Saturday, November 14, 2015

തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ഒരു പിൻകുറിപ്പ്


തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക്  ഒരു പിൻകുറിപ്പ്

 
കേരളത്തിൽ 2015 നവംബർ മാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. ഈ തെരഞ്ഞെടുപ്പിൽ സി.പി..എം നേതൃത്വം നൽകുന്ന ഇടതുപക്ഷ-ജനാധിപത്യമുന്നണി തിളക്കമാർന്ന വിജയം നേടി. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയ്ക്ക് പരായജമുണ്ടായി. ബി.ജെ.പി ഒറ്റയ്ക്കും അവിടവിടെ ചില സഖ്യങ്ങളുണ്ടാക്കിയും ഈ തെരഞ്ഞെടുപ്പിനെ നേരിട്ടു. എങ്കിലും അവർക്ക് സ്ഥാനാർത്ഥികളില്ലാത്ത സ്ഥലങ്ങൾ ഒരുപാടുണ്ടായിരുന്നു.  കേരളത്തിലെ മൊത്തം തെരഞ്ഞെടുപ്പ് ഫലം വച്ചു നോക്കുമ്പോൾ ഇടതുപക്ഷം ഒന്നാം സ്ഥാനത്തും ഐക്യ ജനാധിപത്യ മുന്നണി രണ്ടാം സ്ഥാനത്തുമാണ്. ഈ രണ്ടു മുന്നണികളിൽ നിന്നും ബഹുദൂരം പിന്നിലാണെങ്കിലും മൂന്നാം സ്ഥാനം  ബി.ജെ.പി സഖ്യം നേടിയിട്ടുണ്ട്
 
ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിരുന്നതുപോലെ അമ്പരപ്പിക്കുന്ന ഒരു വിജയം അവർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഇടകകലർന്ന് ജീവിക്കുന്ന സംസ്ഥാനമായതിനാൽ ബി.ജെ.പിയ്ക്ക് കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ ഒരു പരിധിയ്ക്കപ്പുറം നേട്ടമുണ്ടാക്കാൻ കഴിയില്ല. എന്നാൽ പലപ്പോഴും കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും സി.പി..എമ്മിന്റെയും എൽ.ഡി.എഫിന്റെയും ഒക്കെ   ദൗർബല്യങ്ങളെ മുതലാക്കി ചില വിസ്മയങ്ങൾ സൃഷ്ടിക്കുവാൻ ബി.ജെ.പിയ്ക്ക് കഴിയാറുണ്ട്. അത് ഇപ്പോൾ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും സംഭവിച്ചിട്ടുണ്ട്. വിരളമാണെങ്കിലും ഏതാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥത്തും ചിലയിടങ്ങളിൽ രണ്ടാം സ്ഥാനത്തും വന്നിട്ടുണ്ട്. അങ്ങിങ്ങ് ചില വാർഡുകളിൽ ഒന്നാം സ്ഥനാത്തെത്തി ജയിക്കുകയും രണ്ടാം സ്ഥാനത്തെത്തി തോൽക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതിൽ ചിലതൊക്കെ സ്ഥാനാർത്ഥികളുടെ മികവുകൊണ്ടോ എതിർ സ്ഥാനാർത്ഥികളുടെ പോരായ്മ്കൾ കൊണ്ടോ നേടിയിട്ടുള്ളതുമാണ്
 .
എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി മുന്നണി ഭരണം നേടിയതിനു ശേഷം  ഇന്ത്യടെ മതേതരത്വത്തിനും സ്വൈര ജീവിതത്തിനും ഭംഗം വരുത്തും വിധത്തിൽ   ബി.ജെ.പി ഉൾപ്പെടെയുള്ള സംഘപരിവാർ ശക്തികൾ  നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയാശങ്കകളും കേന്ദ്ര ഭരണത്തിനെതിരെയുള്ള പൊതുവായ അസംതൃപ്തികളും ഒക്കെ നിലനിൽക്കെ തന്നെ  സാക്ഷര കേരളത്തിൽ ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റത്തെ തീരെ ചെറുതായി കാണാൻ കഴിയില്ല. കേരളത്തിലങ്ങോളമിങ്ങോളം എസ്.ഡി.പി.ഐ പോലെയുള്ള  ചില മുസ്ലിം ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളും ഈ തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. വർഗ്ഗീയ സംഘടനകൾക്ക് അറപ്പില്ലാതെ വോട്ട് ചെയ്യാൻ കഴിയുന്ന ഒരു മനോഭാവം കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട ആളുകളിൽ വളർന്നു വന്നിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ട ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ മതേതര പ്രസ്ഥാനങ്ങൾ രാഷ്ട്രീയം, ഭരണ ലഭ്യത എന്നതിനപ്പുറം വർഗ്ഗീയത എന്ന വിപത്തിനെ തടഞ്ഞ് ഇന്ത്യയുടെ മതേതര ഭാവി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം അവരവരുടെ നിലയ്ക്കും  കൂട്ടായും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

വർഗ്ഗീയതയെ നേരിടുമ്പോൾ…….

ഭൂരിപക്ഷ-വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർത്ഥ്യാങ്ങളാണ്. അതുകൊണ്ടുതന്നെ രഷ്ട്രീയ നേട്ടങ്ങൾക്ക് വർഗ്ഗീയതയെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംഘടനകളും ഉണ്ടാകും. ഈ രണ്ടു തരം വർഗ്ഗീയതയെയും പ്രതിനിധീകരിക്കുന്ന ചെറുതും വലുതുമായ രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. വർഗ്ഗീയ സംഘടനകളിൽ   നിയമ വിധേയമായും നിയമ വിരുദ്ധമായും പ്രവർത്തിക്കുന്നവയുണ്ട്. ചിലതാകട്ടെ നിയമ വിധേയവും നിയമ വിരുദ്ധവുമായ പ്രവർത്തനങ്ങൾ ഒരുപോലെ നടത്തുന്നവയാണ്. നിരവധി വർഗ്ഗീയ സംഘടനകൾ ഉണ്ടെങ്കിലും അവയിൽ പ്രബലമായ ചിലതാണ് ഇന്ത്യയിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗിയതകളെ ശക്തമായി പ്രതിനിധീകരിക്കുന്നവ. മിക്ക വർഗ്ഗീയ സംഘടനകളുടെയും പൊതുവായ സ്വഭാവം ഫാസിസ്റ്റ് ശൈലിയാണ്. അക്രമോത്സുകതയാണ് സംഘടിത വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ പ്രത്യേകത

വിവിധ ജാതി-മതങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് സങ്കീർണ്ണമാക്കപ്പെട്ട ഒരു സാമൂഹ്യ സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളത്. നിശബ്ദമായി ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗീയ മനോഭാവത്തിന് ചരിത്രപരമായ അടിത്തറയുള്ളതാണ്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്തിനു മുമ്പേ ഇന്ത്യയിൽ വർഗ്ഗീയതയുണ്ട്. നിശബ്ദമായ ആ വർഗ്ഗീയതയെ ആവേശപൂർവ്വം വളർത്തിയെടുത്ത് രാഷ്ട്രീയമായി ശക്തി നേടുവാനാണ് വർഗ്ഗീയ രാഷ്ട്രീയ സംഘടനകൾ ശ്രമിക്കുക. മദ്യത്തിന്റെ ലഭ്യതയുണ്ടെങ്കിൽ അത് ആളുകൾ  കുടിക്കും എന്നതുപോലെ വർഗ്ഗീയതയുണ്ടെങ്കിൽ അതിനെ ഉപയോഗിക്കാൻ  വർഗ്ഗീയ രാഷ്ട്രീയവും വർഗീയസംഘടനകളും ഉണ്ടാകും. ആഴത്തിൽ അടിയുറച്ച വർഗ്ഗീയതയുടെ  വേരുകളിൽ നന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് വർഗ്ഗീയശക്തികൾ പടർന്നു പന്തലിക്കുന്നത്. അതുകൊണ്ടുതന്നെ വർഗ്ഗീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ ഏതെങ്കിലും വർഗ്ഗീയ ശക്തികളെ പ്രതിരോധിച്ചതുകൊണ്ടോ ഇല്ലാതാക്കിയതുകൊണ്ടോ  മാത്രം ഇന്ത്യയിലെ വർഗ്ഗീയതയെ തുടച്ചുമാറ്റാനാകില്ല.
 
രാഷ്ട്രീയത്തിൽ നിന്നല്ല, സമൂഹത്തിൽ നിന്നാണ് ആദ്യം വർഗ്ഗീയതയെ തുടച്ചു മാറ്റേണ്ടത്. അതിന്റെ അടിവേരുകളിൽ നിന്ന് എത്ര ഊർജ്ജമുൾക്കൊണ്ടാലും മുളച്ചു വരാൻ കഴിയാത്ത വിധം വർഗ്ഗീയതയെ സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റാൻ കഴിയണം. അല്ലാതെ പടർന്നു പന്തലിക്കുന്ന വർഗ്ഗീയതയെന്ന വിഷവൃക്ഷത്തിന്റെ ഇലകളെ കുലുക്കിക്കൊഴിച്ചതുകൊണ്ടോ  ശിഖരങ്ങളെ മാത്രം വെട്ടി മുറിച്ചു മാറ്റിയതുകൊണ്ടോ മാത്രം ഇന്ത്യയിലെ ഭൂരിപക്ഷ വർഗ്ഗീയതയോ ന്യൂനപക്ഷ വർഗ്ഗീയതയോ ഇല്ലാതാകില്ല. വേരോടെ പിഴുതെറിയുകതന്നെ വേണം. പക്ഷെ അത് അത്ര എളുപ്പമുള്ള പ്രക്രിയയായിരിക്കില്ലതാനും.  രാഷ്ട്രീയ രൂപം കൈവരിച്ച വർഗ്ഗീയതയെ രാഷ്ട്രീയമായി തോല്പിക്കേണ്ടത് ആവശ്യമാണെങ്കിലും അതുകൊണ്ടു മാത്രം വർഗ്ഗിയത തോറ്റുതരില്ല.  സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ കൂടി വർഗ്ഗീയതയ്ക്കെതിരെയുള്ള പോരാട്ടം ആവശ്യമാണ്.  സംഘപരിവാരങ്ങളെയോ മുസ്ലിം തീവ്രവാദികളെയോ
എതിർത്തതുകൊണ്ടുമാത്രം വർഗ്ഗിയത ഇല്ലാതാകില്ല.

ഇന്ത്യൻ സമൂഹവും സംസ്കാരവും ജാതിമത വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി സങ്കീർണ്ണമായി  കെട്ടുപിണഞ്ഞു  കിടക്കുന്നതിനാൽ ഇവിടെ  വർഗ്ഗിയതയ്ക്ക് സാമൂഹികവും സാംസ്കാരികവുമായ ഊർജ്ജശ്രോതസ്സുകളുണ്ട്. സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനത്തിലൂടെ  ഇന്ത്യൻ സമൂഹത്തെ രാഷ്ട്രീയ നവോത്ഥാനത്തിലേയ്ക്ക്  നയിക്കുക എന്നതാണ് വർഗ്ഗീയതയില്ലാത്തതും മതനിരപേക്ഷവും സമത്വാധിഷ്ഠിതവുമായ  ഒരു രാഷ്ട്രനിർമ്മിതിയ്ക്ക് ആവശ്യം. ഇതാകട്ടെ ഏതെങ്കിലും ഒരു പുതിയ അവതാരമോ പ്രത്യേകമായ ഒരു നവോത്ഥാന പ്രസ്ഥാനമോ സ്വയം  പൊട്ടിമുളച്ച് നിറവേറ്റപ്പെടും എന്ന് കരുതിയിരിക്കുന്നത് ഭുഷണമല്ല
 
ഇന്ത്യ ഒരു വലിയ ജനാധിപത്യ രാജ്യമാണ്. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള ജനാധിപത്യമാണ് ഇവിടെ ഉള്ളത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇന്ത്യൻ ജനതയുടെമേൽ വലിയ സ്വാധീനമുണ്ട്. മതേതരത്വത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ   രാഷ്ട്രീയനവോത്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം അടിസ്ഥാനപരമായി സാമൂഹ്യ ഘടനയിൽ വരേണ്ട സാമൂഹ്യവും സാംസ്കാരികവുമായ നവീകരണങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ കൂടി ഏറ്റെടുക്കണം.  വർഗ്ഗീയതയെ ഇല്ലാതാക്കുവാൻ  പുതിയ സാംസ്കാരിക കൂട്ടായ്മകളും പ്രസ്ഥാനങ്ങളും ഉടലെടുക്കുകയും വേണം.  ഇന്ത്യയിലെ ഇടതുപക്ഷ-മതനിരപേക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഈ ദൗത്യം ആത്മാർത്ഥമായി ഏറ്റെടുത്താൽ വർഗ്ഗീയതയെന്ന മഹാവിപത്തിനെ നേരിടാനും ഇല്ലാതാക്കാനും കഴിയും; കഴിയണം! 

വിജയപരാജയങ്ങൾ വിശകലനം ചെയ്യപ്പെടണം

തദ്ദേശസ്വയം ഭാരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ പൊതുവിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിളക്കമാർന്ന  വിജയം നേടാനായത്  നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടാണ്. അതുകൊണ്ട് എൽ.ഡി.എഫിന്റെയോ അതിനു നേതൃത്വം നൽകുന്ന സി.പി..എമ്മിന്റെയോ സംഘടനാപരമായ ദൗർബല്യങ്ങൾ പൂർണ്ണമായും ഇല്ലാതായി എന്നു കരുതാനാകില്ല. ഈ വിജയത്തിൽ അത്രമേൽ ഊറ്റം കൊണ്ട് അഹങ്കരിക്കാവുന്നതുമല്ല. വിജയം കൂടുതൽ വിനയത്തിനു കാരണമാകണം

ചിലയിടങ്ങളിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകളാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതയുള്ള ചില സ്ഥലങ്ങളിലും എൽ.ഡി.എഫ് വിജയിച്ചിട്ടുണ്ടെങ്കിൽ അത് നിലവിലുള്ള അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളും എതിർപക്ഷത്തിന്റെ പ്രവർത്തന ദൗർബല്യങ്ങളും എതിർസ്ഥാനാർത്ഥികളുടെ പോരായ്മകളും കൊണ്ടാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതയൊന്നുമില്ലെങ്കിലും ചിലയിടങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റു പോയിട്ടുണ്ടെങ്കിൽ അത് എതിർ പക്ഷത്തിന്റെ പ്രവർത്തനമികവും എതിർപക്ഷ സ്ഥാനാർത്ഥികളുടെ ഗുണമേന്മകൽ കൊണ്ടുമായിരിക്കും. ചിലയിടങ്ങളിലാകട്ടെ എതിർപക്ഷം പണമൊഴുക്കിയും ദുഷ്‌പ്രചരണം നടത്തിയും വളരെനല്ല എൽ.ഡി.എഫ് സ്ഥാനാർത്ഥികളെപോലും പരാജയപ്പെടുത്തിയിട്ടുണ്ടാകും.

തെരഞ്ഞെടുപ്പിൽ പൊതുവിൽ  ഒരു വിജയം കരസ്ഥമാക്കുന്നതിൽ ആഹ്ലാദിക്കുമ്പോഴും ഓരോ സ്ഥലങ്ങളിലും വിജയങ്ങൾക്കും പരാജയങ്ങൾക്കും അനുകൂലമായും പ്രതികൂലമായും വന്നിട്ടുള്ള ഘടകങ്ങളെ കാണാതെയോ വിശകലനം ചെയ്യാതെയോ പോകരുത്. കാരണം ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പുൾപ്പെടെ നിരവധി തെരഞ്ഞെടുപ്പുകൾ ഇനിയും  നേരിടേണ്ടതുണ്ട്. വിജയിക്കുന്ന തെരഞ്ഞെടുപ്പായാലും പരാജയപ്പെടുന്ന തെരഞ്ഞെടുപ്പായാലും ഓരോ തെരഞ്ഞെടുപ്പും ഓരോ അനുഭവ പാഠങ്ങളാകണം. തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളുടെ കാര്യ കാരണങ്ങൾ കൂലങ്കഷമായ ചർച്ചകൾക്കും സൂക്ഷ്മമായ പരിശോധനകൾക്കും വിധേയമാക്കണം.

Wednesday, November 11, 2015

ബീഹാറിന്റെ ഗുണപാഠം

 
ബീഹാറിന്റെ ഗുണപാഠം


2015-ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലല്ലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യം വൻ വിജയം നേടി അധികാരത്തിലേയ്ക്ക്.  പരസ്പരം പോരടിച്ചിരുന്ന  മതേതര ജനാധിപത്യ കക്ഷികൾ സർവ്വം മറന്ന് മഹാ സഖ്യമുണ്ടാക്കി  പൊതു ശത്രുവിനെതിരെ അണി നിരന്നപ്പോൾ അത് ബീഹാർ എന്ന  ഒരു സംസ്ഥാനത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഒരു നാഴികക്കല്ലും ദിശാസൂചികയുമായി. മതേതര ഇന്ത്യയിൽ മതരാഷ്ട്രവാദികൾക്ക് ശക്തമായൊരു ഭരണകൂടമുണ്ടാക്കാൻ  കഴിയും വിധം രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന വിനാശകരമായ മാറ്റങ്ങളിൽ നിന്ന് കരകയറുന്നതെങ്ങനെയെന്ന് പകച്ചു നിന്ന ഇന്ത്യൻ മതേതര സമൂഹത്തിനു മേൽ ആശ്വാസത്തിന്റെ ഒരു നെടു നിശ്വാസമുയർത്താൻ ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം കാരണമായിട്ടുണ്ട്.

നല്ല നേതാക്കളും പ്രസ്ഥാനങ്ങളും ഒരുമിച്ചു നിന്നാൽ ഇന്ത്യയിൽ മറ്റൊരു ദുഷ്ടശക്തികൾക്കും അധികാരം കൈയ്യാളാൻ അവസരമുണ്ടാകില്ലെന്ന ഗുണപാഠം ബീഹാറിൽ നിന്ന് പഠിക്കാം. ഈ മാതൃക ദേശീയാടിസ്ഥാനത്തിൽ കൂടുതൽ വിശാലമായി വളർത്തിയെടുക്കുക എന്നതാണ് ഇടതുപക്ഷ-  മതേതര ജനാധിപത്യ ശക്തികളുടെ ഇനിയുള്ള കടമ. ഇടതുപക്ഷ-മതേതര ജനാധിപത്യ കക്ഷികൾ അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങളിൽ എവിടെയെങ്കിലും ഒരുമിച്ചു നിൽക്കാൻ കഴിയാതെ വന്നാൽ  അവിടങ്ങളിൽ  സൗഹൃദ മത്സരം നടത്താം. പക്ഷെ   വർഗ്ഗീയതയ്ക്കെതിരായി പൊരുതാൻ സ്ഥിരമായ ഒരു   പൊതു പ്ലാറ്റ് ഫോം ഉണ്ടാകണം. അധികാര ലബ്ദ്ധിയ്ക്കു വേണ്ടിയുള്ള മത്സര രംഗത്തു പോലും വർഗ്ഗീയ ശക്തികളെ പരാജയപ്പെടുത്താൻ ആവശ്യമെങ്കിൽ  ത്യാഗം സഹിച്ചും വിട്ടുവീഴ്ചകൾക്കും നീക്കുപോക്കുകൾക്കും എല്ലാ ഇടതുപക്ഷ- മതേതര കക്ഷികളും തയ്യാറാകണം. വർഗ്ഗീയ  ശക്തികളെ പൂർണ്ണമായും ഒറ്റപ്പെടുത്തി  അവർ അധികാരശക്തികളായി വരാതിരിക്കുവാനുള്ള ജാഗ്രത പുലർത്തണം.

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് വർഗ്ഗീയരാഷ്ട്രീയ പ്രസ്ഥാനങ്ങളെ തെരഞ്ഞെടുപ്പുകളിൽ തോല്പിച്ചതുകൊണ്ടു മാത്രം ഇന്ത്യയിലെ ഭൂരിപക്ഷ- ന്യൂനപക്ഷ വർഗ്ഗീയതകളെ  പൂർണ്ണമായും ചെറുക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. കാരണം  വർഗീയതയ്ക്ക്  വളക്കൂറുള്ള ഒരു മണ്ണാണ് ഇന്ത്യയുടേത്. ഇന്ത്യൻ സമൂഹത്തിൽ വർഗ്ഗീയതയ്ക്ക് ശക്തമായ അടിവേരുകൾ ഉണ്ട്. വർഗ്ഗീയത രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപകരിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് വർഗ്ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുന്നതും വളരുന്നതും. അധികാര ലബ്ദ്ധിയ്ക്കുള്ള ആയുധമായി വർഗീയതയെ ഉപയോഗിക്കാനുള്ള സാദ്ധ്യതകളെ രാഷ്ട്രീയ കക്ഷികൾ പലതും മുൻകാലങ്ങളിലും മുതലാക്കിയിട്ടുണ്ട്. വർഗ്ഗീയ അജണ്ടകൾ പ്രത്യക്ഷമായി തന്നെ വെളിപ്പെടുത്തി പ്രവർത്തിക്കുന്ന സംഘ പരിവാർ പോലുള്ള ഭൂരിപക്ഷ വർഗ്ഗീയ സംഘടനകളും ആഗോള ഇസ്ലാമിക ഭീകരതയെ ഓർമ്മിപ്പിക്കുന്ന മുസ്ലിം ന്യൂന പക്ഷ വർഗ്ഗീയ പ്രസ്ഥാനങ്ങളുമൊക്കെ  ഭീഷണമായ വളർച്ച നേടിയത് അടുത്തകാലത്തു മാത്രമാണെന്നേയുള്ളൂ. ഇവരെല്ലാം തന്നെ ഇന്ത്യയിൽ സാദ്ധ്യമായ വർഗ്ഗീയതകളെ മുതലെടുത്തുകൊണ്ടാണ്. വളർച്ച നേടിയത്. അതുകൊണ്ട് വർഗീയശക്തികളെ എതിർത്തു തോല്പിച്ചതുകൊണ്ടു മാത്രം ഇന്ത്യയിലെ വർഗ്ഗീയതയെ ഇല്ലാതാക്കാനാകില്ല. വിവിധ മതങ്ങളും നിരവധി ജാതികളും നിലനിൽക്കുന്ന ഒരു രാജ്യത്ത് ജനങ്ങൾക്കിടയിൽ ജാതീയതയും മതവർഗ്ഗീയതയും വളരാനുള്ള സാഹചര്യം നിലനിൽക്കും. വർഗ്ഗീയത വളരാൻ കാരണമാകുന്ന സാമൂഹ്യ സാഹചര്യങ്ങൾ കണ്ടെത്തി അവയെ നേരിടാൻ പര്യാപ്തമായ പരിപാടികൾ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങൾ ആവിഷ്കരിക്കണം.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതീയതയ്ക്കും ജാതി വിവേചനങ്ങൾക്കും വിശിഷ്യാ  നിരക്ഷരതയ്ക്കെതിരെയുള്ള പോരാട്ടം ഇതിൽ പ്രധാനമാണ്. സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനത്തിലൂടെ മാത്രമേ  രാഷ്ട്രീയമായ ഒരു നവോത്ഥാനത്തിലൂടെ ഇന്ത്യയെ നയിക്കാനും ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാനും  മാനവികതയിലുറച്ച ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനും സാധിക്കുകയുള്ളൂ. മാനവികതയിലൂടെ മാത്രമേ ഇന്ത്യയെ സോഷ്യലിസത്തിലേയ്ക്ക് നയിക്കാനാകൂ. അതിനായി അതതിടങ്ങളിൽ ശക്തിയുള്ള മതെതര പ്രസ്ഥാനങ്ങൾ അധികാരത്തിനായുള്ള രാഷ്ട്രീയ കിടമത്സരങ്ങളിൽ മാത്രം ഒതുങ്ങാതെ ഇന്ത്യയിൽ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ ഒരു നവീകരണത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം. അല്ലെങ്കിൽ രാഷ്ട്രീയാധികാരം എന്നേന്നേക്കുമായി അധികാരത്തിലേയ്ക്കുള്ള കുറുക്കു വഴി എന്നനിലയിൽ വർഗ്ഗീയതയെ ഉപയോഗിക്കുന്ന ദുഷ്ട ശക്തികളുടെ മാത്രം കൈകളിലാകും. മതവും രാഷ്ട്രീയവും തമ്മിൽ വേർതിരിക്കാനാകാത്ത വിധം കെടട്ടുപിണഞ്ഞു കിടക്കും. ഭൂരിപക്ഷം ന്യൂനപക്ഷത്തിനുമേൽ ചവിട്ടുനാടകം കളിക്കുകയും ചെയ്യും.

Friday, November 6, 2015

ചില വിജയപരാജയ തത്വചിന്തകൾ


ചില വിജയപരാജയ തത്വചിന്തകൾ 

(ഈ കുറിപ്പ്  2015 നവംബറിലെ തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് എഴുതിയതാണ്.)

തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ മഹോത്സവമാണ്. ആയിരിക്കണം. അല്ലാതെ അത് ആരെയും വെട്ടിക്കീറാനോ തച്ചു തകർക്കാനോ ഉള്ളതല്ല. ഒരാൾ അഥവാ ഒരു കൂട്ടർ ജയിക്കും. ഒരു തെരഞ്ഞടുപ്പിൽ വിജയിക്കുന്നതുകൊണ്ട് ഒരാൾ പരമശ്രേഷ്ഠനാകില്ല. തോൽക്കുന്നതു കൊണ്ട് ഒരാൾ മോശക്കാരനുമാകില്ല. തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ വഴി  ഒരാൾ ജയിക്കേണ്ട ആവശ്യം നിറവേറ്റപ്പെടുന്നു എന്നു മാത്രം. നല്ല ഗുണങ്ങളുള്ള രണ്ടുപേർ തമ്മിലോ ഏറെ ദോഷങ്ങളുള്ള രണ്ടുപേർ തമ്മിലോ മത്സരിക്കുമ്പോഴും അവരിൽ ഒരാളെ തെരഞ്ഞെടുക്കാനേ വോട്ടർമാർക്ക്  നിർവ്വാഹമുള്ളൂ.  അതുകൊണ്ടു തന്നെ ജയിക്കുന്നവർ അധികം ആഹ്ലാദിക്കുകയോ തോൽക്കുന്നവർ അധികം ദു:ഖിക്കുകയോ ചെയ്യുന്നതിൽ അർത്ഥമില്ല. വിജയിക്കുന്നവരെ പരാജയപ്പെടുന്നവർകൂടി അഭിനന്ദിക്കുക, തോൽക്കുന്നവരെ വിജയിക്കുന്നവർകൂടി ആശ്വസിപ്പിക്കുക എന്നതൊക്കെയണ് ജനാധിപത്യ മര്യദകൾ. 

ജയിക്കുന്നവർക്ക് ആത്മ വിശ്വാസം വർദ്ധിച്ചേക്കാം. എന്നാൽ തോൽക്കുന്നവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടേണ്ട കാര്യം ഇല്ലതാനും. ജയവും തോൽവിയും എല്ലാം  ആപേക്ഷികങ്ങളാണ്. ഒരിടത്ത് (ഒരു മണ്ഡലത്തിൽ)  മത്സരിച്ച് ജയിക്കുന്നയാൾ മറ്റൊരിടത്ത് മത്സരിച്ചാൽ  തോൽക്കുമായിരുന്നവരോ ഒരിടത്ത് തോൽക്കുന്നവർ മറ്റൊരിടത്ത്   (മണ്ഡലത്തിൽ) മത്സരിച്ചാൽ ജയിക്കുമായിരുന്നവരോ ആകാം. അതുകൊണ്ടുതന്നെ ജയിക്കുക  തോൽക്കുക എന്നതിനപ്പുറം മത്സരിക്കുക എന്നതു തന്നെ ഒരു അനുഭവമാണ്. സംഭവിക്കുന്നതെല്ലം നല്ലതിന് എന്ന ഗീതാവാക്യം ഓർമ്മിക്കുന്നവർക്ക് ഏത് പരാജയത്തിലും പതറേണ്ടി വരില്ല. 

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാകുമ്പോൾ ജയിക്കുന്നവരും തോൽക്കുനവരും പരസ്പരം അറിയുന്നവരും ഒരുമിച്ച് സുഖദു:ഖങ്ങൾ പങ്കുവയ്ക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായിരിക്കും. അതുകൊണ്ടു തന്നെ ജയിക്കുന്നവരുടെ സന്തോഷം തോൽക്കുന്നവരുടെയും തോൽക്കുന്നവരുടെ ദു:ഖം ജയിക്കുന്നവരുടെയും കൂടിയാണ്.  വിജയിക്കുന്നവർ പിന്നെ വിജയിപ്പിച്ചവരുടെയും തോല്പിച്ചവരുടെയും കൂടി പ്രതിനിധിയാണ്. വിജയിച്ചശേഷം പക്ഷപാതപരമായ പെരുമാറ്റമോ പ്രവൃത്തിയോ വിജയിച്ച ആളുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടുള്ളതല്ല.

ഒരു സ്ഥാനർത്ഥിയുടെ വിജയം സാധാരണ നിലയിൽ അയാളുടേതു മാത്രമാകില്ല. അത് കൂട്ടായ അദ്ധ്വാനത്തിന്റെ ഫലമായിരിക്കും. ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന സ്വതന്ത്രന്മാർ തീരെയില്ലെന്നല്ല. രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പു സമ്പ്രദായം ആയതിനാൽ പ്രബല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ മുന്നണികളും നിർത്തുന്ന സ്ഥാനാർത്ഥികളാകും സാധരണയയി കൂടുതൽ വിജയ സദ്ധ്യതയുള്ളവരയിരിക്കുക. എന്നാൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും നടത്തുന്ന പ്രവർത്തനങ്ങളും പിടിയ്ക്കുന്ന വോട്ടുകളും ഒരു പ്രബല സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കും. ഒരാളുടെ സഥാനർത്ഥിത്തം പ്രഖ്യാപിക്കുന്നതൊടെ അയാളുടെയോ അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെയോ  പാർട്ടിയുടെയോ അഭ്യുദയ കംക്ഷികൾ അയാളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഒരു സ്ഥാനാർത്ഥിയുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഉണ്ട്. സ്ഥാനാർത്ഥിയുടെ വ്യക്തിഗതമായ സ്വഭാവവിശേഷങ്ങൾ, അയാൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ, പാർട്ടി, കാലികമായ രാഷ്ട്രീയ-സാമൂഹ്യ പരിതസ്ഥിതികൾ, പ്രചരണം,  ആരൊക്കെ അയാളുടെ വിജയത്തിനായി രംഗത്തിറങ്ങുന്നു എന്നുള്ളതെല്ലാം ഒരാളുടെ തെരഞ്ഞെടുപ്പ് വിജയത്തെ സ്വധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ജാതി, മതം, ധനശക്തി എന്നിവയും തെരഞ്ഞെടുപ്പിനെ സ്വധീനിക്കുന്നുവെന്നത് നമ്മുടെ ജനധിപത്യത്തിന്റെ ഒരു ദൗർബല്യമാണ്.

എങ്ങനെയായാലും  ഒരു തെരഞ്ഞെടുപ്പിലെ വിജയം കൊണ്ട് ഒരു വ്യക്തിയോ പ്രസ്ഥാനമോ അജയ്യമോ സർവ്വഗുണ സമ്പന്നമോ ആണെന്നു വരുന്നില്ല. തോൽക്കുന്നതുകൊണ്ട് ഒരു വ്യക്തിയോ പ്രസ്ഥാനമോ മോശമണെന്നും വരുന്നില്ല. ഒരിക്കൽ ജയിക്കുന്നതുകൊണ്ട് എന്നും ജയിക്കണമെന്നോ ഒരിക്കൽ തോൽക്കുന്നതുകൊണ്ട് പിന്നെ ഒരിക്കലും ജയിച്ചുകൂടെന്നോ ഇല്ല. കാലാകാലങ്ങളിൽ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുമുള്ള ഒരു ആഘോഷമാണ് തെരഞ്ഞെടുപ്പ്. പക്ഷെ നാടിന്റെ ഭാവിയെ സ്വധീനിക്കുന്ന വളരെ ഗൗരവമേറിയ ജനാധിപത്യ പ്രക്രിയയും കൂടിയാണ് അത് എന്നത് മറക്കുകയുമരുത്. അവിടെയാണ് പ്രബുദ്ധത എന്ന വാക്കിന്റെ പ്രസക്തി!