Tuesday, February 7, 2012

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

ഇതെഴുതുന്ന ഞാനവർകൾ ഏതെങ്കിലും മതാചാരങ്ങൾ അനുഷ്ഠിക്കുകയോ പ്രാർത്ഥനകൾ നടത്തുകയോ ചെയ്യുന്നില്ല. എന്നുവച്ച് മതം എന്ന യാഥാർത്ഥ്യത്തെ നിരാകരിക്കുകയോ സ്വത്തനിഷേധം നടത്തുകയോ ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. മതങ്ങൾ നിലനിൽക്കുന്നു എന്നത് ഞാൻ ജിവിക്കുന്ന സമൂഹത്തിലെ ഇന്നിന്റെയും യാഥാർത്ഥ്യമാണ്. ഒരാൾ ജനിച്ചുവളർന്ന കുടുംബത്തിന്റെ മതത്തെ അയാൾ എത്രതന്നെ നിഷേധിച്ചാലും സമൂഹം അയാളുടെ മതം അയാളിൽ ആരോപിക്കുകതന്നെ ചെയ്യും. ഒരാൾക്ക് ഒരു മതവുമില്ലെന്ന് സ്വയം അവകാശപ്പെടാം. പക്ഷെ സമൂഹത്തിൽ ഭൂരിപക്ഷം പേരും മതമില്ലാത്ത ഒരാളായി അയാളെ കാണണമെന്നില്ല. നമ്മുടെ സമൂഹത്തിൽ ജീവിതവും മതവും തമ്മിൽ അത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നതുതന്നെ കാരണം. പക്ഷെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു വിശ്വാസപ്രകടനം നടത്തുന്നത് സത്യസന്ധതമല്ലാത്ത ഒരു പ്രവൃത്തിയായിരിക്കും. അതിന്റെ ആവശ്യമില്ലെന്നു മാത്രം. വിശ്വാസം ഒരു പോരായ്മയായോ അവിശ്വാസം ഒരു അപരാധമായോ ഈയുള്ളവൻ കാണുന്നില്ല. അതുകൊണ്ടുതന്നെ മതങ്ങളെക്കുറിച്ച് അധികം വിമർശനം നടത്തിയതുകൊണ്ട് ഈ ലേഖകന് വലിയ സായൂജ്യമൊന്നും ലഭിക്കാനില്ല. മതവിമർശനംകൊണ്ട് പെട്ടെന്നുള്ള എന്തെങ്കിലും മാറ്റം ഏതെങ്കിലും മതത്തിൽ നിന്ന് പ്രതീക്ഷിക്കാനുമില്ല. പ്രത്യേകിച്ചും എല്ലാ വിശ്വാസങ്ങളും വിശ്വാസത്തിനുവേണ്ടി മന:പൂർവ്വമുള്ള വിശ്വാസങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്!

വിശ്വാസമാറ്റങ്ങൾ സാർവത്രികമല്ല

അല്ലെങ്കിൽത്തന്നെ മത- ദൈവ വിശ്വാസങ്ങൾ ഉപേക്ഷിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകളിലേയ്ക്കും നേരേതിരിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകൾ ഉപേക്ഷിച്ച് മത-ദൈവ വിശ്വാസങ്ങളിലേയ്ക്കും ആളുകൾ പോകുന്നത് വളരെക്കുഞ്ഞൊരളവിൽ മാത്രമാണ്. അങ്ങോട്ടോ ഇങ്ങോട്ടോ പറയത്തക്ക ഒഴുക്ക് സാധാരണ ഗതിയിൽ സംഭവിച്ചു കാണാറില്ല. അതുകൊണ്ടാണല്ലോ പ്രത്യക്ഷനിരീശ്വരവാദികൾ ലോകത്തിൽ അന്നുമിന്നും ചെറുന്യൂനപക്ഷമായിത്തന്നെ നിലനിൽക്കുന്നത്. മാത്രവുമല്ല വിശ്വാസികൾക്ക് ധാരളം സൌകര്യങ്ങൾ ഉണ്ട്. അവിശ്വാസികൾക്ക് ഏറെ അസൌകര്യങ്ങളും. ഇന്നത്തെ കാലത്തുപോലും വിശ്വാസിയായി ജീവിക്കുന്നത്ര എളുപ്പവും സുഖകരവുമല്ല, ഒരു അവിശ്വാസിയായി ജീവിക്കുക എന്നത്. ( ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ വിശ്വാസികൾ എന്നും മറിച്ചുള്ളവരെ അവിശ്വാസികൾ എന്നുമാണ് വിശേഷിപ്പിക്കേണ്ടിയിരുന്നത്. പക്ഷെ വിശ്വാസി, അവിശ്വാസി എന്നീ വാക്കുകൾ ദ്യോതിപ്പിക്കുന്ന അർത്ഥങ്ങൾ പണ്ടുമുതലേ മറിച്ചായതുകൊണ്ട് അതങ്ങനെതന്നെ ഇരിക്കട്ടെ). മാറ്റത്തിന്റെ കാര്യം പറയുമ്പോൾ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേയ്ക്കുള്ള പരിവർത്തനവും വളരെക്കുറഞ്ഞ അളവിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അടുത്ത കാലത്തൊന്നും ഏതെങ്കിലും മതത്തിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള കുത്തൊഴുക്ക് ലോകത്തൊരിടത്തും സാധാരണ സംഭവിച്ചു കാണുന്നില്ല. എല്ലാ മതങ്ങളും തങ്ങളുടെ മതമാണ് ലോകത്തിൽ ഏറ്റവും ശ്രേഷ്ഠമായ മതമെന്ന് അവകാശപ്പെടുമ്പോൾ അതേപറ്റി അന്വേഷിക്കാനൊന്നും മിനക്കെടാതെ സൌകര്യാ‍ർത്ഥം ഓരോ മതത്തിലും നിൽക്കുന്നവർ തങ്ങളുടെ മതം തന്നെ ശ്രേഷ്ഠമെന്ന് സ്വയം വിശ്വസിച്ചും സമ്മതിച്ചും കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.

അക്രമം അന്തർലീനമായ മതങ്ങൾ

മതങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളുടെ ബലത്തിലോ, അവ മനുഷ്യ നന്മയ്ക്ക് ഉതകുന്ന പല നല്ല കാര്യങ്ങളും ചെയ്യുന്നതുകൊണ്ടോ മാത്രമല്ല മതങ്ങൾ നിലനിൽക്കുന്നത്; സംഘടിത ശക്തികൾ എന്ന നിലയിൽ അക്രമത്തിന്റെയും ഭീഷണിയുടേയും കൂടി ബലത്തിലാണ് എല്ലാ മതങ്ങളും നില നിൽക്കുന്നത്. ചിലയിടങ്ങളിൽ അധികാരത്തിന്റെ കൂടി ബലത്തിലും! വ്യക്തി സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തൽ, ജനാധിപത്യനിരാസം മുതലായവ മതങ്ങളുടെ പൊതുസ്വഭാവങ്ങളാണ് എന്നതാണ് മതങ്ങളോടുള്ള ഈ ലേഖകന്റെ വിയോജിപ്പിന്റെ പ്രധാന കാരണം. അല്ലാതെ മതങ്ങൾ ഉൾക്കൊള്ളുന്നന്ന ആശയങ്ങളോ അന്ധവിശ്വാസങ്ങൾ പോലുമോ അല്ല. ഓരോ മതത്തിന്റെയും അന്യമതസഹിഷ്ണുത സംശയാസ്പദമാണ്. തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് ഓരോ മതങ്ങളും അവകാശപ്പെടുന്നു. മതത്തിനെതിരായ ആശയങ്ങളെ, പ്രത്യേകിച്ച് യുക്തിവാദത്തെയും നിരീശ്വര വാദത്തെയും ആക്രമിക്കുന്നതിൽ എല്ലാ മതങ്ങളും ഒരുപോലെയാണ്. മതാധിഷ്ഠിത ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നും മറ്റു മതങ്ങൾക്കു സ്വാതന്ത്ര്യമില്ല. അവിടങ്ങളിൽ മതത്തിലോ ദൈവത്തിലോ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമില്ല. ചില രാഷ്ട്രങ്ങളിൽ ഭരണം മതാധിഷ്ഠിതമല്ലെങ്കിലും ഭൂരിപക്ഷത്തിന്റെ മതം അവിടെ ഔദ്യോഗിക മതമാണ്. മറ്റു മതങ്ങൾക്ക് അവിടങ്ങളിൽ വളരെയൊന്നും നിലനിൽക്കാനോ വളരാനോ കഴിയില്ല. മതരാഷ്ട്രങ്ങളിൽ ഒന്നും തന്നെ ശരിയായ ജനാധിപത്യമോ പൌരാവകാശങ്ങളോ നിലനിൽക്കുന്നില്ല. ആഗോള മതരാഷ്ട്രങ്ങൾ സ്ഥാപിക്കുവാനാണ് പ്രബല മതങ്ങളായ കൃസ്ത്യാനികളും മുസ്ലിങ്ങളും മത്സരിക്കുന്നത്. ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് മറ്റുമതങ്ങളെ പിന്തള്ളാനാണ് ഹിന്ദുമതതീവ്രവാദികൾ ശ്രമിക്കുന്നത്. മതതീവ്രവാദത്തിന്റെയും മതഭീകരതയുടെയും ലക്ഷ്യംകേവലം മതസംരക്ഷണമല്ല, അത്യന്തികമായ മതഭരണം സ്ഥാപിക്കുക എന്നതാണ്.

അന്ധവിശ്വാസങ്ങളും മതങ്ങളും

അതൊക്കെ എന്തായാലും മതങ്ങളുടെ അന്ധവിശ്വാസങ്ങളെപ്പറ്റി പരാതിപ്പെടുന്നതിലോ വിമർശിക്കുന്നതിലോ ഒരു കാര്യവുമില്ലെന്നറിയാം. കാരണം മതങ്ങളെല്ലാം അന്ധവിശ്വാസങ്ങളുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിടുള്ളത്. അന്ധ വിശ്വാസങ്ങൾ ഇല്ലാതായാൽ ഒരു മതത്തിനും നിലനില്പില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പ്രത്യേക അന്ധവിശ്വാസത്തെ മാത്രം എടുത്ത് അതിനെ വിമർശിക്കുന്നതിലും വലിയ കാര്യമില്ല. ഓരോ കാലത്തും മതാശയങ്ങളിൽ വെള്ളം ചേർക്കപ്പെടുന്നതുപോലെ ഓരോ കാലത്തും പലതരം പുതിയ അന്ധവിശ്വാസങ്ങളും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കും.

തിരുകേശവിവാദം

ഒരു അന്ധവിശ്വാസത്തിന്റെ കൂടി കൂട്ടിച്ചേർക്കലാണ് ഈ പോസ്റ്റിനാധാരമായ തിരുകേശാരാധന. മതങ്ങളുടെ ഏണ്ണമറ്റ അന്ധവിശ്വാസങ്ങളിൽ ഒന്നായി ഇതിനെയും തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാൽ അന്ധവിശ്വാസങ്ങൾക്കും ഒരു പരിധിയില്ലേ? അതും ഈ ആധുനിക കാലത്ത്. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഈ മുടിപൂജയ്ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നു. സുന്നിപണ്ഡിതനായ കാന്തപുരം അബൂബേക്കർ ആണ് മുടിപൂജയ്ക്കും അതിനായുള്ള പള്ളിപണിയലിനും നേതൃത്വം നൽകുന്നത്. അതുകൊണ്ട് മുസ്ലിങ്ങളിലെ മറ്റുവിഭാഗങ്ങളായ ജമാ-അത്തെ ഇസ്ലാമിയും മുജാഹിദുകളും മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നതെങ്കിൽ അവർ സുന്നികളുടെ എതിർപക്ഷമെന്നു കരുതി അവഗണിക്കാമായിരുന്നു. ഇതിപ്പോൾ സുന്നികളിൽതന്നെ നല്ലൊരുപങ്ക് ആളുകളും മുടിപൂജയെ എതിർക്കുകയാണ്. ഈ തിരുമുടി പ്രവാചകന്റേതാണെന്നുള്ള അവകാശവാദത്തെത്തന്നെ വിമർശകർ പാടേ തള്ളിക്കളയുന്നുണ്ട്. ഇനി ഇത് അഥവാ പ്രവാചകന്റേ കേശം തന്നെ ആയാലും ആ കേശത്തെ തിരുകേശമായി കരുതി ആരാധിക്കുന്നതും അതിനായി ഒരു പള്ളിതന്നെ പണിയുന്നതും ഇസ്ലാമതത്തെ സംബന്ധിച്ച് ശരിയായ കാര്യങ്ങളാണോ? അല്ലാ എന്നാണ് ഭൂരിപക്ഷാഭിപ്രായം. കാരണം അത്തരം ആരാധനകൾ ഇസ്ലാമികമല്ല.

ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ല

ഞാൻ പള്ളിക്കൂടത്തിലും പള്ളിയിലും പഠിച്ച അറിവുവച്ച് മുഹമ്മദ് നബിയാണ് ഇസ്ലാമതസ്ഥാപകൻ. ഇസ്ലാമതത്തെ സംബന്ധിച്ച് പള്ളിയിലും പള്ളിക്കൂടത്തിലും പഠിച്ചിട്ടുള്ളത് ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നാണ്. “ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നു സന്ദേശം നൽകിയ നൂറുള്ളാ.......” എന്നു തുടങ്ങുന ഒരു ഗാനം ഈയുള്ളവനും കൊച്ചിലേ പാടി നടന്നത് ഇപ്പോഴും ഓർമ്മയുണ്ട്. പള്ളികളിൽ നബിദിനാഘോഷങ്ങളിലും മത പ്രഭാഷണങ്ങളിലും മറ്റും സ്ഥിരം പാടിപ്പതിഞ്ഞ ഒരു ഗാനമായിരുന്നു അത്. പ്രവാചകനെ ബഹുമാനിക്കണമെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. പക്ഷെ പ്രവാചകനെ ആരാധിക്കണമെന്ന് പ്രവാചകൻ പോലും പറഞ്ഞതായി അറിയില്ല. അപ്പോൾപിന്നെ പ്രവാചകന്റെ മുടിയെ ആരാധിക്കുന്നത് ഇസ്ലാമത വിശ്വാസത്തിന് ഒട്ടുംതന്നെ നിരക്കുന്നതല്ല. വസ്തുക്കളേയോ മനുഷ്യനുൾപ്പെടെയുള്ള ജിവികളെയോ അവയുടെ അവയവങ്ങളെയോ ആരാധിക്കുന്ന രീതി ഇസ്ലാമികമല്ലാ എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. വിഗ്രഹാരാധനയെ ഇസ്ലാം അംഗീകരിക്കുന്നില്ല. പ്രവാചകന്റെ ജനനസമയത്ത് അറേബ്യയിലെ വിഗ്രഹങ്ങൾ ഒക്കെയും തകർന്നു വീണതായി പണ്ട് പള്ളിയിൽ ഉസ്താദ് പഠിപ്പിച്ചത് ഓർമ്മയുണ്ട്. സംഭവിച്ചതായാലും അല്ലെങ്കിലും. ഖബർപൂജപോലും തെറ്റാണെന്നാണ് പല ഇസ്ലാമത പണ്ഡിതന്മാരും പറഞ്ഞുതരുന്നത്. ഇതൊക്കെ ഏതൊരു സാധാരണ മുസ്ലിം വിശ്വാസിയും മത പ്രഭാഷണങ്ങളിലൂടെയെങ്കിലും കേട്ട് മനസിലാക്കിവച്ചിട്ടുള്ളതാണ്. നിഷ്കളങ്കമായി ഇസ്ലാമതത്തിൽ വിശ്വസിക്കുന്ന സാധാരണ വിശ്വാസികളുടെ സാമാന്യബോധത്തെ തന്നെ വെല്ലുവിളിക്കുന്നതാണ് തിരുകേശം പോലെയുള്ള ഇത്തരം അന്ധവിശ്വാസ പ്രചരണം.

ചരിത്രപണ്ഡിതമതം

തിരുവനന്തപുരം കാര്യവട്ടത്തെ കേരളസർവ്വലാശാലാ ഇസ്ലാമിക്ക് ഹിസ്റ്ററി വിഭാഗം റീഡർ പ്രൊ. ഷറഫുദീൻ ഈയുള്ളവന്റെ നാട്ടുകാരനും ചരിത്ര പണ്ഡിതനും ചില ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ചരിത്രത്തിലും ഇസ്ലാമിക്ക് ഹിസ്റ്ററിയിലും ആധികാരികമായി അഭിപ്രായം പറയാൻ മാത്രം ചരിത്രപാണ്ഡിത്യം അദ്ദേഹത്തിനുണ്ട്. ഈ തിരുമുടി വിവാദം സംബന്ധിച്ച് ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഈ തിരുകേശം അന്ധവിശ്വാസമാണെന്നും അത് പ്രവാചകന്റേതല്ലെന്നും മതത്തെ സ്വാർത്ഥലാഭങ്ങൾകുവേണ്ടി ഉപയോഗിക്കുന്നവരാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാറുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.

ചിന്താക്കുഴപ്പത്തിലാകുന്ന നിഷ്കളങ്കവിശ്വാസികൾ

ഇക്കാര്യത്തിൽ ഒരു പ്രയോജനവിമില്ലാതെ എന്തിന് ഇങ്ങനെ എഴുതി മനസിനെയും വിരലുകളെയും സമയത്തെയും മിനക്കെടുത്തുന്നു എന്നു ചോദിച്ചാൽ, ഇയുള്ളവൻ ആകാശത്ത് നിന്നുപൊട്ടിമുളച്ച ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല. എന്റെ വീട്ടുപേർ നിരീശ്വരാലയം എന്നുമല്ല. എന്റെ കുടുംബാംഗങ്ങൾ മതാന്ധത ബാധിച്ചവർ അല്ലെങ്കിലും സാധാരണ ഇസ്ലാമത വിശ്വാസികളാണ്. പരമ്പരാഗതമായ വിശ്വാസം തുടർന്നുപോരുന്നവരാണ്. അവരുടെ വിശ്വാസങ്ങൾ എനിക്കും പ്രധാനപ്പെട്ടതാണ്. അവരുടെ വിശ്വാസങ്ങളോട് എനിക്ക് ബഹുമാനമാണ്. അവരുടെ വിശ്വാസത്തിന്റെയും നിസ്കാരപ്പുരയുടെയും വിശുദ്ധി എന്റെയും കൂടി ബാദ്ധ്യതയാണ്. എന്നാൽ ഈ തിരുകേശം അവരുടെ മനസിലും സംശയങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കിയിരിക്കുന്നു. അവർ നിഷ്കളങ്കരായ സാധാരണ ഇസ്ലാമത വിശ്വാസികളാണ്. കേവലം വിശ്വാസികൾ മാത്രമല്ല, സാധാരണ പള്ളികളിലെ പാവം മൌലവിമാരും ആകെ ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ആളുകളുടെ ചോദ്യങ്ങൾക്കുമുന്നിൽ അവർ നിസ്സഹായരാകുന്നു. ഓരോ വ്യക്തികൾക്ക് അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി തങ്ങളുടെ ഇഷ്ടപ്രകാരം എന്തുതരം വിശ്വാസവും തിരുകി കയറ്റാവുന്ന ഒന്നായി ഇസ്ലാമതം അധപ്പതിക്കുന്നതിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മുസ്ലിങ്ങൾക്കുള്ള അസ്വസ്ഥത എന്റെയും കൂടി അസ്വസ്ഥതയാകുന്നു. കുടുംബത്തിൽ നിന്നും ചുറ്റിലുമുള്ള സമൂഹത്തിൽ നിന്നും വേറിട്ട് എനിക്കുമില്ലല്ലോ ഒരു വ്യക്തിത്വം! ഇപ്പോൾ തന്നെ ആവശ്യത്തിന് അന്ധവിശ്വാസങ്ങൾ എല്ലാ മതങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഇനി ഇങ്ങനെ പുതിയതോരോന്ന് കൊണ്ടുവരാതിരുന്നാൽ അത്രയും നന്നായിക്കും എന്നു മാത്രം പറഞ്ഞ് ഈ കുറിപ്പ് ചുരുക്കുന്നു.

26 comments:

Anonymous said...

kanthapuram musaliyaar has a million times more followers than yu have. Why should I believe yu? I heard that some Hinuds, especially the BJP are blaming Kanthapuram. That is sufficient to make out what is good for muslims.
I support Kanthapuram. All that he did so far, resulted in progress of Muslims, especially in Malabar.I believe this one too.It is leadres like him who need to lead Muslims in India. Not people like u, who are no different from Modi like hindu bigots. Are you trying to forget what VS's police did in the name of catching terrorists? better yu keep quite in this regard

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ അനോണിമസ്,

കാന്തപുരത്തിനു കാശുണ്ടെങ്കിൽ പള്ളി പണിയാനും തിരുകേശത്തെ ആരാധിക്കനുമൊക്കെ സ്വാതന്ത്ര്യമുണ്ട്.അതു വേറെ കാര്യം. ഇത് വിശ്വാസങ്ങൾ സംബന്ധിച്ച് ഈയുള്ളവന്റെ ചിന്തകളാണ്. പിന്നെ ഫോളോവേഴ്സ് കൂടുതലുള്ളവരാണ് കൂടുതൽ ശരിയെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് ക്രിസ്ത്യാനികൾക്കല്ലേ? അനോണിയാണെങ്കിലും കമന്റിനു നന്ദി!

സങ്കൽ‌പ്പങ്ങൾ said...

അവരവർ അവവരുടെ ഇഷ്ടം,പക്ഷെ എതിർപ്പുകൾ അവഗണിക്കണോ,വേണ്ടയോയെന്നവർ സ്വയം തീരുമാനിക്കട്ടെ.

Manoj മനോജ് said...

അബ്രഹാമിക്ക് മതങ്ങളുടെ പ്രത്യേകതയാണു ഏകദൈവ വിശ്വാസം. ക്രിസ്ത്യാനികളുടെ ട്രിനിറ്റി തല്‍ക്കാലം മാറ്റി വെച്ചാല്‍ ജുതന്മാര്‍ മുതല്‍ ബഹായി വരെ (തല്‍ക്കാലം ബഹായിയില്‍ എത്തി നില്‍ക്കുന്നു) ഏക ദൈവത്തിനെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കരുതെന്ന് തന്നെയല്ലേ.

എന്നാല്‍ ഒരു രൂപം ഇല്ലെങ്കില്‍ പ്രാര്‍ത്ഥന അസാദ്ധ്യമാകുകയും ആളുകളെ പിടിച്ച് നിര്‍ത്തുവാന്‍ കഴിയില്ല എന്നും മനസ്സിലാക്കിയ പുരോഹിതവര്‍ഗ്ഗങ്ങള്‍ താല്‍ക്കാലികമായെങ്കിലും അഴഞ്ഞതിന്റെ ഒടുവിലത്തെ ഫലമാണു തിരുകേശ വിവാദം!

ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയിലെ അന്ധവിശ്വാസങ്ങളെ തുടച്ച് നീക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ന് അവയെല്ലാം പുത്തന്‍ രൂപത്തില്‍ തിരിച്ച് വരുന്നു. മതം കച്ചവടല്‍ക്കരിക്കുന്നതിനുപരിയായി മതത്തിലേയ്ക്ക് ആളുകളെ എങ്ങിനെ ആകര്‍ഷിക്കാം എന്നതിലേയ്ക്ക് എത്തി നില്‍ക്കുന്നു. അത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം കാര്യമല്ല! അമേരിക്കയില്‍ എത്തുന്ന ചൈനീസ് വംശജരുടെ (മതമില്ലാത്ത) വീട്ടില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു കൂട്ടര്‍ നിത്യ സന്തര്‍ശകരായി എത്തും. അമേരിക്കന്‍ പൌരത്വം എളുപ്പത്തില്‍ ലഭിക്കുവാനുള്ള കുറുക്കു വഴി എന്ന പ്രലോബനവുമായി. അത് പോലെ ഒന്നായിട്ടേ ഈ തലമുടി വിവാദത്തെ കാണുവാനാകുന്നുള്ളു! കൂടുതല്‍ ആളുകളെ തങ്ങളുടെ കീഴില്‍ എത്തിക്കുക എന്ന വ്യക്തമായ അജണ്ടയുമായി തന്നെയാണു ഇതിന്റെ വ്യക്താക്കള്‍ നീങ്ങുന്നത്!

കേരളത്തില്‍ ഇത്തരം മതകച്ചവട പുരോഹിതവര്‍ഗ്ഗത്തെ തടയിടുവാന്‍ കഴിയുന്നവര്‍ പക്ഷേ ഇപ്പോള്‍ സാങ്കല്പിക കഥാപാത്രത്തെ യാഥാര്‍ത്ഥ്യാമാക്കുവാനുള്ള പങ്കപ്പാടിലാണു :(

ഇ.എ.സജിം തട്ടത്തുമല said...

മനോജ്,

കമന്റിലെ അവസാനത്തെ വരികളിൽ പിടിച്ചു പറയട്ടെ. താങ്കൾ ഉദ്ദേശിച്ച കഥാപാത്രങ്ങൾ ജീവിച്ചിരുന്നോ ഇല്ലയോ എന്നതല്ല, അവർ അഥവാ അവരിലൂടെ മറ്റാരോ പറഞ്ഞ സദുദ്ദേശപരമായ സന്ദേശങ്ങളെയാണ് ആദരിക്കുന്നത്. അവർ ചെയ്തുവെന്നു പറയുന്ന സൽക്കർമ്മങ്ങളെയാണ് ആദരിക്കുന്നത്. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നു പറഞ്ഞത് ജീവിച്ചിരുന്ന ഒരു ക്രിസ്തുവാണെങ്കിലും അതല്ല, സങ്കല്പമാണെങ്കിൽ ആ സങ്കല്പകഥാപാത്രത്തെ സൃഷ്ടിച്ച് മഹത്തായ ആ വാക്യം ക്രിസ്തുവിലൂടെ പറയിച്ചതാണെങ്കിലും അത് നല്ലൊരു ആഹ്വാനം തന്നെയല്ലേ? ഏതെങ്കിലും മതപ്രബോധകനെയോ പുരാണ കഥാപാത്രങ്ങളെയോ ഉദ്ധരിച്ചു സംസാരിക്കുകയോ അവയെപ്പറ്റി രണ്ട് നല്ല വാക്ക് പറയുകയോ ചെയ്താൽ ആ കാഥാപാത്രങ്ങളൊക്കെ യഥാർത്ഥ കഥാപാത്രങ്ങളാണെന്നുതന്നെ സമ്മതിക്കലല്ല.മതത്തിൽ നിന്നായാലും മറ്റ് ഇസങ്ങളിൽ നിന്നായാലും അന്ധവിശ്വാസങ്ങളൊഴികെ മനുഷ്യനു ഗുണകരമായ ആശയങ്ങളോ പ്രവൃത്തികളോ ഉണ്ടെങ്കിൽ അവയെ അംഗീകരിക്കുന്നതിൽ അപാകതയൊന്നുമില്ല.

ഇ.എ.സജിം തട്ടത്തുമല said...

വിയർപ്പുതുള്ളീ ഉണങ്ങും മുമ്പ് തൊഴിലാളിയ്ക്ക് കൂലികൊടുക്കാൻ നബി കല്പിച്ചിട്ടുണ്ടെങ്കിൽ ആ കല്പന മാർക്സിസ്റ്റുകൾക്ക് സ്വീകാര്യമാകുന്നതിൽ യാതൊരു അസ്വാഭാവികതയും ഇല്ല.അവിടെ മുഹമ്മദ് നബി ആര്, എന്നു ജീവിച്ചിരുന്നു എന്നൊന്നും നോക്കേണ്ടതില്ല. ആർ പറയുന്നു എന്നതല്ല എന്തുപറയുന്നു പറയുന്നതിലാണ് കാര്യം.

poochakutty said...

കാന്തപുരം അനുയായികളോ തിരുകേശം ആരാധിക്കാന്‍ എപ്പോയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്റെ അറിവില്‍ ഇല്ല ആദരിക്കാന്‍ മാത്രമേ പറഞ്ഞിടുള്ളൂ , ഇതു മദ്രസ്സയില്‍ വെച്ചാണ് താങ്ങളെ മുഹമ്മദ്‌ നബി ഇസ്ലാം മത സ്ഥാപകന്‍ എന്ന് പഠിപ്പിച്ചതെന്നു അറിയാന്‍ താല്പര്യം ഉണ്ട് (അങ്ങിനെ മുസ്ലിങ്ങള്‍ ഒരിക്കലും കരുതാറില്ല ഇസ്ലാം മതപ്രവാചക പരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദ്‌(സ)
ഖബരോ മറ്റോ മുസ്ലിങ്ങള്‍ ഒരിക്കലും ആരധിക്കാറില്ല സന്ദര്‍ശിക്കാറുണ്ട് മരിച്ചവരുടെ നന്മക്കായി പ്രാര്തിക്കാറുണ്ട് കേരളത്തിലെ ഇസ്ലാം മത കാര്യത്തില്‍ അവസാന വാക്ക് പറയാന്‍ കാര്യവട്ടത്ത് സ്ഥാപനമുണ്ടോ?
നിഷ്കളങ്കന്‍ ആവുക എന്നാല്‍ വിഡ്ഢിയാവുക എന്നല്ല അര്‍ഥം അവരെ ഒരു നിരീസ്വരെ മതക്കരനെക്കള്‍ പള്ളിയിലെ മൌലവിക്കു കാണും ഇസ്ലാമിനെ കുറിച്ച് അറിവ്.

പോരാളി said...

പ്രിയ സജീം

തിരുകേശപ്പള്ളി എന്നാല്‍ കേശത്തെ ആരാധിക്കാനുള്ളതാണെന്നത് താങ്കള്‍ തെറ്റിദ്ധരിച്ചതാണ്. പള്ളിയില്‍ ആരാധന നിര്‍വ്വഹിക്കുന്നത് അല്ലാഹുവിനു തന്നെയാണ്. ആ പള്ളിയില്‍ തിരു കേശവും ആദരവോടെ സൂക്ഷിക്കുന്നുവെന്ന് മാത്രം. ഇന്ത്യയില്‍ തിരുകേശം സൂക്ഷിക്കുന്ന വേറെയും പള്ളികളുണ്ട്. കാശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളി.ഒരുദാഹരണം. അവിടെയൊന്നും ആരും തിരുകേശത്തെ ആരാധിക്കുന്നില്ല, ആരാധിക്കുകയുമില്ല.
പിന്നെ തിരുകേശത്തെ ആദരിക്കാന്‍ പ്രമാണികമായ പിന്‍‌ബലം തന്നെ ഇസ്‌ലമില്‍ ഉണ്ട്.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയപൂച്ചക്കുട്ടീ,

ഇസ്ലമിനെക്കുറിച്ച് നന്നായി അറിയാവുന്ന മൌലവിമാരും അത്രത്തോളം അറിഞ്ഞുകൂടാത്ത മൌലവിമാരും ഉണ്ട്. അതുപോലെ മൌലവിമാരേക്കാൾ ഇസ്ലാമതത്തെക്കുറിച്ചും മറ്റ് സർവ്വമതത്തെക്കുറിച്ചും അരച്ചു കലക്കിക്കുടിച്ച് പഠിച്ച നിരീശ്വരവാദികളും ഉണ്ട്. അഗാധമായ അറിവും വിശ്വാസവുമായി വലിയ ബന്ധമൊനുമില്ല. ഒരു ഇസ്ലാമായി ജീവിക്കാൻ ഇസ്ലാമിനെക്കുറിച്ച് അല്പസ്വല്പം അറിവൊക്കെമതി. അതുപോലെ നിരീശ്വരവാദിയകാനും ഇടമറുകിനെപോലെ അറിവൊന്നും വേണമെന്നില്ല.അല്പസ്വല്പമൊക്കെ അറിഞ്ഞാൽ മതി. അതുകൊണ്ട് അതൊക്കെ പോട്ടെ. ഇസ്ലാമത സ്ഥാപകനായി കരുതപ്പെടുന്നത് അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ ആണെന്നാണ് പള്ളിക്കൂടത്തിൽ പഠിച്ചിട്ടൂള്ളത്. അത് തെറ്റാണെങ്കിൽ പാഠപുസ്തകങ്ങൾ തിരുത്തട്ടെ. ഖബറിടങ്ങൾ സന്ദർശിക്കുന്നതായാലും ആരാധിക്കുന്നതായാലും ഇസ്ലാമിനു ഭൂഷണമല്ലെന്നു പറയുന്നത് യുക്തിവാദികളൊന്നുമല്ല; ഇസ്ലാമിലെ അവാന്തര വിഭാഗങ്ങൾ തന്നെ. സത്യത്തിൽ ഈ മുജാഹിദുകൾ പറയുന്നതാണോ, ജമാ‍-അത്തെ ഇസ്ലാമിക്കാർ പറയുന്നതാണോ, കാന്തപുരത്തിന്റെ എതിരാളികളായ സുന്നികൾ പറയുന്നതാണോ, അതോ കാന്തപുരം വിഭാഗം പറയുന്നതാണോ ശരിയായ ഇസ്ലാമിക വിശ്വാസങ്ങൾ എന്ന കാര്യത്തിൽ മുമ്പില്ലാത്ത വിധം കൺഫ്യൂഷൻ ഇപ്പോൾ ഞാൻ പറഞ്ഞ നിഷ്കളങ്കവിശ്വാസികൾക്ക് (സാധാരണ വിശ്വാസികൾ എന്നും പറയാം) ഉണ്ടായിരിക്കുന്നുവെന്നതാണ് ഈ പോസ്റ്റ് തന്നെ എഴുതാൻ കാരണം. ഖബറടക്കം കഴിഞ്ഞ് ചിലർ പ്രാർത്ഥിക്കുന്നതും അത് തെറ്റാണെന്നു പറഞ്ഞ് മറ്റ് ചിലർ പിണങ്ങി പോകുന്നതും നാട്ടിലിപ്പോൾ സ്ഥിരം കാഴ്ചയാണ്. ഇപ്പോൾ തർക്കം നിരീശ്വരവാദികളുമായിട്ടല്ല. അവർക്കിതിലൊന്നും കാര്യവുമില്ല, താല്പര്യവുമുണ്ടാകില്ല. ഒരേ മതത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലാണ് തർക്ക വിതർക്കങ്ങൾ! ശരിയും തെറ്റും അവനവന്റെ ഇഷ്ടത്തിനങ്ങ് വിടുകയേ നിവൃത്തിയുള്ളൂ. പിന്നെ തിരുകേശത്തെപ്പറ്റിയാണെങ്കിൽ അത് നബിയുടേതാണോ എന്ന കാര്യത്തിൽ വിശ്വാസികളിൽ ഒരു വിഭാഗം തന്നെ സംശയം പ്രകടിപ്പിച്ചിട്ടുള്ള സ്ഥിതിയിൽ അതേപറ്റി കൂടുതൽ പറയാനുമില്ല. ആദ്യം എല്ലാമതത്തിലെയും വിശ്വാസികൾ തമ്മിൽ യോജിച്ച് ഒരു പൊതു ധാരണയിലെത്തുന്നത് നല്ലതാണ്.അല്ലാതെ ആധികാരികമായി ആർക്കും ഒന്നും പറയാൻ കഴിയില്ല. പിന്നെ ഈയുള്ളവന് കാര്യവട്ടത്തെ പ്രൊഫസർമാർ പറയുന്നതും കാര്യമാണ്. മതപണ്ഡിതന്മാർ പറയുന്നതും കാര്യമാണ്. യുക്തിവാദികൾ പറയുന്നതും കാര്യമാണ്. ഒക്കെ കേട്ടിട്ട് ഏത് നിലപാടെടുക്കണമെന്നത് നമ്മുടെ സ്വകാര്യമാണ് എന്നു മാത്രം.

കമന്റിനു നന്ദി!

ഇ.എ.സജിം തട്ടത്തുമല said...

കുഞ്ഞിക്കയുടെ കമന്റിനും നന്ദി. ഞാൻ പൂച്ചക്കിട്ടിയ്ക്കിട്ട കമന്റ് കാണുമല്ലോ. സന്ദർശനവും,ആദരിക്കലും, ആരാധനയും മറ്റുമായി ധാരാളം പദങ്ങളുള്ളത് ഏതായാലും നമുക്കെല്ലാം നല്ലതായി.

ഇ.എ.സജിം തട്ടത്തുമല said...

എല്ലവരും ചേർന്ന് നിഷകളങ്ക വിശ്വാസികളെ വിഡ്ഢികളാക്കുന്നുവെന്ന് ഞാൻ തിരിച്ച് കുഞ്ഞിക്കയോടും മറ്റ് ആരോടും പറയുന്നില്ല. കാരണം ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്താനാകില്ല. അത് നിഷ്കളങ്കരായ വിശ്വാസികൾ ആയാൽ പോരും.

prachaarakan said...

ആരാധനയും ആദരവും രണ്ടും രണ്ടാണ്‌ അത് മനസിലാക്കുക .. അല്ലാഹുവിനെയല്ലാതെ ഒന്നിനെയും മുസ്‌ലിംകള്‍ ആരാധിക്കുന്നില്ല

കാന്തപുരമോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും പണ്ഡിതനോ അല്ലാഹുവിനെയല്ലാതെ ആരെയെങ്കിലും ആരാധിക്കാന്‍ പറയുന്നതായി കേട്ടിട്ടില്ല.. ഉണ്ടെങ്കില്‍ അറിയിച്ചാല്‍ കൊള്ളാം

താങ്കള്‍ക്ക് ആരാധനയും ആദരവും തമ്മിലുള്ള വിത്യാസം അറിയാത്തതു കൊണ്ടു വന്ന തെറ്റിദ്ധാരണയാണീ പോസ്റ്റിനു ആധാരം

prachaarakan said...

>>സത്യത്തിൽ ഈ മുജാഹിദുകൾ പറയുന്നതാണോ, ജമാ‍-അത്തെ ഇസ്ലാമിക്കാർ പറയുന്നതാണോ, കാന്തപുരത്തിന്റെ എതിരാളികളായ സുന്നികൾ പറയുന്നതാണോ, അതോ കാന്തപുരം വിഭാഗം പറയുന്നതാണോ ശരിയായ ഇസ്ലാമിക വിശ്വാസങ്ങൾ എന്ന കാര്യത്തിൽ മുമ്പില്ലാത്ത വിധം കൺഫ്യൂഷൻ ഇപ്പോൾ ഞാൻ പറഞ്ഞ നിഷ്കളങ്കവിശ്വാസികൾക്ക് (സാധാരണ വിശ്വാസികൾ എന്നും പറയാം) ഉണ്ടായിരിക്കുന്നുവെന്നതാണ് ഈ പോസ്റ്റ് തന്നെ എഴുതാൻ കാരണം <<


ഇസ്‌ ലാമിക ശ്വാസം എന്താണെന്നും അവാന്തര വിഭാഗവും കാന്തപുരത്തെ എതിര്ക്കുന്ന സുന്നികളും എന്ത് കൊണ്ട് എതിര്‍ക്കുന്നു വെന്നു അറിയുന്നവര്‍ക്ക് അറിയാം അല്ലാത്തവര്‍ക്ക് ഒരുപക്ഷെ സംശയങ്ങള്‍ വന്നേക്കാം..

Asfar said...

താഴെ കൊടുത്തിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ഒന്ന് അറിഞ്ഹിരിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
1 . തിരുകെഷതിനേ ആരാധിക്കാന്‍ ആരും മുതിരുന്നില്ല, മറിച്ചു അതിനെ ബഹുമാനിക്കാലാണ് ഉദ്യേശം.
2 . മുഹമ്മദ്‌ നബി [സ്വ] അല്ല ഇസ്ലാം മത സ്ഥാപകന്‍. മുഹമ്മദ്‌ നബി [സ്വ] ഒരു പ്രവാചകന്‍ മാത്രം ആണ്.
3 . പ്രൊ. ഷറഫുദീൻ - അദ്ദേഹത്തിന് ഇസ്ലാമിനെയും, മുഹമ്മദ്‌ നബി [സ്വ] യെയും കുറിച്ച് ആധികാരികമായി പറയാനുള്ള അധികാരം എവിടേ നിന്നാണ് കിട്ടിയത്.? ഒരു ഗ്രന്ഥ രചയിതാവ് എന്നാല്‍ അദ്ദേഹത്തിന് മതത്തെ കുറിച്ച് തെറ്റും ശരിയും പരനുള്ള ലൈസെന്‍സ് എന്നാണോ...? അദ്ദേഹത്തിന്ടെയ് പാണ്ടിത്യം മതപരമാണോ അതോ ബൌധികമാണോ...?

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ പ്രചാരകൻ,

ഞാനും മുഹമ്മദ് നബിയെ ആദരിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ചില ആഹ്വാനങ്ങൾ ജീവിതത്തിൽ നടപ്പാക്കുന്നുമുണ്ട്. അദ്ദേഹത്തെ ആദരിക്കുകയെന്നുപറഞ്ഞാൽ ആ വ്യക്തിയെയും വ്യക്തിത്വത്തെയും ആകെത്തന്നെയാണ് ആദരിക്കുന്നത്. അദ്ദേഹത്തിന്റെ (?) മുടിയെ മാത്രമായി ആദരിക്കേണ്ടതുണ്ടോ എന്ന് അറിയില്ല. മഹന്മാരുടെ ശരീരഭാഗങ്ങൾ കിട്ടിയാൽ സൂക്ഷിച്ചു വയ്ക്കുന്നതു നല്ലതുതന്നെ. അതും കോടികൾ മുടക്കി പള്ളി പണിഞ്ഞു വയ്ക്കുന്നതിലും തെറ്റില്ല. നടക്കട്ടെ, നടക്കട്ടെ. ഈയുള്ളവനവർകൾ ചിന്തിക്കുന്നത് ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെയും ഉടുതുണിയ്ക്ക് മറുതുണീല്ലാതെയും തലചായ്ക്കാനിടമില്ലാതെയും കഴിയുന്ന മുസ്ലിം സഹോദനന്മാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ കാന്തപുരം ഉസ്താദിനും മറ്റും ള്ളതുപോലെ എന്റെ കൈയ്യിൽ പണമില്ലാതെ പോയല്ലോ എന്നുമാത്രമാണ്!

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ അഫ്സൽ,

ചരിത്ര പണ്ഡിതന്മാരിൽ എനിക്കുള്ള വിശ്വാസം ഞാൻ മറ്റൊരു കമന്റിൽ മുകളിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു കാന്തപുരം പണ്ഡിതനല്ലെന്ന് അർത്ഥമാക്കുന്നില്ല. അദ്ദേഹം ഒരു മത പണ്ഡിതനാണ്. മതപണ്ഡിതനും ചരിത്ര പണ്ഡിതനും രണ്ടും രണ്ടാണ്. ഞാൻ ഷറഫുദീൻ മാഷിനെപ്പറ്റി പറഞ്ഞത് എന്റെ അറിവിൽ അദ്ദേഹം ചരിത്രാദ്ധ്യാപകൻ എന്നതിനു പുറമേ ഇസ്ലാം കാര്യങ്ങൾ അറിയാവുന്ന ആളും, നമസ്കരിക്കുകയും പള്ളിക്കാര്യങ്ങളിലൊക്കെ ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്യുന്ന ഒരാൾ കൂടിയായതുകൊണ്ടാണ്. അദ്ദേഹത്തോളം അറിവ് എനിക്കില്ലല്ലോ!

Manoj മനോജ് said...

ഏത് വിധമുള്ള ബിംബങ്ങളും തെറ്റാണെന്ന് തറപ്പിച്ച് പറയുന്ന അബ്രഹാമിക്ക് മതവിശ്വാസികളുടെ പുത്തന്‍ ന്യായങ്ങള്‍ വായിക്കുവാന്‍ നല്ല രസം... ചെയ്യുന്ന തെറ്റിനെ മറയ്ക്കുവാന്‍ പെടുന്ന പങ്കപ്പാട് :)

സജിം,
ഓ.ടി.യാണെങ്കിലും എഴുതുന്നു... യേശു വിമോചനപോരാളിയാണെന്നും ചരിത്രപുരുഷനാണെന്നും എന്നൊക്കെയാണു പല മുന്‍ നിര/ പിന്‍ നിര സി.പി.എം.കാരും പറയുന്നത്. പാര്‍ട്ടി സെക്രട്ടറി പോലും യേശു ഒരു വിമോചനപോരാളിയായിരുന്നു എന്നാണു പറഞ്ഞത്. അതായത് ഈ കഥാപാത്രം ജീവിച്ചിരുന്നു എന്ന് തന്നെയല്ലേ ശങ്കയ്ക്കിടയില്ലാതെ പറഞ്ഞ് വെച്ചത്.

കഥാപാത്രങ്ങളെ കൊണ്ട് പറഞ്ഞവ എടുക്കുവാനാണെങ്കില്‍ ലോക പ്രസിദ്ധരായ കഥാരചിയതാക്കളുടെ ഹിറ്റ് കഥാപാത്രങ്ങള്‍ എന്ത് കൊണ്ട് രംഗത്തെത്താതെ പോയി!!!!

സജിം പറയുന്ന അതേ ന്യായം തന്നെയാണു ആരാധനയല്ല ആദരവാണ് എന്നൊക്കെ പറഞ്ഞ് ഇവിടെ കമന്റുകളില്‍ പലരും സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നതും :)

മതഗ്രന്ഥങ്ങളില്‍ പറയുന്നവയൊക്കെയും അവ നിര്‍മ്മിക്കപ്പെട്ട കാലഘട്ടത്തിന്റെ ഇന്‍ഫ്ലുവന്‍സ് ആണെന്നുള്ളതിനു ഏറ്റവും നല്ല ഉദാഹരണമാണു മുസ്ലീം മതത്തിനു ശേഷം അതിന്റെ തുടര്‍ച്ച എന്നവകാശപ്പെടുന്ന ബഹായി മതം. അവരുടെ “ഗ്രന്ഥങ്ങളില്‍‌“ പുതിയ ലോകത്തിന്റെ പ്രതിഫലനം കാണാം. ഇപ്പോള്‍ അതിജീവിക്കുന്നത് പോലെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ അതിജീവിക്കുവാന്‍ ബഹായി മതത്തിനു കഴിഞ്ഞാല്‍ അന്ന് ഇന്ന് നാം പറയുന്നവ തന്നെ ആയിരിക്കില്ലേ പറയുക (തന്നെ പോലെ മറ്റ് രാജ്യക്കാരനെയും സ്നേഹിക്കുക)!!!

സ്നേഹം എന്ന ഒരൊറ്റ കാര്യം മാത്രമേ മതങ്ങളെല്ലാം പറയുന്നുള്ളൂ. എന്നാല്‍ മതത്തെ കൈകാര്യം ചെയ്യുന്ന പുരോഹിതവര്‍ഗ്ഗങ്ങളാണു വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളാക്കി മാറ്റുന്നത്. അത് കൊണ്ട് തന്നെയാണു കെട്ടിപിടിച്ചാല്‍‌, അന്തരീക്ഷത്തില്‍ നിന്ന് എടുത്ത ഭസ്മം കഴിച്ചാല്‍‌, സെയിന്റുകളോട് മുട്ടിപ്പായി പ്രാര്‍ത്തിച്ചാല്‍‌, തിരുകേശം കഴുകുന്ന വെള്ളം കുടിച്ചാല്‍ ഒക്കെ രോഗവും മറ്റും മാറും എന്നൊക്കെ പ്രചരണം നടത്തുന്നതും! അത് പലര്‍ക്കും ആവശ്യമാണു, പല പുരോഹിതവര്‍ഗ്ഗത്തിനും അത് വയറിന്റെ രോധനമാണു!!!! സജിം ചൂണ്ടി കാട്ടുന്നത് പോലെ സാധാരണ വിശ്വാസികളാണു ഇതെല്ലാം കണ്ടും കേട്ടും അന്ധാളിച്ച് നില്‍ക്കുക!!!

ഇ.എ.സജിം തട്ടത്തുമല said...

ക്രിസ്തുവും ക്രിഷ്ണനും മുഹമ്മദും ഒക്കെ ചില പ്രതീകങ്ങളാണ്. ആ പ്രതീകങ്ങളിലൂടെ ലോകത്തിന് എന്തെന്തു സന്ദേശങ്ങങ്ങൾ ലഭിച്ചു, അവ യഥാതഥമായ ഈ ലോകത്തിനെന്ത് ഗുണം ചെയ്തു എന്നതൊക്കെയാണ് ഭൌതികവാദികൾ നോക്കുന്നത്. ഇഹലോകത്തൊരു സ്വർഗ്ഗം പണിയാൻ പരലോകവാദികളായ മതപ്രബോധകന്മാരുടെ ആശയങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിലാണ് ഭൌതികവാദികളുടെ ശ്രദ്ധ!

prachaarakan said...

സഹോദരാ, കാന്തപുരം മുസ്‌ലിം സമുദായത്തിനും സമൂഹത്തിനും ഈ നാടിനും വെണ്ടി ചെയ്യുന്നതിന്റെ നൂറിലൊന്ന് ചെയ്തിട്ടാണ്‌ വിമര്‍ശകര്‍ പാവങ്ങളുടേ കാര്യങ്ങള്‍ പറയുന്നതെങ്കില്‍ കേള്‍കാന്‍ ഒരു രസമുണ്ടായിരുന്നു. അദ്ധേഹത്തെ കുറിച്ച് നിഷ്പക്ഷമായി പഠിക്കുക. അപ്പോള്‍ ഈ ആരോപണങ്ങളുടെയെല്ലാം പൊള്ളത്തരങ്ങള്‍ മനസിലാവും. താങ്കള്‍ക്ക് ആദരവും ആരാധനയും തമ്മില്‍ അറിയാത്തതു കൊണ്ടുള്ള പ്രശ്നമാണ്‌. പിന്നെ ഒരു മതവിശ്വാസിയുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധ വിശ്വാസമായി അനുഭവപ്പെടാം അതെല്ലാം ആപേക്ഷികമാണ്‌.. മഹാന്മാരുടെ തിരു ശേഷിപ്പ് സൂക്ഷിക്കുന്നതും ആദരിക്കുന്നതും ഇസ്‌ലാമിനു എതിരല്ല. വലിയ പള്ളിയുണ്ടാക്കുന്നതും തെറ്റല്ല. തിരുകേശം സൂക്ഷിക്കുന്നത് പള്ളിയോടനുബന്ധിച്ച് നിര്‍മിക്കുന്ന ഹെറിട്ടേജ് മ്യൂസിയത്തിലായിരികും. അവിടെ വരുന്നവര്‍ മുടി പൂജികാന്‍ വരുന്നവരല്ല. ഭൗതികമഅയി നോക്കിയാല്‍ വളരെ പുരാതനമായ പലതും നാം മ്യൂസിയങ്ങളില്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നു.. ഭദ്രമായി. അതൊക്കെ ആരെങ്കിലും ചെന്ന് പൂജിക്കാറുണ്ടോ ?
ഇന്നലെ രാത്രി അബുദാബി ശൈഖ് ഖസറജിയുടെ വസതിയില്‍ തിരുകേശം പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടുത്തെ നിയമവും ഗവണ്മെനും ഇതൊരു തട്ടിപായിരുന്നെകില്‍ അതിനു കൂട്ടു നില്‍ക്കുമായിരുന്നോ ?


തിരുകേശത്തെ എതിര്‍ക്കുന്ന മുജ-ജമകളും കാന്തപുരം വിരോധിക ളായ് ചെളാരി സുന്നികളും ഹജ്ജിനു പോകാറുണ്ട് . അവര്‍ അവിടെ ക‌അബ യെ പ്രദക്ഷിണം ചെയ്യും , ഹജറുല്‍ അസവദ് എന്ന കല്ല് ചുംബിക്കും, ക‌അബ് നിര്‍മ്മിക്കാന്‍, അതിനെ പടവ് നടത്താന്‍ കയറി നില്‍ക്കാന്‍ ഇബ്‌റാഹിം നബി ഉപയോഗിച്ചിരുന്ന ഒരു കല്ല് അത് ചില്ലു കൂട്ടില്‍ ഉണ്ട് അതിനു അഭിമുഖമയി നിസ്കരിക്കും.. ഇതെല്ലാം അന്ധവിശ്വാസമാണേന്ന് ആരെങ്കിലും പറഞാല്‍ ഇവര്‍ക്ക് എന്ത് മറുപടിയാണുള്ളത്. ?

അതേ മറുപടി തന്നെയാണ്‌ തിരുകേശ ആദരവിന്‍ സുന്നികള്‍ക്കുമുള്ളത്..

prachaarakan said...

തിരുശേഷിപ്പുകളും ആദരവും (ബര്‍ക്കത്ത് എടുക്കലും ) അതിന്റെ ഇസ്‌ലാമിക വിധി അറിയാന്‍ ഇവിടെ ക്ലിക് ചെയ്ത് വായിക്കുക.. കാര്യങ്ങള്‍ അറിയാത്തവര്‍ക്കായി..

Asfar said...

Sajim സുഹൃത്തേ,
തങ്ങള്‍ പറഞ്ഹ മാഷിനു ഇസ്ലാം കാര്യങ്ങളില്‍ എത്ര മാത്രം വിവരം ഉണ്ട് എന്ന് എനിക്കറിയില്ല. ചിലപ്പോള്‍ ഒരു സാധാരണ വിശ്വാസിക്ക് ഉണ്ടാവുന്ന വിവരം മാത്രമേ അയാള്‍ക്കും ഉണ്ടാവുകയുള്ളൂ. അങ്ങിനെയെങ്ങില്‍ അയാള്‍ക്ക്‌ ആധികാരികമായി ഇസ്ലാമിനെ കുറിച്ച് പറയാനുള്ള വിവരം ഉണ്ട് എന്ന് കരുതുന്നത് മണ്ടതരമാവില്ലേയ്...?
ഇങ്ങനെ വല്ല സാറ് മാറും വിളിച്ചു പറയുന്നത് അപ്പടി വിഴുങ്ങതേ, താങ്ങള്‍ എന്തുകൊണ്ട് നേരിട്ട് മത പണ്ഡിതന്മാരില്‍ നിന്നും ഈ സംശയത്തിനുള്ള മറുപടി ആരായുന്നില്ലാ...? എങ്കില്‍ താങ്ങളുടെയ് സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ എളുപ്പ വഴി ഉപയോഗിക്കും എന്ന് കരുതുന്നു. അല്ലാതെ ഇങ്ങനെ ബ്ലോഗില്‍ എഴുതിയും, അതിനുള്ള റിപ്ല്യ്ക്ക് വെയിറ്റ് ചെയ്തും സമയം കളയാതെ ഒരു മത പണ്ടിതന്ടെയ് അടുക്കല്‍ പോയി തങ്ങള്‍ എത്രയും പെട്ടന്ന് തന്നേയ് സംശയങ്ങള്‍ ദൂരീകരിക്കും എന്ന് കരുതുന്നു.
സാധ്യമാവുമെങ്ങില്‍ ഈ സംശയങ്ങളുമായിട്ടു കാരധൂര്‍ മര്‍കസില്‍ തന്നേയ് നേരിട്ട് പോയി ഒരു വ്യക്തമായ ഒരു അന്വേഷണം നടത്തിക്കൂടേ ...? അതിനു താങ്ങളെ ആരും തടയാന്‍ പോവുന്നില്ലാല്ലോ...

ശുഭാപ്തി വിശ്വസതോടെയ്

അസ്ഫര്‍

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ അഫ്സലും മറ്റുമേ,

ഈയുള്ളവന് ഈ വിഷയത്തിൽ സംശയങ്ങൾ ഒന്നും ദൂരീകരിക്കാനില്ല. കാണുന്നതിനെയും കേൾക്കുന്നതിനെയും പറ്റി ഉള്ള അറിവുവച്ച് ഉള്ളീൽ തോന്നുന്ന അഭിപ്രായങ്ങൾ പറയും. അവ തെറ്റാണെന്ന് തോന്നിയാൽ തിരുത്തുകയും ചെയ്യും. എന്നുവച്ച് പോസ്റ്റെഴുതി മറുപടിയ്ക്കും കമന്റിനുമൊന്നും കാത്തിരിക്കാറുമില്ല. സമയമുണ്ടെങ്കിൽ ഉള്ള അറിവുകൾ വച്ച് സംവദിക്കും. ആശയങ്ങൾ ചർച്ച ചെയ്യാനും കൂടിയുള്ളതാണ്. ഒരാശയവും ആരുടെ മേലും അട്രിച്ചേല്പിക്കുക എന്റെ ലക്ഷ്യവുമല്ല. എന്നാലും ഇസ്ലാമിനെ സംബന്ധിച്ച് മുജാഹിദുകൾ പറയുന്നതാണോ ജമാ‍ അത്തെ ഇസ്ലാമികൾ പറയുന്നതാണോ സുന്നികൾ പറയുന്നതാണോ ശരിയെന്ന കാര്യം ഇപ്പോഴും കൺഫ്യൂഷൻ തന്നെയാണ്! ആദ്യം അവർ തമ്മിൽ ഒരു ഐക്യരൂപമുണ്ടാക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.ഈ പണ്ഡിതന്മാർ എന്നുപറഞ്ഞാൽ കാന്തപുരത്തിന്റെ ഭാഗത്തുള്ളവർ മാത്രമല്ലല്ലോ. ജമാ അത്തെ ഇസ്ലാമികൾക്കിടയിലും മുജാഹിദുകൾക്കിടയിലും കാന്തപുരത്തെ അനുകൂലിക്കാത്ത വിഭാഗത്തിലുമൊക്കെ വലിയ പണ്ഡിതന്മാരില്ലേ? പക്ഷെ അവർക്കൊന്നും ഏകാഭിപ്രായമില്ലാത്ത സ്ഥിതിയ്ക്ക് യൂണിവേഴ്സിറ്റികളിലെ ഇസ്ലാമത ചരിത്രപണ്ഡിതന്മാരെ മുഖവിലയ്ക്കെടുക്കാമെന്നും കരുതുകയേ നിവൃത്തിയുള്ളൂ. അവരും നല്ല ഇസ്ലാമത വിശ്വാസികൾ ആണല്ലോ.മാത്രവുമല്ല ഇസ്ലാമിക് ഹിസ്റ്ററി സർക്കാർ കോളേജുകളിൽ മാത്രമല്ല മുസ്ലിം മാനേജ്മെന്റ് കോളേജുകളിലും പഠിപ്പിക്കുന്നുണ്ട്. അവിടങ്ങളിലെ പ്രൊഫസർമാർ പഠിപ്പിക്കുന്നതൊക്കെ തെറ്റാണെങ്കിൽ സർവ്വകലാശാലകളെക്കൊണ്ട് സിലബസുകൾ തിരുത്തിക്കുകയേ നിവൃത്തിയുള്ളൂ. കാന്തപുര പാവങ്ങൾക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെങ്കിൽ വളരെ നല്ലതുതന്നെ.മാത്രവുമല്ല, നമുക്ക് ഇവിടെ കിടന്ന് തർക്കിക്കാമെന്നല്ലാതെ അങ്ങ് മഹ്ഷറയിൽ ചെല്ലുമ്പോൾ അറിയാം യഥാർത്ഥ ശരികൾ ഏതായിരുന്നുവെന്ന്!ഇവിടെ ഓരോരുത്തർക്കും ശരിയെന്നു തോന്നുന്നതിൽ വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. ഈയുള്ളവനും സ്വയം ശരിയെന്ന് തോന്നിയിട്ടുള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്നുവെന്നുമാത്രം. അതുകൊണ്ടാണല്ലോ എതിരഭിപ്രായങ്ങളൊക്കെ മനസിലക്കാൻ കഴിഞ്ഞത്. കമന്റുകൾക്കു നന്ദി!

ബഷീർ said...

പ്രചാരകൻ തന്നിട്ടുള്ള ലിങ്കിൽ സംശയക്കാർക്കുള്ള മറുപടിയുണ്ട്.. പിന്നെ ജമാ‌അത്തും മുജാഹിദും സുന്നികളും യോജിക്കുന്ന ഒരു കാലമുണ്ടാവില്ല സജീം, സുന്നികളെ മുസ്ലിമായി അവർ അംഗീകരിക്കുന്നില്ല. പിന്നെയല്ലേ യോജിപ്പ്.. അവരുടെ ഉദയവും നില നിൽ‌പ്പും തന്നെ സുന്നികളെ ബഹുദൈവാരാധകരായി പ്രഖ്യാപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലുമാണ് .. ഈ വിഷയങ്ങളെല്ലാം തന്നെ ബ്ലോഗിൽ വിവരിച്ച് കിട്ടി സംശയം തീരുമോ എന്ന് സംശയം തന്നെ.. ഇവിടെ അഫ്സർ പറഞ്ഞത് പോലെ താങ്കളുടെ സംശയം നേരിട്ട് തന്നെ അന്വേഷിച്ച് തിർക്കാവുന്നതാണ്.. അതല്ല കണ്ടതും കേട്ടതുമൊക്കെ വിശ്വസിച്ച് അതനുസരിച്ച് ബ്ലോഗെഴുതി അതിനു കിട്ടുന്ന കൈയ്യടികളും വാങ്ങുക എന്നതാണെങ്കിൽ ഇതങ്ങിനെ അറ്റമില്ലാതെ നീണ്ടു പോവും. താങ്കൾക്ക് ആശംസകൾ

ഇ.എ.സജിം തട്ടത്തുമല said...

ബഷീർ പി വെള്ളറക്കടവേ,

എന്റെ ഓർമ്മ ശരിയാണെങ്കിൽ താങ്കൾ എന്റെ ബ്ലോഗിൽ ആദ്യമായി വന്ന് ഒരു കമന്റിട്ടു എന്നത് മാത്രമാണിപ്പോൾ എന്റെ സന്തോഷം. നമ്മുടെ അഭിപ്രായങ്ങളും നിലപാടുകളും ഒരുപോലെയാകാത്തത് നമ്മുടെ രണ്ടുപേരുടെയും കുറ്റമല്ലല്ലോ. ആശംസകൾ!

ബഷീർ said...

OT :

no dear.. its not first time i am commenting ur post i hope.. and i am വെള്ളറക്കാട്‌ not വെള്ളറക്കടവേ :)

ഇ.എ.സജിം തട്ടത്തുമല said...

വെള്ളറക്കാട്,

സോറി, എന്റെഓർമ്മക്കുറവിൽ സംഭവിച്ചതാണ്. താങ്കളുടെ ബ്ലോഗ് ഞാൻ പലതവണ സന്ദർശിച്ചിട്ടുണ്ട്.