Wednesday, September 18, 2013

ആഘോഷങ്ങളും മതങ്ങളും

ആഘോഷങ്ങളും മതങ്ങളും 

മതങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു ആഘോഷവും ഇതുവരെ കണ്ടു പിടിക്കാൻ ആർക്കും കഴിഞ്ഞില്ലല്ലോ എന്നത് ദു:ഖകരം തന്നെ. പല കാര്യങ്ങളിലും പഴയ തലമുറ തുടങ്ങിവച്ചവയിൽ നിന്നും വേറിട്ടൊന്നും പിന്നീടുള്ള തലമുറകൾക്ക് കണ്ടെത്താനായില്ല. സാംസ്കാരികമായി നാം ചില കാര്യങ്ങളിലെങ്കിലും നിന്നേടങ്ങളിൽ തന്നെ നിൽക്കുകയാണ്. പകരം വയ്ക്കാൻ ഒന്നുമില്ലെങ്കിൽ ആവർത്തനങ്ങൾ തുടരുകയേ നിവൃത്ത്യുള്ളൂ. 

പക്ഷെ ശാസ്ത്രത്തിന്റെ കാര്യം അതല്ല. കാളവണ്ടിയ്ക്ക് പകരം യന്ത്രവണ്ടികൾ വന്നു. വിമാനം വന്നു. അമ്മിയ്ക്ക് പകരം മിക്സി വന്നു. ഉരലിനു പകരം മില്ല് വന്നു. വിറകടുപ്പിനു പകരം ഗ്യാസ് സ്റ്റൌ വന്നു. റേഡിയോയ്ക്ക് പകരം ടി.വി വന്നു. താളിയോലകൾക്ക് പകരം കടലാസ്സ്. അച്ചടി മാധ്യമങ്ങൾക്ക് പകരമിതാ നവ മാധ്യമങ്ങൾ വന്നു. ശാസ്ത്രം മുന്നോട്ടുതന്നെ. സംസ്കാരമോ? ഒരർത്ഥത്തിൽ അതിപ്പോഴും മതബന്ധിതമായി കിടക്കുന്നു. 

കാ‍ലത്തിന്റെ മാറ്റം മതങ്ങൾക്ക് അത്രവേഗം ഉൾക്കൊള്ളാനുമാകില്ല. അത് നിലനില്പിന്റെ പ്രശ്നമാണ്. ആചാരങ്ങളുടെയും ധനശേഷിയുടെയും കായികശേഷിയുടെയും ബലത്തിലാണ് മതങ്ങൾ നില‌നിൽക്കുന്നത്. അത്തരം ശേഷികൾ ഏറ്റവും കൂടുതലുള്ളത് ഇന്നും മതങ്ങൾക്കാണ്. കാരണം മതം അത്രമാത്രം അടിവേരുകൾ ഉള്ളതാണ്. അവയുടെ നല്ലവശങ്ങൾ സ്വാംശീകരിച്ച് കാലനുസൃതമാക്കിയാൽ തന്നെ സംസ്കാരം പുരോഗമിമിക്കും. മതങ്ങളും മനുഷ്യരും ഗുണപരമായും കാലാനുസൃതമായും പുരോഗമിക്കും. 

മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല. മറ്റൊന്ന് ആത്യന്തികമായി ശാസ്ത്രത്തിന് മാനവരാശിയുടെ സമ്പൂർണ്ണവിജയം നേടാതിരിക്കാനുമാകില്ല. കാരണം ഇന്ന് ശാസ്ത്രത്തെ അംഗീകരിക്കാത്തവരും ശാസ്ത്രത്തിന്റെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളും അനുഭവിക്കുന്നുണ്ട്. ചരിത്രത്തെ പുറകോട്ട് വലിക്കാൻ ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗം ചെയ്യുന്നുപോലുമുണ്ട്. നല്ല ചിന്തകളും നല്ല സ്വപ്നങ്ങളും കാണാനെങ്കിലും ഓണം പോലെ നിലവിലുള്ള ആഘോഷങ്ങൾ പ്രയോജനപ്പെട്ടാൽ മതിയായിരുന്നു.

10 comments:

ajith said...

മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല.

അതെങ്ങനെ സാദ്ധ്യമാകും? മതം എങ്ങനെ നന്നാകും? രാഷ്ട്രീയം എങ്ങനെ നന്നാകും? അതിന്റെ ബേസിക് യൂണിറ്റ് ഇപ്പറയുന്ന മനുഷ്യന്‍ തന്നെയല്ലെ? അപ്പോള്‍ മനുഷ്യനല്ലേ നന്നാകേണ്ടത്?

വീകെ said...

ശാസ്ത്രം ഒരു വിശ്വാസമല്ലല്ലൊ. അതുകൊണ്ട് അതിന്റെ മാറ്റത്തിനനുസരിച്ച് സഞ്ചരിക്കാം.
മതം ഒരു വിശ്വാസമാണ്.യുക്തിക്ക് നിരക്കാത്ത വിശ്വാസഭാഗങ്ങളെ വിമർശിച്ച്,തർക്കിച്ച് സത്യം കണ്ടെത്തി കാലാനുസൃതമാക്കാൻ എന്തുകൊണ്ടൊ ആരും സമ്മതിക്കില്ല. അതു കൊണ്ട് ഇപ്പോഴും പഴയ കാലത്തു തന്നെയാണ് വിശ്വാസങ്ങളെല്ലാം തന്നെ.
ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നൊക്കെ ലോകമെമ്പാടും
കൊണ്ടാടുന്ന ന്യൂയിയർ സെലിബെറേഷൻ , വളണ്ടിയേഴ്സ് ഡേയ് ,..,...അങ്ങീനെ നിരവധി മതേതരമല്ലാത്ത ആഘോഷങ്ങളും കൊണ്ടാടപ്പെടുന്നുണ്ട് കേട്ടൊ ഭായ്

Pradeep Kumar said...

ചരിത്രത്തെ പുറകോട്ട് വലിക്കാൻ ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗം ചെയ്യുന്നുപോലുമുണ്ട് എന്നല്ല ചെയ്യുന്നുണ്ട് എന്നു തന്നെ പറയണം....- അതിന്റെ ഉദാഹരണങ്ങൾ നാം നിത്യവും കണ്ടുകൊണ്ടിരിക്കുന്നു.....

Harinath said...

മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല.

അതെങ്ങനെ? മതത്തിന്റെയും രാഷ്ടത്തിന്റെയും അടിസ്ഥാനഘടകം മനുഷ്യനാണ്‌. മനുഷ്യൻ നന്നായാൽ സമൂഹവും മതവും രാഷ്ട്രീയവും നന്നാവും എന്നാണ്‌ കരുതേണ്ടത്.
മതവുമായി ബന്ധമില്ലാത്ത എത്രയെത്ര ആഘോഷങ്ങളുണ്ട് ! ഇന്ത്യയിൽ അവ അത്ര വ്യാപകമല്ലാത്തത് മതവും രാഷ്ട്രീയവും കക്ഷിഭേദമന്യേ എതിർക്കുന്നതുകൊണ്ടാണ്‌. അതായത് ഭൂരിപക്ഷം വരുന്ന ജനങ്ങളും എതിർക്കുന്നതിനാൽ അത്തരം ആഘോഷങ്ങൾ അത്ര നടപ്പാവുന്നില്ലായെന്നേയുള്ളൂ.

Subair Irfani said...

നല്ല മതങ്ങള്‍ക്കെ നല്ലമനുഷ്യനെ രൂപപ്പെടുത്താന്‍ കഴിയൂ...

ബഷീർ said...

ലേഖനം പൂർണ്ണമല്ല. മതങ്ങളെ പറ്റി എഴുതിയതും അപൂർണ്ണം >>ആചാരങ്ങളുടെയും ധനശേഷിയുടെയും കായികശേഷിയുടെയും ബലത്തിലാണ് മതങ്ങൾ നില‌നിൽക്കുന്നത് << ഈ പ്രസ്ഥാവന ഈ കുറിപ്പുകാരന്റെ മതങ്ങളെ പറ്റിയുള്ള അപൂർണ്ണമായ അറിവിനെ വെളിവാക്കുന്നു. മനുഷ്യൻ നന്നാവണമെങ്കിൽ അവൻ നിലകൊള്ളുന്ന( മതമായാലും രാഷ്ടീയമായാലും )തട്ടകം ശരിയാവണം അതിനെ ആശയവും ആദർശവുമാണ് അതിനെ നല്ലതായും കെട്ടതായും വേർതിരിക്കുന്നത്

drpmalankot said...

ചിന്താത്മകം.
മതവും (ജാതിയും) രാഷ്ട്രീയവും മനുഷ്യനെ വേർതിരിക്കാതിരിക്കട്ടെ. അവയെല്ലാം മനുഷ്യനന്മക്കായി മാത്രം നിലകൊള്ളട്ടെ. വിവേകബുദ്ധിയുള്ള ജീവി എന്ന് അഭിമാനിക്കുന്ന മനുഷ്യൻ ഇങ്ങിനെമാത്രമാണ് ചിന്തിക്കേണ്ടത്. പഴമയിലും, പുതുമയിലും നെല്ലും പതിരും ഒക്കെ കാണാം. മനുഷ്യർ നല്ലതും, ചീത്തയും മനസ്സിലാക്കി, ശരിയും തെറ്റും മനസ്സിലാക്കി നല്ലവഴിക്കു മാത്രം ചിന്തിക്കുന്നവരും , പ്രവർത്തിക്കുന്നവരും ആയി ജീവിക്കട്ടെ. അതാണ്‌ ശരി, അഥവാ അത് മാത്രമാണ് ശരി.

ലൗഡ്സ്പീക്കര് നോബിള് said...

മതങ്ങള് മനുഷ്യന്റെ സംസ്കാരത്തോട് ചേര്‌ന്നു നില്‌ക്കുന്നു..അപ്പോള് അവന്റെ ആഘോഷങ്ങളും മതത്തോട് ചേര്‌ന്നു നില്‌ക്കും..ഇത് പ്രകൃതി സത്യമാണ്.

Manoj Vellanad said...

ആദ്യം മനുഷ്യന്‍ നന്നാവണം.. അത് തന്നെ എല്ലാവരും പറഞ്ഞു.. അതാണ് സത്യം..

പിന്നെ, ശാസ്ത്രം ശരവേഗത്തിലും മതാതിഷ്ടിത വിശ്വാസങ്ങള്‍ ഒച്ചുവേഗത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.. കഴിഞ്ഞ ഒന്നോ രണ്ടോ നൂറ്റാണ്ടിലെ നമുക്കിടയില്‍ ഉണ്ടായിരുന്ന ആചാരങ്ങളും അനാചാരങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും വിശ്വാസങ്ങളില്‍ മാറ്റം വരുന്നുണ്ട് എന്ന കാര്യം.. പക്ഷെ അത് പ്രകടമാകാന്‍ കാലങ്ങള്‍ വേണ്ടിവരുന്നു എന്ന്‍ മാത്രം..

എന്തൊക്കെ പറഞ്ഞു വന്നാലും, മനുഷ്യന്‍ നന്നായാല്‍ എല്ലാം നന്നാകും എന്നെ ഉപസംഹരിക്കാന്‍ പറ്റൂ...