Tuesday, March 6, 2012

തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും

തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും

ഏതാനും സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരികയും അവിടങ്ങളിൽ ആരൊക്കെ അധികാരത്തിൽ വരുമെന്നതിനെ സംബന്ധിച്ച് ഏതാണ്ട് വ്യക്തത വരികയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും സ്വാഭാവികമായും ജനം ഉറ്റുനോക്കിയിരുന്നത് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തിലേയ്ക്കാണ്.മുലയാംഗ് സിങ് യാദവിന്റെ പർട്ടിയായ സമാജ് വാദി പാർട്ടിയ്ക്ക് ഒറ്റയ്ക്കുതന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം അവിടെ ലഭിച്ചിരിക്കുന്നു. ഈ വിജയത്തിൽ അദ്ദേഹത്തിന്റെ മകനും ഒരു പങ്കുണ്ടത്രേ! എന്തായാലും  അവിടെ നിലവിൽ ഭരണം നടത്തിയിരുന്ന ബി.എസ്.പിയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെടുകയാണ്. കോൺഗ്രസ്സ് അവിടെ വളരെ പ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വൻ പ്രചാരണവും മറ്റും നടത്തിയെങ്കിലും വലിയ ഫലമുണ്ടായില്ല.  പുറത്തു നിന്ന് ഉമാഭാരതിയെയും മറ്റും ഇറക്കുമതി ചെയ്ത്  തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിയ്ക്കും അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ചതുഷ്കോണ മത്സരത്തിൽ അവിടെ എസ്.പി നേടിയത് തിളക്കമാർന്ന വിജയമാണ്.

ഈ കുറിപ്പുകാരന്റെ അഭിപ്രായത്തിൽ  കോൺഗ്രസ്സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല എന്നതിലല്ല സന്തോഷം കാണേണ്ടത്. മറിച്ച് യു.പിയിൽ വർഗീയ കക്ഷിയായ ബി.ജെ.പി പരാജയപ്പെട്ടതിൽ  അല്പം ആശ്വസിക്കാൻ കഴിയുന്നു എന്നതിലാണ് സന്തോഷിക്കേണ്ടത്. വർഗ്ഗീയ അജൻഡകൾ ഉപേക്ഷിക്കാത്ത പാർട്ടികൾക്ക് അധികാരം ലഭിക്കാതിരിക്കുന്നത് മതേതര വാദികളെ സംബന്ധിച്ച് സന്തോഷകരമാണ്. എങ്കിലും ഭാവിയിൽ ബി.ജെ.പിയ്ക്ക് ഈ സംസ്ഥാനങ്ങളിലെല്ല്ലാം അധികാരത്തിൽ വാരാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഗോവയിൽ അവർക്ക് അധികാരം ലഭിച്ചു. പഞ്ചാബിൽ അവർ ഉൾപ്പെട്ട മുന്നണിയാണ് ജയിച്ചത്. ഉത്തരാഖണ്ഡിലും ബി.ജെ.പിയും കോൺഗ്രസ്സും ഏതാണ്ട് തുല്യ നിലയിലാണ്. അങ്ങനെ നോക്കുമ്പോൾ മതേതര ഇന്ത്യയ്ക്കുമേൽ ബി.ജെ.പി എന്ന ഭീഷണി അത്രവേഗം അവസാനിക്കുന്ന ഒരു പ്രതിഭാസമല്ല എന്നാണ് മനസിലാക്കേണ്ടത്. ഇത് ഇന്ത്യയിലെ എല്ലാ മതേതരകക്ഷികളും ഗൌരവത്തിലെടുക്കേണ്ട കാര്യമാണ്. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചെങ്ങാനും ബി.ജെ.പി അതിന്റെ വർഗീയ അജണ്ടകളിൽ മാറ്റം വരുത്തുമെന്ന് കരുതാനാകില്ല. എങ്കിലും വർഗീയ അജണ്ടകൾ കൊണ്ടുമാത്രം അധികാരം നേടാനാകിലെന്ന് അവരെ ഓർമ്മിപ്പിക്കുവാൻ ഉതകുന്ന ചില പരാജയപാഠങ്ങൾ അവർക്കാവശ്യമാണ്. അല്പമെങ്കിലുമൊരു മാനസാന്തരം വന്നാലോ.

ഏതായാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും  ലോഡ്ജുകളിൽ മുറിയെടുക്കാൻ ചെല്ലുന്നവരുടെ ജാതികൂടി  ചോദിക്കും വിധം ഗുരുതരമായ രീതിയിൽ വർഗീയത വളർന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് യു.പി പോലെ ഒരു സംസ്ഥാനത്ത് ഒരു വർഗീയ കക്ഷി അധികാരത്തിലെത്തുന്നത് ഒഴിവാക്കപ്പെട്ടിരിക്കുന്നത് തൽക്കാലത്തെയെങ്കിലും ആശ്വാസമാണ്. നാളെ പലയിടത്തും  ലോഡ്ജു  മുറിയെടുക്കാൻ ചെല്ലുന്നവൻ മുണ്ടുപൊക്കി കാണിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്ന് ആരുകണ്ടു! വർഗ്ഗീയത വളർന്നാൽ എത്രത്തോളമാകുമെന്ന് സൂചിപ്പിക്കാൻ ഞാൻ ഈ ഉദാഹരണം സാന്ദർഭികമായി പറഞ്ഞുവെന്നുമാത്രം. മറ്റൊരു പ്രധാന കാര്യം പറയാനുള്ളത്  ഇന്ത്യയിലെ മതേതര കക്ഷികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വർഗീയ കക്ഷികൾ അധികാരത്തിലെത്തുന്നതു തടയാൻ ഒരുമിച്ച് തന്ത്രങ്ങൾ മെനഞ്ഞാൽ അക്കാര്യത്തിൽ വിജയിക്കാനാകും എന്നൊരു സൂചന ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നുണ്ട്. യു.പിയിൽ മതേതര കക്ഷികൾ എല്ലാം കൂടി ഒത്തുനിന്നാൽ ഒരു വർഗീയ കക്ഷിയ്ക്കും അവിടെ അധികാ‍രമേൽക്കാനാകില്ല. പക്ഷെ ഇന്ത്യയെ വർഗീയതയുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ അങ്ങനെയൊരു വിശാലവീക്ഷണത്തിന് ആരൊക്കെ തയ്യാറാകുമെന്നതാണ് പ്രശ്നം.

മറ്റൊന്ന് പറയാനുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ആരായാലും ആ പരാജയം അംഗീകരിക്കണം. അല്ലാതെ ആരും വീണിടത്തു കിടന്ന് ഉരുളരുത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ചാനൽ ചർച്ചകളും മറ്റും കണ്ടിട്ട് പറയുന്നതാണ്. ഓരോ പാർട്ടിയ്ക്കും തങ്ങൾ എന്തുകൊണ്ട് ഒരു തെരഞ്ഞെടുപ്പിൽ തോറ്റുവെന്ന് തെരഞ്ഞെടുപ്പിന് ശേഷം കൂലംകഷമായി ചർച്ചചെയ്ത് പരിശോധിച്ച് നിഗമനങ്ങളിൽ എത്താം. പക്ഷെ തോൽ‌വിയെ ന്യായീകരിക്കാനോ വിജയിക്കുന്നവരുടെ വിജയത്തെ കുറച്ചു കാണാനോ ശ്രമിക്കുന്നതിൽ അർത്ഥമില്ല. വിജയിക്കുന്നവരെ അഭിനന്ദിച്ച് സ്വന്തം പരാജയം ആവർത്തിക്കാതിരിക്കാൻ ചെയ്യേണ്ടതെന്തെന്ന് ആലോചിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്.

അതല്ല, ഏതെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ വല്ല തെരഞ്ഞെടുപ്പ് ക്രിത്രിമമോ ജനാധിപത്യധ്വംസനമോ നടത്തിയാണ് വിജയിച്ചതെന്നുകണ്ടാൽ  അത് തുറന്നു കാണിക്കുകയും നിയമപരമായി നേരിടുകയും ചെയ്യാം. ഇനി വർഗീയകാർഡിറക്കിയാണ് ആരെങ്കിലും ജയിക്കുന്നതെങ്കിൽ അത്തരം കാർഡിലൊന്നും ആളുകൾ വീഴാതിരിക്കാനുള്ള ശ്രമങ്ങൾ തുടർന്നും നടത്തണം. അതുകൊണ്ടുതന്നെ  വിജയിക്കുന്നത് ബി.ജെ.പിയായാലും വിജയം വിജയം തന്നെ.  അല്ലാതെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തോൽക്കുന്നവർ ആരായാലും അവർ കൊഞ്ഞണം കുത്തി കാണിക്കുന്ന സ്വഭാവം ആധുനിക കാലത്തിനു ചേർന്നതല്ല. കുറച്ചുകൂടി ജനാധിപത്യ ബോധം നമ്മുടെ എല്ലാ രാഷ്ട്രീയ കക്ഷികളും ഇനിയും ആർജ്ജിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. എന്തായാലും  ഈ കുറിപ്പന്റെ രാഷ്ട്രീയപക്ഷവും നിരീക്ഷണങ്ങളും വച്ച്  ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ  പലരും  വിജയിച്ചുകൂടാത്തവരായിരുന്നുവെ ന്ന വിശ്വാസം ഉള്ളിൽ വച്ചുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് വിജയമോ പരാജയമോ ഏറ്റുവാങ്ങിയ  എല്ലാവർക്കും അഭിനന്ദനങ്ങൾ!

5 comments:

Sameer Thikkodi said...

യു പി യിലെ ഫലപ്രഖ്യാപന ശേഷം BJP മുഖ്യമന്ത്രി സ്ഥാനാർത്തിയായി മൽസരിച്ച ഉമാ ഭാരതിയുടെ പ്രതികരണം " എസ് പി വിജയിച്ചത് വളരെ ആശങ്കയുളവാക്കുന്നു എന്നും കഴിഞ്ഞ പ്രാവശ്യം അവർ ഭരിച്ചപ്പോൾ ക്രിമിനലുകൾ ആയിരുന്നു ഭരിച്ചതെന്നും" ഒക്കെ ആയിരുന്നു...

ആശങ്ക ജനങ്ങൾക്കില്ലാത്തത് അതു ലഭിക്കാതെ പോയ പലർക്കും ആവുന്ന ഭാരതീയ ജനകീയ പാർട്ടി... !!!

Anonymous said...

അമ്പട... മുണ്ടു പൊക്കിക്കാണിച്ച് മുടി എടുത്തത് എന്തിനായിരുന്നു ചേട്ടാ...

Anonymous said...

കമ്മ്യൂണിസ്റ്റ്കാര്‍ എങ്ങും ജയിച്ചില്ല. കമ്യൂണിസ്റ്റ് ഭീക്ഷണി ഇന്ത്യയില്‍ നിന്നും ഒഴിവാകാന്‍ പോകുന്നു എന്നു തന്നെ കരുതാം...

Manoj മനോജ് said...

ഇടത് പിന്തുണച്ച് ഭരിച്ച സമയത്ത് ബാങ്കുകൾ സ്വകാര്യവത്കരിക്കുവാൻ കോൺഗ്രസ്സിനെ കൊണ്ട് സമ്മതിക്കാഞ്ഞത് കൊണ്ട് ആഗോള സാമ്പത്തികമാന്ദ്യകാലത്ത് ഇന്ത്യൻ ബാങ്കുകൾ പൊട്ടാതെ രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു... ബാങ്കുകൾ പൊതുമേഖയിലായിരുന്നത് കൊണ്ടാണു ഇന്ത്യ രക്ഷപ്പെട്ടതെന്ന് സ്വകാര്യവൽക്കരണവാദി സിംഗ് വരെ വായ അനക്കി പിറുപിറുത്തു... :)

ഇ.എ.സജിം തട്ടത്തുമല said...

അനോണീ,

സത്യത്തിന്റെ മുഖം വികൃതമാണ് പലപ്പോഴും. മുസ്ലിം നാമ ധാരികൾക്ക് ഇന്ത്യയിൽ പലയിടത്തും അത്തരം ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട് എന്ന് അനുഭവസ്ഥർ പറയുന്നു. അതിനു നേരേ കണ്ണടച്ചിട്ട് കാര്യമില്ല. തീവ്രവാദത്തിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്. എന്നാൽ തീവ്രവാദത്തിന്റെയും ഭീകര പ്രവർത്തനങ്ങളുടെയും കാര്യത്തിൽ ഹിന്ദു ഭീകരതയും മുസ്ലിം ഭീകരതയും ഒരുപോലെ നടക്കുന്നു എന്ന വസ്തുത നിലനിൽക്കുന്നു. താങ്കൾ ആശ്വാസം കൊള്ളുന്നതുപോലെ കമ്മ്യൂണിസം അവസാനിക്കുകയൊന്നുമില്ല. മറ്റൊന്ന് കമ്മ്യൂണിസവും മതഭീകരതപോലുള്ള ഒന്നായി പരിണമിച്ചാൽ നമ്മളെ പോലുള്ളവർ എതിർക്കുകതന്നെ ചെയ്യും അനോണീ. മതാന്ധത വെടിഞ്ഞ് എല്ലാത്തരം ഭീകരതകളെയും എതിർക്കുക. അത് മതത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഒരുവേള കമ്മ്യൂണിസത്തിന്റെ രൂപത്തിൽ വന്നാൽ (വരില്ല എന്നിരുന്നാലും) പോലും ഭീകരതയെ എതിർക്കണം. താങ്കൾ അനോണിത്തം വിട്ട് അഭിപ്രായം പറയുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ‍. എന്നും കൂടി അറിയിക്കുന്നു.