Wednesday, March 23, 2011

മുഖ്യമന്ത്രി ആരെന്ന ചോദ്യം


മുഖ്യമന്ത്രി ആരെന്ന ചോദ്യം

തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചാൽ സ. വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.പക്ഷെ ഒരിക്കലും തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പറയാൻ സി.പി.ഐ (എം)-നു കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്തും മുഖ്യമന്ത്രി ആരാകുമെന്ന് മുൻ കൂട്ടി ഔദ്യോഗികമായി പറഞ്ഞ് ചരിത്രവുമില്ല. യു.ഡി.എഫിനും അതിനെ നയിക്കുന്ന കോൺഗ്രസ്സിനും പോലും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം. ഇരു മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ചില സൂചനകൾ കണ്ട് ജനങ്ങൾക്ക് മനസിലാക്കാം. ആര് മുഖ്യമന്ത്രിയാകും, ആര് പ്രതിപക്ഷ നേതാവാകും എന്നൊക്കെ.

ഇപ്പോൾതന്നെ സ.വി.എസിനു മത്സരിക്കാൻ സീറ്റ് നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനങ്ങളിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ട്. പക്ഷെ എങ്ങനെയായാലും അദ്ദേഹം സ്ഥാനാർത്ഥി ആകുക തന്നെ ചെയ്തു. ജനാധിപത്യം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ജനഹിതം പരിഗണിക്കപ്പെടതെ പോകില്ലെന്നതിന്റെ തെളിവാണത്. പാർട്ടിയിൽ പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് ഏതൊരു കാര്യത്തിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു തീരുമാനം എടുക്കണം എന്നു വച്ചാൽ അത് നടക്കില്ല. കൂട്ടായി ഒരു പൊതു തീരുമാനത്തിൽ എത്തുകയേ നിവൃത്തിയുള്ളൂ. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. അതാണു സി.പി,ഐ (എം)


എന്നാൽ ഇരുമുന്നണികളിൽ ഏത് ജയിച്ചാലും ആര് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവർക്കും ഊഹിക്കാനും കഴിയും. ആ ഊഹം സാധാരണ നിലയിൽ തെറ്റാറില്ല. ഇത് നമ്മുടെ മാദ്ധ്യമങ്ങൾക്ക് അറിയാത്തതല്ല. എന്നാൽ ഇപ്പോഴും ഇടതുമുന്നനി ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകുമെന്ന് സി.പി.എം നേതാക്കളുടെ ഓരോരുത്തരുടെയും പുറകെ നടന്ന് ചോദിച്ച് ശല്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകർ. ഈ ഒരു വിഷയത്തിന്റെ പുറകെ നടന്ന് ചീണ്ടുന്നതിനു പിന്നിലെ ദുരുദ്ദേശം സി.പി.എം നേതാക്കൾക്ക് അറിയാത്തതല്ല. പക്ഷെ ഔദ്യോഗികമായി മുൻ കൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമ്പ്രദായം സി.പി.എമ്മിൽ ഇല്ല.അതിന്റെ ആവശ്യവും ഇല്ല. കാരണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉള്ള രാഷ്ട്രീ‍യ സാഹചര്യങ്ങൾ എന്താണെന്ന് മുൻ കൂട്ടി ഉറപ്പിക്കാനാകില്ല. ഒക്കെ ജനങ്ങളുടെ കൈയ്യിലാണിരിക്കുന്നത്.

എന്നുവച്ച് എന്താണോ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങൾ പ്രതീക്ഷിക്കുന്നത്, അതിൽ വലിയ വ്യത്യാസമൊന്നും വരാൻ സാദ്ധ്യതയുമില്ല.പ്രതീക്ഷകൾക്കപ്പുറത്ത് വലിയ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ഇപ്പോൾ പറയുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇപ്പോൾ യഥാർത്ഥത്തിൽ യു.ഡി.എഫ് ജയിച്ചാലാണ് ആരു മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ കൂടുതൽ സംശയം ഉണ്ടാകേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും മത്സരരംഗത്തുള്ളപ്പോൾ സ്വാഭാവികമയും ആ ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. എന്നാൽ നമ്മുടെ മാദ്ധ്യമങ്ങൾക്ക് എൽ.ഡി.എഫ് ജയിച്ചാലത്തെ മുഖ്യമന്ത്രി ആരെന്ന് അറിയാനേ താല്പര്യമുള്ളൂ. സംഗതി ദുരുദ്ദേശപരം തന്നെ. വി.എസ്. മുഖ്യമന്ത്രിയാകും എന്ന് ഉറപ്പില്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ച്, അത് പ്രചരിപ്പിച്ച് ജനങ്ങളിൽ ഒരു വികാരമുണ്ടാക്കി അവരെ എൽ.ഡി.എഫിനെതിരെ തിരിച്ച് യു.ഡി.എഫിനെ സഹായിക്കുക എന്നതാണ് ആ ദുരുദ്ദേശം.

പക്ഷെ ഒന്നുള്ളത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിതന്നെ ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നും, മുഖ്യമന്ത്രി ആരാകും എന്നതിലേ സംശയമുള്ളൂ എന്നും ഒരു ധ്വനി മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് അവർക്ക് ഉറപ്പാണ്. ഇത്രയൊക്കെ ആകാമെങ്കിൽ ഇനി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സി.പി.എമ്മിനു തെറ്റൊന്നും സംഭവിക്കില്ല. പക്ഷെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഖ്യമന്ത്രി ആരാകും എന്നു വ്യക്തമാക്കണം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ചർച്ചകളെ ഒരു വിഷയത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് മാദ്ധ്യമങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടേണ്ട ഗൌരവമേറിയ ഒട്ടേറെ കാര്യങ്ങൾ ഉള്ളപ്പോൾ അതിൽനിന്നൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇതുവഴി നടക്കുന്നത്. ജാഗ്രത!

പക്ഷെ രക്ഷയില്ല. മാദ്ധ്യമങ്ങളും മാദ്ധ്യമവിചാരക്കാരും, രാഷ്ട്രീയ നിരീക്ഷകരും ഒക്കെ അറിയാതെ പറഞ്ഞു പോകുന്നുണ്ട് ഇത്തവണ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്. ചില സത്യങ്ങൾ അങ്ങനെയാണ്. എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും. ചിന്തിക്കുന്ന ആർക്കും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാനുള്ള സാദ്ധ്യതയെ നിഷേധിക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാം കൊണ്ടും കാര്യങ്ങൾ അങ്ങനെയാണ്. ഇത് എഴുതി തീർന്നപ്പോൽ മനോരമ ചാനലിൽ ഗ്രൌണ്ട് റിയാലിറ്റി ഷോയിൽ അവർ നടത്തിയ അഭിപ്രായ സർവ്വേയുടെ ഫലം പറയുന്നുണ്ടായിരുന്നു.

പ്രസ്തുത ചാനൽ സർവ്വേയിൽ ഒന്നാം സ്ഥാനം ആരോഗ്യവകുപ്പും, രണ്ടാം സ്ഥാനം വ്യവസായ വകുപ്പും മൂന്നാം സ്ഥാനം ധനകാര്യവകുപ്പും നാലാം സ്ഥാനം ഭക്ഷ്യ വകുപ്പും ആണത്രേ. എന്തായാലും സമസ്ത മേഖലയിലും മുമ്പെങ്ങുമില്ലാത്ത നേട്ടങ്ങൾ ഈ ഗവർണ്മെന്റ് ഉണ്ടാക്കി എന്ന് മനോരമ ചാനൽ പോലും പരോക്ഷമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനൊക്കെ ഒരു അംഗീകാരം എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫിനു ഒരവസരം കൂടി കൊടുക്കണമെന്നാണ് ഈയുള്ളവന് അഭ്യർത്ഥിക്കുവാനുള്ളത്. നല്ല ഭരണത്തിന് ഒരു പ്രോത്സാഹനം എന്ന നിലയിലെങ്കിലും!

11 comments:

നികു കേച്ചേരി said...

ഈയുള്ളവനും കൂടെ..
ആശംസകൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

മറ്റുള്ളവർക്കും മുഖ്യമന്ത്രിപദത്തിന് ഒരു ചാൻസ് കൊടുക്കട്ടെ ഇരുമുന്നണികളും...!

ശ്രീജിത് കൊണ്ടോട്ടി. said...

:)

സത്യമേവജയതേ said...
This comment has been removed by the author.
സത്യമേവജയതേ said...

നല്ല ലേഖനം , ജനഹിതം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്കെ നിലനില്‍പ്പുള്ളൂ. വലതുപക്ഷ മാധ്യമങ്ങള്‍പോലും ഇടതുപക്ഷത്തിന്‍റെ തുടര്‍ച്ചയാണ് വരാന്‍ പോകുന്നത് എന്ന് പരസ്യമായി സമ്മ്തിക്കുന്നിടത്തെക്ക് കാര്യങ്ങള്‍ എത്തി എന്നത് തന്നെ ജനങ്ങളുടെ പ്രതികരണ ശേഷിയുടെയും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രിയ ദിശാബോധത്തിന്റെയും വിജയമായികാണനം. എന്നാലും ജനഹിതം അറിയാന്‍ പാര്‍ട്ടിക്ക് കാലതാമസം നേരിടുന്നത് അഭികാമ്യമല്ല. ഇത് കാണിക്കുന്നത് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നു പോകുന്നു എന്നല്ലേ അതോ ജനങ്ങളുടെ താല്‍പ്പര്യങ്ങളേക്കാള്‍ മാറ്റ് താല്‍പ്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്കുന്നു എന്നതല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉദാ: DIC ബന്ധം ,മദനി ബന്ധം ,ടോമിന്‍ തച്ച്ങ്കേരി,മൂനാര്‍, ലോട്ടറി വിഷയം ത്തില്‍ VS പ്രധാന മന്ത്രി ക്കെ കത്തെഴുതിയത് ,പി ശശി വിഷയം, തുടങ്ങി ഇങ്ങോട്ട് അവസാനം Vs ന്‍റെ സ്ഥാനാര്‍ഥി നിര്‍ണയമടക്കം എടുത്ത നിലപാടുകള്‍ അല്ലെങ്കില്‍ കാലതാമസം ജനഹിതം അറിയാന്‍ കഴിയാതെ പോകുന്നതല്ലേ എന്നതാണ് വസ്തുത. മാധ്യമങ്ങള്‍ക്ക് ഇത്ര ശക്തമായ സാന്നിധ്യമുള്ള കേരളത്തില്‍ നേതൃത്വം കുറച്ചുകൂടി ജനഹിതം മുന്‍കൂട്ടി അറിയാനുള്ള കഴിവ് (അത് ഇല്ലെങ്കില്‍ ) ഉണ്ടാകേണ്ടിയിരിക്കുന്നു. ജനങ്ങള്‍ ഇപ്പോള്‍ വരികള്‍ ക്കിടയിലൂടെ വായിക്കാന്‍ ഉള്ള കഴിവ് ആര്‍ജിച്ചിരിക്കുന്നു. അത് കൊണ്ട് ജനാധിപത്യത്തെ തിരസ്കരിച്ചു കൊണ്ടുള്ള ഒന്നും നിലനില്‍ക്കില്ല എന്ന് ഓര്‍മപ്പെടുത്തട്ടെ . .

ശ്രീനാഥന്‍ said...

യോജിക്കുന്നു, സജീം!

മഞ്ഞു തോട്ടക്കാരന്‍ said...

അത് പാര്‍ട്ടി തീരുമാനിക്കും എന്ന് 'ഒരു കാച്ചങ്ങു കാച്ചിയാല്‍' പോരെ സജീം?

ഇ.എ.സജിം തട്ടത്തുമല said...

സത്യമേവ ജയതേ,

കാലം ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ജനങ്ങളും. പരമ്പരാഗതമായവും വ്യവസ്ഥാപിതവുമായ നയപരിപാടികളും ചിട്ടവട്ടങ്ങളും പ്രവർത്തനശൈലികളും ഉള്ള പ്രസ്ഥാനങ്ങൾക്ക് പുതിയമാറ്റങ്ങളുമായി പൊരുത്തപ്പെടുവാൻ അഥവാ പൊരുത്തപ്പെടുവിക്കാൻ കുറച്ചൊക്കെ സമയം ആവശ്യമായി വരും. മാറ്റങ്ങളെ എങ്ങനെ ഉൾക്കൊള്ളണം എന്നതുപോലും സി.പി.എം പോലെ ഒരു പാർട്ടിയ്ക്ക് നല്ല ആലോചനകളിലൂടെയേ തീരുമാനിക്കാൻ കഴിയൂ.ഇവിടെ കമ്പ്യൂട്ടർ വന്നപ്പോൾ അതിനെ എതിർത്തവരാണെന്ന ഒരു ആരോപണം ഇപ്പൊഴും ഉന്നയിക്കുനത് ഉദാഹരണമായി എടുത്താൽ അക്കാലത്ത് ഒരു തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന് അവരുടെ തൊഴിലിനെ എങ്ങനെ ബാധിക്കും എന്നറിയാതെ അന്ധമായി കമ്പ്യൂട്ടർ വൽക്കരണത്തെ അന്നത്തെ സാഹചര്യത്തിൽ അല്പം ഉൽകണ്ഠയോടെ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. തൊഴിലാളികളുടെ ഉൽക്കണ്ഠകൾക്കൊപ്പം അന്ന് പാർട്ടി നിന്നില്ലെങ്കിൽ അവർ പാർട്ടിയിൽ നിന്നും അകന്നു പോകുമായിരുന്നു. ഒരിക്കലും കമ്പ്യൂട്ടർ എന്ന ശാത്ത്സ്ത്രത്തിന്റെ കണ്ടുപിടിത്തത്തെ പാർട്ടി എതിർത്തിട്ടില്ല. ശാസ്ത്രനേട്ടങ്ങളിൽ അഭിമാനിക്കുകയേ ഉള്ളൂ. എന്നാൽ ശാസ്ത്ര നേട്ടങ്ങളും മനുഷ്യന്റെ ജീവിതത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതാകരുത്. കമ്പ്യൂട്ടർവൽക്കർണത്തിന്റെ കാലത്ത് തീർച്ചയായും അങ്ങനെ ഒരു ഉൽക്കണ്ഠ ഉണ്ടായിരുന്നു. അത് ശരിയുമായിരുന്നു. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറി. കമ്പ്യൂട്ടർ വൽക്കരണം സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ മറ്റൊരു നിലയ്ക്കായിരുന്നു എന്ന് പിന്നീട് അനുഭവങ്ങൾ പഠിപ്പിച്ചു. അപ്പോൾ കമ്പ്യൂട്ടർവൽക്കരണത്തോടുള്ള സമീപനത്തിൽ പാർട്ടി നിലപാട് മാറി. അതിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗിക്കാനും ശ്രമിക്കുന്നു. എന്നാൽ ഇതു മൂലം ആർക്കെങ്കിലും തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് കണ്ടാൽ അതിനു പരുഹാരം ഉണ്ടാകണമെന്ന നിലപാടിൽനിന്ന് പാർട്ടി മാറിയിട്ടുമില്ല. ഇങ്ങനെയൊക്കെ അല്ലേ ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനം മാറ്റങ്ങളെ സമീപിക്കേണ്ടത്.

ഇ.എ.സജിം തട്ടത്തുമല said...

സത്യമേവ ജയതേ ചൂണ്ടികാണിച്ച പലവിഷയങ്ങളിലും തെറ്റുതിരുത്തൽ ബോധപൂർവ്വവും അല്ലാതെ തന്നെയും ഉണ്ടായതല്ലേ? ഇപ്പോൾ മദനിയുമായി സഖ്യമുണ്ടോ? ഡി.ഐ.സിയുമായി ഇപ്പോൾ ബന്ധമുണ്ടോ? തഞ്ചങ്കരിയുമായി പാർട്ടിയ്ക്ക് ഇപ്പോൾ എന്ത് ബന്ധം? മൂന്നാറിലെ സാങ്കേതികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ പലതും സത്യമേവ ജയതേയ്ക്കും അറിയാത്തതല്ലല്ലോ! പി.ശശി പാർട്ടിയിലെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ വെറും ബ്രാഞ്ച അംഗവും. അദ്ദേഹത്തിനെതിരെ ഉള്ള പാരാതി ഇപ്പോഴും അന്വേഷണത്തിലിരിക്കുന്നു. തെറ്റിന്റെ ഗൌരവം ബോദ്ധ്യമായാൽ പാർട്ടി അംഗത്വം തന്നെ നഷ്ടപ്പെടും എന്നതിൽ എന്താണ് സംശയം? പിന്നെ വി.എസിന്റെ കാര്യം. വി.എസ്. സ്ഥാനാർത്ഥി ആയല്ലോ. പിന്നെ എവിടെയാണു പ്രശ്നം? തെറ്റും തിരുത്തലും ഒക്കെ ചലനാത്മകമായ ഒരു പാർട്ടിയിൽ സ്വാഭാവികമാണ്. മറ്റു ബൂർഷ്വാ പാർട്ടികലിൽ തെറ്റ് പറ്റലല്ലേ ഉള്ളൂ. സി.പി.എമ്മിൽ തിരിത്തലും കൂടി ഉണ്ടല്ലോ. അതെന്തേ കാണാത്തത്?

ഇ.എ.സജിം തട്ടത്തുമല said...

മഞ്ഞ് തോട്ടം,

എപ്പോഴായാലും എല്ലാം പാർട്ടികൾ തന്നെ തീരുമാനിക്കുന്നത്. അല്ലാതാരാ ഇതൊക്കെ തീരുമാനിക്കുന്നത്?

സന്തോഷ്‌ പല്ലശ്ശന said...

ജനമനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കൂടി അറിയുന്നവരാവണം പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍. വഴക്കും വ്യക്തിവിരോധവും നടപ്പിലാക്കുന്ന പാര്‍ട്ടി തലവന്‍ പറയുന്നത്.. ഇതൊക്കെ പാര്‍ട്ടി തീരുമാനമാണ് എന്നാണ്. ഇതൊക്കെ പാര്‍ട്ടിയുടെ തീരുമാനങ്ങളല്ല മറിച്ച് വ്യക്തിശുദ്ധിയല്ലാത്ത ചില വ്യക്തികളുടെ മനസ്സില്‍ നിന്ന് വരുന്ന കാളകൂട വിഷമാണ്. അച്യൂതാന്ദനെ ജനം അംഗീകരിക്കുന്നത് ഒരു വ്യക്തിയായല്ല ഒരു പ്രസ്ഥാനത്തിനോടൊപ്പം തന്നെ വച്ച് ജനം ആദരിക്കുകയും അംഗീകരിക്കുയും ചെയ്യുന്ന ഒരു പ്രതിഭാസമാണ്് - അച്യുതാനന്ദന്‍ ഒരു പ്രസ്ഥാനം തന്നെയാണ്. ഈ സത്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ആരു മുഖ്യമന്ത്രിയാവണം എന്നത് ഊഹത്തിനു വിടുന്നതിനു പകരം അച്യുതാന്ദന്‍ കേരളം ഭരിക്കുകതന്നെ ചെയ്യും എന്നു പറയാന്‍ മാത്രം വ്യക്തിശുദ്ധി നേതാക്കന്മാര്‍ക്ക് വേണം. അതുണ്ടായാല്‍ അടുത്ത ഗവണ്‍മെന്റും ഇടതുപക്ഷത്തിന്റേതാണ് എന്ന് ആര്‍ക്കും ഉറപ്പിക്കാം.

ഇടപതുപക്ഷത്തിലെ ഈ വിഭാഗീയതയെ മുതലെടുക്കാനാണ് കോണ്‍ഗ്രസ്സുകാര്‍ ശ്രമിക്കുന്നത്. ഗ്രൂപ്പുകളിയുടേയും കുതിരകളിയുടേയും ഉസ്താദുമാരായ അവര്‍ക്കതിന് കഴിയുന്നില്ലെന്ന് മാത്രം.

ഇടതുപക്ഷ അനുഭാവിയായ എന്റെ വോട്ട് ഇടതുപക്ഷത്തിനാണ് അച്യുതാന്ദനാണ്. പാര്‍ട്ടി ഒടുവിലാണെങ്കിലും തെറ്റുതിരുത്തിയതുകൊണ്ടാണ് ഞാന്‍ ഈ തീരുമാനമെടുത്തത് മറിച്ചായിരുന്നുവെങ്കില്‍ ഞാന്‍ വോട്ടുചെയ്യാനെ തീരുമാനിക്കല്ലായിരുന്നു. എന്നെപ്പോലെ ലക്ഷക്കണക്കിന് ഇടതുപക്ഷ അനുഭാവികള്‍ ഉണ്ട് കേരളമൊട്ടാകെ... ഒരു രാഷ്ട്രിയപ്പാര്‍ട്ടിയിലും അംഗമല്ലാതിരിക്കുകയും എന്നാല്‍ വ്യക്തമായ രാഷ്ട്രീയ ആദര്‍ശമുള്ളവര്‍ ഭരണത്തില്‍ വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍.

അച്യുതാന്ദന്‍ ഒരു മഹത്തായ മുഖ്യമന്ത്രിയൊന്നും അല്ല പക്ഷെ അഴിമതിയും കള്ളത്തരവും കുലത്തൊഴിലാക്കിയ രാഷ്ട്രിയാധമന്‍മാര്‍ക്കിടയില്‍ വ്യക്തിശുദ്ധിയും ആദര്‍ശധീരതയും ഉള്ള ഒരു സത്യസന്ധന്‍. അദ്ദേഹം കേരളരാഷ്ട്രിയത്തിലെ വലിയ ഒരു ആശ്വാസമാണ്.