Thursday, November 3, 2011

പെട്രോൾവില വീണ്ടും കൂട്ടി

പെട്രോൾ വില വീണ്ടും കൂട്ടി

ഇതു നാലാം തവണയാണ് പെട്രോൾ വില കൂട്ടുന്നത്. എണ്ണ വില കൂടുന്നതിനെക്കുറിച്ച് ഇനി സർക്കാരിനോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. എണ്ണ വില തീരുമാനിക്കുവാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തല്ലോ. അന്ന് പ്രതിപക്ഷം മാത്രമല്ല ഭരണ പക്ഷത്തുള്ള ചിലരുംകൂടി ഇതിന്റെ അപകടം ചൂണ്ടിക്കാട്ടിയിരുന്നതാണ്. കഴിഞ്ഞ ഡിസംബർ മാസം മുതൽ കണക്കുകൂട്ടിയാൽ തന്നെ ഇത് ആറാം തവണയാണ് എണ്ണ വില കൂട്ടുന്നത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും കൂടാൻ പോവുകയാണ്. കഴിഞ്ഞ പ്രാവശ്യം എണ്ണ വിലകൂട്ടിയപ്പോഴും സ്വാഭാവികമായും പലതരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. കേരളത്തിൽ ഇടതുപക്ഷം എണ്ണ വിലവർദ്ധനവിനെതിരെ തെരുവിൽ സമരങ്ങളും ഹർത്താലുകളും മറ്റും നടത്തിയപ്പോൾ സമരവിരോധികൾ ചോദിക്കുകയുണ്ടായി; പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരങ്ങളും ഹർത്താലുകലും മറ്റും നടത്തിയാൽ എണ്ണവില കുറയ്ക്കുമോ എന്ന്! ശരിയാണ്. കേരളത്തിൽ മാത്രമാണല്ലോ ശക്തമായ പ്രതിഷേധം ഉണ്ടായത്. അതാകട്ടെ ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിലും. ഇടതുപക്ഷത്തിന് ശക്തമായ സമരം നടത്താൻ കേരളത്തിലല്ലേ കഴിയൂ. അപ്പോൾ എണ്ണവില വർദ്ധിക്കുന്നതിലല്ല, അതിനെതിരെ സമരം ചെയ്യുന്നതിലാണ് ഇടതുവിരോധികൾ പാതകം കണ്ടെത്തിയത്. ഇവിടെ സമരം നടത്തിയിട്ടെന്ത്? ഹർത്താൽ നടത്തിയിട്ടെന്ത്? ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നല്ലാതെ! ഇതായിരുന്നു അവരുടെ ചോദ്യവും പറച്ചിലും. ഇനിയായാലും അതങ്ങനെതന്നെ ആയിരിക്കും.

സമരവിരോധികൾ അഥവാ ഇടതുവിരോധികൾ ആ പറഞ്ഞതിൽ ഒരു കാര്യമുണ്ട്. കേരളത്തിൽ മാത്രം പ്രതിഷേധമുണ്ടായിട്ടോ തെരുവിലിറങ്ങിയിട്ടോ കാര്യമെന്ത് ? മറ്റെങ്ങും സമരം ചെയ്യാൻ മാത്രം ശക്തി ഇടതുപക്ഷത്തിനില്ലല്ലോ. മറ്റ് സംസ്ഥാനങ്ങളിൽ വർഗ്ഗീയ കലാപങ്ങളുണ്ടാക്കുവാനും, ഗർഭിണികളുടെയടക്കം കുടൽമാല കുത്തി പുറത്തു ചാടിക്കാനും, ചാവേറുകളായി സ്വയം പൊട്ടിത്തെറിക്കാനും, ബോബ് വച്ച് നിരപാരാധികളെ കൊല്ലാനും, അവരവരുടെ മതരാഷ്ട്രവും മതലോകവും സൃഷ്ടിക്കുവാനും ഇറങ്ങിത്തിരിക്കുവാൻ ആളുകൾ ഒരുപാടുണ്ട്. പക്ഷേ വിലവർദ്ധവവ് പോലെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യാൻ ആരുമുണ്ടാകില്ല. കേരളത്തിനും ആ ഒരു സ്വഭാവം കൈവന്നുകൂടെന്നില്ല എന്ന സൂചനകൾ ഉണ്ട് എന്നത് കാണാതിരിക്കുന്നില്ല. അരാഷ്ട്രീയവാദം ശക്തിപ്പെടുന്നത് അത്തരം സാമൂഹ്യാവസ്ഥകൾ സൃഷ്ടിക്കുവാൻ ഒരു കാരണവുമാകും. എന്തായാലും ഇനിയിപ്പോൾ കേരളത്തിൽ ഇടതുപക്ഷത്തിനു പോലും സമരമൊന്നും ച്ചെയ്യാൻ കഴിയില്ല. കാരണം തെരുവിൽ പ്രകടനം, പൊതുയോഗം തുടങ്ങിയ ജനാധിപത്യ പ്രവർത്തനങ്ങളൊന്നും നടത്തിക്കൂടെന്ന് കോടതി പറഞ്ഞിരിക്കുന്നു. എണ്ണ വില വർദ്ധനവല്ല, ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എന്ത് കാര്യം സംഭവിച്ചാലും ജനം പ്രതിഷേധിക്കരുത്. അഥവാ ആർക്കെങ്കിലും വല്ല പ്രതിഷേധമോ ഉണ്ടെങ്കിൽ അവനവന്റെ വീട്ടിലിരുന്ന് ആയിക്കൊള്ളണം. തെരുവോരത്ത് പൊതുയോഗം പാടില്ല. പൊതുസ്ഥലങ്ങളിലൂടെ പ്രകടനം നടത്തിക്കൂട. അതൊക്കെ കോടതിയലക്ഷ്യങ്ങളാണ്.

ഇനിയും ബസ് മുതലാളിമാർ വണ്ടിക്കൂ‍ലി കൂട്ടാനായി വീണ്ടും സമരം തുടങ്ങും. അവർക്ക് സമരം തുടങ്ങാൻ തെരുവിലിറങ്ങണ്ടല്ലോ. ബസുകൾ അവരവരുടെ ഷെഡ്ഡിൽ കയറ്റിയിട്ടാൽ മതി. കോടതിയലക്ഷ്യത്തിന്റെ പ്രശ്നങ്ങളുമില്ല. വില കുറയ്ക്കണമെന്നു പറഞ്ഞാൽ എണ്ണക്കമ്പനികൾക്ക് എണ്ണമുടക്കി വേണമെങ്കിൽ പ്രതിഷേധിക്കാം. അതിലും കോർട്ടലക്ഷ്യം ഇല്ല. സാധാരണ ജനങ്ങൾക്ക് ആകെ ഇനിയുള്ള മാർഗ്ഗം അവനവന്റെ വണ്ടി ഷെഡിലിട്ട് പാവൽ പടർത്തുക. അവനവന്റെ തടിയും ഷെഡ്ഡിൽ ഇട്ട്- അതായത് അവനവന്റെ വീട്ടിലിരുന്ന് പല്ലുകടിക്കുക. സങ്കടം വരുന്നെങ്കിൽ കരയുക. അവരവരുടെ വീട്ടിൽ കെട്ടിത്തൂങ്ങി ചാവാനും തടസമില്ല. ചാകുമ്പോൾ ഒരു കേസെടുക്കും. അത് ചാകുന്നവരെ ബാധിക്കുകയുമില്ല. ഇനി ഇതൊന്നും ചെയ്യാൻ കഴിയാത്തവർ കടയിൽ പോയി ഓരോ റബ്ബർ ബാൻഡ് വാങ്ങുക. അതിന്റെ ഒരു തുമ്പ് ഇടത്തേ കയ്യിലും മറ്റേത്തുമ്പ് വൽകത്തേക്കൈയ്യിലും പിടിക്കുക. എന്നിട്ട് എന്താണ് ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്താ, മനസിലായില്ലെന്നുണ്ടോ? വലിച്ചോണ്ടിരിക്കുക; അത്രതന്നെ! വായ അപ്പോഴും ഫ്രീയായിരിക്കും എന്ന സൌകര്യം പ്രയോജനപ്പെടുത്തി ഇടയ്ക്കിടെ പൊതുയോഗം, പ്രകടനം, ഹർത്താൽ, മറ്റ് സമരങ്ങൾ ഇവയ്ക്കൊക്കെ എതിരെ മുടിഞ്ഞ നാക്കുകൾകൊണ്ട് പുലമ്പുകയും അരാഷ്ട്രീയവാദം അരക്കിട്ടുറപ്പിക്കുകയും ആവാം! ചില നല്ല മുദ്രാവാക്യങ്ങൾ മുഴക്കി ഈ പോസ്റ്റിൽ നിന്നും വിരമിക്കാം;

എണ്ണക്കമ്പനികൾ നീണാൾ വാഴട്ടെ!
കൂടട്ടെ വിലകൂടട്ടെ! കൂടട്ടങ്ങനെ കൂടട്ടെ!
കേന്ദ്ര-യു,പി. സർക്കാർ സിന്ദാബാദ്!
ഹായ്, ഹായ് ഉദാരവൽക്കരണം!
ഹായ്, ഹായ് സ്വകാര്യവൽക്കരണം!
ഹോയ് ഹോയ് ആഗോളവൽക്കരണം!
മൻമോഹൻസിംഗ്ജി കീ ജയ്!
ഭേഷ് ഭേഷ് മുതലാളിത്തം!
ആരാടായീ പാവങ്ങൾ?
വാടാ വാടാ പോരിനു വാടാ!
അണ്ടാമുണ്ടാ അടകോടാ;
മിണ്ടിപ്പോയാൽ കൊണ്ടറിയാം!

10 comments:

ഞാന്‍ പുണ്യവാളന്‍ said...

താങ്കളുടെ പോസ്റ്റ്‌ വായിച്ചു എനിക്ക് ചിരിയാണ് വന്നത് പ്രത്യേകിച്ച് അവസാന വരിക്കല്‍ ...

വിലവര്ധവന് ആരും ഇഷ്ടപ്പെടുനില്ല എല്ലാവര്ക്കും പ്രതിഷേദവുമുണ്ട് .....

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തല്ലിപോളിച്ചും , പൊതു വാഹനങ്ങള്‍ കത്തിച്ചും ജന ജീവിതം സംഭിപ്പിച്ചും ആകരുത് എന്ന് പൊതു സമൂഹം ആഗ്രഹിക്കുന്നതും ഒരു കുറ്റമാണോ ചേട്ടാ ... അത്തരം സമരങ്ങള്‍ സാമുഹ്യ ദ്രോഹമാണ് അതിനെ അനുകൂലിക്കാനാവില്ല ...

നമ്മുക്ക് ഒരുമിച്ചു തെരുവിലിറങ്ങി ഒന്നായി പ്രതിഷേദിക്കാം അത് വഴിയെ പോകുന്നവന്റെ നെഞ്ചില്‍ കയറാതിരുന്നാല്‍ മതി .....

പുതിയ പോസ്റ്റുകള്‍ ഉണ്ട് ഒന്ന് വന്നു നോക്കൂ

ഞാന്‍ പുണ്യവാളന്‍

കേള്‍ക്കാത്ത ശബ്ദം

പത്ര വിസ്മയങ്ങള്‍

ഇ.എ.സജിം തട്ടത്തുമല said...

ഞാൻ പുണ്യവാളൻ,താങ്കൾ ഇട്ട കമന്റ് മെയിലിൽ ഉണ്ട്. ഇവിടെ വന്നില്ല. അത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യൂന്നു:

ഞാൻ പുണ്യാവാളൻ: “താങ്കളുടെ പോസ്റ്റ്‌ വായിച്ചു എനിക്ക് ചിരിയാണ് വന്നത് പ്രത്യേകിച്ച് അവസാന വരിക്കല്‍ ...

വിലവര്ധവന് ആരും ഇഷ്ടപ്പെടുനില്ല എല്ലാവര്ക്കും പ്രതിഷേദവുമുണ്ട് .....

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തല്ലിപോളിച്ചും , പൊതു വാഹനങ്ങള്‍ കത്തിച്ചും ജന ജീവിതം സംഭിപ്പിച്ചും ആകരുത് എന്ന് പൊതു സമൂഹം ആഗ്രഹിക്കുന്നതും ഒരു കുറ്റമാണോ ചേട്ടാ ... അത്തരം സമരങ്ങള്‍ സാമുഹ്യ ദ്രോഹമാണ് അതിനെ അനുകൂലിക്കാനാവില്ല ...

നമ്മുക്ക് ഒരുമിച്ചു തെരുവിലിറങ്ങി ഒന്നായി പ്രതിഷേദിക്കാം അത് വഴിയെ പോകുന്നവന്റെ നെഞ്ചില്‍ കയറാതിരുന്നാല്‍ മതി .....

പുതിയ പോസ്റ്റുകള്‍ ഉണ്ട് ഒന്ന് വന്നു നോക്കൂ “

മഹേഷ്‌ വിജയന്‍ said...

അടിക്കടിയുള്ള പെട്രോള്‍ വില വര്‍ധന ഒഴിവാക്കുവാനായി പെട്രോളിന്റെ വില ലിറ്ററിന് 200 രൂപയാക്കണം എന്നാണു ഞാന്‍ പറയുന്നത്.
ഇന്നല്ലേല്‍ നാളെ അത് 200 ആകാന്‍ ഉള്ളതാണ്. അതിപ്പോഴേ അങ്ങ് ചെയ്‌താല്‍ പിന്നെ ചുരുങ്ങിയത് ഒരു കൊല്ലത്തെക്കെങ്കിലും വില വര്‍ധന ഉണ്ടാകില്ല...
മാത്രവുമാലാല്‍ പെട്രോള്‍ വാങ്ങാന്‍ കാശില്ലാത്തവന്‍ വണ്ടി വാങ്ങില്ല...വാഹനപ്പെരുപ്പം കുറയും..വാഹനം ഉള്ളവരില്‍ പലരും വണ്ടി ഷോകേസിലേക്ക് മാറ്റും. വാഹങ്ങള്‍ കുറയുന്നതോടെ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടാകുന്നത് കുറയും. അപകടങ്ങള്‍ കുറയും.
ഓട്ടോ ഡ്രൈവര്‍മാര്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും..

Anonymous said...

പെട്രോള്‍ നൂറു രൂപ ആയാലും വണ്ടി ഓടിക്കുന്നവന്‍ വണ്ടി ഓടിക്കും കാര്‍ ഇല്ലാത്തവനാണ് തോന്നുന്നത് ചിലന്തി വല പിടിക്കും എന്ന് ചുമ്മാ ഇവിടെ എല്ലാവര്ക്കും പണം ഇഷ്ടം പോലെ ഉണ്ട് പിന്നെ നാല് ബന്ദും രണ്ടു ഹര്‍ത്താലും നടത്താം അത്ര തന്നെ ഡോളര്‍ വില നമ്മുടെ കണ്ട്രോളില്‍ അല്ല പീ സീ തോമസ്‌ കേസ് കൊടുത്തിട്ടുണ്ട് കോടതി വല്ലതും ചെയ്യുമോ എന്ന് നോക്കാം

BIG B said...

@mahesh vijayan, Thankal ee paranjathokke nadakkaan kureyennathine vedi vechu konnaalo?jeevikkaan arharalla chila koottar ikkaalath ennaanu companykaludeyum gov mentukaludeyum dharana.

BIG B said...

petrol companykalkku yadharthathil nashtamilla,kolla laabhathilulla neria kuravaanundaavunnathu.yadhaarthathil reliance polathe kuthakakalkku vendi gov othukalikkukayaanu.bsnl um TRAI um thammilulla kallanum police um kali. Allenkil DTH um dish tv polathe swakaarya dth n/w kalum thammilulla adjustmentukal orkkuka. Sorry for the manglish

keraladasanunni said...

ശ്രി മഹേഷ് വിജയന്‍റെ അഭിപ്രായത്തിന്ന് ചേരിയൊരു ഭേദഗതി വേണമെന്ന് തോന്നുന്നു. പെട്രോള്‍ വില 1000.00 രൂപ ആക്കട്ടെ ( നിലവില്‍ ഏറ്റവും മൂല്യമുള്ള കറന്‍സി അതല്ലേ ). എന്നാല്‍ ബാക്കി വാങ്ങാനും കൊടുക്കാനും
പ്രയാസം വരില്ല. കഷ്ടം. അല്ലാതെ എന്ത് പറയാനാണ്.

Manoj മനോജ് said...

ക്രൂഡ് ഓയില്‍ 70നടുത്ത് വന്നപ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞു എന്ന് പറഞ്ഞ് വില കുറയ്ക്കാതിരുന്നവര്‍ ക്രൂഡ് ഓയിലിന് കഴിഞ്ഞ തവണ ഉണ്ടായതിലും താഴെ വില ഉള്ളപ്പോള്‍ പിന്നെയും വില വര്‍ദ്ധിപ്പിക്കുന്നത് എന്തിനെന്ന് ജനങ്ങളോട് പറയുവാനുള്ള ഉത്തരവാദിത്തമില്ലേ. ഒന്നുമില്ലേല്‍ കമ്പനികലില്‍ ബഹുഭൂരിപക്ഷവും പൊതുമേഖല സ്ഥാപനമല്ലേ!!!!എന്തായാലും കോടതി വരവ് ചെലവ് ചോദിച്ചു, കാത്തിരിക്കാം. ബസ്സ് കൂലി കൂട്ടുന്നതിന് മുന്‍പ് ബസ്സ് മുതലാളിമാര്‍ വരവ് ചെലവ് സമര്‍പ്പിക്കണമെന്ന് പറഞ്ഞിട്ട് കാലം കുറേയായി. അത് പിന്നെ സാധാരണ ജനങ്ങളെ മാത്രം ബാധിക്കുന്നതായത് കൊണ്ടാകാം സമര്‍പ്പിക്കാതെ തന്നെ ബസ്സ് കൂലി വില കൂട്ടുന്നത്!!

ഹര്‍ത്താലും പാത ഉപരോധവുമല്ല വേണ്ടത്. പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായി കുറേ ദിവസത്തേയ്ക്ക് ബഹിഷ്കരിക്കുക/ഉപരോധിക്കുക. താനെ വില കുറയും....

Murali said...

സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് (സ്വാതന്ത്ര്യം കൊടുത്തു എന്നൊക്കെ പറയുന്നത് തികഞ്ഞ bullshit ആണ്)വിലകൂട്ടിയതിൽ എന്ത് മുതലാളിത്തം സുഹ്രുത്തേ? എണ്ണ വിപണിയിൽ മുതലാളിത്തം (എന്നുവച്ചാൽ സ്വതന്ത്രകമ്പോളം - ക്രോണി ക്യാപിറ്റലിസമല്ല) ഇല്ല എന്നതാണ് അടിസ്ഥാന പ്രശ്നം. പിന്നെ എണ്ണ എന്നത് സർക്കാരിന്റെ പൊൻമുട്ടയിടുന്ന താറാവാണ്. നികുതിവരുമാനത്തിന്റെ വലിയൊരു പങ്ക് എണ്ണയിൽ നിന്നും ആണ് വരുന്നത്. അത് വിട്ടുകളയാൻ ഒരു സർക്കാരും തയ്യാറാകുന്നില്ല എന്നത് മറ്റൊരു പ്രശ്നം.

Murali said...

പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായി കുറേ ദിവസത്തേയ്ക്ക് ബഹിഷ്കരിക്കുക/ഉപരോധിക്കുക. താനെ വില കുറയും....

ഇല്ല സുഹ്രുത്തേ - ഡിമാന്റ്, സപ്ലൈ നിയമങ്ങളൊക്കെ സ്വതന്ത്ര കമ്പോളത്തിനുമാത്രം പറഞ്ഞതാണ്. സർക്കാർ ഇടപെട്ട് സർക്കാർ കമ്പനികളാൽ നിയന്ത്രിക്കപ്പെടുന്ന 'കമ്പോളത്തിൽ' ഇതൊന്നും നടക്കില്ല.