Thursday, January 20, 2011

സംസ്ഥാന സ്കൂൾ യുവജനോത്സവം പണക്കൊഴുപ്പിന്റെ ഉത്സവം


സംസ്ഥാന
സ്കൂൾ യുവജനോത്സവം പണക്കൊഴുപ്പിന്റെ ഉത്സവം

ഇക്കൊല്ലത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ഇന്നലെ കോട്ടയത്ത് തിരി തെളിഞ്ഞു. ഇപ്പോൾ മത്സരം തകർക്കുകയാണ്. പണക്കൊഴുപ്പിന്റെ ഉത്സവം. പണക്കൊഴുപ്പ് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സസ്ഥാന സർക്കാർ ഖജാനയിൽ നിന്നും കലോത്സവ നടത്തിപ്പുസമിതി പിരിവെടുത്തും പണം ചെലവാക്കുന്ന കാര്യമല്ല. മത്സരിക്കുന്ന കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും സമ്പന്നസ്കൂൾ മാനേജ്മെന്റ് സ്കൂളുകളുടെയും പണമികവിന്റെ കാര്യമാണ്.

സ്കൂൾ യുവജനോത്സവത്തിൽ ശരിക്കും മത്സരിക്കുന്നത് കുട്ടികളല്ല രക്ഷകർത്താക്കളാണ്. എന്നുവച്ചാൽ ജീവിക്കാൻ അല്പം ഏരും ശീരും ഒക്കെയുള്ള രക്ഷകർത്താക്കൾ. അതുപോലെ സാമ്പത്തികമായി നല്ല അടിത്തറയുള്ള മാനേജ്മെന്റ് സ്കൂളുകളും മത്സരത്തിന് ധാരാളം പണം ചെലവാക്കുന്നുണ്ട്. അത്തരം സ്കൂളുകളിലും സാമ്പത്തികമെച്ചമുള്ളവരുടെ മക്കളാണല്ലോ പഠിക്കുന്നത്. അവർ തങ്ങളുടെ മക്കളെ വൻ തുകകൾ ചെലവാക്കി വിവിധ കലാ മത്സരങ്ങൾക്ക് പരിശീലനം നൽകുന്നു. സ്കൂൾ തലം മുതൽ മത്സരിച്ച് ജയിച്ചു കയറുന്നു. ജില്ലാതലത്തിൽ എത്തിയാൽ ജയിച്ചില്ലെങ്കിൽ ചിലർ അപ്പീലും വാങ്ങി സംസ്ഥാന യുവജനോത്സവത്തിനെത്തുന്നു. എങ്ങനെയും തങ്ങളുടെ മക്കളെ ജയിപ്പിച്ചെടുക്കണം.

ഇപ്പോൾ കലാതിലകപ്പട്ടമൊക്കെ നിറുത്തിയത് ചിലർക്കൊരടിയാണ്. സമ്മാനം ലഭിക്കാൻ വേണ്ടി എന്തിനും തയ്യാറുള്ള ചില കൊച്ചമ്മച്ചിമാർ യുവാക്കളായ ജഡ്ജിമാരെ പണ്ട് സ്വാധീനിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. ഇപ്പോൾ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയില്ല. പ്രൊഫഷണൽ കോഴ്സുകൾക്കടക്കം ഗ്രേസ്മാർക്കുള്ളതാണ് ചിലർക്ക് പ്രചോദനം. ചിലർക്ക് പൊങ്ങച്ചത്തിന്റെയും. അല്ലാതെ കലയോടോ സാഹിത്യത്തോടോ ഉള്ള താല്പര്യമൊന്നുമല്ല. ഇവരുടെ കുട്ടികളും കഠിനമായ പരിശീലനത്തോടെ നേടിയെടുക്കുന്ന താണ് വിജയം. അല്ലാതെ ജന്മവാസനകൊണ്ടൊന്നും അല്ല.

പാവപ്പെട്ട കുട്ടികൾ അവർ എത്ര ജന്മ വാസന ഉള്ളവരാണെങ്കിലും സ്കൂൾ തലത്തിൽ വച്ചുതന്നെ തോറ്റു പിൻവാങ്ങുന്നു. ഏറിയാൽ സബ്ജില്ലാതലം വരെ പോകും. അവിടെവച്ച് സമ്പന്ന സ്കൂൾ മനേജ്മെന്റിലെ കുട്ടികളും സമ്പന്നരായ രക്ഷകർത്താക്കളുടെ മക്കളും അടിച്ചുകയറും. കാരണം അവർ വിദഗ്ദ്ധരായ പരിശീലകരെ വച്ച് സ്ട്രെയിനെടുത്ത് ട്രെയിൻ ചെയ്യിക്കുന്നു. പലർക്കും ഇത് സ്ട്രെയിൻ തന്നെയാണ്. കാരണം ഇല്ലാത്ത കഴിവുകളെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയാണല്ലോ. പാവപ്പെട്ട കുട്ടികൾക്ക് നല്ല കഴിവും ജന്മവാസനയും ഒക്കെ ഉണ്ടെങ്കിലും കാശില്ലാ‍ത്തതിനാലും വിദഗ്ദ്ധപരിശീലനമോ പ്രോത്സാഹനമോ ഒന്നും ലഭിക്കാത്തതിനാലും സ്കൂൾ വേദിയിൽ വെറുതെ പങ്കാളിത്തം കാട്ടി പോകാമെന്നേയുള്ളൂ.

സത്യത്തിൽ സ്കൂൾ യുവജനോത്സവങ്ങളിൽ രണ്ടു കൂട്ടർ തമ്മിലാണ് പരസ്പര മത്സരം. ഒരു കൂട്ടർ രക്ഷകർത്താക്കൾ തന്നെ. പ്രത്യേകിച്ചും അല്പം വലിയ വീടുകളിലെ പൊങ്ങച്ചക്കാരായ കൊച്ചമ്മച്ചിമാർ തമ്മിൽ. മറ്റൊരു കൂട്ടർ കുട്ടികളെ വിവിധ മത്സരയിനങ്ങളിൽ പരിശീലിശീലനം കൊടുക്കുന്ന വിദഗ്ദ്ധരാണ്. ശരിക്കും ഇവിടെ മത്സരങ്ങളിൽ ജയിക്കുന്നതും തോൽക്കുന്നതും പരിശീലകരാണ്. കാരണം അവരുടെ കഴിവാണ് കുട്ടികളുടെ വിജയത്തെ സ്വാധീനിക്കുന്നത്. അപ്പോൾ ശരിക്കും കുട്ടികളുടെ കഴിവുകൾ അല്ല മാറ്റുരയ്ക്കപ്പെടുന്നത്. പിന്നാമ്പുറത്ത് പ്രവർത്തിയ്ക്കുന്നവരുടെ കഴിവികളാണ്. പിന്നെന്തിന് ഇത് സ്കൂൾ കലോത്സവം ആക്കണം. പരിശീലകരെ പരസ്പരം മത്സരിപ്പിച്ചാൽ പോരെ?

അതുകൊണ്ട് കലോത്സവങ്ങളിൽ കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പുതിയ രീതികൾ ആ‍ാവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഇപ്പോൾ ലളിതഗനത്തിൽ പാടുന്ന കുട്ടി ഗാനം അതു പഠിപ്പിക്കുന്ന ആൾ പാടി കേൾപ്പിക്കുന്നതു കേട്ട് കേട്ട് അനുകരിച്ച് പാടുകയാണ്. ഇവിടെ കുട്ടിയുടെ സംഗീത വാസന കണ്ടെത്താനാകില്ല. നേരെ മറിച്ച് പ്രസംഗമത്സരത്തിലെ പോലെ കുട്ടിയ്ക്ക് മുൻപരിചയമില്ലാത്ത ഏതാനും വരികൾ നൽകിയിട്ട് അഞ്ചോപത്തോ മിനുട്ട് കൊണ്ട് അത് മനസിലിട്ട് ചിട്ടപ്പെടുത്തി വന്ന് പാടാൻ ആവശ്യപ്പെടണം. അപ്പോൾ മാത്രമേ കുട്ടിയുടെ യഥാർത്ഥ സംഗീതാഭിരുചി നിർണ്ണയിക്കാൻ കഴിയൂ.

ഇപ്പോൾ അഭിനയത്തിന്റെ കാര്യം എടുത്താൽ ഒരു നല്ല സംവിധായകന്റെ കീഴിൽ ശിഷ്യപ്പെട്ട് പരിശീലിച്ച് കളിക്കുന്ന നാടകം വച്ചിട്ട് ഒരു കുട്ടിയിലെ നാടകാഭിരുചി കണ്ടെത്താനാകില്ല. അതിന് നേരത്തെ പാട്ടിന്റെ കാര്യം പറഞ്ഞതുപോലെ മത്സര സമയത്ത് ചില സന്ദർഭങ്ങൾ പറഞ്ഞിട്ട് അതിനനുസരിച്ച് അഭിനയിച്ചു കാണിയ്ക്കാൻ പറഞ്ഞാൽ കുട്ടിയുടെ അഭിനയിക്കാനുള്ള കഴിവ് കണ്ടെത്താം. ഒരു കൊച്ചു നാടകം കൊടുത്തിട്ട് സംവിധനം ചെയ്ത് അവതരിപ്പിക്കാൻ പറഞ്ഞാൽ അതിലൂടെ കുട്ടിയിലെ നാടകാഭിരുചി കണ്ടു പിടിക്കാം. അല്ലാതെ മറ്റൊരാൾ പറഞ്ഞും കാണിച്ചും കൊടുക്കുന്നത് അതുപോലെ അനുകരിച്ച് കാണിക്കുന്നത് കലാബോധത്തെയും കഴിവിനെയും വെളിപ്പെടുത്തില്ല. ഡാൻസിൽ പോലും ഇപ്പോൾ കാണുന്നതുപോലെ അനാ‍വശ്യമായ വേഷക്കൊഴുപ്പിന്റെയൊന്നും ആവശ്യമില്ലെന്ന് രംഗത്തെ വിദഗ്ദ്ധർ തന്നെ പറയുന്നുണ്ട്. എന്തായാലും ഇന്നത്തെ മത്സര രീതികൾ പലതും അശാസ്ത്രീയവും അനഭിലഷണീയവും ആണ്.

ഗ്രേസ്മാർക്കും മറ്റും ഇല്ലെങ്കിൽ എത്രപേർ ഇത്ര ആവേശത്തോടെ പണം മുടക്കി വരും, കുട്ടിളെ മത്സരിപ്പിക്കാൻ? കലയോടൊ സാഹിത്യത്തോടോ കുട്ടിയ്ക്കോ രക്ഷകർത്താക്കൾക്കോ ഉള്ള കമ്മിറ്റ്മെന്റല്ല പലരെയും മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്. അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും മറ്റ് ആനുകൂല്യങ്ങളും ആണ്. അല്ലെങ്കിൽ നമുക്ക് തന്നെ ആലോചിക്കാവുന്നതാണല്ലോ. കലോത്സവങ്ങളിൽ ഒക്കെ വിജയിച്ച് ആഘോഷിച്ച് പോകുന്ന കുട്ടികളിൽ എത്രപേർ പിന്നെ കലാസഹിത്യരംഗത്ത് കാണുന്നു? അവർ ഒക്കെ എങ്ങോട്ട് പോകുന്നു? കലാപ്രതിഭയും കലാതിലകവുമൊക്കെ നിലനിന്ന കാലത്ത് അവ കരസ്ഥമാക്കുന്ന കുട്ടികൾ അല്പം ഗ്ലാമർ ഒക്കെ ഉള്ളവർ ആണെങ്കിൽ ചിലപ്പോൾ സിനിമയിൽ നായികമാരൊക്കെ ആയി വന്നേക്കും. അത് വളരെ അപൂർവ്വമായി സംഭവിക്കുന്നുവെന്നേയുള്ളൂ.

ബഹുഭൂരിപക്ഷം കലോത്സവ വിജയികളും പ്ലസ് ടൂവും കൂടി കഴിഞ്ഞാൽ അവരവരുടെ വഴിക്ക് പോകുകയാണ്. അവർ കലാരംഗത്തേയ്ക്ക് പിന്നെ വരുന്നതേയില്ല. കാരണം അവർക്ക് അതിൽ താല്പര്യവും ഇല്ല, അതിന്റെ കാര്യവുമില്ല. പിന്നെന്തിനാണ് ഇത്രയും പാടുപെട്ട് കലോത്സവം നടത്താൻ മിനക്കെടുന്നത്? കുറെ പണം ധൂർത്തടിക്കാനോ? കലയെ പ്രോത്സാഹിപ്പിക്കുന്നത് അതിനെ പരിഭോഷിപ്പിക്കുവാനും അവയിൽ കഴിവുള്ളവരെ കണ്ടെത്തി വളർത്താനും പ്രോത്സാഹിപ്പിക്കാനും ആണ്. ഇവിടെ കലയെ മറ്റു ലക്ഷ്യങ്ങൾക്കു വേണ്ടി മാറ്റുരയ്ക്കുകയാണ്.

പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര പ്രോത്സഹനം നൽകാൻ ഇവിടെ ആരുമില്ല. മിക്കവാറും പാവപ്പെട്ട കുട്ടികൾ എല്ലം സാധാ‍രണ സ്കൂളുകളിൽ ആണ് പഠിക്കുന്നത്. സാമ്പത്തികഭദ്രതയധികമില്ലാത്ത സർക്കാർ -എയിഡഡ് സ്കൂളുകൾക്ക് അവരുടെ നിലയിൽ കുട്ടികൾക്ക് പരിശീലനമോ മറ്റോ നൽകാനും കഴിയില്ല. കുട്ടികലുടെ രക്ഷിതാക്കളാകട്ടെ നിർദ്ധനരും. ബഹുഭൂരുപക്ഷം പാവങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഇന്നും. അവരുടെ മക്കളാണ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ അധികവും. അവർക്കൊന്നും പ്രയോജനമില്ലാത്ത മത്സരമൊക്കെ എന്തിനാണ്? ആർക്കുവേണ്ടിയാണ്? പാവപ്പെട്ട കുട്ടികളെ പണക്കാർ അവരുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തികൊണ്ട് തള്ളിമാറ്റിയിട്ട് ഇവിടെന്തു കലോത്സവം? കോപ്പ് കിണാപ്പ് !

4 comments:

രമേശ്‌ അരൂര്‍ said...

കലോത്സവങ്ങള്‍ എക്കാലത്തും ഇങ്ങനെയൊക്കെ തട്ടിക്കൂട്ടുന്നതും പണക്കൊഴുപ്പുള്ളവര്‍ക്ക് അരങ്ങു വാഴാന്‍ വേണ്ടിയുള്ളവയും ആയിരുന്നു ..
ഒരു തൊഴിലാളിയുടെ കുട്ടി നൃത്തം പഠിച്ചു സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ എത്തുമ്പോള്‍ കുറഞ്ഞത്‌ അര ലക്ഷം രൂപയെങ്കിലും ചിലവാകുമെന്നത് പരമാര്‍ത്ഥം മാത്രമാണ് ..ആടയും ആഭരണവും അലങ്കാരവും കൂലിയും ചിലവും ഇല്ലാതെ ഇതെങ്ങനെ നടത്തും എന്ന ചോദ്യവും ബാക്കി ...കല കുടിലില്‍ വാഴുന്ന കഥകള്‍ക്കായി കാത്തിരിക്കാം ..അല്ലാതെന്തു ചെയ്യാന്‍ ?

ഇ.എ.സജിം തട്ടത്തുമല said...

അങ്ങനെയത്രയെത്രകാലം എത്രയെത്രകാര്യങ്ങൾക്കു വേണ്ടി അനന്തമായി കാത്തിരിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ! കമന്റിനു നന്ദി, രമേശ് അരൂർമാഷ്!

faisu madeena said...

അവർക്കൊന്നും പ്രയോജനമില്ലാത്ത മത്സരമൊക്കെ എന്തിനാണ്? ആർക്കുവേണ്ടിയാണ്? ഈ പാവപ്പെട്ട കുട്ടികളെ പണക്കാർ അവരുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തികൊണ്ട് തള്ളിമാറ്റിയിട്ട് ഇവിടെന്തു കലോത്സവം? കോപ്പ് കിണാപ്പ് !

പാവം കുട്ടികള്‍....!!


പിന്നെ മാഷിന്‍റെ ലേഖനങ്ങള്‍ എല്ലാം വളരെ താല്പര്യത്തോടെ വായിക്കുന്ന ആളു എന്നാ നിലക്ക് ഒരു കാര്യം പറയട്ടെ..സാധാരണ മാഷിന്‍റെ പോസ്റ്റില്‍ കാണാത്ത അക്ഷര തെറ്റുകള്‍ ഇതില്‍ കാണുന്നല്ലോ ...പെട്ടെന്ന് എഴുതിയതാണോ ?.ശ്രദ്ധിക്കണേ പ്ലീസ് ...

ഇ.എ.സജിം തട്ടത്തുമല said...

ഫെയിസു മദീന, എന്റെ പോസ്റ്റുകൾ വായിക്കുന്നുണ്ടെന്നറിയുന്നതിൽ വലിയ സന്തോഷം.ഒന്നുകൂടി വായിച്ച് ശ്രദ്ധയില്പെട്ട അക്ഷരത്തെറ്റുകൾ തിരുത്തിയിട്ടുണ്ട്. ചൂണ്ടി കാണിച്ചതിനു നന്ദി! രാ‍ത്രി പന്ത്രണ്ട് മണിയ്ക്കു മുമ്പ് പബ്ലിഷ് ചെയ്യാനുള്ള വെപ്രാളത്തിൽ പറ്റിയതാണ്. അദ്യം ഇത് ബൂലോകം ഓൺലെയിനിൽ ആണ് പബ്ലിഷ ആക്കിയത്. താങ്കളുടെ ബ്ലോഗത്ത് ഞാൻ വന്നിരുന്നു. ഇനിയും വരും. സമയങ്ങളിൽ കഴിയുന്നത്ര ക്രമീകരണങ്ങൾ വരുത്തിയെങ്കിലും നമുക്കിനിയും ഇങ്ങനെ കാണണം.