Saturday, May 26, 2012

ആർ ആരെ ചെയ്താലും കൊല കൊടിയ പാതകംതന്നെ!

ആർ ആരെ  ചെയ്താലും കൊല കൊടിയ പാതകംതന്നെ!

(ഇത്  അക്രമങ്ങളെയും കൊലപാതകങ്ങളെയും എതിർത്ത് ഇനി  എഴുതാൻ ആഗ്രഹിക്കുന്ന ഒരു നീണ്ട പോസ്റ്റിന്റെ മുന്നോടി മാത്രമാണ്.)

കേരളത്തിൽ ഇനി ആരും ആരെയും കൊല്ലില്ല. കാരണം ഒരാളെ കൊലപ്പെടുത്തുന്നത് ക്രൂരവും പൈശാചികവുമായ ഒരു പ്രവൃത്തിയാണെന്ന് ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. ഇനി ആർ.എസ്.എസ് കാരോ എൻ.ഡി.എഫുകാരോ കോൺഗ്രസ്സുകാരോ ലീഗുകാരോ  ഒരു മാർക്സിസ്റ്റുകാരനെയും കൊല്ലില്ല. മുമ്പ് നിരവധിയായ മാർക്സിസ്റ്റുകാരെ അവരൊക്കെ കൊന്നു കൊലവിളിച്ചത് അറിവില്ലായ്മ കൊണ്ടു മാത്രമായിരുന്നു. മാത്രവുമല്ല, കൊലപാതകം പൈശാചികമെന്നു ഇതുപോലെ പറഞ്ഞുകൊടുക്കാൻ ഇത്രയധികം മാധ്യമങ്ങളൊന്നും മുമ്പ് ഉണ്ടായിരുന്നുമില്ലല്ലോ. അപ്പോൾ ഇനി മാർക്സിസ്റ്റുകാർക്ക് ശത്രുക്കളെ ഭയക്കേണ്ടതില്ല.മേൽ‌പറഞ്ഞവർ ആരും ഇനി സി.പി.എം കാരെയെന്നല്ല, ആരെയും കൊല്ലില്ല. അങ്ങനെ എല്ലാവരും അക്രമവും കൊലപാതകവും തെറ്റാണെന്ന് തിരിച്ചറിയുന്ന സ്ഥിതിയ്ക്ക് സി.പി.എമ്മുകാർക്ക് മാത്രമായി അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കാനാകില്ലല്ലോ. അല്ലെങ്കിൽത്തന്നെ പിന്നെ അതിന്റെ കാര്യവുമില്ലല്ലോ.  അഥവാ ഇനി അങ്ങോട്ട് ആർക്കാനും കരണത്തൊരടിയെങ്ങാനും കൊടുത്താൽ ഗാന്ധിമാർഗ്ഗത്തിൽ മറു ചെകിടുകൂടി കാണിച്ചുകൊടുത്താൽ പിന്നെ അടിക്കുന്നവൻ ലജ്ജിക്കുകയല്ലാതെ തുടർന്നൊരു സംഘട്ടനത്തിന് ഒരു സാദ്ധ്യതയുമില്ലല്ലോ. അപ്പോൾ പൊതുവേ അക്രമികളായ (അല്ലെന്ന് പറഞ്ഞാലും ആരും സമ്മതിക്കില്ലല്ലോ) സി.പി.ഐ.എമ്മുകാർക്കും ഇനി അക്രമം കൈവെടിയുകയല്ലാതെ മറ്റു മാർഗ്ഗമില്ല. ഇനിയെങ്കിലും എല്ലാവർക്കും സമാധാനമായി ജീവിക്കാമല്ലോ. ഹാവൂ ആശ്വാസം! 

ഇന്നലെ വരെ നടന്നതെല്ലാം വെറും സ്വപ്നങ്ങൾ മാത്രം. ഇവർ എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും നടത്തിയിട്ടുള്ള കൊലപാതകങ്ങളും അക്രമങ്ങളും (വെറും സ്വപ്നങ്ങൾ) ഇനി ആരും ഓർമ്മിപ്പിക്കരുതേ എന്നുകൂടി അഭ്യർത്ഥിക്കുന്നു. കൊല ഒരു കൊടിയ പാതകമാണെന്ന് ഇപ്പോഴെങ്കിലും  ഇത്ര ശക്തമായി നമ്മെ ബോധിപ്പിച്ച മാധ്യമ സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദി!  എങ്കിലും നാളിതുവരെ സി.പി.ഐ.എമ്മുകാർ ചെറുത്തു നില്പുകളുടെ ഭാഗമായി അറിഞ്ഞും അറിയാതെയും നടത്തിയ അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം തികച്ചും  ക്രൂരവും പൈശാചികങ്ങളുമായ കൊടിയപാതകങ്ങൾ തന്നെയായിരുന്നുവെന്നും  മറിച്ച് നാളിതുവരെ സി.പി.ഐ.എമ്മിന്റെ ശത്രുക്കൾ സി.പി.ഐ.എം പ്രവർത്തകരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും എല്ലാം വളരെ മൃദുലവും മധുരതരവുമായിരുന്നു  എന്നും  മേലിലും വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നുമില്ല. കാരണം മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിക്കുന്നത് ഫാസിസമാണല്ലോ. സി.പി.ഐ.എമ്മുകാരും  ആർ.എസ്.എസുകാരും എൻ.ഡി.എഫുകാരും   കോൺഗ്രസ്സുകാരും ലീഗുകാരും  എല്ലാവരും  ആരെങ്കിലും അങ്ങോട്ട് കത്തിനൂത്ത് കുത്താൻ ചെന്നാലും അത് നെഞ്ചുകൊണ്ട് സന്തോഷപൂർവ്വം ഏറ്റുവാങ്ങി സമാധാനം  സ്ഥാപിക്കുന്ന ആ നല്ലകാലത്തിലേയ്ക്ക് നമുക്കേവർക്കും സ്വാഗതം! അതല്ല, സി.പി.ഐ.എമ്മുകാരെ ശത്രുക്കൾ ആക്രമിക്കുമ്പോൾ കത്തിയാണെങ്കിലും വെടിയുണ്ടയാണെങ്കിലും നെഞ്ചുകൊണ്ട് ബ്ലോക്ക് ചെയ്ത് മരിക്കണമെന്നും സി.പി.ഐ.എം ഒഴികെ മറ്റുള്ളവർക്ക് നേരെ തിരിച്ച് അത്തരത്തിൽ ഒരു അക്രമവും ആരും നടത്തിക്കൂടത്തതുമാണെങ്കിൽ അതും അംഗീകരിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാൻ സി.പി.ഐ.എമ്മും ഇടതുപക്ഷവും സഹകരിക്കേണ്ടതാണെന്നു കൂടി പ്രത്യേകം സൂചിപ്പിച്ചുകൊള്ളുന്നു.

പിൻ‌കുറിപ്പ്: ഇത്രയും എഴുതിയത് സി.പി.ഐ.എം വിരുദ്ധ പ്രചരണങ്ങൾക്ക് കിട്ടിയ അവസരം മാധ്യമധർമ്മങ്ങൾക്ക് തീരെ നിരക്കാത്ത തരത്തിൽ പ്രയോഗിക്കുന്ന ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങങ്ങളോടുള്ള ഒരു പ്രതികരണം എന്ന നിലയ്ക്ക് മാത്രമാണ്. ടി.പി.ചന്ദ്രശേഖരന്റെ മാത്രമല്ല, എല്ലാത്തരം കൊലപാതകങ്ങളെയും ശക്തമായി എതിർക്കുന്ന ഒരാളാണ് ഈയുള്ളവൻ. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാലം  എന്നേ  അവസാനിച്ചു എന്ന് കരുതുവാനാണ് ഈയുള്ളവനിഷ്ടം. ഇന്ന് കേരളത്തിൽ ജനാധിപത്യപരമായി എല്ലാവർക്കും സഹകരിച്ച് സമാധാനപരമായി പ്രവർത്തിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും തുറന്നു കിടക്കുമ്പോൾ ആരും അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗം സ്വീകരിക്കേണ്ടതില്ല.

12 comments:

Madhu said...

yes ...you are right..(Left ?)

Anonymous said...

കേരളം ചെറിയ ഒരു ഇട്ടാവട്ടവും ഇവിടെ മാധ്യമങ്ങള്‍ കാക്കതോള്ളായിരവും , അപ്പോള്‍ എന്ത് കാക്ക പറന്നതും ബ്രേക്കിംഗ് ന്യൂസ് ആണ് , വേറെ വാര്‍ത്ത വരുന്നത് വരെ ഉള്ളതില്‍ കിടന്നു കടിച്ചു പറിക്കും, രാമന്‍ ശ്രീവാസ്തവ ഉള്ള്പ്പെട്ട ചാരക്കേസ് ഇതുപോലെ കോട്ടയം പുഷ്പനാതഥനെ കൊണ്ട് ഒക്കെ എഴുതിച്ചു മനോരമ സെന്‍സേഷന്‍ ഉണ്ടാക്കി അപ്പോള്‍ നിങ്ങള്ക്ക് അത് സന്തോഷമായിരുന്നു. അന്ന് കരുണാകരന്‍ , ഇന്ന് പിണറായിയും ഇടതു നേതാക്കളും പോലെ തീപ്പന്തം ഒന്നും ആയില്ല , അത് കൊണ്ട് തന്നെ അടുത്ത ഇലക്ഷന്‍ പരാജയപ്പെട്ടു. ടീ പീ വധം വായിച്ചു മടുത്തു , ഇതുവരെ മുഖ്യ പ്രതികളെ പിടിക്കാതെ, പതുക്കെ നെയ്യാറ്റിങ്കര ഇലക്ഷന്റെ തലേന്ന് പിടിച്ചാല്‍ മതി എന്ന് കരുതി ഇരിക്കുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന പോലീസ്. പിടിച്ചാലും കോടതിയില്‍ ഒന്നും തെളിയില്ല , കൊടി സുനി ഇതിനകം പത്തോളം കൊലപാതകം ചെയ്തു കഴിഞ്ഞു , ഇതൊക്കെ നമ്മുടെ നീതി ന്യായ വ്യവസ്ഥ എത്ര ദുര്‍ബലം ആണെന്ന് മനസ്സിലാക്കിത്തരുന്നു , ഗോവിന്ദ ചാമി സുഖമായി ജയിലില്‍ കഴിയുന്നു, അവനു പൊറോട്ടയും ചിക്കനും കിട്ടിയില്ലെങ്കില്‍ മനുഷ്യാവകാശ സംഘടന ഇടപെടും , ഇവിടെ ഈ കൊലപാതകത്തില്‍ സീ പീ എം ഇനി പങ്കില്ല എന്ന് പറയാന്‍ പറ്റില്ല അത്രയ്ക്ക് തെളിവുകള്‍ വന്നു കഴിഞ്ഞു. ഇനി പേടി ജയരാജനെ അറസ്റ്റു ചെയ്യുമോ എന്നതാണ് , ബാക്കി ഒക്കെ എല്ലാവര്ക്കും മനസ്സിലായി. അത് മ്സുലീം തീവ്രവാദ സംഘടന ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഒക്കെ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റാണ് . ഒരു ആര്‍ എസ് എസ് കാരനെ കൊന്നു ഇതുപോലെ ചെയ്തു വച്ചാല്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വേറെ ഒന്നും വേണ്ട , സീ പീ എമിന് മാത്രമേ ഈ അസുഖം ഉള്ളു, കേരളത്തിലെ എല്ലാ അക്രമങ്ങളും സീ പീ എം മടുള്ളവരുടെ തോളില്‍ കേറാന്‍ പോകുന്നതിന്റെ പ്രത്യാഘാതം ആണ്, ആര്‍ എസ് എസ് ഒക്കെ ഈ സീ പീ എം വിട്ടു വന്നവര്‍ അവര്‍ക്ക് മരണ ഭീതി ഇല്ലാതെ നില്‍ക്കാന്‍ ഒരിടം ആയി ആണ് ആദ്യം മലബാറില്‍ തുടങ്ങുന്നത് , കണ്ണൂരില്‍ കെ സുധാകരന്‍ എന്ന ഒരേ ഒരു വ്യക്തിയുടെ ബലത്തില്‍ ആണ് കൊണ്ഗ്രസുകര്‍ നിന്ന് പിഴക്കുന്നത് . സീ പീ എം എന്ന് അക്രമം നിര്തുന്നുവോ അന്ന് കേരളത്തില്‍ സമാധാനം വരും .

Noushad Vadakkel said...

ഹോ വല്ലാതെ കഷ്ടപ്പെട്ട് എഴുതി അല്ലെ മാഷേ ... എന്നിട്ടും വി എസ് അടക്കമുള്ളവര്‍ക്ക് തിരിയുന്നില്ലല്ലോ കണ്ണൂര്‍ ലോബിയുടെ സമാധാന ശൈലി ...;)
നന്ദി മണി ആശാനെ.... നന്ദി ... ;)
അങ്ങ് സംസ്ഥാന സെക്രട്ടറി ആയി എ കെ ജി സെന്റെറില്‍ തന്നെ എത്തിപ്പെടട്ടെ.


ഇനിയും വളരെ സത്യസന്ധമായി ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തി രാജ്യത്തെ പോലീസിന്റെ പണി എളുപ്പമാക്കുകയും സി പി എമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക .

ajith said...

പാവം സജിം. പിടിച്ച് നില്‍ക്കാന്‍ പെടുന്ന പാട് കാണുമ്പോള്‍ സത്യത്തില്‍ സഹതാപമുണ്ട്. ഗട്സ് വേണം സജിം, ഗട്സ്. അല്ലെങ്കില്‍ ആ മണിയെ നോക്കി പഠിക്ക്.



(ഒരു മാനവികതാവാദി വന്നിരിക്കുന്നു)

ഇ.എ.സജിം തട്ടത്തുമല said...

ആരും കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കേണ്ട സുഹൃത്തുക്കളേ, സി.പി.ഐ.എം മാത്രം ഏകപക്ഷീയമായി തീരുമാനിച്ചാൽ മാത്രം തീരുന്നതല്ല, ഇവിടുത്തെ അക്രമ രാഷ്ട്രീയം. സത്യസന്ധതയുള്ളവരും യഥാർത്ഥ അക്രമ വിരോധികളും നാളിതുവരെ കൊലചെയ്യപ്പെട്ട സി.പി.എം പ്രവർത്തകരുടെ കാര്യം കൂടി ഉൾപെടുത്തി സംസാരിക്കൂ. സി.പി.ഐ.എമ്മുകാരും മറ്റാരെയും പോലെ മനുഷ്യരാണ്. മനുഷ്യരെ കൊല്ലുന്നത് തെറ്റാണെന്ന് പറഞ്ഞു പഠിയ്ക്ക്. അല്ലാതെ സി.പി.ഐ.എമ്മുകാർ കൊല്ലപ്പെടുന്നത് പുണ്യകർമ്മവും സിപി.ഐ.എം വിരുദ്ധർ കൊല്ലപ്പെടുന്നത് പൈശാചികവും എന്ന നിലയ്ക്കുള്ള മനോഭാവം മാറ്റിവയ്ക്ക്. സി.പി.ഐ.എമ്മുകാർ ആരെയെങ്കിലും കൊന്നു കിട്ടിയെങ്കിൽ ഒന്നു മുതലെടുക്കാമായിരുന്നുവെന്നു കരുതുന്ന മനോഭാവവും മാറണം. പിന്നെ സി.പി.ഐ.എം ഗാന്ധിയൻ മാർഗ്ഗം സ്വീകരിച്ചിരുന്നെങ്കിൽ ഗാന്ധിയന്മാരെന്ന് ചുമ്മാ അവകാശപ്പെടുന്ന കോൺഗ്രസ്സുകാർ തന്നെ സി.പി.ഐ.എമ്മിനെ എന്നേ അറബിക്കടലിൽ മുക്കി കൊന്നേനേ! ഒന്നു ചുമ്മാ പോ!

പിന്നെ അജിത്തേ, പിടിച്ചു നിൽക്കാൻ ഒരു പാടുമില്ല. ഒരു നിർഭാഗ്യപരമായ സംഭവം കൊണ്ട് സി.പി.ഐ.എം രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് ഇല്ലാതാകുമെന്നാണ് ധരിക്കുന്നതെങ്കിൽ തെറ്റി. വടകരയിൽ ഇന്നത്തെ മാർച്ചിൽ പങ്കെടുത്തവരെ നോക്കിയാലറിയാം. എന്താണ് സി.പി.ഐ.എം എന്ന്.

പിന്നെ അജിത്തേ ഞാൻ മാനവികതാ വാദിതന്നെ. അങ്ങനെ അവകാശപ്പെടാൻ കാരണം കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടു കൂടിയാണ്. കൊല്ലും കൊലയുമില്ലാത്ത ഒരു ലോകം ആഗ്രഹിക്കുന്നവന്റെ പേര് മാനവികതാ വാദി എന്നുതന്നെ! പക്ഷെ കൊല്ലും കൊലയും ഇല്ലാതാക്കാൻ കമ്മ്യൂണിസ്റ്റുകാർ ശത്രുവിന്റെ ആക്രമണം ഏറ്റു വാങ്ങി കൊല്ലപ്പെട്ടുകൊണ്ടേ ഇരിക്കണമെന്ന് ആരും വാശി പിടിച്ചിട്ട് കാര്യമില്ല.

ഇ.എ.സജിം തട്ടത്തുമല said...

എം.എം മണി ധീരനും നിഷ്കളങ്കനും സത്യ സന്ധനുമായതുകൊണ്ട് സ്വയം വിമർശനപരമായി തന്റെ ശൈലിയിൽ ചിലതു വിളിച്ചു പറഞ്ഞു. സഖാവ് മണിയാശാൻ പറഞ്ഞത് അക്രമവും കൊലപാതകവും നടത്തിയിട്ടൂള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ്. സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമായിരിക്കും. അത് സ്വയം തങ്ങളിലേയ്ക്ക് നോക്കി കാണാൻ ശ്രമിക്കുന്നവർക്ക് എം.എം. മണി പറഞ്ഞതിൽ വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല.

Anonymous said...

തട്ടത്തുമല ലീഗില്‍ ചേരുമായിരിക്കും,...ഒരു മനപ്രയാസവുമില്ലാതെ. ഞങ്ങളോ?
ആരെസ്സെസ്സിലോ കന്ഗ്രസ്സിലോ ചേരാന്‍ ഞങ്ങള്‍ക്കാവില്ല. പിന്നെ ഈ ടീപ്പിയെപ്പോലെ വല്ല ചെറിയ പാര്‍ട്ടിയും ഉണ്ടാക്കി, പാര്‍ട്ടിയുടെ ഇരയാവണം.
അതാണ്‌ നല്ലത്, സെല്വരാജാവുന്നതിലും എത്രയോ നല്ലത്.

Anonymous said...

ആ മണിയുടെ നിഷ്കളങ്കത ഇത്തിരി കടം വാങ്ങി പറയാമോ, അന്ന് ദുര്ഗാടാസനെ കൊന്നതെന്തിനായിരുന്നുവെന്നു?

Harinath said...

ഇനി ഒരു രാഷ്ട്രീയക്കൊലപാതകം നടക്കാതിരിക്കട്ടെ.

Manoj മനോജ് said...

ടി.പി. സംഭവത്തിനു തൊട്ടടുത്ത ദിവസങ്ങളിലല്ലേ ലീഗും പിന്നെ ഏതൊ ഈർക്കിലി പുതുമുള സംഘടനയും തമ്മിൽ കത്തി കുത്ത് നടന്നത്... അതിൽ ആരും മരിക്കാതിരുന്നത് ലീഗിനെ പിന്തുണയ്ക്കുന്ന ബ്ലോഗന്മാരുടെ മഹാ ഭാഗ്യം ഇല്ലായിരുന്നുവെങ്കിൽ മഷി ഇട്ട് നോക്കിയാൽ കിട്ടുമായിരുന്നോ ആ മാന്യന്മാരെ ;))))

kaalidaasan said...

>>>
ഇനിയും വളരെ സത്യസന്ധമായി ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തി രാജ്യത്തെ പോലീസിന്റെ പണി എളുപ്പമാക്കുകയും സി പി എമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക .<<<<<




ഇതിനു മുമ്പ് നടന്ന മറ്റ് ചില വെളിപ്പെടുത്തലുകളുണ്ടല്ലോ നൌഷാദേ. മറന്നു പോയിട്ടുണ്ടെങ്കില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം.

നാല്‍പ്പാടി വാസുവിനെ കൊലപ്പെടുത്തിയതിനു ശേഷം കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ പ്രസംഗിച്ചത് ഇങ്ങനെ. അവിടെ ഒരുത്തനെ കൊന്നിട്ടിട്ടുണ്ട്. വിദ്യാഭ്യാസ സമര കാലത്ത് ലീഗിന്റെ ഗുണ്ടകള്‍ ഒരധ്യപകനെ ഓടിച്ചിട്ട് ചവുട്ടിക്കൊന്നപ്പോള്‍, സീതിഹാജിയുടെ മകന്‍ ലീഗിന്റെ എം എല്‍ എ മൈക്കിനുമുന്നില്‍ നിന്നുകൊണ്ട് ആക്രോശിച്ചത് ഇങ്ങനെ, ഞമ്മക്കെതിരെ സാക്ഷിപറഞ്ഞാല്‍ പറഞ്ഞവന്റെ കാലു ഞമ്മള്‍ വെട്ടും.. അഴിമതിക്ക് കോടതി ജയിലില്‍ അടച്ച പിള്ളക്ക് പിന്തുണയുമായി സുധാകരന്‍ കൊട്ടാരക്കരയില്‍ പ്രസംഗിച്ചത് ഇങ്ങനെ. എന്റെ മുന്നില്‍വച്ചാണ് ജഡ്ജിമാര്‍ക്ക് പണം കൊടുത്തത്. അതിനു ഞാന്‍ സാക്ഷിയാണ്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പ്രസിഡന്റ് രാമകൃഷ്ണനെ ബന്ദിയാക്കിയപ്പോള്‍, രാമകൃഷ്ണന്‍ അന്ന് വിളിച്ചുപറഞ്ഞ സുധാകരന്റെ കുറ്റകൃത്യങ്ങളും,, കൊലപാതകങ്ങളും, അക്രമങ്ങളും അനവധി ഉണ്ട്. പെണ്ണുപിടിയന്‍ കുഞ്ഞാലി പെണ്ണുകേസ് ഒതുക്കാന്‍ ജുഡീഷ്യറിയെ വ്യഭിചരിച്ച കഥകള്‍ പുറത്താകും എന്ന വിവരം കിട്ടിയപ്പോള്‍. കുഞ്ഞാലി പത്രസമ്മേളനം നടത്തി പറഞ്ഞത് ഇങ്ങനെ, മന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തി ആ സ്ഥാനത്തിരുന്നുകൊണ്ട് അളിയന്‍ റൌഫിനു വേണ്ടി വഴി വിട്ട് പലതും ചെയ്തിട്ടുണ്ട്. മണിയേപ്പോലെ ചാനലുകളില്‍ കൂടിയാണവയൊക്കെ നൌഷദൊക്കെ അറിഞ്ഞിട്ടുള്ളത്. അന്നൊന്നും നൌഷാദിന്‌ ഇല്ലാതിരുന്ന ആത്മരോഷം ഇപ്പോള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു.

ഇപ്പോള്‍ ഭരിക്കുന്നത് കോണ്‍ഗ്രസും, ലീഗും ഒക്കെകൂടിയാണ്. മണി അവകാശപ്പെട്ടതൊക്കെ അന്വേഷിക്കട്ടെ. മണി ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കട്ടെ. അതിന്റെ കൂടെ സുധാകരനും, കുഞ്ഞാലിയും  തുറന്നു പറഞ്ഞവ കൂടി അന്വേഷിക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസും ലീഗും കാണിക്കുമോ?ഇല്ലെങ്കില്‍ മണി പറഞ്ഞതുപോലെ എല്ലാവനും വെടിക്കെട്ടുകാരന്റെ പട്ടികളാണെന്ന് കരുതേണ്ടി വരും.

MOIDEEN ANGADIMUGAR said...

1. 1956-ല്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന മൊയ്യാരത്ത് ശങ്കരനെ സഹധർമ്മണിയുടെയും,പിഞ്ചു കുഞ്ഞിന്റെയും മുന്നിൽ വെച്ച് വെട്ടിക്കൊന്നു കൊണ്ടാണു കോണ്‍ഗ്രസ്സുകാര്‍ തങ്ങളുടെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത്.
2. 1969 ജൂലൈ 26-ന് ഏറനാടിന്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ അടിത്തറ പാകിയ വിപ്ലവകാരിയും നിലമ്പൂരിന്റെ പ്രഥമ എം എൽ എയുമായിരുന്നു സഖാവ്‌ കുഞ്ഞാലി ഒരുകൂട്ടം കോൺഗ്രസ്സുകാരാൽ കൊല്ലപ്പെട്ടു.
3. 1987 മാർച്ച് 23-ന് ചീമേനിയിൽ വെച്ച് നിർധനരും,ബീഡിത്തൊഴിലാളികളുമായ അഞ്ച് സി.പി.എം പ്രവർത്തകരെ (എം.കോരൻ, സി.കോരൻ, കുഞ്ഞിക്കണ്ണൻ, ആലവളപ്പിൽ അമ്പു, കണ്ണൻ തുടങ്ങിയവർ) അടിച്ചും,വെട്ടിയും ഒടുക്കം തീവെച്ചും കൊലപ്പെടുത്തി.
4. 1990-ൽ സി.പി.എമ്മിന്റെ സജീവപ്രവർത്തകനായ കാരായി രാജനെ കാസറഗോഡ് ബന്തടുക്കയിൽ വെച്ച് കോൺഗ്രസ്സുകാർ നാടൻ തോക്ക് കൊണ്ട് വെടിവെച്ചു കൊന്നു..
5. 2000 നവമ്പർ 9-നു സി.പി.എം ഇടവേലി ബ്രാഞ്ച് അംഗവും, ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്റുമായിരുന്ന നാല്പാടി വാസുവിനെ കെ.സുധാകരന്റെ ഗുണ്ടാസംഘം ബോംബെറിഞ്ഞു കൊന്നു
6. 2000 ഡിസംബർ 5-നു സി.പി.എം. പ്രവര്‍ത്തകനായ പാനൂര്‍ കുറ്റ്യേരി അരീക്കല്‍ അശോകനെ വെട്ടിക്കൊന്നു.ഇതിൽ മൂന്നു ബി.ജെ.പി പ്രവർത്തകരും ഒരു കോൺഗ്രസ്സുകാരനുമായിരുന്നു പ്രതി.
7. 2009-ൽ സി.പി.എം പ്രവർത്തകനായ കാസറഗോഡ് ബെദിരടുക്കയിലെ അഷറഫിനെ ഒരു സംഘം കോൺഗ്രസ്സ് പ്രവർത്തകർ കുത്തിക്കൊന്നു.
8. 2012 ഏപ്രിൽ 10–നു സി പി എം പ്രവര്ത്തകനും ക്വാറി തൊഴിലാളിയുമായ കാഞ്ഞങ്ങാട് കരിച്ചേരി ശാസ്താംകോട്ടയിലെ പക്കീരന്റെ മകൻ ബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ്സ് പ്രവർത്തകനായ കരിച്ചേരിയിലെ കുഞ്ഞിരാമന്റെ മകന്‍ ബാലകൃഷ്ന്‍ നമ്പ്യാരെ പോലീസ് അറസ്റ്റ് ചെയ്തു.

‘സമാധാനത്തിന്റെ അപ്പോസ്തലന്മാരായ’ കോൺഗ്രസ്സുകാർ ചെയ്ത ഏതാനും ചില അരുംകൊലകളുടെ കണക്ക് മാത്രമാണിത്.
ഇത്രയും ഇവിടെ കുറിക്കാൻ കാരണം, രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തിൽ ഒരു കക്ഷിക്കും തങ്ങൾ മാന്യരാണെന്നു അവകാശപ്പെടാൻ കഴിയില്ല എന്നോർമ്മിപ്പിക്കാനാണ്.