ബൂലോകമാണോ ബൂലോഗമാണോ ശരി?
ബ്ലോഗിന് മലയാളത്തിൽ ‘ബൂലോകം’ എന്നാണ് കൂടുതൽ പേരും പറഞ്ഞു വരുന്നത്. എന്നാൽ ചിലർ ‘ബൂലോഗം’ എന്നും പറഞ്ഞുകാണുന്നു. ഇതിൽ നമ്മൾ ഏതാണ് പ്രയോഗിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും? മറ്റുഭാഷകളിൽ നിന്ന് അത്യാവശ്യം വാക്കുകൾ അതേപോലെ കടമെടുക്കുന്നതും നമ്മുടെ ഭാഷയ്ക്ക് മുതൽകൂട്ട് തന്നെയായിരിക്കും. ആ നിലയിൽ ബ്ലോഗ് എന്നു പറയുന്നതിലും കുറ്റം കാണേണ്ടതില്ല. എങ്കിലും പുതിയ പുതിയ കണ്ടു പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ അവയ്ക്ക് നമ്മൾ നമ്മുടെ ഭാഷയിൽത്തന്നെ വാക്കുകളുണ്ടാക്കുന്നത് നല്ലതല്ലേ?
ഇനി അഥവാ പേരിലെന്തിരിക്കുന്നു എന്നാണ് ചോദ്യമെങ്കിൽ പേരിന് പ്രസക്തിയൊക്കെ ഉണ്ട് എന്നാണ് ഈയുള്ളവന്റെ പക്ഷം. ഓരോന്നിനെയും തിരിച്ചു പറയാനും തിരിച്ചറിയാനും പേരുകൾ ഏതൊരു വസ്തുവിനും, ജീവിക്കും, പ്രതിഭാസത്തിനും അനിവാര്യമാണ്. അപ്പോൾ ബ്ലോഗിന്റെ കാര്യത്തിലും അതാവശ്യമാണ്.അതുകൊണ്ട് ഈ ചർച്ച പ്രസക്തവുമാണ്.പേരിടൽ എന്നൊരു കണ്ടുപിടിത്തം മനുഷ്യൻ നടത്തിയിട്ടില്ല്ലായിരുന്നെങ്കിൽ നമ്മൾ മനുഷ്യർ ബധിരന്മാരും മൂകന്മാരുമായി കഴിയേണ്ടി വന്നേനെ! കാരണം ഒന്നിനെക്കുറിച്ചും പറയാൻ അവയ്ക്കൊന്നും പേരുകൾ ഇല്ലല്ലോ!
ബൂലോകം എന്നതോ ബൂലോഗം എന്നതോ ശരി? ബ്ലോഗ് എന്ന പദവുമായി കൂടുതൽ അടുത്തു നിൽക്കുന്നത് ‘ബൂലോഗം’ എന്ന പദമാണ്. കാരണം ബ്ലോഗിൽ ‘ഗ്’ ആണല്ലോ ഉള്ളത്. എന്നാൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത് ‘ബൂലോകംമ്’ എന്നുമാണ്. ബ്ലോഗിൽ ‘ക’ എന്ന അക്ഷരം ഇല്ലല്ലോ! ഈ ‘ബൂലോകംമ്’ എന്ന് പറയുമ്പോൾ ബ്ലോഗുമായൊന്നും ബന്ധമില്ലാത്തവർ പലരും ഭൂലോകം എന്നത് തെറ്റിച്ച് ഉപയോഗിക്കുന്നതാണേന്ന് ധരിക്കാനിടയാകുന്നുണ്ട്. യാഥാർത്ഥ ഭൂലോകത്ത് നിലവിലിലുള്ള ഒരു പ്രതിഭാസമാണ് ബ്ലോഗ് എങ്കിലും ഭൂലോകവും ബൂലോകവും രണ്ടും രണ്ടാണല്ലോ! ഇനി അഥവാ ‘ബൂലോഗം’ എന്നുതന്നെ പറഞ്ഞാലും ഈ തെറ്റിദ്ധാരണ ഉണ്ടാകാം. ഭാവിയിൽ ഇത് ആളുകൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തിരിച്ചറിഞ്ഞുകൊള്ളും എന്നാണെങ്കിൽ പിന്നെ ഈ ചർച്ചയ്ക്ക് പ്രസക്തിയില്ല.
പക്ഷെ ഒന്നോർക്കേണ്ടത് മലയാളം ബ്ലോഗ് മേഖല ഇപ്പോൾ ശൈശവദിശയിലല്ല. അത് ഇതിനകംതന്നെ വളർന്ന് വികസിച്ചു കഴിഞ്ഞു. ഇനിയും വളർന്ന് വികസിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട് ബ്ലോഗിന്റെ മലയാളനാമത്തെപ്പറ്റി നാം ചർച്ച ചെയ്യുന്നതിൽ അപാകതയൊന്നുമില്ല. എന്തായാലും ബൂലോകം, ബൂലോഗം എന്നീ വാക്കുകൾ ഭൂലോകം എന്ന വാക്കിനെ തെറ്റായോ അല്ലെങ്കിൽ പരിഷ്കരിച്ചോ പറയുന്നതാണെന്ന് ഈ മേഖലയുമായി പരിചയമില്ലാത്തവർ ധരിച്ചുകൂടെന്നില്ല. എങ്കിലും ഈ വാക്കുകൾ നമുക്കിനി ഉപേക്ഷിക്കനും വയ്യ. അപ്പോൾ ഇതിൽ ഏതെങ്കിലും ഒന്നിന് ഒരു സ്ഥിരീകരണം വരുത്തേണ്ടതുണ്ട്.
ബ്ലോഗിനെ ചിലർ അവർ ബ്ലോഗിൽ വന്ന കാലം മുതൽ ബ്ലോഗം എന്ന് പറഞ്ഞുപോരുന്നുണ്ട്. ആരാണീ ചിലർ? മറ്റാരുമല്ല, ഈ നോം തന്നെ. പക്ഷെ ഈ വാക്കിന് വേണ്ടത്ര അനുയായികളെ ലഭിച്ചില്ല. അതുപോലെ കമ്പ്യൂട്ടർ എന്ന വാക്കിനും മലയാളമില്ലല്ലോ. പക്ഷെ ചിലർ ഇതിനെ മലയാളീകരിച്ച് കമ്പെട്ടി എന്നു വിളിച്ചു പോരുന്നുണ്ട്. ആരാ ഈ ചിലർ? അതും മറ്റാരുമല്ല; ഈ നോം തന്നെ! ‘കമ്പെട്ടി’ എന്ന ‘മലയാളവാക്കിനും’ വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ഓ! കിട്ടിയില്ലെങ്കിൽ വേണ്ട! നോം ഇനിയും പുതിയ വാക്കുകൾ കണ്ടു പിടിച്ചുകൊണ്ടിരിക്കും. നോം തന്നെ അവ ഉപയോഗിച്ചുകൊണ്ടുമിരിക്കും. ഭാഷാ പണ്ഡിതന്മാർക്കേ ഭാഷയെ പരിഷ്കരിക്കാനും, പുതിയ വാക്കുകൾ കൂട്ടിച്ചേർക്കാനും, ആവശ്യമില്ലാത്തത് കളയാനുമൊക്കെ അവകാശമുള്ളൂ എന്നൊന്നുമില്ലല്ലോ. അല്ലപിന്നെ!
തൽക്കാലം എന്റെ കണ്ടു പിടിത്തങ്ങളൊക്കെ അവിടെ നിൽക്കട്ടെ. ബൂലോകവും, ബൂലോഗവും ഇപ്പോൾ പ്രയോഗത്തിലുണ്ട്. അതിൽ നമുക്ക് ഏതിനെ കൂടുതൽ സ്വീകാര്യമാക്കണം? ഇത് രണ്ടും കൂടിയും ഇനിയും മറ്റുവല്ല വാക്കുകളുമുണ്ടെങ്കിൽ അതും കൂടിയും അങ്ങ് പ്രയോഗിച്ചു പോരുന്നതിലും തെറ്റൊന്നുമുണ്ടായിട്ടല്ല. ചുമ്മാ അഭിപ്രായങ്ങൾ പങ്ക് വയ്ക്കാമല്ലോ. ഈ രണ്ട് വാക്കുകളിൽ ഏതാണ് ശരി? ‘ബൂലോകമ’മോ, അതോ ‘ബൂലോഗ’മോ? ഈയുള്ളവനവർകക്കുടെ ഒരു സംശയം കൂടിയാണിത്. . അതുകൊണ്ട് ആരെങ്കിലും വഴിതെറ്റിയെങ്ങാനും ഇതുവഴി വരുന്നെങ്കിൽ ഒരു കമന്റ് കമന്റിയിട്ട് പോകുക!
23 comments:
ഭൂമിയെന്ന ലോകം ഭൂലോകം പോലെ ബ്ലോഗാകുന്ന ലോകം ബൂലോകം.
Hope that solves the issue!!!
എന്തായാലും പരിഷ്കരിച്ചുണ്ടാക്കിയ പദമാണ്, തെറ്റിയെഴുതുന്നതല്ല. (ശ്ശ്.... പലരും ഭൂലോകം എന്നതിന് പറയുന്നതും ബൂലോഗം എന്നാണ്)
ഇതില്‍ ശരിതെറ്റിന്റെ പ്രശ്നമൊന്നുമില്ല. മലയാളം ബ്ലോഗില്‍ ഇത്രയൊന്നും ആള്ക്കാര് കടന്നു വരാത്ത കാലത്ത്, അന്നത്തെ ബ്ലോഗര്‍മാര്‍ ഈ സൈബര്‍ സ്പെയിസിനെ അല്ലെങ്കില്‍ ബ്ലോഗോസ്ഫീയറിനെ ബൂലോഗം എന്നാണ് വിളിച്ചിരുന്നത്. നമ്മുടെ യഥാര്‍ത്ഥ ലോകം ഭൂലോകം ആയത്കൊണ്ട് ഈ വെര്‍ച്വല്‍ ലോകം ബൂലോഗം എന്ന പേരില്‍ അറിയപ്പെടട്ടെ എന്നാണ് അന്നത്തെ ബ്ലോഗര്‍മാര്‍ ആഗ്രഹിച്ചത്.
ഭൂലോകത്തിന്റെ ഭൂ മാത്രം എടുത്തുമാറ്റി ബൂലോകം എന്ന് പറയുന്നതിനേക്കാളും ഭംഗി ബൂലോഗം എന്ന് പറയുന്നത് തന്നെയാണ്. ബൂലോഗര്‍ , ബൂലോഗകൂടപ്പിറപ്പ് എന്നൊക്കെ അന്ന് സഹബ്ലോഗര്മാരെ വിശേഷിപ്പിച്ചു വന്നിരുന്നു. ആരാണ് ഈ ബൂലോഗം എന്ന് ഇതിന് പേരിട്ടത് എന്ന് ഒരിക്കല്‍ ഞാന്‍ വിശ്വപ്രഭ[ http://viswaprabha.blogspot.com/]എന്ന ആദ്യകാല ബ്ലോഗറോട് ചോദിച്ചപ്പോള്‍ ഞാന്‍ തന്നെയാണ് ആ പേര് നിര്‍ദ്ദേശിച്ചത് എന്ന് എന്നോട് പറഞ്ഞിരുന്നു. പിന്നീട് ബ്ലോഗ് അക്കാദമിയുടെ പരിപാടികളിലാണ് ബൂലോകം എന്ന് പ്രചരിപ്പിക്കപ്പെട്ടത്.
ബൂലോഗം എന്ന പേരും ബൂലോഗകൂടപ്പിറപ്പ് എന്ന ആ ആത്മബന്ധവും വീണ്ടെടുക്കണം എന്ന് ഞാന്‍ ആശിക്കുന്നു. ഈ പോസ്റ്റും ഇതില്‍ ഉന്നയിക്കപ്പെട്ട ചോദ്യവും നന്നായി.
ആശംസകളോടെ,
ഞാന്‍ എന്താ പറയുക എനിക്കറിയില്ല ഇതാ ശരി എന്ന്
ഞാനിട്ട കമന്റ് കാണാനില്ല.വീണ്ടും പോസ്റ്റുന്നു.
എവിടെയോ വായിച്ച ഓര്‍മ്മ. ബ്ലോഗ് ലോകം എന്നത് പിന്നീട് എളുപ്പത്തിനായി ബൂലോഗം എന്നായി എന്ന്.
പ്രയോഗത്തില്‍ ബൂലോഗം എന്നതാണ് ശരി എന്ന് തോന്നുന്നു. ബൂലോകത്തില്‍ നിന്ന് ഒരു വ്യത്യാസവും അതിലുണ്ടല്ലോ
ഞാൻ ഫോട്ടോകൾ ഇടുന്ന ഒരു ബ്ലോഗിന് ചിത്രബ്ലോഗം എന്നാണ് പേരിട്ടത്.ബൂലോഗം എന്നതിനെ ഒന്നുകൂടി പരിഷ്കരിച്ച് ബ്ലോഗം എന്നാക്കി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പലവാക്കുകൾക്കും മലയാളമില്ല. മൌസിനും കീബോർഡിനും, മോഡത്തിനുമൊക്കെ മലയാളമുണ്ടാകണമെന്നാണെന്റെ പക്ഷം. കമ്പ്യൂട്ടറിന് കമ്പെട്ടി എന്ന് പറയാറുണ്ട്.
എന്തായാലും ബൂലോഗം എന്നതാണ് ബ്ലോഗ് എന്നതുമായി ഏറെ അടുത്ത് നിൽക്കുന്നത്. എന്നാൽ ഇതിനകം ബൂലോകംഓൺലൈൻ , നമ്മുടെ ബൂലോകം തുടങ്ങി പല സൈറ്റുകളും ബൂലോകം എന്ന പേർ സ്വീകരിച്ചു കഴിഞ്ഞതാണ് എന്നതും മറന്നുകൂട.
ഇനി മറ്റൊന്ന് ഈ ബ്ലോഗ് എഴുത്തുകാരെ ബ്ലോഗ്ഗർ എന്നല്ലാതെ മലയാളത്തിൽ എന്തുവിളിക്കും? ബ്ലോഗൻ, ബ്ലോഗിനി, എന്നൊക്കെ അങ്ങ് പ്രയോഗിക്കാവുന്നതല്ലേയുള്ളൂ?
കൂട്ടത്തിൽ ഒന്നുകൂടി. ഏതോ ഒരു പ്രമുഖ പെണ്ണെഴുത്തുകാരി മുമ്പൊരിക്കൽ നേതാവ് എന്നതിന് സ്ത്രീലിംഗമില്ലെന്ന് പരിതപിച്ചു കേട്ടു. എന്താ വനിതാ നേതാവിനെ നേതാവിനി എന്നങ്ങ് പറയരുതോ?
ഇത് രണ്ടും മാറ്റി ഇനി വരുന്നവര്‍ മറ്റൊരു പേര് ഉപയോഗിച്ചാലും തെറ്റ് എന്ന് പറയാന്‍ കഴിയില്ല .കാരണം genuine ആയ ഒരു പദത്തില്‍ നിന്നോ വാക്കില്‍ നിന്നോ ഉത്ഭവിച്ച പേരുകളല്ല ബൂലോകവും ,ബൂലോഗവും ..
ഇനി ഇ -ലോകം എന്നും പറയാല്ലോ ..:)
ഏത് "ഗം" ആയാലും എനിക്ക് മനസ്സിലായി ..എന്തായാലും നല്ലൊരു ചിന്താ വിഷയമായിരുന്നു.
രമേശ് അരൂർ,
ശരിയാണ്. ഇപ്പോൾ ഇ-ലോകം, ഇ-എഴുത്ത് എന്നൊക്കെയുള്ള പറച്ചിലുകൾക്ക് പ്രചാരം ഏറുകയാണ്. എന്നാലും ആ ഇ-ലോകത്തിൽ ഉൾപ്പെടുന്ന ഓരോന്നിനും ഓരോ പേരു വേണമല്ലോ. അപ്പോൾ ബ്ലോഗിനും വേണം ഉചിതമായ ഒന്നോ അതിലധികമോ മലയാളം പേരുകൾ. ആധുനിക കണ്ടു പിടിത്തങ്ങൾ ഏതു വരുമ്പോഴും നമ്മുടെ സൌകര്യത്തിന് നമ്മുടെ നാവിനു വഴങ്ങും വിധത്തിൽ അവയ്ക്ക് നമ്മുടെ ഭാഷയിൽ വാക്കുകൾ ഉണ്ടാകുന്നത് നമുക്കും നമ്മുടെ ഭാഷയ്ക്കും നല്ലതാണ്. ഏതായാലും ഇനി ഇറങ്ങുന്ന ഇംഗ്ലീഷ്-മലയാളം നിഘണ്ഡുകളിൽ ബ്ലോഗ് എന്നതിന് ബൂലോകം, ബൂലോഗം എന്നീ അർത്ഥങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം!
ബൂലോഗം പോപ്പുലര്‍ ആയല്ലോ ബ്ലോഗുലകം അല്ലെ ഗ്രമാറ്റിക്കലി കറക്റ്റ് ?
നേതാവിനെക്കാള്‍ കന്യകയ്ക്ക് പുല്ലിംഗം ഇല്ലാത്തതാണ് വനിതകള്‍ക്ക് കലിപ്പ്
(സ്ഖലനം എന്നാ വക്കില്‍ നിന്നും തിരോന്തരം കാര്‍ ഉണ്ടാക്കിയ വാക്ക്)
കണ്ണൂര്‍ ബ്ലോഗ് സംഗമം നടന്നില്ലേ? അതോ സജീം പോയില്ലേ?
ഏതായാലും ഞാനും ബൂലോഗത്തിന്റെ കൂടെയാണ്.
സ്ശീൽ, ബ്ലോഗുലകം കോള്ളാം. പിന്നെ ഈ ഗ്രാമറിന്റെ കാര്യം. പുതിയ വാക്കുകൾക്ക് ഗ്രാമറൊന്നും പ്രശ്നമല്ല. ഗ്രാമറൊക്കെ പിന്നീട് നമുക്ക് ശരിയാക്കാവുന്നതല്ലേ ഉള്ളൂ. ഉദാഹരണം ബ്ലോഗുക എന്നൊരു വാക്ക് നമ്മൾ ഗ്രമാറ്റിക്കലി അങ്ങ് ശരിയാക്കി എടുത്തില്ലേ?
കണ്ണൂർ മീറ്റ് കഴിഞ്ഞിട്ടില്ല. എവിടെ മീറ്റ് ഉണ്ടോ അവിടെ നമ്മൾ ചിലരുണ്ട് എന്നാണ്.കണ്ണൂർപോക്ക് പക്ഷെ ഉറപ്പിച്ചിട്ടില്ല്ല.
ബ്ലോഗുക,കമന്റുക, മീറ്റുക, ഈറ്റുക ഇതൊക്കെ ഇപ്പോൾ ഗ്രമാറ്റിക്കലി വളരെ കറക്ടാണെന്നേ!
ഇതുവരെ ഒരു കണ്ഫ്യൂഷനുമില്ലായിരുന്നു.. ഇത് വായിച്ചപ്പോ കണ്‍ഫ്യൂഷനായി..! :D
ആ അവതാരിക രാക്ഷസീടെ ഫാന്‍ ആണോ? സകല ഗ്രാമറും നശിപ്പിച്ച് മലയാള ഭാഷയെ ബലാല് സംഗം ചെയ്യുന്ന അവളെ ജഗതി വിമര്‍ശിച്ചപ്പോള്‍ അതിനെതിരെയും ഗോഗ്വ വിളിച്ചവര്‍ ഉള്ള സംസ്ഥാനം ആണേ? അവളാണ് ഈറ്റുകയും ഡ്ങ്കുകയും ചെയ്യുന്ന പ്രധാന കക്ഷി
സുശീൽ,
ഞാൻ കമന്റുക, ഈറ്റുക, മീറ്റുക, എന്നൊക്കെ പറഞ്ഞത് ശരി. പക്ഷെ ആ സാധാധന....സോറി ആ പെൺകൊച്ചിനെക്കുറിച്ച് മാത്രം ഞാൻ കേൾക്കരുത്!
സുശീൽ,
ഈ താഴെ ലിങ്കിയിട്ടുള്ള(ഹഹഹ) എന്റെ ഒരു പഴയ പോസ്റ്റ് ഒന്നു വായിച്ചുവരൂ!
“ഹേയ്, ചാനൽ പെൺകൊച്ചുങ്ങളേ!“
http://easajim.blogspot.com/2011/01/blog-post_17.html
ബൂലോഗം അല്ലേ ശരി...?
ഓണാശംസകള്‍....
എന്റെ വിനീതമായ അഭിപ്രായം, ബൂലോകം എന്നു വേണ്ട, ബൂലോഗം എന്ന ഒരൊറ്റ വാക്ക് മതി എന്നാണു്. യഥാർത്ഥലോകവുമായി നേരിട്ടു ബന്ധപ്പെട്ട ഒരു സമസ്തപദമായി വാക്കിനെ തെറ്റിദ്ധരിക്കാതിരിക്കാൻ അതാവും നല്ലതു്.
മുൻകൂട്ടി പ്ലാൻ ചെയ്തുണ്ടാക്കിയ വാക്കൊന്നുമായിരുന്നില്ല ‘ബൂലോഗം’. പണ്ടുപണ്ടു് 2004ൽ ആകെ മൊത്തം ഒരു ഡസൻ പേർ മലയാളത്തിൽ ബ്ലോഗെഴുതിയിരുന്ന കാലത്തു് അക്ഷരശ്ലോകം യാഹൂഗ്രൂപ്പിലേക്കു് വളരെ ലാഘവത്തോടെ എഴുതിയിരുന്ന ഒരു മെയിലിൽ ബ്ലോഗുകളെ സൂചിപ്പിക്കാനായാണു് ആ വാക്ക് ആദ്യം ഉപയോഗിച്ചതു്. പിന്നീടു് ഉമേഷും കെവിനും കൂടി ആ വാക്ക് ബ്ലോഗുകളിൽ കൊണ്ടുവന്നു് അമ്മാനമാടി.
പിന്നെന്നോ ആരൊക്കെയോ കൂടിയാണു് ‘ബൂലോഗ’ത്തിന്റെ അപഭ്രംശമായി ‘ബൂലോകം’ എന്നുപയോഗിച്ചുതുടങ്ങിയതു്.
ഇന്റർനെറ്റ് ആർച്ചൈവിൽ നിന്നും അക്കാലത്തെ ഒരു പേജു് ഇവിടെ
ഇതും
വിശ്വപ്രഭ,
ആദ്യകാല ബ്ലോഗ്ഗറായ താങ്കൾ ഇവിടെ വന്ന് കമന്റെഴുതി അത്യാവശ്യം ചില ലിങ്കുകളും നൽകിയതിന് പ്രത്യേകം നന്ദി!
ഇതുവരെ കമന്റെഴുതി ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. എന്തായാലും ബൂലോഗം എന്ന വാക്കിനാണ് ഇവിടെ ഭൂരിപക്ഷം എന്നു തോന്നുന്നു!
പൂലോഖം!
ഞാൻ ഇപ്പോൾ ഇത് രണ്ടും ഉപയോഗിക്കാറില്ല. ബ്ലോഗിൽ മാത്രം ഒതുങ്ങുന്നില്ലല്ലോ ഈ-മലയാളം. (ഫേസ്ബുക്ക് ട്വിറ്റർ, ബസ്സ്, പ്ലസ്സ് അങ്ങനെ പലതും ഉണ്ടല്ലോ ? അതുകൊണ്ട് ഈ-ലോകം, ഈ-മലയാളം എന്നൊക്കെയാണ് പ്രയോഗിക്കാറ്.
Post a Comment