കണ്ണൂർ സൈബർമീറ്റ്പോസ്റ്റ്
(പോസ്റ്റിനു താഴെ ഏതാനും ചിത്രങ്ങളും ഉണ്ട്)

ഓരോ പരിപാടി മുൻകൂട്ടി നിശ്ചയിക്കുമ്പോഴും ആ ദിവസം വരുമ്പോൾ എന്തെങ്കിലും അസൌകര്യം വന്ന് അതിൽ പങ്കെടുക്കാൻ കഴിയാതെ വരുമോ എന്ന ഉൾക്കണ്ഠ എന്നെ ബാധിക്കാറുണ്ട്. കണ്ണൂർ സൈബർ മീറ്റിനെ സംബന്ധിച്ചും ഈ ഒരുൾക്കണ്ഠ ഉണ്ടായിരുന്നു.ഭാഗ്യത്തിന് സമയത്ത് മറ്റ് അസൌകര്യങ്ങൾ ഒന്നും വന്നു ചേർന്നില്ല. അങ്ങനെ കണ്ണൂർ സൈബർ മീറ്റിലും എനിക്ക് പങ്കെടുക്കാനായി എന്നതിൽ ഞാൻ കൃതാർത്ഥനാണ്. ബ്ലോഗ്മീറ്റിലായാലും മറ്റേതൊരു പരിപാടിയിലായിരുന്നാലും പങ്കെടുക്കാൻ എത്തുന്നത് അല്പം താമസിച്ചായാലും പരിപാടി മുഴുവൻ തീർന്നിട്ടേ മടങ്ങുന്ന പതിവുള്ളൂ. എന്നാൽ ഈ മീറ്റിൽ ഞാൻ നേരത്തെ എത്തുകയും നേരത്തേ പോകാൻ നിർബന്ധിതമാകുകയും ചെയ്തു. കാരണം പിറ്റേന്ന് കാലത്ത് ഏഴ് മണിയ്ക്ക് മുമ്പെങ്കിലും വീട്ടിൽ എത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് കണ്ണൂർനിന്ന് മടക്കയാത്ര തൂടങ്ങിയാലേ ഈ പറഞ്ഞ സമയത്ത് വീട്ടിലെത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് വളരെ വിഷമത്തോടെയാണെങ്കിലും ഉച്ചയ്ക്ക് സദ്യ കഴിഞ്ഞ് ഞാൻ മീറ്റിൽ നിന്നും യാത്ര പറഞ്ഞു. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം മീറ്റ് എങ്ങനെയിരുന്നു എന്നെനിക്കറിയാൻ ഇനി മറ്റാരുടെയെങ്കിലും പോസ്റ്റ് വായിക്കണം. എങ്കിലും എനിക്ക് ഈ മീറ്റിൽ പങ്കെടുക്കുന്നതിനു വേണ്ടി വീട്ടിൽനിന്ന് യാത്ര തിരിക്കുന്നതുമുതൽ മീറ്റിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള അനുഭവങ്ങൾ വച്ച് ഇതുവരെ പങ്കെടുത്ത മറ്റെല്ലാ മീറ്റുകളെക്കുറിച്ച് എഴുതിയിട്ടുള്ളവയെക്കാൾ നല്ലൊരു നെടുനീളൻ പോസ്റ്റ് ഇടാനുള്ള കാര്യങ്ങൾ ഉണ്ട്. എന്നാൽ അത്തരം സാഹസത്തിന് തൽക്കാലം മുതിരണമോ എന്നു തീരുമാനിച്ചിട്ടില്ല്ല.
എന്തായാലും ആദ്യം മീറ്റിനെക്കുറിച്ച് പറയാം. കണ്ണൂർ മീറ്റും അർത്ഥപൂർണ്ണമായി. ഒരു മീറ്റ് എന്നതുകോണ്ട് അർത്ഥമാക്കുന്നത് എന്താണോ ആ അർത്ഥത്തിൽ ഈ മീറ്റും സമ്പൂർണ്ണ വിജയമായിരുന്നു. എന്നാൽ പങ്കാളിത്തം പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല എന്നൊരു നിരാശ എല്ലാവരിലും ഉണ്ടായി. അത് വലിയൊരു പങ്കാളിത്തം പ്രതീക്ഷിച്ചതുകൊണ്ട് ഉണ്ടായതാണ്. ആളു കുറഞ്ഞതിന്റെ ഒരു ജാള്ള്യത ജാള്യത സംഘാടകർ ക്ഷമാപണപൂർവ്വം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ സംഘാടകരുടെ എന്തെങ്കിലും വീഴ്ചകൊണ്ടല്ല ഈ മീറ്റിൽ ആളുകുറഞ്ഞത് എന്നാണ് എന്റെ അഭിപ്രായം.കാരണം ഒരു മീറ്റിന്റെ സംഘാടനത്തിന് ആവശ്യമായ ഒരു കാര്യത്തിലും വീഴ്ച വന്നിട്ടില്ല. അറിയിപ്പുകൾ, ഹാൾ, പരസ്യങ്ങൾ, ഉച്ചഭക്ഷണം, താമസ സൌകര്യം ഇതെല്ലാം അതിന്റെ വഴിക്ക് നടന്നു. സംഘാടകർതന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തതുകൊണ്ട് അവർക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ചെയ്യേണ്ടതൊക്കെ സംഘാടകർ ചെയ്തു. പക്ഷെ വരാമെന്നു ഉറപ്പിച്ച് പറഞ്ഞവരും വരാനുള്ള സാദ്ധ്യത പറഞ്ഞവരും വരുമെന്ന് കരുതിയതിലും നല്ലൊരു പങ്ക് വന്നില്ല. അത് സംഘാടകരുടെ വീഴ്ചയല്ല. എന്നാൽ ഒരു മീറ്റിന് ആവശ്യമായ പങ്കാളിത്തം ഉണ്ടാകുകയും ചെയ്തു. ഇതുവരെ നേരിൽ കാണാൻ കഴിയാത്ത പല ബ്ലോഗ്ഗർമാരെയും ഈ മീറ്റിൽ വച്ചും എനിക്ക് കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഇതുവരെ മീറ്റുകളിൽ പങ്കെടുക്കാത്ത പലരും ഈ മീറ്റിൽ ഉണ്ടായിരുന്നു.
പ്രതീക്ഷിച്ചതുപോലെ പങ്കാളിത്തം ഉണ്ടാകാത്തതിന് മറ്റ് പല കാരണങ്ങളുമാണുള്ളത്. ഒന്ന് ഓണം പോലെയുള്ള പൊതു ആഘോഷ വേളകളിലെ ഏതെങ്കിലുമൊരു അവധി ദിവസം ഇത്തരം പരിപാടികൾ നടത്താൻ ഉചിതമല്ല. കാരണം പലർക്കും ഇത്തരം വേളകളിൽ ഇതുപോലുള്ള പരിപാടികളിൽ വരാൻ അസൌകര്യങ്ങൾ ഉണ്ടാകും. ഞാനും നന്നേ അഡ്ജസ്റ്റ് ചെയ്തിട്ടാണ് മീറ്റിനെത്തിയത്.കണ്ണൂരിൽ നിന്ന് കൂടുതൽ തെക്കോട്ടുള്ളവർക്ക് വലിയൊരു ദൂരം ഈ സമയത്ത് യാത്രയ്ക്ക് വേണ്ടി ചെലവഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നിരിക്കും. . തുടർച്ചയായി ഇതിനുമുമ്പ് പല മീറ്റുകൾ പല സ്ഥലത്ത് വച്ച് നടക്കുകയും അതിലെല്ലാം ധാരാളം പേർ പങ്കെടുക്കുകയും ചെയ്തതാണ്. അതുകൊണ്ട് ചിലരെങ്കിലും ഈ മീറ്റിൽ മറ്റ് അസൌകര്യങ്ങൾ കൂടി കണക്കിലെടുത്ത് വരാൻ മടിച്ചിട്ടുണ്ടാകണം. മീറ്റിന്റെ പിറ്റേന്ന് സ്കൂളുകളും ഓഫീസുകളും തുറക്കുന്നതിനാൽ യാത്രയ്ക്കുള്ള തിക്കുംതിരക്കും മടക്കയാത്രയ്ക്ക് പ്രയാസങ്ങൾ ഉണ്ടാക്കും എന്നതും മിറ്റ് കഴിഞ്ഞ് പിറ്റേന്ന് വിദ്യാർത്ഥികൾക്ക് പഠനസ്ഥലങ്ങളിലേയ്ക്കും ജോലിയുള്ളവർക്ക് ജോലിസ്ഥലങ്ങലിലേയ്ക്കും പോകാൻ കഴിയില്ല എന്നതും ചിലരെ സ്വയം ഈ മീറ്റിൽ വരുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാകാം. വീടും ജോലി സ്ഥലവും, വീടും പഠന സ്ഥലവും ഒക്കെ തമ്മിൽ ദൂരമുള്ളവർക്ക് ഈ മീറ്റിൽ വരുന്നത് കൊണ്ട് പിറ്റേന്ന് അസൌകര്യങ്ങൾ ഉണ്ടാകുമായിരുന്നിരിക്കണം. പ്രവാസികളിൽ പലർക്കും പ്രതീക്ഷിച്ചതുപോലെ ലീവും കിട്ടിയിട്ടുണ്ടാവില്ല. അതൊക്കെക്കൊണ്ടാകാം. പ്രതീക്ഷിച്ച പങ്കാളിത്തം വരാതിരുന്നത്. അതൊക്കെ എന്തെങ്കിലുമാകട്ടെ പറഞ്ഞതിൽ പകുതി പേരും, പറയാത്തവരിൽ ചിലരെങ്കിലും കൂടി വന്ന് മീറ്റ് വൻവിജയമാക്കി. . ആദ്യമേ പറഞ്ഞല്ലോ കൂടുതൽ പേരെ പ്രതീക്ഷിച്ചു എന്നതുകൊണ്ടാണ് ആളെണ്ണത്തിന്റെ കാര്യത്തിൽ ഒരു നിരാശ വന്നത്. അല്ലാതെ മീറ്റിന് തീരെ ആളില്ലാഞ്ഞതല്ല.
എന്നെ സംബന്ധിച്ച് ഈ മീറ്റും വലിയൊരു അനുഭവമായിരുന്നു. മീറ്റുകളിൽ പങ്കെടുത്ത് പങ്കെടുത്ത് ഇനി ഇടയ്ക്കിടെ ഇങ്ങനെ ബ്ലോഗ്ഗർമാരെയും, ബ്ലോഗിനികളെയും നേരിൽ കാണാതെ പറ്റില്ലെന്ന അവസ്ഥ ആയിട്ടുണ്ട്. ഓരോ മീറ്റിലും അതുവരെ നേരിൽ കണ്ടിട്ടില്ലാത്തവരെ നേരിൽ കാണാൻ കഴിയും എന്നതിന്റെ ആവേശം വേറെയും. ബ്ലോഗ് മീറ്റിൽ വന്ന് ക്യാമറകളുമായി പടം പിടിക്കാൻ ഓടി നടക്കുന്നവരുടെ ആവേശവും സന്തോഷവും മറ്റും കണ്ടാൽ മതി ബ്ലോഗ്മീറ്റുകൾ ബ്ലോഗാളികൾക്ക് എത്ര സന്തോഷപ്രദമാണ് എന്ന് മനസിലാക്കാൻ. ഓരോ മീറ്റും കേവലം ഒരു അനുഭവം എന്നതിനപ്പുറം ഓരോ ചരിത്ര സംഭവങ്ങളായി അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും രേഖപ്പെടുത്തപ്പെടുന്നുമുണ്ടല്ലോ. ബ്ലോഗിന്റെ ലോകം ഇപ്പോഴും അന്യമായിട്ടുള്ളവർക്ക് പറഞ്ഞാൽ മനസിലാകാത്ത എന്തോ വൈകാരികത ബ്ലോഗ്ഗർമാരിൽ ബഹുഭൂരിപക്ഷത്തിനുമുണ്ട് എന്നത് ഓരോ ബ്ലോഗ് മീറ്റുകളിലെയും പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷെ കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി പറഞ്ഞതുപോലെ വ്യത്യസ്തമായ ആശയങ്ങളും വിശ്വാസങ്ങളും വച്ചു പുലർത്തുന്ന എല്ലാവരിലും നന്മയുടെ- മാനവികതയുടെ ഒരംശം കിടക്കുന്നു എന്നതു തന്നെയാകണം ബ്ലോഗ്ഗർമാരെ പരസ്പരം ഒത്തു ചേരാൻ പ്രേരിപ്പിക്കുന്നതും അത് വൈകാരികമായ ഒരനുഭവമായി മാറുന്നതും.
എനിക്ക് വലിയ സന്തോഷമുണ്ട്. കണ്ണൂർ മീറ്റിൽ കൂടി പങ്കെടുത്ത് കഴിഞ്ഞതോടെ അറിയപ്പെടുന്ന നല്ലൊരു പങ്ക് സജീവ ബ്ലോഗ്ഗർമാരെയും നേരിൽ കാണാൻ കഴിഞ്ഞു. ഇനിയും ചിലർ ബാക്കിയുണ്ടെങ്കിലും. ഞാൻ ബ്ലോഗിൽ വരുന്ന നാളുകളിൽത്തന്നെ നേരിൽ കാണണമെന്നഗ്രഹിച്ചിരുന്ന പ്രമുഖ ബ്ലോഗ്ഗർമാരിൽ ചിലരായ കെ.പി.സുകുമാരനും ചിത്രകാരനും മറ്റും കണ്ണൂർ മീറ്റിൽ പങ്കെടുക്കുമെന്ന സൂചന ലഭിച്ചപ്പോൾത്തന്നെ ഈ മീറ്റ് എനിക്ക് മിസ് ആകരുതേ എന്ന് ആഗ്രഹിച്ചിരുന്നു. എന്തായാലും ഇതിലും പങ്കേടുക്കാൻ കഴിഞ്ഞു. മീറ്റിൽ ഷെരീഫ് കൊട്ടാരക്കരയായിരുന്നു മോഡറേറ്റർ എങ്കിലും മൊബെയിൽ വീഡിയോ പിടിത്തത്തിനിടെ കെ.പി.എസും വന്ന് മോഡറേറ്ററായിരുന്നു. അതുപോലെ ഞാൻ നേരിൽ കണ്ടിരുന്നില്ലാത്ത മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം,സമദ്,നൌഷാദ് അകമ്പാടം, ശ്രീജിത്ത് കൊണ്ടോട്ടി,നാടകക്കാരൻ, മേല്പത്തൂരാൻ, മുക്താർ, സമീർ തിക്കോടി, വാല്യക്കാരൻ, ശാന്ത കാവുമ്പായി, എം.സി.പ്രീത, മിനിലോകം തുടങ്ങി വേറെ പലരെയും ഈ മീറ്റിൽ ആദ്യമായി നേരിൽ കാണാനായി. മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണമൊക്കെ നാം ബ്ലോഗിലൂടെ അറിയപ്പെടുന്നതിലുമപ്പുറം എന്തൊക്കെയാണെന്ന് മനസിലാക്കാൻ മീറ്റിൽ പങ്കെടുത്തതുകൊണ്ട് സാധിച്ചു. അങ്ങ് ബിലാത്തിപ്പട്ടണത്തിലും അവർ ചുമ്മാതിരിക്കുന്നില്ല. പല നല്ലനല്ല ആക്‌റ്റിവിറ്റീസുകളുമുണ്ട്. അദ്ദേഹവും സമദ് വക്കീലുമൊക്കെ നല്ല മജീഷ്യന്മാരും കൂടിയാണ്. രണ്ടുപേരും ചില മേജിക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. മാത്സ് ബ്ലോഗിലെ ജനാർദ്ദനൻ മാഷുടെ കുട്ടിപ്പാട്ടും മീറ്റിൽ ശ്രദ്ധേയമായി. വനിതാ ബ്ലോഗ്ഗർമാരിൽ ശാന്ത കാവുമ്പായി, പ്രീത, മിനി തുടങ്ങിയ പലരെയും ഞാൻ നേരിട്ട് മാണുന്നത് ഈ മീറ്റിലാണ്. ഇതെഴുതുന്ന സമയത്ത് ഓർക്കുന്ന പേരുകൾ മാത്രമാണ് ഞാൻ എഴുതുന്നത്. തൊടുപുഴമീറ്റിൽ വച്ച് വിശദമായി പരിചയപ്പെടാൻ കഴിയാതെ പോയ നൌഷാദ് വടക്കേലിനെ കണ്ണൂരിൽ വിശദമായിത്തന്നെ പരിചയപ്പെടാൻ കഴിഞ്ഞു.
മീറ്റിൽ വരാൻ കഴിയാതിരുന്ന പലരും മീറ്റിനു പോകുന്നില്ലേ പോകുന്നില്ലേ എന്ന് എന്നോട് വിളിച്ചു ചോദിച്ചിരുന്നു.ഞാൻ കണ്ണൂരിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ (മാഹി പാലം കടക്കുമ്പോൾ) ബൂലോകം ഓൺലെയിൻ സാരഥി ഡോ.ജെയിംസ് ബ്രൈറ്റ് വിളിച്ച് മീറ്റിന്റെ കാര്യം അന്വേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശംസകൾ മീറ്റിൽ ഞാൻ എന്നെ പരിചയപ്പെടുത്തുന്ന സമയത്ത് കൈമാറുകയും ചെയ്തു. അതുപോലെ പാലക്കാട്ടേട്ടൻ ഷെരീഫ് കൊട്ടാരക്കര മുഖാന്തരം ആശംസകൾ വിളിച്ചറിയിച്ചു. അങ്ങനെ മീറ്റിൽ വരാത്ത പലരും ആശംസകൾ വിളിച്ചറിയിച്ചു. . മീറ്റിലെ ബാഡ്ജ് സ്പോൺസർ ചെയ്തത് ബൂലോകം ഓൺലെയിനും നമ്മുടെ ബൂലോകവും ആണ്. ഞാൻ ഈ പറഞ്ഞത് മീറ്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് കൂടി ആവേശമണ് ബ്ലോഗ് മീറ്റുകൾ എന്ന് സൂചിപ്പിക്കുവാനണ്. ആ ശ്രീജിത്ത് കൊണ്ടോടി ( എ സ്മാർട്ട് ആൻഡ് ഹാൻഡ്സം പയ്യൻജി) ഗൾഫിൽ നിന്ന് മീറ്റിൽ പങ്കെടുക്കാൻ വേണ്ടി മാത്രം വന്നതാണത്രേ! അല്ല, അവർ അവിടെ നിന്നും ഫ്ലൈറ്റിൽ വന്നിറങ്ങുന്നതിനേക്കാൾ റിസ്കാണല്ലോ നമ്മൾ തിരുവനന്തപുരത്ത് നിന്ന് ബസിൽ കണ്ണൂർവരെ ചെല്ലുന്നത്! അതാണ് ബ്ലോഗ് മീറ്റിന്റെ ഒരാകർഷണംന്നേ!
രാവിലെ അല്പം നേരത്തേ എത്തിയവർക്ക് കെ.പി.എസിന്റെ അദ്ധ്യക്ഷതയിൽ കസേരവട്ടം കൂടി ബ്ലോഗും മറ്റ് സോഷ്യൽനെറ്റ്വർക്കുകളും ആശയ സംവാദങ്ങളുമായും മറ്റും ബന്ധപ്പെട്ട പലപല കാര്യങ്ങളും സംസാരിക്കുവാനും അദ്ദേഹത്തിൽ നിന്നുതന്നെ പല അറിവുകളും ലഭിക്കുവാനുമിടയായി. ഒരർത്ഥത്തിൽ പുതുതലമുറയുടെ മേച്ചില്പുറമായ ഒരു മാധ്യമമേഖലയിൽ ഒരു നിയോഗം പോലെ പ്രായഭേദം മറന്ന് ഇടപെട്ട് സഹവർത്തിച്ചും, സംവദിച്ചും തന്റെ വൈജ്ഞാനികാനുഭവങ്ങൾ ബ്ലോഗിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും പങ്ക് വച്ച് അവയെ സജീവമാക്കുന്നതിൽ കെ.പി. സുകുമാരന്റെ പങ്ക് ഇത്തരുണത്തിൽ എടുത്തുപറയാൻ ആഗ്രഹിക്കുകയാണ്. മുമ്പൊരിക്കൽ നമ്മുടെ “സംഭവം കുമാരൻ” ചോദിച്ചിരുന്നു ചിത്രകാരനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന്. ഞാൻ പറഞ്ഞു ഇല്ലെന്ന്. അപ്പോൾ സംഭവം പറഞ്ഞു, ബ്ലോഗിൽ കാണുമ്പോലെയല്ലാ ആൾ വെറും പാവം ആണെന്ന്. പറഞ്ഞത് കുമാരനായതുകൊണ്ട് വിശ്വസിക്കേണ്ടെന്നു കരുതിയതാണ്. അതും ഒരു കുമാരഫലിതം എന്നേ കരുതിയുള്ളൂ. പല ബ്ലോഗ്ഗർമാരും ബ്ലോഗ്ഗിൽ കാണുന്നതുപോലെയല്ല, നേരിൽ കാണുമ്പോൾ എന്ന് സൂചിപ്പിക്കുമ്പോൾ രാവിലെ കെ.പി.എസ് ഉദാഹരിച്ചതും ചിത്രകാരനെയായിരുന്നു. രണ്ടുപേരും കണ്ണൂർകരായതുകൊണ്ട് ഇപ്പോൾ കണ്ണൂർവാസിയായ ചിത്രകാരനെക്കുറിച്ച് പറയുന്നത് ഒരു കണ്ണൂർ ഫലിതമാകാനേ തരമുള്ളൂ എന്നുതന്നെ കരുതി. സാക്ഷാൽ ചിത്രകാരനെ നേരിൽ കണ്ട് പരിചയപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ശാന്തനും സൌമ്യനുമായ ഈ ബ്ലോഗ്പ്രതിഭ ഒരു അദ്ഭുതമായാണ് എനിക്ക് അനുഭവപ്പെട്ടത്. അതുപോലെ നേരത്തേ പറഞ്ഞ മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം,സമദ്,നൌഷാദ് അകമ്പാടം, ശ്രീജിത്ത് കൊണ്ടോട്ടി,നാടകക്കാരൻ, മേല്പത്തൂരാൻ, മുക്താർ, സമീർ തിക്കോടി, വാല്യക്കാരൻ, ശാന്ത കാവുമ്പായി, എം.സി.പ്രീത, മിനിലോകം തുടങ്ങിയ താരങ്ങളെയൊക്കെ നമ്മൾ ബ്ലോഗിലൂടെമാത്രം അറിഞ്ഞാൽ പോരാ, സത്യമായും നേരിട്ട് കണ്ട് തന്നെ അറിയണം. മഹാ സംഭവങ്ങളാ!
ശ്ശോ, മറ്റുള്ളവരുടെ പേരുകളൊന്നും ഓർമ്മ കിട്ടുന്നില്ല. എല്ലാം ഓർത്തിട്ട് പോസ്റ്റാമെന്നു വച്ചാൽ ഇപ്പോഴൊന്നും നടക്കില്ല്ല. അതിനൊക്കെയാണ് അവിടെ പങ്കെടുത്തവരുടെയൊക്കെ ബ്ലോഗ് യു.ആർ.എലുകൾ എന്റെ വായനശാലാ ബ്ലോഗിൽ കമന്റ് ഇടാൻ ഞാൻ ആവശ്യപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് പോരേണ്ടായിരുന്നു; പക്ഷെ എന്തു ചെയ്യാൻ! മുമ്പ് കണ്ടിട്ടുള്ള ബ്ലോഗ്ഗർമാരെപറ്റിയൊന്നും ഇവിടെ പേരെടുത്ത് പരാമർശിക്കുന്നില്ല. ഈ മീറ്റിൽ പാതിക്ക് മുങ്ങിയതിനാൽ ഒരു അപൂർണ്ണത എനിക്ക് അനുഭവപ്പെടുന്നുണ്ട്. ശ്രീ സുകുമാരൻസാർ ഞാൻ യാത്ര ചോദിക്കുമ്പോൾ ഇത് പറഞ്ഞിരുന്നു. ഉച്ചയ്ക്ക്ശേഷം ഏതോ കോളേജ് സ്റ്റുഡന്റ്സ് ഒക്കെ അവിടെ ബ്ലോഗ് പഠിക്കാനായി വന്ന് കൂടിക്കിടക്കുന്നതു കണ്ടു. അവരുടെയൊക്കെ സ്ഥിതി എന്തായോ ആവോ. നമ്മളൊക്കെ യാത്ര പറയുമ്പോൾ കുമാരനൊക്കെ സന്തോഷപൂർവ്വം നമ്മളെ കൈയ്യും തന്ന് പറഞ്ഞുവിടുന്നതിൽ ഒരു തിടുക്കം ഉണ്ടായില്ലേ എന്നൊരു സംശയം! പിള്ളേർ വല്ലതും പഠിച്ചോ പഠിപ്പിച്ചോ എന്നൊനും അറിയില്ല. പിന്നെ സീനിയേഴ്സ് ഒക്കെ ഉള്ള ബലത്തിൽ നമ്മളിങ്ങു പോന്നതാണ്. ഉച്ചയ്ക്കു ശേഷത്തെ സെഷൻ ക്ലാസ്സും മറ്റുമായി നന്നായിട്ടുണ്ടാകും എന്ന് കരുതുന്നു. ഇനി ഉച്ചയ്ക്ക് ശേഷമടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക.
ഞാൻ കണ്ണൂരിൽ ആദ്യമായി പോകുകയായിരുന്നു. മുമ്പ് ചില ആവശ്യങ്ങൽക്ക് പോകാൻ അവസരമുണ്ടായിരുന്നെങ്കിലും അന്നൊന്നും സൌകര്യപ്പെട്ടില്ല. കണ്ണൂർവരെ അങ്ങോട്ടോ ഇങ്ങോട്ടോ ഒരു യാത്ര മൊത്തമായും ബസിലായിരിക്കണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. മാത്രവുമല്ല, യാത്ര ഉറപ്പിക്കാനാകത്തതുകൊണ്ട് ട്രെയിൻ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നുമില്ല. ട്രെയിനിൽ തള്ളിഞെരുങ്ങി നിന്നുള്ള ദുസഹമായ ചില യാത്രകളുടെ ഓർമ്മകളും സീറ്റ് റിസർവ് ചെയ്യാത്ത ട്രെയിൻ യാത്രയിൻ നിന്ന് എന്നെ പിന്തിരിപ്പിക്കാറുണ്ട്. പിന്നെ ബസാണെങ്കിൽ വീട്ടിനടുത്ത് നിന്ന് കയറി പോകുകയും വന്നിറങ്ങുകയും ചെയ്യാം. ട്രെയിനാണെങ്കിൽ വർക്കലയോ ചിറയിങ്കീഴോ തിരുവനന്തപുരത്തോ പോകണം. ട്രെയിനുകളുടെ സമയനിഷ്ഠയിൽ പണ്ടേ എനിക്ക് വിശ്വാസവുമില്ല. എന്തായാലും ഈ യാത്രയോടെ ഇനി ദൂരയാത്രകൾ ട്രെയിനിൽ മതിയെന്ന ചിന്ത എന്നിൽ ഉണ്ടാക്കിയിട്ടുണ്ടെന്നത് വേറെ കാര്യം. കണ്ണൂരിലെ റോഡുകൾക്ക് ഈ മനം മാറ്റമുണ്ടാക്കുന്നതിൽ ഒരു പങ്കില്ലാതില്ല.അല്ലെങ്കിൽ കേരളത്തിൽ എവിടെയാണ് റോഡുകൾ എല്ലാം ഭംഗിയായിട്ടുള്ളത്? എങ്കിലും കണ്ണൂരിൽ അല്പം കൂടി സ്ഥിതി പരിതാപകരമല്ലേ എന്നു തോന്നാതിരുന്നില്ല. അവിടത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾ ഒന്നും ഇത് കാണുന്നില്ലെന്നുണ്ടോ?
മീറ്റിനെ പറ്റി ഇതുവരെ എഴുതിയതൊക്കെത്തന്നെ എനിക്കിപ്പോൾ പങ്ക് വയ്ക്കാൻ കഴിയുന്ന വിശേഷങ്ങൾ. ഇനി അല്പം ചില കത്തികൽ കൂടി അടിച്ചിട്ടേക്കാം. നിങ്ങൾ ആരും വായിച്ചില്ലെങ്കിലും എനിക്ക് ഭാവിയിൽ വായിച്ച് ഓർമ്മകൾ അയവിറക്കാമല്ലോ. അവനവന്റെ ഡയറിക്കുറിപ്പുകൾക്കു കൂടി പ്രസക്തിയുള്ളതാണല്ലോ ബ്ലോഗം!
സെപ്റ്റംബർ പത്താം തീയതി രാവിലെ ആറ് മണിയ്ക്ക് ഞാൻ തട്ടത്തുമല ജംഗ്ഷനിൽ നിന്നും ഒരു ഫാസ്റ്റിൽ കയറി കൊട്ടാരക്കര ബസ്റ്റാൻഡിൽ ഇറങ്ങി. ഒരു ചായ കുടിച്ച് കഴിഞ്ഞപ്പോഴേയ്ക്കും അവിടെ നിന്നും അപ്പോൾത്തന്നെ കോട്ടയത്തിനു ബസ് കിട്ടി. കോട്ടയത്ത് ചെന്നിറങ്ങി ഒരു ഉപ്പ് സോഡാ നാരങ്ങാവെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേയ്ക്കും കോഴിക്കോട്ടേയ്ക്കും ഉടൻ ബസ് കിട്ടി. വൈകുന്നേരം അഞ്ചുമണിയോടടുപ്പിച്ച് കോഴിക്കോട് എത്തിയെന്നാണ് ഓർമ്മ. അവിടെനിന്നും കണ്ണൂർ ബോർഡ് വച്ച ഒരു സ്വകാര്യ ബസിൽ കയറി. കുറെ ദൂരം ചെന്ന് കണ്ടക്റ്റർ ടിക്കറ്റ് നൽകാൻ വന്നപ്പോൾ പറയുന്നു, വണ്ടി തലശ്ശേരി വരെയേ ഉള്ളൂവെന്ന്. അങ്ങനെ തലശ്ശേരിയുടെ മണ്ണിലും കാലുകുത്തി. കാൽമണിക്കൂർ തലശ്ശേരിയിൽ കാത്തുനിന്ന് മറ്റൊരു സ്വകാര്യ ബസിനു വച്ച് പിടിച്ചു. രാത്രി പത്തുമണിയോടെ കണ്ണൂർ പട്ടണത്തിലെ പേരറിയാത്തൊരു കവലയിൽ ആ ബസുകാർ കൊണ്ടിറക്കി. ബസ്സ്റ്റാൻഡ് പരിസരവുമല്ല, റെയിൽ വേ സ്റ്റേഷൻ പരിസരവുമല്ല.ആന്റണിജിയെ അനുകരിക്കുന്ന മിമിക്രിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വളരെ ക്രൂരവും പൈശാചികവുമായ ഒരു കൊണ്ടിറക്കലായിരുന്നു അത്.എന്തായാലും ചെന്നിറങ്ങിയേടത്തുതന്നെ ഒരു ഹോട്ടൽ കണ്ടു. ചാടിയങ്ങു കയറി. വിശപ്പത്രയ്ക്കുണ്ടായിരുന്നു. രാവിലെ മൂന്നര മണിയ്ക്ക് എഴുന്നേറ്റതാണ്. പുലർച്ചേതന്നെ അഞ്ചുമണിയ്ക്ക് അല്പം പുട്ടും കട്ടൻചായയും കഴിച്ചതാണ്. പിന്നെ കൊട്ടാരക്കര നിന്നൊരു കാലിച്ചായ. കോട്ടയത്ത് നിന്നൊരു ഉപ്പ് സോഡാ നാരങ്ങവെള്ളം. തൃശൂരിൽ നിന്നൊരു ചായയും കടിയും. അല്ലാതെ ഒന്നും കഴിച്ചിരുന്നില്ല. അതിനുള്ള സമയം തരാതെ ഓരോ ബസ്സ്റ്റേഷനുകളിൽ നിന്നും ബസ് കിട്ടിക്കൊണ്ടിരുന്നു.
മാത്രവുമല്ല, യാത്രകളിൽ വയറിനെ പരീക്ഷണ വസ്തുവാക്കാൻ ഞാൻ തുനിയാറില്ല. വയറൊക്കെ നമ്മുടേതുതന്നെ. എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ സുഖമായിരിക്കണം എന്നില്ല. വിശപ്പുണ്ടെന്നു കരുതി അവനവന്റെ വയറിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയാതെ കണ്ടതും കടിയതും വാങ്ങിത്തിന്നുന്നത് ബുദ്ധിപരമല്ല. തൃശൂരിൽ ഭക്ഷണം കഴിക്കാൻ ബസ് പിടിച്ചിട്ടിരുന്നു. കണ്ടക്ടറും ഡ്രൈവറും മറ്റ് യാത്രക്കരും കയറിയ ഹോട്ടലിൽ ഞാനും ചെന്ന് ഒന്ന് എത്തി നോക്കി. അവിടെ ഡിഷിൽ ഇരിക്കുന്ന ചോറിന്റെ രൂപഭാവങ്ങളും ഹോട്ടലിന്റെ ആകെമൊത്തം ടോട്ടൽ രീതി ശാസ്ത്രവുമൊക്കെ കണ്ടപ്പോൾ തന്നെ എന്റെ വയറ് വിളിച്ച് പറഞ്ഞു. കണ്ണൂർവരെ ഞാൻ അടങ്ങിയിരുന്നോളാമേ! ദയവായി ഈ ഹോട്ടലിൽ കയറി എന്നെ പീഡിപ്പ്ക്കരുതേ എന്ന്! ഡ്രൈവർക്കും കണ്ടക്ക്ടർക്കും സ്പെഷ്യൽ പരിഗണനയൊക്കെ ഹോട്ടലിൽ കിട്ടും. ബസിലെ മൊത്തം യാത്രക്കാരെയും അവിടെ കൊണ്ടു കയറ്റിക്കൊടുക്കുന്നതാണല്ലോ. പക്ഷെ നാളെ അതുവഴിവരാൻ സാദ്ധ്യതയില്ലാത്ത യാത്രക്കാരോട് ഹോട്ടലുകാർക്ക് വലിയ സ്നേഹമൊന്നും വേണ്ടല്ലോ. മിക്കവാറും തലേ ദിവസത്തെയും പിറ്റേന്നത്തെയും സാധനങ്ങളുടെ മിശ്രിതങ്ങളായിരിക്കും അവർക്ക് മുന്നിൽ വിളമ്പുന്നത്. മുമ്പ് നമ്മുടെ പ്രദേശത്ത് പരിചയമുള്ള ഒരു ഹോട്ടലിൽ ഇതുപോലെ ബസ് നിർത്തിയ സമയത്ത് യാദൃശ്ചികമായി നമ്മളും ചെന്നു കയറിയതും ബസിൽ വന്നവർക്ക് കൊടുത്ത ഭക്ഷണം തന്നെ നമുക്കും നൽകാൻ അവർ നിർബന്ധിതരായതും വീട്ടിൽ എത്തി വൊമിറ്റ് ചെയ്തതും ഇത്തരം സന്ദർഭങ്ങളിൽ ഓർക്കാറുണ്ട്. എന്തായാലും ഈ യാത്ര ഭാഗീകമായെങ്കിലും ഒരു നിരാഹാര യാത്രയായി തന്നെ തുടരാം എന്ന് തീരുമാനിച്ചു. അവിടെ ഒരു സ്റ്റാളിൽ നിന്നും ഒരു ചായയും പേരറിയാത്ത വട്ടത്തിലുള്ള ചെറിയൊരു പലഹാരവും വാങ്ങി കഴിച്ച് ബസിൽ കയറി. പേരറിയാത്ത ആ സാധനം ഒന്നു കടിച്ചുനോക്കിയപ്പൊൾ വലിയ കുഴപ്പാകാരനല്ലെന്നു തോന്നിയതുകൊണ്ട് അതങ്ങ് തിന്നു. നല്ല രുചിയുമുണ്ടായിരുന്നു. നമ്മുടെ ഇവിടെയൊന്നും ആ വട്ടക്കടിയില്ല!
അപ്പോൾ നമ്മൾ കണ്ണൂരെത്തിയതല്ലേ? കണ്ണൂരിൽ ആ ഹോട്ടലിൽ നിന്ന് രാത്രി ബാക്കിവന്ന ഭക്ഷണത്തിൽ ഒരു പങ്ക്- മൂന്ന് പെറൊട്ടയും മീർകറിയും പരീക്ഷിച്ച ശേഷം പുറത്തിറങ്ങി. കണ്ണൂരിൽ ആദ്യമായതുകൊണ്ട് ഇവിടെ എങ്ങനെയൊക്കെയാണ് നമ്മൾ പെർഫോം ചെയ്യേണ്ടതെന്ന് അത്ര നിശ്ചയമില്ല. കണ്ണൂരിലെ റോഡുകളിലൂടെ സഞ്ചരിച്ച വശംകെട്ടതിന്റെ ലക്ഷണങ്ങൾ കാണുന്ന എല്ലാവരിലും ഉണ്ടോ എന്ന ഒരു സംശയവും ഉണ്ടായി. ഇനി ഒരു ആട്ടോ വിളിക്കണം. മാഡായിപ്പാറയിൽ എത്തണം. അവരെ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാതെ അവിടെ എത്തണം.ഞാൻ കയറിയ ഹോട്ടലിനു സമീപമുള്ള ഒരു കടയിൽ അന്വേഷിക്കാമെന്നു കരുതി. ചുമ്മാ ചോദിച്ചാൽ അവർക്ക് വല്ല ബുദ്ധിമുട്ടോ ഉണ്ടായാലോ എന്നു കരുത് സിഗരറ്റ് വലി ശീലമല്ലെങ്കിലും ഒരു സിഗരറ്റ് വാങ്ങി ബാഗിൽ ഒളിപ്പിച്ചിട്ട് നൈസായി ചോദിച്ചു, ഈ മാഡായിപ്പാറ എവിടെയാണെന്ന്! (വല്ല മിഠായിയോ വാങ്ങിയാൽ അടവാണെന്ന് അവർക്ക് മനസിലാകും). പക്ഷെ വിത്സ് വാങ്ങിയത് വെറുതെയായി. നാലുരൂപ പോയത് മിച്ചം. കടക്കാരൻ കുറച്ച് അലോചിക്കുന്നതായൊക്കെ അഭിനയിച്ചിട്ട് മനസില്ലാ മനസോടെ പഴയങ്ങാടി എന്നു പറഞ്ഞു.അതിനു പഴയങ്ങാടി എവിടാന്നറിയാമെങ്കിൽ പിന്നെ അവിടെ ചെന്നിട്ട് ചോദിച്ചാൽ പോരേ എന്ന് അയാളോട് പറയണമെന്നുണ്ടായിരുന്നെങ്കിലും സ്ഥലം കണ്ണൂരാണ്. ഒറ്റ ഓട്ടത്തിനൊന്നും തട്ടത്തുമലയെത്തില്ല. അതുകൊണ്ട് ബുദ്ധിപരമായ തീരുമാനമെടുത്തു. പിന്നെ ഒന്നും ചോദിച്ചില്ല.
റോഡിന്റെ മറുവശത്ത് വന്ന് അവിടെ പാർക്ക് ചെയ്തിരുന്ന ഒന്ന് രണ്ട് ആട്ടൊകളിൽ ചെന്ന് മുട്ടി നോക്കി. പക്ഷെ മാഡായിപ്പാറയിലല്ല ഏതു മൂഡായിപ്പാറയിലായാലും ഓടാൻ അവർക്ക് താല്പര്യമില്ല. ഇന്നത്തേക്ക് അവർക്ക് എല്ലാം തികഞ്ഞ് കിടക്കുകയാണെന്ന് നമ്മളുണ്ടോ അറിയുന്നു! പിന്നെ അവിടെ ആളിറക്കാൻ വന്ന് നിന്ന ഒന്നു രണ്ട് ആട്ടോകൾ വിളീച്ചു നോക്കി. അവർക്കും അന്നത്തേയ്ക്ക് എല്ലാം തികഞ്ഞ മട്ടാണ്. ഓടാൻ വയ്യ. പിന്നെ എന്റെ ചിന്ത ഈ ആളൊഴിഞ്ഞതും വൃത്തിഹീനവുമായ സ്ഥലത്ത് നിന്ന് ബസ്സ്റ്റൻഡിലേയ്ക്കോ റെയിൽവേ സ്റ്റേഷനിലേയ്ക്കോ പോകാം എന്നായി. നടക്കാൻ തുടങ്ങുമ്പോൾ ഒരു ആട്ടോ വന്ന് ആളിറക്കാൻ നിർത്തി. ഒരു ഭാഗ്യപരീക്ഷണം കൂടി നടത്താമെന്ന് കരുതി. പക്ഷെ മാഡായിക്കാര്യം ഞാൻ പറഞ്ഞില്ല. റെയിൽ വേ സ്റ്റേഷനിൽ കൊണ്ട് വിടാൻ പറഞ്ഞു. അപ്പോൾ എന്നെ വിശ്വാസമില്ലാത്തതുപോലെ അയാൾ തുക പറഞ്ഞു. ഇരുപത് രൂപ. ആകട്ടെയെന്ന് ഞാനും. റെയിവേ സ്റ്റേഷനിൽ ചെന്ന് അവിടെ ബ്ലോഗ്ഗർമാർ വല്ലവരും വല്ല ട്രെയിനിലും വന്നിറങ്ങുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു ലക്ഷ്യം. അവിടെ ചെന്നപ്പോൾ അവിടെ കുറെ പോലീസും പരിവാരവും ആൾക്കൂട്ടവും ഒക്കെ. ങേ! ഞാൻ വരുമെന്ന് ഇവരോടൊന്നും പറഞ്ഞിരുന്നില്ലല്ലോ. പ്രൊട്ടക്ഷനൊന്നും ചോദിച്ചിരുന്നില്ലല്ലോ. പിന്നെ ഇതിപ്പോൾ ഇവരെങ്ങനെ അറിഞ്ഞു? ഒരു സ്റ്റേറ്റ് കാറും കിടപ്പുണ്ട്. ഞാൻ മനസിൽ പറഞ്ഞു, വേണ്ടായിരുന്നു. അവിടെ പോലീസുകാർക്കിടയിലെയ്ക്ക് നുഴഞ്ഞു കയറിയിട്ട് ആരും മയൻഡു ചെയ്യുന്നില്ല.ആളെ മനസിലാകാഞ്ഞിട്ടാണോ? അല്ല, അവർക്ക് സ്വീകരിക്കേണ്ട ആളെയൊക്കെ അവർക്ക് മനസിലായി. മന്ത്രി കുഞ്ഞാലിക്കുട്ടി പരിവാര സമേതം ട്രെയിനിൽ വന്നിറങ്ങി മന്ദം മന്ദം നടന്നു വന്ന് എനിക്ക് വേണ്ടി ഒരുക്കി നിർത്തിയിരുന്ന സ്റ്റേറ്റ് കാറിൽ കയറി പോകുകയായിരുന്നു!
ഇനിയിപ്പോൾ ഇവിടെ നിന്ന് കറങ്ങുന്നതിൽ അർത്ഥമൊന്നുമില്ല. എങ്ങനെയും ഒന്നുറങ്ങണം. ആദ്യം ഒരു ട്യൂറിസ്റ്റ് ഹോമിൽ ചെന്നപ്പോൾ അവിടെ റിസപ്ഷനിൽ തറയിൽ പായ വിരിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ് രണ്ടുമൂന്നു പേർ. റിസപ്ഷൻ ചെയറിൽ ആരുമില്ല. അവിടെനിന്നും മറ്റൊരു ട്യൂറിസ്റ്റ് ഹോമിൽ പോയി ഒരു മുറിയെടുത്തു. പിന്നെ ഇറങ്ങിവന്ന് ഒരു ഹോട്ടലിൽ കയറി രണ്ട് പെറൊട്ട കൂടി വാങ്ങി തിന്നിട്ട് മുറിയിൽ പോയിക്കിടന്നുറങ്ങി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. പുറത്തിറങ്ങി അല്പം നടന്നിട്ട് റെയിൽവേ ക്യാന്റീനിൽ കയറി രണ്ടുമൂന്ന് നൂലപ്പവും ഒരു ചായയും ചെയ്തു! പിന്നെ വന്ന് കുളിച്ച് റെഡിയായി ഒരു ആട്ടോയിൽ കയറി ജവഹർ വായനശാലയിൽ എത്തി. ഇതിനിടയിൽ അത്യാവശ്യം വീട്ടിൽ വിളിച്ച് വിശേഷങ്ങൾ തിരക്കി. ജവഹർ വായനശാലാ ഹാളിൽ വേദിക്കുമുന്നിൽ നേരത്തെ എത്തി ചർച്ചയിലായിരുന്ന കെ.പി.സുകുമാരൻ, നൌഷാദ് വടക്കേൽ തുടങ്ങിയ രണ്ടുമൂന്നുപേർ ഉണ്ടായിരുന്നു. ഞാൻ അവരുടെ തൊട്ടുപുറകിൽ ചെന്ന് ഇരുന്നു. തിരിഞ്ഞുനോക്കിയ കെ.പി.സുകുമാരൻ എന്നെ കണ്ടതും തിരിച്ചറിഞ്ഞ് ഹായ് പറഞ്ഞ് കൈതന്നു. പിന്നെ അപരിചിത്വം ഏതുമില്ലാതെ കുശല പ്രശ്നങ്ങളും ചർച്ചകളും തുടർന്നു.നേരിട്ട് കാണുന്നിലെങ്കിലും എന്നും ബന്ധപ്പെടുന്നവരാണല്ലോ. അതുകൊണ്ട് എന്നും കാണുന്നവരെ പോലെ നമ്മൾ സംസാരത്തിലായി. നൌഷാദ് വടക്കേലിനെ തൊടുപുഴവച്ച് നേരെ പരിചയപ്പെടാൻ കഴിയാത്ത കുറവ് പരിഹരിക്കപ്പെട്ടു.
അല്പസമയം കഴിഞ്ഞപ്പൊൾ ആർ.കെ.തിരൂരും, പത്രക്കാരനും വന്ന് ഒപ്പം ചേർന്നു. പിന്നെ ഒറ്റയ്ക്കും കൂട്ടായും ബ്ലോഗ്ഗർമാർ വന്നുകൊണ്ടിരുന്നു. പത്ത് മണിയോടെ മീറ്റ് ആരംഭിച്ചു.ഷെരീഫ് കൊട്ടാരക്കര മോഡറേറ്ററായി. ഇടയ്ക്കിടെ അത്യാവശ്യം മൊബെയിൽ വീഡിയോ പിടിത്തത്തിനിടയിൽ കെ.പി.എസും വന്ന് മോഡറെറ്ററായി. പങ്കെടുത്ത എല്ലാവരും സദസിനു മുന്നിൽ വന്ന് പരിചയപ്പെട്ടു. അല്പം വിശദമായിത്തന്നെ.മുക്താറിന്റെ വിരൽ തൊടീയ്ക്കൽ പരിപാടി, വക്കീൽ സമദിന്റെയും മുരളീമുകുന്ദൻ ബിലാത്തി പട്ടണത്തിന്റെയും മാജിക്ക് ഷോ, അതിൽ ചിലതിന്റെ അനാവരണം, ബിലാത്തിയുടെ മിഠായി സൽക്കാരം, ജനാർദ്ദനൻ മാസ്റ്ററുടെ കുട്ടിപ്പാട്ട്, കൂടാതെ റെജി പുത്തൻ പുരയ്ക്കൽ, നൌഷാദ് അകമ്പാടം, വാല്യക്കാരൻ, കെ.പി.എസ് എന്നിവരുടെ സ്റ്റിൽ-വീഡിയോ പിടിത്തങ്ങൾ തുടങ്ങിയവയുമായി ഉച്ചവരത്തെ മീറ്റ് ഉത്സാഹഭരിതമായിരുന്നു. ഉച്ചയ്ക്ക് ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വിഭവ സമൃദ്ധമായ ഓണ സദ്യ. നല്ല രസ്യൻ പായസമായിരുന്നെങ്കിലും പായസം ഞാൻ കുടിച്ചില്ല.
ഉച്ചയൂണിനു ശേഷം ഞാൻ മീറ്റിൽ നിന്ന് യാത്രപറഞ്ഞുതുടങ്ങി. കെ.പി.സുകുമാരൻ സാറിനോട് യാത്ര പറയുമ്പോൾ അത് ഒരു പൂർണ്ണത തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്കും അങ്ങനെ തന്നെ തോന്നുന്നുവെന്ന് ഞാനും പറഞ്ഞു. ഒരു മീറ്റിൽ നിന്നും ഇതുവരെ പാതിവഴിക്ക് പോയിട്ടില്ല. പക്ഷെ പിറ്റേന്ന് വെളുപ്പിന് ഏഴ് മണിയ്ക്ക് മുമ്പ് വീട്ടിൽ എത്തിയേ പറ്റൂ .ഉച്ചയ്ക്കു ശേഷം നിന്നാൽ അത് നടക്കില്ല. അതുകൊണ്ട് ക്ഷമാപണത്തോടെ കെ.പി.എസ്, ചിത്രകാരൻ, ബിജു കൊട്ടില തുടങ്ങിയവരോടെല്ലാം യാത്രപറഞ്ഞു. ഇങ്ങോട്ട് ബസിലാണ് വന്നതെന്നറിഞ്ഞ ചിത്രകാരൻ ഇനി ട്രെയിനിലേ പോകാവൂ എന്ന് കർശനമായി ഉപദേശിക്കുകയും ചെയ്തു. പ്രത്യേകിച്ചും കണ്ണൂർമുതൽ കോഴിക്കോട് വരെ ഉള്ള റോഡിന്റെ അവസ്ഥകൂടി കണക്കിലെടുത്താണ് അവർ അങ്ങനെ പറഞ്ഞത്. പക്ഷെ ട്രെയിൻ കാത്ത് നിൽക്കാനും ടിക്കറ്റ് തരപ്പെടുത്താഉമൊന്നും ഞാൻ മിനക്കെട്ടില്ല. ലോഡ്ജിൽ റൂം വെക്കേറ്റ് ചെയ്യാൻ പോയപ്പോൾ ടോയിലറ്റിൽ കയറി ഒന്നു മുഖം കഴുകാമെന്ന് വച്ച് മുഖം കഴുകി തിരിച്ചിറങ്ങുമ്പോൾ കാൽ വഴുതി ചെറുതായൊന്ന് തറയിൽ വീണത് കാരണം പിന്നെ കുളിക്കേണ്ടിയും വന്നു. അതുകാരണം അരമണിക്കൂറിലധികം വൈകുകയും ചെയ്തു. അതുകൊണ്ട് അല്പം റിസ്ക് എടുത്താണെങ്കിലും ബസിൽതന്നെ മടക്കയാത്രചെയ്യാൻ തീരുമാനിച്ചു.. മാത്രവുമല്ല, ഇന്ത്യൻ റെയിൽവേയുടെ സമയനിഷ്ഠയിൽ എനിക്ക് തീരെ വിശ്വാസം പോരാ. ട്രെയിൻ എവിടെയെങ്കിലും പിടിച്ചിട്ടാൽ സംഗതി കുഴഞ്ഞു. പിന്നെ രാവിലെ ഏഴുമണിയ്ക്കല്ല, രാത്രിയയാലും എത്തില്ല.
പിറ്റേന്ന് രാവിലെ ഏഴ് മണിയ്ക്ക് ഞാനിങ്ങ് വീട്ടിലെത്താതിരുന്നാൽ എന്തു സംഭവിക്കുമെന്നല്ലേ?ങാ, ചോദിച്ചില്ലെങ്കിലും പറയാം. ഞാൻ കണ്ണൂരിൽ വരുന്ന വിവരം ഇവിടെ ആരോടും കൊട്ടി ഘോഷിച്ചിരുന്നില്ല. എന്റെ ഒരു യാത്രകളും മുൻ കൂട്ടി ആരോടും പറയാറില്ല.തലേന്നാകുമ്പോൾ വീട്ടിൽ പറയും. വാപ്പയും ഉമ്മയും സുഖമായിരിക്കുന്നെങ്കിലേ ഉള്ളൂ ദൂരയാത്ര. ഇതും അങ്ങനെ ആയിരുന്നു. എന്റെ ഡീംഡ് സർവ്വകലാശാലയിൽ (ചെറിയൊരു ട്യൂഷൻ പുരയാണേ!) പകരം മറ്റ് അറേജ്മെന്റുകൾ വരുത്തിയിരുന്നില്ല. ഓണാവധികഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസമാണ്. രാവിലെ കുട്ടികൾ എത്തും. ഏഴര മണിയ്ക്ക് ക്ലാസ്സ് തുടങ്ങണം. അവറ്റകൾ വരുമ്പോൾ ഞാനില്ലെന്നറിഞ്ഞാൽ ചില വേന്ദ്രന്മാരും വേന്ദ്രത്തികളും കൂടി നിരന്ന് നിന്ന് സർവകലാശാലയുടെ തൂണുകൾ ഓരോന്ന് പിഴുത് താങ്ങിയെടുത്ത് റോഡിൽ കൊണ്ടുവച്ചിട്ട് പുര നിന്നിടം പ്ലേ ഗ്രൌണ്ടാക്കും. റോഡിൽ വാഹന ഗതാഗതം സ്തംഭിയ്ക്കും. പ്ലസ്-ടൂവിലെ വേന്ദ്രന്മാരും വേന്ദ്രത്തികളും കൂടി തൊട്ടുചേർന്ന് കിടക്കുന്ന റബ്ബർതോട്ടം ലാൽബാഗ് ഉദ്യാനമാക്കും! ഏതെങ്കിലും ലേഡീ ടീച്ചർമാർ വന്നുപെട്ടാൽ അവരെ മണവാട്ടിയാക്കി ചിലർ ഒപ്പനകളിക്കും. വല്ല ജൂനിയർ സാറന്മാരോ ചെന്ന് അച്ചടക്കം പാലിക്കണമെന്നു പറഞ്ഞാൽ അവരെ സ്റ്റംബാക്കി കുത്തി നിർത്തിയായിരിക്കും പിന്നെ ക്രിക്കറ്റ്കളി! വല്ല സീനിയർ ഡിഗ്രിക്കുട്ടികളോ സാറു വരുമ്പോൾ പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ അവരെ എടുത്ത് തറ്റുടുത്തുകൊണ്ടാകും പിന്നെ ജൂനിയേഴ്സിന്റെ താണ്ഡവനൃത്തം! മണിക്കൂറുകൾക്കുള്ളിൽ വീടും കോളേജും പരിസരവും എല്ലാം ചാത്തനാടിയ കളം പോലെയാകും. അതാണ് കാലം. അതുകൊണ്ട് എങ്ങനെയും ഏഴുമണിയ്ക്ക് എത്തിയേ കഴിയുമായിരുന്നുള്ളൂ!
കണ്ണൂർ നിന്ന് ഒരു ചായയും കുടിച്ച് ഒരു ബസിൽ കോഴിക്കോട് എത്തി. സത്യം റോഡ് വഴി നാല് മണിക്കൂർ എടുത്തു. രാത്രി എട്ട് മണിയോടടുപ്പിച്ച് കോഴിക്കോട് ബസ്സ്റ്റാൻഡിൽ എത്തി. കെ.എസ്.ആർ.റ്റിസി സ്റ്റാൻഡിൽ പോകാൻ ആട്ടോ വിളിച്ചപ്പോൾ ഇപ്പോൾ ബസെല്ലാം ഈ സ്റ്റാൻഡിൽ നിന്നാണ് പോകുന്നതെന്നും മറ്റേടത്ത് പണിനടക്കുകയാണെന്നും അറിഞ്ഞു.ബസ്സ്റ്റാൻഡിലെ ഒരു ഹോട്ടലിൽ കയറി രണ്ടുമൂന്ന് പെറോട്ടയും ഒരു ചായയു പരീക്ഷിച്ച ശേഷം തൃശൂരിലെയ്ക്കുള്ള ഒരു കെ.എസ്.ആർ.റ്റി.സി ബസിൽ കയറി സ്ഥലം പിടിച്ചു. അപ്പോഴുണ്ട് ഒരു അനൌൺസ്മെന്റ് വരുന്നു; മുവാറ്റുപുഴ, കോട്ടയം, കിളിമാനൂർ വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിലുണ്ട്, ഉടൻ പുറപ്പെടുന്നുവെന്ന്. ഇരുന്ന ബസിൽ നിന്ന് ചാടിയിറങ്ങി തിരുവനന്തപുരം ബസിൽ കയറി. സീറ്റുകിട്ടിയില്ല. പുറകുവശത്ത് ചാരി ഒരു നില്പ്. മാനന്തവാടിയിൽ നിന്ന് കയറിയരും നിൽക്കുന്നുണ്ട്. നല്ല തിക്കും തിരക്കും. കുറെ ദൂരം നിന്നു.പിന്നെ പ്ലാറ്റ് ഫോമിൽ ഇരുന്നു. ഞാൻ ഇരിക്കാത്ത താമസം എന്റെ സമീപത്ത് കൂനിക്കൂടി നിന്നിരുന്ന ഓരോരുത്തരായി പ്ലാറ്റ്ഫോമിൽ ഇരിപ്പും കിടപ്പുമായി. തൃശൂരിൽ എത്തിയപ്പോൾ എനിക്ക് സീറ്റ് കിട്ടി. ഇനി ആരെ പേടിക്കണം? പിന്നെ ഉറക്കം, സ്വപ്നം, ഉണരൽ, പിന്നെയും ഉറങ്ങൽ, സ്വപ്നം അമേരിക്ക, ലണ്ടൻ, ഫ്രാൻസ് തുടങ്ങി ഭൂഖണ്ഡാന്തര സ്വപ്നയാത്രകൾ! ഇടയ്ക്ക് മുവാറ്റുപുഴ നിർത്തിയിട്ടപ്പോൾ ഒരു ചൂട് കട്ടൻചായ ചെയ്തു. (മുവാറ്റുപുഴയാണെന്ന് തോന്നുന്നു. അതൊക്കെ രാത്രി ആരു നോക്കാൻ!)
കൊട്ടാരക്കരയിൽ അല്പസമയം വണ്ടി പിടിച്ചിട്ടപ്പോൾ സൂപ്പർഫാസ്റ്റിന് സ്ഥിരം സ്റ്റോപ്പില്ലാത്ത തട്ടത്തുമലയിൽ എന്നെ ഇറക്കാൻ നിർത്തണമെന്നൊരു റിക്വസ്റ്റ് ഞാൻ കണ്ടക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു. ആറരയ്ക്ക് തിരുവനന്തപുരത്തെത്തേണ്ട ബസാണ് അല്പം വൈകിയോടുന്നതെന്ന വിവരം അക്ണ്ടക്ടർ സൂചിപ്പിച്ചു. അതിനാൽ ഞാൻ ആ റിക്വസ്റ്റ് പിൻവലിച്ചു. കാരണം ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും സമയത്ത് എത്തുമോ എന്ന വേവലാതിയുമായി ഇരുന്ന ആളാണ് ഞാൻ. ഇനി ഞാനായിട്ട് ഒരു നിമിഷം യാത്രക്കാർക്ക് പാഴാക്കുന്നില്ല. തട്ടത്തുമലയ്ക്കപ്പുറം കിളിമാനൂർ സ്റ്റാൻഡിലോ തട്ടത്തുമലയ്ക്കിപ്പുറം നിലമേൽ ജംഗ്ഷനിലോ ഇറങ്ങാൻ തീരുമാനിച്ചു. രാവിലെ ഏഴ് മണിയ്ക്ക് നിലമേൽ ജംഗ്ഷനിൽ ഇറങ്ങി മറ്റൊരു കെ.എസ്.ആർ.റ്റി സി ബസിൽ കയറി ഏഴുമണിയും അഞ്ച് നിമിഡവുമായപ്പോൾ തട്ടത്തുമല ജംഗ്ഷനിലെത്തി. പിന്നെ പെട്ടെന്ന് കുളിച്ച് റെഡിയായി നമ്മുടെ തൊഴിൽ ജീവിതത്തിലേയ്ക്ക്! ഇതൊക്കെ തന്നെ എന്റെ മീറ്റ് യാത്രാ വിശേഷങ്ങൾ. ആരെങ്കിലും വായിച്ച് സമയ നഷ്ടം വന്നെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. വായിച്ചെങ്കിൽ അക്ഷരം കുറച്ചുകൂടി ഉറച്ചിട്ടുണ്ടാകും; അതൊരു നഷ്ടമല്ലല്ലോ!

മീറ്റിനെക്കുറിച്ച് കൂടുതലറിയാനും ചിത്രങ്ങൾ കാണാനും മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക. മീറ്റിൽ പങ്കെടുത്ത കുറച്ചുപേരുടെ ബ്ലോഗുകൾ ഞാൻ എന്റെ വിശ്വമാനവികം വായനശാലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പോയി നോക്കാം. മീറ്റിൽ പങ്കെടുത്ത എല്ലാവരും അവരുടെ ബ്ലോഗ് യു.ആർ.എൽ നൽകിയാൽ അത് വായനശാലയിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കും. http://viswamanavikamvayanasala.blogspot.com/
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ചിത്രബ്ലോഗം 2 എന്ന ബ്ലോഗം സന്ദർശിക്കുക. http://chithrablogam.blogspot.com/2011/09/blog-post.html
ഈ ചിത്രങ്ങൾ കൂടുതലും റെജി പുത്തൻ പുരയ്ക്കലിന്റേതാണ്. മറ്റ് ചിലരെടുത്ത ചിത്രങ്ങളുമുണ്ട്. അവരുടെയൊക്കെ ബ്ലോഗുകൾ കാണാൻ വിശ്വമാനവികം ബ്ലോഗ് വായനശാല എന്ന ബ്ലോഗിൽ എത്തുക. http://viswamanavikamvayanasala.blogspot.com/
36 comments:
മീറ്റില്‍ പങ്കെടുക്കണമെന്ന് മോഹമുണ്ടായിരുന്നു. കഴിഞ്ഞില്ല. ആ വിഷമം ഒരു പോസ്റ്റാക്കി സമാധാനിച്ചു. ആശംസകള്‍.
( പാലക്കാട്ടേട്ടന്‍ )
വളരെ കൃത്യമായി യാത്രയും അവിടെ എത്തിപ്പെട്ട വഴിയും കൃത്യമായി തന്നെ വരച്ചു വെച്ചു. പറഞ്ഞ എല്ലാ കാര്യങ്ങളും തന്നെ പറഞ്ഞവര്‍ എത്താതിരിക്കാനുള്ള കാരണവും. എങ്കിലും മറക്കാന്‍ കഴിയാത്ത ഒരാത്മബന്ധം ആ ഹാളിലൂടെ ഒഴുകിയെത്തി മനസ്സില്‍ അള്ളിപ്പിടിച്ചു എന്നത് നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്ന് തോന്നുന്നില്ല.
അനുഭവം ഓര്‍ ഭാവനയുമില്ലാതെ അവതരിപ്പിച്ചപ്പോള്‍ മനോഹരമായി.
..നമ്മളൊക്കെ യാത്ര പറയുമ്പോൾ കുമാരനൊക്കെ സന്തോഷപൂർവ്വം നമ്മളെ കൈയ്യും തന്ന് പറഞ്ഞുവിടുന്നതിൽ ഒരു തിടുക്കം ഉണ്ടായില്ലേ എന്നൊരു സംശയം!..
അതും നമ്മടെ നെഞ്ചത്ത്... !!
ഏറെ ആഗ്രഹിച്ചിരുന്നു മനസുകൊണ്ട് ഈ മീറ്റില്‍പങ്കെടുക്കാന്‍ , പക്ഷെ സാദിച്ചില്ല :(
ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ മീറ്റില്‍ പങ്കെടുത്ത ഒരനുഭവം :)
കണ്ണൂർ മീറ്റിലെങ്കിലും പങ്കെടുക്കണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു.പക്ഷേ, അവധി ഒത്തുകിട്ടിയില്ല.
ആശംസകൾ...!
സജീം വലിയ ഒരു സാഹസം ആണ് കാണിച്ചത് ബസില്‍ ഇത്ര ദൂരം പോവുക എന്നത് കടുപ്പം തന്നെ പയങ്ങാടി മലബാര്‍ എക്സ്പ്രസില്‍ ചെന്ന് ഇറങ്ങിയിരുന്നെകില്‍ ഈ പ്രയാസം വല്ലതും ഉണ്ടോ? ട്രെയിനില്‍ എത്ര ഇടി ആയാലും കോഴിക്കോട് കഴിഞ്ഞാല്‍ സീറ്റ് കിട്ടും അല്ലെങ്കില്‍ തറയില്‍ കിടന്നു ഉറങ്ങാം ഖാദര്‍ ഒക്കെ ആള്‍ക്കാര്‍ ചവിട്ടു മേടിക്കുമെന്നെ ഉള്ളു നട്ടെല്ല് നമുക്ക് വേണ്ടതാണ് കേട്ടോ ബസില്‍ ഇങ്ങിനെ നോണ്‍ സ്റ്റോപ്പ് യാത്ര ചെയ്‌താല്‍ ഇപ്പോള്‍ അറിയില്ല കുറെ കഴിയുമ്പോള്‍ സ്പോണ്ടിലോസിസ് ഒക്കെ വരും ഇനി എവിടെയാണ് ബ്ലോഗ് മീറ്റ് നടക്കാത്തത് കാസര്‍ ഗോഡ് അല്ലെ അവിടെ ട്രെയിനിലെ പോകാവു
എഴുതുന്നവര്‍ പൊതുവേ നേരില്‍ കാണുമ്പോള്‍ സങ്കോചം കാണിക്കുന്നവര്‍ അല്ലെ ഏതായാലും തട്ടത്തുമല ബ്ലോഗ് സംഗമത്തില്‍ ഞാന്‍ വരും
അങ്ങനെ ഞാനില്ലാതെ ഒരു മീറ്റും കൂടെ കഴിഞ്ഞു....
ഓരൊ മീറ്റും കൂടുതൽ ആവേശം പകരുന്നതു പൊലെ, ഈ പൊസ്റ്റ് വായിക്കുമ്പൊൾ മീറ്റിൽ പങ്കെടുത്ത അനുഭവം. നന്നായി മാഷെ..
ആശംസകൾ !..
നേരില്‍ കണ്ടു പരിച്ചയപെട്ടത്തില്‍ സന്തോഷമുണ്ട്.പിന്നെ ഇത് വായിച്ചപ്പോള്‍ നമ്മളും സജീമിന്റെ കൂട് തട്ടത്തുമല മുതല്‍ കണ്ണൂര്‍ വരെയും തിരിച്ചും ഒന്നിച്ചു യാത്ര ചെയ്ത ഒരു പ്രതീതി. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മീറ്റ് ആണ് എനിക്കിത് .. ആദ്യമായുള്ള ഒരു അനുഭവം ആയത് കൊണ്ടാവാം.എല്ലാവരെയും നേരില്‍ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്
വളരെ വളരെ സന്തോഷം
മീറ്റിൽ പങ്കെടുത്തപോലെ അനുഭവിച്ചു..
നന്ദി..!!
സത്യത്തില്‍ തട്ടത്തുമലയില്‍നിന്നും കൈപിടിച്ച്, കണ്ണൂര്‍ മീറ്റില്‍ പങ്കെടുപിച്ചു തിരികെ തട്ടത്തുമലയില്‍ തന്നെ കൊണ്ടിറക്കിയ ഒരു പ്രതീതി ഇത് വായിച്ചപ്പോള്‍ കിട്ടി.
ഈ നല്ല വിവരണത്തിന് എന്‍റെ ആശംസകള്‍.
"ഒരു ചായയും ചെയ്തു!"
എന്ന പ്രയോഗം ആദ്യമായിട്ട് കേള്‍ക്കുന്നതാണ്.
അഷ്രഫ്ജി,
കേട്ടിട്ടില്ലേ, പലരും ഞാൻ ഇപ്പോപുതിയ ഒരു പടം ചെയ്യുന്നു, ഒരു പുതിയ പ്രോജക്റ്റ് ചെയ്യുന്നു, ഒരു കോഴ്സ് ചെയ്യുന്നു......എന്നൊക്കെ പറയുന്നത്? അതുപോലെ ഞാൻ ഇടയ്ക്കൊക്കെ ഓരോ ചായ ചെയ്യുന്നു!ഹഹഹ!
ഓഹോ അത് ശരി, അപ്പൊ കാര്യമായ പ്രവര്‍ത്തനം തന്നെ നടക്കുന്നു..... അതും ഗംഭീരമായി തന്നെ!!! തീര്‍ച്ചയായും ഇത്തരം കൂട്ടായ്മകള്‍ വലിയ അനുഗ്രഹമാണ്.. ഈ കൂട്ടായ്മയുടെ വിജയത്തിനായി പിന്നില്‍ അണി നിരന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!!
ആശംസകൾ സജീം മാഷ്....
നല്ല വിവരണം.... ഇനിയും ഒരു മീറ്റ് ഉണ്ടെങ്കിൽ വീണ്ടും കാണാം...
നല്ല വിവരണം മനോഹരമായി...
പരസ്പരം കാണുക സന്തോഷകരമാണ്.
വിവരണം രസകരമായി..മീറ്റിനു വരണം എന്നു തന്നെ കരുതിയതാണ്.ചില തിരക്കുകളും പിന്നെ ആദ്യമായി പങ്കെടുക്കുന്നതോർത്ത് എന്തോ ഒരു ജാളിയത. ഇതു വായിച്ചപ്പോൾ വരാതിരുന്നത് വലിയ നഷ്ടമായി എന്നു തോന്നുന്നു.അടുത്ത മീറ്റ് എവിടെയാണെങ്കിലും ഞാൻ വരും .തീർച്ച
വളരെ നല്ല അവതരണം.. എത്ര കഷ്ട്ടപ്പെട്ടാണ് ബ്ലോഗ്മീറ്റിനു വേണ്ടി കണ്നുര്‍ക്ക് എത്തിയതല്ലെ...ആ മനസ്സിനെ നമിക്കാതെ വയ്യ. ലേഖനത്തിലുടനീളം ' പൊറോട്ടയുടെ' അതിപ്രസരം കാണുന്നു..:).ലേഖനം സമയനഷ്ട്ടം വരുത്തിയില്ല തന്നെ!
ജംസിക്കുട്ടീ, ഇടയ്ക്ക് നൂലപ്പവും, മറ്റെന്തൊരോ ഒരു സാധനവും തിന്നിരുന്നു. പിന്നെ അല്പം വിശ്വസിച്ച് തിന്നാൻ പറ്റുന്ന ഒരു സാധനം പെറോട്ടയാണ്. ഒരു ദിവസത്തെ പഴക്കമൊക്കെയാണേങ്കിലും നമ്മൾ അതറിയില്ല! അതൊരു വിശ്വാസം. അല്ലാതെ പെറോട്ടപ്രേമിയൊന്നുമല്ല. മാത്രവുമല്ല ഓരോ കടകളിൽ കയറുമ്പോൾ കിട്ടുന്നതല്ലേ തിന്നാനും പറ്റൂ!
ഇതുവരെ വന്ന എല്ലാവരുടെ കമന്റുകളും വായിച്ചു. എല്ലവർക്കും നന്ദി!
സുശീൽ,
തുടരെ ബ്ലോഗ് മീറ്റുകൽ നടത്തിയും പങ്കെടുത്തും എല്ലവാരും ക്ഷീണിച്ചിരിക്കുകയാന്. ഇനി ഒരുവർഷം കഴിഞ്ഞ് മതി. അത് നമുക്ക് തട്ടത്തുമലയിലിലും ആലോചിക്കാവുനതുതന്നെ. അങ്ങനെയെങ്കിലും താങ്കളെ ഒന്നു നേരിലും കാണാമല്ലോ!
കുമാരൻജീ, ക്ഷമി...ക്ഷമി....! ചുമ്മാ.....!
യാത്ര, മീറ്റ്, ഈറ്റ് ഒക്കെ ഭേഷായിരിക്കണൂ!
ഇനിയും മീറ്റുകൾ ഉണ്ടാകട്ടെ! ആശംസകൾ!
ഈ സാറിന്റെയൊരു കാര്യം! കണ്ണൂരറ്റംവരെ......
മീറ്റോ മാനിയ പിടിപെട്ടു അല്ലെ ? :)
എല്ലായിടത്തും സജീം സജീവം ..
കണ്ണൂര്‍ മീറ്റും നന്നായി എന്നറിയുന്നതില്‍ സന്തോഷം ..മീറ്റ് പോസ്റ്റുകള്‍ ഏതാണ്ടെല്ലാം വായിച്ചു ..:)
Pathivupole rasakaramaaya vivaranam.
Allenkilum Saji mash ellatha meet?? asambavyam!!! Evide meet undo avide saji maash undavum :) :)
Congrads for ths details post
എത്താൻ വൈകിപ്പോയി.... ആശംസകൾ
ഓണക്കാലം, അപ്രതീക്ഷിതമായ യാത്ര...ഇതുവരെ ഒരു മീറ്റിലും പങ്കെടുക്കാൻ പറ്റിയിട്ടില്ല. എല്ലാവരെയും കാനുവാനും പരിചയപ്പെടുവാനും മോഹമുണ്ട്.....
എല്ലാറ്റിനും ഒരു സമയമുണ്ട് എന്നല്ലേ ...
പോസ്റ്റ് നന്നായി അഭിനന്ദനങ്ങൾ, നല്ല എഴുത്തായിരുന്നു.
നന്നായി....
പരിചയപ്പെട്ടില്ല അല്ലേ?
അടുത്ത തവണ ആകട്ടെ!!
പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പങ്കെടുത്തതുപൊലെ സജിം.
എല്ലാമീറ്റുകളിലും സജീവമായ സജീം മാഷ് ഒട്ടും ബോറഡിക്കാത്ത നീണ്ട വിശകലനങ്ങളിലൂടെ കണ്ണൂർ മീറ്റവലോകനം നടത്തിയതിന് അഭിനന്ദനങ്ങൾ കേട്ടൊ മാഷെ.
യാത്രനുഭവങ്ങളൂടെ യാതനതൊട്ട് പങ്കെടുത്തവരുടെ ബയോഡാറ്റകൾ വരെ ഒന്നും തന്നെ വിട്ടുകളഞ്ഞിട്ടില്ല..!
ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)
കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍
ഞാനും പോസ്റ്റിത്തുടങ്ങി...http://abidiba.blogspot.com/2011/10/blog-post_20.html
ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ് ബ്ലോഗ് . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
എന്റെ കണ്ണൂര്‍ യാത്ര വിവരണം...
Post a Comment