Thursday, November 10, 2011

ശുംഭാനന്തര ശുംഭങ്ങൾ

ശുംഭാനന്തര ശുംഭങ്ങൾ

സത്യം ആരു വിളിച്ചു പറഞ്ഞാലും അതംഗീകരിക്കണം. എത്ര പറയാതിരിക്കാൻ ശ്രമിച്ചാലും ചില സത്യങ്ങൾ ചിലരുടെ ഉള്ളിലിരിക്കില്ല. അത് പുറത്തു ചാടും.മാർക്സിസ്റ്റ് വിരുദ്ധരിലും ഇത് സംഭവിക്കാം. അതിനുദാഹരണമാണ് ഇന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ പറഞ്ഞ അഭിപ്രായം. ശുംഭൻ പ്രയോഗത്തിൽ ഹൈക്കൊടതി ശിക്ഷിച്ച ജയരാജന് അപ്പീൽ പോകാനുള്ള അപേക്ഷപ്രകാരം ശിക്ഷ സസ്പെൻഡ് ചെയ്യാതിരുന്ന നടപടി വൈരാഗ്യ ബുദ്ധിയോടെ കോടതി പെരുമാറി എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടിയാണ് ഈ കുറിപ്പുമായി ഇപ്പോൾ വന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. ജനാധിപത്യത്തിൽ തരിമ്പെങ്കിലും വിശ്വാസമുള്ള എല്ലാവരും കോടതിയുടെ നീതി നിഷേധത്തിനും പൌരസ്വാതന്ത്ര്യ നിഷേധത്തിനും എതിരെ ക്രമേണ രംഗത്തു വരാൻ നിർബന്ധിതമാകുക തന്നെ ചെയ്യും. ആരു പറയുന്നു എന്നു നോക്കിയല്ല, എന്ത് പറയുന്നു എന്നു നോക്കിയാണ് ഒരാളുടെ അഭിപ്രായം ശരിയോ തെറ്റോ എന്നു നിർണ്ണയിക്കേണ്ടത്. അതുപോലെ ആര് ആരോട് ചെയ്യുന്നു എന്നല്ല, ചെയ്യുന്നതിന്റെ ന്യായാന്യായമാണ് പരിശോധിക്കേണ്ടത്. പത്തോ അഞ്ഞൂറോ രൂപ പെറ്റിയടിക്കാൻ പോലും പോലും ഗൌരവമില്ലാത്തതെന്ന് പലരും പലരും പറഞ്ഞിട്ടുള്ള ആ ശുംഭൻ വിളിക്കേസിൽ ജയരാജനെ ആറുമാസം ശിക്ഷിച്ചതിൽ സന്തോഷം തോന്നുന്നവർക്ക് സന്തോഷിക്കാം.

പക്ഷെ അപ്പീൽ നൽകാനുള്ള ഒരു പൌരന്റെ (സി.പി.ഐ.എം കാരനായി പോയെങ്കിലും അദ്ദേഹവും ഒരു പൌരനാണല്ലോ) അവകാശത്തെ അംഗീകരിക്കാതിരുന്ന കോടതിയുടെ നീതി നിഷേധത്തെയും അന്ധമായ മാർക്സിസ്റ്റ്വിരുദ്ധതിമിരനേത്രങ്ങൾ കൊണ്ടു നോക്കിക്കണ്ട് ന്യായീകരിക്കുന്നവർ ഭർത്താവ് ചത്താലും അമ്മാവിയമ്മയുടെ കണ്ണീരുകാണണമെന്ന മനോഭാവം വച്ചുപുലർത്തുന്നവരാണ്. അതുപോലെ പൊതുയോഗങ്ങളും പ്രകടനങ്ങളും ജാഥകളും മറ്റും നടത്തിക്കൂടെന്ന കോടതിവിധിയും സി.പി.ഐ.എമ്മിനേ മാത്രമോ രാഷ്ട്രീയപാർട്ടികളെ ഒന്നാകെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. എല്ലാ ജനങ്ങളേയും ബാധിക്കുന്ന ഒന്നാണ്. പൊതുവഴിയേ നടക്കരുതെന്നു പാതയോരത്ത് നിൽക്കരുതെന്നും പറയുന്നതിനു തുല്യമാണ് പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും നടത്തരുതെന്നു പറയുന്നത്. മുദ്രാവാക്യം വിളീക്കാതെയും കൊടിഉപിടിക്കാതെയും ആളുകൾ കൂട്ടം കൂടി വഴിയേ നടന്നുപോയാലും കോടതി ശിക്ഷിക്കുമോ? ഈ നിരോധനനിയമം വച്ച് ഉത്സവത്തിനാളുകൂടിയാലും കല്യാണവണ്ടിയിൽ ആളുവന്നിറങ്ങിയാലും കേസെടുക്കേണ്ടി വരും. അതുമൊക്കെ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നവയാണല്ലോ! ഉത്സവാഘോഷങ്ങളും മതഘോഷയാത്രകളും ചടങ്ങുകളും പൊങ്കാലകളും പെരുന്നാളുകളും മറ്റും ഹനിക്കുന്നുവെന്നു പറഞ്ഞ് നിരോധിക്കുമോ കോടതി? മതങ്ങൾക്ക് ഉച്ചഭാഷിണി വച്ച് ഏതു നേരവും എത്ര ദിവസവും എത്ര ഉച്ചത്തിലും പ്രക്ഷേപണം നടത്താം. പക്ഷെ രാഷ്ട്രീയക്കാർക്ക് ഭയങ്കര നിയന്ത്രണവും! ഇത് വിവേചനപരമല്ലേ?

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പിറവത്തെ ടി.എം. ജേക്കബ് അനുസ്മരണത്തിനു പ്രസംഗിച്ചതു പോലെ വല്ല കടമണ്ടയിലും കയറി നിന്ന് പ്രസംഗിക്കുക. ജനങ്ങൾ യാതൊന്നുമറിയാത്തവരെ പോലെ താഴെ പൊതുസ്ഥലത്ത് നിരന്നു നിന്ന് കേൾക്കുക. ഹഹഹ! ജനങ്ങൾ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയ്ക്ക് തന്റെ സഹപ്രവർത്തകന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ വേദിയിൽ കയറാതെ വല്ലവരുടെയും കടത്തിണ്ണയെ ആശ്രയിക്കേണ്ടി വരിക. എത്ര അപഹാസ്യമാണിത്. എന്നിട്ടും ഉമ്മൻ ചാണ്ടിയ്ക്കും കൂ‍ട്ടർക്കും കോടതിയുടെ അനാവശ്യവും അനുചിതമായതും ജനാധിപത്യ വിരുദ്ധവുമെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ടിട്ടുള്ളതുമായ വിധികളിൽ ഒരു പ്രതിഷേധവുമില്ല. ജയരാജനെതിരെയുള്ള കോടതിതി വിധിയിൽ പരസ്യമായി പ്രതിഷേധിക്കുന്നില്ലെങ്കിലും പല കോടതിവിധികളും സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്യമായി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നു. ഇടത്-വലത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൊതുയോഗവും ജാഥയും മറ്റും വിലക്കുന്ന കോടതി വിധികളിൽ പ്രതിഷേധമുണ്ട്. അതിനെ എങ്ങനെ നേരിടണമെന്ന അലോചനയിലാണ് പലരും. സി.പി.ഐ എം ആകട്ടെ ഹൈക്കോടതിയിൽ ബഹുജന പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. സഹികെട്ട് ആളുകൾ കോടതിയുടെ നെഞ്ചത്ത് കയറാൻ തുടങ്ങിയാലുണ്ടാകുന്ന അപകടം ചെറുതല്ല. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാനിടയാക്കുന്ന വിധികൾ കോടതിയ്ക്ക് ഒഴിവാക്കാമായിരുന്നു എന്ന് പോലീസിലെയും നിയമരംഗത്തെയും പ്രമുഖർ മെർമ്മറിംഗ് നടത്തുന്നുണ്ട്.

മറ്റൊരു കാര്യം ജയരാജൻ ഒരു പ്രാവശ്യമേ ജഡ്ജിമാരെ ശുംഭരെന്ന് വിളിച്ചുള്ളൂ‍. പിന്നെ അദ്ദേഹം അതിൽ ഉറച്ചു നിൽക്കുകയേ ഉണ്ടായുള്ളൂ. ഇപ്പോൾ ഇതാ ഇപ്പോഴത്തെ ഈ കോടതി നടപടികളിൽ പ്രതിഷേധിച്ച് പ്രമുഖ നിയമജ്ഞരടക്കം നാടടങ്കലം കോടതിയെ ശുംഭൻമാർ എന്നതിൽനേക്കാൾ മോശപ്പെട്ട പദങ്ങൾ കൊണ്ട് വിമർശിക്കുന്നു. അങ്ങനെയൊരു സാഹചര്യം സ്വയം സൃഷ്ടിച്ചത് ശുംഭത്തരമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇക്കാര്യം കോടതി ചിന്തിച്ചിട്ടുണ്ട്? കോടതിനടപടികൾ ഇത്രയധികം വിമർശിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതിലും ഇല്ലേ കോടതിയുടെ ഭാഗത്തുനിന്ന് അല്പം ഒരു ശുംഭത്തരം (മണ്ടത്തരമെന്ന അർത്ഥത്തിലാണേ അവർ പറഞ്ഞത്. ബഹു: കോടതി ആറു മാസം പിടിച്ചിട്ടുകളയരുതേ!) എന്ന് ചില നിയമജ്ഞർ ചോദിക്കുന്നുണ്ട്. താൻ ചത്ത് മീൻപിടിക്കുന്ന നടപടികളാണ് ജയരാജൻ വിഷയത്തിൽ കോടതി നടത്തിയിരിക്കുന്നതത്രേ! . നീതിപീഠത്തിന്റെ വിശ്വാസ്യതയെയും അതിന്റെ ഗൌരവത്തെയും കൂടി ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികൾ കോടതികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ശുംഭൻ വിളിയ്ക്കെതിരെയുള്ള കോടതി നടപടികളെക്കുറിച്ച് അഡ്വ. കാളീ‍ശ്വരം രാജ് പറഞ്ഞിരിക്കുന്നത് കോടതി ചെറുതായെന്നും ജയരാജൻ വലുതായെന്നുമാണ്.

സത്യത്തിൽ ജയരാജനെതിരേയുള്ള ഈ വിധിപോലും ഒരു പ്രതിഷേധ പ്രകടനമാണ്. ശുംഭൻ എന്നു ജയരാജൻ വിളിച്ചതിൽ കോടതിയ്ക്ക് ഇങ്ങനെ പ്രതിഷേധിക്കാം. പക്ഷെ അതുപോലാണോ പൊതുയൊഗവും ജാഥയും മറ്റും നിരോധിക്കുക വഴി ജനങ്ങളുടെ പ്രതികരണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്? ജനങ്ങൾ പാലിക്കാത്ത നിയമങ്ങൾ നിർമ്മിച്ചാൽ വില പോകുന്നതാരുടെ? കോടതികളുടെ വില പോയാൽ നിങ്ങൾ ജഡ്ജിമാർക്കല്ല ജനങ്ങൾക്കുകൂടിയാണ് ദോഷം. ജഡ്ജിമാർ വരും പോകും. നമ്മുടെ രാജ്യത്ത് ഏതെങ്കിലും സമര രൂപങ്ങളെയോ പൊതു സമ്മേളനങ്ങളെയോ എന്നത്തേയ്ക്കും നിരോധിക്കാൻ സാധിക്കുന്ന കാര്യമാണോ? അഥവാ അത് ശരിയാണോ? എങ്കിൽ പിന്നെ എന്ത് ജനാധിപത്യം? ഏതാനും ജഡ്ജിമാർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലായിരിക്കാം. പക്ഷെ ജനങ്ങൾക്ക് ഉണ്ട്.കോടതിവിധിയാണെന്നു കരുതി ജനാധിപത്യ ധ്വംസനത്തെ എത്രകാലം എല്ല്ലാവർക്കും അംഗികരിക്കാൻ കഴിയും? നമുക്ക് കാത്തിരുന്ന് കാണുക! ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഒരു ആരോഗ്യകരമല്ലാത്ത ഒരു ഉരസലിന്റെ വക്കിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കാനുള്ള ബാദ്ധ്യത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

വിഷയത്തിൽ ഇതിനു മുമ്പെഴുതിയ ലേഖനം വായിക്കുവാൻ ലിങ്കിൽ ക്ലിക്കുചെയ്യുക
ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

9 comments:

Murali said...

ഈ കോടതിവിധിയുടെ പ്രധാന അപകടം വൈരനിര്യാതനബുദ്ധിയോടെ പെരുമാറി എന്നതല്ല, മറിച്ച് 'വികാരം വൃണപ്പെടാതിരിക്കാനുള്ള അവകാശം' എന്നതിനെ അടിവരയിട്ടു എന്നതാണ്. ഒരു ജനാധിപത്യ, സ്വതന്ത്ര രാഷ്ട്രത്തിൽ ഏറ്റവും അപകടകരമായ ഒരു കാര്യമാണ് 'the right not to be offended'. എന്തെന്നാൽ ഈ 'അവകാശ'വും അഭിപ്രായ സ്വാതന്ത്ര്യവും ഒത്തുപോകില്ല. ആളുകളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന അഭിപ്രായങ്ങൾക്കേ നിയമ പരിരക്ഷ വേണ്ടൂ. പുകഴ്ത്തലിനും പ്രശംസക്കും ഒരു നിയമത്തിന്റെയും കവച ആവശ്യമില്ലല്ലോ. പിന്നെ, വൃണപ്പെടുക എന്നത് വ്യക്തിപരമായ കാര്യമാണ് - നിർദ്ദോഷമെന്ന് ഒരുകൂട്ടർക്ക് തോന്നുന്നത് മറ്റുചിലറെ മുറിപ്പെടുത്തും. ഇതിന്റെ അവസാനം എല്ലാ അഭിപ്രാങ്ങൾക്കും (ഒരുപക്ഷെ കാലാവസ്ഥയെക്കുറിച്ചുള്ളത് ഒഴിച്ച് - അല്ല, കാലാവസ്ഥയെക്കുറിച്ച് പറഞ്ഞാലും വൃണപ്പെടില്ലേ? Climate Change - നെക്കുറിച്ചുള്ള സംവാദങ്ങൾ കേട്ടിട്ടില്ലേ?) കൂച്ചുവിലങ്ങിടുക എന്നതായിരിക്കും.

സി.പി.എം അടക്കമുള്ള രാഷ്ട്രീയപ്പാർട്ടികൾ വിരുദ്ധാഭിപ്രായങ്ങളോട് വളരെയധികം അസഹിഷ്ണുത കാണിക്കുന്നവരാണെന്ന് പറഞ്ഞോട്ടെ. അവർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാൻ എന്ത് ധാർമികാവകാശമാണ് ഉള്ളത്?

Anonymous said...

ഇരട്ടത്താപ്പിനെ മാത്രമാണ് നമ്മള്‍ വിമര്‍ശിക്കുന്നത് , ഇടതിന് അനുകൂലം ആയ വിധി വരുമ്പോള്‍ കോടതി മിശിഹ , പിള്ളയെ ജയിലില്‍ അടക്കുമ്പോള്‍ പരമോന്നത ന്യായപീഠം, ജയരാജന്റെ കാര്യം വരുമ്പോള്‍ കൊണ്ട് തിരിഞ്ഞു , അപ്പോള്‍ കോടതി തോന്യാസം കാട്ടി , കൂട്ടിനു ബീ ജീ പീ കാരന്റെ കമന്റും , അല്ലെങ്കില്‍ ബീ ജീ പി ക്കാരനെ കണ്ടു കൂടാ , എന്താ സജീമേ ഇത് സ്വന്തം സത്വം കളഞ്ഞു കുളിക്കാതെ വെറും പാര്‍ടി കുഴലൂത്തുകാരന്‍ ആകാതെ അയ്യയ്യേ ച്ചെ ച്ചെ ച്ചെ ച്ചെ

ഇ.എ.സജിം തട്ടത്തുമല said...

ഒരു പാർട്ടിയെ പിൻപറ്റുന്നതിനെ കുഴലൂത്ത് എന്നു വിളിക്കുന്നതിൽ അർത്ഥമില്ല. അങ്ങനെയെങ്കിൽ നാം ആരെയൊക്കെ എന്തിനെയൊക്കെ അംഗീകരിക്കുന്നുവോ, പിന്തുണയ്ക്കുന്നുവോ അതിനെയൊക്കെ കുഴലൂത്ത് എന്നു വിളിയ്ക്കേണ്ടിവരും. സി.പി.എമ്മുകാരും ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഒക്കെ പല പല കേസുകളിൽ അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്; ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എല്ലാ വിധികളെയും സി.പി.എം വിമർശിച്ചിട്ടില്ല. വിമർശികുകയുമില്ല. എല്ലാ ജഡ്ജിമാരെയും സി.പി.എം കാടടച്ച ആക്ഷേപിക്കുന്നുമില്ല. ഏതാനും ജഡ്ജിമാരുടെ നീതിബീധമില്ലാത്ത വിധികൾ കാരണം മൊത്തം പേരും പഴി കേൾക്കേണ്ടി വരികയാണ്. അല്ലെങ്കിൽത്തന്നെ കോടതികളെ സി.പി.എം എന്തിനു ശത്രുവായികാണണം? പൊതു പ്രശ്നങ്ങളിൽ നീതി തേടി കോടതിയിൽ എത്തുന്നതു കൂടുതലും സി.പി.എമ്മും അതിന്റെ നേതാക്കളും അല്ലെ? പിള്ളക്കേസും സ്പെക്ട്രം കേസുമൊക്കെ ജയരാജൻ കേസിനോട് താരതമ്മ്യം ചെയ്യുന്നതുതന്നെ തികച്ചും അനുചിതമാണ്. ആർ എന്തൊക്കെ പറഞ്ഞാലും പാതയോര പൊതുയോഗ നിരോധനവും ജാഥാ നിരോധനവും ഒക്കെ ജനാധിപത്യ വിരുദ്ധം തന്നെയാണ്. അതിനെ തിരിത്തിക്കുവാനുള്ള മാന്യമായ എല്ലാ മാർഗ്ഗങ്ങളും തേടാൻ സി.പി.എം മാത്രമല്ല, എല്ലാ രാഷ്ട്രീയ- ജനാധിപത്യപ്രസ്ഥാനങ്ങൾക്കും ബാദ്ധ്യതയുണ്ട്. ഇത് ഒരു സി.പി.എം പ്രശ്നമായി മാത്രം കാണേണ്ട ഒന്നല്ല. ജയരാജനു ലഭിച്ച ശിക്ഷയുടെ ന്യായാന്യായങ്ങൾ സാധാരണ വ്യവഹാരങ്ങളിലൂടെത്തന്നെ അന്വേഷിക്കാവുന്നതാണ്. അതിനുള്ള നിയമപരമായ നടപടികൾ സിപി.എം തുടങ്ങിയിട്ടുമുണ്ട്. സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കുന്നുണ്ട്. ഇത് കേവലം ഒരു ശുംഭൻ വിളിയുടെ പ്രശ്നം അല്ല. ജയരാജന്റെ ശിക്ഷ സംബന്ധിച്ച് മാർക്സിസ്റ്റുകാരല്ലാത്ത പ്രഗൽഭ നിയമജ്ഞരും വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിലെയും മറ്റ് ഇടതിതര സംഘടനകളിലെയും കാര്യവിവരമുള്ള നേതാക്കളൊൽക്കെ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴത്തെ വിവാദ കോടതിവിധികളെക്കുറിച്ച് അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ചെന്നിത്തലമാരല്ല. കോടതിവിധികൾ പലതും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറഞ്ഞിട്ടുണ്ട്. ചെന്നിത്തലമാത്രം ഇങ്ങനെ ആയി പോയത് എന്തുകൊണ്ടെന്ന് ഞാൻ ഇവിടെ വിശദീകരിക്കാത്തത് രാഷ്ട്രീയത്തോടും രാഷ്ട്രെയക്കാരോടും പൊതുവേ ചില ബഹുമാനങ്ങൾ ഉള്ളതുകൊണ്ടാണ്. കോൺഗ്രസ്സിനെ ചെന്നിത്തലയും മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. പക്ഷെ വാക്കുകളിലെ അപക്വതയും അസഹിഷ്ണുതയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ലഭ്യതയ്ക്ക് തടസ്സമായി തീരും. വേറെയും ചുണയുള്ള നേതാക്കൾ കോൺഗ്രസ്സിലുണ്ട്.ഈ മന്ത്രിസഭ വിഴുന്നതിനുമുമ്പ് അഞ്ചാറു ദിവസം ചെന്നിത്തല മുഖ്യമന്ത്രി ആയാൽ ആയി. ഇല്ലെങ്കിൽ പിന്നെ അതൊരു വിദൂര സ്വപ്നം മാത്രമായിരിക്കും.

ഒരു കാര്യം തുറന്നു പറയട്ടെ. ഞാൻ സി.പി.എം കാരനാണ്. എനിക്ക് സി.പി.എം ആകാൻ കഴിയുന്നത് ഇവിടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്.സി,പി.എമ്മിന്റെ മാത്രമല്ല, എല്ലാ രാഷ്ട്രീയക്കാരുടെയും വക്താവായി അറിയപ്പെടാനാണെനിക്കിഷ്ടം. എന്റെ പോസ്റ്റുകൾ അവായിക്കുന്നവർക്ക് അതറിയാം. ഞാൻ പറയാൻ വന്നതിതാണ്. പാതയോരത്തെ പൊതുയോഗ നിരോധനം, ജാഥാ നിരോധനം തുടങ്ങിയ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്ന നിയമ വിധികൾക്കെതിരെ പ്രതികരിക്കാതിരിക്കുന്നവരോട് കടുത്ത പ്രതിഷേധമുണ്ട്. ഇത് എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും ഒരുമിച്ച് നിന്ന് തിരുത്തിക്കേണ്ട ഒന്നാണ്. ജയരാജനും ശുംഭൻ വിളിയുമെല്ലാം ജ്യരാജനും,പാർട്ടിയും നോക്കിക്കൊള്ളും. അത് വേറെ വിഷയം.

karimeen/കരിമീന്‍ said...

ഇടതിന് അനുകൂലം ആയ വിധി വരുമ്പോള്‍ കോടതി മിശിഹ , പിള്ളയെ ജയിലില്‍ അടക്കുമ്പോള്‍ പരമോന്നത ന്യായപീഠം, ജയരാജന്റെ കാര്യം വരുമ്പോള്‍ കൊണ്ട് തിരിഞ്ഞു , അപ്പോള്‍ കോടതി തോന്യാസം കാട്ടി

സി.പി.എം.കോടതികളെ വിമര്‍ശിച്ചത് ഏതൊക്കെ വിധികളിലാണ് . 1, സ്വാശ്രയ കോളേജ് കേസില്‍ വിധിപറയുന്നതിന് തലേ ദിവസം സ്വാശ്രയ മാനേജ് മെന്റിന്റെ സല്‍ക്കാരത്തില്‍ കോഴിക്കാല്‍ കടിച്ച് പിടിച്ച് അവര്‍ക്കനുകൂലമായി നല്‍കിയ വിധി. 2,പ്ലാച്ചിമടയിലെ കുടിവെള്ളം മുഴുവന്‍ ഊറ്റിയെടുക്കാന്‍ കൊക്കൊ കോളയെ അനുകൂലിച്ച് നടത്തിയ വിധി.(11 മണിക്ക് കോടതി വിധി പ്രഖ്യാപിച്ചു. 9 മണിക്ക് തന്നെ കോടതിവിധിയില്‍ നന്ദി രേഖപ്പെടുത്തി കൊക്കൊകോള കമ്പനി നോട്ടീസ് വിതരണം ചെയ്തു.) 3. ഇപ്പൊ രാഷ്ടീയ പാര്‍ട്ടികള്‍ക്ക്, (സി.പി.എമ്മിന് മാത്രമല്ല) റോഡരികില്‍ (റോഡിലല്ല) പൊതുയോഗം നടത്തുന്നതിന് എതിരെയുള്ള വിധി.

ഇതില്‍ ഏതാണ് ഇടതിന് വിരുദ്ധമായിട്ടുള്ള വിധി. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് എതിരായുള്ള വിധികളാണ്. ഇവയെ ഒന്നിച്ച് എതിര്‍ക്കേണ്ടതായിരുന്നു എല്ലാ പാര്‍ട്ടികളും.

സി.പി.എം.എന്ന രാഷ്ട്രീയ പാര്‍ട്ടിയെ തെരെഞ്ഞ് പിടിച്ച് കോടതി എതിരായി വിധിച്ചിട്ടുണ്ട്.അന്നൊന്നും അതിനെ ആരും എതിര്‍ത്തിട്ടില്ല.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ ഒരു ഭരണമുണ്ടോ എന്ന് അട്ടഹസിച്ച കേരള ഹൈക്കോടതിയെ സുപ്രീം കോടതി താക്കീത് ചെയ്യുകയുണ്ടായി. അന്നാരും കോടതിക്കെതിരെ തെരുവിലിറങ്ങിയില്ല.

ഇ.എ.സജിം തട്ടത്തുമല said...

നന്ദി കരിമീൻ, അതിലെ ഏതാനും വരികൾ ഒന്നു കൂടി പകർത്തുന്നു

“സി.പി.എം.കോടതികളെ വിമര്‍ശിച്ചത് ഏതൊക്കെ വിധികളിലാണ് . 1, സ്വാശ്രയ കോളേജ് കേസില്‍ വിധിപറയുന്നതിന് തലേ ദിവസം സ്വാശ്രയ മാനേജ് മെന്റിന്റെ സല്‍ക്കാരത്തില്‍ കോഴിക്കാല്‍ കടിച്ച് പിടിച്ച് അവര്‍ക്കനുകൂലമായി നല്‍കിയ വിധി. 2,പ്ലാച്ചിമടയിലെ കുടിവെള്ളം മുഴുവന്‍ ഊറ്റിയെടുക്കാന്‍ കൊക്കൊ കോളയെ അനുകൂലിച്ച് നടത്തിയ വിധി.(11 മണിക്ക് കോടതി വിധി പ്രഖ്യാപിച്ചു. 9 മണിക്ക് തന്നെ കോടതിവിധിയില്‍ നന്ദി രേഖപ്പെടുത്തി കൊക്കൊകോള കമ്പനി നോട്ടീസ് വിതരണം ചെയ്തു.) 3. ഇപ്പൊ രാഷ്ടീയ പാര്‍ട്ടികള്‍ക്ക്, (സി.പി.എമ്മിന് മാത്രമല്ല) റോഡരികില്‍ (റോഡിലല്ല) പൊതുയോഗം നടത്തുന്നതിന് എതിരെയുള്ള വിധി. “

ജയിംസ് സണ്ണി പാറ്റൂർ said...

ഭരണകൂടത്തിന്റെ(ഏതും) ഗൗരവതരമായ
തെറ്റുകള്‍ കാണുമ്പോള്‍ തെരുവിലിറങ്ങി
പ്രതിഷേധിക്കാനും ,ഇങ്കിലാബു വിളിക്കാനും
ഭരണകൂടത്തെ , പതഞ്ഞു പൊന്തുന്ന ആത്മ
രോഷത്തോടെ കൂക്കി വിളിക്കാനും സ്വാതന്ത്ര്യ
മില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം. അതിനു
തെരുവല്ലാതെ വേറെ സ്ഥലം കണ്ടെത്തണമെന്നു
പറഞ്ഞാല്‍ ഇതെന്താ പ്രാഥമിക കൃത്യത്തിനു
പോകുന്ന ഗോപ്യമായ പ്രക്രിയയാണോ മാളോരെ .

Echmukutty said...

ജെയിംസിന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്.

സുബൈദ said...

ശ്രീ സി രവിചന്ദ്രന്റെ ഭ്രൂണോപാസന എന്ന പോസ്റ്റിനോടുള്ള പ്രതികരണം

അനില്‍കുമാര്‍ . സി. പി. said...

ഇന്നത്തെ പത്രവാര്‍ത്തയില്‍ കണ്ടത്‌ കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിതമാകും എന്ന് തോന്നുന്നു -

"കാപട്യവും അഹംഭാവവും രഹസ്യാത്മകതയുമെല്ലാം ചേര്‍ന്ന ഒട്ടനവധി പാപങ്ങളുടെ പിടിയിലാണ് ഉന്നത നീതിപീഠങ്ങളെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റുമാപാല്‍ ..."