Thursday, August 22, 2013

നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച്

നരേന്ദ്ര ധാബോല്‍ക്കറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുക

മഹാരാഷ്ട്രയിൽ സാമുഹ്യപ്രവർത്തകനും ശാസ്ത്രപ്രചാരകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധബോൽക്കറെ  കൊലപ്പെടുത്തിയത് ആരായാലും അത് എന്തിന്റെ പേരിലായാലും അതിൽ  അതിശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം ബ്ലോഗിലും ഫെയ്സ് ബൂക്കിലും ഞാൻ പ്രതിഷേധവാരം  ആചരിക്കുന്നു. ഇന്നലെ രാത്രി മുതൽ ഇത് ആരംഭിച്ചു. പ്രതിഷേധ സൂചകമായി ഒരാഴ്ചക്കാലം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രതികരണങ്ങൾ ഇട്ടുകൊണ്ടായിരിക്കും. ഒപ്പം മാനവികത ഉയർത്തിപ്പിടിക്കുന്ന കുറിപ്പുകളും ഇടും.
 
ഇനിയത്തെ  ഇന്ത്യ  ഇങ്ങനെയൊക്കെ ആയിരിക്കുമോ?

മഹരാഷ്ട്രയിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയിരുന്ന സാമൂഹ്യ പ്രവർത്തകനും  ശാസ്ത്ര പ്രചാരകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധാബോല്‍ക്കര്‍ 2013 ആഗസ്റ്റ് 19-ന്  കൊല്ലപ്പെട്ടു. 1945 നവംബർ 1നായിരുന്നു ജനനം. അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ  മഹാരാഷ്ട്രയിൽ പൂനെ കേന്ദ്രീകരിച്ച് അദ്ദേഹം  ശക്തമായ പോരാട്ടമാണ് നടത്തിക്കൊണ്ടിരുന്നത്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള നരേന്ദ്ര ധാബോൽക്കർ  അന്ധവിശ്വാസങ്ങളെ എതിർക്കുന്ന മഹാരാഷ്ട്ര അന്ധശാസ്ത്ര നിർമൂലൻ സമിതിയുടെ നേതാവായിരുന്നു. ബാബ അധാവയുമായി സഹകരിച്ചും പ്രൊഫ. ശ്യാം മാനവിന്റെ അഖിൽ ഭാരതീയ അന്ധശാസ്ത്ര നിർമൂലൻ സമിതിയയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചു. പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപരുമായിരുന്നു. ഇന്ത്യൻ കബഡി ടീം അംഗമായിരുന്നു അദ്ദേഹത്തിന്  മഹാരാഷ്ട്ര സർക്കാരിന്റെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവൻ ഗൗരവ് പുരസ്‌കാരം  ലഭിച്ചിട്ടുണ്ട്.

അജ്ഞാതരുടെ വെടിയേറ്റാണ് നരേന്ദ്ര ധാബോല്‍ക്കര്‍ മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പൂനെ നഗരത്തിലെ ഓംകാരേശ്വര്‍ മന്ദിറിന് സമീപം ധാബോല്‍ക്കറുടെ ജഡം വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തെ സാസൂണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളോട് ശത്രുത പുലർത്തിയിരുന്നവരാണ് കൊലപാതകത്തിനുപിന്നിലെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിൽ അദ്ദേഹത്തിന്റെ വധത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂനെയിൽ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യസംഘടനകളും ബന്ദും വായ്‌മൂടിക്കെട്ടി  പ്രകടനങ്ങളും മറ്റും നടത്തിയിരുന്നു. പർദ്ദയിട്ട സ്ത്രീകൾ പോലും പ്രതിഷേധത്തിനെത്തിയിരുന്നുവെന്നുമാണ് വാർത്തകളീൽനിന്നും മനസ്സിലാകുന്നത്. നരേന്ദ്ര ധാബോൽക്കറുടെ ശവസംസ്കാര ചടങ്ങുകളിൽ  മഹാരാഷ്ട്രാ മുഖ്യ മന്ത്രി പൃഥിരാജ് ചവാൻ പങ്കെടുത്തിരുന്നു.  അദ്ദേഹത്തോടുള്ള ആദര സൂചകമായി അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കുമെന്ന് മഹാരാഷ്ട്ര ഗവർണ്മെന്റ് സൂചന നൽകിയിട്ടുണ്ട്. വർഷങ്ങളോളം താമസിപ്പിച്ച ബില്ലാണ് ഇപ്പോ‍ൾ പാസാക്കാൻ ഒരുങ്ങുന്നത്. ഈ നിയമം പാസാക്കണമെന്ന് നരേന്ദ്ര ധാബോൽക്കർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതും  അത് പാസാക്കത്തതിന്റെ പേരിൽ സർക്കാരിനെ ശക്തമായി വിമർശിച്ചുകൊണ്ടിരുന്നതുമാണ്.

നമ്മുടെ രാജ്യത്ത് ശാസ്ത്രപ്രചാരകന്മാർ ആക്രമിക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ട സംഭവങ്ങൾ അത്രകണ്ട് കേട്ട്കേഴ്വിയുള്ളതല്ല. ഇപ്പോൾ അതും സംഭവിച്ചു. എന്നാൽ ഈ സംഭവം നമ്മുടെ മാധ്യമലോകം വേണ്ടത്ര ഗൌരവത്തിലെടുത്തതായി തോന്നുന്നില്ല. നിസ്സാര വാർത്തകൾ പോലും ആഘോഷമാക്കുന്ന മാധ്യമങ്ങൾ ഈ പൈശാചിക സംഭവത്തിന് മതിയായ പ്രാധാന്യം നൽകുകയോ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് നാമമാത്രമായ വാർത്തകളാണ് പത്രങ്ങളിലും ചാനലുകളിലും വന്നിട്ടുള്ളത്. കൊല്ലപ്പെട്ട നരേന്ദ്ര ധാബോൽക്കർ ഒരു രാഷ്ട്രീയക്കാരനോ മാതാത്മീയ ആചാര്യനോ മറ്റോ ആയിരുന്നെങ്കിൽ  ഇപ്പോൾ  രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമായിരുന്നു. അപലപിക്കുവാനും പ്രതിഷേധിക്കുവാനും നിരവധി സംഘടനകളും നേതാക്കന്മാരും ഉണ്ടാകുമായിരുന്നു. കോൺഗ്രസ്സും സി.പി.ഐ.എമ്മുമടക്കം ഏതാനും പാർട്ടികളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും  നരേന്ദ്ര ധാബോൽക്കർ കൊല്ലപെട്ട സംഭവത്തെ ശക്തമായി അപലപിച്ചതിനെ കുറച്ചുകാണുന്നില്ല. എന്നാൽ അർഹിക്കുന്ന ഗൌരവം രാജ്യവ്യാപകമായി ഈ സംഭവത്തിനു  ലഭിച്ചിട്ടില്ല. ഇനി  ലഭിക്കുമെന്നും  തോന്നുന്നില്ല.

ലോക ചരിത്രത്തിൽ ശാസ്ത്രകാരന്മാർ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. പക്ഷെ അതൊക്കെ എത്രയോ പഴക്കമുള്ള കാലത്താണ്. എന്നാൽ ഈ ആധുനിക യുഗത്തിൽ അതും ഒരു മതേതര- ജനാധിപ്യരാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ലജ്ജാകരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തെവിടെയും എപ്പോഴും സംഭവിക്കാവുന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങൾ ഇന്ത്യയിൽ രൂപപ്പെട്ടുതുടങ്ങിയിട്ട് കുറച്ചു നാളായി. മുമ്പ് അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ പലരും ഭാവിയിലും അത്തരം സംഭവങ്ങൾ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇപ്പോൾ അത്തരം ഉൽക്കണ്ഠകൾ അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയുന്നു. നരേന്ദ്ര ധാബോൽക്കറുടെ കൊലപാതകവും മറ്റ് പല വാർത്തകളുടെയും കൂട്ടത്തിൽ തേഞ്ഞുമാഞ്ഞു പോകും എന്നേ ഇപ്പോൾ കരുതാനാകുന്നുള്ളൂ. ഒഴുക്കിനെതിരെ നീന്തുന്നവർ എക്കാലത്തും അവഗണിക്കപ്പെട്ടിട്ടേയുള്ളൂ. ആക്രമിക്കപ്പെട്ടിട്ടേയുള്ളൂ. അവർക്കുവേണ്ടി ശബ്ദിക്കാൻ നാവുകളുടെ എണ്ണം കുറവായിരിക്കും. പക്ഷെ ചരിത്രം അതിനു മാപ്പ് നൽകില്ല. നൽകിയ ചരിത്രമില്ല. 

വിശ്വാസികളുടെയും അവിശ്വാസികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാൻ യുക്തിവാദികൾ സദാ മുന്നോട്ട് വരാറുണ്ട്. വിശ്വാസികലെയും അവിശ്വാസികളെയുമെല്ലാം മനുഷ്യരായി കാണുവാനുള്ള വിശാല മനസ്കത അവർക്കുണ്ട്.  പക്ഷെ അവരുടെ കൂട്ടത്തിൽനിന്ന് ഒരാൾ കൊല്ലപ്പെട്ടാൽ പോലും അവർക്കുവേണ്ടി സംസാരിക്കുവാൻ അധികമാരും ഉണ്ടാകാറില്ല. ജനാധിപത്യ അവകാശങ്ങൾ യുക്തിവാദികൾക്കുമെണ്ടെന്ന കാര്യം ആരും പരിഗണിക്കുന്നില്ല. സമൂഹത്തിൽ നിലനിന്ന പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുന്നതിൽ ഒരു നല്ല പങ്ക് വഹിച്ചിട്ടുള്ളവരാണ് യുക്തിവാദികൾ. കേരളത്തിലെ ഭൂതപ്രേതപിശാചുക്കളെ വെറും സങ്കല്പങ്ങൾ എന്നതിപ്പുറം മറ്റൊന്നുമല്ലാതാക്കിയതിൽ യുക്തിവാദികൾക്കുള്ള പങ്ക് ചെറുതല്ല. ഇപ്പോൾ ഭൂത-പ്രേത-പിശാചുകളെക്കുറിച്ച് പറഞ്ഞാൽ കേരളത്തിലെങ്കിലും അത് വെറും തമാശയാണ്. അതുപോലെതന്നെ എത്രയോ “മഹാത്ഭുതങ്ങളുടെ“ ശാസ്ത്രീയ വശങ്ങൾ അവർ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

എ.ടി. കോനൂർ മുതൽക്കിങ്ങോട്ട് ഇടമറുകും പ്രേമാനന്ദും പവനനുംവരെ  കേൾവിപ്പെട്ട പല യുക്തിവാദചിന്തകരും എത്രയോ അന്ധ വിശ്വാസങ്ങൾക്കെതിരെ പ്രചാരണം നടത്തിയിട്ടുള്ളവരാണ്‌. അവരിൽ പലരും വിവിധ മത ഗ്രന്ഥങ്ങളെ വിമർശിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുള്ളവരാണ്. ക്രിസ്തുവും ക്രിസ്തുവും ജീവിച്ചിരുന്നില്ലെന്ന് പുസ്തകമെഴുതിയ ഇടമറുക് ഖുറാനെതിരെയും ശക്തമായ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ അവരെയൊന്നും ആരും കൊന്നിട്ടില്ല. ആ ഗ്രന്ഥങ്ങളൊന്നും ആരും ചുട്ടുകരിച്ചില്ല.  അവയൊക്കെ വായിച്ച് കുറെ പേർ യുക്തിവാദികൾ ആയിരിക്കാം. പക്ഷെ ഒരു മതങ്ങളും ഒലിച്ചുപോയിട്ടുമില്ല. മറിച്ച് മതദൈവാദികളെ എതിർക്കുന്നവരോട് ജനാധിപത്യ മര്യാദകൾ പാലിച്ച് സംവദിയ്ക്കാനും  തങ്ങളുടെ വാദമുഖങ്ങൾ നിരത്തി അവരവരുടെ മതങ്ങളെ പ്രതിരോധിക്കുവാനുമാണ് മതപണ്ഡിതന്മാരടക്കം  ശ്രമിച്ചിട്ടുള്ളത്. അല്ലാതെ ആശയപരമായി എതിർക്കുന്നവരെ കൊല്ലാനല്ല.  യുക്തിവാദവും ഒരു വിശ്വാസമാണ്, അവിശ്വാസമല്ല. ആ വിശ്വാസം വച്ചുപുലർത്തുവാൻ അവർക്കും അവകാശമുണ്ട് എന്ന ബോധം യുക്തിവാദത്തെ എതിർത്തിരുന്ന മതപണ്ഡിതന്മാർക്കുണ്ടായിരുന്നിട്ടുണ്ട്. .

സർഗ്ഗാത്മകമായ  സംവാദങ്ങൾ വിശ്വാസികൾക്ക് മത-ദൈവ കാര്യങ്ങളിലും അവിശ്വാസികൾക്ക് നിർമത-നിരീശ്വരവാദ കാര്യങ്ങളിലും ഉള്ള അറിവുകളെ വിപുലീകരിക്കാനാണ് സഹായിക്കുക. അത്തരം ചർച്ചകൾ മതവിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസങ്ങളെയും യുക്തിവാദികൾക്ക് അവരുടെ വിശ്വാസങ്ങളെയും ദൃഢീകരിക്കുവാനാണ് സഹായിക്കുക. ഇത് വിവരവും പാണ്ഡിത്യവുമുള്ള ഏത് മതാചാര്യന്മാർക്കും യുക്തിവാദാചാര്യന്മാർക്കും ഒരു പോലെ അറിവുള്ളതാണ്. പക്ഷെ ഇപ്പോൾ സ്ഥിതിഗതികൾ ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ആളെണ്ണത്തിലും ധനശേഷിയിലും ദുർബ്ബലരായതിനാൽ യുക്തിവാദാശയക്കാരെയും ശാസ്ത്ര പ്രചാരകരെയും ആക്രമിച്ചും കൊന്നും ഒടുക്കിക്കളയാനാണ് സർവ്വമതതീവ്രശക്തികളും ശ്രമിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മതങ്ങൾക്കുതന്നെ തിരിച്ചടിയാകും എന്നതായിരിക്കും ആത്യന്തിക ഫലം. ക്രിമിനലുകളും മതങ്ങളെക്കുറിച്ച് അല്പജ്ഞാനം മാത്രമുള്ളവരും   മത-ദൈവാദി വിശ്വാസങ്ങളുടെ വക്താക്കളും സംരക്ഷക വേഷക്കാരുമാകുമ്പോൾ സംഭവിക്കുന്ന ദുരന്തമാണിത്. ഇനിയത്തെ ഇന്ത്യ  ഇങ്ങനെയൊക്കെത്തന്നെ   ആയിരിക്കുമോ എന്നതാണ് ഉൽക്കണ്ഠപ്പെടുത്തുന്ന ചോദ്യം! 

5 comments:

ajith said...

സജിം,
അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പതിന്മടങ്ങ് ശക്തിയോടെ തിരിച്ചെത്തുന്നു.

Pradeep Kumar said...

നരേന്ദ്ര ധബോൽക്കറെയുടെ കൊലപാതകം കാര്യമായി വാര്‍ത്തയാക്കാതിരുന്ന വ്യവസ്ഥാപിതമാധ്യമങ്ങള്‍ അവര്‍ ഏതു പക്ഷത്താണെന്ന് വിളിച്ചു പറയുന്നു.താങ്കള്‍ പറഞ്ഞതുപോലെ ഈ ആധുനിക യുഗത്തിൽ അതും ഒരു മതേതര- ജനാധിപ്യരാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ലജ്ജാകരമാണ്.....

പ്രതിഷേധത്തില്‍ പങ്കു ചേരുന്നു

ജയിംസ് സണ്ണി പാറ്റൂർ said...

പ്രതിഷേധത്തിൽ പങ്കു ചേരുന്നു.

orkid said...

ആരും കാര്യമായി എടുക്കാത്ത ഒരു സംഭവം!.ഒരു വിശ്വാസി ആണെങ്കിലും അന്ത വിശ്വാസത്തെ ഒരിക്കലും അങ്ങികരിക്കാന്‍ പറ്റില്ല.അതുകൊണ്ട് തന്നെ നിങ്ങളുടെ ഈ പ്രതിഷേധത്തില്‍ പങ്ക് ചേരുന്നു . .

Philip Verghese 'Ariel' said...

I fully agree with your opinion aired here. Its really sad to note that our country is going back to the ages of Bullock cart or Stone age.
So Sad.
I right thinking personality is no more.
So sad.