Wednesday, October 31, 2012

ചില ശരിതെറ്റുകൾ


ചില ശരിതെറ്റുകൾ

ശശി തരൂരിന്റെ പഴയ കാറ്റിൽക്ലാസ്സ് പ്രയോഗം തെറ്റ്
ശശി തരൂരിന്റേത്  ലക്ഷങ്ങളുടെ വിലയുള്ള  ഭാര്യയെന്ന്
നരേന്ദ്ര മോഡി പറഞ്ഞത് തെറ്റ്
ശശി തരൂരിന്റെ ഭാര്യയെ യൂത്ത്  കോൺഗ്ഗ്രസ്സ് അനുയായികൾ
തൊട്ടപമാനിച്ചത്   തെറ്റ്
ശശി തരൂർ പ്രണയഗുരുവെന്ന് ബി.ജെ.പി വക്താവ്
മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞത് തെറ്റ്
ശശി തരൂർ പ്രണയിച്ചതും
പ്രണയിച്ച സ്ത്രീയെ വിവാഹം കഴിച്ചതും
അദ്ദേഹത്തിന്റെ വ്യക്തിപരമായ ശരികൾ
അതൊക്കെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം
തരൂരിന്റെ ഭാര്യയെ  അപമാനിച്ച യൂത്ത് കോൺഗ്രസ്സുകാരുടെ
കരണക്കുറ്റിയ്ക്കിട്ട് അവർ കൊടുത്തത് വളരെ ശരി
സ്ത്രീകളായാൽ അങ്ങനെയും വേണം ചങ്കൂറ്റം
തരൂർ വീണ്ടും മന്ത്രിയായതുകൊണ്ട് പാവപ്പെട്ട ജനങ്ങൾക്ക്
എന്ത്  പ്രയോജനമെന്നത് പക്ഷെ, കണ്ടുതന്നെ അറിയുക!

Monday, October 29, 2012

മദ്യദോഷം

മദ്യദോഷം

മദ്യം
വിഷമാണ്
വിഷമമാണ്
വിനയാണ്
വിറയലാണ്
വിവിധമാണ്
വിഷയമാണ്

(ഓരോ ദിവസവും മദ്യം വരുത്തിവയ്ക്കുന്ന ചില കുഴപ്പങ്ങൾ കണ്ടും കേട്ടും ചുമ്മാ കോറിയിട്ട വരികൾ എന്നേയുള്ളൂ) 

Saturday, October 27, 2012

നിങ്ങൾ ക്യൂവിലാണ്

നിങ്ങൾ ക്യൂവിലാണ്

നിങ്ങൾ ക്യൂവിലാണ്
ബിവറേജസിന്റെ മുന്നിലെ നീണ്ട ക്യൂവിൽ
തെല്ലും പരുങ്ങേണ്ടതില്ല
നിങ്ങൾ ബഹുമാനിക്കുന്നവരും
ഭയക്കുന്നവരും
കണ്ടാൽ പരസ്പരം ലജ്ജ തോന്നുന്നവരും
ക്യൂവിൽതന്നെയുണ്ട്
എങ്കിലും കണ്ണുകൾ പരസ്പരം ഉടക്കാതെ
അതിജീവിക്കുക
ലക്ഷ്യം ഒന്ന്
മാർഗ്ഗം ഒന്ന്
വിജയം അകലെയല്ല
തൊട്ടരികിൽ തന്നെയുണ്ട്
ഉയിരെരിയുന്നുവെങ്കിലും
കരയാതെ കരളേ
പൊറുക്കുക നീ
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു

Tuesday, October 23, 2012

വിശ്വാസം, അതല്ലല്ലോ എല്ലാം

വിശ്വാസം; അതല്ലല്ലോ എല്ലാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യണമെങ്കിൽ  നിയമസഭയിൽ ദൃഢപ്രതിജ്ഞയെടുത്ത എം.എൽ.എ മാർ ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കണമെന്ന് സർക്കാർ ഓർഡിനൻസിറക്കി. കൂടുതൽ ഹൈന്ദവ എം.എൽ.എമാർ ഇപ്പോൾ ഇടതുപക്ഷത്താണുള്ളത്. ഈ പ്രതിസന്ധി മറികടക്കുവാനുള്ള യു.ഡി.എഫിന്റെ കുറുക്കുവഴിയാണ് പുതിയ നിയമം എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും. ഇത്തരുണത്തിൽ ഈ സർക്കാരിനു പ്രതിപക്ഷത്തൊടുള്ള ചില  കടപ്പാടുകൾ  ഓർക്കുന്നത് നല്ലതാണ്. സത്യത്തിൽ ഇപ്പോൾ യു.ഡി.എഫ് സർക്കാർ ഭരണം തുടരുന്നതുതന്നെ എൽ.ഡി.എഫിന്റെ ഔദാര്യത്തിലാണ്. കാരണം ഭരണപക്ഷത്തുനിന്ന് ചാടിവരാൻ തയ്യാറുള്ള ഘടകകക്ഷികൾ ചിലതെങ്കിലും ഉണ്ട്.

എന്നാൽ കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച്  അധികാരം നേടാൻ എൽ.ഡി.എഫിന്റെ  പോളിസി അനുവദിക്കുന്നില്ല. ഇടതുപക്ഷത്തെ  ഏതെങ്കിലും ഒരു കക്ഷിയോ ഏതാനും നേതാക്കളോ വിചാരിച്ചാൽ ഈ പോളിസിയിൽ മാറ്റം വരുത്താനുമാകില്ല. അതുകൊണ്ട്ടാണ്  നേരിയ ഭൂരിപക്ഷം മാത്രമുള്ള ഇപ്പോഴത്തെ   യു.ഡി.എഫ് സർക്കാർ നിലനിൽക്കുന്നത്. അതായത് ഇടതുപക്ഷത്തിന്റെ ആദർശാധിഷ്ഠിതമായ നയത്തിന്റെ  പിൻബലത്തിൽ! കാലുമാറ്റത്തിലൂടെ ഭരണം അട്ടിമറിക്കില്ലെന്ന എൽ.ഡി.എഫ് പോളിസിയിൽ വിട്ടുവീഴ്ച ചെയ്താൽ ഏതുസമയവും യു.ഡി.എഫ് മന്ത്രിസഭ നിലമ്പൊത്തിയേക്കാം. അവർ  ഭയപ്പെടേണ്ട. കാരണം  എൽ.ഡി.എഫ് അങ്ങനെ ചെയ്യില്ല.

അതുപോലെ ഇപ്പോൾ ദേവസ്വം ബോർഡ് വിഷയത്തിൽ കൊണ്ടുവന്ന പുതിയ നിയമം മൂലം യു.ഡി.എഫിനു ഉദ്ദേശിച്ച ഫലം കിട്ടുന്നെങ്കിൽ അതും എൽ.ഡി.എഫിന്റെ ഔദാര്യത്തിൽ ആയിരിക്കും. കാ‍രണം ദൃഢപ്രതിജ്ഞയെടുത്ത പ്രതിപക്ഷത്തെ  എം.എൽ.എമാർ ആരും ഇനിയിപ്പോൾ പുതിയ  നിയമം മറികടക്കാൻ   ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കാനൊന്നും  സാദ്ധ്യതയില്ല. അതും ഒരു പോളിസിയുടെ ഫലമാണ്. എന്നാൽ ആദർശത്തിൽ അല്പം വിട്ടുവീഴ്ചചെയ്ത് രാഷ്ട്രീയ വിജയത്തിനു വേണ്ടി എൽ.ഡി.എഫിലെ ഹിന്ദു എം.എൽ.എമാർ ഹിന്ദുവിശ്വാസികളാണെന്ന് എഴുതിക്കൊടുത്താൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പുതിയ നിയമം  ധിം തരികിടതോം! ഉദ്ദിഷ്ടകാര്യം നടക്കാതെ പോകും.

ഹിന്ദു വിശ്വാസികൾ എന്ന് എഴുതിക്കൊടുത്തതുകൊണ്ട് അവരാരും വിശ്വാസികളാകാൻ പോകുന്നില്ല. ദൃഢപ്രതിജ്ഞ ചെയ്തതുകൊണ്ട് അവർ എല്ലാവരും  അവിശ്വാസികളുമാകില്ല. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരും  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവരും എല്ലാം   യഥാർത്ഥത്തിൽ വിശ്വാസികൾതന്നെ  ആയിരിക്കണമെന്നുണ്ടോ? ഇല്ല. അവരിൽ കടുത്ത അവിശ്വാസികൾ ഉണ്ടാകാം.  ഓരോരോ  മതസ്ഥാപനങ്ങളുടെ ഭരണം കൈയ്യാളി ദൈവ ഭയമില്ലാ‍തെ  കൊടിയ അഴിമതി നടത്തി ദൈവത്തിന്റെ പണം അപഹരിക്കുന്നവർ  ശരിക്കും നിരീശ്വരവാദികൾ ആയിരിക്കണമല്ലോ.

എന്തായാലും യു.ഡി.എഫ് സർക്കാർ ഭയപ്പെടേണ്ട. ദൃഢപ്രതിജ്ഞയെടുത്ത എൽ.ഡി.എഫ് എം.എൽ.എമാർ  പുതിയ ഓർഡിനൻസിനെ മറികടന്ന് ഈ സർക്കാരിനു പണികൊടുക്കാനായി അവർ ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കാനൊന്നും പോകുന്നില്ല. പക്ഷെ  യു.ഡി.എഫ് സർക്കാരിന് ഇക്കാ‍ര്യത്തിൽ എൽ.ഡി.എഫിനോട്  നന്ദി വേണം  കേട്ടോ. പ്രാർത്ഥനകളും ആകാം. ഇടതുപക്ഷം തങ്ങളുടെ ഇത്തരം പോളിസികളിൽ മാറ്റം വരുത്തരുതേ എന്ന്. കുതിരക്കച്ചവടത്തിലൂടെയും ആദർശങ്ങളിൽ വെള്ളം ചേർത്തും ഈ സർക്കാരിനെ ഇടതുപക്ഷം അട്ടിമറിക്കാത്തിടത്തോളം യു.ഡി.എഫ് സർക്കാരിനു ഭരിക്കാം.  ദൃഢപ്രർതിജ്ഞയെടുത്തവർ ഹിന്ദു വിശ്വാസികളെന്ന് എഴുതിക്കൊടുക്കില്ലെന്നതുകോണ്ട് ദേവസ്വം ബോർഡിൽ യു.ഡി.എഫ് വിചാരിക്കുന്നത് നടക്കുകയും ചെയ്യും.

എഴുതിയത് ദേവസ്വം ബോർഡ് വിഷയത്തിൽ പിടിച്ചായതുകൊണ്ട് ഒരു കാര്യം കൂടി പറയാതെ നിർത്തുന്നില്ല. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഹിന്ദുക്കൾ പറയുന്ന ഒരു കാര്യത്തിൽ അല്പം ന്യായമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും മാത്രമേ സർക്കാർ ഇടപെടലുള്ളൂ. ക്രിസ്ത്യാനികളുടെയോ മുസ്ലിങ്ങളുടെയോ ആരാധനാലയങ്ങളുടെ ഭരണത്തിലോ സാമ്പത്തികകാര്യങ്ങളിലോ സർക്കാർ  ഇടപെടലില്ല. ദേവസ്വം ബോർഡു പോലെ ഉള്ള സംവിധാനങ്ങളൊന്നും ക്രിസ്ത്യാനികളുടെയോ മുസ്ലിങ്ങളുടെയോ കാര്യത്തിൽ ഇല്ല. മുസ്ലിങ്ങളുടെ കാര്യത്തിൽ പറയാൻ ഒരു വക്കഫ് ബോർഡെങ്കിലും ഉണ്ട്. ക്രിസ്ത്യാനികളുടെ കാര്യത്തിൽ അതുമില്ല. ഇത് പക്ഷപാതം തന്നെ.

ഏതു മതത്തിന്റെയും  സാമ്പത്തികവും ഭൂ‍പരവും സ്ഥാപനപരവുമായ  കാര്യങ്ങളിൽ സർക്കാരിനു നിയന്ത്രണങ്ങൾ ഉണ്ടാകണം. മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ആരുടെ അധീനതയിലും സമ്പത്ത് കുന്നുകൂടൂന്നത് നന്നല്ല. അക്കാര്യത്തിൽ എല്ലാ മതങ്ങളുടെ കാര്യത്തിലും പൊതുവായി ബാധകമായ നിയമങ്ങൾ ഉണ്ടാകേണ്ടതാണ്. ഹിന്ദുക്കളുടെ ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം സർക്കാർ ഇടപെടുന്നു എന്ന പരാതി ഒഴിവാക്കേണ്ടതാണ്. സമ്പത്തിന് മതമില്ല. അത് ഹിന്ദുക്കളുടേതായാലും മുസ്ലിങ്ങളുടേതായാലും ക്രിസ്ത്യാനികളുടെതായാലും.

വ്യക്തികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും  സാമ്പത്തിക കാര്യങ്ങൾക്കുമേൽ സർക്കാരിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിൽ മതങ്ങളുടെ കാര്യത്തിലും അതാകാം.   വിശ്വാസത്തിൽ ഇടപെടേണ്ട. പക്ഷെ വിശ്വാസത്തിന്റെ പേരിൽ ആർജ്ജിക്കുന്ന സമ്പത്തിനുമേൽ വിശ്വാസങ്ങളെ ഭംഗപ്പെടുത്താത്ത വിധത്തിൽ ഭരണകൂടത്തിന്റെ ഇടപെടലുകളും നിയന്ത്രണങ്ങളും വേണം. പ്രത്യേകിച്ചും ദൈവത്തിന്റെ കര്യത്തിൽ സൂക്ഷ്മത പുലർത്തണം. കാരണം ദൈവം നന്മയുടെ പ്രതീകമാണ്. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

Wednesday, October 10, 2012

യുക്തിരേഖ മാസികയിൽനിന്ന്

യുക്തിരേഖ മാസികയിൽനിന്ന് 

അന്തരിച്ച പ്രശസ്ത നടൻ തിലകനെക്കുറിച്ച് 2012 ഒക്ടോബർ ലക്കം യുക്തിരേഖ മാസികയിൽ പ്രസിദ്ധീകരിച്ച ഈയുള്ളവനവർകളുടെ ലേഖനം. ചിത്രത്തിൽ ക്ലിക്കി വലുതാക്കി കണ്ട് വായിക്കാം. ആദ്യം ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വ്യൂ ഇമേജിൽ ക്ലിക്ക് ചെയ്യുക. പിന്നെ ക്ലിക്കുമ്പോൾ വായിക്കാൻ പാകത്തിൽ വലുതായി കാണാം.  

ഇവിടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തും  ലേഖനം വായിക്കാം
 http://easajim.blogspot.in/2012/09/thilakan-adaranjalikal.html




Friday, October 5, 2012

ഹൃദയഭൂമി

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!


കൂടുതൽ കവിതകൾ വായിക്കുവാൻ