Saturday, November 6, 2010

കഴുകന്‍

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്. ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ പ്രതീകം തന്നെ ഒബാമയും!

കവിത

കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചമർത്താനറിയുന്നോൻ

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.

6 comments:

ആചാര്യന്‍ said...

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!
very good ishttappettu...

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam... abhinandhanangal...

Abduljaleel (A J Farooqi) said...

അഭിനന്ദനാര്‍ഹം,വെളുപ്പ്‌ കരുപിനു വഴിമാറി എന്നല്ലാതെ പോകുന്ന വഴികളില്‍ മാറ്റമില്ല.

Anurag said...

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

HAMZA ALUNGAL said...

ഇവിടെ എന്തും നടക്കും ആരുണ്ടിവിടെ ചോദിക്കാന്‍...
അതുതന്നെയാണ്‌ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പത്രത്തിന്റെ മാനേജ്‌മെന്റും എന്നോട്‌ ചോദിച്ചത്‌. ഈ പരമ്പര ഏഴു ലക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നാമത്തെ ലക്കം പുറത്തിറങ്ങിയപ്പോള്‍ തന്നെ ഞെട്ടലും എതിര്‍പ്പിന്റെ അലയൊലികളുമുണ്ടായി. മൂന്നാം ദിവസമായപ്പോഴേക്ക്‌ അത്‌ പൊട്ടിത്തെറിയിലെത്തി. നാലാം ദിനം പരമ്പര നിര്‍ത്തിവെപ്പിക്കാനാണ്‌ മാനേജ്‌മെന്റ്‌ നിര്‍ദേശം നല്‍കിയത്‌. അവര്‍ പ്രഖ്യാപിച്ചതും ഇതല്ലാതെ മറ്റെന്താണ്‌....?~
സുഹൃത്തെ ഈ സങ്കടങ്ങള്‍ ഞാന്‍ നിങ്ങളോടൊക്കെയല്ലാതെ മറ്റാരോടാണ്‌ പറയുക. നന്ദി. വീണ്ടും വരിക. അഭിപ്രായങ്ങള്‍ അറിയിക്കുക..... ഇവിടെ വന്നു, അഭിപ്രായങ്ങള്‍ വിശദവായനക്ക്‌ ശേഷം

ശ്രീനാഥന്‍ said...

തൊലിയല്ല, മനസ്സാണ് പ്രധാനം, ഒബാമയെക്കുറിച്ച് സജിം എഴുതിയതു തന്നെയാണ് ശരി.