടപ്പെടാത്തവർക്കും സമയമില്ലാത്തവർക്കും വേണ്ടി ഈ എഴുത്തിന്റെ രത്നച്ചുരുക്കം:

പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ബി.പ്രേമാനന്ദ് (83) ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതുദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു.

കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം. അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. അതേസമയം ദീർഘകാലം കേരള യുക്തിവാദി സംഘം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്നു പരേതന്റെ സേവനങ്ങൾ. ഒരു കേവല യുക്തിവാദി എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ സഫലമായ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ഐൻസ്റ്റീന്റെ കണ്ണുകളുമായി വാർദ്ധക്യത്തിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ഉലകം ചുറ്റിയ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.

പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്

വിശദമായ വായന ആഗ്രഹിയ്ക്കുന്നവർ ഇനിയും തുടർന്നു വായിക്കുക.

മുൻകുറിപ്പ് : പ്രേമാനന്ദിനെ അടുത്ത് കാണാനും ഇടപഴകാനും കഴിഞ്ഞ സന്ദർഭങ്ങളിലെ അനുഭവങ്ങളും കേട്ടും വായിച്ചും അറിഞ്ഞവയുമായ കാര്യങ്ങൾ ഓർമ്മകളിൽ നിന്ന് അടർത്തിയെടുത്ത് കുറിയ്ക്കുന്നതാണ് പോസ്റ്റ്!



ബി. പ്രേമാനന്ദ് : വ്യക്തിയും പ്രസ്ഥാനവും

പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ബി.പ്രേമാനന്ദ് (83) ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതുദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു.

കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം. അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. അതേസമയം ദീർഘകാലം കേരള യുക്തിവാദി സംഘം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്നു പരേതന്റെ സേവനങ്ങൾ. ഒരു കേവല യുക്തിവാദി എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ സഫലമായ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.

.ടി.കോവൂരിനു ശേഷം അദ്ദേഹം തുടങ്ങിവച്ച പോരാട്ടങ്ങളുടെ തുടർച്ചക്കാരനായി അറിയപ്പെട്ടിരുന്ന പ്രേമാനന്ദ് ഒരു മാന്ത്രികൻ കൂടിയായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ഐൻസ്റ്റീന്റെ കണ്ണുകളുമായി വാർദ്ധക്യത്തിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ഉലകം ചുറ്റിയ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. നിരവധി അമൂല്യ ഗ്രന്ധങ്ങളുടെയും ലഘുലേഖകളുടെയും കർത്താവുമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്പതില്പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അദ്ദേഹം പുസ്തകങ്ങൾ വിറ്റാണ് തന്റെ പോരാട്ടങ്ങൾക്കും ഉപജീവനത്തിനും പണം കണ്ടെത്തിയിരുന്നത്

കേരളീയനും ഭാരതീയനും എന്നതിലുപരി ഒരു ആഗോളപൌരനായിരുന്നു അദ്ദേഹം. പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്.

യു.പി സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ ദേശീയപ്രക്ഷോഭത്തിൽ പങ്കു ചേർന്നു. വളരെ ചെറുപ്പത്തിലേ തന്നെ എന്തിനെയും ചോദ്യം ചെയ്തിരുന്ന അദ്ദേഹം നല്ല ഒരു അന്വേഷണ കുതുകിയുമായിരുന്നു.. നിരവധി ആശ്രമങ്ങളിൽ കടന്നു കൂടി താമസിച്ച് ദിവ്യന്മാരുടെ തട്ടിപ്പുകളെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തി അവ അദ്ദേഹം ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടി. സാക്ഷാൽ സത്യ സായി ബാബയായിരുന്നു മുഖ്യ മായും അദ്ദേഹത്തിന്റെ കടുത്ത വിമർശനത്തിനു പാത്രീഭവിച്ചത്. സായി ബാബ ഉൾപ്പെടെ പല മനുഷ്യ ദൈവങ്ങളും അവകാശപ്പെട്ടിരുന്ന പല സിദ്ധികളുടെയും പിന്നിലെ ശാസ്ത്രീയ രഹസ്യങ്ങൾ കണ്ടെത്തുകയും അവയൊക്കെ ജനങ്ങൾക്കു മുന്നിൽ പ്രേമാനന്ദ് തുറന്നു കാട്ടുകയും ചെയ്തു.



എല്ലാത്തരം തട്ടിപ്പുകളെയും അദ്ദേഹം അതിശക്തമായി വിമർശിച്ചു. മാധ്യമങ്ങളുടേ പുറകേ നടക്കാത്തതിനാൽ അദ്ദേഹത്തിനു അർഹമായ പ്രശസ്തിയോ ഔദ്യോഗികമായ അംഗീകാരങ്ങളോ വളരെയൊന്നും ലഭിച്ചില്ലെന്നു മാത്രം.ഒരുപക്ഷെ യുക്തിവാദ ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതുകൊണ്ടു കൂടിയാകാം അത്തരം ആശയങ്ങളോടു മുഖം തിരിയ്ക്കുന്ന നമ്മുടെ പൊതു സമൂഹത്തിൽ അദ്ദേഹം അവഗണിയ്ക്കപ്പെട്ടത്. സത്യത്തിൽ കേവലം യുക്തിവാദി സമൂഹത്തെ മാത്രമല്ല, പൊതു സമൂഹത്തെ ആകമാനമാണ് അദ്ദേഹം സേവിച്ചതും സ്വാധീനിച്ചതും.

നിഷേധത്തിന്റെ നിഷേധം ഉൾക്കൊള്ളുന്ന യുക്തിവാദത്തിന്റെ പക്ഷം ചേർന്നു നിന്ന നിർഭയനായ നിഷേധി അനീതിയ്ക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ജീവിതാന്ത്യം വരെ വിരാമമിട്ടിരുന്നില്ല.ശക്തനായ ഒരു പോരാളി മാത്രമായിരുന്നില്ല സ്നേഹത്തിന്റെ തൂവൽ സ്പർശം കൂടിയായിരുന്നു മാനവികതാ വാദിയുടെ ജീവിതം. ജീവിതമാകട്ടെ അദ്ദേഹത്തിനു എല്ലാ അർത്ഥത്തിലും പോരാട്ടവുമായിരുന്നു. അദ്ദേഹത്തിന്റെ ആയുർദൈർഘ്യം ശാസ്ത്ര- യുക്തിവാദ -പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളരെയധികം ഗുണപ്പെട്ടു. കാരണം പ്രേമാനന്ദിനു പകരം വയ്ക്കാൻ അതു പോലെ മറ്റൊരാളില്ലായിരുന്നു. എൺപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെങ്കിലും അത് ഒരു തീരാ നഷ്ടമാണ്. പകരം വയ്ക്കാനില്ലാത്ത, സമാനതകളില്ലാത്ത ഒരു അപൂർവ്വ വ്യക്തിപ്രഭാവത്തിന്റെ കാലം ചെയ്യൽ. മനുഷ്യ ദൈവങ്ങളുടെ ഒരു പ്രധാന വെല്ലുവിളിയാണ് അസ്തമിച്ചിരിയ്ക്കുന്നത്.



ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും മതാന്ധന്മാരുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ പോരാട്ടങ്ങൾക്കു ശമനമുണ്ടായില്ല.രാജ്യത്തിന്റെ നനാഭാഗങ്ങളിൽ നിന്നും ഏറ്റ നിരവധി മർദ്ദനങ്ങളേല്പിച്ച രോഗപീഡകൾ ഉണ്ടായിരുന്നെങ്കിലും വാർദ്ധക്യത്തിലും ആരോഗ്യവാനായും സന്തോഷവാനായും കാണപ്പെട്ട പ്രേമാനന്ദ് ഒരു അദ്ഭുതം തന്നെയായിരുന്നു.ഇരുമ്പു ദണ്ഡുകൊണ്ട് ഉത്തരേന്ത്യയിൽ ഒരിടത്തുനിന്നു കാൽമുട്ടിനു കിട്ടിയ അടിയുടെ വേദന ആയുഷ്കാലം അദ്ദേഹം കൊണ്ടുനടന്നിരുന്നു. സമ്മേളനങ്ങൾക്കൊക്കെ വരുമ്പോൾ അവിടെ താമസം ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്ത് അർദ്ധരാത്രി കഴിഞ്ഞും അദ്ദേഹം മറ്റുള്ളവരുമായി സൊറ പറഞ്ഞിരിയ്ക്കുമായിരുന്നു. പക്ഷെ രാവിലെ നമ്മൾ ചെറുപ്പക്കാരൊക്കെ കണ്ണും തിരുമ്മി എഴുന്നേറ്റു വരുമ്പോഴേയ്ക്കും നേരത്തെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളൊക്കെ കഴിഞ്ഞ് കുളിച്ച് ഫ്രഷായി നല്ല വേഷം ധരിച്ച് പത്രപാരായണം നടത്തുന്ന പ്രേമാനന്ദിനെയായിരുന്നു കാഴ്ച കണ്ടിരുന്നത്.

ഒരു നല്ല മജീഷ്യനായിരുന്ന പ്രേമാനന്ദ് മാജിക്കിനെ ഒരു ജീവിതോപാധിയായല്ല,
അന്ധവിശ്വാസങ്ങൾക്കെതിരായുള്ള ഒരു സമരായുധമായിട്ടാണ് കൊണ്ടുനടന്നിരുന്നത്. ദിവ്യത്വം അവകാശപ്പെടുന്നവരുടെ തട്ടിപ്പുകൾക്കു പിന്നിലെ ശാസ്ത്രീയ വശങ്ങൾ അനാവരണം ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം അത്തരം ദിവത്വം അവകാശപ്പെടുന്ന നാനാജാതിമതസ്ഥരായ മനുഷ്യ ദൈവങ്ങളുടെ കണ്ണിലെ കരടായിരുന്നു. ദിവ്യന്മാർക്കെതിരെ കോവൂർ നടത്തിയ വെല്ലുവിളികളെ, തുടർന്ന് ഏറ്റെടുത്തതിൽ പ്രധാനിയായിരുന്നു പ്രേമാനന്ദ്. ഏതെങ്കിലും മനുഷ്യർക്കു ദിവ്യശക്തിയുണ്ടെന്നു തെളിയിച്ചാൽ അവർക്കു അന്തർദ്ദേശീയ യുക്തിവാദി സംഘം ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിനു ഡോളറുകളുടെ നോമിനി കൂടിയായിരുന്നു പ്രേമാനന്ദ്. പക്ഷെ തുക ഇപ്പോഴും അതുപോലെ കിടക്കുന്നു. കോവൂരിന്റെയോ പ്രേമാനന്ദിന്റെയോ ലോക യുക്തിവാദി സമൂഹത്തിന്റെയോ വെല്ലുവിളികൾ സ്വീകരിയ്ക്കുവാൻ ഒരു ദിവ്യനും നാളിതുവരെ തയ്യാറായിട്ടില്ല.

പ്രേമാനന്ദിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ നടക്കുന്നിടത്തൊക്കെ വൻ ജനക്കൂട്ടം ഉണ്ടാകുമായിരുന്നു. മിക്കപ്പോഴും പരിപാടിയുടെ സംഘാടകർ യുക്തിവാദി സംഘം പ്രവർത്തകർ ആയതിനാൽ തുടക്കത്തിൽ ആരും പരിപാടി അത്ര ഗൌനിക്കുന്ന പതിവില്ല. പക്ഷെ പ്രേമാനന്ദ് പരിപാടി തുടങ്ങിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ വേദിയ്ക്കുമുന്നിൽ കാഴ്ചക്കാർ നിറയുകയാണു പതിവ്. മിക്ക സ്ഥലങ്ങളിലും പരിപാടിതുടങ്ങുന്നതിനു മുൻപേ എത്തി ചേരുന്ന പ്രേമാനന്ദ് ആളിന്റെ രൂപം കൊണ്ടും തമാശകളും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും പരിപാടി നടക്കുന്ന സ്ഥലത്തെ ആളുകളുമായി നല്ല ചങ്ങാത്തത്തിൽ ആയിക്കഴിഞ്ഞിരിയ്ക്കും.. പരിപാടി തുടങ്ങിയാൽ സരസമായി ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സവിശേഷമായ സംഭാഷണങ്ങളുമായി തന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടിയിൽ ആളുകളുടെ സജീവ ശ്രദ്ധയെ തളച്ചിടുമായിരുന്നു.



ദിവ്യ ശക്തികൊണ്ട് കാണിയ്ക്കുന്നത് എന്ന് മനുഷ്യ ദൈവങ്ങൾ അവകാശപ്പെടുന്ന മാന്ത്രിക വിദ്യകളുടെ ശാസ്ത്രീയ വശം അനാവരണം ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന പ്രവർത്തനമായിരുന്നു. ഒരു മനുഷ്യനും ദൈവമാകാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതുകൊണ്ടുതന്നെ ദിവ്യന്മാരുടെ പേടിസ്വപ്നമായിരുന്നു പ്രേമാനന്ദ്. ദൈവത്തിന്റെ അടുത്ത ആളുകൾ എന്നു പറഞ്ഞ് ദിവ്യന്മാരായി ചമഞ്ഞു നടന്ന് തട്ടിക്കുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. സർവ്വശക്തനായ ഏക ദൈവത്തിൽ വേണമെങ്കിൽ വിശ്വസിയ്ക്കുക. അങ്ങനെയൊരു ദൈവം ഉണ്ടെന്നു താൻ വിശ്വസിയ്ക്കുന്നില്ലെങ്കിലും വേണമെന്നുള്ളവർ വിശ്വസിയ്ക്കുക. പക്ഷെ ദൈവത്തിനു ഏജന്റന്മാരില്ല.ദൈവത്തിന് അതിന്റെ ആവശ്യവുമില്ല. പ്രേമാനന്ദ് പറഞ്ഞു.

യ്ഥാർത്ഥ ദൈവത്തിന് ആരും കാണിയ്ക്ക നൽകേണ്ടതില്ല.കാരണം ദൈവത്തിനു പണത്തിന്റെ ആവശ്യമില്ല. ദൈവം സർവ്വശക്തനാണെങ്കിൽ ഏതുതരം പണവും സ്വയം നിർമ്മിയ്ക്കുവാൻ ദൈവത്തിനു കഴിയില്ലേ? പിന്നെന്തിനാണ് ദൈവത്തിനു കാണിയ്ക്ക? അദ്ദേഹം ചോദിച്ചിരുന്നു. മാത്രവുമല്ല ഒരു കള്ളൻ മോഷ്ടിച്ചതു പിടിയ്ക്കപ്പെടരുതേ എന്നു പ്രാർത്ഥിയ്ക്കുന്നു. നഷ്ടപ്പെട്ടവൻ കള്ളനെ പിടിയ്ക്കാനും മോഷണം പോയതു തിരിച്ചു കിട്ടാനും പ്രാർത്ഥിയ്ക്കുന്നു. മോഷ്ടിച്ചവനും മോഷ്ടിയ്ക്കപ്പെട്ടവനും ദൈവത്തിന്റെ സൃഷ്ടികൾ! അപ്പോൾ ദൈവം ആരുടെ പ്രാർത്ഥന കേൾക്കും? കള്ളന്റെയോ, മോഷ്ടിക്കപ്പെട്ടവന്റെയോ? പലപ്പോഴും കള്ളന്റെ പ്രാർത്ഥനയാണു ഫലിയ്ക്കുന്നതെന്ന് അദ്ദേഹം തമാശയായി കൂട്ടി ചേർക്കും.

എന്നാൽ വിശ്വാസങ്ങളുടെ പേരിൽ അക്രമങ്ങൾ ഉണ്ടാകരുത്. സമൂഹത്തിൽ അശാന്തി വിതയ്ക്കരുത്. ചില മനുഷ്യ ദൈവങ്ങളുടെ പേരിൽ നടത്തുന്ന ആതുരാലയങ്ങളും മറ്റു ജീവ കാരുണ്യപ്രവർത്തനങ്ങളും ആളെക്കൂട്ടാനുള്ള ചൂണ്ടയാണെങ്കിലും അവ നല്ലതുതന്നെയെന്ന് അദ്ദേഹം പറയുമായിരുന്നു. നല്ലതു ആരു ചെയ്താലും, അത് വിശ്വാസിയായാലും അവിശ്വാസിയായാലും, മതത്തിന്റെ പേരിലായാലും മറ്റു തരത്തിലായാലും അംഗീകരിയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.എന്നാൽ സൽകർമ്മങ്ങൾ ചെയ്യുന്നു എന്നു കരുതി തട്ടിപ്പുകൾ അംഗീകരിയ്ക്കാനാകില്ല. അന്ധവിശ്വാസങ്ങൾ ആളുകളിൽ അടിച്ചേല്പിയ്ക്കുന്നതും ന്യായീകരിയ്ക്കാനാകില്ല.

അദ്ദേഹത്തിന്റെ രൂപം ഒരു സന്യാസിയുടെ മാതിരി നീണ്ടു വളർന്ന നരച്ച ധാടിയും നീണ്ട ജുബ്ബയും അയഞ്ഞ പാന്റ്സും തോളിൽ ഒരു തോർത്തുമാണ്. അതിനാൽ സന്യാസി എന്നു തെറ്റിദ്ധരിച്ച് ചിലർ സ്വാമി എന്ന് വിളിക്കുമ്പോൾ അദ്ദേഹം കോപാകുലനാകും. തന്നെ തെറിവിളിച്ചാ‍ലും സ്വാമി എന്നു വിളിയ്ക്കരുത്, സ്വാമിമാർ ഭൂരിപക്ഷവും കള്ളസ്വാമിമാരാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഉള്ളവനും ഇല്ലാത്തവനും എന്നു വേർതിരിവില്ലാത്ത ചൂഷകനും ചൂഷിതരും ഇല്ലാത്ത മതവും ജാതിയുമില്ലാത്ത കള്ള ദിവ്യന്മാരും തട്ടിപ്പുകളുമില്ലാത്ത സമത്വ സുന്ദരമായ ഒരു ലോകം സൃഷ്ടിയ്ക്കുവാൻ പരിശ്രമിയ്ക്കണമെന്ന അഹ്വാനവുമായാണ് അദ്ദേഹം തന്റെ ഓരോ പ്രസംഗവും ദിവ്യാദ്ഭുത അനാവരണ പരിപാടികളും അവസാനിപ്പിയ്ക്കാറുള്ളത്.

അഗ്നിയിൽ നടത്തം, അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കൽ, തിളച്ച എണ്ണയിൽ കൈയ്യിടൽ, തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കൽ, നാക്കിലും കവിളിലും സൂചി കുത്തിയിറക്കൽ, വായിൽ കർപ്പൂരം കത്തിച്ചിടൽ, കണ്ണുകെട്ടി സ്കൂട്ടറോടിയ്ക്കൽ, മുതുകിൽ കൊളുത്തിട്ട് കാറോടിയ്ക്കൽ തുടങ്ങിയ വിവിധ ദിവ്യാദ്ഭുതങ്ങൾ ഒരു ദിവ്യ ശക്തിയും കൂടാതെ അവതരിപ്പിയ്ക്കാൻ നിരവധി ശിഷ്യന്മാരെ പരിശീലിപ്പിച്ച അദ്ദേഹം ദിവ്യന്മാർക്ക് വെല്ലുവിളിയായതിൽ അദ്ഭുതമൊന്നുമില്ല. ദിവ്യാദ്ഭുതം എന്നവകാശപ്പെടുന്ന ഏതൊരു പ്രവൃത്തിയ്ക്കു പിന്നിലും ഒരു ശാസ്ത്രീയ വശം ഉണ്ടാകും. ജാതിയിലോ മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാതിരുന്ന പ്രേമാനന്ദിനു പക്ഷെ ഒരു മത- ദൈവ വിശ്വാസിയോടും അസഹിഷ്ണുത ഉണ്ടായിരുന്നില്ല. വിശ്വാസിയും അവിശ്വാസിയും എല്ലാം മാനവികതാ വാദിയായിരുന്ന അദ്ദേഹത്തിനു തുല്യരായിരുന്നു. എല്ലാവരോടും അദ്ദേഹത്തിനു നിറഞ്ഞ സ്നേഹം മാത്രമായിരുന്നു. എല്ലാ മതങ്ങളിലെയും നല്ല അംശങ്ങളെ സ്വീകരിയ്ക്കാൻ വൈമനസ്യം കാണിയ്ക്കേണ്ടതില്ലെന്നും ഹിതകരമല്ലാത്തതിനെ മാത്രം നിരാകരിയ്ക്കുവാനും അദ്ദേഹം പറഞ്ഞു.

പ്രേമാനന്ദിനോടൊപ്പം ചെലവഴിയ്ക്കുന്ന നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു. പ്രായ ഭേദമന്യേ ഊഷ്മളമായ സൌദൃദം സ്ഥാപിയ്ക്കുവാൻ അദ്ദേഹത്തിനു നിമിഷങ്ങൾ മതിയായിരുന്നു. കുട്ടികളോടും യുവാക്കളോടും മുതിർന്നവരോടും തികഞ്ഞ ആദരവോടെയായിരുന്നു പെരുരുമാറ്റം. സദാ പുഞ്ചിരിയ്ക്കുന്ന മുഖം ആദ്യം കാണുന്നവരിൽ പോലും വർഷങ്ങളുടെ പരിചയമുള്ളതു പോലെ തോന്നിപ്പിച്ചിരുന്നു.തമാശ പറയാൻ വിരുതനായിരുന്ന അദ്ദേഹം എവിടെ എത്തിയാലും ചുറ്റിലും ഒരു ആൾകൂട്ടം ഉണ്ടാകുമായിരുന്നു. യുക്തിവാദിയായ അദ്ദേഹത്തെ സ്വാമി എന്നു വിളിച്ചാൽ മാത്രമേ അദ്ദേഹം ക്ഷോഭിച്ചിരുന്നുള്ളു. കൂടെ കൂടുന്നവർ ചെറുപ്പക്കാരാണെങ്കിൽ അല്പം അശ്ലീലച്ചുവയുള്ള നിർദ്ദോഷമായ ഫലിതങ്ങളും കൂടിയാകുമ്പോൾ പിന്നെ ചെറുപ്പക്കാർക്കു ഹരമാകുമായിരുന്നു.

എന്തായാലും മരണം ഒഴിവാക്കാൻ കഴിയാത്തതും യാഥാർത്ഥ്യവും ആണ്. അതുകൊണ്ട് ഇനി പ്രേമാനന്ദ് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിയ്ക്കുന്ന ശൂന്യത പരിഹരിയ്ക്കാനാകില്ല. സമാനതകളില്ല്ലാത്ത വ്യക്തിത്വത്തോടു നമുക്കു ചെയ്യാൻ കഴിയുന്നത് അദ്ദേഹം നടത്തിവന്ന സത്യാന്വേഷണവും ശാസ്ത്ര പ്രചാരണവും അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എല്ലാവിധ ചൂഷണങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങളും തുടർന്നുകൊണ്ട് വിവിധ സമര പഥങ്ങളിലൂടെ അദ്ദേഹം അഗ്രഹിച്ചതു പോലെ സമത്വ സുന്ദരമായ ഒരു നല്ല നാളേയ്ക്കു വേണ്ടി പരിശ്രമിയ്ക്കുക എന്നതാണ്. അതിനാ‍യി അദ്ദേഹം തെളിയിച്ച ദീപശിഖ നാം ഏറ്റുവാങ്ങുക! തെളിമയുള്ള മുഖത്തെ നിറഞ്ഞ മന്ദഹാസവുമായി നമ്മിൽ ഒരാളായി നമ്മോടൊപ്പമുണ്ടായിരുന്ന, പുനർ ജന്മത്തിൽ വിശ്വാസമില്ലാതെ കണ്ണുകൾ ദാനം ചെയ്തും, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നൽകിക്കൊണ്ടും, മരണവും മൃത ശരീരവും പോലും സമൂഹത്തിന് ഉപകാരമാക്കിയ അതുല്യനായ വിപ്ലവകാരിയുടെ സ്മരണയ്ക്കു മുന്നിൽ ഓർമ്മയുടെ ഒരു പിടി പൂക്കളായി അക്ഷരങ്ങൾ സമർപ്പിയ്ക്കുന്നു. പ്രേമാനന്ദിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

യുക്തിവാദി സംഘത്തിന്റെ ജില്ലാ-സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന പൊതു യോഗങ്ങളെ പ്രേമാനന്ദിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാ‍ടിയും ഇടയ്ക്കിടെയുള്ള പ്രസംഗങ്ങളും കൊണ്ടു പലപ്പോഴും കൊഴുപ്പിച്ചിരുന്നു. അദ്ദേഹം പരിപാടികൾ അവതരിപ്പിയ്ക്കുന്ന സ്ഥലങ്ങളിൽനിന്നൊക്കെ വിശ്വാസികളിൽ നിന്നടക്കം സ്നേഹോജ്വലമായ സ്വീകരണങ്ങളാണു ലഭിച്ചിരുന്നത്. മനുഷ്യ ദൈവങ്ങളുടെ തട്ടിപ്പുകൾക്കെതിരെ കടുത്ത ദൈവവിശ്വാസികൾ പോലും സംസാരിയ്ക്കുവാൻ പ്രേമാനന്ദ് കാരണമായിട്ടുണ്ട്. താൻ കണ്ടെത്തിയ ദിവ്യ തട്ടിപ്പുകൾ എങ്ങനെയാണ് അവർ നടത്തുന്നതെന്ന് കേരളം ഉൾപ്പെടെ രാജ്യത്തുടനീളവും വിദേശ രാജ്യങ്ങളിലും നിരവധിപേരെ അദ്ദേഹം പഠിപ്പിച്ച് പരിശീലിപ്പിച്ച് തന്റെ ശിഷ്യരാക്കിയിട്ടുണ്ട്. ഇന്നു പ്രേമാനന്ദിന്റെ ധാരാളം ശിഷ്യഗണങ്ങൾ അദ്ദേഹത്തിൽ നിന്നു സ്വായത്തമാക്കിയ മേജിക്കുകൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പ്രചരണത്തിനായി വേദികളിൽ അവതരിപ്പിച്ചു പോരുന്നുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും പല സമയത്തായി നിരവധി യുക്തിവാദികളെ ദിവ്യാദ്ഭുതങ്ങൾ പഠിപ്പിച്ച് പ്രേമാനന്ദ് തന്റെ ശിഷ്യരും പിൻ ഗാമികളുമാക്കിയിട്ടുണ്ട്

ദിവ്യാദ്ഭുതങ്ങളിൽ അന്തരീക്ഷത്തിൽ നിന്നും ഭസ്മം പിടിച്ച് ആൾക്കൂട്ടത്തിനു മുഴുവൻ നല്കുമ്പോൾ അദ്ദേഹം പറയുമായിരുന്നു, വിഭൂതി എന്ന ഭസ്മവും സായിബാബ നൽകുന്ന ഭസ്മവും ഒന്നാണെന്ന്; അതിന്റെ രഹസ്യം ഉടൻ വെളിപ്പെടുത്തുമെന്നും പറഞ്ഞ് കാണികളെ ജിജ്ഞാസയിലാക്കും. എന്നിട്ട് അല്പം കഴിയുമ്പോൾ ആളുകൾ അതു വെളിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ചിരിച്ചുകൊണ്ടു പറയും ഇതിൽ മറ്റൊന്നുമില്ല, സായിബാബയും ഞാനും ഒരേ കടയിൽനിന്നാണ് ഇതു വാങ്ങുന്നതെന്ന്. ഇതു കഞ്ഞിവേള്ളത്തിൽ ഉരുട്ടി കുഴച്ച് ചെറു ഗോളങ്ങളാക്കി കൈ വെള്ളയുടെ പുറകിൽ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഒളിച്ചു വച്ചിട്ട് തന്ത്ര പൂർവ്വം പുറത്തെടുക്കുകയാണ് താൻ ചെയ്യുന്നതെന്നും ഇതു തന്നയാണ് ദിവ്യൻ മാരുടെയും പരിപാടിയെന്നും അദ്ദേഹം പറയുന്നു. മറിച്ച് ആർക്കെങ്കിലും ദിവ്യ ശക്തി ഉണ്ടെന്നു തെളിയിച്ചാൽ ലക്ഷക്കണക്കിനു ഡോളറുകളായിരുന്നു വാഗ്ദാനം.

ഏതോ ഒരു മുസ്ലിം ദിവ്യനെ ആണെന്നു തോന്നുന്നു തൊട്ടാൽ മണക്കുമത്രേ! അതുകൊണ്ട് അദ്ദേഹം ദൈവമായി. അങ്ങനെയെങ്കിൽ അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കുന്ന, തൊട്ടാൽ മണക്കുന്ന തന്നെയും ദൈവമെന്നു വിളിയ്ക്കണം എന്നാവശ്യപ്പെട്ടിട്ട് അദ്ദേഹം എല്ലാവർക്കും ഷേക്ക് ഹാൻഡു നൽകുന്നു. എന്നിട്ടു മണത്തുനോക്കാൻ പറയും . അപ്പോൾ എല്ലാവരുടെ കൈയ്യിലും മണം. പിന്നെ അതിന്റെ രഹസ്യം വെളിപ്പെടുത്തൽ. മറ്റേതോ ഒരു സ്വാമിയെ തൊട്ടാൽ മധുരിയ്ക്കും! തന്റെ ദേഹത്തിൽ തൊട്ടു നോക്കൂ ഞാനും മധുരമാണ് എന്നു പറഞ്ഞ് ആളുകളെക്കൊണ്ട് പ്രേമാനന്ദിനെ തൊടുവിയ്ക്കുന്നു. അപ്പോൾ തൊട്ടവർക്കെല്ലാം കൈയ്യിൽ മധുരം! പിന്നെ സാക്രിന്റെ രഹസ്യം വെളിപ്പെടുത്തൽ. അങ്ങനെ എത്രയെത്ര രഹസ്യങ്ങളുടെ ചുരുൾ അദ്ദേഹം അഴിച്ചിരിയ്ക്കുന്നു!

വേദികളിൽ ഒരിയ്ക്കലുമദ്ദേഹം ക്ഷോഭിയ്ക്കുമായിരുന്നില്ല. ചില ദൈവങ്ങളെക്കുറിച്ച് അശ്ലീലം കലർന്ന സംഭാഷണങ്ങൾ മേമ്പൊടിയായി ചേർക്കുന്നത് ഏറെപ്പേരെ രസിപ്പിയ്ക്കുമായിരുന്നെങ്കിലും ചിലരെയൊക്കെ പ്രകോപിപ്പിയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും അദ്ദേഹത്തിന്റെ പരിപാടി ഉഷാറായി വരുമ്പോൾ വിശ്വാസികളുടെ പ്രകോപനം ഭയന്ന് അശ്ലീലച്ചുവയുള്ള കുത്തുവാക്കുകൾ അതിരു കടക്കുന്നത് യുക്തിവാദി സംഘം പ്രവർത്തകർ വിലക്കുമായിരുന്നു. എന്നാൽ കാഴ്ചക്കാരിലെ വിശ്വാസികൾ അടക്കമുള്ള വിരുതന്മാർ നിർദ്ദോഷമായ അദ്ദേഹത്തിന്റെ അശ്ലീല ഫലിതങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിയ്ക്കുമായിരുന്നു. ചിലപ്പോൾ അശ്ലീലം പറയരുതെന്നു പറഞ്ഞാൽ അദ്ദേഹം പറയുന്ന അശ്ലീല പദങ്ങളിൽ അശ്ലീലമില്ലെന്നു പരസ്യമായി വാദിയ്ക്കും. മനുഷ്യ ശരീരത്തിലുള്ള അവയവങ്ങളൊന്നും അശ്ലീലമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദഗതി (തമാശയ്ക്ക്). അദ്ദേഹത്തിന്റെ നിഷ്കളങ്കതയെയും നർമ്മബോധത്തെയും സൂചിപ്പിയ്ക്കുവാൻ ഇതൊക്കെ കൂടി പറയുന്നുവെന്നു മാത്രം.

ഒരിയ്ക്കൽ അദ്ദേഹം ഏതോ ഒരു സ്വാമിനിയെക്കുറിച്ചു പറഞ്ഞപ്പോൾ അവർക്കു നല്ല നല്ല മുലകളുള്ളതു കൊണ്ടാണ് ഭക്തന്മാർ കെട്ടിപ്പിടിയ്ക്കുവാൻ തിക്കിത്തിരക്കുന്നതെന്നു പറഞ്ഞു. ഇതു കേട്ട് തുടർന്നു വരാനിരിയ്ക്കുന്ന അശ്ലീലങ്ങളുടെ ഘോഷയാത്ര ഭയന്ന് യുക്തിവാദി പ്രവർത്തകർ വായിൽ പിടിയ്ക്കാൻ ചെന്നപ്പോൾ മുല അശ്ലീലമാണോ എന്നായി അദ്ദേഹം. ഞാൻ മുലകുടിച്ചാണു വളർന്നത്. നിങ്ങൾ മുല കുടിച്ചിട്ടില്ലേ? എന്റെ മക്കൾ എന്റെ ഭാര്യയുടെ മുല കുടിയ്ക്കുന്നു.എന്റെ ഭാര്യക്കു നല്ല നല്ല മുലകളുണ്ട്. നിങ്ങളുടെ ഭാര്യമാർക്കു മുലകളില്ലേ? സഹോദരിമാർക്കു മുലകളില്ലേ? അമ്മമാർക്കു മുലകളില്ലേ? മുലകൾ പരിപാവനമല്ലേ? മനോഹരമല്ലേ? .അതേ പോലത്തെ മുലകളല്ലേ ദൈവങ്ങൾക്കും ഉള്ളത്? ദൈവങ്ങളുടെ മുലയ്ക്കുമാത്രം എന്താണു പ്രത്യേകത ?എന്നൊക്കെയായി അദ്ദേഹം! (അടി കിട്ടാൻ മറ്റെന്തു വേണം!)അതും ഇംഗ്ലീഷുകാരൻ മലയാളം പറയുന്ന ശൈലിയും കൂടിയാണെന്നോർക്കണം. അങ്ങനെ അനേകം മുല പ്രായോഗം നടത്തിയപ്പോൾ അദ്ദേഹം മാത്രമല്ല കാഴ്ചക്കാരിൽ നല്ലപങ്കും സായൂജ്യരാകുന്നു. ജനം കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടു വിളിച്ചു പറഞ്ഞു. മുലയിൽ പള്ളോന്നുമില്ല. അദ്ദേഹത്തിന്റെ നിഷ്കളങ്കതയെയും നർമ്മബോധത്തെയും സൂചിപ്പിയ്ക്കുവാൻ ഇതും പറഞ്ഞുവെന്നു മാത്രം.

ഏതോ ഒരു ദിവ്യൻ ദിവ്യശക്തിയാൽ തന്റെ ലിംഗത്തിൽ ഭാരം കെട്ടിത്തൂക്കി നടക്കുന്ന കാര്യം ഒരിക്കൽ അദ്ദേഹം വിശദീകരിച്ചപ്പോഴും സമാനമായ അനുഭവമായിരുന്നു. ലിംഗത്തിൽ ഭാരം തൂക്കുന്നതും ദിവ്യശക്തിയൊന്നുമല്ലെന്നും അതിന്റെ രഹസ്യമെന്താണെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീകൾ അടക്കമുള്ള കാണികൾ ഇരുന്ന വേദിയായതിനാൽ അക്കാര്യം അശ്ലീലമായി പറയേണ്ടെന്നായി യുക്തിവാദി സംഘം പ്രവർത്തകർ.‘സാമാനത്തിൽകല്ലും കെട്ടി നടക്കുന്നത് അശ്ലീലമില്ലാത്ത രീതിയിൽ ഒന്നു പറഞ്ഞുകൊടുക്കാൻ കഴിയുന്നവർ മുന്നോട്ടു വരണമെന്നായി പ്രേമാനന്ദ്. ആളുകൾ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും? നിഷ്കളങ്കവും നിർദ്ദോഷവുമായ അദ്ദേഹത്തിന്റെ ശ്ലീലവും അശ്ലീലവുമായ തമാശകൾ ദിവ്യാദ്ഭുത അനാവരണ പരിപാടികളെ ഏറെ നർമ്മരസപ്രധാനങ്ങൾ കൂടിയാക്കി. ഓരോ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്യുമ്പോൾ ദിവ്യൻമാർ മന്ത്രം ചൊല്ലുന്നതിനു പകരം അവരെ കളിയാക്കിക്കൊണ്ട് ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഭാഷാപദങ്ങൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ മന്ത്രം ചൊല്ലൽ കേട്ടാൽ മരിച്ചു കിടക്കുന്നവൻ പോലും ചിരിച്ചു തള്ളും. അദ്ദേഹത്തിന്റെ പരിപാടികൾ കണ്ടു മടങ്ങുന്ന വിശ്വാസികളിൽ പലരും അവിശ്വാസികൾ ആയിട്ടുണ്ടായിരിക്കില്ല; എന്നാൽ അന്ധമായ പല വിശ്വാസങ്ങളും തീർച്ചയായും ധാരാളം പേരിൽ നിന്നും വിട്ടൊഴിഞ്ഞു പോയിട്ടുണ്ടാകും.

അദ്ദേഹം പുകവലിയ്ക്കുമായിരുന്നു. യുക്തിവാദിയായ അദ്ദേഹം പുകവലിയ്ക്കുന്നത് അയുക്തികമായ പ്രവൃത്തിയല്ലേയെന്ന് ഒരിയ്ക്കൽ ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം അതിനെ ന്യായീകരിയ്ക്കുമെന്നാണു ഞാൻ കരുതിയത്. പക്ഷെ അദ്ദേഹം തന്റെ തോളിൽ നിന്നും തോർത്തെടുത്തിട്ട് ഒരു പുക ആഞ്ഞു വലിച്ചിട്ട് പുറത്തേയ്ക്കുള്ള പുക തോർത്തിൽ കപ്പിവച്ച് കറ പിടിപ്പിച്ചിട്ട് അത് കാണിച്ചു തന്നു. എന്നു വച്ചാൽ സിഗരറ്റു വലിയ്ക്കുന്നവന്റെ കരൾ ഇതു പോലിരിയ്ക്കും.ആരോഗ്യത്തിന് ഇത് തികച്ചും ഹാനികരം.

താൻ ചെയ്യുന്നു എന്നുള്ളതു കൊണ്ടു മാത്രം പുകവലി എന്ന വിപത്ത് ആരോഗ്യത്തിനു ഹാനികരമാകാതിരിയ്ക്കില്ലെന്നും ഇത് അയുക്തികമായ പ്രവൃത്തിയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിയ്ക്കുകയാണു ചെയ്തത്. തനിയ്ക്കിതു ശീലമായതുകൊണ്ട് തുടരുന്നു. നിറുത്താൻ കഴിയാഞ്ഞിട്ടല്ല. നിറുത്താൻ ശ്രമിയ്ക്കാഞ്ഞിട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു. യുക്തിവാദികൾക്ക് പുകവലി പോലുള്ള ദു:ശീലങ്ങൾ ഒരിയ്ക്കലും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കാരണം യുക്തിബോധമുള്ളവർ അയുക്തികമായ പ്രവൃത്തികൾ ചെയ്യാൻ പാടില്ല

കൈയ്യിൽ കാശില്ലാതെ ഉലകം ചുറ്റുന്ന അദ്ഭുതവും അദ്ദേഹം കാണിച്ചിട്ടുണ്ട്. അതൊക്കെ തുറന്നു പറയുകയും ചെയ്യും. ചില വിദേശരാജ്യങ്ങളിൽ ടിക്കറ്റെടുക്കാതെ ട്രെയിൻ യാത്ര ചെയ്തതിനെക്കുറിച്ച് അദ്ദേഹം ഒരിയ്ക്കൽ പറഞ്ഞു. ട്രെയിനിൽ കയറി ഡ്രസ്സെല്ലാം ട്രെയിനിൽ നിന്നു വെള്ളമെടുത്ത് കഴുകി ട്രെയിനിൽ തന്നെ വിരിയ്ക്കും. ട്രെയിൻ പോകേണ്ട സ്റ്റേഷനിൽ പോയി മടങ്ങി പുറപ്പെട്ട സ്റ്റേഷനിൽ എത്തുമ്പോൾ ഡ്രസ്സെല്ലാം ഉണങ്ങും. അതെല്ലാം പറക്കി പുറത്തിറങ്ങി ചിലപ്പോൾ ഉറക്കവും അവിടൊക്കെ തന്നെ ആയിരിയ്ക്കും.

ടിക്കറ്റെടുക്കാതിരുന്നാൽ എക്സാമിനർ പിടിയ്ക്കില്ലേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പലപ്പോഴും പിടിച്ചിട്ടുണ്ട്; പക്ഷെ പ്രേമാനന്ദ് കലപിലാ സംസാരിച്ചു തുടങ്ങും. വൃദ്ധനല്ലേ, യാചകനായ ഏതോ വട്ടു കേസാണെന്നൊക്കെ കരുതി എക്സാമിനർമാർ പ്രേമാനന്ദിനോടു തർക്കിച്ച് മടുത്ത് പിന്മാറി പോകുമത്രേ! അല്ലാതെന്തു നിവൃത്തി? അവർക്കു വേറെ പണിയില്ലെ? പിന്നെ കൈയ്യിൽ കാശില്ലാത്തവനു യാത്ര ചെയ്യേണ്ടേ? ശാസ്ത്രം പ്രചരിപ്പിയ്ക്കണ്ടെ? അതു ടിക്കറ്റ് എക്സാമിനർ മാർ ചെയ്യുമോ? ഇങ്ങനെയൊക്കെ ചോദിച്ച് ഉച്ചത്തിൽ ഹാ,ഹാ,ഹാന്ന് ഒരു ചിരിയും! എന്നിട്ട് അടുത്തിരിയ്ക്കുന്നവന്റെ തോളീൽ രണ്ട് തട്ടലും ! അതാണ് കുസൃതിക്കാരൻ കൂടിയായ പ്രേമാനന്ദ് !

ഇന്ത്യയിലും കൈയ്യിൽ കാശില്ലെന്നു കരുതി ഇന്ത്യൻ റെയിൽ വേ ഉള്ളിടത്തോളം തനിയ്ക്കു യാത്ര ചെയ്യാതിരിയ്ക്കാൻ കഴിയില്ലെന്നാണ് പ്രേമാനന്ദിന്റെ ഭാഷ്യം.കൈയ്യിൽ കാശില്ലെങ്കിൽ ടിക്കറ്റെടുക്കണമെന്ന കാര്യത്തിൽ തനിയ്ക്കു പിടിവാശിയൊന്നും ഇല്ലത്രേ! പിന്നെ ഒരു സമ്മേളന സ്ഥലത്തു വച്ചു പറഞ്ഞു ഇന്നും താൻ റെയിൽ വേയെ പറ്റിച്ചുവെന്ന്! അത് എങ്ങനെയെന്നു ചോദിച്ചപ്പോൾ പറയുകയാ‍ണ് താൻ റിട്ടേൺ ടിക്കറ്റെടുത്തിരുന്നു. പക്ഷെ സമ്മേളനം ഇന്നു തീരില്ലല്ലോ; അതുകൊണ്ടു താൻ മടങ്ങി പോകുന്നില്ല. അപ്പോൾ താൻ റെയിൽ വേയെ പറ്റിച്ചിരിയ്ക്കുകയല്ലേ എന്നു ചോദിച്ചിട്ട് പൊട്ടിച്ചിരിയ്ക്കുന്നു. അതെ, ചിലപ്പോൾ അദ്ദേഹം കുട്ടികളെ പോലെയാണ്. എന്നു വച്ച് എപ്പോഴും ടിക്കറ്റെടുക്കാതെ നടക്കുന്ന തട്ടിപ്പുകാരനൊന്നുമല്ല. ഇതൊക്കെ ഓരോ കുസൃതികൾ ഒപ്പിയ്ക്കുന്നതാണ് . പ്രേമാനന്ദെന്ന ശാസ്ത്ര പ്രതിഭയ്ക്കുള്ളിലെ പച്ചയായ മനുഷ്യനെ മനസ്സിലാക്കുവാൻ അദ്ദേഹത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങൾ കൂടി സൂചിപ്പിക്കുന്നുവെന്നേയുള്ളു. ഐൻസ്റ്റീൻ അടക്കമുള്ള പ്രശസ്തരായ ശാസ്ത്ര പ്രതിഭാധനൻ മാർക്കൊക്കെ ഇതുപോലെ നിഷ്കളങ്കവും വിചിത്രവുമായ സ്വഭാവ വിശേഷങ്ങൾ ഉണ്ടായിരുന്നു.

വേറെയും ചില കുസൃതികൾ ഒപ്പിയ്ക്കാറുണ്ടായിരുന്നു, പ്രേമാനന്ദ്. ഒരിയ്ക്കൽ ഏതോ ഒരു സന്യാസിനിയുടെ ആശ്രമത്തിൽ ചെന്നു. സാമിനി എല്ലാവരെയും മകനേ മകളേ മക്കളേ എന്നൊക്കെയാണു വിളിയ്ക്കുന്നത്. സ്വാമിനി പ്രേമാനന്ദിനെയും മകനേ യെന്നു വിളിച്ചു. അദ്ദേഹം വിളിയും കേട്ടു. പക്ഷെ മകനാണെങ്കിൽ പാലു തരണമെന്നായി പ്രേമാനന്ദ്! പാലു കുടിച്ചേ പോകൂ എന്നായപ്പോൾ സ്വാമിനിയുടെ ഗുണ്ടകൾ വന്ന് തൂക്കിയെടുത്ത് വെളിയിലെറിഞ്ഞുവെന്നു പറഞ്ഞിട്ട് അദ്ദേഹം ചിരിയ്ക്കുന്ന ഒരു ചിരിയുണ്ട്. പോക്കിരി തരം ചോദിച്ചിട്ട് അടി കിട്ടിയില്ലേ എന്നു ചോദിച്ചപ്പോൾ കിളവനായ തന്നെ അടിച്ചാൽ താൻ ചാകും. ചത്താൽ പിന്നെ അവർക്കു റിസ്കല്ലേ ? അതുകൊണ്ടാണു തല്ലാതെ വിട്ടതെന്നാണ് പ്രേമാനദിന്റെ വിശദീകരണം.

ഇങ്ങനെ ചില അടികൊള്ളിത്തരങ്ങൾ ഉണ്ടെങ്കിലും പ്രേമാനന്ദ് കൂടെയുണ്ടെങ്കിൽ അടി കൊള്ളാതെ പലയിടത്തു നിന്നും രക്ഷപ്പെടാനും കഴിഞ്ഞിരുന്നു. അടി ഇരിയ്ക്കുന്നിടത്ത് പോയി ചോദിച്ചു വാങ്ങുന്നതിൽ വിരുതന്മാരാണല്ലോ യുക്തിവാദികൾ.(നോക്കണേ എന്നിട്ടും യുക്തിവാദികൾ എന്നാണ് അവർ അറിയപ്പെടുന്നത് !) . യോഗങ്ങളിലെ പ്രസംഗങ്ങളോ ദിവ്യാദ്ഭുത അനാവരണങ്ങളോ മതാന്ധന്മാരിൽ പ്രകോപനങ്ങൾ ഉണ്ടാക്കുമ്പോൾ അക്രമ സജ്ജരായി വരുന്ന അവരെ പ്രേമാനന്ദ് സ്നേഹ പൂർവ്വം തോളിൽ തട്ടി അനുനയിപ്പിച്ച് ശാന്തരാക്കി വിടുന്ന ഒട്ടെറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്രമിയ്ക്കാൻ വന്നവർ തന്നെ അദ്ദേഹത്തിന്റെ കുശലക്കാരായി മാറുന്നതായിരിയ്ക്കും പിന്നെ കാണുക. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ചുവയുള്ള മലയാളം ഒരു പ്രത്യേകതരത്തിൽ ആകർഷണീയവും മധുരതരവുമായിരുന്നു.

ഞാൻ ആദ്യമായി പ്രേമാനന്ദിനെ കാണുന്നത് തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം ജംഗ്ഷനിൽ ഒരു യുക്തിവാദി സംഘം പൊതുയോഗത്തിൽ ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിയ്ക്കാൻ വന്നപ്പോഴാണ്. അന്നവിടെയുള്ള നാട്ടുകാരിൽ പലരെയും അദ്ദേഹം ഒരു ദിവ്യശക്തിയുമില്ലാതെ അഗ്നിയിൽ കൂടി നടത്തിച്ചു. കോന്നിയിലെ യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് അദ്ദേഹവുമായി ആദ്യമായി അടുത്തിടപഴകിയത്. പിന്നെ തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പലസ്ഥലങ്ങളിലും വിവിധ സമ്മേളനങ്ങളിൽ വച്ച് കാണുവാനും സൌഹൃദപ്പെടാനും കഴിഞ്ഞിരുന്നു.

കൂടാതെ ഒരിയ്ക്കൽ എന്റെ നാടായ തട്ടത്തുമലയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ കൊണ്ടുവന്ന് ദിവ്യാദ്ഭുതങ്ങൾ അനാവരണം ചെയ്യിച്ചു. അന്ന് തട്ടത്തുമലയിൽ നനാജാതി മതസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകരും നേതാക്കളും ഗംഭീരമായ സ്വീകരണം നൽകിയിരുന്നു. മടങ്ങാൻ നേരം പ്രേമാനന്ദിന്റെ കൈപ്പടയ്ക്കും ആട്ടോഗ്രാഫിനും വേണ്ടി ആളുകൾ വളഞ്ഞിരുന്നു. ഒരു വൈകുന്നേരം വന്ന് രാത്രി ഏറെ സമയം വരെ തട്ടത്തുമല ജംഗ്ഷനിൽ ചെലവഴിച്ച നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു.നാട്ടുകാരെ അക്ഷരാർത്ഥത്തിൽ സ്നേഹ സൌഹൃദങ്ങളിലൂടെ അദ്ദേഹം കൈയ്യിലെടുത്തിരുന്നു.

തെളിമയുള്ള മുഖത്തെ നിറഞ്ഞ മന്ദഹാസവുമായി നമ്മിൽ ഒരാളായി നമ്മോടൊപ്പമുണ്ടായിരുന്ന, പുനർ ജന്മത്തിൽ വിശ്വാസമില്ലാതെ കണ്ണുകൾ ദാനം ചെയ്തും, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നൽകിക്കൊണ്ടും, മരണവും മൃത ശരീരവും പോലും സമൂഹത്തിന് ഉപകാരമാക്കിയ അതുല്യനായ വിപ്ലവകാരിയ്ടെ സ്മരണയ്ക്കു മുന്നിൽ ഓർമ്മയുടെ ഒരു പിടി പൂക്കളായി അക്ഷരങ്ങൾ സമർപ്പിയ്ക്കുന്നു. പ്രേമാനന്ദിന് ഒരിയ്ക്കൽ കൂടി കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

പിൻ കുറിപ്പ് : ലേഖനം അല്പം നീണ്ടു പോയതിൽ വിഷമമില്ല. ജീവിതം അത്രയേറെ അർത്ഥപൂർണ്ണമാക്കിയ ഒരു മഹാമനുഷ്യൻ മരണപ്പെടുമ്പോൾ ഇങ്ങനെ ഒരു ഓർമ്മക്കുറിപ്പെങ്കിലും എഴുതാതിരിയ്ക്കാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈയ്യുള്ളവനു കഴിയില്ല. ഇത് അക്ഷരങ്ങൾ കൊണ്ട്‌ അദ്ദേഹത്തിനുള്ള എന്റെ പുഷ്പവർഷം!

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10 comments:

പാമരന്‍ said...

thank you!

NITHYAN said...

പ്രേമാനന്ദിനെ പറ്റിയുള്ള കുറിപ്പ് നന്നായി. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നമ്മള്‍ അദ്ദേഹത്തെ കണ്ടില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് നമ്മുടെ പത്രങ്ങള്‍ക്ക് ആ മരണം ഒരു വലിയ വാര്‍ത്തയാവാതിരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും കള്ളദൈവങ്ങള്‍ക്കുമെതിരെയുള്ള നിരന്തരമായ പോരാട്ടത്തിനായി ഒരു ജീവിതം സമര്‍പ്പിച്ചു കടന്നുപോയ ആ വലിയ മനുഷ്യന് ആദരാഞ്ജലികള്‍.

ജിവി/JiVi said...

നന്ദി, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ടതില്ലാത്ത ഇത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ ബ്ലോഗ് എന്ന മാധ്യമത്തിന്റെ ധര്‍മ്മം കൂടിയാണ് സജിം നിറവേറ്റിയിരിക്കുന്നത്. ഒപ്പം ഒന്നുകൂടെ, രോഗശയ്യയില്‍ എപ്പോഴെങ്കിലും പ്രേമാനന്ദ് ദൈവത്തെ അറിയാതെയെങ്കിലും ഒന്ന് വിളിച്ചുപോയിരുന്നെങ്കില്‍ അത് എത്ര വലീയ വാര്‍ത്തയാകുമായിരുന്നില്ല.

Unknown said...

വളരെ നല്ല ലേഖനം സജിം.. ഇത്തരം പോസ്റ്റുകളിലൂടെയാണ് ബ്ലോഗ് അതിന്റെ അര്‍ഥം സാക്ഷാല്‍ക്കരിക്കുന്നത്.

ഒരുപാട് സ്നേഹത്തോടെ,

Anonymous said...

ഇത്തരം പോസ്റ്റുകളൊന്നും പക്ഷേ ബൂലോകത്താരും ശ്രദ്ധിയ്ക്കുന്നില്ല.

ഇ.എ.സജിം തട്ടത്തുമല said...

കമന്റുകൾക്കു നന്ദി!

Anonymous said...

ലേഖനത്തിന് നന്ദി സുഹൃത്തേ.

Anonymous said...

പ്രേമാനന്ദിനെപ്പറ്റി ഇത്രയും വിശാലമായ ഒരു ലേഖനം തയ്യാറാക്കിയതിനു താങ്കളെ അഭിനന്ദിക്കാതിരിക്കനാവില്ല..... ഒരു യുക്തിവാദി എന്ന് കേള്‍വിപ്പെട്ടിട്ടുള്ളതല്ലാതെ കൂടുതലൊന്നും അറിയില്ലായിരുന്നു.നന്ദി.... ഈ ലേഖനത്തിന് ......

പകല്‍കിനാവന്‍ | daYdreaMer said...

ഇപ്പോഴാണ് ഈ ലേഖനം വായിക്കാന്‍ കഴിഞ്ഞത്.. വളരെ നന്നായി. നന്ദി സജീം
ഒപ്പം ആദരാഞ്ജലികളും.

നന്ദന said...

നന്ദി