Sunday, June 23, 2013

ഇന്നിനെ നോക്കി നാളെയെക്കുറിച്ച് ഭയപ്പെടുമ്പോൾ

ഇന്നിനെ നോക്കി നാളെയെക്കുറിച്ച് ഭയപ്പെടുമ്പോൾ

എന്തുകൊണ്ടാണ് നമ്മുടെ പുതുതലമുറ ഇങ്ങനെ ആകുന്നത്? അവരിൽ മാനവികമൂല്യങ്ങൾ എത്രത്തോളമുണ്ട്? മനുഷ്യസഹജമായ സർഗ്ഗാത്മകതകളുടെ ലവലേശങ്ങൾപോലും ആരാലൊക്കെയോ, എന്തിനാലൊക്കെയോ അപഹരിക്കപ്പെട്ട ഒരു തലമുറ; പുസ്തകങ്ങൾ വയിക്കാത്ത തലമുറ. പത്രപാരായണം പോലും ഒരു ശീലമേ അല്ലാത്ത തലമുറ. ഈണത്തിൽ ഒരു കവിത ചൊല്ലുന്നത് കേട്ടാൽ അത് ആസ്വദിക്കാൻ കഴിയാത്തവരാണ് അവർ. അടിച്ചുപൊളി പാട്ടുളിലാണ് അവർ സംഗീതം കണ്ടെത്തുന്നത്. പ്രസംഗങ്ങൾക്കും പ്രഭാഷണങ്ങൾക്കും കാതുകൊടുക്കാത്ത തലമുറ കലയോടും സംസ്കാരത്തോടും തീരെ മുഖം തിരിക്കുന്നു. സിനിമയും മിമിക്രിയും മാത്രമാണ് അവർക്ക് കല. മറ്റൊരു കലയോടും അവർക്ക് താല്പര്യമില്ല. സഹജീവീയ സ്നേഹത്തെപറ്റിയൊന്നും അവർ അധികം ചിന്തിക്കാൻ ഇടവരുന്നില്ല. ഈ തലമുറ ഒരു മൊബെയിൽ ഫോണും കുറെ എസ്.എം.എസും ഉണ്ടെങ്കിൽ തീർത്തും സംതൃപ്തരാണ്!

തനിക്കു ചുറ്റുമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നുവെന്ന് തീരെ അന്വേഷിക്കാൻ താല്പര്യപ്പെടാത്ത തലമുറ അയൽക്കാരന്റെ വീട്ടിലേയ്ക്കുള്ള വഴിപോലുമറിയാതെ ഉഴലുന്നതും കാണാം. തന്റെ വീടിന്റെ മതിലുകൾപ്പുറത്ത് ആരൊക്കെ താമസിക്കുന്നുവെന്ന് അറിയാത്തവർ. അറിഞ്ഞിട്ടും വലിയ കാര്യമില്ലത്തവർ! സ്വന്തബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകബുദ്ധിപോലും കൈവിട്ടുപോകുന്ന തലമുറ ജീവിക്കുന്നതോ തികച്ചും യാന്ത്രികമായി. എന്നാൽ ഇതേ തലമുറയിൽ നല്ലൊരു പങ്ക് അക്രമത്തിലേയ്ക്കും മതതീവ്രവാദത്തിലേയ്ക്കും അതിവേഗം ആകർഷിക്കപ്പെടുന്നു. സ്വയം പൊട്ടിത്തെറിക്കുന്ന ബോംബുകളാകാൻ അവർക്ക് മടിയില്ല. ഭയമില്ല. മറ്റൊരു പങ്ക് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു. മറ്റു ചിലരാകട്ടെ സ്വന്തം സ്വാർത്ഥത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് സ്വയം തീരുമാനത്തിലെത്തി സായൂജ്യമടയുന്നു. അവനവനിലേയ്ക്ക് ചുരുങ്ങിച്ചുരുങ്ങി അവനവനെത്തന്നെ അവനവനു കാണാൻ കഴിയാത്തത്ര അവർ ചെറുതാകുന്നു. സ്ഥിതിഗതികൾ സങ്കീർണ്ണം തന്നെ! ഒന്നുമാത്രമറിയാം. നമ്മുടെ തലമുറ വഴിപിഴച്ചിരിക്കുന്നു.

സാമൂഹ്യബോധം തീരെയില്ലാത്തവരായി പുതുതലമുറ മാറുന്നതെന്തുകൊണ്ട്? സാമൂഹ്യ പരിതസ്ഥിതികൾ പലതും പുതുതലമുറയെ സ്വാധീനിക്കും. എങ്കിൽ അങ്ങനെയൊരു സാമൂഹ്യപരിതസ്ഥിതി ഇവിടെ രൂപപ്പെടാൻ കാരണമെന്ത്? കുടുംബവും സമൂഹവും എത്ര മൂല്യബോധം പഠിപ്പിച്ചാലും അവർ ഒന്നും പഠിക്കാത്തതെന്തുകൊണ്ട്?
കേരളത്തിലെ സർഗ്ഗാത്മക കലാലയങ്ങൾ എവിടെ? നമ്മുടെ ഗ്രന്ഥശാലകളിലെ ആ പഴയകാല സർഗ്ഗാത്മകസായാഹ്‌നങ്ങൾ ആര് അപഹരിച്ചുകൊണ്ടുപോയി? പഴയ നാടകക്കളരികളുടെ സ്ഥാനത്ത് മറ്റെന്താണ് പ്രതിഷ്ഠിക്കപ്പെട്ടത്? അതോ അവിടം  ഒഴിഞ്ഞുതന്നെ കിടക്കുന്നുവോ? രാഷ്ട്രീയപാർട്ടികളുടെ ഇടവഴിതാണ്ടിയുള്ള കാൽ നടജാഥകളും തെരുവോരയോഗങ്ങളും രാഷ്ട്രീയ ബോധവൽക്കരണവും എവിടെ? നവോത്ഥാനനായകൻ‌മാർ ഉഴുതു മറിച്ച മണ്ണിൽ അക്രമവും സ്ത്രീപീഡനവും മതതീവ്രവാദവും ഇത്രമേൽ കടന്നുവന്നതെങ്ങനെ?

വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അഭൂതപൂർവ്വമായ പുരോഗതിയുണ്ടായിട്ടും സമ്പൂർണ്ണ സാക്ഷരത നേടിയിട്ടും സങ്കുചിതചിന്താഗതികളും വർഗ്ഗീയതയും അക്രമങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടങ്ങി എല്ലാ അനഭിലഷണീയപ്രവണതകളും കൊടികുത്തിവാഴുന്ന ഒരു സാമൂഹ്യസാഹചര്യം ഇവിടെ എങ്ങനെ ഉടലെടുത്തു? പുരോഗമന ജനധിപത്യ പ്രസ്ഥാനങ്ങളെ വെല്ലുവിളിക്കാൻ പാകത്തിൽ പ്രതിലോമപ്രസ്ഥാനങ്ങൾക്ക് ആളും അർത്ഥവും ഇവിടെ ലഭിക്കാനിടയാകുന്ന സാഹചര്യം എങ്ങനെ ഉണ്ടായി? എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്? സമൂഹത്തിന് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനെ ആരും മോണിട്ടർ ചെയ്തിരുന്നില്ല. മോണിട്ടർ ചെയ്യാൻ അരും അരെയും നിയോഗിച്ചിരുന്നില്ലല്ലോ. സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും ശരിയായ ദിശാബോധം നൽകുവാനുമുള്ള നിയോഗം വന്നുചേർന്നവരോ സ്വയം ആ നിയോഗം ഏറ്റെടുത്തവരോ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയോ?

ഇന്നത്തെ തലമുറയെ നോക്കി നാളെയെക്കുറിച്ച് ഭയന്നു നിൽക്കുന്നവർക്ക് ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്. പക്ഷെ ഉത്തരം നൽകേണ്ടതാര്? അങ്ങനെ ഉത്തരം തരാൻ ബാദ്ധ്യസ്ഥരായി ആരും മുന്നോട്ട് വരാനില്ലെന്നിരിക്കെ, ചോദ്യകർത്താക്കൾതന്നെ സ്വയം ഉത്തരം കണ്ടെത്തണം. കണ്ടെത്തുന്ന ഉത്തരങ്ങൾക്ക് വ്യക്തത വരണം. ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങൾ ആവർത്തിക്കേണ്ടി വരാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ ആരായണം? ആര് ആരോട്? നമ്മൾ നമ്മളോട് തന്നെ!


(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ ലേഖനം)

3 comments:

ajith said...

ഭയപ്പാടില്ലാത്ത നാളേയ്ക്ക് വേണ്ടി ആശംസകള്‍

Nidheesh Varma Raja U said...

ആശങ്കയുണ്ടെങ്കിലും ആശയറ്റിട്ടില്ല.

Kalavallabhan said...

കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവർ