Tuesday, December 12, 2023
കിളിമാനൂർ ജില്ലയും തട്ടത്തുമല ഗ്രാമപഞ്ചായത്തും വേണം
Sunday, July 16, 2023
നീയില്ലാതെ രണ്ട് വർഷം
അനിയത്തി. 2021 ജൂലൈ 9 നായിരുന്നു. വർഷം രണ്ട് കഴിയുന്നു. എന്റെ ജീവിതത്തിലെ എക്കാലത്തെയും വലിയ നഷ്ടം, ദുഃഖം അങ്ങനെയെന്നെ കടന്നുപോയി. അതിലും വലുത് എനിക്കിനി വരാനില്ല. എനിക്ക് ജീവിതത്തോട് തന്നെ തീരെ വിരക്തി തോന്നിത്തുടങ്ങിയ ദിവസത്തിന്റെ ഓർമ്മദിനം കൂടിയാണത്. അവളോളം പ്രാധാന്യം അന്നുമിന്നുമിനിയെന്നും എന്റെ ജീവിതത്തിൽ വേറെയില്ല. ഉമ്മാ, വാപ്പ ഇവരെല്ലാം എനിക്ക് അവൾക്ക് താഴെയെ ഉള്ളൂ എന്ന് പറയാൻ പോലും എനിക്ക് മടിയില്ല. ഞാൻ ജീവിച്ചിരിക്കെ അവൾ പോയി എന്നതാണ് എന്നെ ഏറ്റവും അലോസരപ്പെടുത്തുന്നത്. ഏത് അളവുകോൽ വച്ച് നോക്കിയാലും എന്നെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കേണ്ടത് അവളായിരുന്നു. അത്രത്തോളം അർത്ഥം, പ്രധാന്യം ഞാൻ എന്റ ജീവിതത്തിന് ഒരിക്കലും കല്പിക്കുന്നില്ല. ഏത് സന്തോഷത്തിലും ഉള്ളിലൊരു തീനോവായി എന്നുമെപ്പോഴും അവൾ കൂടെയുണ്ട്. ആ നോവൊഴിഞ്ഞ ഒരു നിമഷവും ഞാൻ ആഗ്രഹിക്കുന്നുമില്ല. അവളെക്കുറിച്ചോർത്ത് , ആ അകാല നഷ്ടത്തെയോർത്ത് എനിക്ക് എന്നും സങ്കടപ്പെട്ടുകൊണ്ടേയിരിക്കണം.......
Saturday, April 22, 2023
"ക്ഷമ നമ്മെ സ്വയം പ്രതിരോധിക്കുന്നു."
"ക്ഷമ നമ്മെ സ്വയം പ്രതിരോധിക്കുന്നു."
നിയമവും സമൂഹവും
നിയമവും സമൂഹവും
Saturday, April 1, 2023
തട്ടത്തുമല ഭഗവതി ക്ഷേത്രം
തട്ടത്തുമല ഭഗവതി ക്ഷേത്രം
തട്ടത്തുമല ജംഗ്ഷനിൽ നിന്ന് വടക്ക് കിഴക്ക് മുകളിലേയ്ക്ക് നോക്കുമ്പോൾ ഉയരത്തിൽ കാണുന്ന പാറയും ഭഗവതി ക്ഷേത്രവും. പണ്ടിത് ആയിരവില്ലി പാറയെന്നാണറിയപ്പെട്ടിരുന്നത്. കല്ലുകൾ കൂട്ടി വച്ച് സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചിരുന്ന ഒരു ചെറിയ ആരധനാ സ്ഥലമായിരുന്നു. ഹിന്ദുക്കൾ മാത്രമല്ല പരിസരത്തുള്ള മുസ്ലിങ്ങളും ഇവിടെ വിളക്ക് കത്തിച്ചിരുന്നു. പരിസരവസികളായ മുസ്ലിങ്ങളും അക്കാലത്ത് ഇതിൻ്റെ ദൈനംദിന നടത്തിപ്പിൽ സജീവമായി പങ്കെടുത്തിരുന്നു. അവിടുത്തെ ഉച്ചഭാഷിണിയിലൂടെ അതിനടുത്തു താമസിച്ചിരുന്ന മുസ്ലിം യുവാക്കളും അറിയിപ്പുകൾ പറഞ്ഞിരുന്നു. അവരുടെ ശബ്ദം തട്ടത്തുമല പരിസരവാസികളെല്ലാം കേൾക്കുന്നതിലെ ഉൾപുളകം അവർ അനുഭവിച്ചിരുന്നു.
ഈ പാറയ്ക്ക് താഴെയുള്ള ഞങ്ങളുടെ കുടുംബ വീട്ടിൽ ( വാപ്പയുടെ ) താമസിക്കുമ്പോൾ എൻ്റെ ഉമ്മയും അവിടെ പോയി വിളക്ക് കത്തിച്ചിട്ടുണ്ട്. അങ്ങനെയൊരു ദിവസമാണ് ഈ പാറയിൽ ഞാനാദ്യമായി പോകുന്നത്. കുട്ടിക്കാലത്ത് നമ്മുടെ ഒരു വിഹാര കേന്ദ്രമായിരുന്നു ഈ പാറ. ഇതിൻ്റെ താഴെ നിന്നും മുകളിലേയ്ക്ക് കയറിയും ഇറങ്ങിയും ടെൻസിംഗ്-ഹിലാരി കളിക്കൽ നമ്മൾ കുട്ടികളുടെ അക്കാലത്തെ സാഹസിക വിനോദമായിരുന്നു. നമ്മൾ ആരും കെണഞ്ഞടിച്ച് വീണ് തലപൊട്ടി ചാകാതിരുന്നത് അക്കാലത്തെ മഹാദ്ഭുതങ്ങളിൽ ഒന്നായി ചരിത്ര രേഖകളിൽ പറയുന്നുണ്ട്. പാറക്കല്ലുകൾ അടുക്കിക്കെട്ടി വച്ചിരുന്ന വെറും ഒരു വിളക്ക് വയ്ക്കൽ സ്ഥലമായിരുന്നെങ്കിലും വല്ലപ്പോഴും ചില വർഷങ്ങളിൽ അവിടെ ഉത്സവം നടത്തിയിരുന്നു. തട്ടത്തുമലയിലെ പുരോഗമനവാദികളായ ചെറുപ്പക്കാർക്ക് സാംബശിൻ്റെയോ മറ്റോ കഥാപ്രസംഗമോ അവർ ഇഷ്ടപ്പെടുന്ന നാടകങ്ങളോ ഒക്കെ വയ്ക്കണമെന്ന് തോന്നുമ്പോഴായിരുന്നു അവിടെ ഉത്സവം നടത്തിയിരുന്നത്. മാർക്സിസ്റ്റുകാരുടെ ഉത്സവസ്ഥലമെന്നാണ് അക്കാലത്ത് പലരും ഈ തട്ടത്തുമല ആയിരവില്ലിപ്പാറയെ വിശേഷിപ്പിച്ചിരുന്നത്.
ഈ പാറയുടെ ഒരു വശത്തിന് അഭിമുഖമായി താഴെ എം.സി.റോഡിന് അരികിലുള്ള ദളിദ് കോളനിയിലെ തലമുതിർന്ന ഏതെങ്കിലും ഒരാളിൽ നിന്ന് ഒരു രൂപ സംഭാവന വാങ്ങി ഉത്സവപ്പിരിവ് ഉദ്ഘാടനം ചെയ്യുന്ന ആചാരം നിലവിലിരുന്നു. ഒരു തവണത്തെ കാര്യം എനിക്ക് ഓർമ്മയുണ്ട്. പിന്നീട് ആ പതിവുണ്ടോന്ന് അറിവില്ല. പറണ്ടക്കുഴിയും പാറക്കടയുമൊന്നും അക്കാലത്ത് ഇന്നത്തെപ്പോലെ തട്ടത്തുമലയിൽ നിന്ന് വേറിട്ട സ്വതന്ത്ര നഗരങ്ങൾ ആയിരുന്നില്ല. തട്ടത്തുമല നഗരസഭയുടെ ഭാഗമായിരുന്നു ചുറ്റുമുള്ള പ്രദേശങ്ങൾ ഒക്കെ. പിൽക്കാലത്ത് പറണ്ടക്കുഴി- ശാസ്താംപൊയ്ക രാജാക്കന്മാർ സംയുകത സൈന്യത്തിൻ്റെ സഹായത്തോടെ രക്തരഹിതമായ വിപ്ലവങ്ങളിലൂടെ ആയിരവില്ലി പാറപിടിച്ചടക്കി പ്രശ്നം വച്ച് ക്ഷേത്രം പുനരുദ്ധരിച്ച് ഭഗവതിയെ കുടിയിരുത്തി ഇന്നത്തെപ്പോലെ മനോഹരമായ ക്ഷേത്ര നിർമ്മിതിയാക്കി മാറ്റുകയായിരുന്നു.
തട്ടത്തുമലയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ രാത്രി പുലർച്ചെ ഈ പാറയുടെ മുകളിലിരുത്ത് തട്ടത്തുമല നഗരവും പരിസരവും നോക്കിക്കാണണം. മൂന്നാറും പൊന്മുടിയുമൊന്നും തട്ടത്തുമലയുടെ ഏഴയലത്ത് വരില്ല. പക്ഷെ ഈ തട്ടത്തുമല ഭഗവതിപ്പാറയിലിരുന്ന് നോക്കണം.
ഇത്രയും പെരുപ്പിച്ചെഴുതി ഒപ്പു ചാർത്തി പുളകിതനായിക്കൊണ്ട് ഈ പ്രദേശത്തെന്നല്ല മറ്റെവിടെയും കരംതീരുവയില്ലാത്ത ഒരു കാഴ്ചക്കാരൻ-ഇ.എ.സജിം, (വിശ്വ പൗരാനന്ദൻ!) - ഒപ്പ്.
Saturday, September 18, 2021
അണ്ടിജിഹാദ്!
Thursday, September 2, 2021
കാലാന്തര കൗതുകങ്ങൾ
Friday, July 30, 2021
നിഹിദയ്ക്ക് മികച്ച വിജയം
നിഹിദയ്ക്ക് മികച്ച വിജയം

2021 ജൂലൈ 9 ന് അവരുടെ ഉമ്മച്ചി,
എൻ്റെ സഹോദരി വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. മക്കളുടെ പഠനത്തിന്
മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി പ്രോത്സാഹിപ്പിച്ച് എന്നും എപ്പോഴും
കൂട്ടായി നിന്ന നമ്മുടെ കുടുംബത്തിൻ്റെ സ്നേഹനിധിയായ അവരുടെ മാതാവിൻ്റെ
ഓർമ്മയ്ക്കു മുന്നിൽ നിഹിദയുടെ മികച്ച പരീക്ഷാ ഫലം സമർപ്പിക്കുന്നു.
അകാലത്തിൽ പൊലിഞ്ഞ ആ ദീപത്തിൻ്റെ ഇനിയുമണയാത്ത വെളിച്ചത്തിലിരുന്നല്ലാതെ ഈ
പരീക്ഷാ ഫലം നമുക്ക് നോക്കിക്കാണാനാകില്ലല്ലോ!
Saturday, July 17, 2021
ഓർമ്മകൾ ഇനിയും ഉണർന്നു കൊണ്ടേയിരിക്കും
ക്ഷമിക്കുക! സർജറിയുടെയും ചികിത്സകളുടെയും നാൾവഴികളിൽ രക്ഷപ്പെടുമോ രക്ഷപ്പെടുമോ എന്ന ഇടയ്ക്കിടെയുള്ള നിൻ്റെ ചോദ്യങ്ങൾക്ക് അവസാനത്തെ ഒരു മാസം മുമ്പ് വരെയും രക്ഷപ്പെടും രക്ഷപ്പെടും എന്നു പറഞ്ഞ് ഉറപ്പു തന്നത് സത്യമായിരുന്നു. കുറയുന്ന അസുഖമാണെന്ന് ഡോക്ടർമാർ പറഞ്ഞത് ശരി തന്നെയായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ, പ്രതിക്ഷയോടെ തന്നെയാണത് പറഞ്ഞത്.
പക്ഷെ സഹനത്തിൻ്റെ ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷം രോഗനിലയറിയാൻ ആ വലിയ പെറ്റ് സ്കാൻ എടുത്ത ശേഷം, ഞാൻ നിന്നോട് പറഞ്ഞതിൽ പലതും അനിവാര്യമായ കള്ളമായിരുന്നു. അതുവരെയെന്ന പോലെ സഹനശക്തിയുടെ പരമാവധിയെയും വെല്ലുവിളിക്കുന്ന കഠിനമായ വേദനകളെ നേരിടാൻ അതിജീവിക്കുമെന്ന പ്രത്യാശ നിന്നിൽ കെടാതെ നിൽക്കേണ്ടത് അനിവാര്യതയായിരുന്നു.
ചെയ്ത കീമോ കൾ അപര്യാപ്തമായിരുന്നെന്നും റേഡിയേഷൻ്റെ സാദ്ധ്യതകൾക്കപ്പുറം അസുഖം സ്പ്രെഡായെന്നും ശക്തമായ കീമോ മാത്രമാണ് പ്രതിവിധിയെന്നും ഡോക്ടർമാർ വിധിക്കുമ്പോഴും അസുഖം കുറയുമെന്ന ഉറപ്പ് ഡോക്ടർമാരുടെ വാക്കുകളിലുമുണ്ടായിരുന്നില്ല. പക്ഷെ വീണ്ടും ശക്തമായ കീമോ തുടരാൻ കഴിയും വിധം ആരോഗ്യം ക്ഷയിച്ച അവസ്ഥയിൽ നിന്നും നീ വീണ്ടും അതിജീവിച്ചുവരുമെന്ന പ്രതീക്ഷ നമ്മൾ പൂർണ്ണമായും കൈവിട്ടിരുന്നില്ല.
ഒരു മിറക്കിളിലായിരുന്നു പിന്നെ എല്ലാവരിലും പ്രതീക്ഷ. ഉറപ്പില്ലാത്ത ആ പ്രത്യാശയിൽ നിന്നു കൊണ്ട്, കീമോ വീണ്ടും തുടരാൻ കഴിഞ്ഞാലും രോഗത്തെ അതിജീവിക്കുമെന്ന ഉറപ്പില്ലായ്മ മറച്ചു വച്ചു കൊണ്ട് നിനക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഒരു പാട് കർത്തവ്യങ്ങൾ ബാക്കി നിൽക്കുന്ന നിൻ്റെ ജീവിതം കൈവിട്ടു പോകുമെന്നത് നിനക്ക് ചിന്തിക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു. ആർ.സി.സിയിൽ അവസാനം പോയ ദിവസം നീ പോലുമറിയാതെ നൽകിയ മോർഫിൻ ഇഞ്ചക്ഷൻ്റെ സുഖം പറ്റി വീട്ടിലേയ്ക്കുള്ള ആ ആംബുലൻസ് യാത്രയെ പറ്റി നല്ല യാത്രയായിരുന്നു, സുഖമായിരുന്നു എന്ന് നീ പറയുമ്പോൾ എൻ്റെ മനസ്സ് അണകെട്ടി നിർത്തിയ ഒരു കണ്ണീർ കടലായിരുന്നു.
അവസാനം കൗണ്ട് കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും വേദന കുറയ്ക്കാനുമെന്നു പറഞ്ഞ് നൽകിയ ഇഞ്ചക്ഷനുകൾ മോർഫിനല്ലെങ്കിലും വേദനയ്ക്ക് ശമനമുണ്ടാകാൻ വേണ്ടി മാത്രമുള്ളതാണെന്നതായിരുന്നു നിന്നോട് പറയാതിരുന്ന മറ്റൊരു സത്യം. അതു കൊണ്ടു തന്നെ അവസാനിമിഷം വരെയും പ്രത്യാശ നഷ്ടപ്പെടാതെ വേദനകളോടും രോഗത്തോടും അടിപതറാതെ പൊരുതാൻ നിനക്ക് കഴിഞ്ഞു.
വാക്കുകൾക്കതീതമായ കൊടിയ വേദനകൾക്കും രോഗങ്ങൾക്കും ഒടുവിൽ നിൻ്റെ രോഗത്തിനു നിൻ്റെ ജീവനെടുക്കാൻ കഴിഞ്ഞു. പക്ഷെ നിന്നെ തോല്പിക്കാൻ കഴിഞ്ഞില്ല. തോല്പിക്കാൻ കഴിയാത്ത ശത്രുവിനെ കുതന്ത്രങ്ങൾ കൊണ്ട് കൊന്നു ജയിക്കുന്ന ശത്രുവിനയാന് നിൻ്റെ മരണത്തിൽ ഞാൻ കണ്ടത്. പൊരുതി പൊരുതി ഒടുവിൽ നീ മരണത്തിൻ്റെ അത്യാഗ്രഹത്തിനു കീഴ്പെട്ടു കൊടുത്തു എന്നേ ഞാൻ പറയൂ.
സ്വന്തം ജീവിതത്തിൻ്റെ നാൾവഴിപരിസരങ്ങളിൽ നിന്നും നീ ആർജ്ജിച്ചെടുത്ത സഹനശക്തിയുടെ കരുത്ത് മുഴുവൻ പുറത്തെടുത്ത് നീ നടത്തിയ പോരാട്ടങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനകളോടെ, നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച് എൻ്റെ മനസ്സ് ഒടുവിലൊടുവിൽ കല്ലായി മാറിയിരുന്നു എന്നത് നീയും മനസ്സിലാക്കിയിരുയിരുന്നോ എന്നറിയില്ല. എങ്കിലും നിൻ്റെ അവസാനശ്വാസം വരെ നിൻ്റെയൊപ്പം നിന്നു പരിചരിക്കാൻ കഴിഞ്ഞു എന്നുള്ളതു മാത്രമാത്രമാണ് നമുക്ക് എല്ലാം ആശ്വാസമായുള്ളത്.
നീ അനുഭവിച്ച വേദനകൾക്കും രോഗത്തിനും പകരം നൽകാൻ ചികിത്സകളും പരിചരണവുമല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിയുക? ജീവൻ്റെ വിലയെന്താണെന്ന്, ജീവിക്കാനള്ള ഒരു മനുഷ്യൻ്റെ ആഗ്രഹമെന്താണെന്ന് എനിക്ക് നല്ല മുന്നറിവും അനുഭവങ്ങളുമുണ്ട്. അല്ലെങ്കിൽ തന്നെ ഒരുറുമ്പിനെ പോലും നോവിക്കാനിഷ്ടപ്പെടാത്ത, പുറത്ത് പറ്റുന്ന ഒരീച്ചയെ പോലും കൊല്ലാതെ ഊതി വിടുന്ന ഒരു പിതാവിൻ്റെ മക്കളായ എന്നെയും നിന്നെയും ജീവൻ്റെ വില- അതാരും പഠിപ്പിക്കേണ്ടല്ലോ.
ആ അവസാന ദിവസം എനിക്ക് മരിച്ചാൽ മതിയെന്ന് നിന്നെക്കൊണ്ട് പറയിച്ചത് ആ വേദനകളാണ്. അല്ലാതെ ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ തന്നെ ജീവിക്കാൻ ആഗ്രഹമില്ലാതെ മരിച്ച ആരെങ്കിലുമുണ്ടാകുമോ ലോകത്ത് ? സ്വയം ജീവനൊടുക്കിയവർ പോലും ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറ്റ് നിവൃത്തികൾ ഇല്ലെന്ന ശരിയോ തെറ്റോ ആയചിന്തയിലാണ് സ്വയം ജീവനൊടുക്കുന്നതു പോലും! .വേദനകളില്ലാത്ത ലോകത്തിലേക്കാണ് നീ പോയതെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. നിന്നെക്കാൾ കുറഞ്ഞ പ്രായത്തിലേ മരിച്ചവരെയോർത്ത് ഞാൻ സമാധാനിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മരിക്കാത്തവരില്ലെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. ഞാനുമൊരിക്കൽ മരിക്കുമെന്നോർത്ത് സമാധാനിക്കുന്നു. അതെ, മരണത്തിൻ്റെ കാര്യത്തിൽ നീ ഒറ്റയ്ക്കല്ല, അതെല്ലാവർക്കും സംഭവിക്കുന്നതാണെന്നോർത്ത് ഞങ്ങൾ എല്ലാവരും സമാധാനിക്കാൻ ശ്രമിക്കുന്നു. അതെ, ശ്രമിക്കുന്നതേയുള്ളു!
Wednesday, July 14, 2021
എൻ്റെ സഹോദരി ഇ.എ.സജീന ഓർമ്മയായി
എൻ്റെ അനിയത്തി പോയി
സ്നേഹസ്വരൂപയായ എൻ്റെ സഹോദരി ഇ.എ.സജീന 9-7-2021 വെള്ളിയാഴ്ച മരണപ്പെട്ടു. ഞങ്ങളുടെ ദു:ഖത്തിൽ വീട്ടിലെത്തിയും ഫോൺ മുഖാന്തരവും സോഷ്യൽ മീഡിയകൾ വഴിയും പങ്കുചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. അവളുടെ രോഗനിർണ്ണയം മുതൽ വിവിധ ഘട്ടങ്ങളിൽ രോഗവിമുക്തിക്കായി വിവിധ ആശുപത്രികളിൽ ആത്മാർത്ഥമായ സേവനം നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും നന്ദി അറിയിക്കുന്നു.
അവളുടെ സഹനത്തിൻ്റെ നാളുകളിൽ പലവിധത്തിൽ ഞങ്ങൾക്ക് ആശ്വാസമേകുകയും മനക്കരുത്ത് നൽകയും ചെയ്ത എല്ലാ ബന്ധുക്കൾക്കും സൗഹൃദങ്ങളുടെ കരുതലും കരുത്തും കരുണയും അക്ഷരാർത്ഥത്തിൽ കാട്ടിത്തന്ന എൻ്റെയും അവളുടെയും സുഹൃത്തുക്കൾക്കൊക്കെയും നന്ദി. പല ഘട്ടങ്ങളിലായി തിരുവനന്തപുരം കിംസ്, തിരുവനന്തപുരം ആർ സി സി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, കാരേറ്റ് പ്രോകെയർ, നിലമേൽ സി.എം , കിളിമാനൂർ സരള, കെ.റ്റി.സി.റ്റി കടുവയിൽ, പല മാർഗ്ഗോപദേശങ്ങളും ആശ്വാസ ചികിത്സകളും നൽകിയ സുഹൃത്തുക്കക്കളും കുടുംബ ബന്ധുക്കളുമായ ഹോമിയോ ഡോക്ടർമാ തുടങ്ങി വിവിധ ആശുപത്രികളിൽ വിവിധ ശുശ്രൂഷകളും സേവനങ്ങളും നൽകിയ എല്ലാവർക്കും നന്ദി! വേദനകളില്ലാത്ത ലോകത്തിരുന്ന് അവളും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നുണ്ടാകും!
എനിക്ക് അവൾ അദ്ഭുതവും അഭിമാനവുമാണ്. അതിജീവനത്തിൻ്റെ സമാനതകളില്ലാത്ത കരുത്തുകാട്ടി അവളെവരിഞ്ഞുമുറുക്കിയ രോഗത്തോടും കൊടിയ വേദനനകളുടെ ക്രൂരതാണ്ഡവങ്ങളോടും നിർഭയം പൊരുതി പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പെട്ടത്. അവളെ ഗ്രസിച്ച രോഗപീഡകൾ അവളോട് ജയിച്ചതല്ല. മരണമെന്ന അവസാനത്തെ ആയുധമെടുത്തു മാത്രമാണ് രോഗത്തിനും വേദനകൾക്കും അവളെ തോല്പിക്കാനായത്. കൊല്ലാം പക്ഷെ തോല്പിക്കാനാകില്ലെന്ന് അത്രമേൽ രോഗപീഡകൾ ദുർബലമാക്കിയ ശരീരം കൊണ്ടു പോലും തെളിയിച്ച ശേഷമാണ്, ഉൾക്കരുത്തോടെ പൊരുതിപ്പൊരുതിയാണ് ഒടുവിലവൾ മരണത്തിനു കീഴ്പ്പെട്ടു കൊടുത്തത് !
Saturday, July 10, 2021
എൻ്റെ ദീപം പൊലിഞ്ഞു
Sunday, June 27, 2021
ഷാഹിദാ കമാലും ഡോക്ടറേറ്റും
ഷാഹിദാ കമാലും ഡോക്ടറേറ്റും
ഷാഹിദാ കമാലിനെയെന്നല്ല ഒരു രാഷ്ട്രീയ സെലിബ്രിറ്റികളുമായും നേരിട്ട് പരിചയമൊന്നുമില്ല. പക്ഷെ അവരോടെല്ലാം ബഹുമാനമുണ്ട്. ഷാഹിദാ കമാലിനോട് ഇഷ്ടവും ബഹുമാനവും ഏറെയുണ്ട്. അവർക്ക് ഏതോ ഡോക്ടറേറ്റ് കിട്ടിയെന്നറിഞ്ഞു. സന്തോഷം. ഉള്ള് നിറഞ്ഞ അഭിനന്ദനങ്ങൾ! എന്നാൽ രാഷ്ട്രീയമുൾപ്പെടെ പൊതുപ്രവർത്തനം നടത്തുന്നവർക്ക് അലങ്കാരമായി എൽ.എൽ.ബിയും ഡോക്റേറ്റും മറ്റ് ഏതെങ്കിലും വലിയ വിദ്യാഭ്യാസ യോഗ്യതയുടെ കനവും വേണമെന്ന അലിഖിതനിയമം ചില തല്പരകക്ഷികൾ സ്വയം നിർമ്മിച്ച് കൊണ്ടു നടക്കുന്നുണ്ട്. അതംഗീകരിക്കാനാകില്ല. അതൊക്കെയങ്ങ് പള്ളിയിലോ ചർച്ചിലോ അമ്പലത്താലോ എവിടാന്നു വച്ചാൽ ചെന്ന് പറഞ്ഞാൽ മതി.
ഷാഹിദാ കമാലിനെ പോലുള്ളവർ അക്കൂട്ടത്തിൽ പെടാനും പാടില്ല. രാഷ്ട്രീയത്തിലോ മറ്റേതെങ്കിലും കർമ്മമണ്ഡലങ്ങളിലോ നിന്ന് പ്രവർത്തിക്കുന്നവർ ആ മേഖലകളിൽ നൽകുന്ന സംഭാവനകളെ വച്ചാണ് ഒരു വ്യക്തിയെ അളക്കുന്നത് ഷാഹിദാ കമാലിനെയും അതെ. ഷാഹിദാ കമാലിനെ നമുക്കിഷ്ടപ്പെടാൻ അവർ രാഷ്ട്രീയ സാമൂഹ്യരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തന്നെ ധാരാളമാണ്. അതിന് ഒരു ഡോക്ടറേറ്റിൻ്റെ പിൻബലം ആവശ്യമില്ല.
ഡോക്ടറേറ്റ് അഭിമാനപൂർവ്വം സൂക്ഷിച്ചു വച്ചോളൂ. പേരിൻ്റെ മുന്നിൽ ഡോ. എന്ന് ചേർത്തും വച്ചോളൂ. പക്ഷെ നമുക്ക് (സോറി എനിക്കും എന്നെപ്പോലെ ചിന്തിക്കുന്ന തലതിരിഞ്ഞവർക്കും) ഷാഹിദാ കമാൽ ഇന്നലെയെന്ന പോലെ ഇന്നും നാളെയും ഷാഹിദാ കമാൽ എന്ന മാതൃകാ പൊതു പ്രവർത്തക മാത്രമായിരിക്കും!
ബിരുദങ്ങൾ കൂടുന്തോറും അഹങ്കാരം വരാനും ജനങ്ങളിൽ നിന്ന് അകലാനുമുള്ള സാദ്ധ്യതയും കൂടുതലാണ്. മുൻ മന്ത്രിസഭയിലുണ്ടായിരുന്ന ശൈലജ ടീച്ചർക്കും എം.എം മണിക്കുമൊന്നും എൽ.എൽ.ബിയും ഡോക്ടറേറ്റും ഇല്ലാതിരുന്നതുകൊണ്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ. എടുത്താൽ പൊങ്ങാത്ത ഡിഗ്രികൾ ഇല്ലാത്തതു കാരണം ദോഷങ്ങളേതുമുണ്ടായിട്ടില്ല.
Sunday, June 20, 2021
എന്നെക്കുറിച്ചു തന്നെ
ചുമ്മാ കുറിച്ചിട്ടേക്കാം. ഒരു ആത്മസംതൃപ്തിയ്ക്ക്. ആത്മകഥാവിഭാഗത്തിൽ പെടുന്നതാണ്. താല്പര്യമില്ലാത്തവർ വായിക്കരുത്. ബോറടിക്കരുത്. സ്വയം രേഖപ്പെടുത്തലാണിത്.
എന്റെയുള്ളിൽ ഒരു പാട് നന്മയും സാമൂഹ്യബോധവും ഇപ്പോഴും ഉണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷെ ഞാൻ എന്റെ പിതാവിനോളം ശുദ്ധാത്മാവൊന്നുമല്ല. നല്ലതും അല്ലാത്തതുമൊക്കെ നല്ല പ്രായത്തിൽ സംഭവിച്ചിട്ടുണ്ട്. മന:പൂർവ്വമല്ലാതെ ഇപ്പോഴും സംഭവിക്കുന്നുണ്ടാകാം. കൂടുതലും പൊതു ജീവിതത്തിന്റെ ഭാഗമായി. എന്നാൽ 2002-03 വർഷം മുതൽക്ക് എന്നിൽ ഞാൻ സ്വയം ബോധപൂർവ്വം വരുത്തിയ ചില പരിവർത്തനങ്ങൾ ഉണ്ട്. അതിന്റെ കാരണം കുറച്ചൊക്കെ രാഷ്ട്രീയപരവുമായിരുന്നു. അതിലൊന്ന് നേരെ വാ നേരെ പോ എന്നതാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം.അത് ഒരിക്കലും ഞാൻ കാര്യമാക്കുന്നില്ല.
ക്ഷമാശീലം അന്നുതൊട്ടിങ്ങോട്ട് ഞാൻ നന്നായി സൂക്ഷിച്ചു പോന്നിട്ടുണ്ട്. ഒരു പ്രകോപനങ്ങളിലും വീണു പോയിട്ടില്ല. ഒരു ക്രിമിനൽ കേസ് മേലിൽ തലയിൽ വന്നു ചേരരുതെന്ന് 2002-നു മുമ്പെ തീരുമാനിച്ചിരുന്നു. മനസിൽ തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലവും ഞാൻ നല്ലൊരു പരിധിവരെ ഒതുക്കിവച്ചു പോരുന്നുണ്ട്. അതുകൊണ്ടാണ് പല ബന്ധങ്ങളും നിലനിർത്തി പോരാൻ കഴിയുന്നത്. അതൊരു ദൗർബല്യമായി കരുതുന്നുമില്ല. എങ്കിലും അറിയാതെ ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചിട്ടുണ്ട്. പക്ഷെ വേഗം ശാന്തത കൈവരിക്കും. ഒളിഞ്ഞും തെളിഞ്ഞും വന്ന ആക്രമണങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു പോകുകയല്ലാതെ അവിടെ കരാട്ടെയും കളരിയും കളിച്ചിട്ടില്ല. പൂർണ്ണമായ സ്വസ്ഥത എന്നത് അത്യാഗ്രഹമാണെങ്കിലും ഏറെക്കുറെ സ്വസ്ഥത അനുഭവിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനായി പല നേട്ടങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്. പല ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ട്.
ഓരോ ദിവസവും ഉണരുന്നത് ഇന്ന് ആരുമായും മുഷിയേണ്ടി വരരുതേ എന്ന ആഗ്രഹവുമായാണ്. അതിൽറ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും ഒരു പ്രത്യേക അകലം ക്രമീകരിച്ചും സംസാരം കുറച്ചുമാണ് അത് നേടിയിട്ടുള്ളത്. മറ്റൊന്ന് ഞാനില്ലെങ്കിൽ പ്രളയം എന്ന മട്ടിൽ എന്തിലും ഏതിലും ചെന്ന് തലയിടുന്ന സ്വഭാവം ഉപേക്ഷിച്ചതാണ്. അതും 2002-03 കാല ഘട്ടം മുതൽ സംഭവിച്ചതാണ്. വഴി മദ്ധ്യേ എന്റേതോ എന്റേതല്ലാത്തതോ ആയ കാരണങ്ങളാൽ അലോസരപ്പെട്ട് പോയവർ പലരും പിന്നീട് എന്നോട് വന്ന് പുന:സമാഗമം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ അങ്ങനെയാണ്. ചില തിരിച്ചറിവുകൾ ഉണ്ടാകാൻ സമയമെടുക്കും. നേരിട്ടല്ലാതെ പറഞ്ഞു കേൾക്കുന്ന ആരോപണങ്ങൾ ഒന്നും ചെവിക്കൊണ്ടിരുന്നില്ല. അതിന്റെ പുറകെ പോയിട്ടുമില്ല. തീഷ്ണ യൗവ്വന കലത്തെ രാഷ്ട്രീയ സ്വപ്നങ്ങളെല്ലാം മേല്പറഞ്ഞ അതേ വർഷത്തിൽ തന്നെ കൈവെടിഞ്ഞിരുന്നു.
പിന്നീട് ചില ഓൺലെയിൽ ആക്ടിവിസത്തിലൂടെ പുതൊയിരു ഐഡന്റിറ്റിയും അടുത്തും അകലെയുമായി കുറെ നല്ല സൗഹൃദങ്ങളും ഉണ്ടായി. പ്രാദേശിക തലത്തിൽ രാഷ്ട്രീയമായി ചില നേട്ടങ്ങൾക്കും അത് കാരണമായിട്ടുണ്ട്. ത്രിതല പഞ്ചായത്തു തലങ്ങളിലോ മറ്റെന്തെങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പുകളിലോ മത്സരിക്കില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുണ്ട്. അതും 2002-03 തൊട്ടിങ്ങോട്ട്. പാരലൽ കോളേജ് ഉപജീവന മാർഗ്ഗമായി എടുത്തതിനാൽ ഒരേ സമയം ഉപജീവനവും കഷ്ടത്തിലായി. സ്വപ്നങ്ങൾ പലതും നഷ്ടവുമായി. ജീവിതം വൃഥാവിലുമായി എന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ അദ്ധ്യാപനം ഇന്നും മടുത്തിട്ടില്ല. പഠിപ്പിച്ചുകൊണ്ടിരിക്കവെ മരിക്കണമെന്നാണ് ആഗ്രഹവും. കാരണം അദ്ധ്യാപകൻ, വക്കീൽ പണി ഇതു രണ്ടിൽ ഒന്നായിരുന്നു എന്റെ സ്വപ്നം. പാരലൽ കോളേജ് രംഗത്ത് വന്നില്ലായിരുന്നെങ്കിൽ റ്റി റ്റി സി എടുത്ത് പ്രൈമറി സ്കൂൾ അദ്ധ്യപാകനോ തീവണ്ടി എൽ എൽ ബി എടുത്ത് വക്കീലോ ആയേനെ! (സ്വപ്നമായിരുന്നേ!).
എന്തൊക്കെയായാലും നിരാശയൊന്നുമില്ല. സുഖവും ദു:ഖവും വിജയവും പരാജയവും ഒക്കെ അനുഭവിച്ച് ഇത്രകാലവും ജീവിച്ച ജീവിതത്തിൽ അത്രമേൽ അസംതൃപ്തിയൊന്നുമില്ല. ഇത്രയും കാലം ജീവിച്ചല്ലോ എന്നത് തന്നെ വലിയ കാര്യമായി കാണുന്നു. വ്യക്തിപരമായി ആരുമായും ശത്രുതയിലാകാതെ ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമില്ലാതെ ശിഷ്ടകാലം ജീവിച്ചു തീർക്കണം എന്നാണാഗ്രഹം. പക്ഷെ അതിനും മറ്റുള്ളവരുടെ സഹകരണം വേണമല്ലോ. അതാണൊരു ഭയം. നമുക്ക് തെറ്റുകുറ്റങ്ങൾ ഇല്ലാത്തൊരു ജീവിതം നയിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോര! എങ്കിലും എന്റെ ഭാഗം കുഴപ്പമില്ലാതെ കൊണ്ടുപോകാൻ പരമാവധി ജാഗ്രത കാണിക്കും.
Sunday, June 13, 2021
ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്
ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്
തീവ്രവാദികൾ രാജ്യദ്രോഹികളല്ല. അങ്ങനെ വിളിച്ച് അവരെ ചെറുതാക്കരുത്. അവർ ലോകദ്രോഹികളാണ്; ആഗോള ദ്രോഹികൾ!അക്കാര്യത്തിലും നമുക്കൊരു ആഗോള വീക്ഷണം ആവശ്യമാണ്. കാരണം തീവ്രവാദം ലോകവ്യാപകമാണ്. തീവ്രവാദികളുടെ ലക്ഷ്യം ഏതെങ്കിലും ഒരു രാജ്യം മാത്രമല്ല. അഥവാ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളാണെങ്കിലും അതിൻ്റെ വേരുകൾ ലോകവ്യാപകമാണ്. അതിനുള്ള പണവും ആയുധങ്ങളുമെല്ലാം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് സിറിയയിലോ മറ്റ് രാജ്യങ്ങളിലോ തീവ്രവാദത്തിനു പോകുന്നവരുടെ ലക്ഷ്യവും ഇന്ത്യ മാത്രമല്ല. ലോകം തന്നെയാണ്.
ലോകത്തെവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് രാജ്യങ്ങളെയും ബാധിക്കും. ഉദാഹരണത്തിന് ഗൾഫിലോ, അമേരിക്കയിലോ, യു.കെയിലോ കാനഡയിലോ ആസ്ട്രേലിയയിലോ എവിടെ തീവ്രവാദ പ്രവർത്തനങ്ങൾ മൂലം ആ രാജ്യങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും അത് നമ്മളെയും ബാധിക്കും. കാരണം നമ്മുടെ രാജ്യത്ത് നിന്ന് ആളുകൾ ലോകത്തെ എല്ലാ രാജ്യങ്ങളിലും പോയി തൊഴിലെടുക്കുകയും വിദ്യാഭ്യാസം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെയൊക്കെ തൊഴിലും സംരഭങ്ങളും നടത്തുക വഴി വലിയ തോതിൽ വിദേശനാണ്യവും നേടിത്തരുന്നുണ്ട്. കൂടാതെ പരസ്പരാശ്രിത ലോകക്രമത്തിൽ വിഭവങ്ങളും സാങ്കേതിക വിദ്യകളും ശാസ്ത്രത്തിൻ്റെ നേട്ടങ്ങളും എല്ലാം ലോകരാഷ്ട്രങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു രാഷ്ട്രത്തെയും ഒന്നിനു വേണ്ടിയും ആശ്രയിക്കാതെ ഒറ്റപ്പെട്ടു നിൽക്കാൻ ഒരു രാഷ്ട്രത്തിനുമാകില്ല.
നമ്മുടെ രാജ്യവും പല രാജ്യങ്ങളിലേക്കും വിഭവങ്ങൾ കയറ്റുമതി ചെയ്യുകയും പല വിഭവങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. നമ്മുടെ കയറ്റുമതി വരുമാനവും നമ്മുടെ ധനശേഷിക്ക് മുതൽകൂട്ടാണ്. ലോകത്ത് വിഭവങ്ങൾ എല്ലാം സംതുലിതമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെ പരസ്പരാശ്രയം ഒരു രാജ്യത്തിനും ഒഴിവാക്കാനാകില്ല. പരമാവധി സ്വയംപര്യാപ്തത എന്നതല്ലാതെ പൂർണ്ണമായും പരാശ്രയമില്ലാത്ത സ്വയംപര്യാപ്തത ഒരു രാജ്യത്തിനും നേടാനാകില്ല. അപ്പോൾ ലോകത്ത് എവിടെയും ശാന്തിയും സമാധാനവും നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്. ഭീകരപ്രവർത്തനങ്ങളും
യുദ്ധങ്ങളുമൊക്കെ ലോകത്തെവിടെ നടന്നാലും അതിൻ്റെ ദോഷഫലങ്ങൾ ലോകത്തെവിടെയുമുണ്ടാകും. മറ്റ് രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ സുരക്ഷയും അതത് രാജ്യങ്ങളുടെ മാത്രം ആവശ്യമല്ല. ഒരു രാജ്യത്തുണ്ടാകുന്ന ദാരിദ്ര്യം, മഹാമാരികൾ, പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതിക പ്രശ്നങ്ങൾ ഒക്കെയും എല്ലാ രാജ്യങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും.
ദേശാതിർത്തികൾ മനുഷ്യനിർമ്മിതവും ചരിത്രപരമായ കാരണങ്ങളാലും സാംസ്കാരികമോ ഭാഷാപരമോ പ്രകൃതിഘടന കൊണ്ടോ ഭരണസൗകര്യാർത്ഥം രൂപം കൊണ്ടതോ ഒക്കെയാകാം. എങ്കിലും ദേശാതിർത്തികൾ ഏറെയും മനുഷ്യനിർമ്മിതങ്ങളാണ്. അഥവാ പലതും അതത് ഭൂമിശാസ്ത്ര പ്രദേശങ്ങളിലെ മനുഷ്യൻ ഏറ്റെടുത്ത് നിലനിർത്തുന്നതാണ്. ലോകമാണ് യഥാർത്ഥ രാജ്യം. ലോകത്തിനു മൊത്തമായ ഒരു പൊതു ഭരണകൂടവ്യവസ്ഥ ഇനി 'യും നിലവിൽ വന്നിട്ടില്ലെങ്കിലും. അതത് കുടുംബങ്ങളിലെന്നപോലെ അതത് രാഷ്ട്രങ്ങളുടെ നിർദ്ദോഷവും അനിവാര്യ വ്യമായ സ്വാർത്ഥതയ്ക്കപ്പുറം സങ്കുചിതവും അതിതീവ്രവുമായ ദേശീയത ഒരു ആഗോള വീക്ഷണത്തിനും വിശ്വമാനവികതയ്ക്കും ഭൂഷണമല്ല. നമുക്ക് നമ്മുടെ രാജ്യത്തെ സ്നേഹിച്ചു കൊണ്ടും രാജ്യത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ടും അതിൻ്റെ നിലനില്പിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടും തന്നെ വിശ്വപൗരന്മാരാകാം!
Saturday, June 12, 2021
ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ
ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ അഥവാ ഒന്നിനുവേണ്ടിയുമല്ലാതെ അല്പംചില ആത്മപ്രകാശനങ്ങൾ
Monday, June 7, 2021
ക്ലബ് ഹൗസ്
ക്ലബ് ഹൗസ്
ക്ലബ്ബ് ഹൗസുകൊള്ളാം. ഒരുവിധം അതിലും സാക്ഷരനായി. ചാനൽ ചർച്ചകകളുടെ റേറ്റിംഗ് കുറയാനിട. ആ സമയങ്ങളിലെല്ലാം ടിവിയുടെ മുന്നിലിരിക്കുന്ന പലരും ക്ലബ്ബ് ഹൗസിലെ ചർച്ചാ വേദികളിൽ സജീവമാണ്. നാളിതു വരെ നാവടക്കി ചാനൽ ചർച്ചകൾ കേട്ടുകൊണ്ടിരുന്നു. ഇനി സ്വന്തം നാവിനും ഒരു വിലയും നിലയുമൊക്കെ ഉണ്ടാക്കാം. ചാനലുകാർ കെട്ടിയൊരുക്കി കൊണ്ടിരുത്തുന്നവർ മാത്രമായിരിക്കില്ല ഇനി നിഷ്പക്ഷ നിരീക്ഷകർ.
പല ചാനൽ ചർച്ചകളിലുമിരുന്ന് പലരും വിഡ്ഢിത്തങ്ങൾ വിളമ്പുമ്പോൾ കയറി ഇടപെടാൻ തോന്നാറുണ്ട്. പക്ഷെ സാധിക്കില്ലല്ലോ. ശബ്ദസാഹിതി കളിലൂടെ സംവാദങ്ങളുടെ വിളനിലമായി ഇനി ക്ലബ്ബ് ഹൗസുകളും സജീവമായിരിക്കും. അതിനെക്കാൾ പുതിയതെന്തെങ്കിലും വരുന്നതുവരെയെങ്കിലും.
ചർച്ചകൾ മാത്രമല്ല കവിയരങ്ങും പാട്ടും പരിചയപ്പെടലുകളുമൊക്കെ അവിടെ പൊടിപൊടിച്ചു തുടങ്ങിയിട്ടുണ്ട്. പരസ്പര സഹായത്താൽ ഫോളോവേഴ്സിനെ കൂട്ടുന്ന ഗെയിമുകളുമായി ക്ലബ്ബ് ഹൗസിനെ വരവേൽക്കാൻ നിരവധി ഗ്രൂപ്പുകൾ രാവും പകലും സജീവമാണ്. ജാതി-മത-വർണ്ണ-വർഗ്ഗ ലിംഗ ചിന്തകൾക്കതീതമാണിപ്പോഴത്തെ കുട്ടായ്മകൾ കടുതലും. പക്ഷെ കാലേണ ഇവിടെയും വിഷവിത്തുകൾ വിതയ്ക്കപ്പെടാം. മാലിന്യങ്ങൾ കൂന്നുകൂടാം.
എന്നാലും മാനവികതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവർക്ക് ശബ്ദത്തിൻ്റെ സാദ്ധ്യതകൾ കൊണ്ട് ചിന്തകളെയും ആശയങ്ങളെയും സർഗ്ഗാത്മകമായി ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന ഒരിടമായിരിക്കും ക്ലബ്ബ് ഹൗസും. പക്ഷെ കാര്യമിതൊക്കെയാണെങ്കിലും മണിക്കൂറുകളോളം ക്ലബ് ഹൗസിലിരിക്കാൻ സാമ്പത്തിക പരാധീനർ എങ്ങനെ നെറ്റ് ചാർജ് ചെയ്യുമെന്നതാണ് മറ്റൊരു സാംസ്കാരിക പ്രതിസന്ധി!
Sunday, June 6, 2021
സ. വി. ശിവൻകുട്ടി
സ. വി ശിവൻകുട്ടി
(രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞാ സമയത്ത് എഫ് ബിയിൽ എഴുതിയത്)
ഞാൻ ആദ്യമായി എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. വി.ജെ.റ്റി ഹാളിൽ വച്ചായിരുന്നു സമ്മേളനം. അന്ന് ജില്ലാ പ്രസിഡൻ്റ് സ.ബി.ബാലചന്ദ്രനും സെക്രട്ടറി സ.വി.ശിവൻകുട്ടിയുമായിരുന്നു. സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായിരുന്നു യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകാനുള്ള തീയതി. സഖാവ് ശിവൻ കുട്ടിയായിരുന്നെന്ന് തോന്നുന്നു ചെയർമാൻ സ്ഥാനാർത്ഥി. നോമിനേഷൻ സമയത്ത് എന്തോ കശപിശയുണ്ടായ വിവരം സമ്മേളന ഹാളിൽ എത്തി. കെ.എസ്.യുക്കാർ അക്രമാസക്തരാണത്രേ! ചില വനിതാസഖാക്കളാണ് വിവരം അറിയിച്ചത്. നമ്മൾ സ്കൂൾ പിള്ളേരെയും പെൺകുട്ടികളെയുമെല്ലാം ഹാളിലിരുത്തി മറ്റ് ആൺ പ്രതിനിധികൾ അങ്ങോട്ട് കുതിച്ചു. നല്ല സമയം കഴിഞ്ഞ് പ്രശ്നങ്ങൾ പരിഹരിച്ച് സഖാവ് ശിവൻകുട്ടിയെയും കൊണ്ട് മടങ്ങിവന്നു. (ആ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ കെ.എസ്.യു നേതാവ് ശരത്ചന്ദ്ര പ്രസാദ് ജയിച്ചെന്നാണ് ഓർമ്മ).
ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത്
ആരോഗ്യ മന്ത്രിക്കൊരു തുറന്ന കത്ത്
(രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എഫ് ബിയിൽ എഴുതിയത്)
ബഹുമാനപ്പെട്ട പുതിയ ആരോഗ്യ മന്ത്രിണി വീണ ജോർജോ അവരുടെ പ്രൈവറ്റ് സെക്രട്ടറിയോ ഏതെങ്കിലുമൊരു പി.എ - യോ പോലുമോ ലക്ഷക്കണക്കിന് എഫ്.ബി അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണമറ്റ പോസ്റ്റുകളുടെ കുത്തൊഴുക്കിൽ ഇത് കാണുമെന്ന പ്രതീക്ഷയൊന്നുമില്ല. കണ്ടിട്ടു വേണ്ടേ പരിഗണിക്കാൻ! എങ്കിലും സ്നേഹപൂർവ്വം വീണാ ജോർജിൻ്റെയും അതുവഴി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൂടിയും ശ്രദ്ധയിലേക്ക്,
സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം
സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം






