Tuesday, May 24, 2011

യു.ഡി.എഫിന്റെ സംഭവബഹുലമാകാൻ പോകുന്ന ഭരണകാലത്തെ പറ്റി


എന്തുകൊണ്ടും സംഭവബഹുലമാകാൻ പോകുന്ന ഒരു യു.
ഡി. എഫ് ഭരണകാലം

കേരളത്തിൽ യു.ഡി.എഫ് മന്ത്രിമാരെ തീരുമാനിച്ചതു മുതൽ പുതിയ മന്ത്രിമാരെ സംബന്ധിച്ച് പല വിമർശനങ്ങളും ഉയർന്നു വരികയുണ്ടായി. പുതിയ മന്ത്രിമാർ മിക്കവരും ഏതെങ്കിലും അഴിമതി ആരോപണങ്ങളിൽ പെട്ടവരും പലവിധ കേസുകളെ നേരിടുന്നവരും ആണെന്നുള്ളതാണ് വിമർശനം. എന്നാൽ ഈ വിമർശനം അനാവശ്യമാണ് എന്നാണ് ഈയുള്ളവനവർകളുടെ വിനീതമായ അഭിപ്രായം. എന്തുകൊണ്ടെന്നാൽ യു.ഡി.എഫ് നേതാക്കൾ അഴിമതി നടത്തുന്നതും അവർ ആരോപണ വിധേയരാകുന്നതും ശിക്ഷിക്കപ്പെടുന്നതും അവർ തന്നെ വീണ്ടും ജയിച്ച് എം.എൽ.എ മാരാകുന്നതും എം.പി മാരാകുന്നതും അവർതന്നെ വീണ്ടും കേന്ദ്ര-സംസ്ഥാന മന്ത്രിമാരാകുന്നതും പുതിയ കാര്യമൊന്നുമല്ല.അഴിമതി കേസുകളിലും മറ്റും ജയിൽ ശിക്ഷ കിട്ടിയിട്ടുള്ളവർ പോലും വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് മന്ത്രിമാരാകുന്ന ചരിത്രം കോൺഗ്രസിലും മറ്റ് യു.ഡി.എഫ് കക്ഷികളിലും ആവർത്തിക്കപ്പെടുന്ന കാര്യം തന്നെയാണ്. മാത്രവുമല്ല, ജനങ്ങൾക്ക് അവരെ തെരഞ്ഞെടുത്തയക്കാമെങ്കിൽ അവർക്ക് മന്ത്രിമാരുമാകാമല്ലോ!

കോൺഗ്രസ്സിനെയോ യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളെയോ സംബന്ധിച്ച് അഴിമതികളും കേസുകളും ശിക്ഷാവിധികളുമൊന്നും രാഷ്ട്രീയ പ്രവർത്തനത്തിനോ എം.എൽ.എ യും എം.പിയും മന്ത്രിയും മറ്റും ആകുന്നതിനോ ഒരു തടസമാകുന്ന പതിവില്ല. അങ്ങനെ അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റെന്തെങ്കിലും പക പോക്കലിന്റെയോ ഒതുക്കലിന്റെയോ ഒക്കെ ഭാഗമായിട്ടായിരിക്കും സംഭവിക്കുക. മാത്രമല്ല ഏതെങ്കിലും കേസിന്റെ പേരിൽ ആയുഷ്കാലം ഒരാളെ ബുദ്ധിമുട്ടിക്കരുതെന്ന നിലപാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ കേസുമായൊക്കെ ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ സ്വീകരിച്ചിട്ടുള്ളത്. അതു ശരിയാണ്. ഒന്നുകിൽ കുറ്റവാളിയാണെന്നു കണ്ട് ശിക്ഷിക്കണം; അല്ലെങ്കിൽ വെറുതെ വിടണം. എന്നും ഒരു കേസും പൊക്കി പിടിച്ചുകൊണ്ട് നടക്കുന്നതെന്തിന്?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചർച്ച ചെയ്തത് ഇത്തരം രാഷ്ട്രീയേതര വിഷയങ്ങളായിരുന്നുവെന്നും അതു ശരിയല്ലെന്നും രാഷ്ട്രെയവും ഭരണപരവും പ്രത്യയശാസ്ത്രപരവും ആയ വിഷയങ്ങൾ ചർച്ച ചെയ്യണമായിരുന്നുവെന്നും കൂടി യു.ഡി.എഫുകാർ പറഞ്ഞിട്ടുള്ളതാണ്. അതിന് ലീഗിനും കോൺഗ്രസ്സിനും ഒക്കെ എന്തെങ്കിലും പ്രത്യയ ശാസ്ത്രം ഉണ്ടോ എന്നറിയില്ല. എങ്കിലും അതുള്ളവർ അതെപറ്റിയൊക്കെ മത്രം പറഞ്ഞുകൊണ്ടിരിക്കുക. നേതാക്കളുടെ വ്യക്തിപരമായ ചെയ്‌വനകളൊന്നും ചർച്ചാ വിഷയം ആകരുതത്രേ! അവർ കൊലക്കേസ് പ്രതികളായാലും മിണ്ടരുത്. രാഷ്ട്രീയം മാത്രം സംസാരിക്കുക. അഴിമതിയും മറ്റ് കുറ്റ കൃത്യങ്ങളും നടത്താൻ രാഷ്ട്രീയത്തെയും അധികാരത്തെയും ഉപയോഗപ്പെടിത്തിയാലും അതേപറ്റി സംസാരിക്കരുത്!

ചില ലീഗുകാർ സ്ത്രീ പീഡന കേസുകളെ സംബന്ധിച്ച് പറഞ്ഞു കേട്ടിട്ടുള്ളത്, വിൽക്കാൻ വച്ചിരിക്കുന്ന സാധനം ആരും വാങ്ങി ഉപയോഗിക്കുമെന്നും മന്ത്രിമാരായാലും അവർക്ക് അത് വാങ്ങി ഉപയോഗിക്കാമെന്നും ആണ്. അതൊന്നും വലിയ തെററ്റുകുറ്റങ്ങളായി കാണാത്ത ഏറ്റവും പുരോഗമനപരമായ നിലപാടാണ് നേതാക്കൾക്കു മാത്രമല്ല ലീഗ് അണികൾക്കുതന്നെയും ഉള്ളത്. അപ്പോൾ പിന്നെ സ്ത്രീപീഡന വിഷയം സംബന്ധിച്ചും ആർക്കെങ്കിലും എതിരെ ആക്ഷേപമുയർത്തുന്നതിൽ അർത്ഥമില്ല. കാരണം അവർക്ക് അനുവദനീയമായിട്ടുള്ള കാര്യങ്ങളല്ലേ അവർ ചെയ്യുന്നുള്ളൂ? അല്ലെങ്കിൽ തന്നെ പീഡിപ്പിക്കാൻ പെൺപിള്ളേർ ചെന്നു നിന്നുകൊടുക്കുന്നതെന്തിന് എന്നു കൂടി ചോദിച്ചാൽ ഉത്തരം മുട്ടിയതുതന്നെ!? വിൽക്കാൻ വയ്ക്കുന്ന പെണ്ണിനെ വാങ്ങി അനുഭവിക്കാൻ പൊതു പ്രവർത്തകർക്ക് മാത്രം അനുവാദമില്ലെന്നു പറയുന്നത് അനീതിയല്ലേ?. സർക്കാരുതന്നെ ചാരായം വില്പനയ്ക്കു വച്ചിട്ട് അത് കുടിച്ചുകൂടെന്നു പറയുന്നതിൽ അർത്ഥമില്ലെന്നു പറയുന്നതുപോലെ. ഒരു മുതലാളിത്ത സമൂഹത്തിൽ ഇതൊക്കെ വാങ്ങാൻ കിട്ടും. ( ഇതിൽ കയറി ആരും പിടിക്കേണ്ട. ചില സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും ഇതൊക്കെ വാങ്ങാൻ കിട്ടുകതന്നെ ചെയ്യും എന്നാണ് മനസിലാക്കിയിട്ടുള്ളത്. നിയമം വിലക്കുന്നതു ചെയ്യാനുള്ള പ്രവണത എവിടെയും ഉണ്ടാകുമല്ലോ!) വാങ്ങാൻ കിട്ടാത്തത് ഒന്നുമില്ലല്ലോ. അത്യാവശ്യം അച്ഛനും അമ്മയും ഇല്ലാത്തവർക്ക് അതും വില നൽകി വാങ്ങാവുന്നതേയുള്ളൂ. അതു പോലെ തന്നെ പെണ്ണു കേസും. അവരവർക്ക് ഉളുപ്പില്ലാതെ ചെയ്യാൻ കഴിയുന്നതെന്തും അവരവർക്കു ചെയ്യാം. ഇത് ഒരു ഉപഭോഗ സമൂഹമാണ്. ഉപയോഗിക്കുക എന്നതാണ് ഇവിടെ മുഖ്യമായിട്ടുള്ളത്. അതൊന്നും വേണ്ടാത്തവർ ചുമ്മാ അസൂയപ്പെട്ട് അതുമിതും പറഞ്ഞ് നടക്കാതിരിക്കുക. ഷട്ട് യുവർ ബ്ലഡി മൌത്ത്!

അഴിമതിയെ പറ്റിയും പറയാനുള്ളത് അതുതന്നെ. അഴിമതി കേസിൽ ജയിൽവാസം ലഭിച്ചിട്ടുള്ള ഭാഗ്യവാനും പ്രബലനുമായ ഒരു നേതാവ് പണ്ടൊരു ഇന്റെർവ്യൂവിൽ പറഞ്ഞിട്ടുള്ളത്, അഴിമതി പുരാണകാലം മുതൽ ഉള്ളതാണ്, അത് സ്വാഭാവികമാണ്, അത് തടയാൻ ആർക്കും കഴിയില്ല, സ്വാഭാവികമായ ആ ഒരു കാര്യം താനും ചെയ്ത് നാടിന്റെ മാനം കാക്കുന്നുവെന്നേ ഉള്ളൂ എന്നൊക്കെയാണ്! ഖജനാവിൽ നിന്ന് പണം വാരി സ്വന്തം കുടുംബത്തേയ്ക്ക് കൊണ്ടുപോകാനല്ലെങ്കിൽ പിന്നെ എന്തിനാണ് അധികാരം? കുടുംബത്തിനു ഗുണം ഇല്ലാത്തവരെ എന്തിനു കൊള്ളാം? വലിയ മന്ത്രിയാണെന്നും പറഞ്ഞ് നടന്നാൽ മതിയോ? സമ്പാദിക്കുന്നെങ്കിൽ നമ്മുടെ കേന്ദ്രമന്ത്രി രാജയെ പോലെ സമ്പാദിക്കണം എന്നാണ് ഇപ്പോൾ പലരും പറയുന്നത്. എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര തുക തട്ടിയെടുക്കണം. സത്യത്തിൽ രാജയുടെയൊക്കെ അഴിമതി കഥകൾ കേട്ട് ആവേശംകൊണ്ട് ഓടിച്ചെന്ന് അധികാരം പിടിച്ചെടുത്താലെന്തെന്ന് വരെ ആരും ചിന്തിച്ചു പോകും. എയർ കണ്ടീഷൻ ജയിൽ ജിവിതം ഒക്കെ കഴിഞ്ഞ് ഇറങ്ങിയാലും തലമുറകളോളം അല്ലലില്ലാതെ സുഖലോലുപമായി കഴിഞ്ഞുകൂടാമല്ലോ! ഇങ്ങനെ കൊതിപ്പിച്ചാൽ ഒടുവിൽ എല്ലാവരും രാഷ്ട്രീയക്കാരും പ്രത്യേകിച്ച് വലതുപക്ഷ രഷ്ട്രീയക്കാരും ആയി തീരും. ഇടതുപക്ഷത്തുള്ളവർ അഴിമതി നടത്താൻ സാദ്ധ്യതയില്ലെന്ന് ഇടതുപക്ഷക്കാരനായ ഈ ലേഖകന് അഭിപ്രായമില്ല. പക്ഷെ അഴിമതി നടത്തി അത് തെളിയിക്കപ്പെട്ട് ജയിൽ വാസവും കഴിഞ്ഞ് വന്നാലും വീണ്ടും മത്സരിച്ച് എം.എൽ.എയും, എം.പിയും പിന്നെ മന്ത്രിയും ഒക്കെ ആകാനുള്ള സ്വാതന്ത്ര്യം വലതുപക്ഷ പ്രസ്ഥാനങ്ങളിലേ ഉള്ളൂ! സ്വാതന്ത്ര്യം എന്നാൽ അത്താ‍ണ്! (‘ത്ത‘ എന്നത് ടൈപ്പിംഗ് മിസ്റ്റേക്ക് അല്ലാ എന്നുകൂടി അറിയിക്കട്ടെ!)

കുഞ്ഞാപ്പ ഇനിയും അബദ്ധങ്ങളിലൊന്നും ചെന്നു ചാടാൻ തയ്യാറാകില്ലെന്നാണ് ചാനൽ ഇന്റെർവ്യുകളിൽ മൊഴിഞ്ഞിട്ടുള്ളതായിട്ടുള്ളത്. നല്ല കാര്യം. പക്ഷെ വലതുപക്ഷത്തുള്ളവർ തെറ്റുകളൊന്നും ചെയ്യില്ലെന്നു വന്നാൽ അടുത്ത ഇലക്ഷനിൽ ചിലപ്പോൾ കെട്ടിവച്ച കാശ് കിട്ടിയില്ലെന്നിരിക്കും. രാഷ്ട്രീയവും അധികാരവും ഒക്കെ ആകുമ്പോൾ അതിനു മേമ്പൊടിയായി അഴിമതിയും മറ്റു ചില കുറ്റകൃത്യങ്ങളുമൊക്കെ മേമ്പൊടിയായി ചേർക്കണം. സദാ ആരോപണങ്ങളിൽ കുടുങ്ങി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കണം. ഒരു സ്റ്റാർ വാല്യൂ ഒക്കെ ഉണ്ടാക്കണം. എങ്കിലേ ജനം ആരാധിക്കൂ. വോട്ടു ചെയ്യൂ. ഏറ്റവും കൂടുതൽ തവണ മാദ്ധ്യമങ്ങളിൽ പേരു വരുന്നതാണ് വലിയ കാര്യം. ചുമ്മാ ആദർശവും ചമഞ്ഞിരുന്നാൽ അച്ചടി, ശബ്ദ മാദ്ധ്യമങ്ങളിൽ പേരുവരില്ല. ദൃശ്യ മാദ്ധ്യമങ്ങളിൽ പേരും പടവും വരില്ല. ആളുകൾ അറിയില്ല. ആരാധകർ ഉണ്ടാകില്ല. അതുകൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യുക. അരുതാത്തത് മാത്രം ചെയാൻ ശ്രമിക്കുന്നത് അത്യുത്തമം. ഉദാത്ത മാതൃക!

എന്തായാലും ലീഗും കുഞ്ഞാപ്പയും തന്നെ ഇപ്പോൾ താരം! ഫ്ലക്സ് അടിക്കാൻ കാശുകിട്ടിയാൽ ഫാൻസ് അസോസിയേഷൻ ബോർഡ് വയ്ക്കാൻ പോലും ആർക്കും ആഗ്രഹം തോന്നിപ്പോകും. ഹൈദരലി തങ്ങൾ മന്ത്രിമാരെ പ്രഖ്യാപിക്കുന്ന സമയത്തുപോലും താരം കുഞ്ഞാപ്പജി തന്നെ ആയിരുന്നു. ആണുങ്ങളായാൽ അങ്ങനെ വേണം. ആ റൌഫൊക്കെ ഇപ്പോഴും കേരളത്തിൽ ഉണ്ടോ ആവോ! അല്ലെങ്കിൽ തന്നെ എന്തു റൌഫ് ? ഏതു റൌഫ്? റൌഫുമാർക്ക് തമാശ കളിക്കാനുള്ളതാണോ കേരള രാഷ്ട്രീയം? പുവാൻ പറ! അഴിമതിക്കാർക്കും പെൺ വാണിഭക്കാർക്കും മറ്റും എതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച വി.എസ് ഒക്കെ പ്രതിപക്ഷത്തിരുന്ന് ഭദ്ര കാളി നൃത്തം ആടിക്കൊള്ളണം എന്നതാണു ജനവിധി. അത് അനുസരിച്ച് കഴുതക്കാമം കരഞ്ഞു തീർക്കുന്നതുപോലെ അഞ്ചുവർഷം തള്ളിനീക്കണം എന്നതിനപ്പുറം പണിയൊന്നും വേണ്ടിവരില്ല. അഡ്വ ജനറൽ, ഉപ ജനറൽ എന്നിവരുടെ നിയമനം ഒക്കെ കാണുമ്പോൾ അങ്ങനെ കരുതാനേ നിവൃത്തി കാണുന്നുള്ളൂ. ഭൂരിപക്ഷം കുറവാണെങ്കിലും ഭൂരിപക്ഷജനം ഇച്ഛിക്കുന്നതനുസരിച്ച് തന്നെ കാര്യങ്ങൾ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട മുന്നണിയ്ക്കും അതിലെ ഘടകകക്ഷികൾക്കും ബാദ്ധ്യതയുണ്ട്. അത് വേണ്ടവിധം നിർവഹിച്ചു കാണുന്നതിൽ പെരുത്ത സന്തോഷം! മാണിസാറിനു താരമാകൻ പറ്റിയില്ല. അതിനും മാത്രം സീറ്റുകൾ മത്സരിക്കാൻ കിട്ടിയില്ല. കിട്ടിയവയിൽ എല്ലാം വിജയിക്കാനും കഴിഞ്ഞില്ല. മണിസാറു തന്നെ വെള്ളം കുടിച്ചാണ് ജയിച്ചത്. അതുകൊണ്ട് ലീഗ് ഒറ്റയ്ക്ക് മന്ത്രിസഭയെ നയിക്കും. മന്ത്രിമാരെ നിശ്ചയിക്കും. കോൺഗ്രസ്സ് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിലും സ്വയം മന്ത്രിമാരെ പ്രഖ്യാപിക്കും. തൂക്ക് സഭയിലെ ഒരു ലീഗാകാൻ കഴിഞ്ഞെങ്കിൽ എന്ന് ഏതു ഘടക കക്ഷിയും മോഹിച്ചു പോകും. ജെ.എസ്.എസും, സി.എം.പിയും മാഞ്ഞു പോയത് ഭാഗ്യം. ഇല്ലെങ്കിൽ സ്ഥിതി ഗതികൾ കൂ‍ടുതൽ സങ്കീർണ്ണമായേനെ! ഇരുപത്തി ഒന്നിനപ്പുറം മന്ത്രിമാരെ വയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായേണ്ടി വന്നേനേ!

ഇപ്പോൾ നാലെണ്ണത്തിന്റെ ഭൂരിപക്ഷമേ ഉള്ളൂ. മുരളീധരന് മന്ത്രിസ്ഥാനം കിട്ടത്തതിൽ അമർഷമുണ്ട്. കെ.അച്യുതനും മന്ത്രി മോഹം ഉണ്ടായിരുന്നുവത്രേ! വി.ഡി.സതീശനെ മന്ത്രിയാക്കാത്തതിൽ വി.എം.സുധീരനുപോലും അമർഷമുണ്ട്. സമുദായാടിസ്ഥാനത്തിൽ മന്ത്രിമാരെ നിശ്ചയിക്കുന്നത് മന്ത്രി സഭയുടെ തിളക്കം നഷ്ടപ്പെടുത്തിയെന്ന് മുൻ എൻ.ഡി.പി നേതാവ് (എൻ.എസ്.എസിന് ഒരുകാലത്തുണ്ടായിരുന്ന രാഷ്ട്രീയ പാർട്ടി) തേറമ്പിൽ രാമകൃഷ്ണൻ പോലും പറഞ്ഞുപോയി! അപ്പോൾ തന്നെ നാലായി! മന്ത്രിയാകാൻ ആഗ്രഹമില്ലാത്തവർ ആരുമില്ലാത്ത സ്ഥിതിയ്ക്ക് ഈ എണ്ണം ഇനിയും കൂടും.

നമ്മുടെ മുരളീധരൻജി പക്ഷെ മന്ത്രിസ്ഥാനം കിട്ടത്തതിൽ പരിതപിക്കുന്നത് ഉചിതമല്ല. മുഖ്യമന്ത്രി ആകേണ്ട ആൾ വെറുമൊരു മന്ത്രിസ്ഥാനത്തിനുവേണ്ടി കരഞ്ഞാലോ? കെ.പി.സി.സി പ്രസിഡന്റായ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള ഒരു അനുകൂല സാഹചര്യത്തിനു വേണ്ടി വെയിറ്റു ചെയ്യാമെങ്കിൽ മുരളീധരൻജിയ്ക്കും അത് ആകാവുന്നതേയുള്ളൂ. പണ്ട് മഹത്തായ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് മന്ത്രിയാകാൻ പോയതിന്റെ തിക്താനുഭവം ഓർക്കുന്നതു നന്ന്! പിന്നെ നിങ്ങൾ രണ്ടുപേരും മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി അനുകൂലമായ അവസരം കാത്ത് വെയിറ്റ് ചെയ്യുന്നതിനിടയിൽ നിങ്ങൾ രമേശ് ജിയ്ക്കും മുരളിജിയ്ക്കും മുമ്പേ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യനായ വയലാർ രവിജിയെ ഒന്നു നിരീക്ഷിച്ചു പോരുന്നത് നല്ലതാണ്. ഏതു സമയത്താണ് ഫ്ലൈറ്റ് വന്ന് ലാൻഡ് ചെയ്യുന്നതെന്ന് ആർക്കറിയാം? ഡൽഹിയിലല്ലേ ഒക്കെ അന്തിമമായി തീരുമാനിക്കുന്നത്!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നുവച്ച് ഇന്നോ നാളെയോ മന്ത്രിസഭ മൂട്ടിൽ വീഴുമെന്നോ അഞ്ചു വർഷം തികയ്ക്കില്ലെന്നോ ഒന്നും ഈയുള്ളവനവർകൾ പറയുന്നില്ല. അങ്ങനെ സംഭവിക്കുന്നതും നല്ലതായിരിക്കില്ല. പല കാരണങ്ങളാൽ ഇനിയും ഇടയ്ക്കിടെ മന്ത്രിസഭാ പുന:സംഘടന വരുമെന്നും അപ്പോൾ തങ്ങൾക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും എന്നും കരുതി എല്ലാ എം.എൽ.എ മാരും കാത്തിരുന്നുകൊള്ളും! നിലവിൽ മന്ത്രിയായിട്ടുള്ളവർ ചിലരെങ്കിലും അഴിമതിയാദി കേസുകളിൽ പെട്ട് മന്ത്രിസ്ഥാനത്തുനിന്ന് നിഷ്കാസിതരാകുമെന്നും മന്ത്രിമോഹികൾക്ക് പ്രതീക്ഷിച്ചുകൂടെന്നില്ലല്ലോ! ഭരണ കാലാവധി തീരുന്നതിന്റെ തലേന്നുവരെയും ഈ കാത്തിരിപ്പ് തുടരും. ചില്ലറ അലോസരങ്ങൾ ഒക്കെ ഇടയ്ക്കിടെ ഉണ്ടാക്കി സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കും എന്നു മാത്രം! എന്തുകൊണ്ടും സംഭവബഹുലമായ ഒരു യു.ഡീ.എഫ് കാലമായിരിക്കും അടുത്ത അഞ്ചുവർഷം എന്ന കാര്യത്തിൽ മാത്രം നാം തർക്കിക്കേണ്ടതില്ല!

Thursday, May 19, 2011

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ


ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ജനപ്രിയ പ്രഖ്യാപനങ്ങൾ

പുതുതായി സത്യ പ്രതിജ്ഞ ചെയ്ത ഉമ്മൻ ചാണ്ടി സർക്കാർ ഏതാനും ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നു. അതിൽ ഒന്ന് എൻഡോ സൽഫാൻ ദുരിതബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപാ വീതം ധനം സഹായം നൽകും എന്നതാണ്. ഇത് വളരെ സ്വാഗതാർഹം തന്നെ. എൻഡോ സൽഫാൻ നിരോധനം പൂർണ്ണമായി നടപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. ഇതും സ്വാഗതാർഹം തന്നെയാണെങ്കിലും അതിന്റെ ആത്മാർത്ഥത കാത്തിരുന്നു കാണാം.

രണ്ടാമത്തെ കാര്യം കുട്ടനാട്ടിൽ വേനൽ മഴക്കെടുതികൾക്കിരയായ കർഷകർക്ക് ഹെക്ടറിന് ഇരുപതിനായിരം രൂപാ വീതം ധന സഹായം നൽകാനുള്ള തീരുമാനമാണ്. ഇത് മതിയായ സഹായമായിരിക്കുമോ എന്നത് അവിടുത്തെ കർഷകരോട് ചോദിക്കേണ്ട കാര്യമാണെങ്കിലും ആശ്വാസം എത്തിക്കുന്നത് നല്ല കാര്യം തന്നെ. ഒരു രൂപയ്ക്ക് അരി നൽകൽ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും പറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ് രണ്ടു രൂപയ്ക്കാണ് അരി നൽകൻ തീരുമാനിച്ചത്. ജനങ്ങൾക്ക് ഒരു രൂപ കൂടി കുറച്ച് കിട്ടുന്നത് കുറച്ചും കൂടി ആശ്വാസകരം തന്നെ.

ഇനി മൂന്നാമത്തേത് ഇപ്പോൾ വർദ്ധിപ്പിച്ച പെട്രോൾ വിലയിൽ നിന്നും ലഭിക്കുന്ന അധിക നികുതി സംസ്ഥാന സർക്കാർ വേണ്ടെന്നു വയ്ക്കുക വഴി വില വർദ്ധനവിൽ നിന്ന് അല്പം ഒരു ആശ്വാസം നൽകുക എന്നതാണ്. ഇതും സ്വാഗതാർഹം തന്നെ. ലിറ്ററിന് 1.22 രൂപയാണ് സംസ്ഥാനത്തിനുള്ള നികുതി. ഇത് വേണ്ടെന്നു വയ്ക്കുക വഴി സർക്കാരിനു 131.94 കോടി വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരേണ്ടത് ഒരു സർക്കാരിന്റെ ബാദ്ധ്യത തന്നെയാണ്. ഇപ്പോൾ പെട്രോൾ ലിറ്ററിന് 5.39 രൂപയാണ് വർദ്ധിപ്പിച്ചത്. നികുതി വേണ്ടെന്നു വയ്ക്കുന്നതിലൂടെ വില 4.17 രൂപ ആകും.

എന്നാൽ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം വില വർദ്ധനവ് എന്ന യാഥാർത്ഥ്യം അപ്പോഴും നില നിൽക്കുന്നു എന്നുള്ളതാണ്. 5.39 രൂപാ കൂടിയതിൽ നിന്നാണ് ഉദ്ദേശം 1.56 രൂപയുടെ ഇളവ് ഉപപ്ഭോക്താക്കൾക്ക് ലഭിക്കുന്നത്. നേരത്തേ ഉള്ളതിൽ നിന്നും 4.17 രൂപാ എന്നാലും അധികം നൽകേണ്ടി വരികയാണ്. വൻ തോതിൽ വർദ്ധിപ്പിക്കുക. അല്പമാത്രമായ ഇളവ് അനുവദിക്കുക. മുൻ സർക്കാർ അതു പോലും ചെയ്തില്ലാ എന്നു വാദിക്കാം. ആ നിലയിൽ അല്പം കൂടി ജനപ്രിയം ഇക്കാര്യത്തിൽ ഉണ്ടാക്കി.

ഇപ്പോൾ എണ്ണ വില വർദ്ധനവിനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കല്ല. എണ്ണക്കമ്പനികൾക്കാണ്. ഇനി അടുത്ത മാസം വീണ്ടും എണ്ണ വില കൂട്ടും എന്നാണ് അറിയുന്നത്. അടുത്ത മാസം മാത്രമല്ല, ഇനി ഇടയ്ക്കിടെ ഇങ്ങനെ കൂടിക്കോണ്ടിരിക്കും. അപ്പോഴെല്ലാം കേരളത്തിലെ യു.ഡി.എഫ് സർക്കാർ വിലവർദ്ധനവു വഴി കിട്ടുന്ന അധികനികുതി ഉപേക്ഷിച്ച് വിലവർദ്ധനവിന്റെ ഭാരം ലഘൂകരിച്ചുകൊണ്ടിരിക്കുമോ എന്നറിയില്ല.

അടിക്കടിയുള്ള വില വർദ്ധനവ് ഒഴിവാക്കാൻ ആവശ്യമായ നടപടികൾക്ക് കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നതിനു പകരം വില കൂടുമ്പോഴെല്ലാം സംസ്ഥാന സർക്കാർ അധിക നികുതി ഒഴിവാക്കി അല്പം ആശ്വാസം എത്തിക്കുക എന്നത് എക്കാലത്തും പ്രായോഗികമാകുമോ? ഇളവു നൽകിയാലും വർദ്ധനവ് എന്ന യാഥാർത്ഥ്യം നില നിൽക്കും എന്നത് അംഗീകരിക്കാതെ പറ്റുമോ? അതിനെന്താണൊരു പോം വഴി? ശാശ്വതമായ പോംവഴി അടഞ്ഞ അദ്ധ്യായമോ?

കേട്ടാൽ തോന്നും പെട്രോളിന്റെ വില ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കുറച്ചെന്ന്. 5.39 രൂപാ കൂട്ടിയത് 4.17 ആയി കുറയുമ്പോഴും ഈ 4.17 രൂപ വർദ്ധനവ് നിലനിൽക്കുകയാണ്. ആദ്യം എണ്ണവില കൂട്ടാനും കുറയ്ക്കാനുമുള്ള കേന്ദ്ര ഗവർണ്മെന്റിന്റെ നഷ്ടപ്പെട്ട അധികാരം തിരിച്ചിച്ചുപിടിക്കാൻ കേന്ദ്രഗവർണ്മെന്റിനോട് പറയുകയാണ് ഉമ്മൻ ചാണ്ടി ചെയ്യേണ്ടത്!

Tuesday, May 17, 2011

റഹ്മത്തുള്ളേ ഹാ, കഷ്ടം!


റഹ്മത്തുള്ളേ ഹാ, കഷ്ടം!


ചെങ്കൊടിയിൽ നിന്ന് പച്ചക്കൊടിയിലേയ്ക്ക് വലിയ ദൂരമുണ്ട്. പക്ഷെ സി.പി.ഐ-ല്‍ നിന്ന്‍ മുസ്ലിം ലീഗിലേയ്ക്കുള്ള ദൂരം തരണം ചെയ്യാൻ റഹ്മത്തുള്ളയ്ക്ക് ഒരൊറ്റ ചാട്ടമേ വേണ്ടി വന്നുള്ളൂ ! മറുകണ്ടം ചാടുന്നെങ്കിൽ ഇങ്ങനെ ചാടണം; യാതൊരു ഉളുപ്പില്ലാതെ!

സി.പി.ഐ ദേശീയ കൌൺസിൽ അംഗം എം. റഹ്മത്തുള്ള മുസ്ലിം ലീഗിൽ ചേർന്നു. ഏറനാട്ടെ സി.പി.ഐ സ്ഥാനാർത്ഥിയുടെ തോൽവിയുടെ ഉത്തരവദിത്തം ആരോപിച്ച് പാർട്ടി നടപടി വരുമെന്ന് മനസിലാക്കി പാർട്ടി മാറിയതാണെന്നാണ് പറഞ്ഞു കേൾക്കുന്നത്. സ്വന്തം ഭാര്യയെ പി.എസ്.സി അംഗമാക്കാത്തതിലുള്ള പ്രതിഷേധവും പാർട്ടി വിടാൻ കാരണമായത്രേ!

മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ഹൈദരലി തങ്ങൾ അവർകളുടെ സമക്ഷത്തിലെത്തിയ റഹ്മത്തുള്ളയ്ക്ക്, ആർക്കും എപ്പോഴും കൊടുക്കാനായി അവിടെ തയ്യാറാക്കി വച്ചിരിക്കുന്ന അംഗത്വ കാർഡ് കനിഞ്ഞു നൽകുകയും ചെയ്തു. തികച്ചും മതാചാരപരമായിയിട്ടായിരുന്നു ലീഗും റഹ്മത്തുള്ളയും തമ്മിലുള്ള നിക്കാഹ് കർമ്മം. ചടങ്ങിന്റെ ആരംഭമോ അവസാനമോ എന്നറിയില്ല, ഫാത്തിഹ ഒക്കെ ഓതിയിരുന്നു. റഹ്മത്തുള്ള ആമീൻ പിടിച്ചു നിൽക്കുന്നത് റ്റി.വിയിൽ കണ്ടു.

സി.പിഐ- യിൽ ന്യൂന പക്ഷങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും അതാണ് താൻ പാർട്ടി വിട്ടതെന്നുമാണ് റഹ്മത്തുള്ളയുടെ ഭാഷ്യം. നാലു പ്രാവശ്യം പർളമെന്റിലേയ്ക്ക് മത്സരിച്ച ഒരാളാണ് റഹ്മത്തുള്ള. അദ്ദേഹത്തെ പോലെ മുസ്ലിങ്ങൾ അടക്കം ധാരാളം ന്യുനപക്ഷ സമുദായാംഗങ്ങൾ സി.പി.ഐയിൽ നിന്നു തന്നെ ഉയർന്ന പല പദവികളിലും എത്തിയിട്ടുള്ളതാണ്. എത്രയോ മുസ്ലിങ്ങൾ മന്ത്രിമാരും, എം.എൽ.എ മാരും, എം.പിമാരും, പി.എസ്.സി മെമ്പറും ഒക്കെ ആയി. സി.പി.ഐ യിൽ നിന്നാൽ പരമാവധി ആകാവുന്ന സ്ഥാനമാനങ്ങൾ ഈ പറയുന്നതൊക്കെയാണ്.

സി.പി.ഐ ക്ക് എന്ത് ദോഷങ്ങൾ ഉണ്ടെങ്കിലും ഏതെങ്കിലും സമുദായത്തോട് ആ പാർട്ടി അവഗണന കാട്ടിയിട്ടുള്ളതായി ആർക്കും ഇതുവരെ തോന്നിയിട്ടില്ല. മറ്റിടങ്ങളെ അപേക്ഷിച്ച് സി.പി.ഐക്ക് അത്ര വലിയ സ്വാധീനവും ശക്തിയുമൊന്നും ഇല്ലാത്ത മലബാർ മേഖലയിൽ നിന്നാണ് റഹ്മത്തുള്ളയ്ക്ക് പല നല്ല അവസരങ്ങളും ലഭിച്ചിട്ടുള്ളത് എന്നും കൂടി നാം ഓർക്കണം. യാതൊരുളുപ്പുമില്ലാതെയാണല്ലോ ഇയാൾ കാലുമാറിയിട്ട് ഒരുമാതിരി ഞഞ്ഞാ പിഞ്ഞാ പറയുന്നത്.

ആരുടെയെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്ക് എല്ലായ്പോഴും ഒരു പാർട്ടിയ്ക്ക് നിന്നു കൊടുക്കാൻ കഴിഞ്ഞെന്നിരിക്കില്ല. എത്രയെങ്കിലും പദവികൾ ലഭിച്ചാലും ഒരുവേള എന്തെങ്കിലും ചെറിയ കാര്യം നടക്കാതെ വരുമ്പോൾ മറുകണ്ടം ചാടുന്ന ഈ കള്ള നാണയങ്ങൾ ഇനിയും ഇടതു പാർട്ടികളിൽ ഉണ്ടെങ്കിൽ കാലേ കൂട്ടി കണ്ടുപിടുച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ഒരു പാർട്ടിയിൽ നിന്ന് പുറത്തായിട്ട് മറ്റ് നിലനില്പൊന്നുമില്ലാതെ മറ്റൊരു പാർട്ടിയിലേയ്ക്ക് പോയാൽ അതിനൊരു ന്യായീകരണമുണ്ട്. ഇതിപ്പോൾ തൻ കാര്യം നടക്കാതെ വന്നപ്പോൾ ഒറ്റ ചാട്ടമല്ലേ!

ഇതിനെയൊക്കെ ചുമന്നുകൊണ്ടാണല്ലോ സി.പി.ഐ ഇത്രകാലമി മുന്നോട്ടു പോയത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു. നേരത്തെ ഈ റഹ്മത്തുള്ളമാരെ കണ്ടറിഞ്ഞ് ചികിത്സ നൽകേണ്ടതായിരുന്നു. മിസ്റ്റർ റഹ്മത്തുള്ള! ഹൈദരലി തങ്ങളുടെ മുമ്പിൽ താങ്കൾ ആരോടോ വൈരാഗ്യം തീർക്കാനെന്ന പോലെ ആമീൻ പിടിച്ചു നിൽക്കുന്നതുകണ്ട് നമ്മുടെയൊക്കെ തൊലി ഉരിഞ്ഞുപോയി കേട്ടോ! അമ്പേ താങ്കളുടെ തൊലിക്കട്ടി അപാരം!

Monday, May 16, 2011

സമരം ചെയ്യുന്നതാർക്കുവേണ്ടി?


സമരം ചെയ്യുന്നതാർക്കുവേണ്ടി?

പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പലവിധ സമരങ്ങളും പ്രകടനങ്ങളും മറ്റും നടക്കുകയാണല്ലോ. ഇന്ന് വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ സി.പി.ഐ (എം) ആഹ്വാന പ്രകാരം പ്രകടനം നടക്കുന്നുണ്ട്. ഈ സമരങ്ങൾകൊണ്ടൊന്നും പെട്രോൾ വില കുറയാൻ പോകുന്നില്ല. എണ്ണ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുക്കാൻ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ തീരുമാനിച്ചപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.

എണ്ണ വില കൂട്ടുന്നതും കുറയ്ക്കുന്നതും എണ്ണക്കമ്പനികളാണെന്നും, അതിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി പ്രണബ് കുമാർ മുഖർജി കഴിഞ്ഞ ദിവസം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞു കഴിഞ്ഞു. ജനങ്ങൾ ഇതൊക്കെ സഹിക്കാൻ തയ്യാറാണെന്നതാണ് സത്യം. കാരണം ഇതിനൊക്കെ ഉത്തരവാദികൾ ആകുന്നവരെ വീണ്ടും അധികാരത്തിൽ ഏറ്റാൻ ജനങ്ങൾ തയ്യാറാകുന്നുണ്ടല്ലോ.

ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എടുത്തു നോക്കൂ. ഭരണ മികവിന്റെ നിറവിൽ ഇടതുമുന്നണി ജനവിധി തേടുന്നു. ട്രഷറി പൂട്ടാത്ത ഭരണം. സമസ്ത മേഖലയില്പെട്ടവർക്കും മുമ്പില്ലാത്തവിധം വാരിക്കോരി ആനുകൂല്യങ്ങൾ. സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും ഭരണതലത്തിലെ അഴിമതികൾക്കും എതിരെ വിട്ടു വീഴ്ചയില്ലാതെ പോരാടുന്ന വി.എസ്. അച്യുതാനന്ദൻ ആ മുന്നണിയെ നയിക്കുന്നു.

എതിർപക്ഷത്തുള്ള യു.ഡി.എഫ് ആകട്ടെ വല്ലാത്ത പ്രതിരോധത്തിലും ആയിരുന്നു. അതിന്റെ നേതാക്കൾ ഗുരുതരമായ അഴിമതിക്കേസുകളിൽ പെട്ട് കിടക്കുന്നു. ചിലർ ജയിലിലാകുന്നു. ചില നേതാക്കളാകട്ടെ സ്ത്രീപീഡന കേസുകളിലും മറ്റും പെട്ട് കുഴഞ്ഞു കിടക്കുന്നു. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാർ പലരും കോടിക്കണക്കിനു രൂപയുടെ അഴിമതികൾ നടത്തി പിടിക്കപ്പെട്ട് ജയിലിലാകുന്നു. അങ്ങനെ എന്തെല്ലാം സംഭവങ്ങൾ. ഇതൊക്കെയായിട്ടും തെരഞ്ഞെടുപ്പ് വിധി വന്നപ്പോൾ കേരളത്തിൽ യു.ഡി.എഫിന് നേരിയതെങ്കിലും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷം! ജനങ്ങൾ നല്ലൊരു പങ്ക് നെഗറ്റീവായി ചിന്തിക്കുന്നതിന് ഇതില്പരം തെളിവു വേണ്ട.

ഒരു പക്ഷെ വിലവർദ്ധനവ്, സ്ത്രീപീഡനം, അഴിമതി, ഇവയൊക്കെ ജനങ്ങൾക്ക് ഇഷ്ടമുള്ള വിഷയമാണെന്നു വേണം കരുതാൻ. അല്ലെങ്കിൽ ജനങ്ങളിൽ നല്ലൊരുപങ്ക് ജനാധിപത്യത്തെ ഒരു തമാശയായി കാണുന്നു എന്നു കരുതണം. ഒരു ഗവർണ്മെന്റിന്റെ പ്രവർത്തനങ്ങൾ മോശമാണെങ്കിൽ ആ ഗവർണ്മെന്റിനെതിരെ ജനവികാരം ഉണ്ടാവുകയും ഭരണമാറ്റത്തിന് സഹായകമാകുന്ന ജനവിധി ഉണ്ടാവുകയും ചെയ്യും. എന്നാൽ കുറ്റമറ്റ ഒരു ഭരണം നടത്തിയാലും അത് അംഗീകരിക്കില്ലെന്ന് വന്നാലോ?

നമ്മുടെ ജനങ്ങളുടെ മന:ശാസ്ത്രം എന്താണ്? ഇവിടെ അഴിമതി നടന്നാലും, സ്വജനപക്ഷപാതം നടന്നാലും, സ്ത്രീപീഡനം നടന്നാലും, ആരൊക്കെ ജയിലിൽ പോയാലും, വിലവർദ്ധനവുണ്ടായാലും എന്തുതന്നെ സംഭവിച്ചാലും കുഴപ്പമില്ല; ഇടതുപക്ഷം ഭരിക്കാതിരുന്നാൽ മതിയെന്നാണോ? ഇടതുപക്ഷം ഭരിക്കുന്നതിലും ഭേദം മേല്പറഞ്ഞ കൊള്ളരുതായ്മകൾ ഒക്കെ നടക്കുന്നതുതന്നെയാണ് നല്ലതെന്നാണോ?

നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഏതൊരാളെയും നിരുത്സാഹപ്പെടുത്തുന്ന ജനവിധിയാണ് ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സത്യത്തിൽ നമ്മുടെ ജനാധിപത്യം ദുർബലപ്പെടുകയാണോ? അഞ്ചുപേർ നിന്നിട്ട് അതിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് അവ കാലുകളാണെന്നും, രണ്ടുപേർ അവ കൈകളാണെന്നും പറഞ്ഞാൽ ഭൂരിപക്ഷ തീരുമനമനുസരിച്ച് പൊക്കിക്കാണിച്ച അഞ്ചു കൈകളിൽ മൂന്നെണ്ണം കാലുകളാണെന്ന് സമ്മതിക്കേണ്ടിവരും. ഈ ദൌർബല്യം നമ്മുടെ ജനധിപത്യത്തെ സദാ പിന്തുടരുന്നുണ്ട്.

ഞാൻ പറഞ്ഞുവന്നത് ജനങ്ങൾ ഇടതുപക്ഷത്തെ ഇനിയും വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സമര പരിപാടികൾ? ജനങ്ങൾ അവരെ അധികാരത്തിൽ ഏറ്റുന്നു. നമ്മൾ അതേ ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത് പോലീസിന്റെ അടിയും ഇടിയും കൊള്ളുന്നു? ഇടതുപക്ഷ സർക്കാർ വീണ്ടും വരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി ധാരാളം വിയർപ്പൊഴുകുക്കുകയും ചെയ്തവർ ഇപ്പോൾ ഈ പെട്രോൾ വില വർദ്ധനവിനെതിരെ സമരം പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും സ്വയം ചോദിച്ചുപോകുന്ന ഒരു ചോദ്യമാണിത്. ഞാനും ഈ ചോദ്യം ചോദിച്ചു പോകുന്നു. നന്മയുടെ പക്ഷം പിടിച്ചതുകൊണ്ട് എന്തു കാര്യം? ജനങ്ങൾ നന്മകൾക്ക് ഒപ്പമല്ലെങ്കിലോ?

അതെന്തായാലും സകല -ജാതിമത സാമുദായിക ശക്തികളും, എല്ലാ വിധ ഛിദ്രശക്തികൾ ആകെയും ഒളിഞ്ഞും തെളിഞ്ഞും ഒരുമിച്ച് ശ്രമിച്ചിട്ടും അവർക്ക് തിരിച്ചടിനൽകിക്കൊണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയ ഒരു ജനത കേരളത്തിൽ ഉണ്ടല്ലോ. അവരെ നമുക്ക് ഉപേക്ഷിക്കാൻ വയ്യ. എന്തായാലും പോസ്റ്റ് ഇട്ടിട്ട് ഞാൻ പെട്രോൾ വിലവർദ്ധനവിനെതിരെയുള്ള പ്രകടനത്തിനു കിളീമാനൂർ ടൌണിലേയ്ക്ക് പോവുകയാണ്.

ഇനി നമ്മൾ നടത്തുന്ന സമരങ്ങളൊന്നും ഇപ്പോൾ യു.ഡി.എഫിന്റെ എല്ലാ കൊള്ളരുതായ്മകളെയും കണ്ണുമടച്ച് അംഗീകരിച്ച് അവർക്ക് ഭരണം നൽകിയ ജനവിഭാഗത്തിനുവേണ്ടിയല്ല. അവർക്ക് ജീവിതം ദുസഹമായാലും ഖജനാവു കട്ടുമുടിച്ചാലും കോൺഗ്രസ്സും യു.ഡി.എഫ് ഭരിച്ചാൽ മതി. ഇടതുപക്ഷം ഇല്ലാതായാൽ മതി. പക്ഷെ ഇടതുപക്ഷത്തെ ആവശ്യമുള്ള ഒരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്. അവർക്കുവേണ്ടി ഞങ്ങൾ പോരാട്ടം തുടരും! അവർക്കുവേണ്ടി മാത്രം!

Saturday, May 14, 2011

എൽ.ഡി.എഫ് ഇപ്പോൾ തോറ്റിട്ടൊന്നുമില്ല, എങ്കിലും...........

എൽ.ഡി.എഫ് ഇപ്പോൾ തോറ്റിട്ടൊന്നുമില്ല, എങ്കിലും...........

കേവല ഭൂരിപക്ഷം നേടുക എന്നാൽ വിജയിക്കുക എന്നു തന്നെ അർത്ഥം. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും യു.ഡി.എഫ് വിജയിച്ചു. സാങ്കേതിക വിജയം എന്നൊക്കെ പറയാമെങ്കിലും വിജയം വിജയം തന്നെ. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം നേടാൻ പോകുന്ന യു.ഡി.എഫിന് അഭിനന്ദനങ്ങൾ! ഇടതുപക്ഷത്തും വലതു പക്ഷത്തും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ! പരാജയപ്പെട്ട ഇരുപക്ഷത്തെയും സ്ഥാനാർത്ഥികളോട് പറയാനുള്ളത് തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങൾ അല്ല രാഷ്ട്രീയ പ്രവർത്തനത്തിലെ അവസാന വാക്ക്. പൊതുജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് തെരഞ്ഞെടുപ്പ് പോരാട്ടം. ജയിച്ചവർ എല്ലാം തോറ്റവരെക്കാൾ കേമന്മാരോ മറിച്ചോ അല്ല.

ഇഞ്ചോടിഞ്ച് നടന്ന ഈ മത്സരം ഇരു മുന്നണികൾക്കും പുതിയ ചില പാഠങ്ങൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് കൂട്ടിമുന്നണി സംവിധാനം നിലനിൽക്കുന്ന ഇവിടെ തുച്ഛമായ ആൾബലമുള്ള ചെറു ഘടക കക്ഷികളായാൽ പോലും അവരെ പിണക്കി വിടുന്നത് ബുദ്ധിപരമല്ല എന്നതാണ്. എന്തിന് വ്യക്തിപരമായി ജനസ്വാധീന മുള്ള സ്വതന്ത്രരെ പോലും പിണക്കി അകറ്റുന്നത് ദോഷം ചെയ്യും. ഇത് ഒരു പുതിയ വെളിപാടൊന്നുമല്ലെങ്കിലും ഇതേ പറ്റി ഓർക്കേണ്ട ഒരു സന്ദർഭമാണിത്. പ്രത്യേകിച്ചും ഇടതുപക്ഷത്തിനാണ് ഘടക കക്ഷികൾ പലതിനെയും കൂടെ നില നിർത്താൻ കഴിയാതെ പോയത്. ഏതാണ്ട് തൂക്കുസഭപോലെ ഉള്ള ഒരു സഭയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അപ്പോൾ തൂക്ക് സഭയും സംഭവിക്കാവുന്ന ഒന്നാണെന്ന അനുഭവപാഠം ഈ തെരഞ്ഞെടുപ്പു ഫലം നൽകുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒപ്പമുണ്ടായിരുന്ന എല്ലാവരും ഈ തെരഞ്ഞെടുപ്പിലും കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ നേരിയ മുൻ തൂക്കം എൽ.ഡി.എഫിന് ഉണ്ടാകുമായിരുന്നു. അതെന്തുമാകട്ടെ. ഈ അനുഭവം രണ്ടു കൂട്ടർക്കും പാഠം തന്നെ.


പറയാതിരിക്കാൻ വയ്യാഞ്ഞിട്ട് പറയുകയാണ്. മലപ്പുറത്തെ മുസ്ലിം ലീഗ് അണികളുടെ പാർട്ടിക്കൂറ് ശരിക്കും വെളിപ്പെടുത്തുന്നതാണ് അവർ നേടിയ തിളക്കമാർന്ന വിജയം. അത്രയേറെ പ്രതിരോധത്തിലായിട്ടും സ്വന്തം പാർട്ടിയെ സംരക്ഷിക്കാനും തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാനും അവർക്ക് കഴിഞ്ഞു. അവർ ആരോപണ വിധേയരായ അവരുടെ നേതാക്കളെ സംരക്ഷിക്കുന്നത് ന്യായമോ അന്യായമോ എന്നത് വേറെ കാര്യം. ഒരു പക്ഷെ വലിയ ആദർശത്തിലും സദാചാരത്തിലും ഒന്നും അവർ വിശ്വസിക്കാത്തതുകൊണ്ടാകാം. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും തെരഞ്ഞെടുപ്പു അടുക്കുമ്പോൾ ഒരുമിച്ചു നിൽക്കുന്ന യു.ഡി.എഫ് കക്ഷികളെ അക്കാര്യത്തിൽ സമ്മതിക്കണം.

കോൺഗ്രസ്സിന്റെ നയ വൈകല്യങ്ങൾക്കും ഓരോ പ്രശ്നങ്ങളിലുള്ള തെറ്റായ നിലപാടുകൾക്കും അവർക്ക് കിട്ടാവുന്ന ചെറിയ കൊട്ട് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുണ്ട്. മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നൽകാതിരിക്കുന്നതുവഴി സി.പി.എമ്മിനും കിട്ടി കൊട്ട്. സത്യത്തിൽ ജനങ്ങൾ ഇരുമുന്നണികൾക്കും നല്ലൊരു കൊട്ടു കൊട്ടി എന്നതാണ് സത്യം. ഇടതുപക്ഷത്തിന്റെ ഭരണനേട്ടങ്ങളെ പരിഗണിച്ച് കൊട്ടാൻ തന്നെയിരുന്ന ചിലർ ഒടുവിൽ കൊട്ടേണ്ടെന്നും വിചാരിച്ചു. അതുകൊണ്ട് ദയനീയ പരാജയം ഉണ്ടായില്ല. ലീഗ് നേതാക്കൾക്കെതിരെ ഉണ്ടായ ആരോപണങ്ങൾ അവരെ ബാധിച്ചില്ല. എന്നാൽ ലീഗിന്റെ സ്വാധീന മേഖലകൾക്ക് പുറത്ത് മറ്റിടങ്ങളിൽ യു.ഡി.എഫിനെ സാരമായി ബാധിക്കുകയും ചെയ്തു. വി.എസ് ഫാക്ട് ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാകാതിരിക്കാൻ കുറച്ചു സഹായിച്ചിട്ടുണ്ട്.

മറ്റൊന്ന് ഭരണ മികവുകൊണ്ടോ, എതിർ പക്ഷത്തിനെതിരെ ഉയർന്നുവരുന്ന ഗുരുതരമായ ആരോപണങ്ങൾ കാരണമായോ സമ്പൂർണ്ണ തെരഞ്ഞെടുപ്പ് വിജയം നേടാമെന്നും ആരും കരുതേണ്ട എന്നും ഈ തെരഞ്ഞെടുപ്പുഫലം പറയുന്നു. എന്നാൽ ജനങ്ങൾക്കൊപ്പം എപ്പോഴും വിളിപ്പുറത്തു തന്നെ കിട്ടുന്ന നേതാക്കളെ ഏതു തരംഗത്തിനിടയിലും ആളുകൾ ജയിപ്പിക്കും എന്നും ഉറപ്പാണ്. അത് ആ നേതാക്കൾ വ്യക്തിപരമായി കുഴപ്പങ്ങൾ ഉള്ളവർ ആയാൽ പോലും. അതിന് പല ഉദാഹരണങ്ങളും ഉണ്ട്. ആളുകളെ കാണുമ്പോൾ മസിലും പിടിച്ചു നടക്കുന്നവരും ജനങ്ങളിൽ നിന്ന് അകലം പാലിക്കുന്നവരും തോൽക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഈ തെരഞ്ഞെടുപ്പും തെളിയിക്കുന്നു. സി.പി.എമ്മിലായാലും പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഉൾക്കൊള്ളാത്ത നേതാക്കളെ സ്ഥാനാർത്ഥികളായി കെട്ടിയിറക്കിയാൽ പണ്ടേ പോലെ ജയിക്കില്ലെന്നും ഈ തെരഞ്ഞെടുപ്പ് ചില സ്ഥലങ്ങളിലെങ്കിലും തെളിയിച്ചിട്ടുണ്ട്. സ്ഥലങ്ങളോ ഉദാഹരണങ്ങളോ ഒന്നും എടുത്തുകാട്ടാൻ ഉദ്ദേശിക്കുന്നില്ല.

എന്തായാലും എൽ.ഡി.എഫ് പത്തു സീറ്റുകളുടെ ഭൂരിപക്ഷം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. അപ്പോഴേ പരാജയം ഉറപ്പായിരുന്നു.പിന്നെ പ്രതീക്ഷ കൈവിട്ടില്ലെന്നുമാത്രം. ജനാധിപത്യം ഒരു പരീക്ഷണം തന്നെയാണ് എന്ന് തെളിയുന്നത് ഇത്തരം തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെയാണ്. ഭരണം നഷ്ടപ്പെട്ടെങ്കിലും ജനങ്ങൾക്ക് ഗുണം കിട്ടുന്ന കാര്യങ്ങൾ ചെയ്താൽ അതിന്റേതായ ഗുണം തെരഞ്ഞെടുപ്പിൽ ഉണ്ടാകും എന്നതിൽ സംശയമില്ല. എൽ.ഡി.എഫ് ഭരണത്തിന്റെ അവസാനനാളുകളിലെ ഭരണ മികവു തന്നെയാണ് വീണ്ടും അധികാരത്തിൽ എത്തുമായിരുന്ന ഒരു സ്ഥിതി വിശേഷം സംജാതമാക്കിയത് എന്നതിൽ തർക്കമില്ല. ഇല്ലെങ്കിൽ കോൺഗ്രസ്സിനു കടുത്ത പരീക്ഷണം നൽകാൻ പോന്ന ഒരു തെരഞ്ഞെടുപ്പു വിജയമായിരിക്കല്ലല്ലോ ഉണ്ടാകുമായിരുന്നത്!

എന്തായാലും സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുകതന്നെ! ഇനി ഭരണത്തിനു പുറത്ത് എൽ.ഡി.എഫിന് പോരാട്ടത്തിന്റെ നാളുകൾ. സുഖകരമായ ഒരു ഭരണം യു.ഡി.എഫിന് ഈ ഒരു നിസാര ഭൂരിപക്ഷത്തിൽ നടത്തിക്കൊണ്ടു പോകാൻ കഴിയുമോ എന്നത് കാത്തിരുന്നു കാണുക!

Thursday, May 12, 2011

ഭരണം കിട്ടിയാൽ ആരും നെഗളിക്കരുത് !


ഭരണം
കിട്ടിയാല്‍ ആരും നെഗളിക്കരുത് !

അതെ, കാരണം ഭരണം ഇന്നു വരും; നാളെ പോകും!

മുൻകുറിപ്പ്: ഈ കുറിപ്പ് ഒരു ഇടതുപക്ഷ വിരുദ്ധക്കുറിപ്പല്ല. ഒരു തുറന്നു പറച്ചിൽ മാത്രം. കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന് അറിയവുന്നതിനാൽ എഴുതി പിടിപ്പിക്കുന്നു. മാത്രവുമല്ല തെരഞ്ഞെടുപ്പു ഫലം കാത്ത് ക്ഷമകെട്ടിരിക്കുന്നതിന്റെ ഈ അവസാന മണിക്കൂറുകളിൽ നമുക്ക് കക്ഷിരാഷ്ട്രീയം മറന്ന് ഇങ്ങനെ ചില നാലും മൂന്നും ഒക്കെ പറഞ്ഞിരിക്കാം എന്നു വിചരിച്ച് ഈ പോസ്റ്റ് ഇടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പ്രവചനാതീതമായ ഒരു തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാനിരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളും കഴിയുമ്പോൾ ഫലം അറിയാനുള്ള ആകാംക്ഷ എല്ലാവരിലും ഉണ്ടാകും. എന്നാൽ ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുമ്പില്ലാത്തവിധം വല്ലാത്തൊരു പിരിമുറുക്കം ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ എഴുതുന്ന ആളുടെ അനുഭവത്തിലുള്ള തെരഞ്ഞെടുപ്പുഫലങ്ങൾ വച്ചു നോക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും സർവ്വേകളൊക്കെ നടക്കാറുണ്ട്. അതിലൊന്നും വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ഇത്തവണയും പല സർവ്വേകളും നടന്നു. വ്യത്യസ്ത സർവ്വേകൾ വ്യത്യസ്ത ഫലങ്ങളാണു നൽകിയത്. സത്യത്തിൽ ഈ സർവ്വേകൾ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച നിഗമനമനങ്ങളെ കൂടുതൽ സങ്കീർണ്ണമാമാക്കുകയാണുണ്ടായിട്ടുള്ളത്. ഇരുമുന്നണികൾക്കും അനുകൂലമായ സർവ്വേ ഫലങ്ങൾ പുറത്തു വിട്ടിരിക്കുന്ന സ്ഥിതിയ്ക്ക് ഏതു മുന്നണി ജയിച്ചാലും ആ മുന്നണിയ്ക്കനുകൂലമായി സർവ്വേഫലം പ്രവചിച്ചവർ ആഹ്ലാദത്തിലാകും. അവരുടെ പ്രവചനം ശരിയായതിന്റെ പിന്നിലെ ശാസ്ത്രീയതയെക്കുറിച്ചും മറ്റും അവർ വാചാലരാകും.

അതൊക്കെ എന്തുമാകട്ടെ. ഞാൻ ഈ കുറിപ്പിൽ പ്രധാനമായും മറ്റു ചില കാര്യങ്ങൾ എഴുതാൻ വന്നതാണ്. അതായത് തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു കൂട്ടർ വിജയിക്കും. അപ്പോൾ ഒരു കൂട്ടർ സ്വാഭാവികമായും തോൽക്കുകയും ചെയ്യും. ആരു ജയിക്കുന്നു എന്നതിനേക്കാൾ ആരായാലും ജയിച്ചിട്ടു പിന്നെ എന്ത് എന്നതാണ് എറ്റവും പ്രധാനമായിട്ടുള്ളത്. ഈയുള്ളവൻ ഇടതുപക്ഷക്കാരനാണെന്ന് നെഞ്ചിൽ കൈവച്ചു പറയുന്നതിൽ യാതൊരു മടിയും ഉള്ള ആളല്ല. അതിൽ തന്നെ സി.പി.ഐ (എം) കാരനാണെന്നു പറയുന്നതിലും ഒട്ടും കുറവുകാണുന്നില്ല. വ്യക്തമായ രാഷ്ട്രീയമുള്ള ആളെന്നു ചുരുക്കം.അതുകൊണ്ടുതന്നെ യു.ഡി.എഫ് ജയിച്ചാൽ അവർ എങ്ങനെ ആയിരിക്കണം എന്നു ഞാൻ അഭിപ്രായം പറയുന്നത് ഉചിതമായിരിക്കില്ല. മറിച്ച് ഇടതുപക്ഷം ജയിച്ചാൽ പാലിക്കേണ്ട ചില കാര്യങ്ങൾ ഞാൻ പറയുന്നതിൽ അനൌചിത്യം ഉണ്ടാകില്ലെന്നു വിചാരിക്കുന്നു.

അതായത് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ആ ഒരു സാദ്ധ്യതയെ മുന്നിർത്തിയാണ് ഈ അഭിപ്രായ പ്രകടനം. ഭരണപക്ഷവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിൽ വളരെയൊന്നും ഉണ്ടായിരുന്നില്ല. ഒരുവിധം മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. പോരാത്തതിന് ഒരു വി.എസ് തരംഗം ഈ തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടായി വന്നതും ഇടതുപക്ഷത്തിന് കുറെ വോട്ടുകൾ നേടിക്കൊടുക്കാൻ ഇടയാക്കിയിട്ടുണ്ടാകണം. (സത്യം പറഞ്ഞെന്നു വച്ച് ഞാൻ വി.എസ്.ഗ്രൂപ്പാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട) മറ്റൊന്ന് യു.ഡി എഫും അതിന്റെ നേതാക്കളും ഈ തെരഞ്ഞെടുപ്പുകാലത്ത് മുമ്പില്ലാത്ത വിധം പ്രതിരോധത്തിലും ആയി പോയി. അഴിമതി, സ്ത്രീ പീഡനം തുടങ്ങിയ അരോപണങ്ങളും ശിക്ഷാവിധികളുമൊക്കെയായി വളരെ മോശമായ ഒരു പ്രതിച്ഛായയുമായിട്ടാണ് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നത്. അതുകൊണ്ടൊക്കെയാണ് സി.പി.ഐ (എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ ഒരു വിജയപ്രതീക്ഷ വച്ചുപുലർത്താൻ കഴിയുന്നത്.

ഇനി കാര്യത്തിലേയ്ക്ക് വരാം; എൽ.ഡി.എഫ് ജയിച്ചാലത്തെ കാര്യത്തിലേയ്ക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ഇതേപറ്റി എഴുതിയാൽ അതിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടേക്കാം. അതുലൊണ്ടാണ് വോട്ടെണ്ണാൻ ഏതാനും മണിക്കൂറുകൾ കൂടി ബാക്കി നിൽക്കവേ ഇതെഴുതുന്നത്. അതായത് ഇപ്പോൾ എൽ.ഡി.എഫ് വിജയിച്ചാൽ ഇനിയിത് ഒരു രണ്ടാമൂഴമാണ്. ആദ്യമായി കേരളത്തിൽ ഒരു മുന്നണിയ്ക്ക് ഭരണത്തുടർച്ച ലഭിക്കുകയാണ്. ഇതുവരെ കേരളത്തിൽ മുന്നണികൾ മാറി മാറി മാത്രം ഭരിച്ച ചരിത്രം തിരുത്തിക്കുറിക്കപ്പെടുകയാണ്. ഭരണം ലഭിക്കുന്നവർക്ക് ആഹ്ലാദമുണ്ടാകും. ആഹ്ലാദിക്കാൻ ന്യായമായും അവർക്ക് അവകാശവും ഉണ്ട്. തുടർച്ചയായി രണ്ടാം തവണകൂടി ഭരണം കിട്ടുമ്പോൾ ആഹ്ലാദം ഇരട്ടിക്കുകയായി. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരുണത്തിൽ തുറന്നു പറഞ്ഞുകൊള്ളുന്നു.

ഭരണം ലഭിക്കുന്നതിലെ ആഹ്ലാദം ചിലരിലെങ്കിലും അഹങ്കാരമായി മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. കാരണം ഇത് ഒരു ബൂർഷ്വാ സാമൂഹ്യ വ്യവസ്ഥിതിയാണ്. ഇത് മുതലാളിത്തത്തിന്റെ വൈകൃതങ്ങൾ നിലനിൽക്കുന്ന സമൂഹമാണ്. ഇവിടെ ജീവിക്കുന്ന ഇടതുപക്ഷക്കാരിലും ഇതിന്റെയൊക്കെ അംശങ്ങൾ കടന്നുകൂടാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ സംഭവിക്കാതിരിക്കുന്നതിന് ഇടതുപക്ഷ നേതൃത്വം സദാ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഓരോ ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും സ്വയം തന്നെ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യയ ശാസ്ത്രത്തിലൂടെ മാത്രമല്ല ജനങ്ങൾ പാർട്ടികളെയും മുന്നണികളെയും നോക്കിക്കാണുന്നതും മനസിലാക്കുന്നതും. അതിന്റെ നേതാക്കളുടെ പെരുമാറ്റങ്ങളും പ്രവർത്തനങ്ങളും കൂടി നോക്കിയിട്ടാണ് ജനങ്ങൾ പാർട്ടികളെയും മുന്നണികളെയും മനസിലാക്കുന്നത്. പ്രസ്ഥാനങ്ങളെ നന്നാക്കാനും ദുഷിപ്പിക്കാനും നേതാക്കളുടെ പെരുമാറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും അവരുടെ ജീവിത ശൈലികൾക്കും കഴിയും. നേതാക്കൾ ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്നത് അവർ നയിക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റും. ജനങ്ങളെ തെരഞ്ഞെടുപ്പുകാലത്തൊഴികെ തങ്ങളിൽ നിന്ന് അകറ്റി നിർത്താൻ പാടുപെടുന്ന നേതാക്കൾ ഇന്ന് നമുക്കുണ്ട്. ഇത് ഇടതുപക്ഷരീതിയല്ല. ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്നവരായിരിക്കണം ഇടതുപക്ഷ നേതാക്കൾ. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് കൈത്താങ്ങാകുകയും ചെയ്യേണ്ടവരാണ് ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും. അല്ലാതെ തത്വ ശാസ്ത്രം പ്രസംഗിച്ചു നടക്കുന്നതു മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രവർത്തനം.

കേന്ദ്ര തലം മുതൽ പ്രാദേശിക തലം വരെയുള്ള ഇടതു നേതാക്കൾ ആകർഷണീയവും അനുകരണീയവുമായ ജീവിത മാതൃകകൾ ശീലിക്കണം. ജനങ്ങളും അണികളും അനുഭാവികളും ഒക്കെ ഇതെല്ലാം നോക്കിക്കാണുന്നുണ്ട്. ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്നവർ പ്രാദേശിക നേതാക്കളാണ്. ജങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിലും അകറ്റുന്നതിലും അവരുടെ പ്രവർത്തനങ്ങൾ കാരണമാകും. തങ്ങളുടെ വിളിപ്പുറത്തുള്ള നേതാക്കൾ ജനങ്ങളോട് മോശമായ സമീപനം സ്വീകരിച്ചാൽ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലും. ഭരണം ലഭിക്കുമ്പോൾ ചിലരെങ്കിലും പിന്നെ ചില കോണ്ട്രാക്ടർമാരുമായും മദ്യമാഫിയകളും മണൽ മാഫിയകളുമായും മറ്റ് സമ്പന്ന വിഭാഗങ്ങളുമായും മാത്രം ചങ്ങാത്തമുള്ളവരായി മാറാറുണ്ട്. (അത്തരക്കാരുമായി മാത്രമാകരുത് ബന്ധം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ). അഴിമതിക്കാരും സ്വജന പക്ഷപാതികളായും ചിലരെങ്കിലും മാറാറുണ്ട്. എത്ര നല്ല നേതാക്കളും പ്രവർത്തകരും ഉണ്ടെങ്കിലും ഒന്നോരണ്ടോ പേർ അഴുക്കകളായാൽ മതി പാർട്ടികൾക്കും മുന്നണികൾക്കും മൊത്തത്തിൽ ചീത്തപ്പേരുണ്ടാകാൻ. നല്ല പ്രവർത്തനങ്ങളേക്കാൾ മോശം പ്രവർത്തനങ്ങളാകും എപ്പോഴും കൂടുതൽ ശ്രദ്ധിക്കപ്പെടുക. നല്ല നേതാക്കളുടെ ഗുണഗണങ്ങൾ വാഴ്ത്തുന്നതിലല്ല, ഒന്നോരണ്ടോ മോശപ്പെട്ട വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിലായിരിക്കും ആളുകൾ കൂടുതൽ താല്പര്യം കാണിക്കുക. നഞ്ചെന്തിനു നാനാഴി എന്നു പറയുമ്പോലെയാണ് കാര്യങ്ങൾ. കടലോളം വെള്ളത്തിൽ ഒരു തുള്ളി നഞ്ചു കലങ്ങിയാൽ മതി വെള്ളം മുഴുവൻ വിഷമയമാകാൻ. ഇത്തിരി പോന്ന ഇത്തിൾ കണ്ണികളാണ് വന്മരങ്ങളെ പടുവിച്ച് കടപുഴക്കി എറിയുന്നത്.

ഞാൻ പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ. നാലുവശത്തും ശത്രുക്കളുണ്ട് ഇടതുപക്ഷത്തിന്. അതിന്റെ കൂടെ ഇടതുപക്ഷത്തിനുള്ളിലുള്ളവർ തന്നെ തങ്ങളുടെ മോശപ്പെട്ട പ്രവർത്തങ്ങളിലൂടെ ഈ നല്ല ജനപക്ഷത്തിന്റെ ശത്രുക്കളായി മാറരുത്. ആരെങ്കിലും അങ്ങനെ ഇത്തിൾ കണ്ണികൾ ആയിട്ട് അവരെ കളയുന്നതിനേക്കാൾ ആരും ഇത്തിൾ കണ്ണികൾ ആകാതിരിക്കാൻ മുന്നേ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കണം എന്നു പറയുമ്പോലെ! അതു മാത്രമല്ല ഇത് ഒരു ജനാധിപത്യ രാജ്യമാണ്. ഭരണം കിട്ടിയാൽ ഇടതുപക്ഷം പ്രതിപക്ഷത്തോട് പ്രതികാര ബുദ്ധിയോടെ പെരുമാറാനും പാടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് അവരെ കള്ള കേസുകളിൽ പെടുത്തുകയോ, പോലീസിനെ ഉപയോഗിച്ച് സമാധാന പരമായ സമരങ്ങളെ അടിച്ചമർത്തുകയോ ചെയ്യാൻ പാടില്ല. ഭരണമുണ്ടെന്നു കരുതി എതിരാളികൾക്കെതിരെ അക്രമം നടത്താനും പാടില്ല. അങ്ങോട്ട് കയറി ആക്രമിക്കരുതെന്നേ പറയുന്നുള്ളൂ. പിന്നെ തുടരെ തുടരെ തോളിൽ വന്നു കയറിയാലുള്ള കാര്യം പ്രത്യേകം ആരും ആരെയും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ! ജനാധിപത്യപരമായ രീതിയിൽ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്താൽ യാതൊരു പ്രശ്നവും ഇല്ല. ഇക്കാര്യങ്ങളിൽ നമ്മൾ ഇടതുപക്ഷം മറ്റുള്ളവർക്ക് മാതൃകകൾ സൃഷ്ടിക്കണം. ഭരണം തന്നെ നമുക്ക് ഒരു പോരാട്ടം മാത്രമാണെന്നിരിക്കെ ഭരണമുള്ളതിന്റെ അഹങ്കാരം നമ്മൾ ഒരിക്കലും കാണിക്കാതിരിക്കുക.

ഇതൊന്നുമല്ല, ജനവിരുദ്ധമാർഗ്ഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ കാലം പഴയതല്ലെന്നും ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ചും നേതാക്കളെ! തെറ്റായ നടപടികൾ ഭരണത്തിലായാലും മുന്നണിയിലായാലും പാർട്ടികളിലായാലും സ്വീകരിച്ചാൽ അത് അതേപടി അംഗീകരിക്കാൻ അണികൾ തയ്യാറായെന്നു വരില്ല. അണികൾ നേതൃത്വത്തെ തിരുത്തിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ പോകും. സ്വന്തം പാർട്ടിക്കെതിരെ പോലും പ്രതികരിക്കാൻ അണികൾക്ക് ഇന്ന് പല മാർഗ്ഗങ്ങളും ഉണ്ട് എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. ധാർഷ്ട്യവും, അഹങ്കാരവും, ജാഡകളും ഒക്കെയായി നടക്കുന്ന നേതാക്കളെ അണികൾ പണ്ടേ പോലെ സഹിച്ചുകൊള്ളും എന്ന് ഒരു പാർട്ടിയും തെറ്റിദ്ധരിക്കരുതെന്ന് തുറന്നുതന്നെ എഴുതുന്നു. ഇനി തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനെതിരാണെങ്കിലും ഈ പോസ്റ്റ് അപ്രസക്തമൊന്നുമല്ല. ഭരണനഷ്ടം ശാശ്വതമല്ലല്ലോ. മാത്രവുമല്ല, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒക്കെ ഇപ്പോഴും നമുക്ക് ഭരണമുണ്ടല്ലോ. ഭരണമുള്ളതിന്റേയോ കൈയ്യൂക്കിന്റെയ്യൊ ബലത്തിൽ അരുതായ്മകൾ അരുതെന്നു പറഞ്ഞുവയ്ക്കുന്നു എന്നു മാത്രം. ഇത് വായിക്കേണ്ടവർ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല. ഇത്രയും ഞാൻ എഴുതിയിരുന്നല്ലോ എന്ന എന്റെ മന:സമാധാനത്തിന് വേണ്ടി എഴുതുന്നുവെന്നു മാത്രം. ആദ്യമായി ആവർത്തിച്ച് ഭരണം കിട്ടുമ്പോൾ അതിൽ അഹങ്കരിച്ച് പിന്നീട് ഒരിക്കലും ഭരണം കിട്ടാത്ത ഒരു അവസ്ഥ വരുമോ എന്ന മനുഷ്യസഹജമായ സന്ദേഹത്തിൽ നിന്നും എഴുതിപ്പോയതാണ് ഈ ഈ കുറിപ്പ്. അതിനു ഭരണം കിട്ടിയിട്ടു വേണ്ടേ നിങ്ങൾ അഹങ്കരിക്കാൻ എന്നൊന്നും ആരും കമന്റ് ചെയ്യേണ്ട കാര്യമില്ല. കിട്ടുമെന്ന പ്രതീക്ഷയിൽ എഴുതുന്നതാണിത്. ഇനി ഭരണം ഇപ്പോൾ കിട്ടിയില്ലെങ്കിലും എൽ.ഡി.എഫും, സി.പി.ഐ (എം) ഉം ഇല്ലാതാകാനൊന്നും പോകുന്നില്ല. കൂടുതൽ ശക്തിപ്പെടുകയേ ഉള്ളൂ!

പിൻകുറിപ്പ്: ഞാൻ ഈ എഴുതിയത് വായിച്ച് ഇത് പാർട്ടിവിരുദ്ധമെന്ന് ആർക്കെങ്കിലും തോന്നി പോകുന്നെങ്കിൽ ശ്രദ്ധിക്കുക; ഞാൻ മേൽ സൂചിപ്പിച്ച ഏതൊക്കെയോ വലതുപക്ഷ- മുതലാളിത്ത ജീർണ്ണതകൾ നിങ്ങൾപോലും അറിയാതെ നിങ്ങളെ ബാധിച്ചിട്ടുണ്ടാകും. ജാഗ്രതൈ!