വിശ്വമാനവികം

............................................ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Friday, December 2, 2011

മുല്ലപ്പെരിയാറും പുതിയ ചില ഉൽക്കണ്ഠകളും

മുല്ലപ്പെരിയാറും പുതിയ ചില ഉൽക്കണ്ഠകളും

മുല്ലപ്പെരിയാറിൽ അപകടാവസ്ഥയൊന്നുമില്ലെന്ന് കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നതും ഡാമിന്റെ സുരക്ഷയുമായി ബന്ധമൊന്നുമില്ലെന്നും മറ്റുമാണ് എ.ജി ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നതത്രേ! ഇത് കേവലം ഒരു അഡ്വക്കേറ്റ് ജനറലിന്റെ മാത്രം അഭിപ്രായമായി കാണാൻ കഴിയില്ല. ഇതിനു പിന്നിൽ എന്തൊക്കെയോ പുകഞ്ഞു നീറുന്നുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി സ്വീകരിക്കുന്ന നിലപാട് പോലെയല്ല, കോടതിയ്ക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഒരു മൊഴി. മുല്ലപ്പെരിയാർ വിഷയത്തിൽ ഭാവിയിൽ ഹൈക്കൊടതിയും സുപ്രീം കോടതിയുമൊക്കെ പറഞ്ഞേക്കാവുന്ന സുപ്രധാന വിധികളെ പോലും സ്വാധീനിക്കാൻ പോകുന്നതാണ് ഈ സംസ്ഥാനത്തെ അഡ്വ. ജനറലിന്റെ ഈ നിലപാട്. ഇത് കേരളത്തിന്റെ താല്പര്യങ്ങൾക്ക് ഗുണകരമായിരിക്കില്ല.

അഡ്വ. ജനറൽ നിലവിലുള്ള സർക്കാരിന്റെ ഒരു വക്താവാണ്; സാങ്കേതികാർത്ഥത്തിൽ അങ്ങനെയല്ലെന്നു വാദിക്കാമെങ്കിലും. അതുകൊണ്ടുതന്നെഅഡ്വക്കേറ്റ് ജനറലിന്റെ സത്യവാങ് മൂലങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും മറ്റും ബന്ധപ്പെടുത്തി കേരളസർക്കാരിന്റെ നയവുമായി കാണാതിരിക്കാനാകില്ല. സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെ സർക്കാരിന് പുറമേ ഒരു നയം അകമേ മറ്റൊന്ന് എന്നതിന്റെ വെളിപ്പെടുത്തലാണിതെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ കുറ്റം പറയാനാകില്ല. മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ മാധ്യമ സൃഷ്ടിയാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. അപ്പോൾ മുല്ലപ്പെരിയാർ അപകടമുണ്ടാക്കാവുന്ന നിലായിലാണെന്ന് വിദഗ്ദ്ധന്മാർ പറഞ്ഞതൊന്നും മാധ്യമങ്ങൾ കാണാതിരിക്കണമായിരുന്നെന്നാണോ ഇതിന്റെ അർത്ഥം.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനതയുടെ താല്പര്യങ്ങളെയും നിലപാടുകളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ കേരളസംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നുതന്നെ ഉണ്ടാകുന്നു എന്നത് ലാഘവത്തോടെ കാണേണ്ടുന്ന ഒരു കാര്യമല്ല. മുല്ലപ്പെരിയാർ വിഷയത്തിൽ എന്തു നടക്കാൻ പോകുന്നുവെന്ന് ജനം ഉറ്റു നോക്കിക്കൊണ്ടിരിക്കവേ ഇത്തരമൊരു അഭിപ്രായ പ്രകടനം കോടതിയിൽ നടത്താൻ അഡ്വക്കേറ്റ് ജനറൽ ധൈര്യം കാണിച്ചതിൽ തന്നെ ചില അപകട സൂചനകൾ ഉണ്ട്. മുല്ലപ്പെരിയാറിൽ സംഭവിച്ചേക്കാമെന്ന് നാം ഭയപ്പെടുന്ന അപകടത്തേക്കാളും വലിയ അപകടങ്ങളായി നമ്മുടെ സർക്കാർ സംവിധാനങ്ങൾ മാറുന്നുവോ എന്ന ഉൽക്കണ്ഠ കൂടി നമ്മെ ബാധിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

3 comments:

അക്ഷി said...

ഭാവി എന്തായിരിക്കും എന്ന് ആലോചിക്കാന്നെ പറ്റുന്നില്ല.നമുക്ക് മാത്രം ആയി എവിടെ എങ്കിലും പോകാം എന്ന് വച്ചാല്‍ അതിനു പോലും പറ്റുനില്ല.ജയലെളിത പറയുന്നു 142 അടി ആയി ഉയര്‍ത്താന്‍.നമ്മുടെ നേതാവ് പറയുന്നു 130 അടി ആയി കുറയ്ക്കാന്‍..ഏതു നടക്കും കണ്ടറിയാം ..ജീവനോടെ ഉണ്ടെങ്കില്‍.

സുശീലന്‍ said...

ടീ എം ജേക്കബ് മരിച്ചപ്പോള്‍ മുതല്‍ ആണ് പെട്ടെന്ന് മുല്ലപ്പെരിയാര്‍ പൊട്ടി മുളച്ചത് , കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യുന്നവരുടെ വിചാരം അതോടെ അവര്‍ ഇന്ടലെക് ച്വല്‍ ആയി അവരെപ്പോലെ ബുജികള്‍ വേറെ ഇല്ല എന്നൊക്കെയാണ് , അവരുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ത്വര , വിദഗ്ദ്ധന്റെ റിപ്പോര്‍ട്ട് എന്റെ കയ്യില്‍ ഉണ്ട് പക്ഷെ ഞാന്‍ കാണിക്കില്ല , അങ്ങിനെ പോകുന്നു, മുല്ലപ്പോ വിപ്ലവം ഇനി ടോപ്പ്ക് വേറെ കണ്ടു പിടിക്ക്, എ ജിയെ പിരിച്ചു വിടണം എ ജി ആര് നിയമിച്ചു ഏതു പാര്ടിക്ക്കാരന്‍ അങ്ങിനെ പോകും ? വിദഗ്ധര്‍ എന്ന് പറഞ്ഞ റൂര്‍ക്കി ഐ ഐ ടി പ്രൊഫസര്‍മാര്‍ ഏതെങ്കിലും ഡാം കെട്ടിയിട്ടുണ്ടോ ? നമ്മുടെ ഭാഗം സുപ്രീം കോടതിയില്‍ ഒക്കെ വാദിക്കുമ്പോള്‍ അതിനനുസരിച്ച് തെളിവ് കാണിക്കണം ബാക്ക് ഗ്രൌണ്ട് വര്‍ക്ക് നടത്തണം കോടതി ചോദിക്കാവുന്ന രേഖകള്‍ ഹാജരാക്കാന്‍ ഹോം വര്‍ക്ക് ചെയ്യണം അതൊന്നും ചെയ്യില്ല , ഇനിയിപ്പോള്‍ ഇടതു പക്ഷം പറയും ഉമ്മന്‍ ചാണ്ടി കൊള്ളില്ല ഭരിക്കാന്‍ , പോളിറ്റ് ബ്യൂറോ വീ എസിനെ ശാസിക്കും ജയലളിത കൂള്‍ ആയി നടക്കും , രണ്ടാമതൊരു അന കെട്ടാന്‍ പിരിക്കുന്ന എഴുനൂറു കോടി കൊണ്ട് ത്രിവനതപുരം മുതല്‍ എറണാകുളം വരെ ഒരു ഹായ് സ്പീഡ് തീവണ്ടി പാത ഉണ്ടാക്കാം

Vinayan Idea said...

ആശംസകള്‍...........