Sunday, July 25, 2010

പൊതുയോഗനിരോധനം പെരുവഴിയിൽ

മുൻമൊഴി: രാഷ്ട്രീയവും ജനാധിപത്യവും ഇഷ്ടപ്പെടുന്നതിനാൽ ഈ വിഷയത്തിൽ വീണ്ടും പ്രതികരിക്കുന്നു; പൊതുയോഗനിരോധനത്തിന്റെ അർത്ഥശൂന്യതയെപറ്റി വീണ്ടും ഏതാനും വരികൾ.....

പോസ്റ്റിന്റെ ചുരുക്കം: പൊതുവഴിയരികിലെ പൊതുയോഗനിരോധനം അപ്രായോഗികം. അനുചിതം. ജനാധിപത്യവിരുദ്ധം. അർത്ഥശൂന്യം. ഈ വിധി പരാജയപ്പെടുന്നു. രാഷ്ട്രീയപാർട്ടികൾ ഒന്നും ഈ വിധി പാലിക്കുന്നില്ല. ഇനി പാലിക്കുമെന്നും തോന്നുന്നില്ല. ഇപ്പോഴും വഴിയരികിൽ പൊതുയോഗങ്ങൾ നടക്കുന്നു. പൊതുവഴിനീളെ ജാഥകളും പ്രകടനങ്ങളും നടക്കുന്നു. ഇനിയും നടക്കും. കോടതികളെ ബഹുമാനിക്കേണ്ടതുതന്നെ. പക്ഷെ ബഹുമാനപ്പെട്ട കോടതി ഇത്തരം ഒരു വിധി ഒഴിവാക്കണമായിരുന്നു. തിരുത്താൻ ഇനിയും സമയമുണ്ട്. തിരുത്തിയില്ലെങ്കിൽ സർക്കാർ നിയമം കൊണ്ടുവന്നേക്കും. കോടതിയുടെ ഗൌരവം ഇതില്ലാതാക്കും. രാഷ്ട്രീയവും നീതിന്യായവിഭാഗവും കൊമ്പു കോർക്കുന്നത് നന്നല്ല. ഒരു കോമ്പ്രമൈസായിരിക്കും നല്ലത്; എല്ലായ്പോഴും!


പൊതുയോഗനിരോധനം പെരുവഴിയിൽ

കളിതമാശയല്ല കോടതികൾ. ഇന്ന് ഒരു നീതിപീഠം പറയുന്ന വിധി നാളെ നിയമമാണ്. ഏതെങ്കിലും കോടതികൾ മുമ്പ് പറഞ്ഞിട്ടുള്ള വിധികൾ ഉദ്ധരിച്ച് സമാനമായ മറ്റ് കേസുകളിൽ മറ്റ് കോടതികൾ വിധിപറയുന്ന പതിവുണ്ട്. അപ്പോൾ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ നിയമ നിർമ്മാണ സഭകൾക്ക് പുറമേ കോടതികളും ഒരു പങ്ക് വഹിക്കുകയാണ്. നമ്മുടെ ഭരണഘടനയെയും നിയമങ്ങളെയും വ്യാഖ്യാനിക്കുകയും അതുവഴി ഏതു സന്ദർഭത്തിലും ജനങ്ങൾക്ക് ശരിയായ നീതി ലഭ്യമാക്കുകയും ചെയ്യുക എന്ന ഗൌരവമേറിയ ധർമ്മമാണ് നീതിപീഠത്തിനു നിർവഹിക്കുവാനുള്ളത്. അത് നമ്മുടെ ഭരണഘടനാസംബന്ധിച്ചും നിയമങ്ങൾ സംബന്ധിച്ചും കാലകാലങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുകയും സങ്കീർണ്ണതകൾ മറ്റുകയും ചെയ്യുന്നു. വിവാദവിഷയങ്ങളിൽ അത് അന്തിമ വിധി കല്പിക്കുന്നു.

നീതിപീഠം ഭരണകൂടത്തിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും ശ്രദ്ധയില്പെടാത്ത പല കാര്യങ്ങളിലും സ്വമേധയാ ഇടപെട്ട് സമൂഹത്തിൽ നീതി അരക്കിട്ടുറപ്പിക്കുന്നു. നിയമങ്ങളെ വ്യാഖ്യാനിക്കുകയും വ്യവഹാരങ്ങൾ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതിനപ്പുറം നിയമനിർമ്മാണത്തിന്റെ മേഖലയിലും അത് അവശ്യം കൈവയ്ക്കുന്നു. അങ്ങനെ നിയമ വ്യവസ്ഥയ്ക്കും നിയമനിർമ്മാണസഭയ്ക്കും ഒരു കൈ സഹായം കൂടിയാണ് നീതി പീഠം പലപ്പോഴും. കടുത്ത പരസ്യ വിമർശനങ്ങളിൽനിന്നു പോലും ജനം കോടതിയെ ഒഴിച്ചു നിർത്തുന്നതും ഒരർത്ഥത്തിൽ ജനകീയമല്ലാത്ത ഈ ജനാധിപത്യ സ്ഥാപനത്തിന്റെ പ്രാധാന്യം ഉള്ളിൽ വച്ചുകൊണ്ടാണ്. അല്ല്ലാതെ കോടതിയലക്ഷ്യമാകും എന്ന ഉൾഭയം കൊണ്ട് മാത്രമല്ല.

നീതിപീഠങ്ങൾ ജനാധിപത്യവ്യവസ്ഥിതിയുടെ മാർഗ്ഗദർശിയും കാര്യദർശിയും നിരീക്ഷകനും ഭരണഘടനയുടെ സംരക്ഷകനും എല്ലാമാണ്. പോലീസ് ഉൾപ്പെടെയുള്ള നിയമപാലകരാകട്ടെ ജനാധിപത്യത്തിന്റെ കാവൽഭടന്മാരാണ്. രാഷ്ട്രീയക്കാരാകട്ടെ ജനാധിപത്യ വ്യവസ്ഥിതിയെ സചേതനവും സജീവവുമാക്കിത്തീർക്കുന്ന നാഡിഞരമ്പുകളുമാണ്. അതല്ല, നീതിപീഠമാണ്. ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ രാഷ്ട്രീയം അതിന്റെ തുടിപ്പാണ്. തുടിപ്പ് നിലച്ചാൽ പിന്നെ ഹൃദയവുമില്ല ശരീരവുമില്ല. അതുമല്ല രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഹൃദയമെന്നു കരുതിയാൽ നീതിപീഠം അതിന്റെ ധമനിയാണ്. നമ്മുടെ മാധ്യമങ്ങളാകട്ടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളുമാണ്. ഇവയിൽ ഏതെങ്കിലുമൊന്ന് മറ്റൊന്നിന്റെ മേൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും.

നമ്മുടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ജനം ആദരവു പുലർത്തണമെന്നുണ്ട്. എന്നാൽ മറ്റെന്തിനെക്കാളും കുറച്ച് കൂടുതൽ ബഹുമാനവും വിശ്വാസ്യതയും ജനം നീതിപീഠത്തിനു കല്പിച്ചുകൊടുക്കുന്നുണ്ട്. കാരണം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അനീതിയിൽ നിന്നും അതിക്രമങ്ങളിൽനിന്നും പോലും ജങ്ങളെ രക്ഷിക്കാൻ അധികാരപ്പെട്ട സ്ഥാപനമാണ് നീതി പീഠം . സാധാരണ വ്യവസ്ഥിതിയിൽ അത് അവസാന വാക്കാണ്. ചിലപ്പോൾ അത് അവസാനത്തെ അത്താണിയാണ്. അതുകൊണ്ടു തന്നെ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവാദിത്വം അല്പം കൂടി ഗൌരവമുള്ളതാകുന്നു. സമൂഹത്തെ ഉൾക്കാഴ്ചയോടെ കാണുകയും ജനാധിപത്യത്തെ സർവാത്മനാ അംഗീകരിക്കുകയും ചെയ്യുന്നവർക്കാണ് കുറ്റമറ്റ രീതിയിൽ നീതി നടപ്പിലാക്കാൻ കഴിയുക. സാമൂഹ്യബോധമില്ലാത്തവർ നീതി പീഠങ്ങളുടെ അമരത്തെത്തിയാൽ പൊതുജനത്തിനതു ദുർവിധി; ജനാധിപത്യത്തിന് അത് ഭീഷണിയും!

എന്റെ അറിവു വച്ച് ഇപ്പോൾ ഈ പോസ്റ്റ് എഴുതുന്ന കാലയളവിൽ കേരളത്തിൽ ഉടനീളം ഏരിയാതലത്തിൽ സി.പി.ഐ (എം) കാൽനടപ്രചരണ ജാഥകൾ നടന്നുവരികയാണ്. അത്തരം ഒരു ജാഥയ്ക്ക് ഞാനും അനുഭവസാക്ഷിയാണ്. സി.പി.ഐ (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചതായിരുന്നു ആ ജാഥ. ഓരോ ദിവസവും രാവിലെ ഏകദേശം ഒൻപത് മണിയോടെ ആരഭിക്കുന്ന ജാഥ രാത്രിയാണ് സമാപിക്കുന്നത്. പ്രവർത്തകരുടെ നല്ല പങ്കാളിത്തമുണ്ട് ജാഥയിൽ. ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട ആളുകളാണ് ജാഥയിൽ ഉടനീളം സഞ്ചരിക്കുന്നത്.

ജാഥ എം.സി റോഡ് ഉൾപ്പെടെയുള്ള പൊതു വഴിയിലൂടെ തന്നെയാണ് സഞ്ചരിച്ചത്. രണ്ടുവരികളായി ചിട്ടയോടെയാണ് ജാഥ നയിക്കപ്പെട്ടത്. ഓരോ സ്വീകരണസ്ഥലങ്ങളിലും വൻപിച്ച സ്വീകരണവും ജാഥയിൽ സഞ്ചരിക്കുന്ന നേതാക്കളുടെ പ്രസംഗവുമൊക്കെയായി പൊടിപൊടിച്ചു. റോഡരികിൽ തന്നെ സ്വീകരണ കേന്ദ്രങ്ങളും. അവിടെത്തന്നെ ഉച്ചഭാഷിണി കെട്ടിവച്ച് മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ. കാണാനും കേൾക്കാനും നിരവധി ആളുകൾ. പൊതുവഴികളിൽ പൊതുയോഗം വിലക്കിയ കോടതിക്കെതിരെ തന്നെ അതിശക്തമായി വിമർശനവും നേതാക്കൾ പരസ്യമായി നടത്തി. നാളിതുവരെ എങ്ങനെയാണോ ജാഥയും പൊതുയോഗവുമൊക്കെ നടന്നു വന്നിരുന്നത്, അതുപോലെതന്നെ എല്ലാം. എന്നിട്ട് ആരുടെ ആകാശവും ഇടിഞ്ഞുവീണില്ല. ഗതാഗതത്തിനു പറയത്തക്ക തടസമൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ആർക്കും വലിയ അസൌകര്യങ്ങൾ ഒന്നുമുണ്ടായില്ല.

വിവിധ സ്വീകരണ സ്ഥലങ്ങളിൽ ഓരോന്നിലും നല്ല ജനക്കൂട്ടം ഉണ്ടായിരുന്നു. റോഡരികിൽ തന്നെ സ്വീകരണവും പൊതുയോഗവും മണിക്കൂറുകൾ നീളുന്ന പ്രസംഗവും എല്ലാം. ഇത് കണ്ടും കേട്ടും നിന്നവർക്കോ കടന്നു പോയവർക്കോ ഒന്നും ഒരു കുടയും സംഭവിച്ചില്ല. ആരെയും ഇത് അലോസരപ്പെടുത്തിയില്ല. രാഷ്ട്രീയ ശത്രുക്കളിൽ ചിലർക്ക് അലോസരം തോന്നിയിരിക്കാം. അത് പക്ഷെ റോഡരികിൽ യോഗം നടന്നതുകൊണ്ടല്ല. അവർ രാഷ്ട്രീയ എതിരാളികൾ ആയതുകൊണ്ട് മാത്രമാണ്. അത് സ്വാഭാവികവുമാണ്. ജാഥയിൽ ഉടനീളം പോലീസ് എസ്കൊർട്ട് ഉണ്ടായിരുന്നു. അത് ഭരണ കക്ഷിയായതുകൊണ്ടല്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇന്ന് മിക്ക ജാഥകളെയും പൊതുയോഗങ്ങളെയും പോലീസ് ശ്രദ്ധിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുണ്ട്. കോടതിവിധി നടപ്പിലാക്കി ജാഥയും പൊതുയോഗവും തടയാനൊന്നും പോലീസ് ശ്രമിച്ചില്ല. കോടതികളെപോലെ ജനാധിപത്യത്തിൽ തീരെ വിശ്വാസം നഷ്ടപ്പെട്ടവരാകില്ലല്ലോ പോലീസുകാർ!

സംഭവിക്കുന്നത് ഒന്നുമാത്രം; ഒരു കോടവിധി കാറ്റിൽ! അതെ, പൊതുയോഗം പൊതുവഴിയരികിൽത്തന്നെ , കോടതിവിധിയും “പെരുവഴിയിൽ”തന്നെ. ജനങ്ങൾക്ക് വേണ്ടാത്തത് എന്തായാലും, അതുകോടതിവിധിയാണെങ്കിൽ പോലും അത് ആരും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണിത്. ബാലിശമെന്നു പറയാവുന്ന ഒരു വിധി വരുത്തിയത് വിനയല്ലാതെ മറ്റൊന്നുമല്ല. വെറുതെ നീതിപീഠത്തിന്റെ വിലകളഞ്ഞു. ഒട്ടേറെ ജനപ്രിയ വിധികൾ പറഞ്ഞിട്ടുള്ള നല്ല ന്യായാധിപന്മാർ ഒരുപാടുണ്ട് നമുക്ക്. അവർക്കൊക്കെ അപമാനമാണ് ചില ന്യായാധിപന്മാർ. മറ്റ് ഭരണഘടനാ സ്ഥാപനങ്ങളോടും സംവിധാനങ്ങളോടും ഉള്ളതിനേക്കാൾ കൂടുതൽ ബഹുമാനം നീതിന്യായവിഭാഗത്തിനോട് ജനം കാണിക്കുന്നതിന്റെ മറവിൽ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ചില ന്യായാധിപന്മാരിൽ നിന്നും ഉണ്ടാകാറുണ്ട് എന്നതിൽ നിന്നും നീതിപീഠവും സദാ സംശുദ്ധമല്ല എന്ന സന്ദേശം നമുക്ക് ഇടയ്ക്കിടെ ലഭിയ്ക്കുന്നുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെ നീതിപീഠവും വിമർശനങ്ങൾക്ക് അതീതമല്ല.

പാലിക്കാതിരിക്കാൻ വേണ്ടി മാത്രം കോടതികൾ വിധിന്യാ‍യങ്ങൾ പുറപ്പെടുവിക്കുന്നത് ശരിയല്ല. പൊതു താല്പര്യഹർജ്ജികൾ വരുമ്പോൾ കോടതികൾ കുറച്ചുകൂടി സൂക്ഷ്മത പുലർത്തണം. പൌരന്റെയും സമൂഹത്തിന്റെ ആകെയും ജനാധിപത്യ അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും നിഹനിക്കുന്നതരത്തിൽ വിധിപ്രസ്താവനകൾ നടത്തിയാൽ അത് പൊതുജനം അപ്പാടെ അനുസരിക്കുമെന്നു ധരിക്കരുത്. അനുസരിക്കാനും വേണം ഒരു സൌകര്യമൊക്കെ!

ഇപ്പോൾ സി.പി. ഐ(എം) മാത്രം ജാഥ നയിക്കുന്നു. തൊട്ടുപുറകെ ഓരോ പാർട്ടികളുടെയും ജാഥകൾ വരും. എല്ലാം റോഡിലും റോഡ് വക്കിലും ഒക്കെ തന്നെ! പഞ്ചായത്ത് ഇലക്ഷൻ വരികയല്ലേ? കോടതി വിധിയൊക്കെ പെരുവഴിതന്നെ. അല്ലാതെന്ത്? റോഡരികിൽ പൊതുയോഗം നടത്തരുതെന്നും ജാഥനടത്തരുതെന്നും ഒക്കെ കോടതികൾ പറഞ്ഞുകൊണ്ടിരിക്കും . ജനം അത്തരം വിധികൾ നേരമ്പോക്കുകളായി കരുതും. ജാഥകളും യോഗങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ നടന്നുകൊണ്ടുമിരിക്കും. വേണ്ടിവന്നാൽ കോടതിവിധികളെ മറികടക്കാൻ സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം മനസിൽ വച്ചു കൊണ്ടു വേണം കോടതികൾ വിധിപ്രസ്താവനകൾ നടത്താൻ. അല്ലെങ്കിൽ പലവിധികളും വെള്ളത്തിൽ വരച്ച വരപോലെ ആകും. വിധിയെ പരസ്യമായി എതിർക്കുന്നവർക്കെതിരെ വേണമെങ്കിൽ കോടതിയലക്ഷ്യത്തിനു കേസെടുക്കാം. എന്നിരുന്നാലും ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും കോടതിവിധി അനുസരിക്കാതിരുന്നാൽ പിന്നെ വിധികൊകൊണ്ടെന്തുകാര്യം?

പൊതുനിരത്തുകളിൽ പൊതുയോഗം നടത്തരുതെന്ന കോടതിവിധി എന്തായാലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനോ അനുസരിക്കാനോ പോകുന്നില്ല. കോടതികൾക്കും തെറ്റുകൾ സംഭവിച്ചാൽ തിരുത്താവുന്നതേയുള്ളൂ. പൊതുജനങ്ങൾക്ക് പൊതുയോഗങ്ങൾ അസൌകര്യങ്ങൾ ഉണ്ടാക്കുന്ന സന്ദർഭങ്ങളുണ്ടെങ്കിൽ ചില മാനദണ്ഡങ്ങൾ കോടതികൾക്ക് നിർദ്ദേശിക്കാം. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലുള്ള വിധിപ്രഖ്യാപനങ്ങൾ നടത്തിയാൽ ജനം (അരാഷ്ട്രീയവാദികൾ ഒഴികെ) അത് സ്വീകരിക്കുകയുമില്ല . ഫലത്തിൽ നീതി പീഠങ്ങളുടെ വിലയും വിശ്വാസ്യതയും തകരുകയും ചെയ്യും. രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അവർ അതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെങ്കിൽ കോടതികൾക്ക് മൂക സാക്ഷികളായിരിക്കാനേ കഴിയൂ. ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർക്ക് അത്രയ്ക്ക് ശക്തിയുണ്ട്.

ഈയുള്ളവന് മനസിലാകാത്തത് അതല്ല, ഈ രാഷ്ട്രീയക്കാരോട് മാത്രം എന്താണിത്ര പുച്ഛം? ജീവിതത്തിന്റെ ബാക്കി എല്ലാ മേഖലകളും സംശുദ്ധമാണോ? രാഷ്ട്രീയക്കാർ മാത്രമാണോ ഇവിടത്തെ കുഴപ്പക്കാർ? പൊതുജന നന്മയെ ലക്ഷ്യമാക്കി ഗവർണ്മെന്റ് നിർമ്മിക്കുന്ന നിയമങ്ങളെ പോലും കോടതികൾ നൂലാമാലകൾ പറഞ്ഞ് അസാധുവാക്കുന്ന വിധിപ്രസ്താവങ്ങൾ നടത്തുന്ന അനുഭവം നമുക്കു മുന്നിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിധികളിൽ ചിലത് ഉദാഹരണങ്ങളാണ്. പണത്തിനു മീതെ പരുന്ത് മാത്രമല്ല ജഡ്ജിമാരും പറക്കുമെന്ന് ചില ജഡ്ജിമാർ തെളിയിക്കുന്നുമുണ്ടല്ലോ. അഴിമതികാരും സ്വജനപക്ഷപാതികളുമായ ജഡ്ജിമാരുണ്ടെന്നു പറഞ്ഞ് നീതിന്യായ വിഭാഗം തന്നെ വേണ്ടെന്നു വയ്ക്കുമോ? അതുപോലെ രാഷ്ട്രീയരംഗത്ത് അഭിലഷണീയമല്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടെന്നുപറഞ്ഞ് രാഷ്ട്രീയം വേണ്ടെന്നു വയ്ക്കാൻ കഴിയുമോ?

പൊതുനിരത്തിലെ പൊതുയോഗനിരോധനത്തിനെതിരെ ഞാൻ എഴുതിയ പോസ്റ്റിൽ രാഷ്ട്രീയക്കാരോടുള്ള വെറുപ്പ് പ്രകടമാക്കുന്ന കമന്റുകളും ഉണ്ടായിരുന്നു. അവരോടൊക്കെ എനിക്കുള്ള ചോദ്യം ജനാധിപത്യവും അതിന്റെ ഭാഗമായ രാഷ്ട്രീയവും ഇല്ലാതെ മറ്റെന്തു സംവിധാനമാണ് നിങ്ങൾക്ക് പകരം വയ്ക്കാനുള്ളത്? രാജാധിപത്യമോ? ഏകാധിപത്യമോ? അതോ പട്ടാള ഭരണമോ? സമൂഹത്തെ മുഴുവൻ അരാഷ്ട്രീയവൽക്കരിക്കേണ്ടത് ആരുടെ ആവശ്യമാണ്? സമൂഹത്തിലെ സമ്പന്ന വർഗ്ഗത്തിന്റെയും മുതലാളിത്തവ്യവസ്ഥിതിയുടെയും ആവശ്യമാണത്. സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കാൻ ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്തം പരിശ്രമിക്കും. നമ്മുടെ കോടതികളും അറിഞ്ഞും അറിയാതെയും അതിൽ ഭാഗവാക്കായിപ്പോവുകയാണ്. രാഷ്ട്രീയക്കാരിലും ചിലർ അറിഞ്ഞും അറിയാതെയും ഈ മുതലാളിത്ത തന്ത്രത്തിൽ വീണു പോകുന്നുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ നിന്നു വേണം പൊതുനിരത്തിലെ പൊതുയോഗ നിരോധനം പോലെയുള്ള കോടതിവിധികളെ നാം നോക്കിക്കാണാൻ.

സാമ്രാജ്യത്വ നുഴഞ്ഞുകയറ്റം ഇപ്പോൾ പുതിയതന്ത്രങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ മുതലാളിത്തം, സാമ്രാജ്യത്വ അധിനിവേശം മുതലായവയൊക്കെ മാർക്സിസ്റ്റുകാരുടെ കേവലം ബുദ്ധിജീവിപദങ്ങളാണെന്നും അവർ അത് ചുമ്മാ ഉച്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അവർ സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുമാരായി സ്വയം മാറുകയാണ്. സാമ്പ്രാജ്യത്വം എന്നത് മാർക്സിസ്റ്റുകൾ മാത്രം ഉച്ചരിക്കുന്ന-ഉച്ചരിക്കേണ്ട പദമല്ല. മാർക്സിസ്റ്റുകൾ ഉള്ള രാജ്യങ്ങളെ മാത്രമല്ല സാമ്പ്രാജ്യത്വം ബാധിക്കുക. രാഷ്ട്രീയം വെറും അധികാരത്തിനുവേണ്ടിയുള്ള ഒരു മത്സരം മാത്രമായി ചുരുക്കി കാണുന്നുണ്ട് ചില രാഷ്ട്രീയ ചിന്തകന്മാർ. എന്നാൽ ഇതു ശരിയല്ല. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയുള്ള മത്സരം എന്നതിലുപരി ഒരു പ്രതിരോധം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും, ജനനന്മയ്ക്കും വിരുദ്ധമായി കടന്നുവരാവുന്ന ശക്തികൾക്കും പ്രവർത്തനങ്ങൾക്കും എതിരെയുള്ള പ്രതിരോധം!

വാലെഴുത്ത്: മുഴുവൻ വായിക്കുന്നവർ വേഗത്തിലുള്ള ടൈപ്പിംഗിലെ അക്ഷരത്തെറ്റുകൾ ശ്രദ്ധയില്പെട്ടാൽ ചൂണ്ടിക്കണിക്കുക. പാവം ഞാനൊരു ഭാഷാസ്നേഹിയാണ്!

അതിന് ഇതൊക്കെ ആരു വായിക്കാൻ പോകുന്നു!

Saturday, July 17, 2010

കുമാരാ, താങ്കൾ ഒരു സംഭവം തന്നെ!

കുമാരാ, താങ്കൾ ഒരു സംഭവം തന്നെ!

കുമാരന്റെ കുമാരസംഭവങ്ങൾ എന്ന പുത്തൻ പുസ്തകം (ഡിസംബർ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചത്) വായിച്ചപ്പോൾ പറയാൻ തോന്നിയ കാര്യങ്ങൾ താഴെ വാരിവിതറി പോസ്റ്റാക്കുന്നു:

അങ്ങനെ ബ്ലോഗ് രചനകളിൽ നിന്ന് വീണ്ടും ഒരു പുസ്തകം പിറന്നു. കുമാരസംഭവങ്ങൾ. ഇത് കുമാരൻ തന്റെ ബ്ലോഗുകളിൽ എഴുതി ഇതിനകം ഒരുപാട്പേർ വായിച്ച് രുചിയറിഞ്ഞവയാണ്. ബ്ലോഗെഴുത്തുകൾ പുസ്തകമാകുമ്പോൾ നെറ്റകത്തിന് പുറത്ത് നിൽക്കുന്നവർക്കും വായിക്കാൻ അവസരം വരുന്നു. ബ്ലോഗുകൾ ഇങ്ങനെ കൊഴുത്താൽ ഭാവിയിൽ പുസ്തകങ്ങൾ ഷോകേസുകളിലെങ്കിലും ഉണ്ടാകുമോ എന്നത് തൽക്കാലം അവിടെ നിൽക്കട്ടെ. ഇപ്പോൾ ബ്ലോഗകത്ത് എന്തു നടക്കുന്നു എന്നത് പുറം ലോകം കൂടി അറിയാൻ ബ്ലോഗ് രചനകളിൽനിന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നതിനു പുറമെ മറ്റ് മീഡിയകളും കൂടി പ്രയോജനപ്പെടുത്തേണ്ടതുമാണ്. ആ നിലയിൽ കുമാര സംഭവങ്ങൾ എന്ന പുസ്തകം ബ്ലോഗുകൾക്ക് ഒരു പ്രചരണം കൂടിയാണ്. കുമാരാന് അഭിനന്ദനങ്ങളോടെ!

പുസ്തകത്തിന്റെ പുറത്തുതന്നെ ബ്ലോഗ് രചനകൾ എന്ന് എഴുതിയിരിക്കുക കൂടി ചെയ്തിരിക്കുന്നതിനാൽ ഒരു പുസ്തകവില്പനശാലയിലോ, ഒരു വായനശലയിലോ ഇരിക്കുന്ന ഈ പുസ്തകം എടുത്തു നോക്കി എന്താണീ ബ്ലോഗെഴുത്ത് എന്ന് അന്വേഷിക്കുവാനും പുസ്തകം വാങ്ങി കൊണ്ടുപ്പോയി വാ‍യിച്ചു നോക്കുവാനും പലരും തയ്യാറായെന്നുവരാം. അങ്ങനെ ഈ രചനകൾ വായിക്കപ്പെടുന്നു എന്നതിനു പുറമേ ബ്ലോഗിന് പ്രചരണവും കൂടിയാകുന്നു. ബ്ലോഗുകളിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യകാല കൃതികൾക്ക് അങ്ങനെ ഒരു കർത്തവ്യം കൂടി നിറവേറ്റുവാൻ ഉണ്ട്. ബ്ലോഗുകളിൽ എന്തു സംഭവിക്കുന്നുവെന്ന് നെറ്റകം ഇനിയും വേണ്ടവിധം പരിചയമില്ലാത്തവരും കൂടി അറിയട്ടെ. ഒരു സമാന്തര സാഹിത്യ ഭൂമിക ഉദിച്ചുയരുന്നുവെന്ന യാഥാർത്ഥ്യം എല്ലവരും അറിയട്ടെ!

ബ്ലോഗുകൾ അവനവൻ പ്രസാധനമാണ്. അവിടെ എഴുത്തുകാരൻ തന്നെ തിരുത്തുകാരനും അടുക്കുകാരനും. ബ്ലോഗുകളാകട്ടെ ആർക്കും തുടങ്ങുകയുമാകാം. അതിനാൽ ഈ രംഗത്ത് നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടാകാം. അത് ഒരു പോരായ്മയായി കാണേണ്ടതില്ല. കാരണം വായനക്കാരന് അവനവന്റെ നിലവാരത്തിനും അഭിരുചിക്കും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനും വായനയെ തന്റെ സൌകര്യാർത്ഥം ക്രമപ്പെടുത്താനും സാധിക്കും. ഭാഷാപരമായും സഹിത്യപരമായും പാണ്ഠിത്യത്തിന്റെ മറുതല കണ്ടവർക്ക് മാത്രമേ എഴുത്തിന്റെ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്നൊന്നുമില്ല. മനസിന്റെ ഉള്ളിലുള്ളത് മറ്റുള്ളവർക്ക് വായിച്ചാൽ മനസിലാകത്തക്കവിധം ഒരു കടലാസിലോ ബ്ലോഗിലോ പകർത്തി വച്ചാൽ അതിനുള്ളിൽ എങ്ങനെയായാലും സാഹിത്യത്തിന്റെ ഒരംശം ഉണ്ടാകും. വായിക്കുന്നവന് അതിൽ ആസ്വദിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ അത് സാഹിത്യം തന്നെ. ഇനി അല്പം ചിന്തിക്കുവാൻ കൂടിയുണ്ടെങ്കിൽ അല്പം നിലവാരം കൂടിയെന്ന് അർത്ഥമുണ്ടെന്നേയുള്ളു.

അല്ലാതെ കലയും സാഹിത്യവുമൊന്നും ആരുടെയും കുത്തകയല്ല. അഥവാ ആണെന്നു വിചാരിച്ചാൽ തന്നെ ഇനിയുള്ള കാലം അത് നടക്കില്ല. നമ്മൾ ബ്ലോഗേഴ്സ് അത് അനുവദിക്കില്ല. മനുഷ്യൻ മനസിലാകാത്ത വിധം എന്തെങ്കിലും എഴുതിവയ്ക്കുന്നത് മാത്രമല്ല സാഹിത്യം. ഞങ്ങളും എഴുതും. അത് വായിക്കുന്ന ഏതൊരു സാധാരണക്കരനും മനസ്സിലാകും. അത് വായിക്കാൻ ആളെക്കിട്ടുകയും ചെയ്യും. അതിൽ ചിലതെങ്കിലും പുസ്തകമായി, മഹാപണ്ഠിതന്മാരെന്ന് ഊറ്റം കൊണ്ട് നടക്കുന്നവരുടെ കേൾവിപ്പെട്ട ഗ്രന്ധങ്ങൾക്കിടയിൽ നമ്മൾ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളും ഇരുന്നു ചിരിക്കും. നമ്മുടെ പുസ്തകങ്ങൾ വായനക്കാരനെ സൈറ്റടിക്കും. ഏതു പടുവൃദ്ധരെയും നമ്മുടെ പുസ്തകങ്ങൾ വീഴ്ത്തും. മറ്റൊന്ന് നമ്മുടെ രചനകൾ ലോകം മുഴുവൻ ചുറ്റിയടിച്ചിട്ടാണ് പുസ്തകമാകുന്നത്. കൊക്കെത്ര കുളം കണ്ടതാണെന്ന മട്ടിലാണ് വരവ്!

നമ്മുടെ പുസ്തകങ്ങളുടെ ഒരേയൊരു കുറവ് അത് എല്ലാവർക്കും മനസിലാകും എന്നതാണ് നിങ്ങൾ ബുദ്ധികൊണ്ട് കട്ടപിടിച്ച തലച്ചോറുമായി നടക്കുന്നവരുടെ പുസ്തകങ്ങൾ ആളുകളെ നോക്കി മസിലും പിടിച്ചിരിക്കുമ്പോൾ നാമ്മൾ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളുടെ ഉള്ളുതുറന്ന നിഷ്കളങ്കമായ ചിരികണ്ട് ആളുകൾ വാങ്ങിക്കൊണ്ടുപോയി വായിക്കും. മസിലും പിടിച്ചിരിക്കുന്ന ബുദ്ധിജീവിഗ്രന്ധങ്ങൾ അവിടെയിരുന്ന് പൂത്ത് അവസാനം ആക്രിക്ക് കൊടുക്കും. എവിടെനിന്നെങ്കിലും കടിച്ചാൽ പൊട്ടാത്തതും മനുഷ്യനു മനസിലാകാത്തതുമായ കുറെ വാചകങ്ങൾ മോഷ്ടിച്ച് പറക്കിക്കൂട്ടിവച്ച് ഒന്നോരണ്ടോ പുസ്തകമെഴുതിയിട്ട് തലയും മുഖവും വീർപ്പിച്ചു നടക്കുന്ന ചില ബുദ്ധിജീവിജാഡക്കാരോടുള്ള മൂത്ത കുടിപ്പക കൊണ്ട് വെട്ടിക്കീറാൻ ഇങ്ങനെ മേൽവരികൾ കൂടി എഴുതിപ്പോയതാണ്.

കുമാരന്റെ പുസ്തകത്തിൽ ആമുഖമായിതന്നെ തന്റെ പരിമിതികൾ കുമാരൻ എഴുതിവച്ചിട്ടുണ്ട്. ബ്ലോഗ് വായനക്കാരനും പുസ്തകവായനക്കാരനും തമ്മിൽ അല്പം ചില വ്യത്യാസങ്ങൾ ഉണ്ട്. ബ്ലോഗ് വായനയ്ക്ക് അല്പം വേഗത കൂടുതലാണെന്നതാണ് അതിലൊന്ന്. മറ്റൊന്ന് ഇവിടെ ബ്ലോഗ് വായനക്കാരിൽ ഭാഷാപരമായി പരിമിതികൾ ഉള്ളവരും കൂടിയുണ്ട് എന്നതാണ്. എന്നാൽ ഇന്ന് ബ്ലോഗിംഗ് രംഗത്തേക്ക് കടന്നുവരുന്നവർ ബ്ലോഗിംഗിലൂടെ ആ പരിമിതികൾ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള ഭാഷയുമായും സാഹിത്യവുമായും സ്കൂൾ തരം വരെ മാത്രം ബന്ധമുണ്ടായിരുന്നവർ പോലും ഇന്ന് നന്നയി മാതൃഭാഷ കൈകാര്യം ചെയ്തു വരുന്നു. അതിനു കാരണം ബ്ലോഗുകളിലെ നർമ്മം തുളുമ്പുന്ന രചനകളാണ്. നർമ്മം ഇഷ്ടപ്പെടാത്തവർ ആരുമില്ല. നർമ്മം തുളുമ്പുന്ന ബ്ലോഗ് രചനകൾ നിരവധിയാളുകളെ വായനയുടെ ലോകത്തേക്കും എഴുത്തിന്റെ ലോകത്തേക്കും ആനയിച്ചു.

ഇന്ന് ബ്ലോഗിലെത്താൻ അറിയാവുന്നവർക്ക് മലയളത്തിൽ നന്നായി കമന്റെഴുതാനെങ്കിലുമുള്ള മലയാളഭാഷാജ്ഞാനം ഉണ്ടെന്നത് അഭ്മാനകരമാണ്. ടൈപ്പുചെയ്യുന്നതിന് കീ ബോർഡിലെ ഇംഗ്ലീഷ് അക്ഷരമാലയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിലും പതിയുന്നത് മലയാള അക്ഷരങ്ങളാണ്. വളരുന്നത് മലയാള ഭാഷയാണ്. കേരളത്തിലെ എല്ലാ മേഖലകളിൽ ഉള്ളവരും ബ്ലോഗെഴുതുന്നതിനാൽ ഓരോ പ്രദേശത്തെയും പ്രാദേശികമായ ഭാഷാന്തരങ്ങൾ കൂടി എല്ലാവരും പങ്കുവയ്ക്കുകയാണ്. ഇത് മലയാള ഭാഷയുടെ സമഗ്രമായ വികാസത്തിന് കാരണമാകുകയാണ്. എന്നിട്ടും ഇത് ചിലർ കണ്ടില്ലെന്ന് നടിക്കുന്നതാണ് കഷ്ടം. (കമ്പ്യൂട്ടർ കണ്ട് കണ്ണുമിഴിച്ച് നിൽക്കുന്നവരാണ് ഇതിൽ പല ബുദ്ധിജീവികളും. കറണ്ടടിക്കുമെന്ന് പേടിച്ച് ഇവരിൽ പലരും കീ ബോർഡിൽ പോലും തൊടില്ല.)

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ചെറുതും വലുതുമാ‍യ പല സംഭവങ്ങളും ഉണ്ടാകും. അതിൽ ചിലതിലൊക്കെ നർമ്മത്തിന്റെ അംശങ്ങൾ ഉണ്ടാകും. അതല്ല ഗൌരവമായ അനുഭവങ്ങളാണെങ്കിൽ കൂടിയും അതിൽ നർമ്മം ചാലിച്ച് അത് പറഞ്ഞുകേൾക്കാനും എഴുതാനും നമ്മളിൽ പലർക്കും കഴിയും. നർമ്മഭാവന അധികമില്ലാത്തവർക്ക് ഗൌരവത്തിലും കാര്യങ്ങൾ അവതരിപ്പിക്കാം. എന്നാൽ കണ്ണീരിൽ പോലും നർമ്മം ചാലിച്ച് കേൾക്കുന്നവനെയും വായിക്കുന്നവനെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും കരയിക്കുവാനും നർമ്മ ബോധമുള്ള ഒരാൾക്ക് കഴിയും. ഏതെങ്കിലും ഒരു സംഭവം അക്ഷരമറിയാത്തവരാണെങ്കിൽ അവർ പറഞ്ഞു കേൾപ്പിക്കും. അക്ഷരമറിയാവുന്നവർക്ക് അവ എഴുതിവയ്ക്കുകയുമാകാം. നർമ്മബോധവും അല്പം സാഹിത്യബോധവും കൂടി ചേർന്നാൽ എഴുത്ത് വായനക്കാരന് നല്ലൊരു വിഭവമായിരിക്കും.

എന്നാൽ എല്ലാവർക്കും ഒരു പോലെ നർമ്മ ബോധവും സാഹിത്യബോധവും ഒരു പോലെ കൈൽമുതലായി ഉണ്ടാകണമെന്നില്ല. ചിലർക്ക് നർമ്മ ബോധമുണ്ടാകും. ചിലർക്ക് സാഹിത്യബോധമുണ്ടാകും. ചിലർക്ക് ഇത് രണ്ടുംകൂടി ഉണ്ടാകും. ഇവിടെ കുമാരനെ സംബന്ധിച്ചിടത്തോളം നർമ്മഭാവനയും സാഹിത്യവും കൈമുതലായുണ്ട്. ഗൌരവമുള്ള സംഭവമാണെങ്കിലും കുമാരൻ എഴുതിയാൽ അത് നർമ്മമാകും. എന്നാൽ ആ നർമ്മത്തിനിടയിൽ നിന്ന് നമുക്ക് സംഭവത്തിന്റെ ഗൌരവം വായിച്ചെടുക്കുകയും ചെയ്യാം. വായിക്കുന്നവന് വായിക്കാനൊരു താല്പര്യം വരണം. എല്ലാവരും ഗൌരവബുദ്ധികളാകണമെന്നില്ല. അത്തരക്കാരെ വായനയിലേയ്ക്ക് ആകർഷിക്കാൻ നർമ്മം വേണം. നർമ്മം ആസ്വദിച്ചുകൊണ്ട് വായനയിൽ മുഴുകുമ്പോൾ ഒരെഴുത്ത്കാരന് നൽകാനുള്ള സന്ദേശം വളരെ ലളിതമായി കൈമാറാൻ കഴിയുന്നു. ഇക്കാര്യത്തിൽ കുമാരന് അഭിമാനിക്കാം. കുമാരസംഭവങ്ങൾ വായിക്കുന്ന ഏതൊരാൾക്കും തോന്നും.ഈ കുമാരൻ ഒരു സംഭവം തന്നെയാണെന്ന്!

കുമാരൻ എഴുതിയിരിക്കുന്ന ഓരോ നുറുങ്ങുകളോടും സാമ്യമുള്ള പല അനുഭവങ്ങളും അവരവരുടെ ജീവിതപരിസരങ്ങളിൽ എല്ലാവർക്കും ഉണ്ടായിരിക്കും. കേരളത്തിലെവിടെയുമുള്ള ജീവിത രീതികൾ തമ്മിൽ പൊതുവായ സമാനതകൾ ഉള്ളതിനാൽ എല്ലാവർക്കും ഓരേ തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാം. കണ്ണൂരിലുള്ള കുമാരൻ കോറിയിട്ടിരിക്കുന്ന് നർമ്മ നുറുങ്ങുകളിൽ മിക്കതും ഇങ്ങ് തിരുവനന്തപുരം ഭാഗത്തുള്ള എന്റെ ഗ്രാമ പരിസരത്തും സംഭവിച്ചിട്ടുള്ളതാണ്. ചില നുറുങ്ങുകൾ വായിക്കുമ്പോൾ ങേ, കണ്ണൂരിലും നമ്മുടെ ഇവിടത്തെപോലുള്ള കാര്യങ്ങൾ തന്നെയോ നടക്കുന്നതെന്നു ചോദിച്ചു പോകും. എന്നെ ഞെട്ടിപ്പിച്ചത് എന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങൾ പോലും കുമാരൻ കുമാരനിൽ ആരോപിച്ച് എഴുതിവച്ചിരിക്കുന്നു. കുമാരൻ എന്നെങ്കിലും എന്റെ ജീവിതത്തെ ഒളിഞ്ഞു നോക്കിയോ എന്നറിയില്ല. പക്ഷെ അതേതൊക്കെ അനുഭവങ്ങൾ എന്ന് എന്നോട് ചോദിക്കരുതേ കുമാരാ, ഞാൻ കൊന്നാലും പറയില്ല. കുമാരന് നാണവും മാനവുമ്മില്ലെന്നുവച്ച് നമ്മ അങ്ങനെയാണോ? ഹഹഹ!

പട്ടിണിക്കാരനായ കുട്ടിരാമൻ ഉസ്കൂളിൽ ഉപ്പുമാവിനു വേണ്ടി തള്ളി ചട്ടിയിൽ വീണ സംഭവം നർമ്മത്തിൽ പൊതിഞ്ഞാണ് എഴുതിയതെങ്കിലും നമ്മുടെ മനസ്സിൽ അതൊരു നൊമ്പരമുണ്ടക്കുന്നുണ്ട്. ചട്ടിയിൽ വീണെങ്കിലെന്താ ഇഷ്ടം പോലെ ഉപ്പുമാവു കിട്ടിയല്ലോ എന്ന് കുട്ടിരാമൻ പറയുന്നുണ്ട്. ഉണങ്ങാത്ത മുറിപ്പാടുകൾ എന്ന കഥയും നമ്മെ നന്നേ നൊമ്പരപ്പെടുത്തും. നർമ്മം മാത്രമല്ല ഗൌരവമുള്ള വിഷയങ്ങളും കൈകര്യം ചെയ്യാൻ കുമാരനു കഴിയാത്തതല്ല എന്ന് തെളിയിക്കുന്ന കഥകളും കുമാര സംഭവങ്ങളിലുണ്ട്.

കുമാരസംഭവങ്ങളിൽ നിന്ന് ചില വരികൾ മാത്രം ഇവിടെ ഉദ്ധരിക്കാം:

“നാലുമണി കഴിഞ്ഞാൽ ഞങ്ങൾ മൂന്നുപേരും പെൺപിള്ളേരുടെ സെൻസസ് എടുക്കുന്നതുകൊണ്ട് ഫുൾ ബിസിയായിരിക്കും സ്കൂളിൽനിന്നും അണക്കെട്ടു പൊട്ടിയ പോലെ ആർത്തിരമ്പി വരുന്ന ആൺകുട്ടികളും മന്ദം മന്ദം കുളിർകാറ്റ് പോലെ തഴുകിവരുന്ന അരപ്പാവാടയുടുത്ത സുന്ദരി പെൺകുട്ടികളും, അതിനു ശേഷം വൃദ്ധരെപ്പോലും രോമാഞ്ചമണിയിച്ചുകൊണ്ട് ജൂനിയർ ഐശ്വര്യറയി മി.ജമീലയുടെ നേതൃത്വത്തിൽ കമലാ കോളേജിലെ ആൽമരം പോലെ വളർന്നുപന്തലിച്ച പെൺകുട്ടികളും ഞങ്ങളെയെന്താ ഇനിയും കെട്ടിച്ചുവിടാത്തത് വീട്ടുകാരേ എന്ന ചോദ്യവുമായി പ്രകടനം പോലെ വരും. ആ വർണ്ണക്കാഴ്ചകളെ ഒഴിവാക്കി വെറുതെ ഡീസന്റാവാൻ ഞങ്ങൾ കണ്ണുപൊട്ടന്മാരോ ടൌൺഹാളിന്റെ മുന്നിൽ ഒരുപണിയുമെടുക്കാതെ വെറുതെ സുഖിച്ചു കൈചൂണ്ടി നിൽക്കുന്ന കോൺക്രീറ്റ് പ്രതിമയോ അല്ലല്ലോ....” ( കുമാരൻ റൈറ്ററുടെ നാൾവഴിപുസ്തകം എന്ന അദ്ധ്യായം)

അച്ഛൻ മരിക്കുമ്പോൾ കരയുന്ന മക്കളിൽ ഒരുത്തി പറയുന്നതു കേൾക്കൂ: “ എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചിൽ....അവളുടേത് (ചേച്ചി) കള്ളക്കരച്ചിലാണേ...” ( ശരിയായ കരച്ചിൽ)

“പ്രേമിക്കുന്നവർ ആദ്യം ചെയ്യുന്നത് അച്ഛനുമമ്മയുമിട്ട പേരു മാറ്റുകയെന്നതാണല്ലോ. വനജ കാമുകനായ നളിനക്ഷനെ നളേട്ടാ, എന്നും, വനജയെ അയാ‍ൾ തിരിച്ച് വനൂ, വാ‍.. എന്നിങ്ങനെ വിളിക്കാൻ തുടങ്ങി.....“ (പ്രതികാര വനജ)

ലോകചരിത്രത്തിലെ പല പ്രേമങ്ങളും പൂത്തു വിടർന്ന് പരപരാഗണം നടത്തിയത് കോളേജ് കലോത്സവ ദിനത്തിലാണ്. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന് ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്. ......” ( കോളേജ് ഡേയിൽ കോമളകുമാരി)`

“മാരുതി സ്വിഫ്റ്റ് കാറുപോലെ ഷെയ്പ്പുള്ള സുന്ദരി. വട്ടമുഖി, നീണ്ട മുടി, അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപ്പാവാട ആൻഡ് ഗ്രീൻ ബ്ലൌസ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.” (ദേവതാരു പൂത്തു, പക്ഷെ......)

ഇങ്ങനെ ഒരുപാടുണ്ട് “കുമാരൻ എന്ന സംഭവം” എഴുതിയ കുമാര സംഭവങ്ങളിൽ! പക്ഷെ കുമാരന്റെ പുസ്തകം പകർത്തലല്ലല്ലോ എന്റെ ജോലി! വേണമെന്നുള്ളവർ അറുപത് രൂപാ കൊടുത്ത് വാങ്ങി വായിക്കിനെടേയ്. ( കുമാരനെ നേരിൽ കണ്ട് ഒന്നു പൊക്കിക്കൊടുത്താൽ പുസ്തകം ഫ്രീയായും ലഭിക്കുന്നതായിരിക്കും! എനിക്ക് കൂട്ടം തിരുവനന്തപുരം മീറ്റിൽ വച്ച് നേരിൽ കണ്ടപ്പോൾ ഈ ബുദ്ധി പോകാത്തതിനാൽ വിലകൊടുത്തു വാങ്ങേണ്ടിവന്നു. കുമാരൻ പുസ്തകം തലയിലേറ്റിവരുമ്പോൾ ഒരു കൈ സഹായിച്ചും പുസ്തകം കരസ്ഥമാക്കാവുന്നതാണ്)

അത്യുന്നതങ്ങളിൽ കുമാരനു മഹത്വം!

വാലെഴുത്ത്:

ഒരു നിലാവുള്ള രത്രി; കുമാരന്റെ ഫോൺ റിംഗ്ടോണടിച്ചു. വിറയ്ക്കുന്ന കൈകളോടെ കുമാരൻ ഫോൺ എടുത്തു.

മറുതലയ്ക്കൽ: കുമാരേട്ടാ! എന്റെ കുമാരേട്ടാ!

കുമാരൻ: (വിച്ചുകൊണ്ട്) ആരാ? മി.ജമീലയാണോ?

മറുതല: അല്ല കുമാരേട്ടാ, എന്നെ ഇത്രയ്ക്കങ്ങോട്ട് മറന്നോ?

കുമാരൻ: പിന്നെ, ദിവ്യയാണോ?

മറുതല: (ദ്വേഷ്യം) കുമാരേട്ടാ!

കുമാരൻ: അല്ല, ശ്രീദേവി....?

മറുതല: ശ്യോ! കു....മാ...രേ...ട്ടാ‍.... !

കുമാരൻ: (വിറച്ചുകൊണ്ട്) റോംഗ് നംബർ...റോംഗ് നംബർ.....!