വില വർദ്ധനവ്: കടിഞ്ഞാൺ നഷ്ടപ്പെടുന്ന ഭരണകൂടം
ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ അതിർത്തികാക്കൽ മാത്രമല്ല. അതിർത്തികാക്കാൻ സൈന്യം ജാഗരൂപമാണ്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുത്ത് അജ്ഞാപിക്കുകയേ വേണ്ടൂ. രാജ്യം കാക്കാനുള്ള ചുമതല സൈന്യം നിർവ്വഹിച്ചുകൊള്ളും. സൈന്യത്തിന് ആത്മധൈര്യവും ആവശ്യമായ സന്നാഹങ്ങളും സേവന വേതനവും ഒക്കെ യഥവിധി ഭരണകൂടം എത്തിച്ചുകൊടുത്താൽ മതി. പ്രസിഡന്റോ പ്രധാന മന്ത്രിമാരോ മന്ത്രിമാരോ ആരും നേരിട്ട് യുദ്ധത്തിനു പോകേണ്ടി വരില്ല. സൈന്യത്തിന്റെ അംഗബലത്തിൽ ദൌർബല്യമുണ്ടാകുന്ന സന്ദർഭമുണ്ടാകുമ്പോൾ രാജ്യത്തെ സധരണ പൌരന്മാരടക്കം രജ്യത്തിനു വേണ്ടി പൊരുതാൻ ബാദ്ധ്യസ്ഥരുമാണ്. പറഞ്ഞുവന്നത് ഭരണകൂടബദ്ധ്യതകളെക്കുറിച്ചാണ്. രാജ്യം കാക്കാൻ മാത്രമണെങ്കിൽ സൈന്യവും സൈനിക തലവന്മാരും മാത്രം മതിയല്ലോ. പക്ഷെ അതു മാത്രമല്ലല്ലോ ഒരു രാഷ്ട്രവും ജനങ്ങളും ആവശ്യപ്പെടുന്നത്.
ജനാധിപത്യത്തിൽ ഒരു ഭരണകൂടത്തെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് രാഷ്ട്രം കാക്കാനും രാഷ്ട്രത്തിലെ ജനങ്ങളുടെ സർവതോന്മുഖമായ ക്ഷേമം ഉറപ്പുവരുത്താനും കൂടിയാണ്. ആധുനിക സർക്കാരുകൾക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ജനങ്ങളോടുള്ളത്.ഭരണഘടനയും നിയമങ്ങളും ഭരണകൂടത്തിന് ശക്തമായ അധികാരങ്ങളും നൽകുന്നുണ്ട്. ഇവിടെ ഭരണകൂടം എന്നു പറഞ്ഞൽ നിയമ നിർമ്മാണ സഭകളെ കൂടി ഉൾപ്പെടുത്തി പറയുകയാണ്. ജനങ്ങൾ ഒരു കക്ഷിയ്ക്കോ മുന്നണിക്കോ ഭരണം നൽകുമ്പോൾ ഈ അധികാരങ്ങൾ ഒക്കെ കൂടിയാണ് നൽകുന്നത്. ആ അധികാരം ഉപയോഗിച്ചു കൊണ്ട് ജനങ്ങൾക്ക് ഉണ്ടാകുന്ന ഏതൊരു ബുദ്ധിമുട്ടുകളെയും ഇല്ലാതാക്കാൻ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. കാലാനുസൃതമായി ജനങ്ങൾക്ക് ആവശ്യമായ നിയമങ്ങൾ നിർമ്മിക്കാനും ജീവിത സൌകര്യങ്ങൾ ഒരുക്കി കൊടുക്കാനും ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്. ഈ ബാദ്ധ്യതകൾ നിർവഹിക്കാൻ ഭരണകൂടത്തിനു കഴിയാതെ വന്നാൽ രാഷ്ട്ര വ്യവസ്ഥകളുടെ മേൽ ഭരണകൂടത്തിനുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു എന്നാണർത്ഥം. ഭരണകൂടത്തിന്റെ ദൌർബല്യവും കഴിവുകേടും ആണ് ഇതിലൂടെ വെളിപ്പെടുക. ഇപ്പോൾ നമ്മുടെ ഭരണകൂടം അങ്ങനെ ഒരു വെളിപ്പെടുത്തലിന്റെ സ്വഭാവമാണ് കാണിക്കുന്നത്.
കാരണം നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലവർദ്ധനവ് നിയന്ത്രിക്കുവാൻ നമ്മുടെ മാറിമാറിവരുന്ന ഭരണകൂടങ്ങൾ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.ഭക്ഷണം മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനാവശ്യമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പോലും നിയന്ത്രിക്കാൻ കഴിയാതെ വരുന്നിടത്ത് ഒരു ഭരണകൂടത്തെ ജനങ്ങൾ എങ്ങനെയാണ് വിലയിരുത്തേണ്ടത്? വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവണ്മെന്റ് നിസഹായത വെളിപ്പെടുത്തിയിരിക്കുന്നുവെന്നുമാത്രമല്ല ജനങ്ങൾ വില കുറഞ്ഞ സാധനങ്ങൾ വാങ്ങി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് ജനങ്ങളെ പരിഹസിക്കുകയാണ്. ജനങ്ങൾ ഭരണം നൽകുന്നത് ഇങ്ങനെയൊക്കെ പരിഹാസം ചൊരിയാനാണോ?
ഇന്ത്യ ഒരു മിശ്രസമ്പദ് വ്യവസ്ഥയെന്നാണ് ഇന്നും കുട്ടികളുടെ പാഠപുസ്തകങ്ങളിൽ പറയുന്നത്. മിശ്രസമ്പദ് വ്യവസ്ഥയെന്നു പറഞ്ഞാൽ പൊതു മേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഇത് രണ്ടിനും ഒരുമിച്ചും ഉല്പാദന വിതരണ സംരഭങ്ങളിൽ ഇടപെടാവുന്ന സമ്പദ് വ്യവസ്ഥയെന്നാണ്. ഇതിൽ രാഷ്ട്രം സാമ്പത്തികമായി പുരോഗമിക്കുന്ന മുറയ്ക്ക് സ്വകാര്യമേഖലയുടെ പങ്കളിത്തം കുറച്ച് പൊതുമേഖലയുടെ പ്രാധാന്യം വർദ്ധിപ്പിച്ചുകൊണ്ട് ഒരു സോഷ്യലിസ്റ്റ്- ക്ഷേമരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം അന്തർഭവിച്ചിരിക്കുന്നു എന്നാണ് വിവക്ഷ. പക്ഷെ ഇവിടെ നമ്മുടെ മാറിമാറിവന്ന ഭരണകൂടങ്ങൾ പൊതുമേഖലയെ ബോധപൂർവ്വം നിരുത്സാഹപ്പെടുത്തുകയും ദുർബലപ്പെടുത്തുകയും ഇതിനകം തന്നെ ഏറെക്കുറെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് സ്വകാര്യമേഖലയെ ഊട്ടി വളർത്താനാണ് ശ്രമിച്ചു പോന്നിട്ടുള്ളത്. അതായത് സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് രാജ്യത്തെ നയിക്കുകയാണ് ചെയ്തുവരുന്നത്. ഇന്ന് ശരിക്കും ഇന്ത്യ ഒരു മുക്കാൽഭാഗം മുതലാളിത്തരാജ്യമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഫീൽ ചെയ്യുന്നത് ഒരു സമ്പൂർണ്ണ മുതലാളിത്തം തന്നെയാണ്.
മുതലാളിത്തം ലാഭേച്ഛയിൽ അധിഷ്ഠിതമണെന്നും അവിടെ ജനക്ഷേമത്തിനല്ല മുൻ തൂക്കം എന്നും എല്ലവർക്കും അറിയാം. മാത്രവുമല്ല മുതലാളിത്ത വ്യവസ്ഥിതിയിൽ ഉല്പാദന വിതരണ വിപണന രംഗങ്ങളിൽ ഭരണകൂടത്തിന് നാമമാത്രമായ ഇടപെടലുകളേ അനുവദിക്കുന്നുള്ളൂ. മുതലാളിത്തത്തിൽ കമ്പോള വ്യവസ്ഥ യാന്ത്രികമായി നീങ്ങുമെന്നാണ് സങ്കല്പം. ഉപഭോക്താവിന്റെ താല്പര്യങ്ങളെയും പരമാധികാരത്തെയും വാഴ്ത്തുന്ന ഈ വ്യവസ്ഥയിൽ യഥാർത്ഥത്തിൽ മുതലാളിമാരുടെ താല്പര്യങ്ങളും പരമാധികാരങ്ങളുമാണ് സമ്പദ് വ്യവസ്ഥയുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് എന്ന് മുതലാളിത്തത്തിന്റെ ചരിത്രാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പോൾ മുതലാളിത്ത വ്യവസ്ഥയുടെ യാന്ത്രിപുരോഗതി എന്ന സങ്കല്പത്തിൽ ഉപഭോക്താവിന്റെ താല്പര്യങ്ങളോ പരമാധികാരങ്ങളോ അല്ല അന്തർലീനമായിരിക്കുന്നത്, മറിച്ച് മുതലാളിത്ത താല്പര്യങ്ങളും പരമാധികാരങ്ങളും തന്നെയാണ്. ഈ ഒരു പശ്ചാത്തലത്തിൽ നിന്നും ഇപ്പോൾ നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവർദ്ധനവിനെ വിലയിരുത്തുമ്പോൾ യഥാർത്ഥ വില്ലൻ മുതലാളിത്തം ആണെന്ന് കാണാം.
മുതലാളിത്തം പിടിമുറുക്കുന്നിടത്ത് ഉല്പാദന വിതരണ വിപണന രംഗങ്ങളിൽ ഭരണകൂടത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെടുമെന്ന് പ്രൈമറി ക്ലാസ്സിൽ സാമ്പത്തികശാസ്ത്രത്തിന്റെ ആദ്യ പാഠങ്ങളെങ്കിലും പഠിക്കുന്ന കൊച്ചുകുട്ടികൾക്കുപോലും അറിയാം. നമ്മുടെ രാജ്യം മുതലാളിത്തത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു എന്ന യാഥാർത്ഥ്യം കൺ തുറന്നു കാണുവാൻ ഈ സമീപകലത്ത് ഉണ്ടാകുന്ന വിലവർദ്ധനവുകൾ മാത്രം മതി. ഭരണകൂടത്തിന് ഇതിന്റെ മേൽ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ ഈ ആധിപത്യം എന്ന ഇന്ത്യൻയാഥാർത്ഥ്യം ഇപ്പോഴത്തെ ഭരണക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ, ബോധപൂർവ്വം ജങ്ങളെ പൊറുതിമുട്ടിയ്ക്കുന്ന ഈ വിലവർദ്ധനവിനെ പ്രോത്സാഹിപ്പിച്ച് ജനങ്ങളെ ശിക്ഷിക്കുന്നു എന്നു കരുതാം. എന്നാൽ അതും മുതലാളിത്ത താല്പര്യം സംരക്ഷിയ്ക്കാൻ തന്നെ! വില വർദ്ധനവിന്റെ നേട്ടം എന്തായാലും സർക്കാർ ഖജാനയ്ക്ക് അല്ലല്ലോ.
വിലവർദ്ധനവ് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം ജനങ്ങൾ വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് ക്രൂരമാണ്. ലജ്ജാകരവുമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് വിദേശവസ്തുബഹിഷ്കരണം നടത്തി ബ്രിട്ടീഷുകാരെ പാഠം പഠിപ്പിക്കാൻ ശ്രമിച്ചത് നമ്മൾ ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു പുതിയ ആഹ്വാനം.വില കൂടിയ വസ്തുക്കൾ ബഹിഷ്കരിക്കുക! വില കൂടിയ സാധങ്ങൾ വാങ്ങാതിരുന്നാൽ അവ ഇരുന്ന് ചീഞ്ഞുനാറി ഒടുവിൽ അവയുടെ വില കുറഞ്ഞോളും എന്ന പുത്തൻ സാമ്പത്തിക സിദ്ധാന്തം മുന്നോട്ടു വച്ച ആ തല ആരുടേതെന്ന് കൂടി കേന്ദ്ര ഗവർമെന്റ് വെളിപ്പെടുത്തിയാൽ കൊള്ളാമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിനുള്ള അടുത്ത നോബൽ സമ്മാനം ആ തലയുടെ ഉടമസ്ഥനായ മഹാത്മാവിന് തന്നെ കിട്ടാൻ സാധ്യതയുണ്ട്! ഈ സിദ്ധാന്തം ഒരു മുദ്രാവാക്യമായി തന്നെ സ്വീകരിക്കാൻ പറയാമയിരുന്നല്ലോ. ‘വിലകുറഞ്ഞ ഭക്ഷണം വിലകുറഞ്ഞ ജീവിതം ’ എന്ന്!
3 comments:
‘വിലവർദ്ധനവ് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം ജനങ്ങൾ വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് ക്രൂരമാണ്. ലജ്ജാകരവുമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് വിദേശവസ്തുബഹിഷ്കരണം നടത്തി ബ്രിട്ടീഷുകാരെ പാഠം പഠിപ്പിക്കാൻ ശ്രമിച്ചത് നമ്മൾ ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു പുതിയ ആഹ്വാനം.വില കൂടിയ വസ്തുക്കൾ ബഹിഷ്കരിക്കുക! ‘
നല്ല പോയന്റ് ഓഫ് വ്യൂ...കേട്ടൊഭായ്
അവിടെ വായിച്ചിരുന്നു.
ആര്‍ക്കും ഒന്നും നോക്കാന്‍ (ഭരിക്കാന്‍) സമയമില്ല ...പിന്നെന്തു ചെയ്യും
Post a Comment