Monday, September 19, 2011

ഒരു ഹര്‍ത്താല്‍ദിനക്കുറിപ്പ്‌


ഒരു ഹർത്താൽദിനക്കുറിപ്പ്

മുൻകുറിപ്പ്: ഹർത്താൽ നടത്തുവർ എല്ലാവരും വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിൽ ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാകണം എന്നാണ് ഈ പോസ്റ്റിൽ ഞാൻ പറയാൻ ശ്രമിക്കുന്നത്. കാരണം ഗതാഗതസ്തംഭനം ആളുകളുടെ ജീവഹാനിയ്ക്കും, തൊഴിൽ നഷ്ടപ്പെടുന്നതിനും, നിശ്ചിതവിവാഹങ്ങളിൽ പങ്കുകൊള്ളുന്നതിനും, കണ്ണാക്ക് കൂടുന്നതിനും പ്രയാസമുണ്ടാക്കുന്നു. ഇതിൽ യഥാസമയം ആശുപത്രികളിൽ എത്തേണ്ടവരെ എത്തിക്കാൻ കഴിയാതിരിക്കുക വഴി ജീവഹാനിക്കിടയാക്കുന്നു എന്നതാണ് ഏറ്റവും പരമപ്രധാനം.

എല്ലാവർക്കും ഹർത്താൽ ആശംസകൾ! ഹർത്താൽ ദിനത്തിൽ ഹർത്താലിനെപറ്റിത്തന്നെ ഒരു കുറിപ്പാകാമെന്ന് കരുതി. ഇപ്പൊൾ ഉണ്ടായിരിക്കുന്ന പെട്രോൾ വില വർദ്ധനവിനെതിരെ ഹർത്താലല്ല, അതിലും വലിയ സമരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കേണ്ടതാണ്. ഇപ്പോൾ എണ്ണ വില നിശ്ചയികുന്നത് എണ്ണക്കമ്പനികളാണ്. സർക്കാരിന് അവയുടെ മേൽ നിയന്ത്രണങ്ങൾ ഒന്നുമില്ലത്രേ! സ്ഥിതി തന്നെ മാറാൻ ശക്തമായ സമര മുറകൾ ആവിഷ്കരിക്കേണ്ടതാണ്. ജനശക്തി ശരിക്കും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന ഹർത്താലിനെ രാഷ്ട്രീയമായും, വ്യക്തിപരമായും ന്യായീകരിച്ചുകൊണ്ടുതന്നെ ഹർത്താലുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ചില കാര്യങ്ങൾ തുറന്ന് എഴുതുകയാണ്.

ഹർത്താലിനെക്കുറിച്ച് ഇതിനുനു മുമ്പും ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതാണ്. പുതിയ വായനക്കാർക്കു വേണ്ടി വീണ്ടും അത് ആവർത്തിക്കുന്നു. ഞാൻ പൂർണ്ണമായും ഹർത്താൽ വിരോധിയല്ല. ഹർത്താൽ ജനാധിപത്യത്തിലെ നിരവധി സമരരൂപങ്ങളിൽ ഒന്നാണ്. എന്നാൽ ഹർത്താലുകൾ വിജയിക്കുന്നതിനു പിന്നിൽ ഭയം എന്നൊരു ഘടകമുണ്ട് എന്നത് അംഗീകരിക്കുന്നു. അതായത് ഹർത്താലിനു പിന്നിൽ ബലപ്രയോഗത്തിന്റെ ഒരു തത്വശാസ്ത്രമുണ്ട്. എല്ലാ സമര രൂപങ്ങളിലും ബലപ്രയോഗവും സമ്മർദവുമുണ്ട്. ഹർത്താലിൽ അത് അല്പം കൂടുതലുണ്ടെന്നുമാത്രം. ഏതെങ്കിലുമൊരു സമരം അതിനോട് അനുഭാവമില്ലാത്തവരുടെ മേൽ കൂടി അടിച്ചേല്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്ന ന്യൂനത സമരരൂപത്തിനുണ്ട് എന്ന് സമ്മതിച്ചുകൊണ്ടു തന്നെയാണ് ഹർത്താലിനെ അനുകൂലിക്കുന്നത്.

ഇനി ഹർത്താലിനെക്കുറിച്ച് വ്യക്തിപരമായി എനിക്കുള്ള ചില അഭിപ്രായങ്ങൾ പങ്കു വയ്ക്കാം. ഒന്ന്, അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഹർത്താൽ ആഹ്വാനം ചെയ്യുന്ന ദിവസത്തിനും ഹർത്താൽ നടത്തുന്ന ദിവസത്തിനും ഇടയിൽ ഒരു ദിവസത്തിന്റെയെങ്കിലും ഗ്യാപ്പ് നൽകണം. അതെന്തുകൊണ്ടെന്നു പ്രത്യേകം വിശദീകരിക്കേണ്ട കാര്യം ഇല്ല.ആളുകൾ മുൻ കൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികൾക്ക് ഒരു ബദൽ ക്രമീകരണം ഉണ്ടാക്കുവാൻ ഒരു ദിവസത്തെയെങ്കിലും സമയം അവർക്ക് നൽകണം. ചില സന്ദർഭങ്ങളിൽ മിന്നൽ പണിമുടക്കുകൾ നടത്തേണ്ടി വരാം. അപ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്യണം. ഇപ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്യുന്നില്ലാ എന്നല്ല; അപ്രതീക്ഷിത ഹർത്താലുകളിൽ നിന്ന് ഹോട്ടലുകളെ ഒഴിവാക്കുവാൻ പ്രാദേശികതലത്തിൽ തന്നെ ചില വിട്ടു വീഴ്ചകൾ ചെയ്യാറുണ്ട്. കാരണം അന്നത്തെയോ പിറ്റേന്നത്തെയോ ഭക്ഷണത്തിനു വേണ്ടി ഹോട്ടലുകാർ മുന്നേ തയ്യാറാക്കിയിരിക്കുന്ന പലതും ഉപയോഗരഹിതമാകും. അരി ചിലപ്പോൾ ആട്ടിവച്ചിട്ടുണ്ടാകും. പച്ചക്കറികൾ അരിഞ്ഞു വച്ചിട്ടുണ്ടാകും. ഏതെങ്കിലും പണിസൈറ്റുകളിലേയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ടാകും. അങ്ങനെ ചില ബുദ്ധിമുട്ടുകൾ അവർക്ക് ഉണ്ടാകാതിരിക്കാൻ രാഷ്ട്രീയ പാർട്ടിക്കാർ വിട്ടു വീഴ്ചകൾ ചെയ്യാറുണ്ട്.

എന്നാൽ നിർബന്ധമായും റോഡ് ഗതാഗതം തടസപ്പെടുത്തുന്നത് ഒഴിവാക്കണം. ഹർത്താലിനു റോഡ് ഗതാഗതം തടസപ്പെടുത്തുന്നതും വണ്ടിയിൽ കല്ലെറിയുന്നതും ശരിയല്ലെന്ന് ഞാൻ പല പോസ്റ്റിലും എഴുതിയിട്ടുണ്ട്. പണ്ട് നിരവധി ഹർത്താലുകളിൽ വണ്ടി ബ്ലോക്ക് ചെയ്യുകയും എറിയുന്നവർക്ക് കൂട്ട് നിൽക്കുകയും ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതൊക്കെ പണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ ഹർത്താലെന്നു പറഞ്ഞാൻ നമ്മുടെ ജംഗ്ഷനിൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ബി.ജെ.പിക്കാരും ഒക്കെ ചേർന്ന് കുറച്ച് മരച്ചീനിയും വാങ്ങി പുഴുങ്ങി മുളകുമരങ്ങി അവിടെ കാവലിനിടുന്ന പോലീസുകാർക്കും നൽകി തിന്ന് അറുമ്പാതിക്കുകയാണ് പതിവ്. ഹർത്താലും വിജയിച്ചു; ഒരു ദിവസത്തെ ആഘോഷവുമായി! എങ്കിലും പഴയ ഹർത്താൽ നടത്തിപ്പുകളിലെ ചില അനുഭവങ്ങളാണ് എന്നെ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചിട്ടുള്ളത്. അത് വഴിയേ പറയാം.

ഒരു ദിവസം സർക്കാർ ഓഫീസുകളോ കടകമ്പോളങ്ങളോ അടഞ്ഞു കിടക്കുന്നതുകൊണ്ട് വലിയ അപകടങ്ങളൊന്നും വരാനില്ല. പ്രത്യേകിച്ചും ജീവഹാനി.എന്നാൽ റോഡ് ഗതാഗതത്തിന്റെ കാര്യം അങ്ങനെയല്ല. ഹർത്താലിനോട് അനുഭാവമുള്ള സർക്കാർ-സ്വകാര്യ ലൈൻ ബസുകളൊക്കെ താല്പര്യമുണ്ടെങ്കിൽ ഹർത്താലിൽ പങ്കെടുത്തുകൊള്ളട്ടെ. ടാക്സി- ആട്ടോ സംഘടനകളും ഹർത്താലിനോട് അനുഭാവമുണ്ടെങ്കിൽ പണിമുടക്കട്ടെ. അപ്പോൾ പിന്നെ സ്വകാര്യ വാഹനങ്ങൾ-അഥവാ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്ക് മാത്രം പുറത്തിറങ്ങാൻ കഴിയുന്നു എന്നതിൽ ഒരു അസമത്വ പ്രശ്നം വരുന്നുണ്ട് എന്നത് കാണാതെയല്ല. ഞാൻ പറയുന്നത് മറ്റൊന്നുമല്ല. ഒരു കാരണവശാലും റോഡുകളിൽ കല്ല് വാരിയിട്ട് ബ്ലോക്ക് ചെയ്യരുത്. വരുന്ന വാഹനങ്ങളെ എറിയരുത്. കാരണം വാഹനങ്ങൾ ആശുപത്രികളിലേയ്ക്കോ, മുൻ കൂട്ടി നിശ്ചയിച്ച കല്യാണങ്ങളിലേയ്ക്കോ, എയർ പോർട്ടിലേയ്ക്കോ ഒക്കെ ആകാം പോകുന്നത്. എന്നാൽ പറയും മരണം, കല്യാണം, എയർപോർട്ട് വാഹനങ്ങളെ പോകാൻ ഇപ്പോൾത്തന്നെ അനുവദിക്കുന്നുണ്ടല്ലോ എന്ന്! ശരിയാണ്. എന്നാൽ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന റോഡുകളിലൂടെ എങ്ങനെയാണ് സുഗമമായി സഞ്ചരിക്കാനാകുക? സഞ്ചാര സ്വാതന്ത്ര്യത്തെ ഹർത്താലുകളിൽ നിന്ന് ഒഴിവാക്കണം എന്നു തന്നെയാണ് എന്റെ വിനീതമായ അഭിപ്രയാം. ഹർത്താൽ ദിവസം ഹർത്താൽ അനുകൂലികൾക്ക് തന്നെ പല ദുരനുഭവങ്ങളും ഉണ്ടാക്കും എന്നത് പ്രത്യേകം പറയേണ്ടതില്ല.

ഇനി അത്തരം ചില അനുഭവങ്ങളിലേയ്ക്ക് വരാം. കൌമാരവും യൌവ്വനവും കൂടിച്ചേർന്ന് നിൽക്കുന്ന കാലത്ത് ഹർത്താലുകൾ വിജയിപ്പിക്കുന്നതിന് അത്യാവശ്യം റോഡ് ബ്ലോക്ക് ചെയ്യുകയും വാഹനം തടയുകയും ചെയ്തിട്ടുള്ള ആണാണ് ഒന്നൊന്നര ഞാനും. വേണ്ടിവന്നാൽ ഇനിയും തടയാനുള്ള സ്പിരിറ്റ് ഇല്ലാതെയുമില്ല. പക്ഷെ എറിയില്ല. ഒഴിവാക്കാവുന്ന യാത്രയായിരുന്നുവെന്ന് ബോദ്ധ്യമായാൽ ഒരു താക്കീത് ഒക്കെ നൽകി വിടും. അതൊക്കെ ഒരു മുഷ്ക്ക്; അത്രതന്നെ! (സംഘബലത്തിന്റെ അഹങ്കാരം എന്ന് ആരെങ്കിലും പറയുന്നെങ്കിൽ അത് ഞാൻ കേട്ടിട്ടില്ല). വേണമെങ്കിൽ കോൺഗ്രസ്സും, ബി.ജെ.പിയും ഒക്കെ ഹർത്താൽ നിർത്തട്ടെ. അപ്പോൾ സി.പി.എമ്മും അതേപറ്റി ആലോചിച്ചുകൊള്ളും. അങ്ങനെ ആരെങ്കിലും വിചാരിച്ചാൽ മാത്രം നിർത്താവുന്ന ഒരു സമരമാർഗ്ഗമല്ല യഥാർത്ഥത്തിൽ ഹർത്താൽ എന്നതാണ് യാഥാർത്ഥ്യം!

ഇനി ചില സംഭവങ്ങൾ പറയാം. ഒരിക്കൽ അർദ്ധരാത്രി പന്ത്രണ്ട് മണിമുതൽ പിറ്റേന്ന് അർദ്ധരാത്രിവരെ ഒരു ഭാരത ബന്ദ്. രാത്രി പന്ത്രണ്ട് മണിയ്ക്ക് ശേഷം എം.സി.റോഡ് ഞങ്ങൾ സി.പി.എം പ്രവർത്തകർ കൂറ്റൻ കല്ലുകൾ കൊണ്ട് ബ്ലോക്ക് ചെയ്യുന്നു. പോലീസ് വരുമ്പോൾ ഓടി ഒളിക്കുന്നു. പോലീസുകരും വഴിയിൽ നിന്ന് അവർ കരാണത്തിനും അകാരണത്തിനും പിടിച്ചുകയറ്റയുന്നവരും കൂടി കല്ലെല്ലാം വാരി മാറ്റിയിട്ട് പോകുന്നു. സമയത്ത് കടന്നു പോകാൻ പോകാൻ ശ്രമിക്കുന്ന വണ്ടികൾക്കുമേൽ കല്ലേറ്! അങ്ങനെ എറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഒരു കാറിൽ നിന്നു കൈയ്യും തലയും പുറത്തിട്ട് ഒരാൾ വിളിച്ചു പറയുന്നു. എറിയരുതേ ഇത് ഞാനാണെന്ന്! നമ്മൾ നോക്കുമ്പോൾ അത് നമ്മുടെ ശങ്കരയണ്ണനാണ്. പാർട്ടി വളർത്താൻ നെഞ്ചുവിരിച്ച് നിന്ന ശങ്കരൻ . മുമ്പ് എത്രയോ ബന്ദിന് ട്രാൻസ്ഫോർമർ പോലും തകർത്തിട്ടുള്ള ശങ്കരൻ.ബന്ദിന്റെ സ്പെഷ്യലിസ്റ്റ് ആയതിനാൽ ബന്ദർ എന്നാണ് നമ്മൾ അദ്ദേഹത്തെ വിളിക്കുന്നതുതന്നെ. ഒരു ബന്ദ് എങ്ങനെയാണ് വിജയിപ്പിക്കേണ്ടതെന്ന്, ശത്രുക്കളെ എങ്ങനെയാണ് വെല്ലു വിളിക്കേണ്ടത് എന്നൊക്കെ നമ്മളെ പഠിപ്പിച്ചിട്ടുള്ള നമ്മുടെ ആരാദ്ധ്യപുരുഷനാണ്. അദ്ദേഹം പിൽക്കാലത്ത് ഗൾഫിൽ പോയി. ലീവിൽ നാട്ടിൽ വന്നിരുന്നു. ബന്ദ് ദിവസമാണ് തിരിച്ചു പോകേണ്ടിയിരുന്നത്. എയർപോർട്ടിൽ എത്തേണ്ടത് ഉച്ചയ്ക്കാണെങ്കിലും ഹർത്താൽ കാരണം അർദ്ധരാത്രിയേ പോകുയാണ്. ഒരു നിമിഷം താമസിച്ചിരുന്നെങ്കിൽ അദ്ദേഹം സഞ്ചരിക്കുന്ന കാറിൽ ഏറ് വീണേനേ! നല്ല ഒന്നാം തരം എറി എക്സ്പെർട്ടുകളാണ് നിൽക്കുന്നത്. അതുപോലെ അത്യാവശ്യം യാത്ര ചെയ്തെത്തുന്ന പലരും ബന്ദനുകൂലികൾ തന്നെയാകാം. ബന്ദനുകൂലികളുടെ തലയ്ക്കുതന്നെ ചെന്നുകൊള്ളും എറിയൊക്കെ. കല്ലുകൾക്ക് അറിയില്ലല്ലോ ഒരാൾ ബന്ദനുകൂലിയാണോ അല്ലയോ എന്ന്!

അതുപോലെ മറ്റൊരിക്കൽ കോൺഗ്രസ്സിന്റെ ഒരു ഹർത്താൽ. നമ്മുടെ പാർട്ടിയുടെ ഒരു പഴയ പോരാളിയ്ക്ക് ഗൾഫിലേയ്ക്ക് മടങ്ങണം. സംഗതി കോൺഗ്രസ്സുകാർ തന്നെ ഇടപെട്ടു. അവർ ഒരു ത്രിവർണ്ണ പതാക എടുത്ത് കാറിൽ വച്ചുകെട്ടിക്കൊടുത്തു. ത്രിവർണ്ണ പതാകയുമായി പഴയ സി.പി.എം നേതാവ് എയർപോർട്ടിലേയ്ക്ക്! വഴിയിൽ ആരെങ്കിലും തടഞ്ഞാൽ കൂട്ടിനിരിക്കുന്നത് യൂത്ത് കോൺഗ്രാസിന്റെ ബ്ലോക്ക് പ്രസിഡന്റ്. ഇതുപോലെ തിരിച്ചും ഒരുപാട് കോൺഗ്രസ്സുകാർക്ക് എയർപോർട്ടിലും, മരണവീട്ടിലും കല്യാണത്തിനുമൊക്കെ പോകാൻ ഒരുവശത്ത് കരിങ്കൊടിയും മറുവശത്ത് ചുവന്നകൊടിയും മുന്നിൽ ലക്ഷ്യം എഴുതിവച്ച ബോർഡും സി.പി.എം പ്രവർത്തകരുടെ സെക്യൂരിറ്റിയുമായി എത്രയോ കോൺഗ്രസ്സുകാരും, ബി.ജെ.പിക്കാരും പോയിട്ടുണ്ട്.അതുപോലെ ദിവസം അപകടങ്ങളിൽ പെടുന്നവരെയും, രോഗികളെയും, ഗർഭിണികളെയും, യഥാസമയം ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാം. അതുപോലെ ബന്ദേറുകൊണ്ട് നിലവിളിക്കുന്ന യാത്രക്കാർ, ബന്ദേറുകൊള്ളുന്ന പോലീസ് വാഹനത്തിലിരുന്ന് ഭയന്ന് ഞങ്ങളും മനുഷ്യരാണേടോ എന്ന് വിളിച്ച് കേഴുന്ന പോലീസുകാർ എന്നിവരുടെ ദയനീയ ചിത്രങ്ങൾ എന്റെ ഹർത്താലോർമ്മകളിൽ ഇപ്പോഴും മിന്നി മറയുന്നുണ്ട്.

അപ്പോൾ
പറഞ്ഞ പല പ്രകാരത്തിലും വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നത് ജീവഹാനിക്കിടയാക്കും. ഇതൊക്കെക്കൊണ്ടുതന്നെയാണ് ഞൻ പറയുന്നത് വണ്ടിയെറി, റോഡ്തടയൽ എന്നീ ഹർത്താൽ ആചാരങ്ങളീൽ ചില വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യണം. അതുകൊണ്ട് ഹർത്താലുകൾ പരാജയപ്പെടുകയൊന്നുമില്ല. എന്നാൽ കടകമ്പോളങ്ങളും, സർക്കാർ സ്ഥാപനങ്ങളും ഒരു ദിവസം അടഞ്ഞു കിടക്കുന്നതുകൊണ്ട് യാതൊരു ജീവഹാനിയും ഉണ്ടാകില്ല. അവ തുറന്ന് മന:പൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നതാകും ജീവഹാനിയ്ക്കിടയാക്കുക! അപ്രതീക്ഷിതഹർത്താൽ മൂലം പിറ്റേന്ന് കല്യാണത്തിനുള്ള സ്വർണ്ണം ലോക്കറിൽ വച്ചിരുന്നത് എടുക്കാൻ കഴിയാതിരുന്ന പെൺ വീട്ടുകാരുടെയും അതെടുത്തുകൊടുക്കാൻ കഴിയാതെ വിഷമിച്ച ബാങ്ക് മാനേജരെയും കുറിച്ചൊരു പോസ്റ്റ് വേറെ ഇടണമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ അതൊന്നും ജീവഹാനി ഉണ്ടാക്കുന്നില്ല. ചില ബുദ്ധിമുട്ടുകൾ മാത്രം!

ഇതിൽ ചെയ്യാവുന്ന കാര്യം ഒന്നുമാത്രം. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ലെയിൻ ബസുകളും, ടാക്സി, ആട്ടോ, ലോറി ഇവ ഒക്കെ സാധാരണ ഓട്ടങ്ങൾ നിർത്തിവച്ച് ഹർത്താലിനെ അനുകൂലിച്ച് പണിമുടക്കുന്നെങ്കിൽ അങ്ങനെ ആയിക്കൊള്ളട്ടെ. അത് അവരുടെ സംഘടനകൾക്ക് ചെയ്യവുന്ന കാര്യം. എന്നാൽ നിരത്ത് ബ്ലോക്ക് ചെയ്യുന്നതിൽ നിന്നും, വാഹനങ്ങളെ കല്ലെറിയുന്നതിൽ നിന്നും എല്ലാ പാർട്ടികളും അണികളെ വിലക്കുവാൻ തയ്യാറാകണം. ഇനി അഥവാ അത്യവാശ്യ സർവ്വീസ് അല്ലെന്ന് ബോദ്ധ്യപ്പെടുന്ന ഏതെങ്കിലും വാഹനം ഓടാതിരിക്കണമെങ്കിൽ അവയെ തടഞ്ഞ് ഇട്ടാൽ മതിയല്ലോ. സർവ്വ വാഹനത്തിനും മാർഗ്ഗതടസ്സമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്യേണ്ട കാര്യം ഇല്ലല്ലോ! മനുഷ്യന്റെ ചില നേരത്തെ അത്യാവശ്യങ്ങൾ അവന്റെ ജീവിതത്തിൽ വളരെ നിർണ്ണായകമായിരിക്കാം, മറ്റുള്ളവരോട് അത് പറഞ്ഞുമനസിലാക്കാൻ പോലും കഴിയില്ല. ദൂരയാത്രകൾ ചെയ്ത് വരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരിൽ പലരും അസമയത്തും മറ്റും എവിടെയെങ്കിലും അകപ്പെട്ടുപോകാനും സമയത്ത് വീട്ടിലെത്താൻ കഴിയാതെ വിഷമിക്കാനും ഹർത്താലുകൾ കാരണമാകും. സത്യത്തിൽ ബുദ്ധിമുട്ടുകൾ ഹർത്താൽ അനുകൂലികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഉണ്ടാകാവുന്നതാണ്. മിക്ക രാഷ്ട്രീയ നേതാക്കളും വ്യക്തിപരമായി വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിന് എതിരാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട് എന്നത് എന്റെ അഭിപ്രായത്തിന് പിൻബലമേകുന്നുണ്ട്. പക്ഷെ അതൊരു തീരുമാനമാക്കാൻ ഒരു പാർട്ടിക്കും കഴിയാതെ പോകുന്നു!

പിൻകുറിപ്പ്: ഈ കുറിപ്പ് വായിച്ച് ഞാൻ ഒരു ഹർത്താൽ വിരോധിയാണെന്ന നിഗമനത്തിൽ ആരും എത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. ജനകീയ സമരങ്ങളിൽ എനിക്ക് അടിയുറച്ച വിശ്വാസമുണ്ട്. നിരാഹാരം മുതൽ ഹർത്താൽ വരെ!

22 comments:

Sameer Thikkodi said...

ഹർത്താൽ എന്നത് 'ബന്ത്' ആക്കുന്ന ഇന്നത്തെ ഈ രീതിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടു തന്നെ ഹർത്താലിനെ അനുകൂലിക്കുന്നു...ജനാധിപത്യ രീതിയിൽ പൊതു ജനം കൂടി ഉൾപ്പെട്ട ഒരു സമരരീതി ആവുന്നതു കൊണ്ട് സംഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കേണ്ടതു തന്നെ. അതു പോലെ ഹർത്താൽ അനുകൂലികൾ അത്യാവശ്യഘട്ടങ്ങളിൽ അത്യാസന്ന രോഗികളെ സഹായിക്കുന്നതരത്തിൽ പെരുമാറണമെന്നുംആഭിപ്രായപ്പെടട്ടെ...


ഓഫ് ടോപ്പിക്ക്:
നാട്ടിലെത്തിയിട്ട് ഇന്നു വരെ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തിരുന്നു... ഒരു ഹർത്താലും കിട്ടിയില്ലല്ലോ എന്ന്... അതും ഒത്തു കിട്ടി....

പോസ്റ്റ് നന്നായി...

ബഷീർ said...

ഒരു തിരിച്ചറിവില്‍ നിന്നുള്ള ഈ കുറിപ്പ് കാര്യമാത്ര പ്രസ്കതം തന്നെ..

ജനങ്ങള്‍ക്ക് വേണ്ടി എന്ന് പേരിട്ടുനടത്തുന്ന പല സമരങ്ങളും ജനങ്ങള്‍ക്കെതിരായി മാറുന്നത് അവസാനിപ്പിക്കണം

ഇപ്പോള്‍ വില വര്‍ധനവിനെതിരെ നടകുന്ന ഈ കോപ്രായങ്ങളെകൊണ്ടൊന്നും കാര്യമുണ്ടെന്ന് തോന്നുന്നില്ല. എല്ലാ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കാനുതകുന്ന രീതിയിലേക്ക് സമരങ്ങള്‍ മാറട്ടെ

പത്രക്കാരന്‍ said...

ഒരു പരിധി വരെ അംഗീകരിക്കുന്നു..
ഇങ്ങനെ പോയാല്‍ സമരം കലാപമാകും...
ഈ കോപ്പിലെ ഭരണം അവസാനിപ്പിക്കാന്‍ സമരം ഹര്‍ത്താല്‍ അല്ല, കൊലപാതകം വരെ നടത്താന്‍ ജനം നിര്‍ബന്ധിതരാകും...

SHANAVAS said...

ഈ ഹര്‍ത്താല്‍ എന്തിനു വേണ്ടി ആയിരുന്നു??പെട്രോള്‍ വില കുറയ്ക്കാനോ??ഇത് കേരളത്തില്‍ മാത്രം നടക്കുന്ന ഒരു തെമ്മാടിത്തം ആയത് എന്ത് കൊണ്ട്??എന്നിട്ട് വില കുറഞ്ഞോ??ബാക്കി ഇന്ത്യാക്കാരെല്ലാം മണ്ടന്മാര്‍ എന്നല്ലേ ഇതിനര്‍ത്ഥം??മനസിലാകിഞ്ഞിട്ടു ചോദിക്കുകയാണ്..ഇത് കേരളത്തിനെ മാത്രം ബാധിക്കുന്ന പ്രശ്നം ആണെങ്കില്‍ ശരി...ഇതിപ്പോള്‍ ഒരു ചടങ്ങ് പോലെ ആയിരിക്കുന്നു...വേറെ എവിടെ ഉണ്ട് ഈ സാമൂഹ്യ വിപത്ത്??കഷ്ടം തന്നെ...ജനങ്ങളെ തോല്‍പ്പിക്കുന്ന ഒരു വൃത്തികെട്ട സമരമുറ..അല്ലാതെന്താ???

രമേശ്‌ അരൂര്‍ said...

കേരളത്തില്‍ ഒരീര്‍ക്കിലിപ്പാര്‍ട്ടി വിചാരിച്ചാലും എന്ത് തോന്ന്യവാസവും നടത്താമല്ലോ ..തല തിരിഞ്ഞ നേതാക്കളും കാലഹരണപ്പെട്ട സമര മുറകളും ..ആര് ആരോട് പറയാനാണ് ,??
അമ്മയെ തല്ലിയാല്‍ പോലും രണ്ടു പക്ഷത്തു നിലകൊണ്ടും ന്യായം പറയാന്‍ ആളുകള്‍ കൂടും ..
ജനങ്ങള്‍ക്ക്‌ വെളിവ് വരാത്തിടത്തോളം കാലം ഈ പേക്കൂത്തുകള്‍ തുടരും ..

K.P.Sukumaran said...

ഇപ്പോള്‍ പ്രതിപക്ഷത്തല്ലേ , അത്കൊണ്ട് ബംഗാളിലും ഹര്‍ത്താല്‍ നടത്താമായിരുന്നു. അതോ നടന്നിരുന്നോ? അറിയാഞ്ഞിട്ട് ചോദിക്കുവാ :)

MOIDEEN ANGADIMUGAR said...

ഹർത്താലിന്റയും,ബന്ദിന്റയും കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒരു പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.ഹർത്താൽ കൊണ്ടും അതിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നത് കൊണ്ടും നാടിനുള്ള നഷ്ടം അറിയാത്തവരല്ല ഇവരൊന്നും.
പെട്രോൾ വിലവർദ്ധനയ്ക്കെതിരെ പ്രതിഷേധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം പെട്രോൾ പമ്പ് ഉപരോധിക്കലായിരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

പെട്രോൾ പമ്പുകൾ ഉപരോധിക്കണമായിരുന്നു. അത് ഒരു നല്ല ഐഡിയ ആയിരുന്നു.ഇത് ഞാൻ ഷെയർ ചെയ്യും!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

"പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതും മുതലാളിമാരുടെ കീശ വീര്‍പ്പിച്ചു കൊടുക്കുന്നതും ജനങ്ങള്‍ക്ക്‌ ദുരിതം മാത്രം സമ്മാനിക്കുന്നതും നിങ്ങളുടെ അവകാശമെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്.ഹര്താലായാലും നിരാഹാരമായാലും കൊലപാതകമായാലും. ജീവിതം നരകമായി മാറുമ്പോള്‍ അതനുഭവിക്കേണ്ടി വരുന്നവര്‍ സമരവീതിയില്‍ ചിലപ്പോള്‍ പരിധി വിട്ടേക്കാം. പക്ഷെ പിന്നെങ്ങനെ പ്രതികരിക്കും ഈ ജനദ്രൊഹികളോട്? "

K.P.Sukumaran said...
This comment has been removed by the author.
K.P.Sukumaran said...

പെട്രോള്‍ പമ്പ് ഉപരോധിക്കാനൊന്നും ആളെ കിട്ടില്ല. മാത്രമല്ല പെട്രോള്‍ വില ഉയരുന്നത് ഇന്ത്യയൊട്ടാകെയാണ്. കേരളത്തില്‍ മാത്രം പമ്പ് ഉപരോധിച്ചിട്ട് എന്ത് കാര്യം? വാഹനം ഉപയോഗിക്കുന്നവരെ ശല്യപ്പെടുത്താമെന്ന് മാത്രം. ഏറ്റവും എളുപ്പം ഹര്‍ത്താല്‍ തന്നെയാണ്. മാധ്യമങ്ങളെ ഒന്ന് വിളിച്ചു പറഞ്ഞാല്‍ പോരേ?

ഹര്‍ത്താലുമായി കേരളജനത ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു ദിവസം കുടുംബാംഗങ്ങളുമായി ആഘോഷിക്കാനുള്ള അവസരമായാണ് കേരളീയര്‍ ഹര്‍ത്താലിനെ കാണുന്നത്. ചില്ലറ പേര്‍ക്ക് അസൌകര്യം ഉണ്ടാവും എന്നത് നേരാണ്. അതിനേക്കാളും അസൌകര്യം പെട്രോള്‍ പമ്പ് ഉപരോധിച്ചാല്‍ ഉണ്ടാകും. അത്കൊണ്ട് ഹര്‍ത്താല്‍ തന്നെ ഏറ്റവും ഉത്തമം. മാത്രമല്ല പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ മാത്രമല്ലല്ലോ ഹര്‍ത്താല്‍ നടക്കാറുള്ളത്. എന്ത് പ്രതിഷേധത്തിനും പ്രതിവിധി ഹര്‍ത്താലാണല്ലൊ. ഓരോന്നിനും കേറ്റഗോറിക്കലായി ബദല്‍ പ്രതിഷേധമാര്‍ഗ്ഗം കണ്ടെത്തുക എന്നത് ഹര്‍ത്താല്‍ ആഹ്വാനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ആര്‍ക്കാണതിന് കഴിയുക. ഹര്‍ത്താല്‍ തന്നെയാണ് കേരളീയര്‍ക്ക് പ്രതിഷേധം ശമിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം. കേരളത്തില്‍ മാത്രമേ ഈ പ്രതിഷേധശമനം ഇടക്കിടെ നടക്കാറുള്ളൂ എന്നതും ഒരു ദിവസത്തേക്ക് മാത്രമാണെന്നതും ജനം ഇത് ആഘോഷമാക്കി മാറ്റുന്നു എന്നതും ഹര്‍ത്താലിന്റെ നേട്ടങ്ങളാണ്. ആരെന്ത് പറഞ്ഞാലും കേരളത്തില്‍ ഹര്‍ത്താലിന് ശോഭനമായ ഭാവിയാണ്. ആരെങ്കിലും നാലു പേര്‍ ആഹ്വാനം ചെയ്താല്‍ മതിയല്ലൊ.

Anonymous said...

കേരളത്തില്‍ മാത്രം നടക്കുന്ന ഒരു സമരാഭാസം ആണ് ഈ ഹര്‍ത്താല്‍

അതിനു തടിയന്ടവിട നസീര്‍ പൂജപ്പുര ജയിലില്‍ ഇരുന്നു പറഞ്ഞാലും നടക്കും കാരണം ഇവിടെ കുറെ ആള്‍ക്കാര്‍ പണി എടുക്കാതെ തിന്നു പഠിച്ചു പോയി , ആനു ങ്ങ്ങ്ങളില്‍ വലിയ ഒരു വിഭാഗം ആണ്‍ തേനീച്ചകളെ പോലെ പെണ്ണിന്റെ അധ്വാനം കൊണ്ടു ജീവിക്കുന്ന കുറെ തെണ്ടികള്‍ ആണ്

പണിയെടുക്കാതെ രാവിലെ മദ്യപിക്കാന്‍ നടക്കുന്നവരാണ് ഇന്ന് വലിയ ഒരു എക്സ് അധ്വാനിക്കുന്ന ജനവിഭാഗം

അപ്പോള്‍ ഇവനെല്ലാം മദ്യപിച്ചു കൂത്താടന്‍ ഒരു ദിവസം വേണം ഒരു കാരണം വേണം അതിന്റെ ഓമനപ്പേരാണ്‌ ഹര്‍ത്താല്‍

പണ്ടു ത്രിപുര ബംഗാള്‍ കൂട്ടിനു ഉണ്ടായിരുന്നു ഇന്നലെ അവിടെയും ഒന്നും ഇല്ല

ഇത് നിര്‍ത്തണമെന്നും ആര്‍ക്കും ഇല്ല കാരണം ഇതു തെണ്ടി വിചാരിച്ചാലും ബന്ദ്‌ പറ്റുമെന്ന് ആയതോടെ ഇത് ഇടതിന്റെ ശക്തി പ്രകടനം അല്ലാതായി പിന്നെ ഉമ്മന്‍ ചാണ്ടിക്കെന്ത്

എന്നാല്‍ രണ്ട്ട് മൂന്ന് നടപടികള്‍ നടത്തിയാല്‍ ഇത് എന്നെന്നേക്കുമായി ഇല്ലാതാക്കാം

൧) ഹര്‍ത്താല്‍ ബന്ദ്‌ എപ്പോള്‍ പ്രഖ്യാപിക്കുന്നോ അപ്പോള്‍ മുതല്‍ ഹര്‍ത്താല്‍ തീരുന്നത് വരെ ബിവറേജസ് ഔട്ട്‌ ലെട്ടുകളും ബാറുകളും അടക്കുക
൨) ഹര്‍ത്താല്‍ ദിവസം ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു ആഴ്ച ഡയസ് നോണ്‍ പ്രഖ്യാപിക്കുക
൩) മെഡിക്കല്‍ കേസുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ്‌ ആയിരിക്കണം എന്ന് നിര്‍ബന്ധിക്കുക (മെഡി കല്‍ സര്ടിഫികെറ്റ് പോര)
൪) ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ആള്‍ക്കാരുടെ മേല്‍ ഹര്‍ത്താലില്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ ഉത്തരവാദിത്തം നിക്ഷേപിക്കുക ഉദാഹരണത്തിന് ഇടത് പക്ഷ ഹര്‍ത്താല്‍ എങ്കില്‍ തള്ളിപോളിക്കുന്ന ബസിന്റെയും കല്ലേറില്‍ കണ്ണുപോയ വാനുള്ള നഷ്ടപരിഹാരം മുതലായവ കിട്ടുന്നതിനു ഇ കെ ജി സെന്റര്‍ ജപ്തി ചെയ്യുക അണ്ണന്മാരെ പൂജപ്പുര പിടിച്ചിടുക അങ്ങിനെ

ആദ്യത്തെ നടപടി ഒന്ന് കൊണ്ട്ട് മാത്രം ഹര്‍ത്താല്‍ ഇവിടെ ഇല്ലാതാകും

ഇ.എ.സജിം തട്ടത്തുമല said...

സുശീലിന്റെ കമന്റ് മെയിലിൽ കിട്ടി. ഇവിടെ വന്നില്ല. ഇടണോ?

മറുപടി:ഹഹഹ!

Anonymous said...

കൂറുള്ള സഖാക്കള്‍ ആ കമന്റ് ഇടില്ലെന്നറിയാം പഞ്ചായത്ത്‌ മെമ്പര്‍ വല്ലതും ആകാനുള്ള ഒരു ചാന്‍സ് സജീമിന്റെ ഞാനായി തട്ടിക്കളയുന്നില്ല ഒരുത്തന്റെ വഴി മുടക്കാന്‍ വേറെ ഒരുത്തന് അവകാശം ഇല്ല അത് ഭരണഘടനാ ലംഘനം ആണ് ഇന്ത്യാ മഹാ രാജ്യത്തില്‍ എവിടെ ഏതു സമയത്ത് പോകാനും ഇന്ത്യന്‍ പൌരനായ എനിക്ക് അവകാശം ഉണ്ട്ട് കേരളത്തില്‍ മാത്രം കുറെ അലവലാതികള്‍ അത് തടയുന്നു ഇന്ത്യ വളരുന്നതോ നമ്മള്‍ ജപ്പാനെ അടുത്ത കൊല്ലം വളര്‍ച്ചയില്‍ മറി കടക്കുന്നതോ രണ്ടായിരത്തി ഇരുപതില്‍ ചൈനയെ മറികടന്നു വന്‍ ശക്തി ആകുന്നതോ ഒന്നും മനസ്സിലാക്കാനോ അങ്ങിനെ പറ്റുമെന്ന് ചിന്തിക്കാനോ ഒന്നും കഴിവില്ലാതെ മദ്യം ആണ് അഖില സാരമൂഴിയില്‍ എന്ന് വിചാരിക്കുന്ന ഒരു ജനതയെ ബോധവല്‍ക്കരിക്കാന്‍ ഞാന്‍ ആര്? പട്ടികള്‍ കുറയ്ക്കും സാര്ഥ വാകഹ സംഘം മുന്നോട്ട് പോകും അടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയാലും രാഹുല്‍ ഗാന്ധി ആയാലും കേരളം എന്ന് പറയുന്ന ഒരു കൊച്ചു സംസ്ഥാനം എന്നും ബന്ദു നടത്തുന്നത് അവരാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ ഇന്നലെ ഇട്ട കമന്റ് മെയിലിൽ വന്നു. കമന്റ് പേജിൽ വന്നില്ല. കമന്റ് പേജിൽ വരാത്ത സ്ഥിതിയ്ക്ക് സുശീലിനോട് ചോദിച്ചിട്ട് ഇടാമെന്നു വിചാരിച്ചു. സുശീൽ രണ്ടാമത്തെ കമന്റിൽ പറഞ്ഞിരിക്കുന്നതുപോലെ പഞ്ചായത്ത് മെമ്പറാകാൻ വേണ്ടി പാർട്ടിയിൽ നിൽക്കുന്ന ആളല്ലാത്തതുകൊണ്ട് ആ കമന്റ് ഇടാതിരിക്കേണ്ട കാര്യമില്ല.(സുശീലേ ഈ പഞ്ചായത്തിൽ ഒന്നു മത്സരിക്കാൻ പല നിർദ്ദേശങ്ങളും സമ്മർദ്ദങ്ങളും വന്നതാണ്. കൊന്നാലും അതിന് ഞാനില്ല. അത് നമുക്ക് പറ്റിയ പണിയല്ല. പിന്നെ വല്ല മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ ആണെങ്കിൽ നോക്കാം. കുറഞ്ഞപക്ഷം ഒരു രാജ ആയാലും മതി. അല്ലപിന്നെ!)എന്തായാലും സുശീലിന്റെ കമന്റ് എന്റെ മെയിലിലെ ബിന്നിലേയ്ക്ക് പോകും മുമ്പ് ഇവിടെ പതിച്ചേക്കാം.

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ ഇന്നലെ ഇട്ടകമന്റ് മെയിലിൽ വന്നിരുന്നു. കമന്റ് പേജിൽ അത് വന്നില്ല. ഇന്നലെ അത് ഇടാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇടുന്നു.

കേരളത്തില്‍ മാത്രം നടക്കുന്ന ഒരു സമരാഭാസം ആണ് ഈ ഹര്‍ത്താല്‍

അതിനു തടിയന്ടവിട നസീര്‍ പൂജപ്പുര ജയിലില്‍ ഇരുന്നു പറഞ്ഞാലും നടക്കും കാരണം ഇവിടെ കുറെ ആള്‍ക്കാര്‍ പണി എടുക്കാതെ തിന്നു പഠിച്ചു പോയി , ആനു ങ്ങ്ങ്ങളില്‍ വലിയ ഒരു വിഭാഗം ആണ്‍ തേനീച്ചകളെ പോലെ പെണ്ണിന്റെ അധ്വാനം കൊണ്ടു ജീവിക്കുന്ന കുറെ തെണ്ടികള്‍ ആണ്

പണിയെടുക്കാതെ രാവിലെ മദ്യപിക്കാന്‍ നടക്കുന്നവരാണ് ഇന്ന് വലിയ ഒരു എക്സ് അധ്വാനിക്കുന്ന ജനവിഭാഗം

അപ്പോള്‍ ഇവനെല്ലാം മദ്യപിച്ചു കൂത്താടന്‍ ഒരു ദിവസം വേണം ഒരു കാരണം വേണം അതിന്റെ ഓമനപ്പേരാണ്‌ ഹര്‍ത്താല്‍

പണ്ടു ത്രിപുര ബംഗാള്‍ കൂട്ടിനു ഉണ്ടായിരുന്നു ഇന്നലെ അവിടെയും ഒന്നും ഇല്ല

ഇത് നിര്‍ത്തണമെന്നും ആര്‍ക്കും ഇല്ല കാരണം ഇതു തെണ്ടി വിചാരിച്ചാലും ബന്ദ്‌ പറ്റുമെന്ന് ആയതോടെ ഇത് ഇടതിന്റെ ശക്തി പ്രകടനം അല്ലാതായി പിന്നെ ഉമ്മന്‍ ചാണ്ടിക്കെന്ത്

എന്നാല്‍ രണ്ട്ട് മൂന്ന് നടപടികള്‍

നടത്തിയാല്‍ ഇത് എന്നെന്നേക്കുമായി ഇല്ലാതാക്കാം

൧) ഹര്‍ത്താല്‍ ബന്ദ്‌ എപ്പോള്‍ പ്രഖ്യാപിക്കുന്നോ അപ്പോള്‍ മുതല്‍ ഹര്‍ത്താല്‍ തീരുന്നത് വരെ ബിവറേജസ് ഔട്ട്‌ ലെട്ടുകളും ബാറുകളും അടക്കുക
൨) ഹര്‍ത്താല്‍ ദിവസം ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു ആഴ്ച ഡയസ് നോണ്‍ പ്രഖ്യാപിക്കുക
൩) മെഡിക്കല്‍ കേസുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ്‌ ആയിരിക്കണം എന്ന് നിര്‍ബന്ധിക്കുക (മെഡി കല്‍ സര്ടിഫികെറ്റ് പോര)
൪) ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന ആള്‍ക്കാരുടെ മേല്‍ ഹര്‍ത്താലില്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ ഉത്തരവാദിത്തം നിക്ഷേപിക്കുക ഉദാഹരണത്തിന് ഇടത് പക്ഷ ഹര്‍ത്താല്‍ എങ്കില്‍ തള്ളിപോളിക്കുന്ന ബസിന്റെയും കല്ലേറില്‍ കണ്ണുപോയ വാനുള്ള നഷ്ടപരിഹാരം മുതലായവ കിട്ടുന്നതിനു ഇ കെ ജി സെന്റര്‍ ജപ്തി ചെയ്യുക അണ്ണന്മാരെ പൂജപ്പുര പിടിച്ചിടുക അങ്ങിനെ

ആദ്യത്തെ നടപടി ഒന്ന് കൊണ്ട്ട് മാത്രം ഹര്‍ത്താല്‍ ഇവിടെ ഇല്ലാതാകും

ഇ.എ.സജിം തട്ടത്തുമല said...

ഈ സുശീലൻ, സുശീൽ ഇതൊക്കെ കളഞ്ഞിട്ട് നമ്മുടെ കെ.പി. സുകുമാരനെ പോലെ പടവും പേരുമൊക്കെ വച്ച് ഇറങ്ങി അറുമ്പാതിക്കൂ, സുശീൽ! നിങ്ങളൊക്കെയല്ലേ നമ്മുടെ ഊർജ്ജം.വല്ലതും ഒക്കെ എഴുതാൻ നമുക്കും ചില പ്രകോപനങ്ങൾ ഒക്കെ വേണ്ടേ!

ഞാന്‍ പുണ്യവാളന്‍ said...

പ്രതിഷേധമെന്ന വ്യാജേന തെരുവില്‍ നടക്കുന്നത് ഒരു കൂട്ടം തെമ്മാടികളുടെ പേകൂത്താണ് , ഹര്‍ത്താല്‍ ദിവസം എന്നിക്കും കല്ല്‌ എടുത്തു എതു വാഹനത്തിനും നേരെ എറിയാം എന്നോടും ആരും ചോദിക്കില്ല ഇതാണ് ഇവിടത്തെ വ്യവസ്ഥ ,കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരത്തിനു പോസ്റ്റ്‌ ഓഫീസിന്റെയും ടെലിഫോണ്‍ ഓഫീസിന്റെയും ചില്ലും കമ്പ്യൂട്ടറും പൂച്ചട്ടികളും അടിച്ചു തകര്‍ത്തു വാഹനങ്ങളും കത്തിച്ചു അക്രോഷിക്കുന്നത് എത്ര പ്രാകൃതമാണ് .... ലജ്ജാവഹമാണ് .......

ajith said...

ഏത് ഹര്‍ത്താലും ബന്ദും “വിജയിക്കുന്നത്” ഭയം കൊണ്ട് മാത്രമാണ്. പിന്നെ ഹര്‍ത്താലിന്റെ ഫലമായി പെട്രോളിന് വില കുറഞ്ഞ് 40 രൂപയായതില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍

Dave said...

ഹര്ത്താല് പോലെയുള്ള പരസ്യമായ മനുഷ്യാവകാശ ലങ്ഖനങ്ങളെ അനുകൂലിക്കുകയും , മനവികതാവാതിയെന്നു നെറ്റിയില്‍ സ്ടികേര്‍ ഒട്ടിച്ചു നടക്കുന്ന തന്നെപോലെയുള്ള ഫ്രോടുകലാണ് ഈ നാടിന്റെ ശാപം. ഹര്‍ഹാല് ഒരു സമരരീതി എന്നാ നിലയില്‍ ഒരു ആധുനിക മനുഷ്യ സമൂഹത്തിനു യോജിച്ചതല്ല.എന്ത് കാരണത്തിന് വേണ്ടിയനെഗിലും എന്നെ ബന്തിയക്കാന്‍ നിനെക്കെന്താവകാശം ? ഇപ്പോള്‍ ഹര്‍ത്താലില്‍ ഇളവുകള്‍ വേണമെന്ന് തങ്ങള്‍ പറയുന്നു .തോന്നുമ്പോള്‍ നിരപരാധികളെ ആക്രമിക്കാനും തോന്നുമ്പോള്‍ ഇളവുകള്‍ നിര്ടെഷിക്കാനും നിങ്ങളെ ആരാണ് അധികാരപെടുതിയത് ?

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

എന്തും നടക്കും എന്ന കൊടും ശാപത്തിന്റെ നാടാണ് കേരളം ...അത് മാറ്റിയെടുക്കാന്‍ നമ്മള്‍ ജനങ്ങള്‍ക്കെ സാധിക്കു ...ആ കാലം വിദൂരം അല്ല എന്ന് ആശിക്കാം

Unknown said...

ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ വിജയിക്കുന്നത് ഭയം കൊണ്ട് മാത്രമാണ്.

മാത്രമല്ല എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തി അതിന്‍റെ വില പോലും കളഞ്ഞിരിക്കുന്നു.

എന്ത് പ്രശ്നത്തിനും പരിഹാരം ഉണ്ടാകും എന്നിരിക്കെ, ഹര്‍ത്താല്‍ മാത്രം നടത്തി ജനങ്ങളെ മൊത്തം വിഡ്ഢികള്‍ ആക്കുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു.