Saturday, May 14, 2011

എൽ.ഡി.എഫ് ഇപ്പോൾ തോറ്റിട്ടൊന്നുമില്ല, എങ്കിലും...........

എൽ.ഡി.എഫ് ഇപ്പോൾ തോറ്റിട്ടൊന്നുമില്ല, എങ്കിലും...........

കേവല ഭൂരിപക്ഷം നേടുക എന്നാൽ വിജയിക്കുക എന്നു തന്നെ അർത്ഥം. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും യു.ഡി.എഫ് വിജയിച്ചു. സാങ്കേതിക വിജയം എന്നൊക്കെ പറയാമെങ്കിലും വിജയം വിജയം തന്നെ. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം നേടാൻ പോകുന്ന യു.ഡി.എഫിന് അഭിനന്ദനങ്ങൾ! ഇടതുപക്ഷത്തും വലതു പക്ഷത്തും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ! പരാജയപ്പെട്ട ഇരുപക്ഷത്തെയും സ്ഥാനാർത്ഥികളോട് പറയാനുള്ളത് തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങൾ അല്ല രാഷ്ട്രീയ പ്രവർത്തനത്തിലെ അവസാന വാക്ക്. പൊതുജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് തെരഞ്ഞെടുപ്പ് പോരാട്ടം. ജയിച്ചവർ എല്ലാം തോറ്റവരെക്കാൾ കേമന്മാരോ മറിച്ചോ അല്ല.

ഇഞ്ചോടിഞ്ച് നടന്ന ഈ മത്സരം ഇരു മുന്നണികൾക്കും പുതിയ ചില പാഠങ്ങൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് കൂട്ടിമുന്നണി സംവിധാനം നിലനിൽക്കുന്ന ഇവിടെ തുച്ഛമായ ആൾബലമുള്ള ചെറു ഘടക കക്ഷികളായാൽ പോലും അവരെ പിണക്കി വിടുന്നത് ബുദ്ധിപരമല്ല എന്നതാണ്. എന്തിന് വ്യക്തിപരമായി ജനസ്വാധീന മുള്ള സ്വതന്ത്രരെ പോലും പിണക്കി അകറ്റുന്നത് ദോഷം ചെയ്യും. ഇത് ഒരു പുതിയ വെളിപാടൊന്നുമല്ലെങ്കിലും ഇതേ പറ്റി ഓർക്കേണ്ട ഒരു സന്ദർഭമാണിത്. പ്രത്യേകിച്ചും ഇടതുപക്ഷത്തിനാണ് ഘടക കക്ഷികൾ പലതിനെയും കൂടെ നില നിർത്താൻ കഴിയാതെ പോയത്. ഏതാണ്ട് തൂക്കുസഭപോലെ ഉള്ള ഒരു സഭയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അപ്പോൾ തൂക്ക് സഭയും സംഭവിക്കാവുന്ന ഒന്നാണെന്ന അനുഭവപാഠം ഈ തെരഞ്ഞെടുപ്പു ഫലം നൽകുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒപ്പമുണ്ടായിരുന്ന എല്ലാവരും ഈ തെരഞ്ഞെടുപ്പിലും കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ നേരിയ മുൻ തൂക്കം എൽ.ഡി.എഫിന് ഉണ്ടാകുമായിരുന്നു. അതെന്തുമാകട്ടെ. ഈ അനുഭവം രണ്ടു കൂട്ടർക്കും പാഠം തന്നെ.


പറയാതിരിക്കാൻ വയ്യാഞ്ഞിട്ട് പറയുകയാണ്. മലപ്പുറത്തെ മുസ്ലിം ലീഗ് അണികളുടെ പാർട്ടിക്കൂറ് ശരിക്കും വെളിപ്പെടുത്തുന്നതാണ് അവർ നേടിയ തിളക്കമാർന്ന വിജയം. അത്രയേറെ പ്രതിരോധത്തിലായിട്ടും സ്വന്തം പാർട്ടിയെ സംരക്ഷിക്കാനും തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാനും അവർക്ക് കഴിഞ്ഞു. അവർ ആരോപണ വിധേയരായ അവരുടെ നേതാക്കളെ സംരക്ഷിക്കുന്നത് ന്യായമോ അന്യായമോ എന്നത് വേറെ കാര്യം. ഒരു പക്ഷെ വലിയ ആദർശത്തിലും സദാചാരത്തിലും ഒന്നും അവർ വിശ്വസിക്കാത്തതുകൊണ്ടാകാം. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും തെരഞ്ഞെടുപ്പു അടുക്കുമ്പോൾ ഒരുമിച്ചു നിൽക്കുന്ന യു.ഡി.എഫ് കക്ഷികളെ അക്കാര്യത്തിൽ സമ്മതിക്കണം.

കോൺഗ്രസ്സിന്റെ നയ വൈകല്യങ്ങൾക്കും ഓരോ പ്രശ്നങ്ങളിലുള്ള തെറ്റായ നിലപാടുകൾക്കും അവർക്ക് കിട്ടാവുന്ന ചെറിയ കൊട്ട് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുണ്ട്. മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നൽകാതിരിക്കുന്നതുവഴി സി.പി.എമ്മിനും കിട്ടി കൊട്ട്. സത്യത്തിൽ ജനങ്ങൾ ഇരുമുന്നണികൾക്കും നല്ലൊരു കൊട്ടു കൊട്ടി എന്നതാണ് സത്യം. ഇടതുപക്ഷത്തിന്റെ ഭരണനേട്ടങ്ങളെ പരിഗണിച്ച് കൊട്ടാൻ തന്നെയിരുന്ന ചിലർ ഒടുവിൽ കൊട്ടേണ്ടെന്നും വിചാരിച്ചു. അതുകൊണ്ട് ദയനീയ പരാജയം ഉണ്ടായില്ല. ലീഗ് നേതാക്കൾക്കെതിരെ ഉണ്ടായ ആരോപണങ്ങൾ അവരെ ബാധിച്ചില്ല. എന്നാൽ ലീഗിന്റെ സ്വാധീന മേഖലകൾക്ക് പുറത്ത് മറ്റിടങ്ങളിൽ യു.ഡി.എഫിനെ സാരമായി ബാധിക്കുകയും ചെയ്തു. വി.എസ് ഫാക്ട് ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാകാതിരിക്കാൻ കുറച്ചു സഹായിച്ചിട്ടുണ്ട്.

മറ്റൊന്ന് ഭരണ മികവുകൊണ്ടോ, എതിർ പക്ഷത്തിനെതിരെ ഉയർന്നുവരുന്ന ഗുരുതരമായ ആരോപണങ്ങൾ കാരണമായോ സമ്പൂർണ്ണ തെരഞ്ഞെടുപ്പ് വിജയം നേടാമെന്നും ആരും കരുതേണ്ട എന്നും ഈ തെരഞ്ഞെടുപ്പുഫലം പറയുന്നു. എന്നാൽ ജനങ്ങൾക്കൊപ്പം എപ്പോഴും വിളിപ്പുറത്തു തന്നെ കിട്ടുന്ന നേതാക്കളെ ഏതു തരംഗത്തിനിടയിലും ആളുകൾ ജയിപ്പിക്കും എന്നും ഉറപ്പാണ്. അത് ആ നേതാക്കൾ വ്യക്തിപരമായി കുഴപ്പങ്ങൾ ഉള്ളവർ ആയാൽ പോലും. അതിന് പല ഉദാഹരണങ്ങളും ഉണ്ട്. ആളുകളെ കാണുമ്പോൾ മസിലും പിടിച്ചു നടക്കുന്നവരും ജനങ്ങളിൽ നിന്ന് അകലം പാലിക്കുന്നവരും തോൽക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഈ തെരഞ്ഞെടുപ്പും തെളിയിക്കുന്നു. സി.പി.എമ്മിലായാലും പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഉൾക്കൊള്ളാത്ത നേതാക്കളെ സ്ഥാനാർത്ഥികളായി കെട്ടിയിറക്കിയാൽ പണ്ടേ പോലെ ജയിക്കില്ലെന്നും ഈ തെരഞ്ഞെടുപ്പ് ചില സ്ഥലങ്ങളിലെങ്കിലും തെളിയിച്ചിട്ടുണ്ട്. സ്ഥലങ്ങളോ ഉദാഹരണങ്ങളോ ഒന്നും എടുത്തുകാട്ടാൻ ഉദ്ദേശിക്കുന്നില്ല.

എന്തായാലും എൽ.ഡി.എഫ് പത്തു സീറ്റുകളുടെ ഭൂരിപക്ഷം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. അപ്പോഴേ പരാജയം ഉറപ്പായിരുന്നു.പിന്നെ പ്രതീക്ഷ കൈവിട്ടില്ലെന്നുമാത്രം. ജനാധിപത്യം ഒരു പരീക്ഷണം തന്നെയാണ് എന്ന് തെളിയുന്നത് ഇത്തരം തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെയാണ്. ഭരണം നഷ്ടപ്പെട്ടെങ്കിലും ജനങ്ങൾക്ക് ഗുണം കിട്ടുന്ന കാര്യങ്ങൾ ചെയ്താൽ അതിന്റേതായ ഗുണം തെരഞ്ഞെടുപ്പിൽ ഉണ്ടാകും എന്നതിൽ സംശയമില്ല. എൽ.ഡി.എഫ് ഭരണത്തിന്റെ അവസാനനാളുകളിലെ ഭരണ മികവു തന്നെയാണ് വീണ്ടും അധികാരത്തിൽ എത്തുമായിരുന്ന ഒരു സ്ഥിതി വിശേഷം സംജാതമാക്കിയത് എന്നതിൽ തർക്കമില്ല. ഇല്ലെങ്കിൽ കോൺഗ്രസ്സിനു കടുത്ത പരീക്ഷണം നൽകാൻ പോന്ന ഒരു തെരഞ്ഞെടുപ്പു വിജയമായിരിക്കല്ലല്ലോ ഉണ്ടാകുമായിരുന്നത്!

എന്തായാലും സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുകതന്നെ! ഇനി ഭരണത്തിനു പുറത്ത് എൽ.ഡി.എഫിന് പോരാട്ടത്തിന്റെ നാളുകൾ. സുഖകരമായ ഒരു ഭരണം യു.ഡി.എഫിന് ഈ ഒരു നിസാര ഭൂരിപക്ഷത്തിൽ നടത്തിക്കൊണ്ടു പോകാൻ കഴിയുമോ എന്നത് കാത്തിരുന്നു കാണുക!

7 comments:

Anonymous said...

ഇനി ഭരണത്തിനു പുറത്ത് എൽ.ഡി.എഫിന് പോരാട്ടത്തിന്റെ നാളുകൾ.
ഹ ഹ ഇനി ബസ്സുകള്‍ എറിഞ്ഞ് തകര്‍ക്കാം,കെട്ടിടങ്ങള്‍ തല്ലി തകര്‍ക്കാം,ഹര്‍ത്താല്‍ ഉത്സവങ്ങള്‍ സംഘടിപ്പിക്കാം,അങ്ങനെ അങ്ങനെ.....

Faizal Kondotty said...

ഭരണ മാറ്റം എന്ന കാല കാല പ്രവണതയിലും നാല്‍പതു അഞ്ചു സീറ്റ് നേടി സി പി എം ഏറ്റവും വലിയ ഒറ്റ കക്ഷിയായി നില്‍ക്കുന്നത് ഇടതു മതേതര മൂല്യങ്ങളെ കേരള ജനത കൈവെടിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ തെളിവാണ് .പതിനാലില്‍ ഒന്‍പതു ജില്ലകളിലെ ജനങ്ങള്‍ ഇടതു മുന്നണിയുടെ കൂടെയാണ് എന്നതും സി പി എം /സി പി ഐ മന്ത്രിമാര്‍ പരാജയ പ്പെട്ടില്ല എന്നതും ഓര്‍ക്കുക . കോണ്‍ഗ്രസ്‌ നെ ജനങ്ങള്‍ ഒരു പരിധി വരെ ഒക്കെ തള്ളി കളഞ്ഞു എന്നും.

മലപ്പുറത്ത്‌ ലീഗിന്റെ ഈ വലിയ നേട്ടം ഇല്ലായിരുന്നെങ്കില്‍ യു ഡി എഫിന്റെ സ്ഥിതി എന്താകുമായിരുന്നു ..

ചുരുക്കത്തില്‍ ലീഗുകാര്‍ക്കും സി പി എം / സി പി ഐ കാര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്ക് കാര്യമായി സന്തോഷിക്കാന്‍ ഒരു വകയും ഈ റിസള്‍ട്ട്‌ നല്‍കുന്നുണ്ട് എന്ന് തോന്നുന്നില്ല ..ചില ഒറ്റയാള്‍ പാര്‍ട്ടികള്‍ക്ക് വിലപേശാനും.. പിന്നെ മാണി സാര്‍ക്ക് ഒന്ന് വിലസാനും , തന്നെ ഒതുക്കാന്‍ നോക്കിയ കൊണ്ഗ്രെസ്സ് കാരെ ഒന്ന് ക്ഷ മ്മ ഞ്ജ വരപ്പിക്കാനും !

ചുരുക്കത്തില്‍ ചില ഘടക കക്ഷികള്‍ക്ക് മാമ്മാ പണി ചെയ്യുന്ന ഒരു കക്ഷിയായി കോണ്‍ഗ്രസ്‌ അധ: പതിക്കും എന്ന് ആശങ്കപ്പെടാതെ വയ്യ .
ഇത് കണ്ടു മടുത്തു കേരള ജനത ഇടതു സര്‍ക്കാരിനെ തിരിച്ചു വിളിക്കണം എന്ന് പറയുന്ന കാലം വരുമോ ?:)

Anonymous said...

സമുദായത്തിന്റെ പേരില്‍ പാര്‍ട്ടിഉണ്ടാക്കുക, കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുക, സീറ്റിന്റെ എണ്ണം നിങ്ങളുടെ സ്ഥലത്ത് കൂട്ടുക... ഭരണം നിങ്ങളെ തേടി എത്തും

നികു കേച്ചേരി said...

എന്നാലും മലപ്പുറത്തെ ലീഗിന്റെ പ്രകടനം....സമ്മതിച്ചിരിക്കുന്നു.

കണ്ണൂരിലേയും പാലക്കാട്ടേയും പാലംവലിയും നന്നായി...

പ്രബുദ്ധകേരളം മുന്നോട്ടുതന്നെ...

ഹാപ്പി ബാച്ചിലേഴ്സ് said...

ഇപ്രാവശ്യത്തെ ഇലക്ഷൻ ശരിക്കും നല്ലൊരു ഇലക്ഷൻ തന്നെയായിരുന്നു. മാഷ് പറഞ്ഞത് പോലെ തന്നെ രണ്ട് മുന്നണികൾക്കും ഒരു പാഠമാണ് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ് ഫലം. അഞ്ച് വർഷം കഴിഞ്ഞാൽ ഭരണം എന്തായാലും തങ്ങൾക്കു തന്നെ എന്ന് ഉറപ്പിച്ച് പറയുന്ന പ്രതിപക്ഷം ഇനി അത്തരമൊരു പ്രവചനത്തിനു മുതിരില്ല. "പൊതുജനം എല്ലായ്പ്പോഴും കഴുതയല്ല" [കടപ്പാട്: ഒരു ബസ്]

മാഷേ, ലേഖനം നന്നായി.

പത്രക്കാരന്‍ said...

ഇടതു പക്ഷത്തിനു അടിസ്ഥാന ആശയങ്ങളിലേക് മടങ്ങിപോയി ഒരു സ്വയം തിരുത്തലിനു ഉള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്താന്‍ കഴിയട്ടെ...
എന്‍റെ ബ്ലോഗ്ഗില്‍ ഒരു കമന്റ്‌ കണ്ടു "മാണിയും കോണിയും ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്‌ കുടുങ്ങിയേനെ " എന്ന്. അത് തന്നെയാണ് വാസ്തവം. ഐസ് ക്രീം ഭൂതം ഇത്തവണ ലീഗിനെ വിട്ട് കോണ്‍ഗ്രസിനെ പിടി കൂടി എന്നുറപ്പ്. എസ് ഡിപിഐ , ജമ അത്തെ പോലുള്ള മുസ്ലിം തീവ്രവാദ സംഘടനകളെ വെല്ലുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ലീഗിന് കഴിഞ്ഞു. അല്ലെങ്കില്‍ കേരള ജനതക്കാകെ നാണക്കേട്‌ ഉണ്ടാകുന്ന വിധത്തില്‍ ഉള്ള തിരഞ്ഞെടുപ്പ് ഫലം വെങ്ങരയില്‍ സംഭവിക്കില്ലായിരുന്നു. ഒരിക്കല്‍ തുറന്നുപറഞ്ഞപോലെ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഇനിയും കുഞ്ഞാലിയെ ജയിപ്പിക്കില്ലായിരുന്നു...
എന്നാല്‍ മലപ്പുറമല്ല കേരളം എന്നതിനാല്‍ കുഞ്ഞാലിയെ താങ്ങിയതിനു കോണ്‍ഗ്രസിന്‌ പണി കിട്ടുകയും ചെയ്തു!!!!

സ്വന്തം രാഷ്ട്രീയം അടക്കിപ്പിടിച്ചു കൊണ്ട് വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തി. നല്ല പോസ്റ്റ്‌..

ChethuVasu said...

"Democracy is all about demography, rest of the talk is mere hypocrisy" - Vasu