മാറണം, മാറ്റണം മലയാള സിനിമയെ
പരമ്പരാഗത രാജ വാഴ്ചയെ
അനുസ്മരിപ്പിക്കുന്ന പ്രവണതയാണ് മലയാള സിനിമയിൽ കാണുന്നത്. എത്തിപ്പെട്ടവരുടെ
പരമ്പരകൾക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമായി മാറിയിരിക്കുന്നു സിനിമയിലെ അവസരങ്ങൾ.
കഴിവിന് അവിടെ ഒരു പങ്കുമില്ല. അതുകൊണ്ടു തന്നെ സിനിമയിൽ അഭിനയിക്കുന്നവരെ നടൻ, മഹാ നടൻ, താരം, സൂപ്പർ താരം, മഹാ നടൻ എന്നൊന്നും വിളിക്കുന്നതിൽ യാതൊരർത്ഥവുമില്ല. കഥയും തിരക്കഥയുമൊക്കെ
താരങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് തിരുത്തപ്പെടുന്ന സിനിമയിൽ കലാമൂല്യത്തിനോ
സാഹിത്യ മൂല്യത്തിനോ യാതൊരു പങ്കുമില്ല. നായക പ്രാധാന്യമുള്ള ( അതായത് സൂപ്പർ താര
പ്രാധാന്യം) കുറെ അസംഭാവ്യ വീരശൂര പരാക്രമ ചിത്രീകരണങ്ങളാണ് മിക്ക സിനിമകളും.
ആരെയും ഇടിച്ചു നിലം പരിശാക്കുന്ന അധോലോക നായകന്മാരാണ് മിക്ക സിനിമകളിലെയും നായക
കഥാപാത്രം. ഇത് പണ്ടും ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാല ഘട്ടത്തിന് ഇതൊട്ടും
യോജിച്ചതല്ല. എന്നാലും അത്തരം ചിത്രങ്ങൾ കണ്ട് കൈയ്യടിക്കാൻ വിഢികളായ കുറെ പ്രേഷകരും ഫാൻസ് അസോസിയേഷനുകളും
ഇവിടെയുണ്ട്.
വീരനായകകഥാപാത്രങ്ങളിലൂടെയാണ്
ഇവിടെ താര രാജാക്കന്മാർ ഉണ്ടാകുന്നത്. കഴിവുള്ള കലാകാരന്മാർക്ക് മുന്നിൽ
സിനിമയെന്ന അധോലോകത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. ഭാരിച്ച
ചെലവുള്ള ഒന്നായി സിനിമ മാറുന്നത് പുരുഷതാരങ്ങളുടെ അർഹിക്കുന്നതിനപ്പുറമുള്ള
പ്രതിഫലമാണ്. അത് കൊടുത്തു ശീലിപ്പിച്ച നിർമ്മാതാക്കലും ഇതിനുത്തരവാദികളാണ്.
പ്രശസ്ത താരമായി കാശ് ആവശ്യത്തിലധികം കൈയ്യിൽ വരുന്നതോടെ താരങ്ങൾ തന്നെ
നിർമ്മാതാക്കളാകുന്നു. അതോടെ നിർമ്മാണമേഖലയും താരങ്ങളുടെ നിയന്ത്രണത്തിലായി. കഥയും
തിരക്കഥയും മുതൽ സംവിധാനം വരെ ഉള്ള എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ സിനിമയിലെ
യജമാനന്മാരുടെ ആജ്ഞാനുവർത്തികളായ വെറും കലി വേലക്കാരും അടിമകളുമായി മാറി. നടികളെ നിശ്ചയിക്കുന്നതും മറ്റ് സഹ നടന്മാരെ
തീരുമാനിക്കുന്നതുമൊക്കെ സൂപ്പർ താരങ്ങളായതോടെ സംവിധായകരുടെയും പണം മുടക്കുന്ന
നിർമ്മാതാക്കളുടെ തന്നെയും സ്വാതന്ത്ര്യം ഇല്ലാതാക്കി. സിനിമ സ്വയം നിർമ്മിച്ച്
അതിൽ നായകരാകുന്ന നിർമ്മാതാക്കൾ മുമ്പും ഇപ്പോഴും ഉണ്ട്. എന്നാൽ ഇപ്പോൾ താരങ്ങൾ
തന്നെ സ്വയം പടം നിർമ്മിച്ച് അവർ തന്നെ നായകരാകന്നത് സർവ്വ സാധാരണമായിട്ടുണ്ട്.
കൂടാതെ സിനിമയിൽ നായികാ നായകന്മാരായി വളർന്നു കഴിഞ്ഞാൽ അല്പം റിയൽ എസ്റ്റേറ്റും മറ്റ് ബിസിനസ്സുകളുമൊക്കെ ഒരു
അലങ്കാരമായി എടുക്കുന്ന സമ്പ്രദായവും നിലവിൽ വന്നിട്ടുണ്ട്. സിനിമാ മേഖലയിലെ സമീപ കാല അനിഷ്ട സംഭവങ്ങൾക്കു പിന്നിൽ ഇത്തരം അധോലോക
ബിസിനസ് ഇടപാടുകൾക്ക് പങ്കുള്ളതായി സംസാരമുണ്ട്. സിനിമ കലയും സാഹിത്യവും അത് കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും വിരാജികാനുള്ള മേഖലയുമായി മാറണം. അവിടെ കുത്തക
സമ്പ്രദായങ്ങളും വിലക്കുകളും
ഒന്നും പാടില്ല. സിനിമാ സംഘടനകളുടെ ഫാസിസ്റ്റ് സമീപനങ്ങളും ഏറെ വിവാദമായിട്ടുണ്ട്.
ചെറിയ സിനിമാ സംരഭങ്ങളുമായി വന്ന് സിനിമയെടുക്കുന്ന നവാഗതർക്ക് അവരുടെ സിനിമകൾക്ക്
തിയേറ്ററുകൾ നൽകാതെ നിരുത്സാഹപ്പെടുത്തുന്ന തിയേറ്റർ ഉടമകളുടെ സമീപനവും ശരിയല്ല.
വെറും കച്ചവടം എന്നതിലുപരി ഒരു കലാരൂപമെന്ന നിലയിൽ കൂടി സിനിമയെ പരിഗണിക്കുവാൻ തിയേറ്റർ
ഉടമകൾ അടക്കം സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തയ്യാറാകണം.പണവും
പ്രശസ്തിയും കായ്ക്കുന്ന
ഒരു മരമായി മാത്രം സിനിമയെ കാണാൻ പാടില്ല.
കലാ മേന്മയുള്ള ചിത്രങ്ങൾ
നിർമ്മിക്കുവാൻ താല്പര്യവും കഴിവുമുള്ളവർക്ക് സർക്കാരിൽ നിന്നും സർക്കാർ ഏജൻസികളിൽ
നിന്നും കൂടുതൽ സഹായങ്ങൾ
ഉണ്ടാകണം. സർക്കാർ സഹായത്തോടെയും സഹകരണത്തോടെയും അല്ലാതെയും ചെറിയ സംരഭങ്ങളായി വരുന്ന ചിത്രങ്ങൾക്കും നിർബന്ധമായും നിശ്ചിത ദിവസങ്ങൾ തിയേറ്ററുകൾ നൽകാൻ ആവശ്യമായ നടപടികൾ സർക്കാരിൽ നിന്നുണ്ടാകണം. സിനിമ
നിർമ്മിച്ചു വച്ചിട്ട് തിയേറ്റർ കിട്ടാതെ വിഷമിക്കുന്ന നവാഗത സംവിധായകരും
നിർമ്മാതാക്കളും ഉണ്ട്. അത്തരം
സാഹചര്യങ്ങൾ ഒഴിവാക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം. സർക്കാർ കൂടുതൽ പ്രദർശന ശാലകൾ
തുടങ്ങുന്നത് സിനിമാ മേഖലയിൽ സർക്കാരിന് കൂടുതൽ ഗുണപരമായ ഇടപെടലുകൾക്കും നിയന്ത്രണങ്ങൾക്കും സഹായകരമായിരിക്കും. സർക്കാരിന് അത് വരുമാന
മാർഗ്ഗവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്നതുമാകും. എന്തായാലും സാമുഹ്യ ഇടപെടലുകളിലൂടെയും
സമ്മർദ്ദ തന്ത്രങ്ങളിലൂടെയും സിനിമാ രഗതത്ത് കാണുന്ന ദുഷ്പ്രവണതകളെ തുടച്ചു
മാറ്റേണ്ടതുണ്ട്.
1 comment:
പരമ്പരാഗത രാജ വാഴ്ചയെ അനുസ്മരിപ്പിക്കുന്ന
പ്രവണതയാണ് മലയാള സിനിമയിൽ കാണുന്നത്.
എത്തിപ്പെട്ടവരുടെ പരമ്പരകൾക്ക് മാത്രം ലഭിക്കുന്ന
സൗഭാഗ്യമായി മാറിയിരിക്കുന്നു സിനിമയിലെ അവസരങ്ങൾ.
കഴിവിന് അവിടെ ഒരു പങ്കുമില്ല.
കൂടാതെ സിനിമയിൽ നായികാ നായകന്മാരായി വളർന്നു കഴിഞ്ഞാൽ
അല്പം റിയൽ എസ്റ്റേറ്റും മറ്റ് ബിസിനസ്സുകളുമൊക്കെ ഒരു അലങ്കാരമായി
എടുക്കുന്ന സമ്പ്രദായവും നിലവിൽ വന്നിട്ടുണ്ട്. സിനിമാ മേഖലയിലെ സമീപ
കാല അനിഷ്ട സംഭവങ്ങൾക്കു പിന്നിൽ ഇത്തരം അധോലോക ബിസിനസ് ഇടപാടുകൾക്ക്
പങ്കുള്ളതായി സംസാരമുണ്ട്. സിനിമ കലയും സാഹിത്യവും അത് കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും
വിരാജികാനുള്ള മേഖലയുമായി മാറണം. അവിടെ കുത്തക സമ്പ്രദായങ്ങളും വിലക്കുകളും ഒന്നും പാടില്ല. സിനിമാ
സംഘടനകളുടെ ഫാസിസ്റ്റ് സമീപനങ്ങളും ഏറെ വിവാദമായിട്ടുണ്ട്. ചെറിയ സിനിമാ സംരഭങ്ങളുമായി വന്ന് സിനിമയെടുക്കുന്ന
നവാഗതർക്ക് അവരുടെ സിനിമകൾക്ക് തിയേറ്ററുകൾ നൽകാതെ നിരുത്സാഹപ്പെടുത്തുന്ന തിയേറ്റർ ഉടമകളുടെ സമീപനവും ശരിയല്ല.
വെറും കച്ചവടം എന്നതിലുപരി ഒരു കലാരൂപമെന്ന നിലയിൽ കൂടി സിനിമയെ പരിഗണിക്കുവാൻ തിയേറ്റർ ഉടമകൾ അടക്കം സിനിമയുടെ
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തയ്യാറാകണം.പണവും പ്രശസ്തിയും കായ്ക്കുന്ന ഒരു മരമായി മാത്രം സിനിമയെ കാണാൻ പാടില്ല
Post a Comment