Tuesday, August 20, 2013

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുക

2013 ജൂലായ് ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ പ്രസിദ്ധീകരിച്ചത്

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുക

അഴിമതി ഒരു മാറാവ്രണമായി  നമ്മുടെ അധികാരകേന്ദ്രങ്ങളെ ഗ്രസ്സിച്ചിരിക്കുന്നു. സാധാരണ ചികിത്സകൊണ്ടൊന്നും ഈ രോഗത്തിന് ഒരു ചെറിയ ആശ്വാസംപോലും നൽകാനാകില്ല. ഭയംപോലും ഭയക്കുന്ന സ്ഥിതിവിശേഷങ്ങളിലൂടെയാണ്  ആ രോഗാവസ്ഥകൾ  പുരോഗമിക്കുന്നത്. പഴുത്ത് പൊട്ടിയൊലിക്കുന്നു. അധികാരകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി വിജയകരമായി നടത്താവുന്ന അഴിമതികളുടെ പുതിയപുതിയ മേഖലകൾ കണ്ടെത്താനും അത് വിപുലീകരിക്കുവാനുമുള്ള ഗവേഷണബുദ്ധി തെല്ലൊന്നുമല്ല നിഗൂ‍ഢമായി പ്രവർത്തിച്ചുപോരുന്നതെന്ന്  നമ്മെ ഓർമ്മപ്പെടുത്തുന്ന നിരവധി വാർത്തകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. നടുക്കം പോലും നടുങ്ങുന്ന തട്ടിപ്പുവാർത്തകൾ പലതും അപസർപ്പകകഥകളെ വെല്ലുന്നവയാണ്.  തട്ടിപ്പുകൾ ഒരു അംഗീകൃത തൊഴിൽമേഖലയായി കരുതപ്പെടുന്ന നില വന്നിരിക്കുന്നുവെന്നുവേണം കരുതാൻ. സുഖഭോഗതൃഷ്ണയിൽ  ധനദുർമോഹികളായി മാറുന്ന ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയാധികാര കേന്ദ്രങ്ങളും അധോലോകമാഫിയകളുംകൂടി കൈമെയ് മറന്ന് ഒരുമിച്ചു ചേരുമ്പോൾ  മറിയുന്നത് കോടികൾ. അതിലേറെയും ഖജനാവിൽ നിന്ന്!  സർവ്വസദാചാരങ്ങളും കാറ്റിൽ‌പ്പറത്തിയുള്ള ഉന്നതരുടെ  ദുർനടപ്പുകളുടെ കഥകൾകൂടി  ചേരുമ്പോൾ അത്യാവശ്യത്തിനുമപ്പുറം മസാലകളുമായി! എല്ലാത്തരം അഴുക്കുകൾകൊണ്ടും ദുർഗന്ധപൂരിതമാകുന്ന സാമൂഹ്യ-രാഷ്ട്രീയന്തരീക്ഷത്തിൽ നാം മൂക്കുംപൊത്തി ശ്വാസംമുട്ടി ജീവിക്കേണ്ടി വന്നിരിക്കുന്നു.

സുഖഭോഗതൃഷ്ണകളും ധനദുർമോഹവും  നമ്മുടെ സമൂഹത്തെ ഒന്നാകെ ദുഷിപ്പിക്കുമ്പോൾ അതിന്റെ സാധീനം ഉന്നതതലങ്ങളിലേയ്ക്കും കടന്നു ചെല്ലുകയാണ്. ആഗോളവൽക്കരണ കാലഘട്ടത്തിൽ അപകടകരമായ തരത്തിൽ  മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ആളുകളുടെ അഭിരുചികളും കാഴ്ചപ്പാടുകളും നമ്മുടെ സമൂഹത്തെ വളരെ മോശപ്പെട്ട വഴികളിലൂടെയാണ് നയിക്കുന്നത്.  സമൂഹത്തെ കാർന്നുതിന്നുന്ന അഴിമതിയും സാമൂഹ്യതിന്മകളും അസമത്വങ്ങളും എല്ലാം മഹത്വവൽക്കരിക്കപ്പെടുകയാണ്. ഭരണം എന്നാൽ അഴിമതിയെന്നും നേതാവെന്നാൽ മാഫിയയെന്നും ആളുകൾ മനസ്സിലാക്കുന്ന നിലയിൽ ആ വാക്കുകൾക്ക് അർത്ഥവ്യത്യാസമുണ്ടായിരിക്കുന്നു. ഭരണം എന്നതിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭരണനേതാക്കളും ഉൾപ്പെടും. മാഫിയ എന്ന പദം നേതാക്കൾക്കു മാത്രമല്ല, നല്ലൊരു പങ്ക്  ഉദ്യോഗസ്ഥർക്കും ചേരുന്ന പദമാണ്. ജനങ്ങളുടെ തലയിൽ ചവിട്ടിനിന്ന് അവരെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്ന ഭരണ-രാഷ്ട്രീയനേതൃത്വങ്ങളെ  പ്രതിരോധിക്കാതെ നിഷ്ക്രിയരും കേവലം കാഴ്ചക്കാരുമായി നിൽക്കുന്നത് പൌരധർമ്മത്തിന് നിരക്കുന്നതല്ലെന്ന് നമ്മൾ സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു. പോരാട്ടത്തിന്റെ വിവിധവഴികൾ തുറക്കേണ്ടിയിരിക്കുന്നു. തിരിയാത്ത ഭൂമിയെ ചവിട്ടിത്തിരിക്കേണ്ടിയിരിക്കുന്നു.

സമ്പത്ത്-അതൊന്നുമാത്രം അന്തസ്സിന്റെ അടയാളമാകുമ്പോൾ മനുഷ്യർ ഏത് വിധത്തിലും പണമുണ്ടാക്കാൻ നോക്കും. അതിനുള്ള ശ്രമത്തിനിടയിൽ തങ്ങൾക്ക് വഴങ്ങുന്നവരെയെല്ലാം അവർ വിധേയരാക്കി മുന്നേറും. അതല്ല്ല, തനിക്കു മുന്നിൽ പ്രതിബന്ധമായി നിൽക്കുന്നവരാണെങ്കിൽ അവരെ ആക്രമിച്ചും കൊന്നും കൊലവിളിച്ചും മുന്നേറാൻ ധനദുർമോഹികൾക്ക് മടിയില്ല. ഭരണക്കാരും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം സൌകര്യാർത്ഥം ഇക്കൂട്ടർക്ക്  സഹായികളായും കൂട്ടു സംരംഭകരായും ഇരുന്നുകൊടുത്ത് നേട്ടങ്ങളുണ്ടാക്കുകയാണ്. ഈ ലോകം എത്തിപ്പെട്ടവരുടേത് മാത്രമാകുന്നു. എത്തിപ്പെട്ടവരെന്നാൽ രാഷ്ട്രീയ-ഭരണരണ രംഗത്തെ   ഉത്തുംഗങ്ങളിൽ എത്തി വിരാജിക്കുന്നവർ! അവരുടെ മുന്നിൽ അവർ മാത്രമേയുള്ളൂ. അവരുടെ സുഖഭോഗലഭ്യതകളുടെ അനന്തസാദ്ധ്യതകളിൽ മാത്രമാണ് അവരുടെ കണ്ണ്. എത്തിപ്പെടുന്നവർക്ക് പിന്നെ തിരിഞ്ഞുനോക്കുമ്പോൾ പൊതുസമൂഹം   ഒരു ബാദ്ധ്യതയായിട്ടാണ് അനുഭവപ്പെടുക. ഇവിടെ നാം അടുത്തിടെ വായിച്ചും  കണ്ടും  കേട്ടും അറിഞ്ഞ കൊടിയ അഴിമതികൾ, തട്ടിപ്പുകൾ,  ഉന്നതരുടെ ദുർനടപ്പുകൾ തുടങ്ങിയ സംഭവങ്ങൾ ഒന്നൊന്നായി പേരെടുത്ത് പറയുന്നില്ല. കാരണം അവ എല്ല്ലാവർക്കും അറിയാം. ഒന്നുമാത്രം പറയുന്നു. അധികാര വർഗ്ഗത്തിനും അവർ നയിക്കുകയോ അവരെ നയിക്കുകയോ ചെയ്യുന്ന അധോലോകമാഫിയകൾക്കുമെതിരെ   പൌരസമൂഹം ശക്തമായ ഒരു തിരുത്തൽശക്തിയായി മാറുന്നില്ലെങ്കിൽ ഒരു നല്ല നാളെയെക്കുറിച്ചുള്ള വിദൂരസ്വപ്നങ്ങൾ പോലും വൃഥാവിലാകും!

6 comments:

K.P.Sukumaran said...

പൌരസമൂഹം എങ്ങനെയാണു ശക്തമായ ഒരു തിരുത്തൽശക്തിയായി മാറുക? ഇവിടെ അനേകം പാർട്ടികൾ. ഓരോ പാർട്ടിക്കാരനും അവനവന്റെ പാർട്ടി ചെയ്യുന്നത് എല്ലാം ശരി. ബാക്കി പാർട്ടിക്കാരെല്ലാം തെറ്റ്. പിന്നെ മുന്നണിയിൽ കൂടുന്ന പാർട്ടിക്കാരുടെയും ശരി. എവിടെയാണു പൗരസമൂഹം ഉള്ളത്. ഓരോരോ പാർട്ടിക്കാർ പങ്ക് വെച്ചിരിക്കുന്ന ആൾക്കൂട്ടങ്ങൾ അല്ലേയുള്ളൂ. എന്നിട്ട് ആൾക്കൂട്ടത്തെ ജനം എന്ന് ഓരോ പാർട്ടിക്കാരനും പറയും. സി.പി.എം.കാർക്ക് സോളാർ മാത്രമാണു ഇപ്പോൾ അഴിമതി. ലാവലിൻ കള്ള അഴിമതി. സി,ബി,ഐ. ഉണ്ടാക്കിയത്. അങ്ങനെ പോകുന്നു കാര്യങ്ങൾ :)

Sangeeth vinayakan said...

ആരുടേയും പേരെടുത്ത് പറഞ്ഞു വ്യക്തിഹത്യ ചെയ്യാതെ തന്നെ സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെയും ഭരണ സംവിധാനത്തിലെ പിഴവുകളെയും സമര്‍ത്ഥമായി, വിമര്‍ശിച്ചിരിക്കുന്നു...

ajith said...

അരാഷ്ട്രീയതിരുത്തല്‍ ശക്തിയാണ് വേണ്ടത്

Nidheesh Varma Raja U said...

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം


എല്ലാവർക്കും മറ്റുള്ളവർ ചെയ്യുന്നതെല്ലാം ശരിയും ആദർശ നിഷ്ടയുള്ളതും ആവണം,തനിക്ക് എന്തും ചെയ്യാനുള്ള ലൈസൻസും വേണം.

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തി ആവാൻ എല്ലാവർക്കും ആവുന്ന കാലം നമുക്ക് പ്രതീക്ഷിക്കാം

ഷാജു അത്താണിക്കല്‍ said...

രാഷ്ടീയത്തിലൂന്നിയ വലിയ രാഷ്ട്ര ചിന്തവേണം ആദ്യം

പത്രക്കാരന്‍ said...

എന്ത് എവിടെ ശ്രദ്ധിക്കപ്പെടനം എന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങള്‍ ആണ്, പൊതു സമൂഹം എന്നത് തന്നെ ഒരു മാധ്യമ കോണ്‍സെപ്റ്റ് ആയി മാറി.. തിരിച്ചറിയേണ്ടത് അതിനെ കൂടിയാണ്