Wednesday, February 9, 2011

ഹെൽമെറ്റ് ധരിക്കാനും ധരിക്കാതിരിക്കാനും നിയമം അനുവദിക്കണം.


ഹെൽമെറ്റ് ധരിക്കാനും ധരിക്കാതിരിക്കാനും നിയമം അനുവദിക്കണം

പോസ്റ്റിന്റെ ചുരുക്കം: വണ്ടിയോടിക്കാൻ ലൈസൻസ് വേണം. ഇൻഷ്വറൻസ് വേണം. ടാക്സ് അടയ്ക്കണം.പൊളൂഷൻ സർട്ടിഫിക്കറ്റ് വേണം. മറ്റെല്ലാ ട്രാഫിക്ക് നിയമങ്ങളും പാലിക്കണം. ഹെൽമെറ്റിന്റെ കാര്യത്തിൽ നിയമം അങ്ങനെതന്നെ നിലനിന്നോട്ടെ. എന്നാൽ ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശിക്ഷിക്കുന്ന ഏർപ്പാട് നിർത്തണം. ഇത്തരം പിടിച്ചു പറികൾ നിർത്തിയിട്ട് ധനികരായ വൻ നികുതി വെട്ടിപ്പുകാരുടെയും മറ്റും പുറകേ പോകണം ഭരണകൂടങ്ങളും കോടതികളും എല്ലാം. എന്നിട്ട് പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യുക. പാലുവാങ്ങാൻ പോകുന്നവരെയും കൊച്ചിനെ പള്ളിക്കൂടത്തിൽ വിടാനോ തിരിച്ചുകൊണ്ടുവരാനോ പോകുന്നവരെയും ചന്തയിൽ മീൻ വാങ്ങാൻ പോകുന്നവരെയും മറ്റും തടഞ്ഞുനിർത്ത് പണം പിരിക്കുന്നത് ഈ ഒരു കാര്യത്തിൽ അനാവശ്യമാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണത്. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ സർക്കാർ കൊണ്ടുവന്നാലും കോടതികൾ കൊണ്ടുവന്നാലും അതൊന്നും ഏറെക്കാലം നിലനിൽക്കാൻ പോകുന്നില്ല.ജനങ്ങൾ അനുസരിക്കാനും പോകുന്നില്ല. നിയമപാലകർ അനുസരിപ്പിക്കാനും പോകുന്നില്ല.ബഹുമാനപ്പെട്ട കോടതി വഴിയോരങ്ങളിൽ പൊതുയോഗനിരോധനം നടത്തിയല്ലോ. ഇപ്പോഴും പാതയോരത്ത് ജാഥയും പൊതുയോഗവും എല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹെൽമെറ്റിന്റെ കാര്യവും ഇതുപോലെ ആകുമോ എന്ന് കാത്തിരുന്ന് കാണുക! ഇത്തരം വിധികൾ ജുഡീഷ്യറിയുടെ ഗൌരവം നഷ്ടപ്പെടുത്താനേ ഇടനൽകൂ.

സമയമുള്ളവർ ഇനിയും തുടർന്ന് വായിക്കുക:

ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന നിയമം വളരെക്കാലം മുതൽക്കെ വിവാദമായിട്ടുള്ളതാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ ടൂവീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഹെൽമെറ്റ് വിരുദ്ധ പ്രകടനംതന്നെ നടന്നിരുന്നു. തലയിൽ കറിച്ചട്ടികളും മറ്റും കമഴ്ത്തിയും ടൂവീലറിൽ ഇരിക്കുന്ന ഒരു കുടുംബത്തിലെ നലുപേരും എന്തോകൊണ്ടുട്ടാക്കിയ നീളത്തിലുള്ള ഒരു ഒറ്റഹെമെറ്റ് ധരിച്ചും ഒക്കെ വളരെ കൌതുകകരമായിരുന്നു ആയിരുന്നു ആ ടൂവീലർ ജാഥ. അന്ന് അവർ പിടിച്ചിരുന്ന പ്ലക്കാർഡുകളിൽ ഒന്നിൽ എഴുതിയിരുന്നത്: “ നമ്മുടെ തല; അത് നമ്മൾ സൂക്ഷിച്ചുകൊള്ളാം. അതിനു ഹെൽമെറ്റ് വേണ്ട.” എന്നായിരുന്നു. ഇന്നും ഹെൽമെറ്റ് ധരിക്കുന്നതിനോട് നല്ലൊരു പങ്ക് ഇരുചക്രവാഹനക്കാരും വിമുഖരാണ്. പലർക്കും ഇത് വലിയ അസൌകര്യവും ഇത് ധരിച്ചുകൊണ്ട് വണ്ടി ഓടിക്കാൻ പ്രയാസവുമാണ്.

കൂടെക്കൂടെ ഹെൽമെറ്റ് നിർബന്ധമാക്കുകയും പിന്നെ അതിൽ അയവു വരുത്തുകയും ചെയ്യുന്നത് ഇവിടെ പണ്ടേ പതിവായിരുന്നു. ഇതിന് പിന്നിൽ പണ്ടുമുതലേ ചില ചില്ല്ലറക്കളികൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഹെൽമെറ്റ് കമ്പനികൾ പണംകൊടുത്ത് ഗതാഗതവകുപ്പ് അധികൃതരെയും ഭരണകക്ഷി നേതാക്കളെയും മന്ത്രിമാരെയും മറ്റും സ്വാധീനിച്ച് നിയമം കർക്കശമാക്കുന്നുവെന്നതാണ് ആ ആരോപണം. ആദ്യം ഇതു സംബന്ധിച്ച് കർശനമായൊരു നിയമം വന്നതിനു പിന്നിൽ ഹെൽമെറ്റ് കമ്പനികളും അധികാരികളും തമ്മിലുള്ള ഒത്തുകളി ഉണ്ടായിരുന്നു എന്ന് അക്കാലത്ത്തന്നെ ആരോപണം ഉയർന്നിരുന്നു. പെട്ടെന്ന് കുറച്ച് കാലത്തേയ്ക്ക് നിയമം കർക്കശമാക്കും. വഴിനീളെ പോലീസ് നിന്ന് ഹെൽമെറ്റ് വേട്ട നടത്തും. സർക്കാരിനും പോലീസിനും ഇതിന്റെ ഗുണമുണ്ട്. എന്നാൽ ശരിക്കും ഇതിന്റെ ഗുണഭോക്താക്കൾ ഹെൽമെറ്റ് കമ്പനികളാണ്. ഇടയ്ക്ക് നിയമം അയഞ്ഞ് നിൽക്കുന്ന കാലത്ത് വീണ്ടും ഹെൽമെറ്റ് കമ്പനികൾ അധികാരികളെ വൻതുക കൈക്കൂലി കൊടുത്ത് സ്വാധീനിച്ച് ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കടുപ്പിക്കും. വീണ്ടും പോലീസിന്റെ ഹെൽമെറ്റ് വേട്ട നടക്കും. കുറെക്കാലമായി തുടർന്നു വരുന്നതാണ് ഇത്.

ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും ഈയിടെ ഹെൽമെറ്റ് നിർബന്ധിതമാക്കി.വീണ്ടും പോലീസിന്റെ കൊയ്ത്ത്. വഴിയോരങ്ങളിൽ പോലും വീണ്ടും ഹെമെറ്റ് വാണിഭം സജീവമായി. ജനങ്ങൾക്ക് ഇത് വലിയൊരു ബുദ്ധിമുട്ടായി. അത്യാവശ്യത്തിൻ ആരുടെയെങ്കിലും ഇരുചക്രശകടവും എടുത്തുകോണ്ട് അഞ്ചുരൂപയുടെ കാര്യം സാധിക്കാൻ പോകുമ്പോൾ വഴിയിൽ പോലീസുകാർ പിടിച്ചു നിർത്തി നൂറും ഇരുനൂറും പെറ്റി അടിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് ഓടു പോകുന്നവരും പോലീസിന്റെ ശല്യം കാരണം ബുദ്ധിമുട്ടി.എവിടെ തിരിഞ്ഞാലും ഹെലെറ്റ് വേട്ട. പലരും പേടിച്ചോടി മറിഞ്ഞുവീണ് അപകടങ്ങൾ പോലും ഉണ്ടായി. എന്തിന് വണ്ടിക്ക് ബുക്കും പേപ്പറും മുതലായ രേഖകളോ ഓടിക്കാൻ ലൈസൻസോപോലും ഇല്ലാത്തവർ കൂടി ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പിടിക്കാൻ നിൽക്കുന്ന പോലീസുകാരെ കൈവീശി വിഷ് ചെയ്ത് രക്ഷപ്പെടുന്ന സ്ഥിതിയായിരുന്നു. എല്ലാ രേഖകളും ലൈസൻസും ഉള്ളവരാകട്ടെ ഹെമെറ്റില്ലാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ചർച്ചാവിഷയമായി. സർക്കാരിനെതിരെ ഇരുചക്രവാഹനമോടിക്കുന്നവർക്ക് വലിയ പ്രതിഷേധമുണ്ടായി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ വരെ ചെറിയ തോതിലെങ്കിലും സ്വാധീനിച്ചു എന്നാണ് കരുതുന്നത്. അങ്ങനെയാണ് ഹെൽമെറ്റ് ധരിക്കാത്തവരെ ശത്രു സൈന്യത്തെ നേരിടുന്നതുപോലെ നേരിടേണ്ടെന്ന് സർക്കാർ പോലീസിനു നിർദ്ദേശം നൽകിയത്. അതോടെ ഹെൽമെറ്റിന്റെ കച്ചവടം വീണ്ടും മന്ദഗതിയിലായി.

സർക്കാരിനെയോ മന്ത്രിയേയോ കാശുകൊടുത്ത് സ്വാധീനിച്ച് കാര്യം നേടാൻ കഴിയാതെ ആയതുകൊണ്ടായിരിക്കാം വീണ്ടും ആരോ ഹൈക്കോടതിയിൽ കേസ് നൽകിയത്. ആ കേസ് നൽകൽ ഹെൽമെറ്റ് കമ്പനികളുമായി ബന്ധമുള്ളതായിരിക്കാനാണ് സാദ്ധ്യത. നാളിതുവരെയുള്ള അനുഭവം അതാണ്. ഹൈക്കോടതിയാകട്ടെ ഹർജിക്കാരന്റെ വാദഗതികൾക്ക് അനുകൂലമായ വിധി നൽകി. മാത്രവുമല്ല ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കർശനമാക്കേണ്ടെന്ന സർക്കാർ നിർദ്ദേശം പോലീസ് അംഗീകരിക്കേണ്ടതില്ലെന്നും ബഹുമാനപ്പെട്ട (ബഹുമാനിക്കപ്പെടേണ്ട) കോടതി പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഇങ്ങനെ ഒരു പരാമർശം നടത്തുന്നത് നീതിപീഠത്തിന്റെ ധിക്കാരമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും മറ്റും പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആകുമോ എന്ന സംശയം ഉള്ളതിനാൽ അങ്ങനെ പറയുന്നില്ല! അല്ലെങ്കിൽ തന്നെ നീതിപീഠങ്ങൾക്ക് ജനകീയ സർക്കാരുകളുടെ അധികാരത്തിനു മീതെ പറക്കാനുള്ള ഒരു പ്രവണത സമീപ കാലത്ത് പ്രകടമായി കാണുന്നുണ്ട്. ചില ജഡ്ജിമാരെ സംബന്ധിച്ച് സമീപകാലത്ത് ഉയർന്നുകേട്ടിട്ടുള്ള അഴിമതി ആരോപണങ്ങളുമായി ചേർത്തു വായിക്കുന്നവർ സർക്കാരിന്റെ അധികാരങ്ങളെ കോടതികൾ ചോദ്യം ചെയ്യുകയും സർക്കാരിന്റെ അധികാരങ്ങളിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്ന പ്രവണതയെ സംശയദൃഷ്ട്യാ ആരെങ്കിലും നോക്കിയാൽ അത് സ്വാഭാവികം മാത്രമാണ്.

നാട്ടിൽ പരിഹരിക്കപ്പെടേണ്ട എത്രയോ വലിയ വലിയ കാര്യങ്ങൾ കിടക്കുന്നു. പ്രത്യേകിച്ചും സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയെങ്കിലും ഉണ്ട്. അതിലൊന്നും നമ്മുടെ ഭരണകൂടത്തിനോ സർക്കാരുകൾക്കോ ഇത്ര ശുഷ്കാന്തിയൊന്നും കാണുന്നില്ല. എന്നാൽ ഏതെങ്കിലും വൻപണക്കാരനും ഇപ്പോൾ ഹെൽമെറ്റ് കമ്പനികളുടെ കാര്യത്തിൽ എന്ന പോലെ വൻ ഉല്പാദനകമ്പനികൾക്കും ഒക്കെ നേട്ടമുണ്ടാകുന്ന കാര്യങ്ങളിൽ മാത്രം നിയമങ്ങൾ ഉണ്ടാക്കുന്നതിന് ഭരണകൂടങ്ങളും വിധിപറയുന്നതിന് നീതി പീഠങ്ങളും വലിയ ശുഷ്കാന്തി കാണിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. പണക്കാർക്ക്മാത്രം ഗുണമുള്ള നിയമങ്ങൾ അതിവേഗം രൂപംകൊള്ളും. അത് ഏറ്റവും കർശനമായി നടപ്പിൽ വരുത്തുകയും ചെയ്യും.മുതലാളിമാരായ പണക്കാർക്കു ഗുണമുള്ള കാര്യങ്ങളിൽ ഒരു പക്ഷെ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലനിലപാടല്ലെങ്കിൽ ഉടൻ ബന്ധപ്പെട്ടവർ കോടതികളെ സമീപിക്കും. കോടതികൾ ഞൊടിയിടയിൽ ഇടപെട്ട് വിധിപറയും. പാവപ്പെട്ടവനെ ബാധിക്കുന്ന നിരവധി അപേക്ഷകളും ഹർജികളും കെട്ടിക്കിടക്കുമ്പോഴാണ് സർക്കാരിന്റെയും നീതിപീഠത്തിന്റെയും ഒക്കെ ഈ ശുഷ്കാന്തികൾ.

ഹെൽമെറ്റ് ധരിക്കണം എന്ന നിയമം യഥാർത്ഥത്തിൽ അനാവശ്യമാണ്. ഹെമറ്റ് ധരിക്കാത്തതല്ല ഇവിടെ അപകടങ്ങൾക്ക് പ്രധാന കാരണം. ഹെൽമെറ്റ് ധരിക്കുന്നത് നല്ലതുതന്നെ. ചിലപ്പോൾ അപകടത്തിൽ പെടുന്നവരുടെ തല സംരക്ഷിച്ചു കിട്ടിയേക്കാം. (ചിലർക്കെങ്കിലും ഹെൽമെറ്റ് തലയിൽ വച്ചാൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കാരണം അപകടം ഉണ്ടാകാനും മതി). ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഹെൽമെറ്റ് ധരിക്കാത്തവർക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതില്ല എന്നാണ്. ആയിക്കോട്ടെ. ഹെൽമെറ്റ് ധരിക്കണമെന്ന നിയമം നിലവിലിരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതെ അപകടത്തില്പെടുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാതിരിക്കുന്നത് ഹെൽമെറ്റ് വച്ച് യാത്ര ചെയ്യാൻ ഒരു പ്രേരണ ആയേക്കാം. അത് നല്ലത് തന്നെ. ബോധവൽക്കരണത്തിലൂടെയും ഇൻഷ്വറൻസ് പരിരക്ഷനൽകാതിരിക്കുന്നതിലൂടെയും മറ്റും ഒക്കെ ഹെൽമെറ്റ് ധരിക്കുനതിനെ പ്രോത്സാഹിപ്പിക്കാം. പക്ഷെ ഹെൽമെറ്റ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് പൌരന്റെ ഇഷ്ടത്തിനു വിടണം.

അവനവന് അവനവന്റെ തല വേണ്ടെങ്കിൽ സർക്കാരിനെന്ത്? കോടതിയ്ക്കെന്ത്? ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇൻഷ്വറൻസ് പരിരക്ഷ അടക്കം മറ്റ് ഒരു പരിരക്ഷകളും വേണ്ടെന്ന് കരുതുന്നവരെ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കാവുന്നതേ ഉള്ളൂ. കാരണം ഇവിടെ ആരോഗ്യത്തിനു ഹാനികരമായ മദ്യവും സിഗരറ്റുമെല്ലാം അവ ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതി വച്ചുകൊണ്ടു തന്നെ വിൽക്കുന്നുണ്ട്. പക്ഷെ അത് വാങ്ങി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ട്. യഥാർത്ഥത്തിൽ ഈ മദ്യവും സിഗരറ്റും വലിച്ച് അസുഖം വന്ന് സംഭവിക്കാവുന്ന അത്രയും മരണസാദ്ധ്യത ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ ഉണ്ടാകുന്നില്ല. ആളുകളുടെ ജീവന്റെ മേൽ ഉള്ള ഈ ഉൽക്കണ്ഠ വെറും ഇരുചക്രവാഹനക്കാരുടെ കാര്യത്തിൽ മാത്രം കാണിക്കുന്നതിലെ ആത്മാർത്ഥത സംശയാസ്പദംതന്നെ!

ഈയുള്ളവന്റെ അഭിപ്രായം ചുരുക്കി പറയാം. വണ്ടിയോടിക്കാൻ ലൈസൻസ് വേണം. ഇൻഷ്വറൻസ് വേണം. ടാക്സ് അടയ്ക്കണം.പൊളൂഷൻ സർട്ടിഫിക്കറ്റ് വേണം. മറ്റെല്ലാ ട്രാഫിക്ക് നിയമങ്ങളും പാലിക്കണം. ഹെൽമെറ്റിന്റെ കാര്യത്തിൽ ഇത് സംബന്ധിച്ച നിയമം അങ്ങനെതന്നെ നിലനിന്നോട്ടെ. എന്നാൽ ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശിക്ഷിക്കുന്ന ഏർപ്പാട് നിർത്തണം. ഇത്തരം പിടിച്ചു പറികൾ നിർത്തിയിട്ട് ധനികരായ വൻ നികുതി വെട്ടിപ്പുകാരുടെയും മറ്റും പുറകേ പോകണം ഭരണകൂടങ്ങളും കോടതികളും എല്ലാം. എന്നിട്ട് പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യുക. പാലുവാങ്ങാൻ പോകുന്നവരെയും കൊച്ചിനെ പള്ളിക്കൂടത്തിൽ വിടാനോ തിരിച്ചുകൊണ്ടുവരാനോ പോകുന്നവരെയും ചന്തയിൽ മീൻ വാങ്ങാൻ പോകുന്നവരെയും മറ്റും തടഞ്ഞുനിർത്ത് പണം പിരിക്കുന്നത് ഈ ഒരു കാര്യത്തിൽ അനാവശ്യമാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണത്.

നീതിപീഠങ്ങളും ഭരണകൂടങ്ങളും ഒക്കെ ഒരു കാര്യം കൂടി ഓർക്കണം. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ സർക്കാർ കൊണ്ടുവന്നാലും കോടതികൾ കൊണ്ടുവന്നാലും അതൊന്നും ഏറെക്കാലം നിലനിൽക്കാൻ പോകുന്നില്ല.ജനങ്ങൾ അനുസരിക്കാനും പോകുന്നില്ല. നിയമപാലകർ അനുസരിപ്പിക്കാനും പോകുന്നില്ല.ബഹുമാനപ്പെട്ട കോടതി വഴിയോരങ്ങളിൽ പൊതുയോഗനിരോധനം നടത്തിയല്ലോ. ഇപ്പോഴും പാതയോരത്ത് ജാഥയും പൊതുയോഗവും എല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹെൽമെറ്റിന്റെ കാര്യവും ഇതുപോലെ ആകുമോ എന്ന് കാത്തിരുന്ന് കാണുക. ഇത്തരം വിധികൾ ജുഡീഷ്യറിയുടെ ഗൌരവം നഷ്ടപ്പെടുത്താനേ ഇടനൽകൂ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയോടും ജുഡീഷ്യറിയോടും ഉള്ള എല്ലാ ബഹുമാനവും പുലർത്തിക്കൊണ്ടു തന്നെ ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു.

Sunday, February 6, 2011

മതസൌഹാര്‍ദ്ദം സിന്ദാബാദ് !


മതസൌഹാർദ്ദം സിന്ദാബാദ്!

ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാർദ്ദത്തിൽ, മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......

വേണ്ട; തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിർമതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.

“ മതരാഹിത്യം സിന്ദാബാദ്!”

മതമില്ലത്രേ!

ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിർമതനെ കുത്തിനു പിടിച്ചു നിർത്തി. മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയർന്നു പൊങ്ങുമ്പോൾ ഒരു കൊടി ഉയർത്തുമ്പോൾ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.

മതസൌഹാര്‍ദം സിന്ദാബാദ്!”

നിർമതൻ പേടിച്ചു നിലവിളിച്ചു;

എന്നെ പീഡിപ്പിയ്ക്കരുതേ .........!”

ഛായ്!

മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.

ലിംഗപരിശോധനയില്‍ ഒരു കാര്യം അവർക്ക് ബോദ്ധ്യമായി. നിർമതൻ ഒരു മുസല്‍മാനല്ല. !

മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.

പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിർമതൻ ഹിന്ദുവോ? ക്രിസ്ത്യാനിയോ? നിർമതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.

തര്‍ക്കം മൂത്ത് കൈയ്യാങ്കളിയിൽ എത്തിയപ്പോള്‍ സൌഹാർദ്ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;

ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!”

ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കൈയ്യാങ്കളി തുടര്‍ന്നു.

ഒരു പക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ!

മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിർമതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുമ്പോൾ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;

അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!”

ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിർമതനു വേണ്ടി പിടിവലിയായി. ഒടുവില്‍ നിർമതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു.

അരുതേ, എന്നെ ചൊല്ലി കലഹിക്കരുതേ” എന്ന് പറഞ്ഞ നിർമതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.

തുടരെയുള്ള ആക്രമണത്തില്‍ നിർമതൻ ബോധമറ്റു നിലത്ത് വീണ് ഒരു ഓരം പറ്റി കിടപ്പായി.

പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!

ബോധം തെളിഞ്ഞ നിർമതൻ കണ്ണും തിരുമ്മി എഴുന്നേൽക്കുമ്പോൾ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിർമതൻ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

Wednesday, February 2, 2011

മുത്തശ്ശി


മുത്തശ്ശി

കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയുന്നൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെ നടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ഥക്കെട്ടും കെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു ഘടികാരം
എരിയണ വെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മേലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചം വച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !