Tuesday, February 17, 2015

വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി

വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി

പ്രധാന മന്ത്രിയുടെ വാക്കുകളിലെ പുതുമോഡിയ്ക്ക് മറ്റ്  സർവ്വം മറന്ന് ആദ്യം തന്നെ  ഒരു കൈയ്യടി. അങ്ങനെ വഴിയ്ക്കു വാ മോഡിജീ! ഇന്ന് അല്പം മുമ്പ്  ഡൽഹിയിൽ ഒരു ക്രിസ്തീയ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ടി.വിയിൽ കണ്ടുകേട്ടു. വാക്കുകളെ വിശ്വസിക്കാമെങ്കിൽ,  വാക്കും പ്രവർത്തിയും ഒത്തുപോകുമെങ്കിൽ തികച്ചും സന്തോഷകരവും സ്വാഗതർഹവുമായ വാക്കുകൾ. ഇന്ത്യ എന്ന മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കുണ്ടകേണ്ട സഹിഷ്ണുതയും ഉത്തരവാദിത്വവും പക്വതയും  ഉൾക്കൊള്ളുന്ന പ്രസംഗമയിരുന്നു അത്. അദ്ദേഹം വന്ന വഴിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഇതിനോടു ഘടിപ്പിക്കേണ്ടതില്ല. അത്  വേറെ തന്നെ തുടരാമല്ലോ. കാരണം ഇപ്പോൾ അദ്ദേഹം ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. 

എല്ലാ  മതങ്ങളിലും സത്യമുണ്ടെന്നും എല്ലാവർക്കും ഇഷ്ടപ്പെട്ട വിശ്വാസങ്ങൾ വച്ചു പുലർത്താൻ അവകാശമുണ്ടെന്നും ഇന്ത്യയിൽ രൂപം കൊണ്ട ചില മതങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് വളർന്നിട്ടുണ്ടെന്നും മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ലോകത്തു തന്നെ മതങ്ങളൂടേ പേരിൽ നടക്കുന്ന ഭിന്നിപ്പുകൾ ഉൾകണ്ഠാ ജനകമാണെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതൽ. അതെല്ലാം വളരെ സുവ്യക്തമായി വളച്ചുകെട്ടില്ലാതെ നല്ല  ലളിതമായ ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു.  

പക്ഷെ ഒരു വശത്ത് ഇങ്ങനെയൊക്കെ പറയുകയും മറുവശത്തുകൂടി ബി.ജെ.പി എന്ന ലേബലിലല്ലാതെ മറ്റ് സംഘപരിവാറുകളെക്കൊണ്ട് മറിച്ചുള്ള പണികൾ ഇനിയും  ചെയ്യിക്കുമെന്നൊരാശങ്ക ജനങ്ങൾക്കിടയിൽ നിന്നും  അകന്നു പോകില്ല. അതിനി കാത്തിരുന്ന് കാണണം. കാരണം ഭരണഘടനയിൽ നിന്ന് മതേതരം എന്ന വാക്ക് എടുത്തു കളയണം എന്നുതന്നെ അഭിപ്രായമുള്ള സംഘപരിവാറുകളൂടെ  കൂട്ടത്തിൽ ഉള്ള ഒരാളണ്  നമ്മുടെ പ്രധാന മന്ത്രിയും. അദ്ദേഹത്തിന്റെ അധികാര ലബ്ദ്ധിയിൽ എല്ലാ സംഘ പരിവാറുകാർക്കുമുള്ള പങ്കും അവരോടുള്ള   കൂറും നരേന്ദ്ര മോഡിയ്ക്ക് കാണിക്കാതിരിക്കാനാകുമോ എന്നും  ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ല. അതെല്ലാം തൽക്കാലം അവിടെ നിൽക്കട്ടെ. അതെന്തൊക്കെയാണെങ്കിലും  പരസ്യമായി ഇങ്ങനെയൊരുറപ്പ് പ്രധാന മന്ത്രി എന്ന നിലയിൽ അല്പം വൈകിയാണെങ്കിലും അദ്ദേഹം  നൽകിയത് ആശ്വാസകരം തന്നെ. 

രാജ്യത്തിന്റെ പല ഭാഗത്തും  നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  ഇതല്പം മുമ്പേ പറയേണ്ടതുണ്ടായിരുന്നു എന്നൊരുഭിപ്രായമുണ്ട്. എങ്കിലും അധികം വൈകിയില്ല. ഇത് ഡൽഹിയിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാ‌ജയത്തിൽ നിന്നുണ്ടായ വീണ്ടു വിചാരമായി വിവക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെയണെങ്കിൽ തന്നെ അത് ഒരു തെറ്റല്ല. അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കുന്നത്. നരേന്ദ്ര മോഡിയുടെ   ഔദാര്യമല്ല, ഭരണഘടനാപരമായി ഇന്ത്യയിലെ ജനങ്ങൾക്കുള്ള അവകശങ്ങളെ എടുത്തു പറയുകയാണ്   അദ്ദേഹം ചെയ്തിട്ടുള്ളത് എന്ന നിലയിലും  ഇതിനോട് പ്രതികരിച്ചവർ ഉണ്ട്. എങ്കിൽ എടുത്തു പറഞ്ഞല്ലോ അതു അതന്നെയും വലിയകാര്യം തന്നെയാണ്.

ന്യൂന പക്ഷങ്ങൾക്കും ന്യൂന പക്ഷ  ആരാധനലയങ്ങൾക്കും നേരെ പല അക്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ  പ്രധാന മന്ത്രിയുടെ വാക്കുകൾക്ക് ജനം കാതോർക്കുന്നത് സ്വാഭാവികം. .  പ്രത്യേകിച്ചും ഹിന്ദു രാഷ്ട്രസ്ഥാപനാർത്ഥം പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകളുടെ ഭാഗമായ ബി.ജെ.പി യും സഖ്യകക്ഷികളും   മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന് ഭരണം  നി‌ർവ്വഹിക്കുന്ന കാലത്ത്,   ഇന്ത്യയുടെ ഭരണ ഘടന   ഉ‌റപ്പുനൽകുന്ന പൗരാവകാശങ്ങൾ പ്രധാന മന്ത്രി എടുത്തു പറയുന്നത് ഇന്ത്യയുടെ ജനാധിപത്യം  മതേതരത്വം  മുതലായവ  സംബന്ധിച്ച് ആശങ്കകൾ ഉള്ളവർക്ക് പ്രത്യേകിച്ച് ന്യൂനപക്ഷ  വിഭാഗങ്ങൾക്ക് ആശ്വാസകരമാണ്. അതുകൊണ്ട് പ്രധാന മന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തിന് സർവ്വം മറന്ന് ഒരു മതേതര കൈയ്യടി! 

Friday, February 13, 2015

ഗാന്ധിജിയുടെ ഘാതകനേക്കാൾ ആരാധനാർഹൻ മോഡി തന്നെ

മഹാത്മാ ഗാന്ധിയുടെ ഘാതകന്റെ പേരിൽ ക്ഷേത്രം പണിയാമെങ്കിൽ നരേന്ദ്ര മോഡിയുടെ പേരിൽ ക്ഷേത്രം പണിയുന്നത് അത്ര തെറ്റൊന്നുമല്ല. നരേന്ദ്രമോഡി സ്വന്തം കൈകൊണ്ട് ആരെയും കൊലപ്പെടുത്തിയിട്ടില്ല. എങ്കിലും മോഡിയുടെ പേരിൽ പണിഞ്ഞ ക്ഷേത്രം പൊളിച്ചു മാറ്റാൻ മോഡി തന്നെ ആവശ്യപ്പെട്ടു. അത് നല്ല കാര്യം. അത് വിവാദം ഉയർന്നതുകൊണ്ടായാലും അല്ലെങ്കിലും. നരേന്ദ്ര മോഡിയുടെ വ്യക്തി സ്വാതന്ത്ര്യം കൂടിയാണ് അത്. അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം വേണോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. പക്ഷെ ഗോഡ്സെയുടെ പേരിൽ ക്ഷേത്രം പണിയരുതെന്നു പരസ്യമായി പറയാനുള്ള ധൈര്യം മോഡിയ്ക്കുണ്ടാകില്ല. അതു വേറെ കാര്യം.

തന്റെ പേരിൽ അമ്പലം വേണ്ടെന്ന് പറഞ്ഞതിന് നരേന്ദ്ര മോഡിയെ അഭിനന്ദിക്കുമ്പോഴും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻകാലത്തും ഇക്കാലത്തുമുള്ള മറ്റ് പ്രവൃത്തി ദോഷങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും നിലപാടുകളിലും മാറ്റമില്ല. രാഷ്ട്രീയമായ നയങ്ങളോടുമുള്ള എതിർപ്പിൽ വിട്ടു വീഴ്ചയുമില്ല. പക്ഷെ ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില അഭിപ്രായങ്ങൾ കൂടി പങ്കു വയ്ക്കാനാഗ്രഹിക്കുന്നു.

മനുഷ്യ ദൈവങ്ങളുടെ പേരിൽ പോലും ആശ്രമങ്ങളല്ലാതെ ക്ഷേത്രങ്ങൾ അങ്ങനെ പണിയാറില്ല. തമിഴ് നാട്ടിൽ ചില സിനിമാ നടികളുടെ പേരിൽ ക്ഷേത്രം പണിഞ്ഞിട്ടുള്ളതായി അറിയാം. ആരാധന മൂത്താൽ ചിലർ അതും അതിലപ്പുറവും ചെയ്യും. സിനിമാ നടികളുടെയോ നടന്മാരുടെയോ അല്പത്തം മൂലം അവരുടെ പേരിൽ ക്ഷേത്രം പണിയുന്നതിനെ അവർ എതിർക്കുകയുമില്ല. ജീവിച്ചിരുന്ന പലരുടെയും പേരുകളിൽ ഇവിടെ മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങൾ ഉണ്ട്. അത് ഹിന്ദുക്കൾക്കും ആകാം. അത് ആരുടെ പേരിൽ വേണമത് അവരുടെ ആരാധനാ സ്വാതന്ത്ര്യമാണ്. രാമനോ ലക്ഷ്മണനോ രാവണനു തന്നെയോ ക്ഷേത്രം പണിയാം. ഗോഡ്സേയ്ക്ക് ക്ഷേത്രം പണിയുന്നത് പാപമല്ലെങ്കിൽ മോഡിയ്ക്ക് ക്ഷേത്രം പണിയുന്നതും പാപമല്ല.
 
അമ്പലം പണിയാനും പള്ളി പണിയാനും ചർച്ച് പണിയാനും ഇതൊന്നും പണിയാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. അതാണ് മതേതരത്വം. അതുകൊണ്ടുതന്നെ ആരുടെ പേരിൽ ഈ ആരാധനാലയങ്ങൾ പണിയണമെന്നത് അവ പണിയുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് ദൈവങ്ങളുടെ പേരിൽ വേണോ ജീവിച്ചിരിക്കുന്നവരുടെ പരേതരുടെ പേരിൽ വേണമോ എന്നതും പണിയുന്നവരുടെ സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ നരേന്ദ്ര മോഡിയ്ക്ക് സമ്മതമാണെങ്കിൽ അദ്ദേഹത്തിന്റ പേരിലും, തങ്ങളുടെ പേരിൽ ആരാധനാലയം പണിയുന്നതിൽ എതിർപ്പില്ലാത്ത മറ്റ് ആരുടെ പേരിലും അമ്പലമോ പള്ളിയോ ചർച്ചോ ഏതും പണിയാം.

മനുഷ്യ ദൈവങ്ങളെ ആരാധിക്കാമെങ്കിൽ ( ഇതിൽ പലരും ശുദ്ധ ആത്മീയ തട്ടിപ്പുകാർ പോലുമാണ്), അതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെയും ദൈവങ്ങളായി കാണുന്നതും അവരെ ആരാധിക്കുന്നതും അവരുടെ പേരിൽ ആരാധനാലയങ്ങൾ പണിയുന്നതും അപരാധമൊന്നുമല്ല. അത് രാഷ്ട്രീയക്കാരുടെ പേരിൽ ആയാലും സിനിമാ താരങ്ങളുടെ പേരിലായാലും ആരുടെ പേരിലായാലും. ഈ തരം വിശ്വാസങ്ങൾ ഒന്നുമില്ലാത്ത യുക്തിവാദികൾക്കും ചില സ്വാതന്ത്ര്യങ്ങളൊക്കെയുണ്ട്. ആ പാവങ്ങളെയും ആരും ഓടിച്ചിട്ടടിക്കരുത്. സ്വാതന്ത്ര്യത്തെ പറ്റി പറയുമ്പോൾ എല്ലാം പറയണം. അതുകൊണ്ട് ഇത്രയും പറഞ്ഞെന്നു മാത്രം

Tuesday, February 10, 2015

എ.എ.പിയ്ക്ക് ഒരു റെഡ് സല്യൂട്ട്

എ.എ.പിയ്ക്ക് ഒരു റെഡ് സല്യൂട്ട്! അരവിന്ദ് കെജരിവാളിന് ഒരു കിസ്സ് ഓഫ് ലവ്! ഇത് പ്രത്യാശയുടെ നിമിഷങ്ങൾ. എല്ലാം അവസാനിച്ചുവെന്നാണ് കരുതിയിരുന്നത്. മതേതര കക്ഷികൾക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് രാജ്യം നേരിടുന്ന അപകടാവസ്ഥകളെ അതിജീവിക്കാൻ കേവലവും വ്യക്തിഗതവുമായ അധികാരക്കൊതികൾ മാറ്റിവച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഡൽഹിയിലെ ഈ തെരഞ്ഞെടുപ്പു ഫലം പ്രചോദനമാകുമെങ്കിൽ ഇതൊരു മഹാവിജയമാകും. ഇല്ലെങ്കിൽ അനഭിമതമായ പല തുടർച്ചകളും ഇനിയും ചരിത്രത്തിന്റെ ഭാഗമാകും. അക്രമത്തിന്റെയോ ഫാസിസത്തിന്റെയോ മാർഗ്ഗമില്ലാതെ തന്നെ ജനാധിപത്യത്തിൽ വലിയ വിജയങ്ങൾ നേടാമെന്നു കൂടി ഡൽഹിയിലെ ആം ആത്മി പാർട്ടിയുടെ വിജയം സൂചന നൽകുന്നു.

Friday, February 6, 2015

മഴ കാറ്റിനോട് പറഞ്ഞത്

മഴ കാറ്റിനോട് പറഞ്ഞത് 

ഇന്നലെ (2015 ഫെബ്രുവരി 5) നിലമേൽ സംസ്കാരയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കപ്പെട്ട കൊല്ലം അയനം നാടകവേദിയുടെ "മഴ കാറ്റിനോട്' പറഞ്ഞത് എന്ന നാടകം കണ്ടു. നാടകം അന്നും ഇന്നും ശക്തമായ ഒരു കലാരൂപമാണ്. അതിനു ജനങ്ങളെ സ്വാധീനിക്കാൻ കുറച്ചൊക്കെ കഴിയും എന്ന് ഇന്നും ഈയുള്ളവൻ വിശ്വസിക്കുന്നു. പ്രോഫഷണൽ ചേരുവകൾ ഉൾച്ചേർത്ത് അവതരിപ്പിച്ചതാണെങ്കിലും മഴ കാറ്റിനോട് പറഞ്ഞത് എന്ന നാടകം സംഭവ ബഹുലമായ  ഒരു ചെറുകഥപോലെ ഹൃദയ സ്പർശിയായിരുന്നു.  അവതരണ മികവുറ്റ  ഇതിന്റെ അരംഗിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

ഈ നാടകം വർഗ്ഗീയതയ്ക്കെതിരെ ശക്തമായ സന്ദേശം നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയയി ഈയുള്ളവൻ കരുതുന്നത്. ഈ നാടകത്തിന്റെ രചയിതാവ് ഹേമന്ദ് കുമാറിന്റെ സാഹിതീയമായ രചനാ പാടവം ഇതിൽ തെളിഞ്ഞു കാണാം. സംവിധായകൻ, നടീ  നടന്മാർ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരുടെയൊക്കെ മികവ് കുറച്ചു കാണുന്നില്ലെങ്കിലും നാടക രചയിതാവ് ഈ നാടകത്തെ സംബന്ധിച്ച് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇങ്ങനെയൊരു കാലിക പ്രസക്തമായ നാടകം അവതരിപ്പിക്കുവാൻ തയ്യാറായ ഈ നാടകത്തിന്റെ മൂലധന നിക്ഷേപകനെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ. കാരണം ഈ കലോപഹാരത്തെ ലാഭേച്ഛയിൽ നിർമ്മിക്കുന്ന സാധാരണ തട്ടിക്കൂട്ട് പ്രൊഫഷണൽ നാടകങ്ങളുടെ ഗണത്തിൽ പെടുത്താനാകില്ല.

ഈ നാടകത്തിന്  ഏഴ് സംസ്ഥാന അവാർഡുകൾ നേടാനായത് ഒരു അദ്ഭുതമല്ല. ഇത്തരം നാടകങ്ങളിലൂടെ നാടക കല തിരിച്ചു വരണം എന്ന് ആഗ്രഹിച്ചുപോകുകയാണ്. കുറച്ചൊക്കെ നാടകം തിരിച്ചു വന്നു തുടങ്ങുന്നതിന്റെ സൂചനകൾ ഉണ്ട്.  നാടകം, കഥാപ്രസംഗം എന്നീ കലകളിൽ നിന്ന് കേരളീയ സമൂഹം അകന്നു പോയതും നമ്മുടെ നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് ഒരു കാരണമായിട്ടുണ്ട്. ഈ നാടകം ശരിക്കും കാണേണ്ടത് നാടകോപാസകരായ സ്ഥിരം പ്രേക്ഷകർ മാത്രമല്ല; ആരുടെ മനസ്സുകളെയാണോ പരിവർത്തനപ്പെടുത്തേണ്ടത് അവരുടെ കാഴ്ചയാണ് ഈ നാടകം ആവശ്യപ്പെടുന്നത്. കടുത്ത വർഗ്ഗീയവാദികൾ ഈ നാടകം കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്. അക്കൂട്ടരിൽ ഒരാളുടെയെങ്കിലും മനസ്സ് ഇത് നൽകുന്ന സന്ദേശത്താൽ സ്വാധീനിക്കപ്പെട്ടാൽ അത്രയും ആശ്വാസമാകുമായിരുന്നു.

പക്ഷെ വർഗ്ഗീയ വാദികൾ ഒരിക്കലും കലോപാസകർ ആയിരിക്കില്ലല്ലോ. അവർ നാടകത്തിന്റെയെന്നു മാത്രമല്ല മനുഷ്യ മനസ്സുകളെ സംസ്കരിക്കുവാൻ കഴിയുന്ന ഒരു കലാ-സാഹിത്യ രൂപങ്ങളും അവരെ ആകർഷിക്കില്ല. എങ്കിലും  മനുഷ്യ സ്നേഹത്തിലും  മതമൈത്രിയിലും മാനവികതയിലും വിശ്വസിക്കുന്നവർ ഇത്തരം കലോപഹാരങ്ങൾ പരമാവധി ജനങ്ങൾക്കിടയിൽ എത്തിക്കാൻ ശ്രമിക്കുന്നത് മഹത്തായൊരു  രാഷ്ട്രസേവനമയിരിക്കും. പുരോഗമനോന്മുഖമായ ഒരു സാംസ്കാരിക വിപ്ലവത്തിലൂടെ കേരള ജനതയെ സമുദ്ധരിച്ച് നാം മുമ്പേ ആർജ്ജിച്ച  നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമാക്കി വീണ്ടും പരുവപ്പെടുത്തുവാൻ ബോധപൂർവ്വമായിത്തന്നെ  കലാ സാഹിത്യ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടിയിരിക്കുന്നു.

സവിശേഷ കായിക­വിദ്യാലയങ്ങൾ ആരംഭിക്കണം.

സവിശേഷ കായിക­വിദ്യാലയങ്ങൾ ആരംഭിക്കണം.

കേരളത്തിന്റെ കായിക പുരോഗതിയ്ക്കായുള്ള ചില നിർദ്ദേശങ്ങൾ എന്ന നിലയ്ക്കാണ് ഈ കുറിപ്പ് എഴുതുന്നത്. കേരളത്തിന്റെ കായിക പുരോഗതിയ്ക്കും പുതിയ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. സ്വാഭാവികമായും യാദൃശ്ചികമായും ഉയർന്നു വരുന്ന കായിക പ്രതിഭകൾക്കു പുറമെ നാം ബോധപൂർവ്വം പരിശ്രമിച്ച് പരിശീലിപ്പിച്ചെടുക്കുന്ന കായിക പ്രതിഭകളും കൂടി ചേരുമ്പോൾ നല്ലൊരു കായികസമ്പത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാനാകും. ഇതിന് സ്കൂൾതലം മുതൽക്കുള്ള പ്രവർത്തനം ആവശ്യമാണ്. എല്ലാ ജില്ലകളിലും സർവ്വ സൗകര്യങ്ങളോടും താമസ സൗകര്യങ്ങളോടും കൂടിയ വിശാലമായ കായിക സ്കൂളുകൾ സ്ഥാപിക്കണം. ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സ്കൂളുകൾ ആരംഭിക്കണം.

ആഞ്ചാം ക്ലാസ്സ് മുതൽക്കെങ്കിലും കുട്ടികളെ കായികമായി പരിശീലിപ്പിച്ചു തുടങ്ങിയാലെ അവരെ നല്ല കായിക പ്രതിഭകളായി വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ ആ പ്രായം മുതൽക്ക് ബോർഡിംഗ് സ്കൂളിൽ നിർത്തി പഠിപ്പിക്കുക അഭികാമ്യമല്ല. അതിനാൽ സാധാരണ സ്കൂളുകളിലെല്ലാം അഞ്ചാം തരം മുതൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക സ്പോർട്സ് ഡിവിഷനുകൾ ഉണ്ടാക്കി അവർക്ക് വിവിധ കളികളിൽ പരിശീലനം നൽകുകയും അവരവരുടെ അഭിരുചികളും കഴിവുകളും വിലയിരുത്തുകയും വേണം. അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകൾകൊണ്ട് സ്പോർട്സിൽ അഭിരുചിയും കഴിവുകളും ഉള്ളവരായി അവരെ മാറ്റണം. അതിനുശേഷം മാനദണ്ഡങ്ങൾക്ക് വിധേയമായി താല്പര്യവും കഴിവും ഉള്ള കുട്ടികളെ കണ്ടെത്തി എട്ടാം തരം മുതൽ ജില്ലാതല സ്പോർട്സ് സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കണം. ഇതിന്റെ ചെ‌ലവ് സർക്കാർ വഹിക്കണം. എന്നാൽ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികളിൽ നിന്ന് ആശാസ്യമായ നിശ്ചിത ഫീസ് ഏർപ്പെടുത്താവുന്നതുമാണ്. എന്നാൽ പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ട കുട്ടികൾക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളിലെ കുട്ടികൾക്കും, സമ്പൂർണ്ണമായും സൗജന്യമായിരിക്കണം സ്പോട്സ് സ്കൂളിലെ പഠനം.

എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടൂ വരെ ജില്ലാ സ്പോർട്ട്സ് സ്കൂളുകളിൽ പഠിക്കാൻ ഈ കുട്ടികൾക്ക് അവസരം നൽകണം. ഈ പഠന കാലയളവിൽ പോലീസ് പരിശീലനം, അത്യാവശ്യം സൈനിക മോഡൽ പരിശീലനം എന്നിവയും കുട്ടികൾക്ക് നൽകാവുന്നതാണ്. ഈ സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികളെ പോലീസിലും സൈനിക വിഭാഗങ്ങളിലും നിയോഗിക്കപ്പെടുന്നതിന് പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകണം. മറ്റ് സാധാരണ പാഠ്യപദ്ധതിയുടെ ഭാഗമായ ശാസ്ത്ര വിഷയങ്ങൾക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ നല്ല ആശയ വിനിമയ പാഡവമുള്ളവരായിക്കൂടി ഈ കുട്ടികളെ വളർത്തിയെടുക്കാനുതകും വിധം പാഠ്യ പദ്ധതികൾ ക്രമീകരിക്കണം. വെറും കായിക പഠനം മാത്രമായിരിക്കരുത്, മറ്റ് സ്കൂളുകളിലെ പോലെ എല്ലാ വിഷയങ്ങളും സ്പോർട്സ് സ്കൂളുകളിൽ പഠിപ്പിക്കണം. എന്നാൽ സിലബസ് പഠന ഭാരം ലഘൂകരിക്കും വിധം ആയിരിക്കണം ക്രമീകരിക്കേണ്ടത്. സ്പോർട്സ് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾ കായികമായും ബുദ്ധിപരമായും ഉയർന്ന നിലവാരം പുലർത്തും വിധമുള്ള ഒരു പാഠ്യ പദ്ധതി അവർക്കായി പ്രത്യേകം തന്നെ തയ്യാറാക്കാവുന്നതാണ്.

പ്ലസ് ടൂ ജയിക്കുന്നതോടെ കുട്ടികൾക്ക് പിന്നെ അവരുടെ ഇഷ്ടാനുസരണം ഉപരിപഠനം തുടരുകയോ മറ്റ് പ്രൊഫഷനുകളിലേയ്ക്ക് പോകുകയോ ചെയ്യാവുന്നതാണ്. എന്നാൽ പോലീസ്, സൈന്യം തുടങ്ങി കായികക്ഷമതാ പരിശീലനം ആവശ്യമുള്ള എല്ലാ ഉദ്യോഗങ്ങൾക്കും സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് നിശ്ചിത ശതമാനം സംവരണവും മാർക്കിളവും നൽകണം. ഒപ്പം കായികക്ഷമതാ പരീക്ഷകളിൽ നിന്ന് അവരെ ഒഴിവാക്കുകയും വേണം. അതുമല്ലെങ്കിൽ പ്ലസ് ടൂ കഴിയുന്നതോടേ സ്പോർട്സ് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് മാത്രമായി ടെസ്റ്റ് നടത്തി പോലീസിലേയ്ക്കും സൈന്യത്തിലേയ്ക്കും നിയമനം നടത്താവുന്നതുമാണ്. ഏത് ഉദ്യോഗങ്ങളിലും സ്പോർട്ട്സ്‌സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ നൽകണം. സ്പോർട്ട്സ് സ്കൂളുകളിൽ നിന്നും പ്ലസ് ടൂ കഴിഞ്ഞവരിൽ ഡിഗ്രി പഠനം പൂർത്തിയാക്കുന്നവർക്ക് എസ്.ഐ ടെസ്റ്റ് മുതലായവയിൽ നിശ്ചിത സംവരണവും മാർക്കിളവും അനുവദിക്കണം. അവർക്ക് എഴുത്തു പരീക്ഷ കഴിഞ്ഞ് കായികക്ഷമതാ പരീക്ഷകളിൽ നിന്ന് ഒഴിവാക്കി നേരിട്ട് നിയമനം നൽകണം. സ്പോർട്സ് സ്കൂളുകളിൽ പഠിച്ച് കായിക ക്ഷമത വികസിപ്പിച്ചിറങ്ങുന്ന കുട്ടി‌കൾക്ക് പിന്നീട് ഒരു ഒരു ഉദ്യോഗത്തിനും കായിക ക്ഷമതാ പരീക്ഷ നടത്തേണ്ട ആവശ്യമില്ല. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകളിലും സ്പോർട്ട്സ് സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പ്രിലിമിനറി ടെസ്റ്റ് മുതൽ പ്രത്യേക പരിഗണന നൽകണം. മെഡിക്കൽ- എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളീലും സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ നൽകണം.

ഇപ്പോൾ നിലവിലുള്ള സ്പോർട്സ് സ്കൂളുകളിൽ നിന്നും വേറിട്ടതായിരിക്കണം ഇവിടെ പറയുന്ന സ്പോട്സ് സ്കൂളുകൾ. അത്യാവശ്യം സ്പോർട്‌സിൽ താല്പര്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ചില സാധാരണ സ്പോർട്സ് സ്കൂളുകൾ ഇപ്പോൾ തന്നെയുണ്ട്. എന്നാൽ ഇവിടെ വിഭാവന ചെയ്യുന്ന സ്പോർട്സ് സ്കൂളുകൾ വളരെ ഉയർന്ന നിലവാരത്തിലുള്ളതും വേറി­ട്ടവയുമാണ്. അങ്ങനെ ഭാവിയിൽ സ്പോർട്സ് സ്കൂളുകൾ വഴി ജീവിതത്തിന്റെ സമസ്ത മേഖലകളിലും കായിക ക്ഷമമായ ഒരു തലമുറയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനാകും. ഏറ്റവും പ്രധാനമായി സ്പോർട്സ് സ്കൂളുകളിൽ നിന്നും പഠിച്ചു വരുന്നവരിൽ വിവിധ കളികളിൽ ഏറ്റവും മികവു പുലർത്തുന്നവർ ഉൾപ്പെടുന്ന കായിക പ്രതിഭകളുടെ ഒരു ഔദ്യോഗിക ബാങ്ക് തന്നെ സൃഷ്ടിക്കുവാനാകും. സ്പോർട്സ് സ്കൂളുകളിൽ നിന്ന് പരിശീലനം നേടിയിറങ്ങുന്ന മികച്ച കളിക്കാരെ രാജ്യത്തിന്റെ മികച്ച കളിക്കാരായി ഉയർത്തിക്കൊണ്ടു വരാൻ കഴിയും. . അങ്ങനെ നമ്മുടെ രാജ്യത്തിന്റെ കായിക സമ്പത്ത് വർദ്ധിപ്പിക്കാം. അതാണ് അതി‌ന്റെ ഏറ്റവും പ്രധാനമായ ഉദ്ദേശവും.

സ്പോർട്സ് സ്കൂളുകളിൽ പഠി­ച്ചിറങ്ങുന്ന കുട്ടികളിൽ ഒരു വിഭാഗം പോലീസ്, സൈന്യം, അർദ്ധ സൈന്യം തുടങ്ങിയ മേഖലകളിലേയ്ക്കു പോയി രാജ്യത്തെ സേവിക്കും. കുറച്ചുപേർ മറ്റ് വിവിധസ് മേഖലകളിൽ പോയി രാജ്യത്തെ സേവിക്കും. ജീവിത വിജയം നേടും. സ്പോർട്സ് സ്കൂൾ പഠനം കഴിഞ്ഞിറങ്ങുന്നവരിൽ മറ്റൊരു നല്ല പങ്കാകട്ടെ മികച്ച കായിക താരങ്ങളായി രാജ്യത്തിന്റെ കായിക "സേനയുടെ" ഭാഗമാകും. അങ്ങനെ മികച്ച ഒരു കായിക സംസ്ഥാനമായി രാജ്യത്ത് കേരളത്തിന് തല ഉയർത്തി നിൽക്കാം. രാജ്യത്തെ കായിക മേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന ഒരു സംസ്ഥാനമായി നമുക്ക് മാറാം. രാജ്യത്തിനു മികച്ച കായിക താരങ്ങളെയും കായിക പ്രതിഭകളെയും സൃഷ്ടിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തി നടത്തുന്ന സ്പോർട്സ് സ്കൂളുകൾ വഴി ഈ ലേഖനത്തിലുടനീളം പരാമർശിച്ച മറ്റ് നിരവധി നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാം. പഠിതാക്കൾക്കും അവരിലൂടെ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനാകെയും!

Wednesday, January 21, 2015

മാനവികതയുടെ മാഹാത്മാവിന് പ്രണാമം

മാനവികതയുടെ മാഹാത്മാവിന് പ്രണാമം

മനുഷ്യരിൽ പലർക്കും സമാനതകളുണ്ടാകാം.  എന്നാൽ ഒരാൾക്ക് പകരം വയ്ക്കാൻ മറ്റൊരാളുണ്ടാകില്ല. അതുകൊണ്ടാണ് ചില സവിശേഷ വ്യക്തിത്വങ്ങൾ നമ്മെ വിട്ടുപോകുമ്പോൾ നികത്താനാകാത്ത വിടവ്, തീരാ നഷ്ടം എന്നൊക്കെ നമ്മൾ വിശേഷിപ്പിക്കുന്നത്. എല്ലാ മരണങ്ങളും വേണ്ടപ്പെട്ടവർക്ക് ദു:ഖം തന്നെയാണ്. എന്നാൽ എല്ലാവരും സമൂഹത്തെയോ  ചരിത്രത്തെയോ  വലിയ നിലയിൽ സ്വാധീനിച്ച് പ്രശസ്തരാകുന്നില്ല. ചിലർ തങ്ങളുടെ ഏതെങ്കിലും കർമ്മ മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിച്ച്  പ്രശസ്തിയുടെ കൊടുമുടി താണ്ടുന്നു. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു സർവ്വാ‌ദരണീയനായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ.  2014 ഡിസംബർ 4-നാണ്  ആ നീതി ഗോപുരം നമ്മെ വിട്ടു പിരിഞ്ഞത്.

പ്രഗൽഭനായ ഒരു ഭരണാധികാരി എന്ന നിലയ്ക്കും നിയമജ്ഞൻ എന്ന നിലയ്ക്കും മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ ഒരു കാവലാളായി നിന്നുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണയ്യർ നമുക്കിടയിൽ പ്രവർത്തിച്ചത്. സർവ്വാദരണീയനായ ഒരു വലിയ കാരണവരുടെ അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന ഒരു ശൂന്യത ഇനി എപ്പോൾ ആരിലൂടെ പരിഹരിക്കും എന്ന് നമുക്കറിവില്ല. എന്തായാലും നമുക്ക് ശക്തിയും പ്രചോദനവും പല വിഷയങ്ങളിലും  അവസാന വാക്കുമായിരുന്ന ആ നീതിമാൻ നമ്മുടെ ഭരണ ഘടനയുടെ പോലും വ്യാഖ്യാതാവും കാവലാളുമായി കീർത്തിപ്പെട്ട ഒരു മഹാനായിരുന്നു. പദങ്ങൾക്ക് പഞ്ഞമില്ല. പക്ഷെ കൃഷ്ണയ്യരെ പോലെ ചില   മഹാത്മാക്കളെ  വിശേഷിപ്പിക്കുവാനുള്ള പദാവലികൾ തേടുമ്പോൾ ചിലപ്പോൾ  നമ്മുടെ പദ സമ്പത്ത് നമുക്ക് മതിയാകാതെ വരുന്നതായി തോന്നും.  കാരണം  കേവലമായ വിശേഷണ പദങ്ങൾകൊണ്ട് വാഴ്ത്താവുന്നതിലുമപ്പുറമുണ്ട് അദ്ദേഹത്തിന്റെ അപദാനങ്ങൾ.

നീതി നിർവ്വഹണത്തിന്റെ പരമോന്നത ചുമതല സ്ഥാനത്തിരിക്കുമ്പോഴും അതിനുശേഷവും പാവങ്ങളുടെ പക്ഷത്തു  നിന്ന്  വിധി പറയാനും അവർക്ക് വേണ്ടി നീതിയുടെ പക്ഷത്ത് നിന്നു ഉറക്കെ ശബ്ദിക്കുവാനും നമുക്കൊരു മഹാനായ കൃഷ്ണയ്യരുണ്ടായിരുന്നുവെന്ന് എക്കാലത്തും നമുക്ക് അഭിമാനിക്കാനാകും. അദ്ദേഹത്തിന്റെ ശാസനകളും സാന്ത്വനങ്ങളും സമൂഹം ഒരുപോലെ നെഞ്ചേറ്റി. അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾക്കായി നമ്മൾ കാത്തോർത്തു. അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ധൈര്യത്തിനായി നാം എപ്പോഴും ആഗ്രഹിച്ചു. നാം ആഗ്രഹിച്ചതിനുമപ്പുറം അദ്ദേഹം നമുക്കു വേണ്ടി പ്രവർത്തിച്ചു. അതെ ഒരു ജീവിതം ധന്യമാകാൻ കഴിയുന്നതൊക്കെ  തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി  നമ്മെ ചിന്തിപ്പിച്ചും നമ്മെ പ്രവർത്തിപ്പിച്ചും നമ്മെ വിസ്മയിപ്പിച്ചും അദ്ദേഹം ചരിത്ര പുരുഷനായി.

ഒരു ജീവിതം കൊണ്ട് എന്തൊക്കെ നന്മകൾ ചെയ്യാമെന്നതിന് ഒരു  ഉദാത്ത മാതൃകയായി ജീവിച്ച് അദ്ദേഹം അനിവാര്യമായ അന്ത്യ യാത്ര പറഞ്ഞു. ഒരു നീതിമാനായ ഒരു മനുഷ്യസ്നേഹി ഇവിടെ സ്നേഹം കൊണ്ട് ഒരു തലമുറയെ കീഴടക്കിയെന്ന് ചരിത്രത്തിൽ തങ്കലിപികളാൽ നമുക്ക് എഴുതിവയ്ക്കാ‌നാകും. മാനവികതയുടെ ആൾരൂപമായിരുന്ന ആ മഹാനുഭാവനുള്ള സമർപ്പണമാകട്ടെ ഈ ലക്കം തരംഗിണി. മാനവികതയുടെ പ്രതീകമായിരുന്ന, വിശ്വപൗരനായിരുന്ന, സർവ്വാദരണീയനായ   ജസ്റ്റിസ് വി.ആർ.കൃഷ്ണ‌യ്യർക്ക് ഈയുള്ളവന്റെയും   ആദരാഞ്ജലികൾ!

Thursday, December 18, 2014

പേരറിവാളൻ: വൈജ്ഞാനിക മൂല്യമുള്ള ഒരു നാടക ശില്പം

പേരറിവാളൻ: വൈജ്ഞാനിക മൂല്യമുള്ള ഒരു നാടക ശില്പം

കിളിമാനൂർ കല ഫിനാൻസ് സൊസൈറ്റിയുടെ ഈ വർഷത്തെ ആദ്യ പ്രോഗ്രാം കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച 'പേരറിവാളൻ'  എന്ന നാടകമായിരുന്നു. കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച 'പേരറിവാളൻ' എന്ന നാടകം അങ്ങനെ ഈയുള്ളവനും കാണാൻ തരപ്പെട്ടു. ഈ നാടകം എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചാൽ  എനിക്ക് ഇഷ്ടമായി എന്ന് ഒറ്റവാക്കിൽ പറയും. ഒരു കലാ സൃഷ്ടി നന്നായിരുന്നു എന്നതുകൊണ്ട് എല്ലാവരും അത് ഇഷ്ടപ്പെടണം എന്നില്ല. നന്നായില്ല എന്നതുകൊണ്ട് ചിലർക്കെങ്കിലും അത് ഇഷ്ടപ്പെട്ടുകൂടാതെയുമില്ല. കാരണം ആളുകളുടെ അഭിരുചികൾ വ്യത്യസ്തമാണ്. ഈയുള്ളവന്റെ അഭിരുചികളും കലാസൃഷ്ടികളോടുള്ള കാഴ്‌ചപ്പാടുകളും  വച്ച് നോക്കുമ്പോൾ പേരറിവാളൻ ഒരു നല്ല നാടകം ആയിരുന്നു.

ഒരു എന്റർടൈൻ മെന്റ് എന്നതിലുപരി ഗൗരവമുള്ള കാഴ്ചയെ ആവശ്യപ്പെടുന്ന ഒരു നാടകമാണ് പേരറിവാളൻ. കാരണം ഇതിന്റെ പ്രമേയവും അവതരണവും  ഇത് പ്രേക്ഷകർക്ക് നൽകുന്ന സന്ദേശവും  മറ്റ് പ്രൊഫഷണൽ നാടകങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ്. . ഇത് ഒരു തട്ടിക്കൂട്ട് നാടകമല്ല. പ്രൊഫഷണൽ നാടകം എന്നാൽ കച്ചവട നാടകമാണ്. അത് ഒരു ഉല്പന്നമാണ്. വിപണിയും ലാഭവും അതിന്റെ ലക്ഷ്യമാകുന്നത് സ്വാഭാവികം.  പേരറിവളൻ എന്ന നാടകവും ഒരു പ്രൊഫഷണൽ നാടകം തന്നെയാണ്. എന്നാൽ ഇതിന്റെ വിപണന മൂല്യം ഇവിടെ പരിശോധിക്കുന്നില്ല. നമ്മുടെ ഉത്സപ്പറമ്പുകളും ഫിനാൻസ് സൊസൈറ്റികളുമൊക്കെ ഈ നാടകത്തിന് എത്രകണ്ട് വേദിനൽകും എന്നറിയില്ല. ഇതിന്റെ കലാമൂല്യവും വൈജ്ഞാനികമൂല്യവും ചരിത്ര മൂല്യവും വച്ചാണ് ഈ നാടകത്തെ വിലയിരുത്തേണ്ടതെന്നാണ് ഈയുള്ളവന്റെ വിനീതമായ അഭിപ്രായം. ഇത് കലമുല്യമുൾക്കൊള്ളുന്ന ഒരു നാടക ശില്പമാണ്. ഇതിന്റെ വൈജ്ഞാനികവും ചരിത്രപരവുമായ മൂല്യവും വളരെ വലുതാണ്. കാരണം ഒരു ചരിത്ര സംഭവമാണ് ഈ നാടകത്തിന് വിഷയീഭവിച്ചിട്ടുള്ളത്. നാടക രചയിതാവിന് ആദ്യം തന്നെ നല്ലൊരു മാർക്ക് നൽകേണ്ടിയിരിക്കുന്നു. കാരണം വിഷയം ഒരു ചരിത്ര സംഭവം എന്ന നിലയ്ക്ക് ഈ നാടകരചനയ്ക്ക് വേണ്ടി നല്ലൊരു ഗവേഷണവും ഹോം വർക്കും നടന്നിട്ടുണ്ട്.

സംഭാഷണങ്ങളിലൂടെയാണല്ലോ നാടകത്തിന്റെ വിഷയം പ്രധാനമായും ജനങ്ങളിൽ എത്തുന്നത്. തമിഴ് പശ്ചാത്തലമുള്ള ഒരു പ്രമേയം മലയാള നാടകമയി അവതരിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന പരിമിതികളെ നന്നായി മറികടക്കാൻ ഈ നാടകത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഡയലോഗ് പ്രസന്റേഷൻ നന്നായി നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. പ്രൊഫഷണൽ നാടകങ്ങൾ എല്ലാം തന്നെ പരമാവധി സങ്കേതങ്ങൾ  പ്രയോജനപ്പെടുത്തുന്നവയാണ്. സാങ്കേതിക സംവിധാനം ഉൾപ്പെടെയുള്ള നാടകത്തിന്റെ സംവിധാനം മൊത്തത്തിൽ മികവുറ്റതായിട്ടുണ്ട്. ഇപ്പോൾ മിക്കവാറും 4:2 എന്ന അനുപാതത്തിലാണ് പ്രൊഫഷണൽ നാടക സമിതികൾ നടീനടന്മാരെ വയ്ക്കുന്നത്.  അതുകൊണ്ടു തന്നെ മാറിമറിഞ്ഞു വരുന്ന കഥാപാത്രങ്ങളെ ഈ നാലേ ഈസ്റ്റു രണ്ടിൽ പെടുന്നവർ തന്നെ അവതരിപ്പിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷെ ഈ ആർട്ടിസ്റ്റുകൾ വളരെ നല്ല നിലയിൽ തന്നെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ഇത് അഭിനയ കലയിൽ ഈ നടീ നടന്മാർക്കുള്ള കഴിവ് തെളിയിക്കുന്നതായി. എന്നാൽ ഒരു രംഗത്ത് പേരറിവാളന്റെ ചെറുപ്പവും വാർദ്ധക്യവും ഒരേ രംഗത്ത് കാണിക്കേണ്ടി വന്നപ്പോൾ വാർദ്ധക്യം മറ്റൊരു നടനിലൂടെ അവതരിപ്പിക്കേണ്ടി വന്നു. ആ സീൻ ഒരു പൊരുത്തക്കേടായി ഫീൽ ചെയ്തു. പക്ഷെ അവിടെ മറ്റ് മർഗ്ഗങ്ങൾ ഇല്ല. പേരറിവാളനും കാമുകിയും തമ്മിലുള്ള ആ സൈക്കിൾ യാത്രാ രംഗങ്ങളും പാട്ടും വളരെ ആസ്വാദ്യകരമായി. ഒരു സംവിധായകന്റെ കഴിവും കൗശലവും വെളിപ്പെടുത്തുന്നതായി ഈ രംഗങ്ങൾ.

ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധി ജവഹർലാൽ നെഹ്റുവിനെ പോലെ ഒരു പ്രതിഭാധനനോ ഇന്ദിരാ ഗാന്ധിയെ പോലെ ഒരു രാഷ്ട്രീയ തന്ത്രജ്ഞതയുള്ള ഒരു രാഷ്ട്രീയ പ്രതിഭയോ ആയിരുന്നില്ല. എന്നാൽ ഇന്ത്യയെ കുറിച്ച് മഹത്തായ ലക്ഷ്യങ്ങളുള്ള ഒരു നല്ല പ്രധാന മന്ത്രിയായിരുന്നു രാജീവ് ഗാന്ധി. പക്വമാർന്ന ആ വ്യക്തിത്വം പക്വമാർന്ന ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രതീകമായിരുന്നു. പക്വമാർന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് അനുയോജ്യമായ ഒരു വ്യക്തിത്വം അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.   രാജീവ് ഗാന്ധിവധം ഇന്ത്യയുടെ ഒരു ദേശീയ ദുരന്തമായിരുന്നു. അത് ഒരു വലിയ  ചരിത്ര ദുരന്തവും ആയിരുന്നു. അദ്ദേഹത്തിന്റെ വധത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഗതി മാറിയെന്നു മാത്രമല്ല അനഭിലഷണീയമായ വഴികളിലൂടെയായി ഇന്ത്യയുടെ പിന്നീടുള്ള സഞ്ചാരം. ഇന്ത്യൻ സെക്യുലറിസത്തിനു കടുത്ത ഭീഷണികൾ നേരിട്ട് തുടങ്ങിയത് രാജീവ് ഗാന്ധിയുടെ മരണ ശേഷമാണ്. ചില വ്യക്തികളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ചരിത്രത്തെ ഗുണകരമായും ദോഷകരമായും സ്വാധീനിക്കും.

രാജീവ് ഗാന്ധി വധം സംബന്ധിച്ച ദുരൂഹതകളും വിവാദങ്ങളും ഇന്നും തുടരുകയാണ്. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട ഒരു ഏട് നാടകമാക്കുമ്പോൾ അതിന്റെ വൈജ്ഞാനിക മൂല്യവും ചരിത്ര മൂല്യവും നാം മുഖവില‌യ്ക്കെടുക്കേണ്ടതുണ്ട്. വിജ്ഞാന ദാഹികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഈ നാടകം ഒരു മുതൽക്കൂട്ടാണ്. ആർട്ടിസ്റ്റുകളുമായുള്ള ഒരു നിശ്ചിത കാലത്തേയ്ക്കുള്ള എഗ്രിമെന്റ് പീര്യീഡു വരെ മാത്രമേ ഒരു പ്രൊഫഷണൽ നാടകത്തിനു നില നില്പു‌ള്ളൂ. അതുകൊണ്ടു തന്നെ ഈ നാടകത്തിന്റെ പുസ്തക രൂപവും വീഡിയോ ചിത്രീകരണവും നിർമ്മിക്കുന്നത് വിജ്ഞാന കുതുകികൾക്ക് ഭാവിയിൽ ഉപകാര പ്രദമാകും. നമ്മുടെ നിയമ നീതി സംവിധാനങ്ങളുടെ നെഗറ്റീവ് വശങ്ങൾ സംബന്ധിച്ച ചില ഗൗരവതരമായ സന്ദേശങ്ങൾ ഈ നാടകം നൽകുന്നുണ്ട്. പൊളിച്ചെഴുതപ്പെടേണ്ട നിയമങ്ങളും മാറ്റി  മറിക്കേണ്ട നീതിന്യായ സമ്പ്രദായങ്ങളും സംബന്ധിച്ച അവബോധം പ്രേക്ഷകരിൽ സൃഷ്ടിക്കുവാൻ ഈ നാടകത്തിനു കഴിയുന്നുണ്ട്.  പ്രേക്ഷകരുടെ മാനസികവും വൈകാരികവുമായ തലങ്ങളെ എങ്ങനെ സ്പർശിക്കുന്നെവെന്നത് ഒരു കലാരൂപത്തെ സംബന്ധിച്ച് പ്രധാനമാണ്. ആ നിലയിൽ പേരറിവാളൻ ഒരു വലിയ വിജയമാണ്. വികാര തീവ്രമായ ഒരു ആസ്വാദന തലത്തിലേയ്ക്ക് പ്രേക്ഷകരെ നയിക്കുവാൻ ഈ നാടകത്തിനു കഴിയുന്നുണ്ട്. പ്രേക്ഷകരെ പോസിറ്റീവാ‌യി സ്വാധീനിക്കുവാൻ ഈ നാടകത്തിനു കഴിയുന്നു.

നർമ്മത്തിന്റെ മേമ്പൊടി ഈ നടകത്തിനില്ലാത്തത് ഒരു പോരായ്മയേ ആയി തോന്നിയില്ല. കാരണം ഇത് നർമ്മത്തിൽ ചാലിച്ചെടുക്കാൻ പറ്റിയ ഒരു പ്രമേയമല്ല. ഗൗരവതരമായ നിർമ്മാണം, ഗൗരവതര‌മായ രചന, ഗൗരവതരമായ സംവിധാനം, ഗൗരവ തരമായ ആസ്വാദനം എന്നിവ ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് ഈ നാടകത്തിനുള്ളത്. അതുകൊണ്ടുതന്നെ പ്രൊഫഷണൽ എന്നതിനപ്പുറം  സാമൂഹ്യ ബോധമുള്ള ഒരു നാടക സങ്കല്പം ഇതിന്റെ ശില്പികൾക്ക് ഉണ്ട് എന്നത് അഭിനന്ദനാർഹമാണ്. വിപണന സാദ്ധ്യതകൾ സംബന്ധിച്ച ഉൽക്കണ്ഠകൾ ഇല്ലാതെ സാഹസികമായി നിർവഹിച്ച ഒരു കലാ പ്രവർത്തനം എന്ന നിലയ്ക്കുള്ള അംഗീകാരം ഇതിനു വേണ്ടി പണം മുടക്കിയ നാടക മുതലാളിയ്ക്ക് നൽകിയേ മതിയാകൂ. എന്തായാലും അനീതികൾക്കെതിരെ രോഷാകുലമാകുന്ന ഒരു മാനസികാവസ്ഥ പ്രേക്ഷകനിൽ സൃഷ്ടിക്കുവാൻ കരുത്തുള്ള ഒരു നാടക ശില്പമാണ് പേരറിവാളൻ. ഇതിന്റെ അരംഗിലും അണിയറയിലും പ്രവർത്തിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ! 

Thursday, December 11, 2014

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

രത്നച്ചുരുക്കം: ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഇനി വിശദമായ പോസ്റ്റിലേയ്ക്ക്: 

വെറുതെ ബഹളം വച്ചതുകൊണ്ട് ഒരു കാര്യവുമില്ല. മതതീവ്രശക്തികൾ അധികാരശക്തിയായാൽ ഏതൊരു രാജ്യത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇന്ത്യയിലും സംഭവിക്കും. സാധാരണ പിന്നെ പ്രതീക്ഷകൾക്ക് വകയില്ല. മതരാഷ്ട്രം അരക്കിട്ടുറപ്പിക്കപ്പെടും. ഇന്ത്യയിൽ പക്ഷെ ഇപ്പോഴും ചില പ്രതീക്ഷകൾക്ക് നേരിയ സാദ്ധ്യതകൾ നില നിൽക്കുന്നുവെന്നു മാത്രം.

മതേതരത്വത്തിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. അവർ പൂർണ്ണമായും അടിച്ചമർത്തപ്പെടുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ സാധിച്ചു. നീണ്ടു പോകുന്തോറും മതേതരത്വം എന്ന വാക്കു പോലും ഉച്ചരിക്കാനുള്ള സ്വാതന്ത്ര്യം  നഷ്ടപ്പെട്ടേക്കാം. പക്ഷെ അധികാരലബ്ധിയെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാൽ ഛിന്നഭിന്നമായി കിടക്കുകയാണ് ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ. പ്രത്യയശാസ്ത്ര ബാദ്ധ്യതയുള്ള പ്രസ്ഥാനങ്ങൾ വിരളമാണു താനും.

ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഈ തിരിച്ചറിവ് എന്നത് തന്നെ മതേതര പ്രസ്ഥാനങ്ങളുടെ ഒരു ഉ ഉത്തരവാദിത്വമാണ്. പക്ഷെ ചില തിരിച്ചറിവുകളും ഉത്തരവാദിത്വ ബോധങ്ങളും പ്രബലമായ മതേതര പ്രസ്ഥാനങ്ങൾക്കൊന്നിനും ഇല്ലാതെ പോകുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു ദുരന്തം.

എന്നാൽ പഴയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഛിന്ന ഭിന്നമായി പോയ ചില പ്രസ്ഥാനങ്ങൾ ഒരുമിച്ചു ചേരാൻ ചില പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നത് ആശ്വാസകരമാണ്. ആ പ്രസ്ഥാനങ്ങളുടെ നേതാക്കളായ മുലയാം സിംഗ് യാദവ്, ലാലു പ്രസദ് യാദവ്, നിതീഷ് കുമാർ, ദേവ ഗൗഡ തുടങ്ങിയവരുടെ ലയന നീക്കങ്ങൾ പ്രതീക്ഷകൾക്ക് വകയുള്ളതാണ്. അതുപോലെ കോൺഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ മറ്റ് മതേതര പ്രസ്ഥാനങ്ങളും യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ടുകൊണ്ടുള്ള രാഷ്ട്രീയ ആലോചനകളും നീക്കങ്ങളും  ഇപ്പോഴേ ആരംഭിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ മതേതരത്വം  നില നിർത്താൻ മതേതര പ്രസ്ഥാനങ്ങൾക്ക് മറ്റെന്തിനേക്കാളുപരി ബാദ്ധ്യതയുണ്ട്. അത് വേണ്ട വിധം നിറവേറ്റാനായില്ലെങ്കിൽ പിന്നീട്  ചരി‌ത്രം വഴി തെറ്റി പോയതിനെക്കുറിച്ച് ഒന്ന്  ദു:ഖിക്കാൻ പോലും സ്വാതന്ത്ര്യം ലഭിച്ചെന്നു വരില്ല. കാരണം ഫാസിസം എന്നാൽ നമുക്ക് മനസ്സിലാക്കനുള്ള ശേഷിക്കുമപ്പുറം അപകടകരമയ ഒരു പ്രത്യയശസ്ത്രമാണ്. അത് വർഗ്ഗീയ ഫാസിസമാണെങ്കിൽ പതിൻമടങ്ങ് മാരകമായിരിക്കും.

മാത്രവുമല്ല ഒരു വർഗ്ഗീയ ഫാസിസത്തിനെതിരെ  മറ്റ് വർഗ്ഗീയ ഫാസിസ്റ്റുകൾ കൂടി പ്രതിരോധത്തിനിറങ്ങിയാൽ  അത് ഇന്ത്യയുടെ സമാധാനത്തിനും സ്വൈര ജീവിതത്തിനും നിരന്തര‌ഭീഷണിയായി   മാറും. അപ്പോൾ ആ അപകടാവസ്ഥയെ വിശേഷിപ്പിക്കാൻ മാരകം എന്നതിനേക്കാൾ വലിയ വാക്കുകൾ നാം അന്വേഷിക്കേണ്ടി വരും. ആവശ്യപ്പെടുന്ന വലിയ ജാഗ്രതകളെ സൂചിപ്പിക്കുവൻ വേറെ പദങ്ങൾ ഇല്ലാത്തതിനൽ 'ജാഗ്രത'  എന്ന് മാത്രം പറഞ്ഞ് ഈ ചെറുകുറിപ്പ് തൽക്കാലം ചുരുക്കുന്നു. . 

Wednesday, December 3, 2014

ആദിവാസി ക്ഷേമം

ഈ ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയത്

ആദിവാസി ക്ഷേമം

കേരളത്തിലെ ആദി വാസികൾ എന്നും പോരാട്ടത്തിലാണ്. ജീവിതം തന്നെ അവർക്ക് വലിയ പോരാട്ടമാണ്. കൂടെക്കൂടെ ആദിവാസികൾ പ്രത്യക്ഷ സമരത്തിനിറങ്ങും. ചർച്ച നടക്കും. എന്തെങ്കിലുമൊക്കെ ഉറപ്പുകളിൽ സമരം അവസാനിപ്പിക്കും. പിന്നെയും സ്ഥിതിഗതികൾ പഴയപടി. വർഷങ്ങളായി ആദി വാസി ക്ഷേമത്തിനു വേണ്ടി ധാരാളം പണവും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നു. എന്നാൽ അതിന്റെ ഗുണമൊന്നും ആദിവാസി സമൂഹത്തിന് വേണ്ട വിധം ലഭിക്കുന്നില്ലെന്നത് പണ്ടേയുള്ള പരാതിയാണ്. ഒക്കെ ഇടനിലക്കാരായ ഉദ്യോഗസ്ഥരുടെയും മറ്റും കൈകളിലേയ്ക്ക് പോകുന്നു. ഞെട്ടിപ്പിക്കുന്ന അഴിമതികളാണ് കാലാകാലങ്ങളായി ആദി വാസി ക്ഷേമ പരിപാടികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാൽ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ മാറി മാറിവരുന്ന സർക്കാരുകൾക്കോ സർക്കാരുകളെക്കൊണ്ട് വേണ്ടത് വേണ്ട വിധം ചെയ്യിപ്പിക്കുവാൻ ആദിവാസികൾക്കു വേണ്ടി സമരം ചെയ്യുന്നവർക്കോ കഴിയുന്നില്ല. കാലമിത്രയുമായിട്ടും ഒരുപാട് അനുഭവ പാഠങ്ങൾ ഉണ്ടായിട്ടും ആ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഭരണകൂട സംവിധാനങ്ങൾക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട്?

ആദിവാസികൾക്കു വേണ്ടി നില കൊള്ളുന്ന സംഘടനകളും കാലാകാലങ്ങളിൽ ഓരോ വിഷയങ്ങളുന്നയിച്ച് സമരം ചെയ്യുന്നതല്ലാതെ ട്രൈബൽ മേഖലയിലെ പ്രശ്നങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ കണ്ട് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ അവർക്കും കഴിയുന്നില്ലെന്നത് അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പോന്നതാണ്. രാഷ്ട്രീയ പാർട്ടികളും ഭരണ പ്രതിപക്ഷ ഭേദമന്യേ ആദിവാസി വിഷയങ്ങളിൽ ചില ഉരുണ്ടുകളികൾ നടക്കുന്നുണ്ടെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. പണത്തിന്റെയോ പദ്ധതികളുടെയോ സംഘടനകളുടെയോ പോരാട്ടങ്ങളുടെ കുറവല്ല ആദിവാസികളുടെ പ്രശ്നപരിഹാരത്തിനു കാരണം. എല്ലാമുണ്ട്. പക്ഷെ ആദിവാസികൾക്ക് ഒന്നുമില്ല. അവരുടെ മാനത്തിനു പോലും ആരും വില കല്പിക്കുന്നില്ല. ആദിവാസികളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതി പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. അവരുടെ സാംസ്കാരിക പുരോഗതിയ്ക്ക് സ്വാഭാവികമായ ധാരാളം പരിമിതികൾ മറികടക്കുവാനുണ്ട്. അതാകട്ടെ സാമ്പത്തികം, ആരോഗ്യം വിദ്യാഭ്യാസം, ഭൂമി, ഭവനം തുടങ്ങി വിവിധ മേഖലകളിലുമുള്ള പുരോഗതിയിലൂടെ മാറി വരേണ്ടതാണ്.

ഗോത്രവർഗ്ഗ സമൂഹത്തിന് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ കഴിയും വിധം അവരെ മാറ്റിത്തീർക്കാൻ വളരെ ആത്മാർത്ഥവും ബോധപൂർവ്വവും സർവ്വതല സ്പർശിയുമായ ഇടപെടലുകളിലൂടെ മാത്രമേ കഴിയൂ. അതിനു വേണ്ടത് കൂടെക്കൂടെയുള്ള പ്രഖ്യാപനങ്ങളല്ല. ആത്മാർത്ഥതയാണ്. ആദിവാസികൾക്കു വേണ്ടി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ശക്തമായ ജനകീയ മോണിട്ടറിംഗ് ആവശ്യമാണ്. രാഷ്ട്രീയ- സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന വിശാലമായ ഒരു സ്ഥിര മോണിട്ടറിംഗ് സമിതി രൂപീകരിക്കണം. അവയ്ക്ക് അവശ്യം എക്സിക്യൂട്ടീവ് പവറും നൽകണം. ഉദ്യോഗസ്ഥ സംവിധാനങ്ങളിലൂടെ മാത്രം നടത്തുന്ന ക്ഷേമ പദ്ധതികൾ പൂർണ്ണമായും ഫലപ്രാപ്തിയിൽ എത്തില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള ആത്മാർത്ഥതയില്ലായ്മ, അഴിമതി, കെടുകാര്യസ്ഥത, ചുവപ്പുനാട മുതലായവയെല്ലാം ആദിവാസികൾക്കു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയത്തിന് തടസ്സമാകുന്നുണ്ട്. അത് പരിഹരിക്കാൻ സർക്കാരിന്റ ജാഗ്രതയും ശക്തമായ ജനകീയ ഇടപെടലുകളും ആവശ്യമാണ്. ആദിവാസികൾക്കു വേണ്ടി വാദിക്കാനും അവർക്കു വേണ്ടി സമരം ചെയ്യാനും ഒരുപാട് പേർ ഉണ്ടെങ്കിലും ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു തരം അനാഥത്വം ആദിവാസികൾ നേരിടുന്നുണ്ട്.

ആദിവാസികളെ വിവിധ തരത്തിൽ ചൂഷണം ചെയ്യുന്നതിനെതിരെ വേണ്ടത്ര നടപടികൾ എടുക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. പണ്ടു മാത്രമല്ല, ഇന്നും അവിവാഹിതകളായ അമ്മമാർ ആദിവാസികൾക്കിടയിൽ വളരെയേറെയുണ്ട്. പക്ഷെ ആ ദുരവസ്ഥ അവസാനിപ്പിക്കുവാനും ഇതുവരെയുള്ള ക്ഷേമ പദ്ധതികൾക്കൊനന്നും കഴിഞ്ഞിട്ടില്ല. ആദിവാസികളുടെ മണ്ണും മാനവും കവർന്നെടുക്കാൻ പ്രമാണി വർഗ്ഗം സദാ ശ്രമിച്ചു പോരുന്നുണ്ട്. ഇതിനൊക്കെ അറുതി വരുത്താൻ ആവശ്യമായ നിയമ നിർമ്മാണങ്ങളോ ഉള്ള നിയമങ്ങളുടെ ശരിയായ നിർവ്വഹണമോ സാധ്യമാകുന്നില്ല. ഇത്തരം പരിദേവനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതിനപ്പുറത്തേയ്ക്ക് ആദിവാസികളും മനുഷ്യരാണ് എന്ന ബോദ്ധ്യത്തോടെ ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും മുന്നോട്ടു പോകാൻ തയ്യാറാകനം. ആദിവാസികൾക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരും അവർക്കു വേണ്ടി സമരം ചെയ്യുന്നവരും തങ്ങളുടെ ആത്മാർത്ഥത ഇനിയും തെളിയിക്കേണ്ടതുണ്ട്. പ്രസംഗങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, പ്രായോഗികമായ നടപടികൾ ആണ് ആദിവാസികൾക്കു വേണ്ടി എല്ലാവരും നടത്തേണ്ടത്. അതിനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും ഉണ്ടാകട്ടെ. അതിൽ രാഷ്ട്രീയമോ മറ്റുവല്ലതുമോ കലർത്താതെ എല്ലാവരും ഒരുമിച്ചു കൈകോർത്ത് നിൽക്കണം.