ആരപ്പാ ഈ ചന്ദ്രപ്പൻ?
മുൻകുറിപ്പ്: സി.പി.ഐ എമ്മും സി.പി.ഐയും ഇടതുപക്ഷത്തെ രണ്ട് പാർട്ടികളാണ്. ചിലകാര്യങ്ങളിലെങ്കിലും ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റുമില്ല. അത് ഇടതുപക്ഷ ഐക്യത്തിന് വലിയ കുഴപ്പമൊന്നുമുണ്ടാക്കുകയുമില്ല. എന്നാൽ അഭിപ്രായ വ്യത്യാസവും ആക്ഷേപങ്ങൾ ഉന്നയിക്കലും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഈ ചെറുകുറിപ്പ് ഇവിടെ പതിഞ്ഞത്.
വലിയമ്പലത്തിൽ ഉത്സവം; അപ്പൂപ്പൻകാവിൽ കൊടുതിവലിയമ്പലത്തിൽ മഹോത്സവം നടക്കുമ്പോൾ തൊട്ടടുത്ത് അപ്പൂപ്പൻ കാവിൽ ചെറിയ കൊടുതി വച്ചാൽ ആളുകൾ വലിയമ്പലത്തിലോട്ടേ പോകൂ. അതിൽ കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല. അതുപോലെ സി.പി.ഐ.എം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചുവെന്നറിഞ്ഞപ്പോഴേ ഈഗോ കാണിക്കാതെ സി.പി.ഐക്കാർക്ക് കൊല്ലത്ത് നടത്താൻ തീരുമാനിച്ച അവരുടെ സംസ്ഥാന സമ്മേളന തീയതി അല്പം മുമ്പോട്ടോ പുറകോട്ടോ നീട്ടാമായിരുന്നു. തിരിച്ച് സി.പി.ഐ.എമ്മിനു വിട്ടുവീഴ്ച ചെയ്തുകൂടേ എന്ന് ചോദിക്കാം. സി.പി.ഐക്ക് സി.പി.ഐ.എമ്മിനേക്കാൾ ശക്തിയുള്ള ചില സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടല്ലോ. അവിടെ അതാകാം. കേരളത്തിൽ സി.പി.ഐ.എം സി.പി.ഐയേക്കാൾ ഉമ്മിണി വലിയ പാർട്ടിയല്ലേ? അപ്പോൾ അതിന്റെയൊരു ഹുങ്ക് ആ പാർട്ടി കാണിച്ചാലും ബുദ്ധിപൂർവ്വം സി.പി.ഐ സമ്മേളന തീയതി ഒന്നു മാറ്റിയിരുന്നെങ്കിൽ അതിന്റെ ഗുണം സി.പി.ഐക്കു തന്നെ ആയിരിക്കുമായിരുന്നില്ലേ?
മാധ്യമ ശ്രദ്ധ സി.പി.ഐ.എം സമ്മേളനവും സി.പി.ഐ സമ്മേളനവും ഒരേസമയം നടക്കുമ്പോൾ സി.പി.ഐ സമ്മേളനത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടില്ലെന്നായിരുന്നു സി.പി.ഐക്കാരുടെ പരാതി. പക്ഷെ സി.പി.ഐ സമ്മേളനത്തിന് മാധ്യമശ്രദ്ധ നേടിക്കൊടുക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ബാദ്ധ്യതയല്ലല്ലോ. അതുകൊണ്ട് സി.പി.ഐ.എം സമ്മേളനത്തീയതി മാറ്റാൻ തയ്യാറുമായില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയത്രയും സ്വാഭാവികമായും സി.പി.ഐ.എം സമ്മേളനത്തിലേയ്ക്കായി. അപ്പോൾ ബുദ്ധിപൂർവ്വം തീരുമാനമെടുക്കേണ്ടിയിരുന്നത് സി.പി.ഐ തന്നെ ആയിരുന്നില്ലേ? അതു ചെയ്യാതെ സി.പി.ഐ.എമ്മിനെതിരേ ആക്ഷേപങ്ങൾ പറഞ്ഞ് ഹാലിളകിയിട്ട് കാര്യമുണ്ടോ ചന്ദ്രപ്പൻ സഖാവേ? പറഞ്ഞ മറ്റതെല്ലാം പോട്ടെ. ആ ഇവന്റ് മാനേജ്മെന്റിന്റെ കാര്യം അല്പം കടന്നുപോയി. അത്രയും അസൂയ പാടില്ല. അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്നാണ്. ഇത് രണ്ടും ചന്ദ്രപ്പൻ സഖാവിനുണ്ട്.
ഇവന്റ് മാനേജ്മെന്റ്സി.കെ. ചന്ദ്രപ്പൻ സി.പി.ഐ.എമ്മിനെതിരെ ഉന്നയിച്ച ഇവന്റ് മാനേജ്മെന്റിനെ സംബന്ധിച്ചാണെങ്കിൽ സി.പി.ഐ.എമ്മിൽ അങ്ങനെയൊന്നുണ്ട്; അങ്ങ് മുകളിൽ പോളിറ്റ് ബ്യൂറോ മുതൽ ഇങ്ങ് താഴെ ബ്രാഞ്ച്തലം വരെയുള്ള ഒരു വിപുലമായ ഒരു ഇവന്റ് മാനേജ്മെന്റ് സംവിധാനം സി.പി.ഐ.എമ്മിലുണ്ട്. അതിനെ സഹായിക്കാനാകട്ടെ ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളും ബഹുജനങ്ങളും. അങ്ങനെയുള്ള ആ ഇവന്റ് മാനേജ്മെന്റാണ് സി.പി.ഐ.എം-ന്റെ പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരത്തു നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനവും ഇനി കോഴിക്കോട് നടക്കാനിരിക്കുന്ന പാർട്ടികോൺഗ്രസ്സും ഒക്കെ ഗംഭീരമാക്കുന്നത് ആ ഇവന്റ് മാനേജ്മെന്റ് സംവിധാനമാണ്. അതായത് സി.പി.ഐ.എമ്മിനെ നെഞ്ചോട് ചേർക്കുന്ന ജനലക്ഷങ്ങൾ. അത്രമാത്രം ശക്തിയും ജനപിന്തുണയും സി.പി.ഐക്കില്ലാതെ പോയത് സി.പി.ഐ.എമ്മിന്റെ കുഴപ്പമല്ലല്ലോ. നിങ്ങൾ നിങ്ങളുടെ പാർട്ടിയെ ആ നിലയിൽ ശക്തിപ്പെടുത്താൻ ശ്രമിക്കുക. അങ്ങാടിയിൽ തോറ്റതിന് അമ്മയെ പഴിച്ചിട്ട് കാര്യമില്ലല്ലോ.
തണുത്ത ചന്ദ്രപ്പനും തണുത്ത സി.പി.ഐയുംകാര്യം ആള് അല്പം സി.പി.ഐ.എം വിരോധിയൊക്കെ ആയിരുന്നെങ്കിലും വെളിയം ഭാർഗ്ഗവനാശാൻ സഖാവ് ഇതുപോലെ സി.പി.ഐ.എമ്മിനെതിരെ ചന്ദ്രപ്പനോളം ഇളകിയിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒന്ന് അട്ടഹസിച്ചിരുന്നുവെന്നു മാത്രം. വെളിയം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് സി.പി.ഐയ്ക്ക് ഒരു തിളക്കമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പൊതുവേ തണുത്ത ചന്ദ്രപ്പൻ സഖാവ് സംസ്ഥാന സെക്രട്ടറി ആയപ്പോൾ സി.പി.ഐയും ഏതാണ്ട് തണുത്ത് മരവിച്ച പോലെ ആയിട്ടുണ്ട്. തണുത്ത സെക്രട്ടറിയും തണുത്ത പാർട്ടിയും. ഇനി പാർട്ടിയെ ഒന്നു സടകുടഞ്ഞെഴുന്നേല്പിക്കാനും മാധ്യമ ശ്രദ്ധ നേടാനുമുള്ള അടവാണ് ചന്ദ്രപ്പൻ സഖാവ് സ്വീകരിച്ചതെങ്കിൽ കുറ്റം പറയുന്നില്ല.
കോൺഗ്രസ്സ് പാളയത്തിലേക്ക് അനുയായികളുണ്ടാകില്ലഇനി പണ്ടത്തെ പോലെ സി.പി.ഐയെ കോൺഗ്രസ്സ് പാളയത്തിലേയ്ക്ക് നയിക്കാനാണ് ഭാവമെങ്കിൽ പണ്ടുമുതലേ സി.പി.ഐ.എം വിരോധം മൂത്ത ചില പഴമൂടുകൾ മാത്രമേ കൂടെ കാണൂ. തീരുമാനമെടുത്ത് ലക്ഷം ലക്ഷം പിന്നാലെയെന്ന് വിളിച്ച് മുമ്പേ നടന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏന്തിയും വലിച്ചും മനസില്ലാമനസോടെ വരുന്ന കുറെ പഴമൂടൂകളും മറ്റുമേ കാണൂ. സി.പി.ഐയിലെ പുതുതലമുറക്കാരാരും കൂടെയുണ്ടാകില്ല. ഇപ്പോഴത്തെ തലമുറയിൽ ഈയുള്ളവനറിയാവുന്ന സി.പി.ഐ പ്രവർത്തകരിൽ നല്ലൊരു പങ്ക് വീര്യമാർന്ന അടിയുറച്ച ഇടതുപക്ഷ പ്രവർത്തകരാണ്. അവരിൽ പലരും പലയിടത്തും പല സി.പി.ഐ.എം പ്രവർത്തകരെയും കടത്തിവെട്ടുന്ന വിധം ഇടതുപക്ഷത്തോട് കൂറു പുലർത്തുന്നവരാണ് എന്നുപോലും പറയാൻ കഴിയും. കാരണം കാലം മാറി. സി.പി.ഐ.എം വിരോധത്തിന് ഊർജ്ജം സ്വരൂപിക്കേണ്ട കാലമല്ലിതെന്ന് അവർക്കറിയാം.
പ്രചോദനങ്ങളും പ്രലോഭനങ്ങളുംതാരതമ്യേന ആളുകുറഞ്ഞ പാർട്ടിയിൽ നിന്നാൽ വേഗം നേതാക്കളും സ്ഥാനമാനങ്ങളുമൊക്കെ നേടാമെന്നുള്ള ഒരു ആഗ്രഹത്തിന്റെ പിൻബലത്തിൽ കൂടിയായിരിക്കാം പുതുതലമുറയിലെ സി.പി.ഐക്കാർ പലരും ആ പാർട്ടിയിൽ എത്തിപ്പെട്ടിരിക്കുക. പക്ഷെ അവർ അചഞ്ചലമായ ഇടതുപക്ഷബോധം ഉൾക്കൊള്ളുന്നവരാണ്. കോൺഗ്രസ്സിനോടൊപ്പം നിന്ന് അധികാരം പങ്കു വയ്ക്കാനൊന്നും അവർ തയ്യാറാകുമെന്നു വിശ്വസിക്കാൻ വയ്യ. നല്ല ഇടതുപക്ഷക്കാരായി സി.പി.ഐയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണവരിൽ നല്ലൊരു പങ്കും. ഭരണത്തിലിരുന്നാലും ചില നേട്ടങ്ങളൊക്കെ ഉണ്ടാകണമെങ്കിൽ യു.ഡി.എഫ് മന്ത്രിസഭയിൽ എത്തുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സി.പി.ഐയിൽ ഉണ്ടാകാം. അവർക്കുവേണ്ടി പാർട്ടിയെ ബൂർഷ്വാസിക്ക് അടിയറ വയ്ക്കണോ എന്നൊക്കെ ചന്ദ്രപ്പൻ സഖാവ് മാത്രം തീരുമാനിച്ചാൽ മതിയെങ്കിൽ നമുക്കൊന്നും പറയാനില്ല.
എന്നാലും സി.പി.ഐ അത്ര നല്ലപിള്ള ചമയേണ്ടസി.പി.ഐ.എം കഴിഞ്ഞാൽ സി.പി.ഐ ഇടതുപക്ഷത്തെ പ്രധാന കക്ഷിയാണ്. സി.പി.ഐ ഇല്ലാത്ത ഇറ്റതുപക്ഷത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതും പ്രയാസം തന്നെ. കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് വന്നതിൽ പിന്നെ ഇതുവരെ അവർ ഇടതു മുന്നണി വിട്ടു പോയിട്ടില്ല. എന്നാലും ചില പഴയകാല സി.പി.ഐക്കാരിൽ പാർട്ടി പിളർന്ന കാലം തൊട്ടേ ഒരു സി.പി.എം വിരോധം ഉണ്ട്. അത് തലമുറകളിലേയ്ക്ക് വ്യാപരിപ്പിക്കാനും അവരിൽ ചിലരെങ്കിലും ബോധപൂർവംതന്നെ ശ്രമിക്കാറുണ്ട്. അതിനുദാഹരണമായി ഇപ്പോൾ ചന്ദ്രപ്പൻ സഖാവുതന്നെയുണ്ടല്ലോ. മുന്നണി മര്യാദകൾ പലപ്പോഴും സി.പി.ഐ കാറ്റിൽ പറത്താറുണ്ട്. സി.പി.ഐ.എമ്മിനെതിരെ കോൺഗ്രസ്സും യു.ഡി.എഫുമായി പ്രാദേശികതലങ്ങളിൽ ഗൂഢാലോചനകൾ നടത്തുന്ന പല അനുഭവങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇനിയും ഉണ്ടായിക്കൂടെന്നുമില്ല്ല്ല.
സി.പി.ഐ.എമ്മിനു വോട്ടു ചെയ്യാത്ത സി.പി.ഐ ക്കാർനാളിന്നു വരെ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടില്ലാത്ത സി.പി.ഐക്കാർ കേരളത്തിലുണ്ട്. പോരാത്തതിന് സി.പി.ഐ.എം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സി.പി.ഐ സ്ഥാനാർത്ഥികളെ അടക്കം വിജയിപ്പിക്കുവാൻ സി.പി.ഐ.എമ്മുകാർ ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കും. വിജയിപ്പിക്കും. എന്നാൽ തിരിച്ച് സി.പി.ഐ.എം മത്സരിക്കുന്ന സീറ്റുകളിൽ പല സി.പി.ഐക്കാരെയും പൊടിയിട്ടു നോക്കിയാൽ ഫീൽഡിൽ കാണില്ല. സി.പി.ഐ നേതാക്കളും എൽ.ഡി.എഫ് യോഗങ്ങളിൽ വരും. പ്രസംഗിക്കും. പക്ഷെ പ്രാദേശിക സി.പി.ഐ പ്രവർത്തകർ ഫീൽഡിലുണ്ടാകില്ല.
തോല്പിക്കാൻ മിടുക്കർഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ ഒരുപാട് പേർ അദ്ധ്വാനിക്കണം. എന്നാൽ തോല്പിക്കാൻ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ മതി. കേരളത്തിൽ തെന്നിയും തെറിച്ചുമുള്ള സി.പി.ഐ പ്രവർത്തകരുടെ പണി പലയിടത്തും അതാണ്. പകൽ മുഴുവൽ എൽ.ഡി.എഫ്. രാത്രിയാകുമ്പോൾ യു.ഡി.എഫ്! സി.പി.ഐ.എം സ്ഥാനാർത്ഥികളെ തോല്പിക്കുകയാണ് ലക്ഷ്യം. ഇതിനു കാലുവാരലാണെന്നാണ് പേര്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമാണ് ഈ അട്ടിമറിപ്പണി കൂടുതൽ നടക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലാണ് സി.പി.ഐയ്ക്ക് വിരലിലെണ്ണാവുന്നതിനപ്പുറം അംഗങ്ങളും അനുഭാവികളും ഉള്ളത്. അവിടങ്ങളിൽ കാലുവാരലിന്റെ അളവ് കൂടുതലാണ്. സി.പി.ഐ.എം പ്രവർത്തകർ പണ്ടുമുതലേ ഇത് സഹിച്ചു പോരുന്നതാണ്. ഇടതുപക്ഷ ഐക്യം തകരരുത് എന്നുകരുതി. എന്നാൽ സഹികെട്ട് ഇപ്പോൾ സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളും സി.പി.ഐക്കിട്ട് തിരിച്ച് പണി കൊടുത്തു തുടങ്ങി. അതുകാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം പലയിടത്തും നഷ്ടപ്പെട്ടതിന് ഉദാഹരണങ്ങളുണ്ട്. സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ.
സി.പി.ഐക്ക് ഇനി ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരുംസി.പി.ഐ.എമ്മും സി.പി.ഐ.എമ്മും രണ്ടും രണ്ട് പാർട്ടികളാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ എതിരഭിപ്രായങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. അത് ഇരു പാർട്ടികളുടെയും ഐക്യത്തിനും ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനും വലിയ കോട്ടമൊന്നും വരുത്തുകയുമില്ല. എന്നാൽ സഖാവ് സി.കെ.ചന്ദ്രപ്പനെപ്പോലുള്ളവർ ഇങ്ങനെയാണ് സി.പി.ഐയെ നയിക്കുന്നതെങ്കിൽ ഭാവിയിൽ തങ്ങളുടെ പാർട്ടിയുടെ പരിപാടികൾ സംഘടിപ്പിക്കാൻ ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും. പരിപാടികൾ സംഘടിപ്പിക്കുവാൻ മാത്രമല്ല, പരിപാടികളിൽ പങ്കെടുക്കാനുള്ള അനുയായികളെക്കൂടി ഇവന്റ് മാനേജ്മെന്റ് മുഖാന്തരം കൂലികൊടുത്ത് കൊണ്ടു വരേണ്ടിവരും. വിളിക്കുന്ന ഓരോ മുദ്രവാക്യത്തിനും റേറ്റ് നിശ്ചയിക്കപ്പെട്ടെന്നുവരും. സി.പി.ഐ എമ്മും സി.പി.ഐയും രണ്ടും രണ്ട് പാർട്ടികളാണെങ്കിലും താന്താങ്ങളുടെ നിലയിൽ രണ്ടും വളർന്ന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുന്നതാണ് ഇരു കൂട്ടർക്കും നാടിനും ജനങ്ങൾക്കും നന്ന്. ജാഗ്രതൈ!
പിൻകുറിപ്പ്: പുന്നപ്ര-വയലാർ സമരത്തിന്റെ പശ്ചാത്തലമുള്ള സഖാവ് സി.കെ.ചന്ദ്രപ്പന് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നുകൊണ്ട് സി.പി.ഐ.എമ്മിനെതിരെ അങ്ങനെയൊക്കെ പറയാമെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു എളിയ സി.പി.ഐ.എം പ്രവർത്തകനായ ഈയുള്ളവന് ഇങ്ങിനെയുമൊക്കെ പറയാം. സോറി, ഇറ്റ്സ് ഓൾ റൈറ്റ്!
ഖേദപ്രകടനംഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം തന്റെ ഇവന്റ് മാനേജ്മെന്റ് പരാമർശങ്ങളിൽ സ. സി.കെ.ചന്ദ്രപ്പൻ ഖേദം പ്രകടിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. അതിൽ സന്തോഷമുണ്ട്. അതിനാൽ ഇങ്ങനെ ഒരു പോസ്റ്റെഴുതേണ്ടിവന്നതിലും ഖേദം പ്രകടിപ്പിക്കുന്നു. പക്ഷെ ചന്ദ്രപ്പൻ സഖാവ് പറഞ്ഞതൊക്കെ രേഖപ്പെടുത്തപ്പെട്ടുപോയതിനാൽ ഈ പോസ്റ്റും പിൻവലിക്കുന്നില്ല. ഇതും ഒരു രേഖയായി കിടക്കട്ടെ!