നീസാ വെള്ളൂരിന് ആദരാഞ്ജലികൾ !
കുഞ്ഞു ബ്ലോഗ്ഗർ നീസാ വെള്ളൂർ മരണപ്പെട്ടു. ഹാഷിമിന്റെ മെയിൽ വഴിയാണ് അത്യധികം ദു:ഖകരമായ ഈ വാർത്ത അറിഞ്ഞത്. കൊട്ടോട്ടിയിൽ നിന്നാണ് ഹാഷിമിന് നീസയുടെ മരണവിവരം അറിവായതത്രേ.
മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ ബ്ലഡ് കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഏറെ നാളായി രോഗാതുരയായിരുന്നെങ്കിലും ഈ കുഞ്ഞനുജത്തിയുടെ പെട്ടെന്നുള്ള മരണ വാർത്തയോട് പൊരുത്തപ്പെടാൻ മനസ്സ് വല്ലാതെ പ്രയാസപ്പെടുന്നു.
ഇന്നലെയും നിലാമഴകൾ എന്ന് പേരുള്ള അവളുടെ ബ്ലോഗിൽ പോയി കവിതകൾ വായിച്ച് കമന്റിട്ടതാണ്. എന്നിട്ട് പിറ്റേന്നുതന്നെ ആ പൊന്നുമൊളെ മരണം കൊണ്ടുപോയി എന്നറിയുമ്പോൾ അങ്ങനെയൊരു അപ്രിയ സത്യത്തെ എങ്ങനെയാണ് ഒന്ന് ഉൾക്കൊള്ളാവാവുക! മരണം ഒരു മിഥ്യയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.
എല്ലാവരെയും പോലെ അവൾക്കും ഉണ്ടായിരുന്നിരിക്കുമല്ലോ ഓരായിരം വർണ്ണ സ്വപ്നങ്ങൾ. ഇനിയും ഓരായിരം കവിതകൾ രചിക്കുവാൻ ഈ കുഞ്ഞു കവയത്രിയുടെ മനസ്സ് എത്രയോ കൊതിച്ചിരിക്കണം! രോഗാവസ്ഥകളോട് പൊരുതുമ്പോഴും ഗഹനങ്ങളായ സ്വന്തം കവിതകൾകൊണ്ട് വളരെ ചുരുങ്ങിപ്പോയ തന്റെ ജീവിതകാലത്തെ എന്നേയ്ക്കുമായി ഈ കുഞ്ഞ് സഹോദരി അടയാളപ്പെടുത്തിയിരുന്നു.
മോളേ, പ്രായത്തിനു താങ്ങാനാകാത്ത കൊടിയ രോഗാവസ്ഥകളോട് പൊരുതി, കൊടിയ വേദനകളിലും, സഹനത്തിന് കവിതകൊണ്ട് കൈയ്യൊപ്പ് ചാർത്തി, കരുത്ത് കാട്ടിക്കൊണ്ടിരുന്ന നിന്റെയുള്ളിലെ നിശബ്ദമായ നിലവിളികൾ കേട്ട് നമ്മൾ പലപ്പോഴും നടുങ്ങിയിട്ടുണ്ട്. ആ ദൈന്യമാർന്ന നിലവിളികൾ നമ്മുടെ ചങ്കുപൊട്ടിയ്ക്കുമ്പോൾ അണപൊട്ടിയൊഴുകുമായിരുന്ന കണ്ണുനീരിനെ നീ കാണാതെ നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ തടഞ്ഞുവച്ചിരുന്നു. ഇപ്പോൾ അത് അണമുറിഞ്ഞിരിക്കുന്നു.
പക്ഷെ നീസാ മോൾ എന്നും നമ്മോടൊപ്പമുണ്ട്. അവളുടെ കണ്ണുകളെ കാലം കൂട്ടിയടച്ചെങ്കിലും ആ കാലത്തിനുതന്നെയും അവൾക്കുനേരേ കണ്ണടയ്ക്കാനാകില്ല. കാരണം അവളുടെ കവിതകൾ കാലത്തിനുനേർക്ക് എന്നും കൺചിമ്മി സംവദിച്ചുകൊണ്ടിരിക്കും.
ഇനി നമ്മുടെ കുഞ്ഞനുജത്തിയ്ക്ക്, പൊന്നു മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളും, അവളുടെ ഓർമ്മകളെ എന്നെന്നും നമ്മുടെ ഹൃദയങ്ങളോട് ചേർത്തുവയ്ക്കുമെന്നൊരുറപ്പുമല്ലാതെ നമ്മൾ നിസഹായരായ ഈ മനുഷ്യ ജന്മങ്ങൾക്ക് ഇനിയെന്താണ് ചെയ്യാൻ കഴിയുക! കുഞ്ഞ് കവയത്രിയും ബ്ലോഗ്ഗറുമായ നീസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ !
14 comments:
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികള്‍....
നീസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
കുഞ്ഞനിയത്തിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
പ്രാര്‍ത്ഥനകളോടെ....
പ്രാർത്ഥനകൾ...പ്രാർത്ഥനകൾ മാത്രം..!!
കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു..
പ്രാർഥന മാത്രം.....
arivukal varunnathu thamasichchanu......aadaranjalikal
കുഞ്ഞനിയത്തിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികള്‍.......... പ്രാർത്ഥനയോടെ ...
പ്രാര്‍ത്ഥനകള്‍..
ആദരാഞ്ജലികള്‍....
കുഞ്ഞനുജത്തിയുടെ ആത്മാശാന്തിക്കായി പ്രാര്ധിക്കുന്നു...
നീസയുടെ ബ്ലോഗ് ഒരിക്കൽ പോലും എനിക്ക് സന്ദർശിക്കാൻ തോന്നിയില്ലല്ലോ എന്നോർക്കുമ്പോൾ വേദന തോന്നുന്നു.
കണ്ണീരോടെ ആദരാഞ്ജലികൾ !
അകാലത്തില്‍ കൊഴിഞ്ഞ കുരുന്നു പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
നിസാ മോള്‍ക്ക് ആദരാഞ്ജലികള്‍ ...ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥനകളോടെ .......
ആ മോള്‍ക്ക് ആദരാഞ്ജലികള്‍
Post a Comment