സാമ്പത്തികസംവരണവും അവസരസമത്വവും
ഭരണഘടന ഉറപ്പ് നൽകിയ സംരക്ഷണപരമായ
സംവരണം (പ്രൊട്ടക്ടീവ് ഡിസ്ക്രിമിനേഷൻ ആണിത്) സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ല. സാമൂഹ്യമായ
പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ്. സാമൂഹ്യമായ പിന്നോക്കാവസ്ഥയ്ക്കുള്ള
കാരണങ്ങളിൽ ഒന്ന് മാത്രമാണ് സാമ്പത്തികാവസ്ഥ. സാമ്പത്തികമായി മുന്നിലാണ് എന്നതുകൊണ്ട്
മാത്രം സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറുകയില്ല. സാമ്പത്തികസംവരണത്തെ അതിന്റെ മാനുഷിക
വശംകൊണ്ട് ന്യായീകരിക്കുന്നുവെങ്കിലും ഇപ്പോൾ ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കുന്ന
സാമ്പത്തിക സംവരണവും നിലവിലുള്ള സാമുദായിക സംവരണവും തമ്മിൽ ഇഴചേർക്കുന്നത് യുക്തിപരമല്ല.
ഇത് രണ്ടും രണ്ടാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മുന്നോക്കസമുദായക്കാരായാലും
പിന്നോക്ക സമുദായക്കാരായാലും ജീവിതമത്സരങ്ങളിൽ ആപേക്ഷികമായി പിന്നോട്ട് പോകുന്നുണ്ട്.
ഈ യാഥാർത്ഥ്യം കാണാതിരിക്കുന്നതും ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.
പിന്നോക്കസമുദായത്തിലെ
സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ ആ സമുദായത്തിനുള്ളിൽ തന്നെ സാമ്പത്തികമായി
പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുക്കുന്ന സ്ഥിതിയും കാണാതിരുന്നുകൂട.
ആ നിലയ്ക്കാണ് സംവരണം സംബന്ധിച്ച് ഇ.എം.എസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് ഒരു നിശ്ചിത ശതമാനം
സംവരണം ഏർപ്പെടുത്തണമെന്നും പിന്നോക്കത്തിലെ പിന്നോക്കക്കർക്ക് സാമ്പത്തികാടിസ്ഥാനത്തിൽ
സംവരണം ഏർപ്പെടുത്തിയിട്ട് ആ സമുദായത്തിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടെ അഭാവത്തിൽ
ആ സമുദായത്തിൽ പെട്ട സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെത്തന്നെ പരിഗണിക്കനമെന്നുമായിരുന്നു
ഇ എം എസിന്റെ നിലപാട്. അതായത് ഭരണഘടനാപരമായി പിന്നോക്കസമുദായക്കാർക്ക് ലഭിക്കേണ്ട സംവരണാനുകൂല്യങ്ങൾ
ആ സമുദായത്തിനു പുറത്തേക്ക് പോകരുതെന്ന് സാരം. ഇപ്പോൾ മുന്നോക്കത്തിലെ പിന്നോക്കക്കാർക്ക്
സംവരണം നൽകുമ്പോൾ മുന്നോക്കത്തിലെ പിന്നോക്കക്കാരുടെ അഭാവത്തിൽ സാമ്പത്തിക സംവരണത്തിന്റെ
ആനുകൂല്യം ആർക്ക് നൽകണമെന്ന ചോദ്യം കൂടി പ്രസക്തമാവുകയാണ്.
പിന്നോക്കക്കാരിലെ മുന്നോക്കകാർക്കുപോലും
സംവരണാനുകൂല്യം നൽകേണ്ടതില്ലെന്ന വാദഗതി നിലനിൽക്കുമ്പോൾ മുന്നോക്കത്തിൽ മുന്നോക്കത്തിനു
സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകുന്നതിന് ന്യായീകരണമുണ്ടോ? മറ്റൊരു കാര്യം ഓരോ
സംസ്ഥനത്തെയും മുന്നോക്ക പിന്നോക്ക സമുദായങ്ങളുടെ സാമൂഹ്യാവസ്ഥകൾ തമ്മിൽ ചെറുതല്ലാത്ത
അന്തരങ്ങൾ ഉണ്ട്. ഉദാഹരണത്തിന് കേരളത്തിൽ മുസ്ലിം, ഈഴവ, ക്രിസ്ത്യൻ സമുദായക്കാരിൽ സാമ്പത്തികാമായി
പിന്നിൽ നിൽക്കുന്നവരാണ് കൂടുതലെങ്കിലും അവർക്ക് സാമൂഹ്യമായി പിന്നോക്കവസ്ഥ ഇല്ല. പിന്നോക്ക
സമുദായക്കാർ എന്ന നിലയിൽ യാതൊരുവിധ സാമൂഹ്യമായ വിവേചനങ്ങളും അവർ അനുഭവിക്കുന്നില്ല.
എന്നാൽ എല്ലാ സംസ്ഥനങ്ങളിലെയും പിന്നോക്കക്കാരുടെ അവസ്ഥ ഇതുപോലെയല്ല.
ഒരേ സമുദായത്തിലുള്ളവർ
തന്നെ വ്യത്യസ്ത സംസ്ഥനങ്ങളിൽ വ്യത്യസ്ഥമായ സാമൂഹ്യാവസ്ഥകൾ അനുഭവിക്കുന്നവരാണ്. ഉദാഹരണത്തിന്
ഇതര സംസ്ഥാനങ്ങളിലെ മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹ്യാവസ്ഥ കേരളത്തിലെ പോലെ സുഖകരമല്ല.
പട്ടികജാതി പട്ടികവർഗ്ഗ സമുദായങ്ങളെക്കാൾ ദയനീയമായ സാമൂഹ്യാവസ്ഥകളാണ് മറ്റ് സംസ്ഥാനങ്ങളിൽ
മുസ്ലിങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ സംവരണത്തിന്റെ കാര്യത്തിൽ ഒരു പുനർചിന്തനവും ഭരണ
ഘടനാ ഭേദഗതിയുമൊക്കെ വരുത്തുമ്പോൾ അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന
വിധത്തിലായാൽ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ സാമൂഹ്യനീതി കൈവരുത്താൻ സഹായകരമാകുമോ?
ഇത് വ്യത്യസ്തതരത്തിലായിരിക്കില്ലേ, ഓരോ സംസ്ഥാനങ്ങളിലെയും ഓരോരോ സമുദായങ്ങളെയും ബാധിക്കുക?
മറ്റൊന്ന് എസ് സി, എസ് എസ് റ്റി വിഭാഗങ്ങളുടെ കാര്യത്തിൽ ഒരു ചിന്താവിഷയം എന്ന നിലയിൽ
പോലും അടുത്ത കലാത്തൊന്നും സാമ്പത്തിക സംവരണം എന്ന വിഷയം ചർച്ചയ്ക്കെടുത്തുകൂടാത്തതാണ്.
സംവരണാനുകൂല്യം ഉണ്ടായിരുന്നിട്ടുകൂടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുപോലും സാമൂഹ്യമായി
മുന്നേറാൻ കഴിയില്ലെന്നിരിക്കെ പട്ടിക ജാതി പട്ടികവർഗ്ഗക്കാരുടെ സംവരണക്കാര്യത്തിൽ
അടുത്തകാലത്തൊന്നും തൊട്ടുകൂടാത്തതുമാണ്.
ഒരു സ്ഥിരം പ്രതിഭാസം
എന്ന നിലയിൽ അല്ല നമ്മുടെ ഭരണഘടനാ വിധാതാക്കൾ സാമുദായികസംവരണം ഏർപ്പെടുത്തിയത്. ഓരോ
സമുദായവും സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറി മുന്നേറുന്ന മുറയ്ക്ക് കാലന്തരെ സംവരണാനുകൂല്യങ്ങൾ
ഒഴിവാക്കണം എന്ന നിലയ്ക്ക് തന്നെയാണ് സങ്കല്പിച്ചിട്ടുള്ളത്. പക്ഷെ സംവരണാനുകൂല്യങ്ങൾ
കൊണ്ട് കുറച്ചേറെ അവസര സമത്വം പാലിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്ത് ഓരോ സമുദായങ്ങൾക്കിടയിൽ
സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ ഏകീകൃതമായ ഒരു മാറ്റം ഇനിയും പ്രകടമായിട്ടില്ല.മുന്നോക്ക
സമുദായക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ അത് സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെയോ
വിവേചനങ്ങളുടെയോ അടിസ്ഥനത്തിലല്ല കാണേണ്ടത്. സാമൂഹ്യമായ പിന്നോക്കാവസ്ഥയോ വിവേചനമോ
അവർ നേരിടുന്നില്ല. എന്നാൽ ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവസര സമത്വം അവരും അർഹിക്കുന്നുണ്ട്.
മുന്നോക്ക സമുദായത്തിൽ
നല്ലൊരു പങ്കിന്റെ സാമ്പത്തികമായ പിന്നോക്കാവസ്ഥ മറ്റ് പിന്നോക്കസമുദായങ്ങളുടേതിനു
സമാനമോ അതിലും കൂടുതലോ ആണ്. ആ നിലയിൽ ആണ് മുന്നോക്കസമുദായക്കാർക്കുള്ള സാമ്പത്തിക സംവരനം
സാധൂകരിക്കപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും സംവരണം മൊത്തമായും എടുത്തു കളയണമെന്ന നിലപാട്
പ്രചരിപ്പിക്കുന്ന ഒരു പാർട്ടി കേന്ദ്രം ഭരിക്കുമ്പോൾ അവർ തന്നെ സാമ്പത്തിക സംവരണം
കൊണ്ടു വരുന്നത് വിരോധാഭാസമാണെങ്കിലും അതിൽ കൗതുകമൊന്നുമില്ല. കാരണം സംവരണം ഒരു രാഷ്ട്രീയ
വിഷയമായിട്ട് വർഷങ്ങളായി. അമ്പലം, പള്ളി, പശുക്കൾ എന്നിവയൊക്കെ രാഷ്ട്രീയ നേട്ടങ്ങൾക്കുപയോഗിക്കുന്ന്
ഒരു പാർട്ടി സംവരണത്തെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിൽ കൗതുകപ്പെടേണ്ട
കാര്യമില്ല. അതുകൊണ്ടുതന്നെ ഒരു കാര്യം ആര് എന്ത് താല്പര്യത്തിൽ നടപ്പിലാക്കുന്നു എന്നതിലല്ല,
നടപ്പിലാക്കുന്ന കാര്യം നീതീകരിക്കത്തക്കതാണോ എന്നതാണ് പ്രസക്തം.
1 comment:
ഒരു സ്ഥിരം പ്രതിഭാസം എന്ന നിലയിൽ അല്ല നമ്മുടെ ഭരണഘടനാ വിധാതാക്കൾ സാമുദായികസംവരണം ഏർപ്പെടുത്തിയത്. ഓരോ സമുദായവും സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറി മുന്നേറുന്ന മുറയ്ക്ക് കാലന്തരെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കണം എന്ന നിലയ്ക്ക് തന്നെയാണ് സങ്കല്പിച്ചിട്ടുള്ളത്.
പക്ഷെ സംവരണാനുകൂല്യങ്ങൾ കൊണ്ട് കുറച്ചേറെ അവസര സമത്വം പാലിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്ത് ഓരോ സമുദായങ്ങൾക്കിടയിൽ സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ ഏകീകൃതമായ ഒരു മാറ്റം ഇനിയും പ്രകടമായിട്ടില്ല.
മുന്നോക്ക സമുദായക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ അത് സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെയോ വിവേചനങ്ങളുടെയോ അടിസ്ഥനത്തിലല്ല കാണേണ്ടത്. സാമൂഹ്യമായ പിന്നോക്കാവസ്ഥയോ വിവേചനമോ അവർ നേരിടുന്നില്ല. എന്നാൽ ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവസര സമത്വം അവരും അർഹിക്കുന്നുണ്ട്.
Post a Comment