ഡിസംബർ 6: ഒരു കറുത്ത ദിനത്തിന്റെ ഓർമ്മ പുതുക്കൽ
വീണ്ടും ഒരു ഓർമ്മദിനം.
ഹിന്ദു വർഗ്ഗീയവാദികൾ ബാബറി മസ്ജിദ് തകർത്തതിന്റെ ഓർമ്മ മതേതര വാദികളുടെ മനസിനെ ചുട്ടുപൊള്ളിക്കുന്ന
ദിനം. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തിനും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വിവിധമത
വിശ്വാസികളുടെ മതസഹിഷ്ണുതയ്ക്കും കനത്ത പ്രഹരമേല്പിച്ച ഒരു പൈശാചികതയുടെ വാർഷികാചരണം. ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയമോ ചരിത്രസ്മാരകമോ
നിഷ്കരുണം തകർത്തെറിഞ്ഞു എന്നതിനപ്പുറം ഒരുപാട് മാനങ്ങളുള്ള ഒരു അപ്രിയസത്യത്തോട് പൊരുത്തപ്പെടാനും പൊറുക്കാനും വ്രണിതഹൃദയങ്ങളൾ സ്വയം ഊതിയാറ്റുന്ന
ദിനം.
ഒരു കെട്ടിടസമുച്ചയം തകർത്തെറിഞ്ഞു
എന്നതിൽ ഒതുങ്ങുന്നതല്ല ബാബറി മസ്ജിദ് തകർത്ത സംഭവം. തകർത്തെറിഞ്ഞ മസ്ജിദിന്റെ സ്ഥാനത്ത്
പകരം പള്ളി പണിതോ ക്ഷേത്രം പണിതോ രണ്ടും കൂടി പണിതോ ഒന്നും പണിയാതിരുന്നോ എന്നുളളവയുമൊന്നുമല്ല
പ്രശ്നം. ആ ദുഷ്‌പ്രവൃത്തിയുടെ ദൂരവ്യാപകമായ
പ്രത്യാഘാതങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട ചിന്താവിഷയം. ബാബ്‌റി മസ്ജിദ് തകർത്ത
പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെ ഇനി താഴോട്ട്
പറയും വിധം സംഗ്രഹിക്കുന്നു:
ബാബറി മസ്ജിദ് തകർത്തത്
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളിൽ എന്നത്തേയ്ക്കുമുള്ള അരക്ഷിതബോധം സൃഷ്ടിച്ചു. തങ്ങളുടെ
ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും തുടർന്നും ഭീഷണിയുണ്ടാകുമോ എന്ന ഭയം മുസ്ലിങ്ങളെ
മാത്രമല്ല മറ്റ് ന്യുനപക്ഷ മതവിഭാഗങ്ങളെ കൂടി ബാധിച്ചു. പിന്നീടും ഈ ഭയത്തെ ശക്തിപ്പെടുത്താൻ
പോന്ന സംഭവങ്ങൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നതും ഇവിടെ പരാമർശിച്ചുകൊള്ളുന്നു. പള്ളിപൊളിക്കൽ സംഭവം മുസ്ലിങ്ങളിൽ
മതേതരവാദികളായിരുന്ന കുറച്ചുപേർ കൂടി വർഗ്ഗീയവാദികളും തീവ്രവാദികളും ആയി മാറുന്നതിനിടയാക്കി. അഥവാ അങ്ങനെ അവരെ വഴിതെറ്റിക്കാൻ മുസ്ലിം വർഗ്ഗീയതീവ്രവാദികൾക്കു കഴിഞ്ഞു.
മുസ്ലിം ഭീകരവാദികൾക്ക്
ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങളെ ഭീകരപ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കാൻ പറ്റിയ നല്ലൊരു
അവസരമായി ബാബറി മസ്ജിദ് സംഭവത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. മുസ്ലിം തീവ്രവാദത്തിന്
കരുത്തുപകരാൻ ഒരു വഴിമരുന്നായി മാറുകയായിരുന്നു ബാബറി മസ്ജിദ് സംഭവം.
ബാബറി മസ്ജിദ് പൊളിച്ചതോടെ
ഇന്ത്യയിലെ വർഗ്ഗീയവാദികളല്ലാത്ത ഭൂരിപക്ഷം വരുന്ന
യഥാർത്ഥ ഹിന്ദുമതവിശ്വാസികളുടെ മനസിൽ എന്നത്തേയ്ക്കും വലിയൊരു കുറ്റബോധം സൃഷ്ടിക്കപ്പെട്ടു. (തകർത്തവരിൽ അതുണ്ടാകില്ല. അവർ
മതവിശ്വാസികളല്ല, വർഗ്ഗീയഭീകരരാണ്). ചെയ്തത് വർഗ്ഗീയ വാദികളാണെങ്കിലും ഹിന്ദു മതത്തിന്റെ
മഹത്തായ പാരമമ്പര്യത്തിനുമേൽ മായാത്ത കരി വാരിത്തേച്ച സംഭവമായി പള്ളി പൊളിക്കൽ. ഇത്
നിഷ്കളങ്കരും അന്യമതസഹിഷ്ണുത പുലർത്തുന്നവരുമായ യഥാർത്ഥ ഹിന്ദുമതവിശ്വാസികളെ ലജ്ജിപ്പിച്ചു.
ഇന്നും തങ്ങളെ തെറ്റിദ്ധരിക്കരുതേയെന്ന് ഓരോ യഥാർത്ഥഹിന്ദുവും ഇന്ത്യൻ മുസ്ലിങ്ങളെയും മറ്റ് മതന്യൂനപക്ഷങ്ങളെയും നോക്കി അപേക്ഷിക്കുന്നു. ബാബറി മസ്ജിദ് സംഭവത്തിലൂടെ നിങ്ങൾ
കണ്ടതല്ല ഹിന്ദുമതമെന്ന് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ബാബറി മസ്ജിദ് തകർത്തതിൽ
യാതൊരു ഉത്തരവാദിത്വവും താല്പര്യവുമില്ലാതിരുന്ന മതേതരവാദികളായ ഹിന്ദു വിശ്വാസികളിൽപോലും
തങ്ങളുടെ ഏതെങ്കിലും ക്ഷേത്രങ്ങൾ മുസ്ലിം വർഗ്ഗീയ വാദികൾ പ്രതികാരബുദ്ധ്യാ തകർത്തുകളയുമോ എന്നൊരു ഭയം എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാനും അയോദ്ധ്യാസംഭവം കാരണമായിട്ടുണ്ട്. ഓരോ ഡിസംബർ 6-നും ഇന്ത്യയിലെ പല ഹിന്ദുദേവാലയങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്താൻ
ഖജനാവിൽ നിന്ന് വൻതുക ചെലവഴിക്കേണ്ടി വരുന്നു. അടികൊണ്ടവൻ എന്നെങ്കിലും തിരിച്ചടിക്കുമെന്ന
ഭയം പോലൊന്ന് ഇന്ത്യൻ സമൂഹത്തിൽ എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാൻ ബാബറി മസ്ജിദ് സംഭവം
കാരണമായി.
മറ്റൊന്ന് ഇന്ത്യയിലെ
മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗം തങ്ങളുടെ മതം തിരിച്ചറിയാനുള്ള
അടയാളങ്ങൾ സ്വീകരിച്ചു തുടങ്ങിയതുപോലും ബാബറി
മസ്ജിദ് സംഭവത്തിനുശേഷമാണ്. കേരളത്തിൽ അടക്കം മുസ്ലിങ്ങളിൽ നല്ലൊരു പങ്ക് വിശ്വാസത്തെ
പിൻപറ്റുമ്പോഴും മതപരമായ തിരിച്ചരിവ് മറ്റുള്ളവർക്കുണ്ടാകാൻ മന:പൂർവ്വമായി വേഷവിതാനത്തനിലോ
മറ്റോ ക്രമീകരണങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം അങ്ങനെ
ചില പ്രതികരണങ്ങൾ ഉണ്ടായ്‌വന്നു. താൻ ഇന്ന മതമാണെന്ന് സദാ വിളിച്ചുപറയുന്നത് ഇന്ത്യയിൽ
ഒരു മത വിശ്വാസിയുടെയും ശീലമായിരുന്നിട്ടില്ല. അതിന്റെ ആവശ്യവുമില്ല. എന്നാൽ ബാബറി സംബവത്തിനു ശേഷം
അങ്ങനെ ചിലതുണ്ടായി എന്നത് അത്ര ആശാസ്യമായ ഒരു കാര്യമല്ല. വിശ്വാസത്തോടുള്ള കൂറിനേക്കാളുപരി
തങ്ങളെ തിരിച്ചറിഞ്ഞോളൂ , ഭയന്നിട്ട് എവിടെ പോകാൻ എന്നൊരു ധ്വനിപ്പിക്കലാണത്.തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം.
നാനാ ജാതി മതസ്ഥർക്കും
ബാധകമായ എത്രയോ വലിയ ജിവൽ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണാനിരിക്കവേ അത്തരം ലക്ഷ്യങ്ങൾക്കായി
ഒരുമിച്ചു നിൽക്കേണ്ട മനുഷ്യരിൽ അധമ വികാരങ്ങളുണ്ടായി വർഗ്ഗീയ കലാപങ്ങളും ആരാധനാലയങ്ങൾ
തകർത്തെറിയലും ഒന്നും ഇനിയു ഉണ്ടാകാതിരിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു. ഓരോരോ മത വിശ്വാസികളുടെ
ഭാഗത്തുനിന്നു മാത്രമല്ല സർക്കാരുകളുടെയും നീതി പീഠങ്ങളുടെയും ഭാഗത്തുനിന്നും ഒരു വിശ്വാസി
സമൂഹത്തെയും പ്രകോപിപ്പിക്കുവാൻ പോന്ന സമീപനങ്ങളും പ്രവർത്തനങ്ങളും അനീതികളും ഉണ്ടാകാതിരിക്കട്ടെ എന്നുകൂടി ആഗ്രഹിച്ചുകൊണ്ട് ഈ കുറിപ്പ് സംഗ്രഹിക്കുന്നു പറയാൻ ഒരുപാട് ബാക്കി വച്ചുകൊണ്ട്.
ഈ വിഷയം സംബന്ധിച്ച് ഇന്നത്തെ ദേശാഭിമാനിയിൽ വന്ന ലേഖനങ്ങൾ താഴെയുള്ള ലിങ്കുകൾ വഴി പോയി വായിക്കാം:
അയോദ്ധ്യ നൽകുന്ന സന്ദേശം
ഡിസംബർ ആറിന്റെ ഓർമ്മയ്ക്ക്