Saturday, September 18, 2021
അണ്ടിജിഹാദ്!
Thursday, September 2, 2021
കാലാന്തര കൗതുകങ്ങൾ
Friday, July 30, 2021
നിഹിദയ്ക്ക് മികച്ച വിജയം
നിഹിദയ്ക്ക് മികച്ച വിജയം
2021 ജൂലൈ 9 ന് അവരുടെ ഉമ്മച്ചി,
എൻ്റെ സഹോദരി വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. മക്കളുടെ പഠനത്തിന്
മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി പ്രോത്സാഹിപ്പിച്ച് എന്നും എപ്പോഴും
കൂട്ടായി നിന്ന നമ്മുടെ കുടുംബത്തിൻ്റെ സ്നേഹനിധിയായ അവരുടെ മാതാവിൻ്റെ
ഓർമ്മയ്ക്കു മുന്നിൽ നിഹിദയുടെ മികച്ച പരീക്ഷാ ഫലം സമർപ്പിക്കുന്നു.
അകാലത്തിൽ പൊലിഞ്ഞ ആ ദീപത്തിൻ്റെ ഇനിയുമണയാത്ത വെളിച്ചത്തിലിരുന്നല്ലാതെ ഈ
പരീക്ഷാ ഫലം നമുക്ക് നോക്കിക്കാണാനാകില്ലല്ലോ!
Saturday, July 17, 2021
ഓർമ്മകൾ ഇനിയും ഉണർന്നു കൊണ്ടേയിരിക്കും
ക്ഷമിക്കുക! സർജറിയുടെയും ചികിത്സകളുടെയും നാൾവഴികളിൽ രക്ഷപ്പെടുമോ രക്ഷപ്പെടുമോ എന്ന ഇടയ്ക്കിടെയുള്ള നിൻ്റെ ചോദ്യങ്ങൾക്ക് അവസാനത്തെ ഒരു മാസം മുമ്പ് വരെയും രക്ഷപ്പെടും രക്ഷപ്പെടും എന്നു പറഞ്ഞ് ഉറപ്പു തന്നത് സത്യമായിരുന്നു. കുറയുന്ന അസുഖമാണെന്ന് ഡോക്ടർമാർ പറഞ്ഞത് ശരി തന്നെയായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ, പ്രതിക്ഷയോടെ തന്നെയാണത് പറഞ്ഞത്.
പക്ഷെ സഹനത്തിൻ്റെ ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷം രോഗനിലയറിയാൻ ആ വലിയ പെറ്റ് സ്കാൻ എടുത്ത ശേഷം, ഞാൻ നിന്നോട് പറഞ്ഞതിൽ പലതും അനിവാര്യമായ കള്ളമായിരുന്നു. അതുവരെയെന്ന പോലെ സഹനശക്തിയുടെ പരമാവധിയെയും വെല്ലുവിളിക്കുന്ന കഠിനമായ വേദനകളെ നേരിടാൻ അതിജീവിക്കുമെന്ന പ്രത്യാശ നിന്നിൽ കെടാതെ നിൽക്കേണ്ടത് അനിവാര്യതയായിരുന്നു.
ചെയ്ത കീമോ കൾ അപര്യാപ്തമായിരുന്നെന്നും റേഡിയേഷൻ്റെ സാദ്ധ്യതകൾക്കപ്പുറം അസുഖം സ്പ്രെഡായെന്നും ശക്തമായ കീമോ മാത്രമാണ് പ്രതിവിധിയെന്നും ഡോക്ടർമാർ വിധിക്കുമ്പോഴും അസുഖം കുറയുമെന്ന ഉറപ്പ് ഡോക്ടർമാരുടെ വാക്കുകളിലുമുണ്ടായിരുന്നില്ല. പക്ഷെ വീണ്ടും ശക്തമായ കീമോ തുടരാൻ കഴിയും വിധം ആരോഗ്യം ക്ഷയിച്ച അവസ്ഥയിൽ നിന്നും നീ വീണ്ടും അതിജീവിച്ചുവരുമെന്ന പ്രതീക്ഷ നമ്മൾ പൂർണ്ണമായും കൈവിട്ടിരുന്നില്ല.
ഒരു മിറക്കിളിലായിരുന്നു പിന്നെ എല്ലാവരിലും പ്രതീക്ഷ. ഉറപ്പില്ലാത്ത ആ പ്രത്യാശയിൽ നിന്നു കൊണ്ട്, കീമോ വീണ്ടും തുടരാൻ കഴിഞ്ഞാലും രോഗത്തെ അതിജീവിക്കുമെന്ന ഉറപ്പില്ലായ്മ മറച്ചു വച്ചു കൊണ്ട് നിനക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഒരു പാട് കർത്തവ്യങ്ങൾ ബാക്കി നിൽക്കുന്ന നിൻ്റെ ജീവിതം കൈവിട്ടു പോകുമെന്നത് നിനക്ക് ചിന്തിക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു. ആർ.സി.സിയിൽ അവസാനം പോയ ദിവസം നീ പോലുമറിയാതെ നൽകിയ മോർഫിൻ ഇഞ്ചക്ഷൻ്റെ സുഖം പറ്റി വീട്ടിലേയ്ക്കുള്ള ആ ആംബുലൻസ് യാത്രയെ പറ്റി നല്ല യാത്രയായിരുന്നു, സുഖമായിരുന്നു എന്ന് നീ പറയുമ്പോൾ എൻ്റെ മനസ്സ് അണകെട്ടി നിർത്തിയ ഒരു കണ്ണീർ കടലായിരുന്നു.
അവസാനം കൗണ്ട് കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും വേദന കുറയ്ക്കാനുമെന്നു പറഞ്ഞ് നൽകിയ ഇഞ്ചക്ഷനുകൾ മോർഫിനല്ലെങ്കിലും വേദനയ്ക്ക് ശമനമുണ്ടാകാൻ വേണ്ടി മാത്രമുള്ളതാണെന്നതായിരുന്നു നിന്നോട് പറയാതിരുന്ന മറ്റൊരു സത്യം. അതു കൊണ്ടു തന്നെ അവസാനിമിഷം വരെയും പ്രത്യാശ നഷ്ടപ്പെടാതെ വേദനകളോടും രോഗത്തോടും അടിപതറാതെ പൊരുതാൻ നിനക്ക് കഴിഞ്ഞു.
വാക്കുകൾക്കതീതമായ കൊടിയ വേദനകൾക്കും രോഗങ്ങൾക്കും ഒടുവിൽ നിൻ്റെ രോഗത്തിനു നിൻ്റെ ജീവനെടുക്കാൻ കഴിഞ്ഞു. പക്ഷെ നിന്നെ തോല്പിക്കാൻ കഴിഞ്ഞില്ല. തോല്പിക്കാൻ കഴിയാത്ത ശത്രുവിനെ കുതന്ത്രങ്ങൾ കൊണ്ട് കൊന്നു ജയിക്കുന്ന ശത്രുവിനയാന് നിൻ്റെ മരണത്തിൽ ഞാൻ കണ്ടത്. പൊരുതി പൊരുതി ഒടുവിൽ നീ മരണത്തിൻ്റെ അത്യാഗ്രഹത്തിനു കീഴ്പെട്ടു കൊടുത്തു എന്നേ ഞാൻ പറയൂ.
സ്വന്തം ജീവിതത്തിൻ്റെ നാൾവഴിപരിസരങ്ങളിൽ നിന്നും നീ ആർജ്ജിച്ചെടുത്ത സഹനശക്തിയുടെ കരുത്ത് മുഴുവൻ പുറത്തെടുത്ത് നീ നടത്തിയ പോരാട്ടങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനകളോടെ, നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച് എൻ്റെ മനസ്സ് ഒടുവിലൊടുവിൽ കല്ലായി മാറിയിരുന്നു എന്നത് നീയും മനസ്സിലാക്കിയിരുയിരുന്നോ എന്നറിയില്ല. എങ്കിലും നിൻ്റെ അവസാനശ്വാസം വരെ നിൻ്റെയൊപ്പം നിന്നു പരിചരിക്കാൻ കഴിഞ്ഞു എന്നുള്ളതു മാത്രമാത്രമാണ് നമുക്ക് എല്ലാം ആശ്വാസമായുള്ളത്.
നീ അനുഭവിച്ച വേദനകൾക്കും രോഗത്തിനും പകരം നൽകാൻ ചികിത്സകളും പരിചരണവുമല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിയുക? ജീവൻ്റെ വിലയെന്താണെന്ന്, ജീവിക്കാനള്ള ഒരു മനുഷ്യൻ്റെ ആഗ്രഹമെന്താണെന്ന് എനിക്ക് നല്ല മുന്നറിവും അനുഭവങ്ങളുമുണ്ട്. അല്ലെങ്കിൽ തന്നെ ഒരുറുമ്പിനെ പോലും നോവിക്കാനിഷ്ടപ്പെടാത്ത, പുറത്ത് പറ്റുന്ന ഒരീച്ചയെ പോലും കൊല്ലാതെ ഊതി വിടുന്ന ഒരു പിതാവിൻ്റെ മക്കളായ എന്നെയും നിന്നെയും ജീവൻ്റെ വില- അതാരും പഠിപ്പിക്കേണ്ടല്ലോ.
ആ അവസാന ദിവസം എനിക്ക് മരിച്ചാൽ മതിയെന്ന് നിന്നെക്കൊണ്ട് പറയിച്ചത് ആ വേദനകളാണ്. അല്ലാതെ ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ തന്നെ ജീവിക്കാൻ ആഗ്രഹമില്ലാതെ മരിച്ച ആരെങ്കിലുമുണ്ടാകുമോ ലോകത്ത് ? സ്വയം ജീവനൊടുക്കിയവർ പോലും ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറ്റ് നിവൃത്തികൾ ഇല്ലെന്ന ശരിയോ തെറ്റോ ആയചിന്തയിലാണ് സ്വയം ജീവനൊടുക്കുന്നതു പോലും! .വേദനകളില്ലാത്ത ലോകത്തിലേക്കാണ് നീ പോയതെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. നിന്നെക്കാൾ കുറഞ്ഞ പ്രായത്തിലേ മരിച്ചവരെയോർത്ത് ഞാൻ സമാധാനിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മരിക്കാത്തവരില്ലെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. ഞാനുമൊരിക്കൽ മരിക്കുമെന്നോർത്ത് സമാധാനിക്കുന്നു. അതെ, മരണത്തിൻ്റെ കാര്യത്തിൽ നീ ഒറ്റയ്ക്കല്ല, അതെല്ലാവർക്കും സംഭവിക്കുന്നതാണെന്നോർത്ത് ഞങ്ങൾ എല്ലാവരും സമാധാനിക്കാൻ ശ്രമിക്കുന്നു. അതെ, ശ്രമിക്കുന്നതേയുള്ളു!
Wednesday, July 14, 2021
എൻ്റെ സഹോദരി ഇ.എ.സജീന ഓർമ്മയായി
എൻ്റെ അനിയത്തി പോയി
സ്നേഹസ്വരൂപയായ എൻ്റെ സഹോദരി ഇ.എ.സജീന 9-7-2021 വെള്ളിയാഴ്ച മരണപ്പെട്ടു. ഞങ്ങളുടെ ദു:ഖത്തിൽ വീട്ടിലെത്തിയും ഫോൺ മുഖാന്തരവും സോഷ്യൽ മീഡിയകൾ വഴിയും പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. അവളുടെ രോഗനിർണ്ണയം മുതൽ വിവിധ ഘട്ടങ്ങളിൽ രോഗവിമുക്തിക്കായി വിവിധ ആശുപത്രികളിൽ ആത്മാർത്ഥമായ സേവനം നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും നന്ദി അറിയിക്കുന്നു.
അവളുടെ സഹനത്തിൻ്റെ നാളുകളിൽ പലവിധത്തിൽ ഞങ്ങൾക്ക് ആശ്വാസമേകുകയും മനക്കരുത്ത് നൽകയും ചെയ്ത എല്ലാ ബന്ധുക്കൾക്കും സൗഹൃദങ്ങളുടെ കരുതലും കരുത്തും കരുണയും അക്ഷരാർത്ഥത്തിൽ കാട്ടിത്തന്ന എൻ്റെയും അവളുടെയും സുഹൃത്തുക്കൾക്കൊക്കെയും നന്ദി. പല ഘട്ടങ്ങളിലായി തിരുവനന്തപുരം കിംസ്, തിരുവനന്തപുരം ആർ സി സി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കാരേറ്റ് പ്രോകെയർ, നിലമേൽ സി.എം , കിളിമാനൂർ സരള, കെ.റ്റി.സി.റ്റി കടുവയിൽ, പല മാർഗ്ഗോപദേശങ്ങളും ആശ്വാസ ചികിത്സകളും നൽകിയ സുഹൃത്തുക്കക്കളും കുടുംബ ബന്ധുക്കളുമായ ഹോമിയോ ഡോക്ടർമാ തുടങ്ങി വിവിധ ആശുപത്രികളിൽ വിവിധ ശുശ്രൂഷകളും സേവനങ്ങളും നൽകിയ എല്ലാവർക്കും നന്ദി! വേദനകളില്ലാത്ത ലോകത്തിരുന്ന് അവളും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നുണ്ടാകും!
എനിക്ക് അവൾ അദ്ഭുതവും അഭിമാനവുമാണ്. അതിജീവനത്തിൻ്റെ സമാനതകളില്ലാത്ത കരുത്തുകാട്ടി അവളെവരിഞ്ഞുമുറുക്കിയ രോഗത്തോടും കൊടിയ വേദനനകളുടെ ക്രൂരതാണ്ഡവങ്ങളോടും നിർഭയം പൊരുതി പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പെട്ടത്. അവളെ ഗ്രസിച്ച രോഗപീഡകൾ അവളോട് ജയിച്ചതല്ല. മരണമെന്ന അവസാനത്തെ ആയുധമെടുത്തു മാത്രമാണ് രോഗത്തിനും വേദനകൾക്കും അവളെ തോല്പിക്കാനായത്. കൊല്ലാം പക്ഷെ തോല്പിക്കാനാകില്ലെന്ന് അത്രമേൽ രോഗപീഡകൾ ദുർബലമാക്കിയ ശരീരം കൊണ്ടു പോലും തെളിയിച്ച ശേഷമാണ്, ഉൾക്കരുത്തോടെ പൊരുതിപ്പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പ്പെട്ടു കൊടുത്തത് !
Saturday, July 10, 2021
എൻ്റെ ദീപം പൊലിഞ്ഞു
Sunday, June 27, 2021
ഷാഹിദാ കമാലും ഡോക്ടറേറ്റും
ഷാഹിദാ കമാലും ഡോക്ടറേറ്റും
ഷാഹിദാ കമാലിനെയെന്നല്ല ഒരു രാഷ്ട്രീയ സെലിബ്രിറ്റികളുമായും നേരിട്ട് പരിചയമൊന്നുമില്ല. പക്ഷെ അവരോടെല്ലാം ബഹുമാനമുണ്ട്. ഷാഹിദാ കമാലിനോട് ഇഷ്ടവും ബഹുമാനവും ഏറെയുണ്ട്. അവർക്ക് ഏതോ ഡോക്ടറേറ്റ് കിട്ടിയെന്നറിഞ്ഞു. സന്തോഷം. ഉള്ള് നിറഞ്ഞ അഭിനന്ദനങ്ങൾ! എന്നാൽ രാഷ്ട്രീയമുൾപ്പെടെ പൊതുപ്രവർത്തനം നടത്തുന്നവർക്ക് അലങ്കാരമായി എൽ.എൽ.ബിയും ഡോക്റേറ്റും മറ്റ് ഏതെങ്കിലും വലിയ വിദ്യാഭ്യാസ യോഗ്യതയുടെ കനവും വേണമെന്ന അലിഖിതനിയമം ചില തല്പരകക്ഷികൾ സ്വയം നിർമ്മിച്ച് കൊണ്ടു നടക്കുന്നുണ്ട്. അതംഗീകരിക്കാനാകില്ല. അതൊക്കെയങ്ങ് പള്ളിയിലോ ചർച്ചിലോ അമ്പലത്താലോ എവിടാന്നു വച്ചാൽ ചെന്ന് പറഞ്ഞാൽ മതി.
ഷാഹിദാ കമാലിനെ പോലുള്ളവർ അക്കൂട്ടത്തിൽ പെടാനും പാടില്ല. രാഷ്ട്രീയത്തിലോ മറ്റേതെങ്കിലും കർമ്മമണ്ഡലങ്ങളിലോ നിന്ന് പ്രവർത്തിക്കുന്നവർ ആ മേഖലകളിൽ നൽകുന്ന സംഭാവനകളെ വച്ചാണ് ഒരു വ്യക്തിയെ അളക്കുന്നത് ഷാഹിദാ കമാലിനെയും അതെ. ഷാഹിദാ കമാലിനെ നമുക്കിഷ്ടപ്പെടാൻ അവർ രാഷ്ട്രീയ സാമൂഹ്യരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തന്നെ ധാരാളമാണ്. അതിന് ഒരു ഡോക്ടറേറ്റിൻ്റെ പിൻബലം ആവശ്യമില്ല.
ഡോക്ടറേറ്റ് അഭിമാനപൂർവ്വം സൂക്ഷിച്ചു വച്ചോളൂ. പേരിൻ്റെ മുന്നിൽ ഡോ. എന്ന് ചേർത്തും വച്ചോളൂ. പക്ഷെ നമുക്ക് (സോറി എനിക്കും എന്നെപ്പോലെ ചിന്തിക്കുന്ന തലതിരിഞ്ഞവർക്കും) ഷാഹിദാ കമാൽ ഇന്നലെയെന്ന പോലെ ഇന്നും നാളെയും ഷാഹിദാ കമാൽ എന്ന മാതൃകാ പൊതു പ്രവർത്തക മാത്രമായിരിക്കും!
ബിരുദങ്ങൾ കൂടുന്തോറും അഹങ്കാരം വരാനും ജനങ്ങളിൽ നിന്ന് അകലാനുമുള്ള സാദ്ധ്യതയും കൂടുതലാണ്. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ശൈലജ ടീച്ചർക്കും എം.എം മണിക്കുമൊന്നും എൽ.എൽ.ബിയും ഡോക്ടറേറ്റും ഇല്ലാതിരുന്നതുകൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ. എടുത്താൽ പൊങ്ങാത്ത ഡിഗ്രികൾ ഇല്ലാത്തതു കാരണം ദോഷങ്ങളേതുമുണ്ടായിട്ടില്ല.
Sunday, June 20, 2021
എന്നെക്കുറിച്ചു തന്നെ
ചുമ്മാ കുറിച്ചിട്ടേക്കാം. ഒരു ആത്മസംതൃപ്തിയ്ക്ക്. ആത്മകഥാവിഭാഗത്തിൽ പെടുന്നതാണ്. താല്പര്യമില്ലാത്തവർ വായിക്കരുത്. ബോറടിക്കരുത്. സ്വയം രേഖപ്പെടുത്തലാണിത്.
എന്റെയുള്ളിൽ ഒരു പാട് നന്മയും സാമൂഹ്യബോധവും ഇപ്പോഴും ഉണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷെ ഞാൻ എന്റെ പിതാവിനോളം ശുദ്ധാത്മാവൊന്നുമല്ല. നല്ലതും അല്ലാത്തതുമൊക്കെ നല്ല പ്രായത്തിൽ സംഭവിച്ചിട്ടുണ്ട്. മന:പൂർവ്വമല്ലാതെ ഇപ്പോഴും സംഭവിക്കുന്നുണ്ടാകാം. കൂടുതലും പൊതു ജീവിതത്തിന്റെ ഭാഗമായി. എന്നാൽ 2002-03 വർഷം മുതൽക്ക് എന്നിൽ ഞാൻ സ്വയം ബോധപൂർവ്വം വരുത്തിയ ചില പരിവർത്തനങ്ങൾ ഉണ്ട്. അതിന്റെ കാരണം കുറച്ചൊക്കെ രാഷ്ട്രീയപരവുമായിരുന്നു. അതിലൊന്ന് നേരെ വാ നേരെ പോ എന്നതാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം.അത് ഒരിക്കലും ഞാൻ കാര്യമാക്കുന്നില്ല.
ക്ഷമാശീലം അന്നുതൊട്ടിങ്ങോട്ട് ഞാൻ നന്നായി സൂക്ഷിച്ചു പോന്നിട്ടുണ്ട്. ഒരു പ്രകോപനങ്ങളിലും വീണു പോയിട്ടില്ല. ഒരു ക്രിമിനൽ കേസ് മേലിൽ തലയിൽ വന്നു ചേരരുതെന്ന് 2002-നു മുമ്പെ തീരുമാനിച്ചിരുന്നു. മനസിൽ തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലവും ഞാൻ നല്ലൊരു പരിധിവരെ ഒതുക്കിവച്ചു പോരുന്നുണ്ട്. അതുകൊണ്ടാണ് പല ബന്ധങ്ങളും നിലനിർത്തി പോരാൻ കഴിയുന്നത്. അതൊരു ദൗർബല്യമായി കരുതുന്നുമില്ല. എങ്കിലും അറിയാതെ ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചിട്ടുണ്ട്. പക്ഷെ വേഗം ശാന്തത കൈവരിക്കും. ഒളിഞ്ഞും തെളിഞ്ഞും വന്ന ആക്രമണങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു പോകുകയല്ലാതെ അവിടെ കരാട്ടെയും കളരിയും കളിച്ചിട്ടില്ല. പൂർണ്ണമായ സ്വസ്ഥത എന്നത് അത്യാഗ്രഹമാണെങ്കിലും ഏറെക്കുറെ സ്വസ്ഥത അനുഭവിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനായി പല നേട്ടങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്. പല ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ട്.
ഓരോ ദിവസവും ഉണരുന്നത് ഇന്ന് ആരുമായും മുഷിയേണ്ടി വരരുതേ എന്ന ആഗ്രഹവുമായാണ്. അതിൽറ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും ഒരു പ്രത്യേക അകലം ക്രമീകരിച്ചും സംസാരം കുറച്ചുമാണ് അത് നേടിയിട്ടുള്ളത്. മറ്റൊന്ന് ഞാനില്ലെങ്കിൽ പ്രളയം എന്ന മട്ടിൽ എന്തിലും ഏതിലും ചെന്ന് തലയിടുന്ന സ്വഭാവം ഉപേക്ഷിച്ചതാണ്. അതും 2002-03 കാല ഘട്ടം മുതൽ സംഭവിച്ചതാണ്. വഴി മദ്ധ്യേ എന്റേതോ എന്റേതല്ലാത്തതോ ആയ കാരണങ്ങളാൽ അലോസരപ്പെട്ട് പോയവർ പലരും പിന്നീട് എന്നോട് വന്ന് പുന:സമാഗമം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ അങ്ങനെയാണ്. ചില തിരിച്ചറിവുകൾ ഉണ്ടാകാൻ സമയമെടുക്കും. നേരിട്ടല്ലാതെ പറഞ്ഞു കേൾക്കുന്ന ആരോപണങ്ങൾ ഒന്നും ചെവിക്കൊണ്ടിരുന്നില്ല. അതിന്റെ പുറകെ പോയിട്ടുമില്ല. തീഷ്ണ യൗവ്വന കലത്തെ രാഷ്ട്രീയ സ്വപ്നങ്ങളെല്ലാം മേല്പറഞ്ഞ അതേ വർഷത്തിൽ തന്നെ കൈവെടിഞ്ഞിരുന്നു.
പിന്നീട് ചില ഓൺലെയിൽ ആക്ടിവിസത്തിലൂടെ പുതൊയിരു ഐഡന്റിറ്റിയും അടുത്തും അകലെയുമായി കുറെ നല്ല സൗഹൃദങ്ങളും ഉണ്ടായി. പ്രാദേശിക തലത്തിൽ രാഷ്ട്രീയമായി ചില നേട്ടങ്ങൾക്കും അത് കാരണമായിട്ടുണ്ട്. ത്രിതല പഞ്ചായത്തു തലങ്ങളിലോ മറ്റെന്തെങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പുകളിലോ മത്സരിക്കില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുണ്ട്. അതും 2002-03 തൊട്ടിങ്ങോട്ട്. പാരലൽ കോളേജ് ഉപജീവന മാർഗ്ഗമായി എടുത്തതിനാൽ ഒരേ സമയം ഉപജീവനവും കഷ്ടത്തിലായി. സ്വപ്നങ്ങൾ പലതും നഷ്ടവുമായി. ജീവിതം വൃഥാവിലുമായി എന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ അദ്ധ്യാപനം ഇന്നും മടുത്തിട്ടില്ല. പഠിപ്പിച്ചുകൊണ്ടിരിക്കവെ മരിക്കണമെന്നാണ് ആഗ്രഹവും. കാരണം അദ്ധ്യാപകൻ, വക്കീൽ പണി ഇതു രണ്ടിൽ ഒന്നായിരുന്നു എന്റെ സ്വപ്നം. പാരലൽ കോളേജ് രംഗത്ത് വന്നില്ലായിരുന്നെങ്കിൽ റ്റി റ്റി സി എടുത്ത് പ്രൈമറി സ്കൂൾ അദ്ധ്യപാകനോ തീവണ്ടി എൽ എൽ ബി എടുത്ത് വക്കീലോ ആയേനെ! (സ്വപ്നമായിരുന്നേ!).
എന്തൊക്കെയായാലും നിരാശയൊന്നുമില്ല. സുഖവും ദു:ഖവും വിജയവും പരാജയവും ഒക്കെ അനുഭവിച്ച് ഇത്രകാലവും ജീവിച്ച ജീവിതത്തിൽ അത്രമേൽ അസംതൃപ്തിയൊന്നുമില്ല. ഇത്രയും കാലം ജീവിച്ചല്ലോ എന്നത് തന്നെ വലിയ കാര്യമായി കാണുന്നു. വ്യക്തിപരമായി ആരുമായും ശത്രുതയിലാകാതെ ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമില്ലാതെ ശിഷ്ടകാലം ജീവിച്ചു തീർക്കണം എന്നാണാഗ്രഹം. പക്ഷെ അതിനും മറ്റുള്ളവരുടെ സഹകരണം വേണമല്ലോ. അതാണൊരു ഭയം. നമുക്ക് തെറ്റുകുറ്റങ്ങൾ ഇല്ലാത്തൊരു ജീവിതം നയിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോര! എങ്കിലും എന്റെ ഭാഗം കുഴപ്പമില്ലാതെ കൊണ്ടുപോകാൻ പരമാവധി ജാഗ്രത കാണിക്കും.
Sunday, June 13, 2021
ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്
ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്
തീവ്രവാദികൾ രാജ്യദ്രോഹികളല്ല. അങ്ങനെ വിളിച്ച് അവരെ ചെറുതാക്കരുത്. അവർ ലോകദ്രോഹികളാണ്; ആഗോള ദ്രോഹികൾ!അക്കാര്യത്തിലും നമുക്കൊരു ആഗോള വീക്ഷണം ആവശ്യമാണ്. കാരണം തീവ്രവാദം ലോകവ്യാപകമാണ്. തീവ്രവാദികളുടെ ലക്ഷ്യം ഏതെങ്കിലും ഒരു രാജ്യം മാത്രമല്ല. അഥവാ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളാണെങ്കിലും അതിൻ്റെ വേരുകൾ ലോകവ്യാപകമാണ്. അതിനുള്ള പണവും ആയുധങ്ങളുമെല്ലാം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് സിറിയയിലോ മറ്റ് രാജ്യങ്ങളിലോ തീവ്രവാദത്തിനു പോകുന്നവരുടെ ലക്ഷ്യവും ഇന്ത്യ മാത്രമല്ല. ലോകം തന്നെയാണ്.
ലോകത്തെവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് രാജ്യങ്ങളെയും ബാധിക്കും. ഉദാഹരണത്തിന് ഗൾഫിലോ, അമേരിക്കയിലോ, യു.കെയിലോ കാനഡയിലോ ആസ്ട്രേലിയയിലോ എവിടെ തീവ്രവാദ പ്രവർത്തനങ്ങൾ മൂലം ആ രാജ്യങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും അത് നമ്മളെയും ബാധിക്കും. കാരണം നമ്മുടെ രാജ്യത്ത് നിന്ന് ആളുകൾ ലോകത്തെ എല്ലാ രാജ്യങ്ങളിലും പോയി തൊഴിലെടുക്കുകയും വിദ്യാഭ്യാസം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെയൊക്കെ തൊഴിലും സംരഭങ്ങളും നടത്തുക വഴി വലിയ തോതിൽ വിദേശനാണ്യവും നേടിത്തരുന്നുണ്ട്. കൂടാതെ പരസ്പരാശ്രിത ലോകക്രമത്തിൽ വിഭവങ്ങളും സാങ്കേതിക വിദ്യകളും ശാസ്ത്രത്തിൻ്റെ നേട്ടങ്ങളും എല്ലാം ലോകരാഷ്ട്രങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു രാഷ്ട്രത്തെയും ഒന്നിനു വേണ്ടിയും ആശ്രയിക്കാതെ ഒറ്റപ്പെട്ടു നിൽക്കാൻ ഒരു രാഷ്ട്രത്തിനുമാകില്ല.
നമ്മുടെ രാജ്യവും പല രാജ്യങ്ങളിലേക്കും വിഭവങ്ങൾ കയറ്റുമതി ചെയ്യുകയും പല വിഭവങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. നമ്മുടെ കയറ്റുമതി വരുമാനവും നമ്മുടെ ധനശേഷിക്ക് മുതൽകൂട്ടാണ്. ലോകത്ത് വിഭവങ്ങൾ എല്ലാം സംതുലിതമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെ പരസ്പരാശ്രയം ഒരു രാജ്യത്തിനും ഒഴിവാക്കാനാകില്ല. പരമാവധി സ്വയംപര്യാപ്തത എന്നതല്ലാതെ പൂർണ്ണമായും പരാശ്രയമില്ലാത്ത സ്വയംപര്യാപ്തത ഒരു രാജ്യത്തിനും നേടാനാകില്ല. അപ്പോൾ ലോകത്ത് എവിടെയും ശാന്തിയും സമാധാനവും നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്. ഭീകരപ്രവർത്തനങ്ങളും
യുദ്ധങ്ങളുമൊക്കെ ലോകത്തെവിടെ നടന്നാലും അതിൻ്റെ ദോഷഫലങ്ങൾ ലോകത്തെവിടെയുമുണ്ടാകും. മറ്റ് രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ സുരക്ഷയും അതത് രാജ്യങ്ങളുടെ മാത്രം ആവശ്യമല്ല. ഒരു രാജ്യത്തുണ്ടാകുന്ന ദാരിദ്ര്യം, മഹാമാരികൾ, പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതിക പ്രശ്നങ്ങൾ ഒക്കെയും എല്ലാ രാജ്യങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും.
ദേശാതിർത്തികൾ മനുഷ്യനിർമ്മിതവും ചരിത്രപരമായ കാരണങ്ങളാലും സാംസ്കാരികമോ ഭാഷാപരമോ പ്രകൃതിഘടന കൊണ്ടോ ഭരണസൗകര്യാർത്ഥം രൂപം കൊണ്ടതോ ഒക്കെയാകാം. എങ്കിലും ദേശാതിർത്തികൾ ഏറെയും മനുഷ്യനിർമ്മിതങ്ങളാണ്. അഥവാ പലതും അതത് ഭൂമിശാസ്ത്ര പ്രദേശങ്ങളിലെ മനുഷ്യൻ ഏറ്റെടുത്ത് നിലനിർത്തുന്നതാണ്. ലോകമാണ് യഥാർത്ഥ രാജ്യം. ലോകത്തിനു മൊത്തമായ ഒരു പൊതു ഭരണകൂടവ്യവസ്ഥ ഇനി 'യും നിലവിൽ വന്നിട്ടില്ലെങ്കിലും. അതത് കുടുംബങ്ങളിലെന്നപോലെ അതത് രാഷ്ട്രങ്ങളുടെ നിർദ്ദോഷവും അനിവാര്യ വ്യമായ സ്വാർത്ഥതയ്ക്കപ്പുറം സങ്കുചിതവും അതിതീവ്രവുമായ ദേശീയത ഒരു ആഗോള വീക്ഷണത്തിനും വിശ്വമാനവികതയ്ക്കും ഭൂഷണമല്ല. നമുക്ക് നമ്മുടെ രാജ്യത്തെ സ്നേഹിച്ചു കൊണ്ടും രാജ്യത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ടും അതിൻ്റെ നിലനില്പിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടും തന്നെ വിശ്വപൗരന്മാരാകാം!
Saturday, June 12, 2021
ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ
ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ അഥവാ ഒന്നിനുവേണ്ടിയുമല്ലാതെ അല്പംചില ആത്മപ്രകാശനങ്ങൾ
Monday, June 7, 2021
ക്ലബ് ഹൗസ്
ക്ലബ് ഹൗസ്
ക്ലബ്ബ് ഹൗസുകൊള്ളാം. ഒരുവിധം അതിലും സാക്ഷരനായി. ചാനൽ ചർച്ചകകളുടെ റേറ്റിംഗ് കുറയാനിട. ആ സമയങ്ങളിലെല്ലാം ടിവിയുടെ മുന്നിലിരിക്കുന്ന പലരും ക്ലബ്ബ് ഹൗസിലെ ചർച്ചാ വേദികളിൽ സജീവമാണ്. നാളിതു വരെ നാവടക്കി ചാനൽ ചർച്ചകൾ കേട്ടുകൊണ്ടിരുന്നു. ഇനി സ്വന്തം നാവിനും ഒരു വിലയും നിലയുമൊക്കെ ഉണ്ടാക്കാം. ചാനലുകാർ കെട്ടിയൊരുക്കി കൊണ്ടിരുത്തുന്നവർ മാത്രമായിരിക്കില്ല ഇനി നിഷ്പക്ഷ നിരീക്ഷകർ.
പല ചാനൽ ചർച്ചകളിലുമിരുന്ന് പലരും വിഡ്ഢിത്തങ്ങൾ വിളമ്പുമ്പോൾ കയറി ഇടപെടാൻ തോന്നാറുണ്ട്. പക്ഷെ സാധിക്കില്ലല്ലോ. ശബ്ദസാഹിതി കളിലൂടെ സംവാദങ്ങളുടെ വിളനിലമായി ഇനി ക്ലബ്ബ് ഹൗസുകളും സജീവമായിരിക്കും. അതിനെക്കാൾ പുതിയതെന്തെങ്കിലും വരുന്നതുവരെയെങ്കിലും.
ചർച്ചകൾ മാത്രമല്ല കവിയരങ്ങും പാട്ടും പരിചയപ്പെടലുകളുമൊക്കെ അവിടെ പൊടിപൊടിച്ചു തുടങ്ങിയിട്ടുണ്ട്. പരസ്പര സഹായത്താൽ ഫോളോവേഴ്സിനെ കൂട്ടുന്ന ഗെയിമുകളുമായി ക്ലബ്ബ് ഹൗസിനെ വരവേൽക്കാൻ നിരവധി ഗ്രൂപ്പുകൾ രാവും പകലും സജീവമാണ്. ജാതി-മത-വർണ്ണ-വർഗ്ഗ ലിംഗ ചിന്തകൾക്കതീതമാണിപ്പോഴത്തെ കുട്ടായ്മകൾ കടുതലും. പക്ഷെ കാലേണ ഇവിടെയും വിഷവിത്തുകൾ വിതയ്ക്കപ്പെടാം. മാലിന്യങ്ങൾ കൂന്നുകൂടാം.
എന്നാലും മാനവികതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവർക്ക് ശബ്ദത്തിൻ്റെ സാദ്ധ്യതകൾ കൊണ്ട് ചിന്തകളെയും ആശയങ്ങളെയും സർഗ്ഗാത്മകമായി ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന ഒരിടമായിരിക്കും ക്ലബ്ബ് ഹൗസും. പക്ഷെ കാര്യമിതൊക്കെയാണെങ്കിലും മണിക്കൂറുകളോളം ക്ലബ് ഹൗസിലിരിക്കാൻ സാമ്പത്തിക പരാധീനർ എങ്ങനെ നെറ്റ് ചാർജ് ചെയ്യുമെന്നതാണ് മറ്റൊരു സാംസ്കാരിക പ്രതിസന്ധി!
Sunday, June 6, 2021
സ. വി. ശിവൻകുട്ടി
സ. വി ശിവൻകുട്ടി
(രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞാ സമയത്ത് എഫ് ബിയിൽ എഴുതിയത്)
ഞാൻ ആദ്യമായി എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. വി.ജെ.റ്റി ഹാളിൽ വച്ചായിരുന്നു സമ്മേളനം. അന്ന് ജില്ലാ പ്രസിഡൻ്റ് സ.ബി.ബാലചന്ദ്രനും സെക്രട്ടറി സ.വി.ശിവൻകുട്ടിയുമായിരുന്നു. സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായിരുന്നു യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകാനുള്ള തീയതി. സഖാവ് ശിവൻ കുട്ടിയായിരുന്നെന്ന് തോന്നുന്നു ചെയർമാൻ സ്ഥാനാർത്ഥി. നോമിനേഷൻ സമയത്ത് എന്തോ കശപിശയുണ്ടായ വിവരം സമ്മേളന ഹാളിൽ എത്തി. കെ.എസ്.യുക്കാർ അക്രമാസക്തരാണത്രേ! ചില വനിതാസഖാക്കളാണ് വിവരം അറിയിച്ചത്. നമ്മൾ സ്കൂൾ പിള്ളേരെയും പെൺകുട്ടികളെയുമെല്ലാം ഹാളിലിരുത്തി മറ്റ് ആൺ പ്രതിനിധികൾ അങ്ങോട്ട് കുതിച്ചു. നല്ല സമയം കഴിഞ്ഞ് പ്രശ്നങ്ങൾ പരിഹരിച്ച് സഖാവ് ശിവൻകുട്ടിയെയും കൊണ്ട് മടങ്ങിവന്നു. (ആ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ കെ.എസ്.യു നേതാവ് ശരത്ചന്ദ്ര പ്രസാദ് ജയിച്ചെന്നാണ് ഓർമ്മ).
ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത്
ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത്
(രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എഫ് ബിയിൽ എഴുതിയത്)
ബഹുമാനപ്പെട്ട പുതിയ ആരോഗ്യ മന്ത്രിണി വീണ ജോർജോ അവരുടെ പ്രൈവറ്റ് സെക്രട്ടറിയോ ഏതെങ്കിലുമൊരു പി.എ - യോ പോലുമോ ലക്ഷക്കണക്കിന് എഫ്.ബി അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണമറ്റ പോസ്റ്റുകളുടെ കുത്തൊഴുക്കിൽ ഇത് കാണുമെന്ന പ്രതീക്ഷയൊന്നുമില്ല. കണ്ടിട്ടു വേണ്ടേ പരിഗണിക്കാൻ! എങ്കിലും സ്നേഹപൂർവ്വം വീണാ ജോർജിൻ്റെയും അതുവഴി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൂടിയും ശ്രദ്ധയിലേക്ക്,
സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം
സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം
Monday, May 10, 2021
ആതിരൻ
ആതിരൻ
ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത്
മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ
രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് കുട്ടികളുമുണ്ട്. .
രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ നല്ലൊരു മദ്യപനുമാണ്. ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട്
കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു
ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം
കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ
എന്നത്.
രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല
മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. അളിയൻ മുടിയന്റെ കുടിയും
ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ
അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും
സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ
തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ
കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും എല്ലാവരും അറിഞ്ഞു
വരികയായിരുന്നു. പാടവും പറമ്പും
കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ
ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ
പരിചയസമ്പന്നനാണ്. കിണറ്റിലിറങ്ങുന്നതിൽ ആതിരൻ അഗ്രഗണ്യൻ തന്നെയായിരുന്നു.
ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ.
കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന
ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. തൊടിയില്ലാത്ത
കിണറാണെങ്കിൽ വെള്ളം നിറഞ്ഞു കിടപ്പുണ്ടെങ്കിൽ കിണറ്റിലേയ്ക്ക് കിണറ്റിലേയ്ക്ക് അതി സാഹസികമായി ഒരു ചാട്ടമാണ്. .
ഒരുപാട് ജോലികൾ ചെയ്യുമെങ്കിലും തട്ടത്തുമലക്കാർക്ക് അത്ര അറിയാത്ത ചില മേഖലകളിൽ
ആതിരൻ പ്രശസ്തനായിരുന്നു. പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല വിലയും നിലയുമാണ്.
വല്ല കുളത്തിലോ പുഴയിലോ മറ്റോ നിന്ന് വല്ല
ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും
കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം
തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന
പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി
കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും
ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്.
അങ്ങനെയിരിക്കെ നാട്ടിൽ ഒരു സംഭവമുണ്ടായി. തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ്
ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ
ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല.
ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി
ഉപയോഗിക്കും. അങ്ങനെ പായൽച്ചിറയെന്ന് വിളിക്കപ്പെടുന്ന കാടും
പടലും പായലും പിടിച്ചു കിടക്കുന്ന ഈ പായൽ ചിറയിൽ ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി
കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ
കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ
അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.
കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത
പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ
പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും
മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു
ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.
ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ
വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി.
കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ
കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ
പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക്
വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.
ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ
അല്പസമയത്തിനകം സ്ഥലത്തെത്തി. അവർ കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ
നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക്
നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്.. ഇതിനിടയിൽ കുട്ടി രണ്ടു
പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും
അറിയില്ലായിരുന്നു.
ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും
ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ
ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി
സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ
നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ.
അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി
ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച്
കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി
ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും
ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല. കുറച്ചു നേരം വെള്ളത്തിൽ കിടന്നിട്ടും കുട്ടി
അദ്ഭുതകരമായി രക്ഷപ്പെട്ടതിൽ എല്ലാവരും ആശ്വസിച്ചു.
ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു
കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി
അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ
ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.
“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”
ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും
അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം
നാട്ടുകാരറിയുന്നത്. ആതിരൻ ഇവിടെ വന്നിട്ട് കുറച്ചു നാളായെങ്കിലും ആതിരന്റെ
ബയോഡേറ്റയൊന്നും ഇന്നാട്ടുകാർക്ക് അത്രമേൽ അറിയുമായിരുന്നില്ല.
കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ
പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ
സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ
അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ
പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം
പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും
ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു
മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല
ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.
കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ
നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു
നൽകിയിട്ട് പറഞ്ഞു;
“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”
എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും
നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക്
വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച്
അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ
നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.
ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;
“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ്
നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”
കുട്ടി അപകടത്തിൽപ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ
സംഭാഷണം കാരണഭൂതവുമായി.
പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും
ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ
ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.
പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക്
കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ
നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല
എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക്
പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള
തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.
ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ
കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം
ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു.
ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ
ബോദ്ധ്യപ്പെടുത്തിയതിനും ശേഷം പോലീസുകാർ പോയി. പോകുമ്പോൾ എസ്.ഐ ആതിരനോട് പറഞ്ഞു;
“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ
ഒന്നിറയ്ക്കണം”
നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.
“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.
“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ”
എന്ന് എസ്.ഐ.
പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.
“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.
അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം
പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!
അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ
കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ
ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു
മനസിലാക്കി
ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി
മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ
നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. തന്റെ
സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും
അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി.
തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം
താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ്
കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും
ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ
സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു
ഇമേജൊക്കെയായി!
അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല
ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ
കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു.
ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ
ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട്
കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു
കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!
അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത പിന്നെ ഒരാൾകൂട്ടമായിരുന്നു
തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക്
ഓടിയെത്തി.
സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും
കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട
മാത്രയിൽ പോലീസ് സ്റ്റേഷനും
സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക്
പാഞ്ഞടുത്തു.
ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന്
നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക്
ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ
എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ
മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട
കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു.
ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ
ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും നട്ടുകാരുടെയുമൊക്കെ
നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ
പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന്
എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന്
എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും
പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം
നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.
മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും
അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും
പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ,
പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി.
പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച്
അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ
ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും
മനസിലാക്കി.
ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി
ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം
ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ
പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല
വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.
പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ
കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം
സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു.
ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ അകാല മരണം ഒരു തീരാ
നഷ്ടമായി പരിണമിച്ചു.
ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള
സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര
എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി.
ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും
ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും
ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും
പാത്രീഭവിച്ചിട്ടില്ലാത്ത, ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്
വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ
നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!
അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ
നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ
കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!