Sunday, December 29, 2019

ഗവർണ്ണർക്കെതിരായ പ്രതിഷേധം

ഗവർണ്ണർക്കെതിരായ പ്രതിഷേധം

ഒരു വ്യക്തിയെ ഒരു വേദിയിലേക്ക് ക്ഷണിച്ചു വരുത്തിയിട്ട് അത് ആ വ്യക്തിക്കോ ആ വ്യക്തിയുടെ അഭിപ്രായപ്രകടനങ്ങൾക്കോ എതിരെയുള്ള ഒരു പ്രതിഷേധ വേദിയാക്കുന്നതിനോട് യോജിപ്പില്ല. അതു കൊണ്ടു തന്നെ കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ്സിൽ ഗവർണ്ണർക്കെതിരെ നടന്ന പ്രതിഷേധങ്ങൾ അല്പം അതിരുകടന്നതായി പോയില്ലേ എന്നൊരു സംശയമുണ്ട്. ഗവർണ്ണറുടെ നിലപാടുകൾക്കെതിരെ ചരിത്ര കോൺഗ്രസ്സിൽ തന്നെ അഭിപ്രായങ്ങൾ പറയാം. സംവദിക്കാം. സംവാദത്തിന്റെ മേഖലകൾ കൊട്ടിയടക്കേണ്ട കാര്യമില്ല. ഗവർണ്ണർ വരുമ്പോൾ പുറത്ത് വച്ച് സമാധാനപരമായി പ്ലക്കാഡു പിടിച്ചോ മുദ്രാവാക്യം വിളിച്ചോ പ്രതിഷേധിക്കുന്നതിൽ  തെറ്റില്ല. പക്ഷെ  ഒരതിഥി എന്ന നിലയിൽ ആ പരിപാടിയിൽ പങ്കെടുക്കാൻ വന്ന വ്യക്തി എന്ന നിലയ്ക്ക് ആ പ്രതിഷേധങ്ങൾക്ക് അത്രയും തീവ്രത വേണ്ടിയിരുന്നില്ല. ഗവർണ്ണറാക്കുന്നതിന്റെ മാനദണ്ഡങ്ങളും മാർഗ്ഗങ്ങളുമെല്ലാം എല്ലാവർക്കും അറിയാം.

ആരിഫ് മുഹമ്മദ് ഖാനെക്കാൾ എത്രയോ മടങ്ങ് വലിയ അപകടകാരികളായ കേരളത്തിൽ തന്നെയുള്ള പലരുടെയും പേരുകൾ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. അവരാരും തൽസ്ഥാനത്ത് വരാതിരുന്നത് ആശ്വാസകരം!  ബി.ജെ.പിയുടെ നോമിനിയായി വന്ന ഒരു ഗവർണ്ണർ സ്വാഭാവികമായും ആ പാർട്ടിയോടും അവരുടെ നയങ്ങളോടും അവർ നിർമ്മിക്കുന്ന നിയമങ്ങളോടുമൊക്കെ വിധേയപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ വിവാദവിഷയമായിരിക്കുന്ന പൗരത്വ ഭേദഗതിബില്ലിനെ സംബന്ധിച്ചും അദ്ദേഹം ഒരഭിപ്രായം പറഞ്ഞാൽ അത് അദ്ദേഹത്തെ ഈ സ്ഥാനത്തിരുത്തിയവർ കൊണ്ടുവന്ന നിയമത്തെ അനുകൂലിക്കുന്നതാകാനേ തരമുള്ളു. ഒരു വ്യകതി എന്ന നിലയിൽ ഗവർണ്ണർക്കും അഭിപ്രായങ്ങൾ പറയാമെന്നിരിക്കിലും ആ ഒരു സ്ഥാനത്തിരുന്നു കൊണ്ട് രാഷ്ട്രീയ പക്ഷപാതിത്വം പുലർത്തുന്ന അഭിപ്രായങ്ങൾ പറയുന്നത് ഉചിതമോ അനുചിതമോ എന്ന് ചിന്തിക്കേണ്ടത് അദ്ദേഹത്തിന്റെ ഔചിത്യബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇപ്രകാരമൊക്കെ പറഞ്ഞ് ഈ ഗവർണ്ണറെ ന്യായീകരിക്കാൻ കഴിയുമെങ്കിലും  അല്ലയോ ആരാദ്ധ്യനായ ഗവർണ്ണർ,  ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ സ്ഥലകാലബോധമൊന്നുമില്ലാത്ത വിധം പ്രതികരിക്കുന്നതിൽ ജനങ്ങളെ കുറ്റം പറയാനാകില്ല. കാരണം അത്രമേൽ ഭയാനകമായ ഒരു നിയമത്തിന്റെ കരിനിഴലിലാണ് ജനങ്ങൾ. നമ്മുടെ ഭരണഘടനാ തത്വങ്ങളെ തന്നെ അട്ടിമറിക്കുന്ന നിയമമാണ് ഈ പൗരത്വ ഭേദഗതി നിയമം എന്നു വരുമ്പോൾ, രാജ്യത്തെ ജനങ്ങളിൽ ഒരു വിഭാഗം സ്വന്തം രാജ്യത്ത് അവരന്യരാകുമോ എന്ന് ഭയം കൊള്ളുമ്പോൾ അത്യാവശ്യം പഠിപ്പും വിവരവുമൊക്കെയുള്ള ആരിഫ് മുഹമ്മദ് ഖാനെ പോലൊരു വൃക്തി സ്വന്തം പദവി മറന്ന് സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ ജനങ്ങൾ പ്രകോപിതരാകുക സ്വാഭാവികം. അങ്ങ് ഏതാണ്ടൊക്കെ നല്ല രീതിയിൽ ജീവിതം സാർത്ഥകമാക്കി സായന്തനത്തിൽ എത്തി നിൽക്കുന്ന ആളാണ്. അങ്ങയെ പറ്റിയോ അങ്ങയുടെ ഭാവി തലമുറകളെ പറ്റി അങ്ങേയ്ക്ക് ഉൾക്കണ്ഠകൾ ഇല്ലായിരിക്കാം. പക്ഷെ എല്ലാവർക്കും അതങ്ങനെയല്ല. ഇന്നലെയെക്കുറിച്ചോ ഇന്നിനെക്കുറിച്ചോ മാത്രം ചിന്തിച്ചാൽ പോര. നാളെയെക്കുറിച്ചും ചിന്തിക്കണം. അതല്ല അങ്ങേയ്ക്ക് ഇത്തരം വിഷയങ്ങളിൽ പരസ്യമായി സംവദിക്കണമെങ്കിൽ, രാഷ്ട്രീയ നിലപാടുകൾ മറച്ചുവയ്ക്കാനാകില്ലെങ്കിൽ ഗവർണ്ണർ പദവി ഉപേക്ഷിച്ച് വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങണം.

ഇവിടെ അങ്ങേയ്ക്ക് തൊട്ടുമുമ്പ് ജസ്റ്റിസ് പി.സദാശിവം ഗവർണ്ണർ ആകുമ്പോൾ ജസ്റ്റിസ് പദവിയിലിരുന്നൊരാൾ രാഷ്ട്രീയമായി ലഭിക്കുന്ന ഒരു പദവിയിലെത്തുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി ചില പ്രതിഷേധ ശബ്ദങ്ങൾ ഉയർത്തിയിരുന്നെങ്കിലും ഗവർണ്ണറായശേഷം അദ്ദേഹം നല്ലൊരു ഗവർണ്ണറായിത്തന്നെ ആ പദവിയുടെ അന്തസ്സ് നിലനിർത്തിയിരുന്നു. അങ്ങയെ നിയമിച്ചതാരാണെങ്കിലും അങ്ങയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ചായ്‌വ് എന്താണെങ്കിലും നല്ലൊരു ഗവർണ്ണറെ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന യോഗ്യതകളൊക്കെ അങ്ങേയ്ക്കുണ്ട് എന്നതു മറക്കരുത്. അതുകൊണ്ട് അങ്ങ് പി. സദാശിവത്തെ പോലെയോ അതിലും മേലെയോ ഒരു നല്ല ഗവർണ്ണറായിരിക്കാൻ ശ്രമിക്കുക. ഗവർണ്ണർ എന്ന പദവി തന്നെ വേണോ എന്നതു പോലും എക്കാലത്തും ഒരു സംവാദ വിഷയമാണ് എന്നിരിക്കിലും ആ പദവി ഉള്ളിടത്തോളം അതിന്റെയൊരു അന്തസ്സും നിഷ്പക്ഷ സ്വഭാവവും കളഞ്ഞു കുളിക്കരുത്!

Monday, December 2, 2019

തൃപ്തി കല്യാണിയും സൗജന്യ ഭക്ഷണവിതരണവും


തൃപ്തി കല്യാണിയും സൗജന്യ ഭക്ഷണവിതരണവും


തട്ടത്തുമല തൃപ്തി കല്യാണി സദ്യാലയം തുടങ്ങിയിട്ട്  ഒൻപത് മാസം പിന്നിടുകയാണ്. തൃപ്തി കല്യാണി സദ്യാലയം ഒരു ചെറിയ സംരംഭമാണ്. ഇവിടെ നിന്നും കിടപ്പുരോഗികളടക്കമുള്ള നിർദ്ധനരും നിരാലംബരുമായവർക്കുള്ള  ഒരു നേരത്തെ സൗജന്യ ഭക്ഷണപ്പൊതി വിതരണം തുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു. തുടക്കത്തിൽ 15 പേർക്കായിരുന്നു സൗജന്യ ഭക്ഷണം നൽകിയിരുന്നത്.  ഇപ്പോൾ  മുപ്പത് പേർക്കാണ് ഇവിടെ നിന്നും നിലവിൽ സൗജന്യ ഭക്ഷണപ്പൊതി നൽകുന്നത്. ഈ പദ്ധതി അതിന്റെ പരീക്ഷണ ഘട്ടം പിന്നിട്ട് വിജയകരമായി മുന്നോട്ട് പോകുന്നു. തൃപ്തി കല്യാണിയുടെ ബ്യിസിനസ് പുരോഗതിയിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഈ സ്ഥാപനം നിലനിൽക്കുന്നിടത്തോളം ഇത് തുടർന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പ്രവർത്തനം  എങ്ങനെ നടക്കുന്നുവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഈ സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ ചരിത്രവും വർത്തമാനവും ഇവിടെ പങ്ക് വയ്ക്കുന്നു.
തൃപ്തി കല്യാണി സദ്യാലയം തുടങ്ങുമ്പോൾ നിർദ്ധനരായ പത്ത് പേർക്കെങ്കിലും  സൗജന്യമായി ഒരു നേരത്തെ ഭക്ഷണം നൽകണമെന്ന ആശയം മനസിലുണ്ടായിരുന്നു. അപ്പോഴാണ് ഇതേ ആശയവുമായി പ്രവാസികളായ ചില അ ഭ്യുദയകാംക്ഷികൾ നമ്മളെ സമീപിക്കുന്നത്. പത്ത് പേർക്കല്ല കുറച്ചുപേർക്കുകൂടി സജന്യ ഭക്ഷണം നൽകാൻ കഴിയും വിധം  ഒരു ക്രമീകരണം ഉണ്ടാക്കി അതിനായി തങ്ങളാൽ കഴിയുന്ന ചെറിയൊരു സാമ്പത്തിക സഹായം നൽകാമെന്നും അവർ അറിയിച്ചു. അങ്ങനെയാണ് "കനിവ്" എന്ന പേരിൽ മുഖ്യമായും ഏതാനും പ്രവാസികൾ ഉൾപ്പെട്ട ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഇരുപത് പേർക്ക് സൗജന്യഭക്ഷണം നലകാമെന്നാണ് ആദ്യം ധാരണയായത്. എന്നാൽ ഇപ്പോൾ മുപ്പത് പേർക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നുണ്ട്. കിടപ്പ് രോഗികളും നിരാലംബരും തീരെ നിർദ്ധനരുമായവർക്കാണ് സൗജന്യ പൊതി നൽകുന്നത്. അത്രത്തോളം ബുദ്ധിമുട്ടില്ല്ലാത്ത ചിലർക്കും മറ്റ് ചില മാനദണ്ഡങ്ങൾ കണക്കിലെടുത്ത് കൂട്ടത്തിൽ സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. അങ്ങനെയാണ് എണ്ണം മുപ്പത് ആയത്. 

"കനിവ്" പ്രവർത്തകർ പ്രതിമാസം 5000 രൂപ സ്വരൂപിച്ച് നൽകും. ഇതിനായി മറ്റ് തരത്തിലുള്ള അഭ്യർത്ഥനകളോ പിരിവുകളോ ഒന്നുമില്ല. എന്നാൽ ചില വ്യക്തികളും സംഘടനകളും ഏതെങ്കിലും വിശേഷാവസരങ്ങളിൽ സൗജന്യ ഭക്ഷണം സ്പോൺസർ ചെയ്യുന്നത് നിരാകരിക്കാറില്ല. ഒരു മാസം 5000 രൂപ മാത്രമേ ഈ ആവശ്യത്തിലേക്ക് സാധാരണ ഗതിയിൽ സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഒരു മാസം 5000 രൂപ നൽകിയാൽ ആ മാസം പിന്നെ ആരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുകയില്ല. ഉദാഹരണത്തിന് നവംബർ മാസത്തിലെ സൗജന്യ ഭക്ഷണത്തിനുള്ള 5000 രൂപ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ഒരു സജീവ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ‘നെസ്റ്റ്’ (2001 ബാച്ച്) നൽകിയിരുന്നു. അതുകൊണ്ടുതന്നെ കനിവിന്റെ സഹായം നവംബറിൽ ആവശ്യമായി വന്നില്ല. കനിവിൽ നിന്നും നവംബർ മാസത്തിലേക്ക് 1000 രൂപ മുമ്പേ  ലഭിച്ചെങ്കിലും അത് അടുത്ത മാസത്തേക്ക് മാറ്റി വച്ചിട്ടുണ്ട്. 

ചില പ്രത്യേക ദിവസങ്ങളിൽ വ്യക്തികൾ ഭക്ഷണപ്പൊതിക്കുള്ള ചെലവ്  സ്പോൺസർ ചെയ്യുന്നത് സ്വീകരിക്കാറുണ്ട്.  ഉദാഹരണത്തിന് തട്ടത്തുമലയിൽ റേഷൻ കട നടത്തുന്ന അനിൽ കുമാർ തന്റെ ഇളയ മകളുടെ ജന്മ ദിനം പ്രമാണിച്ച് അന്നേ ദിവസം അഞ്ച് പേർക്ക് ഭക്ഷണം നൽകാനുള്ള തുക നൽകിയിരുന്നു. മറ്റൊരു ദിവസം ഹെൽത്ത് ഇൻസ്പെക്ടറായ റാഫി സാറിന്റെ പിതാവിന്റെ ചരമ ദിനം പ്രമാണിച്ച് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സ്പോൺസർ ചെയ്തിരുന്നു. പ്രവാസിയായ അസിം സിപ്പി ലീവിൽ നാട്ടിൽ വന്നപ്പോൾ ഒരു ദിവസം അഞ്ചു പേർക്കുള്ള ഭക്ഷണം നൽകാനുള്ള തുക നൽകിയിരുന്നു. ഇതെല്ലാം അവർ സ്വമേധയാ വന്ന് നൽകിയതാണ്. അത്തരം പ്രത്യേക സ്പോൺസറിംഗ് ഉള്ളപ്പോൾ അവർ നൽകുന്ന തുകയ്ക്കനുസരിച്ച്  സ്പെഷ്യൽ പൊതിയാണ് നൽകുന്നത്.  ഇതിനും പുറമെ പ്രവാസിയായ മാവിള നിസാം തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക്  ഒരു ദിവസം നൂറ് പേർക്ക് ഭക്ഷണം സ്പോൺസർ ചെയ്യുകയും പറഞ്ഞ ദിവസം ഞങ്ങൾ അത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തികുകയും ചെയ്തു. 

ഇനി  മറ്റൊരു കാര്യം ഏതെങ്കിലും ഒരു മാസം കനിവ് ഉൾപ്പെടെ ആർക്കും  ഒരു തുകയും നൽകാൻ കഴിയാതെ വന്നുപോയാലും സൗജന്യ ഭക്ഷണം തൃപ്തി കല്യാണി നൽകും. ഇതെങ്ങനെ സാധിക്കുന്നു എന്ന് അദ്ഭുതം കൊള്ളുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. നഷ്ടമില്ലാതെ ദാനമില്ല. അല്പം നഷ്ടം സഹിച്ചു തന്നെയാണ് തൃപ്തി കല്യാണി ഈ പ്രവർത്തനം നടത്തുന്നത്.  തൃപ്തി കല്യാണിയിൽ ഒരു സാധാരണ ഊണിന്റെ വില നിലവിൽ 50 രൂപയാണ് (മീനില്ലാതെ 50 രൂപയും മീനുണ്ടെങ്കിൽ 70 രൂപയുമാണ് നിലവിലെ വില്പനവില). അതു വച്ചു കണക്കുകൂട്ടിയാൽ  മുപ്പത് പേർക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം നൽകുന്നതിന് 1500 രൂപയാകും. പതിവായി ആഴ്ചയിൽ നാല് ദിവസമാണ് സൗജന്യ ഭക്ഷണം  നൽകാൻ തീരുമാനമെങ്കിലും ഇപ്പോൾ അഞ്ചു ദിവസം നൽകുന്നുണ്ട് (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം വെള്ളി).ശനി ഞായർ ദിവസങ്ങളിലും കടയിലെത്തുന്ന കുറച്ചു പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ചിലർക്ക് ഈ ദിവസങ്ങളിലും കഴിയുമെങ്കിൽ  ഭക്ഷണം കൊണ്ടു കൊടുക്കുന്നുണ്ട്. 
  
ചുരുക്കത്തിൽ പ്രതിമാസം 10000 നു മേൽ രൂപാ ചെലവ് കണക്കാക്കാവുന്ന സേവനമാണ് ചെയ്യുന്നതെങ്കിലും ഈ പ്രവർത്തനം നിലച്ചുപോകാതെ കൊണ്ടുപോകാൻ സന്മനസ്സുള്ളവർ സ്വമേധയാ നൽകുന്ന ചെറിയ കൈത്താങ്ങുകൾ മാത്രം വാങ്ങി ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാനാണ് ഞങ്ങളുടെ ആഗ്രഹം. മാത്രവുമല്ല ഇത് തൃപ്തി കല്യാണിയുടെ കച്ചവടത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇവിടെ വന്ന് വില നൽകി ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും ഈ ചെറിയ കാരുണ്യപ്രവർത്തനത്തിൽ അറിഞ്ഞും അറിയാതെയും പങ്കാളിയാകുകയാണ്. ഞങ്ങളുടെ സ്ഥാപനം വളരുകയാണെങ്കിൽ സൗജന്യ ഭക്ഷണം ഇനിയും കൂടുതൽ ആളുകൾക്ക് നൽകണം എന്നുതന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പലരും ചോദിച്ചിരുന്നു ഇപ്പോൾ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ നാട്ടിൽ ഉണ്ടോയെന്ന്. ഈ സംശയം ഞങ്ങൾക്കുമുണ്ടായിരുന്നു. എന്നാൽ സൗജന്യ ഭക്ഷണത്തിന് അർഹതപ്പെട്ടവരെ കണ്ടെത്താനിറങ്ങിയപ്പോൾ ഞങ്ങളുടെ ഈ സംശയം മാറി. രോഗ പീഡകളാലും ഭാരിച്ച ചികിസ്താ ചെലവുകളാലും ബുദ്ധിമുട്ടുന്നവരും ഒരു നേരത്തെ അന്നത്തിനു തന്നെ വക കണ്ടെത്താൻ പ്രയാസപ്പെടുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്.   ഞങ്ങൾ ഭക്ഷണം കൊടുക്കുന്നവരിൽ എല്ലാവരും അത്രമേൽ പട്ടിണിയുള്ളവരല്ല. എന്നാൽ ഞങ്ങൾ ഭക്ഷണം നൽകുന്നവരിൽ ഭൂരിപക്ഷം ആളുകളെക്കുറിച്ചും നിങ്ങൾ അന്വേഷിച്ചാൽ മനസ്സിലാകും ഓരോരോ മനുഷ്യരുടെ ദയനീയമായ ജീവിത സാഹചര്യങ്ങൾ!

ഞങ്ങൾ നടത്തുന്നത് അത്ര വലിയ ഒരു ജീവകാരുണ്യ പ്രവർത്തനമായൊന്നും കണക്കാക്കുന്നില്ല. ഭക്ഷണമാണ് മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യം. അതിനു ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ അവർക്ക് ഒരു നേരമെങ്കിലും ഭക്ഷണം നൽകുന്ന ഒരു മാതൃക ഞങ്ങൾ കാണിക്കുന്നുവെന്ന് മാത്രം. ഞങ്ങൾ ഇപ്പോൾ ഭക്ഷണം നൽകുന്നവർക്ക് ഉൾപ്പെടെ പഞ്ചായത്തോ വ്യക്തികളോ മറ്റ് സംഘടനകളോ ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകാൻ തയ്യാറായാൽ ഞങ്ങൾ കനിവുൾപ്പെടെയുള്ള സംഘടനകളുമായും മറ്റ് സുമനസ്സുകളുമായും കൈകോർത്തുകൊണ്ട് ഈ പ്രവർത്തനം നിർത്തി ഇതിനു പകരം മറ്റെന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. 

ദോഷൈക ദൃഷ്ടിയുള്ളവർക്ക് ഞങ്ങളുടെ ഉദ്ദേശശുദ്ധിയെയും സംശയിക്കാം. ഞങ്ങളുടെ ബ്യിസിനസിന്റെ പരസ്യമല്ലേ ഇതൊക്കെയെന്ന്. അവർക്കുള്ള മറുപടി ഇതാണ്. അതെ, തൃപ്തി കല്യാണി ഒരു ബ്യിസിനസ് സംരഭവും സ്വയം തൊഴിൽ സംരംഭവും തന്നെയാണ്. വരുമാനം തന്നെ അതിന്റെ ലക്ഷ്യം. പണച്ചെലവുള്ള ഏത് നല്ല പ്രവർത്തനങ്ങൾ നടത്തണമെങ്കിലും അർക്കായാലും വരുമാനമുണ്ടായാലേ പറ്റൂ. ഞങ്ങൾക്ക് ജീവിക്കാനും ഒപ്പം ജീവിതക്ലേശങ്ങളുള്ള കുറച്ചുപേർക്കെങ്കിലും ആശ്വാസമേകാനും  സമൂഹത്തിന് ഉപകാരപ്പെടുന്ന മറ്റെന്തെങ്കിലും ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലെന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ള സ്വയം പ്രചോദനം. ഞങ്ങൾ ചെയ്യുന്നതിനെക്കാൾ എത്രയോ വലിയ പല സാമൂഹ്യസേവന പ്രവർത്തനങ്ങളും നടത്തുന്ന, നടത്താൻ സഹായിക്കുന്ന വേറെയും സഹോദര സ്ഥാപനങ്ങൾ നാട്ടിൽ ഉണ്ട്.  അവരും നമുക്ക് പ്രചോദനമാണ്. ചെറുതെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്നത് ഞങ്ങളും ചെയ്ത് കാണിക്കുന്നുവെന്ന് മാത്രം. വേണമെന്ന് മനസ്സുവച്ചാൽ ഇതൊക്കെ ചെയ്യാൻ എല്ലാവർക്കും  സാധിക്കും. അതെ, ഞങ്ങളുടേത് ഒരു മാതൃക മാത്രം!

Sunday, November 3, 2019

ബിനീഷ് ബാസ്റ്റയുടെ പ്രതിഷേധം

ബിനീഷ് ബാസ്റ്റയുടെ പ്രതിഷേധം
'
ബിനീഷ് ബാസ്റ്റ് എന്നൊരു നടനും അനിൽ രാധാകൃഷ്ണമേനോൻ എന്നൊരു സംവിധായകനുമുണ്ടെന്ന വിവരം കിണറ്റിലെ തവളയായ ഞാനിപ്പോഴാണറിയുന്നത്. ഈ പുതിയ അറിവ് സമ്മാനിച്ച വിവാദത്തിനു നന്ദി.

ജാതിയുടെ പേരിലാണ് അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് ബാസ്റ്റുമായി വേദി പങ്കിടാൻ തയ്യാറാകാതിരുന്നതെങ്കിൽ ഒരു ഡി.എൻ.എ ടെസ്റ്റ് നടത്തി പിതാവ് മറ്റൊരു മേനോൻ തന്നെയെന്ന് ഉറപ്പു വരുത്തിയ ശേഷവും അദ്ദേഹത്തിന്റെ അഞ്ചാറ് തലമുറകൾക്ക് മുമ്പുള്ളവരും മേനോൻമാർ തന്നെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ട് വേണം ജാത്യാഹങ്കാരം പ്രകടിപ്പിക്കാൻ. അത് അദ്ദേഹമല്ല മറ്റാരായാലും.

അതല്ല ഒരാകാശത്ത് രണ്ട് സൂര്യന്മാർ വേണ്ടെന്ന ചിന്തയിലാണെങ്കിൽ, ഒരു സംവിധായകനും നടനും വന്നാൽ കൂടുകൾ ശ്രദ്ധ കിട്ടുന്നത് നടനായിരിക്കുമെന്ന ചിന്തയിലാണെങ്കിൽ അതൊരു ഈഗോ പ്രശ്നം മാത്രമാണ്. അല്ലെങ്കിൽ അങ്ങനെ തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം.

പക്ഷെ വിവാദത്തെത്തുടർന്നുള്ള സംഭാഷണങ്ങളിൽ മിതത്വവും മാന്യതയും കാണുന്നുണ്ട്. ചബിനീഷ് ബാസ്റ്റിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അത് തെറ്റിദ്ധരിക്കപ്പെട്ടിട്ടാണെങ്കിലും ധീരമായ പ്രതികരണം. ബിനീഷ് ബാസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെങ്കിൽ അതിനുത്തരവാദികൾ കോളേജ കൃധതരും കോളേജ് യൂണിയനുമൊക്കെയാണ്. എന്തായാലും ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ എല്ലാം ഒത്തിരുന്ന് ഒരു സ്ഥിരീകരണം ആവശ്യമാണ്‌. അല്ലെങ്കിൽ കൺഫ്യൂഷൻ തീരില്ല.

മറ്റൊരു കാര്യം ചോദിക്കുവാനുള്ളത് ഇത്തരം പരിപാടികളിലൊക്കെ സിനിമാ നടന്മാരെയും സംവിധായകരെയുമൊക്കെ തന്നെ വിളിക്കണമെന്ന് എന്താണിത്ര നിർബന്ധം?  പലആളെക്കൂട്ടാ പള്ള തന്ത്രമല്ലേ? അതു പലർക്കും നല്ല തുക കൊടുത്തിട്ട്. മറ്റൊരു മേഖലയിൽ ഉള്ളവർക്കും അതിനുള്ള യോഗ്യതയില്ലേ? ഈ അനിൽ രാധാകൃഷ്ണമേനോനെ വിളിക്കുമ്പോൾ തന്നെ താനൊരു പ്രാസംഗിക നൊന്നുമല്ല എന്ന് സംഘാടകരോട് പറഞ്ഞുവെന്നാണ് പറയുന്നത്.
ഒരു യോഗത്തിൽ വന്നാൽ വല്ലതും രണ്ട് നല്ല വർത്തമാനം പറയാൻ കഴിയുന്നവരെ വിളിച്ചാലെന്താ കുഴപ്പം?

(ആരെയും കിട്ടിയില്ലെങ്കിലും നമ്മെ വിളിക്കു. ചില കൈയ്യിലിരിപ്പുകൾ കൊണ്ട് ഇവിടെ നാട്ടിൽ ഒന്ന് രണ്ട് വാർഡിലൊക്കെ നമ്മളും സെലിബ്രിറ്റികളാ! പക്ഷെ വണ്ടിക്കൂലി തരണം. ഇല്ലാഞ്ഞിട്ടാ. സിനിമാ ഫീൽഡിലുള്ളവരൊക്കെ വന്ന് വിളമ്പുന്നതിനെക്കാൾ മണ്ടത്തരങ്ങൾ നമുക്ക് വിളമ്പാൻ കഴിയും!)

Thursday, October 10, 2019

ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകണം

 ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകണം

വിദ്യാഭ്യാസത്തിന് ആവോളമായി. ഇനി വാരിക്കോരി ചെലവഴികേണ്ടത് ആരോഗ്യ മേഖലയ്ക്കാണ്. ചോരാത്ത ഒരു മേൽക്കൂരയും ഇരിക്കാൻ കുറച്ചു ബഞ്ചുകളും വച്ചെഴുതാൻ കുറച്ചു മേശകളും ബ്ലാക്കോ വൈറ്റോ ബോർഡുകളും കാറ്റു കിട്ടാനും പ്രത്യേകിച്ച് കൊതുക് കയറാതിരിക്കാനും വേണ്ടുന്ന ഫാനുകളും ഏതാനും പ്രൊജക്ടറുകളും ലാപ്ടോപ്പുകളുമായാൽ തന്നെ പഠനത്തിനുള്ള സൗകര്യങ്ങളായി. എന്നാൽ സർക്കാർ ആശുപത്രികളുടെ കാര്യം അങ്ങനെയല്ല. എണ്ണിപ്പറഞ്ഞാൽ തീരാത്തത്ര അപര്യാപ്തതകൾ സർക്കാരാശുപത്രികൾക്കുണ്ട്. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും അതേ അളവിലും അതേ വേഗത്തിലും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കണം. അല്ലെങ്കിലെന്ത് ധർമ്മാശപത്രി? 

കാലാനുസൃതം കേവലം ആപേക്ഷിമായ നേരിയ പുരോഗതികൾക്കപ്പുറം സത്യത്തിൽ ആധുനിക ചികിത്സാ സംവിധാനങ്ങളുടെയും രോഗനിർണ്ണയ സംവിധാനങ്ങളുടെയും വളർച്ചയ്ക്ക് ആനുപാതികമായി എന്ത് വികസനമാണ് ആരോഗ്യ മേഖലകളിൽ ഉണ്ടായിട്ടുള്ളത്? സർക്കാർ ആശുപത്രികളിൽ എത്തുന്ന പാവങ്ങൾ അനുഭവിക്കുന്ന ബഹുവിധ പ്രയാസങ്ങൾ ഇന്നും വിവരണാതീതമാണ്. ഇത്രയധികം ഡോക്ടർമാർ പഠിച്ചിറങ്ങുന്ന നാട്ടിൽ ഒരു ഡോക്ടറെ കാണാൻ എത്രയോ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? വെളുപ്പാൻ കാലത്തേ പോയി തുണ്ടെടുത്ത്  വൈകുവോളം.രോഗികൾ ഊഴം കാത്തിരിക്കേണ്ടി വരുന്ന ഗതികേടിന് ഇനിയും പരിഹാരം കാണാൻ കഴിയാത്തതെന്തുകൊണ്ട്? 

പല ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങളും സർക്കാർ ആശു പത്രികളിൽ ഇനിയുമെത്തിയിട്ടില്ല. ഉള്ളവയിലാകട്ടെ ഒരു രോഗി ബുക്ക് ചെയ്തിട്ട് മാസങ്ങളോളം ഊഴം കാത്ത് കഴിയണം. ഇനി ഊഴം വന്ന് ഒരു ടെസ്റ്റ് കഴിഞ്ഞാലോ റിസൾട്ടിനായി മാസങ്ങൾ തന്നെ ചിലപ്പോൾ കാത്തിരിക്കേണ്ടി വരും. ഇതിനിടയിൽ സീരിയസായ രോഗങ്ങൾ ഉള്ളവർ മരിച്ചു പോയെന്നും വരാം. സർക്കാർ ആശുപത്രികളിലും പുറത്തും സർക്കാർ ചെലവിൽ രോഗനിർണ്ണയ സംവിധാനങ്ങൾ നാടൊട്ടുക്ക് സ്ഥാപിക്കണം. സർക്കാർ നിയന്ത്രണത്തിലുള്ള ഡയഗ്‌നോസിസ് സെന്ററുകളുടെ സ്ഥാപനത്തിനും നടത്തിപ്പിനും മേൽനോട്ടത്തിനുമായി ഒരു പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ച് അതിനാവശ്യമായ ഫണ്ടിംഗും നടത്തേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ആയുർദൈർഘ്യം സമ്പന്നന്റെ മാത്രം അവകാശമാകുന്നിടത്ത് സമത്വമില്ല. സമത്വമെന്നാൽ പാവപ്പെട്ടവർക്കു കൂടി അസുഖങ്ങളെ കുറച്ച് ആയുസ് നീട്ടാനുള്ള അവകാശങ്ങൾ കൂടി ലഭ്യമായിരിക്കുക എന്നതാണ്.

Wednesday, September 11, 2019

വാപ്പയുടെ ഓർമ്മകളിൽ

വാപ്പയുടെ ഓർമ്മകളിൽ

എൺപത്തിയേഴാം വയസ്സിൽ മരണപ്പെട്ട എന്റെ പിതാവിനെക്കുറിച്ച് നിരന്തരമെഴുതുമ്പോൾ നിങ്ങളിൽ പലരും ചിന്തിച്ചേക്കാം ഓ, ഇവനു മാത്രമേ  അച്ഛനുണ്ടായിരുന്നുള്ളോ  ഇത്രമാത്രം ഓർക്കാനും എഴുതാനും ഒരു വാർദ്ധക്യമരണത്തിൽ  എന്തിരിക്കുന്നുവെന്ന്! എന്നാൽ എനിക്ക് എന്തിനെക്കാളും, എല്ലാറ്റിനെക്കാളും വലുത് എന്റെ പിതാവായിരുന്നു. അതെ, ദൈവത്തെക്കാളും ഉയരെയായിരുന്നു അദ്ദേഹത്തിന് എന്റെ മനസ്സിലുള്ള സ്ഥാനം. എന്റെ മതാവിനും അതുതന്നെ സ്ഥാനം. അതുകൊണ്ട് ഇടയ്ക്കിട  എന്റെ വാപ്പായെകുറിച്ച് എഴുതിയും പറഞ്ഞും ഞാനെന്റെ ഓർമ്മകളിൽനിന്ന്  മായാതെ മറയാതെ ജീവിപ്പിക്കും. അതെന്റെ ആത്മസായൂജ്യമാണ്. എന്റെ ഓർമ്മകളിൽ, എന്റെ ചിന്തകളിൽ, എന്റെ ഓരോ നാഡിഞരമ്പിലും  അദ്ദേഹം ഒരിക്കലും മരിക്കാത്ത ഒരു അമാനുഷനാണ്.  മാതാപിതാക്കളെ അളവറ്റ്  സ്നേഹിക്കുന്ന ഏതൊരാൾക്കുമുള്ള സമർപ്പണം കൂടിയാണ് എന്റെ ഈ സ്മരണാഞ്ലികൾ! ജീവിച്ചിരിക്കുമ്പോൾ നമുക്ക് വേണ്ടപ്പെട്ടൊരാളുടെ വില നമ്മളിൽ എല്ലാവരും മനസ്സിലാക്കിയെന്നിരിക്കില്ല.
എന്റെ സ്നേഹനിധിയായ,  കരുണാമയനായ –ക്ഷമിക്കുക അങ്ങനെയല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്ക് ഒന്നും പറഞ്ഞു തുടങ്ങാനാകില്ല- വാപ്പ എ. ഇബ്രാഹിംകുഞ്ഞ്സാർ മരണപെട്ടത് കഴിഞ്ഞ തിരുവോണനാളിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് എൺപത്തിയേഴ് വയസ്സ് പ്രായമുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച് എന്നെ ആശ്വസിപ്പിക്കുന്ന ഒരു ഘടകമേയല്ല. നൂറു വയസ്സോ അതിനുമപ്പുറമോ അദ്ദേഹം ജീവിച്ചിരിക്കണമെന്ന അത്യാഗ്രഹവുമായി വാപ്പയെ ശുശ്രൂഷിച്ചുപോന്ന ഞങ്ങൾക്ക് വാപ്പയുടെ മരണം എൺപത്തിയേഴാം വയസ്സിലും അകാലത്തിലെ മരണമാണ്. കാരണം അദ്ദേഹം ഒപ്പമില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. അത്രമേൽ നമ്മളെ സ്നേഹിച്ച, നമ്മൾ  സ്നേഹിച്ച് കൊതിതീരാത്ത, നമ്മളെ സ്നേഹിച്ച്  കൊതി തീരാത്ത അതിരുകളില്ലാത്ത സ്നേഹത്തിന്റെ,  കാരുണ്യത്തിന്റെ ഒരു കലവറയായിരുന്നു  അദ്ദേഹം.
കഴിഞ്ഞ വർഷം ഇതുപോലൊരു  തിരുവോണനാളിലും വപ്പയെയും കൊണ്ട്  ഞാനും ഉമ്മയും ആശുപത്രിയിലായിരുന്നു. കുറെ ദിവസമായിരുന്നു ആശുപത്രിയിൽ എത്തിയിട്ട്. രാവിലെ അല്പം പ്രയാസങ്ങൾ പ്രകടിപ്പിച്ചെങ്കിലും അന്നുതന്നെ നീണ്ടൊരുറക്കത്തിലേയ്ക്ക് വഴുതി വിഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഇഞ്ചക്ഷന്റെ ബലത്തിൽ സുഖമായൊന്നുറങ്ങുന്നത് കണ്ട് ദിവസങ്ങളോളമുള്ള ഉറക്കമില്ലായ്മയിൽ നിന്ന് മുക്തമായല്ലോ എന്ന ആശ്വാസത്തിൽ വിശ്രമിക്കുകയായിരുന്നു നമ്മൾ. അല്ലാതെ വാപ്പ മരിക്കുന്നതിനെ പറ്റി ചിന്തിക്കാനോ അത് കാത്തിരിക്കാനോ ഞങ്ങൾക്ക് കഴിയില്ലല്ലോ. എത്രയോ തവണ മരണത്തെ മുഖാമുഖം കണ്ട് മരണമെന്ന ആ മഹപാതകിയെ അതിജീവിച്ചതാണ് വാപ്പ. ആ സന്ദർഭത്തെ മുതലെടുത്താണ് മരണം പാത്തു പതുങ്ങി ഉറക്കത്തിലായിരുന്ന വാപ്പയുടെ ദേഹത്തിനല്ല്ലിൽ അന:ധികൃതമായി  പ്രവേശിച്ച് ആ ജീവൻ മോഷ്ടിച്ച് കടന്നുകളഞ്ഞത്.
മരണം നമ്മളെ കബളിപ്പിക്കുന സമയങ്ങളിൽ ഞാൻ പുറത്തിറങ്ങി ഒരു കസേരയിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. വാപ്പയെ കാണാൻ വന്ന ബന്ധുക്കളുമായി സൊറപറഞ്ഞ് ഉമ്മ വാപ്പയുടെ അരികിൽതന്നെ ഉണ്ടായിരുന്നു. വാപ്പ ഉണർന്നിരുന്നെങ്കിൽ അല്പം  കഞ്ഞിയെങ്കിലും കൊടുക്കാമായിരുന്നു എന്ന് കാത്തിരിക്കുകയായിരുന്നു നമ്മൾ .വാപ്പ ഉണർന്നിട്ട് വല്ലതും സംസാരിച്ചിട്ട് പോകാനിരിക്കുകയായിരുന്നു അന്നു വന്ന ബന്ധുക്കൾ. വൈകുന്നേരത്തോടെ ഉറക്കം അല്പം നീണ്ടുപോകുന്നല്ലോ, ഇനി  മതിയെന്ന് കരുതി ഞങ്ങൾ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് മനസ്സിലായത് നമ്മളെയെല്ലാം കബളിപ്പിച്ച് പാത്തു പതുങ്ങിയെത്തിയ മരണം ആ ജീവനുംകൊണ്ട് കടന്നുകളഞ്ഞത്. അതോ ഇനി നമ്മളാരും  വാപ്പയ്ക്കു വേണ്ടി പ്രയാസപ്പെടേണ്ട, ഈ വേദനയൊന്നും താങ്ങാൻ എനിക്ക് ഇനി വയ്യതാനും, ഞാനങ്ങ് പോയേക്കാം  എന്നു പറഞ്ഞ് മരണത്തെ വിളിച്ചു വരുത്തി നമ്മളോട് യാത്രപോലും പറയാതെ വാപ്പ പോയതാണോ? വാർദ്ധക്യത്തിൽ സാധാരണമെന്ന പോലെ ചക്രശ്വാസം വലിച്ച് കണ്ടു നിൽക്കുനവരെ പ്രയാസപ്പെടുത്താതെ ആ ഒരുറക്കത്തിൽ നിന്ന് വാപ്പ  മന:പൂർവ്വം ഉണരാതിരുന്നതാണോ? എങ്ങനെയായാലും അത് വാപ്പയുടെ അവസാനത്തെ ഉറക്കമായിരുന്നു.
മരണം സ്ഥിരീകരിക്കപ്പെടുമ്പോഴും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ട ആനിമിഷങ്ങൾ ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. വാപ്പ മരിച്ചുവെന്ന് ആരോടും വീളിച്ചു പറയാൻ തന്നെ മടിച്ചു നിന്ന നിമിഷങ്ങൾ! ദിവസങ്ങളോളം കല്ലമ്പലത്തിനടുത്തുള്ള  ആ സ്വകാര്യ ആശുപത്രയിൽ ഐ സി യൂണിറ്റിലും അതിനോട് ചേർന്നുള്ള എച്ച് ഡി റൂമിലുമായി കിടത്തിയിരുന്ന വാപ്പയെ രണ്ട് മൂന്ന് ഡയാലിസുകൾ തുടർച്ചയായി നടത്തി ഒരുവിധം രോഗശമനം പ്രത്യക്ഷപ്പെട്ടപ്പോൾ സാധാരണ മുറിയിലേക്ക് മാറ്റിയിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി കഴിയുമ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും നമ്മളും. വാപ്പ പലപല ആശുപത്രികളിലായി ഒരുപാട് തവണ കിടന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിച്ചത് ഈ ആശുപത്രിവാസ കാലത്തായിരുന്നു. ടോയ്ലറ്റിലെ ചെറിയൊരു വീഴ്ചയിൽ ഒരു കൈക്ക് പൊട്ടലുണ്ടായി ആ കൈയുടെ ശേഷി നഷ്ടപ്പെട്ടിടം മുതൽക്കായിരുന്നു അസുഖങ്ങളെല്ലാം ഗുരുതരമായി മാറിയത്.
അനസ്തേഷ്യ നൽകി കൈക്ക് ഓപ്പറേഷൻ നടത്തണമെന്നും നടത്തേണ്ടെന്നും രണ്ടഭിപ്രായം വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. അനസ്തേഷ്യയുടെ ഡോക്ടർ അതിൽ അല്പം റിസ്ക് ഉണ്ട് എന്ന് പറഞ്ഞതു മുഖവിലയ്ക്കെടുത്താണ് ആ ഓപ്പറേഷൻ ഒഴിവാക്കിയത്. ദീർഘസ്നാളായി നെഫ്രോളജി ട്രീറ്റ്മെന്റിലിരിക്കുന്ന, ഇടയ്ക്കിടെ കടുത്ത ശ്വാസം മുട്ട് വന്ന് മരണവെപ്രാളപ്പെടുന്ന ഒരു രോഗിക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തുന്നതിനോട് ഡോക്ടർമാർക്കിടയിലും ബന്ധുക്കൾക്കിടയിലും രണ്ട് പക്ഷമുണ്ടായപ്പോൾ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സർജറിക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ദു:ഖം പിന്നെ ഒരിക്കലും മാറില്ല. അല്പം വേദനകളും അസ്വസ്ഥതകളും അനുഭവിച്ചാലും ഒരു  ദിവസമെങ്കിലും വാപ്പ അധികം ജീവിക്കണമെന്നായിരുന്നു നമ്മുടെ മോഹം. ആ തീരുമാനത്തിന് ന്യായീകരണമുണ്ടെങ്കിലും ആ സർജറി ചെയ്യാതിരുന്നതിൽ പിന്നീട് എനിക്ക് വലിയ പശ്ചാത്താപം തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ആ അനസ്തേഷ്യയോ സർജറിയോ  കാരണമായി മരണപ്പെട്ടിരുന്നെങ്കിൽപോലും ഇത്രയും നിരാശ ഉണ്ടാകുമായിരുന്നില്ലെന്ന ചിന്ത എപ്പോഴും എന്റെ മനസ്സിൽ പലപ്പോഴും  രൂപപ്പേടാറുണ്ട്; ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലെങ്കിലും!  
കഴിഞ്ഞ തിരുവോണദിനം ഒരു ആഗസ്റ്റ് 25 ആയിരുന്നു. അതാണ് എന്റെ പിതാവ് എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ ചരമദിനം. അന്നൊരു തിരുവോണമായിരുന്നതുകൊണ്ട് എന്റെ മനസ്സിൽ ആ കലണ്ടർ തീയതിയെക്കാൾ തിരുവോണമാണ് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. വാപ്പാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു തിരുവോണം. അന്ന് ഉച്ചയ്ക്കും സായാഹ്നത്തിനും ഇടയ്ക്കുള്ള ഏതോ ഒരു സമയത്താണ് വാപ്പയുടെ ശരീരവും ജീവനും തമ്മിലുള്ള വിനിമയബന്ധം നിലച്ചുപോയത്. പക്ഷെ അതൊക്ക ഭൗതികമായ യാഥാർത്ഥ്യങ്ങൾ മാത്രം. എന്റ് ശരീരവും ജീവൻ എന്ന അദ്ഭുതവും തമ്മിലുള്ള ബന്ധം  നിലച്ചു പോകും വരെ എന്റെ ആത്മാവബോധങ്ങളിലെപ്പോഴും ഒരിക്കലും മരിക്കാത്ത ഒരു അദ്ഭുതമനുഷ്യനായി എന്റെ വാപ്പാ ഉണ്ടായിരിക്കും!

Thursday, May 23, 2019

ഇനിയെങ്കിലും ഉണരൂ


ഇനിയെങ്കിലും ഉണരൂ


ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ പ്രാദെശിക വിഷയം മാത്രം. ഇതിപ്പോൾ എഴുതാതെ വയ്യ. ചില നിലപാടുകൾ എടുക്കുമ്പോൾ രാഷ്ട്രീയത്തിൽ വലിയ വില കൊടുക്കേണ്ടി വരും. കേരളത്തിലെ എൽ ഡി എഫിന്റെ കനത്ത പരാജയത്തിന്റെ കാരണങ്ങളിൽ മുഖ്യം ശബരിമല വിഷയത്തിൽ സ.പിണറായി വിജയൻ സ്വീകരിച്ച നിലപാടാണെങ്കിൽ ഈ പരാജയത്തെ അഭിമാമ്പൂർവ്വം ഏറ്റെടുക്കുന്നു. പിണറായിയുടെ ആ ചങ്കുറച്ച നിലപാടിനെ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി സ്വന്തം നിലപാടുകൾ മറച്ചു വച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയ കുടിലതന്ത്രം കാട്ടാതെ , സ്വന്തം ആദർശങ്ങളും അതിലുറച്ച ശരിയെന്ന് തോന്നുന്ന നിലപാടുകളും സ്വീകരിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം എന്തു തന്നെയായാലും അത് ഏറ്റു വാങ്ങാൻ തയ്യാറാകുന്ന ആർജ്ജവത്തെ മോശപ്പെട്ട കാര്യമായി കണക്കാക്കുന്നില്ല. ഒരു കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു കെണിയിൽ വീണുപോയതാണെന്ന് കരുതിയാൽ പോലും ഈ പരാജയത്തിൽ അത്രമേൽ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല.രാഷ്ട്രീയത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും. 

യു ഡി എഫും ഇതുപോലുള്ള പരാജയങ്ങൾ ഇവിടെ ഏറ്റു വാങ്ങിയിട്ടുണ്ട്. പക്ഷെ ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സി പി എമ്മും എൽ ഡിഎഫ് ഒന്നാകെയും മറ്റ് ചില പാഠങ്ങൾ പഠിക്കാനുണ്ടു താനും. അത് സി പി എമ്മും എൽ ഡി എഫും വേറെ പരിശോധിക്കട്ടെ. ചില മണ്ഡലങ്ങളിൽ പരാജയപ്പെടുമായിരുന്നെങ്കിലും ദയനീയ പരാജയത്തിനു വേറെയും കാരണങ്ങളുണ്ട്. പാർട്ടി അച്ചടക്കം കണക്കിലെടുത്ത് അത്തരം കാര്യങ്ങൾ പരസ്യമായി പറയുന്നില്ല. ദേശീയതലത്തിൽ ഇപ്പോൾ ഇത്തിരിപ്പോന്ന ഒന്നു മാത്രമായ ( സി പി എമ്മിന്റെ സ്ഥിതിയും മോശം തന്നെ. അത് പറഞ്ഞ് കളിയാക്കാൻ വരണ്ട.) കോൺഗ്രസ്സ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് അധികാരം പിടിക്കുമെന്ന് പ്രതീക്ഷിച്ച് ഒടുവിൽ നാണം കെട്ടതിലും വലുതായൊന്നും കേരളത്തിലെ എൽ ഡി എഫിന്റെ പരാജയത്തെ കാണേണ്ടതില്ല. മൂന്നക്കം സീറ്റിന്റെ അടുത്തു പോലും വന്നില്ലല്ലോ കോൺഗ്രസ്സ്. (ഇതിൽ ഈയുള്ളവന് സന്തോഷമല്ല, ആത്മാർത്ഥമായ നിരാശ തന്നെയാണുള്ളത്.ഒരു നല്ല പ്രതിപക്ഷമാകാൻ പോലും കഴിയാത്ത തരത്തിൽ കോൺഗ്രസ്സ് ക്ഷീണിക്കരുതായിരുന്നു). രാജ്യം നേരിടുന്ന പൊതുവായ അപകടത്തെ അധികാരക്കൊതികൾ മാറ്റി നിർത്തി ഒരുമിച്ചു നിന്ന് നേരിടാൻ കഴിയാത്തതിൽ ഇടതുപക്ഷമടക്കം ഇന്ത്യയിലെ എല്ലാ മതേതര കക്ഷികളും ലജ്ജിക്കുകതന്നെ വേണം. 

ശബരിമല വിഷയം ഇത്രയൊക്കെ ആളിക്കത്തിച്ചിട്ടും ബി ജെ പിക്ക് ഒരു സീറ്റുപോലും നൽകാതിരുന്ന കേരളജനതയുടെ മതേതര ബോധത്തെയും വില മതിക്കണം. പക്ഷെ ഇടതിനും വലതിനും ശക്തമായ അടിത്തറയുള്ള "പ്രബുദ്ധ"(?) കേരളത്തിൽ മിക മണ്ഡലങ്ങളിലും രണ്ട് ലക്ഷത്തിലധികം വോട്ടുകൾ ബി ജെ പി പിടിച്ചിട്ടുണ്ട് എന്ന കാര്യം എൽ ഡി എഫും യു ഡി എഫും മറക്കേണ്ട. എന്തായാലും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. വീണ്ടും ശക്തമായ പ്രതിപക്ഷമില്ലാത്തതിന്റെ പേരിൽ വീണ്ടും അധികാരം കിട്ടിയ ബി ജെ പിക്കും സഹജമായ ചില ദുഷ്ടബുദ്ധികൾ വെടിഞ്ഞ് സൽബുദ്ധികൾ ഉണ്ടാകണേ എന്നും ആശംസിക്കുന്നു. എല്ലാ ഇന്ത്യക്കാരെയും അവർക്ക് മനുഷ്യരായി കാണാൻ കഴിയണേ എന്ന് സാരം! 

വെറുതെ ബി ജെ പി വിരോധവും പ്രസംഗിച്ചു നടന്നതുകൊണ്ടു മാത്രം ബി ജെ പിയെ അധികാരത്തിൽ നിന്നിറക്കാൻ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കിയ സ്ഥിതിക്ക് തുടക്കം മുതൽ തന്നെ ശക്തമായ ഒരു ബദൽ മുന്നണി പാർളമെന്റിനകത്തും പുറത്തും ഐകമത്യത്തോടെ കെട്ടിപ്പടുത്താൽ അടുത്ത തവണയെങ്കിലും നോക്കാം. അല്ലാതെ എല്ലാവർക്കും പ്രധാന മന്ത്ർഇയാകണമെന്നും പറഞ്ഞ് നടന്നാൽ നിങ്ങളുടെയൊക്കെ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരാകാൻ പോലും ബി ജെ പി സമയം തരില്ലെന്നു കൂടി ഓർമ്മിപ്പിക്കുന്നു. കാരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പി ഇന്നത്രയ്ക്ക് ശക്തമാണ്. അത് നിഷേധിക്കുന്നത് സ്വയം ആശ്വസിക്കാൻ മാത്രമേ ഉപകരിക്കൂ. 

Wednesday, February 27, 2019

പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക്

പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക്

പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുമ്പോൾ ആംഗലേയ ഭാഷയും നമ്മുടെ സ്കൂളുകളിൽ ശക്തിപ്പെടുകയാണെന്ന യാതാർത്ഥ്യം നാം വിസ്മരിക്കരുത്. പൊതുവിദ്യാലയ ശാക്തീകരണത്തോടൊപ്പം മലയാളിയുടെ പൊങ്ങച്ച സംസ്കാരത്തിനും കൂടി നാം ചൂട്ടുപിടിക്കുന്നുണ്ട്. മുമ്പ് കുട്ടികലൂടെ രക്ഷകർത്താക്കൾ കാശിന്റെ ബലത്തിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ചുമന്നുകൊണ്ടു വച്ചിരുന്ന പൊങ്ങച്ച സംസ്കാരം ഇപ്പോൾ പണച്ചെലവില്ലാതെ പൊതുവിദ്യാലയങ്ങളിലേയ്ക്ക് ചുമന്നിറക്കുമ്പോൾ മാതൃമലയാളം അവഹേളിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ഇനിയും തുറന്നു കാട്ടാതെ വയ്യ. മിക്ക പൊതുവിദ്യാലയങ്ങളിലും ഇന്ന് മലയാളം മീഡിയം കുട്ടികൾ രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു എന്ന സത്യം മറച്ചു വയ്ക്കേണ്ടതല്ല. 

പൊതു വിദ്യാലയങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയോ അവിടുത്തെ പുതു പുത്തൻ കെട്ടിട സമുച്ചയങ്ങളോ ഹൈട്ടെക്ക് സംവിധാനങ്ങളോ മറ്റ് ഭൗതിക സൗകര്യങ്ങളോ രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനതകളോ ഒന്നുമല്ല, മറിച്ച് എല്ലാ പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതാണ് പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്റെ പ്രധാന കാരണം എന്ന വസ്തുതയെ അത്ര ലാഘവത്തോടെ അങ്ങ് നിഷേധിക്കാനാകില്ല. 

രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം എന്ന് മുമ്പ് നാം പറയുമ്പോൾ അതിൽ ഒരു തരം അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മറ്റൊരു തരം മലയാളം മീഡിയമായിട്ടുള്ള പൊതു വിദ്യാലയങ്ങളിലും ആയിരുന്നുവെങ്കിൽ ഇന്ന് രണ്ട് തരം പൗർന്മാരെ സൃഷ്ടിക്കുന്ന പൊതുവിദ്യാലയങ്ങളിൽ തന്നെ പൊടി പൊടിപൊടിക്കുന്നു എന്നതാണ് സ്കൂൾ വിദ്യാഭ്യാസ രംഗത്തുണ്ടായിരിക്കുന്ന "പരിവർത്തനം". നേരെ പറഞ്ഞാൽ അനഭിലഷണീയമായ മാറ്റം. എസ് എസ് എൽ സി പരീക്ഷയുടെ ഫലം പുറത്തു വരുമ്പോൾ ഫുൾ എ പ്ലസു വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് മീഡിയം കുട്ടികളാകുന്നതിന്റെ കാരണം പഠിക്കുന്ന കുട്ടികൾ എല്ലാം ഇംഗ്ലീഷ് മീഡിയം തെരഞ്ഞെടുക്കുന്നതു കൊണ്ടാണെന്ന് സൗകര്യാർത്ഥം വാദിച്ചു രക്ഷപ്പെടുന്നത് സത്യത്തോട് എത്രമാത്രം നീതി പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. 

മലയാളം മീഡിയമായാലും ഇംഗ്ലീഷ് മീഡിയമായാലും മലയാളമാകട്ടെ ഇംഗ്ലീഷ് ആകട്ടെ അക്ഷരത്തെറ്റില്ലാതെ എഴുതാനും തപ്പിപ്പറക്കിയും വിക്കിയും മൂളിയുമല്ലാതെ വായിക്കാൻ എത്രകുട്ടികൾക്കറിയാം എന്നു ചോദിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയസമീപനങ്ങളെക്കുറിച്ചുള്ള സങ്കീർണ്ണമായ ഉപന്യാസങ്ങൾ ഉരുവിട്ട് ഖണ്ഠിക്കുന്നതിലും കുണ്ഠിതപ്പെടേണ്ടിയിരിക്കുന്നു. അപ്രിയ സത്യങ്ങളെ നേരിടാൻ കേൾക്കുന്നവന് ഒരിക്കലും മനസ്സിലാകാത്ത, ഗഹനവും സങ്കീർണ്ണവുമായ ചിന്തകളുടെ പിൻബലമുള്ള കടുത്ത ഭാഷാസാഹിത്യം പ്രയോഗിക്കുന്നതാണല്ലോ "ബൗദ്ധികഭാരം" എങ്ങനെയെങ്കിലും ഇറക്കിവയ്ക്കാൻ വെമ്പുന്ന നമുടെ വിദ്യാഭ്യാസ വിചക്ഷണരുടെ സമീപനയുക്തി!

Tuesday, January 8, 2019

സാമ്പത്തികസംവരണവും അവസര സമത്വവും


സാമ്പത്തികസംവരണവും അവസരസമത്വവും

ഭരണഘടന ഉറപ്പ് നൽകിയ സംരക്ഷണപരമായ സംവരണം (പ്രൊട്ടക്ടീവ് ഡിസ്ക്രിമിനേഷൻ ആണിത്) സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ല. സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ്. സാമൂഹ്യമായ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങളിൽ ഒന്ന് മാത്രമാണ് സാമ്പത്തികാവസ്ഥ. സാമ്പത്തികമായി മുന്നിലാണ് എന്നതുകൊണ്ട് മാത്രം സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറുകയില്ല. സാമ്പത്തികസംവരണത്തെ അതിന്റെ മാനുഷിക വശംകൊണ്ട് ന്യായീകരിക്കുന്നുവെങ്കിലും ഇപ്പോൾ ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കുന്ന സാമ്പത്തിക സംവരണവും നിലവിലുള്ള സാമുദായിക സംവരണവും തമ്മിൽ ഇഴചേർക്കുന്നത് യുക്തിപരമല്ല. ഇത് രണ്ടും രണ്ടാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മുന്നോക്കസമുദായക്കാരായാലും പിന്നോക്ക സമുദായക്കാരായാലും ജീവിതമത്സരങ്ങളിൽ ആപേക്ഷികമായി പിന്നോട്ട് പോകുന്നുണ്ട്. ഈ യാഥാർത്ഥ്യം കാണാതിരിക്കുന്നതും ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.

പിന്നോക്കസമുദായത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ ആ സമുദായത്തിനുള്ളിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുക്കുന്ന സ്ഥിതിയും കാണാതിരുന്നുകൂട. ആ നിലയ്ക്കാണ് സംവരണം സംബന്ധിച്ച് ഇ.എം.എസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും പിന്നോക്കത്തിലെ പിന്നോക്കക്കർക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തിയിട്ട് ആ സമുദായത്തിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടെ അഭാവത്തിൽ ആ സമുദായത്തിൽ പെട്ട സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെത്തന്നെ പരിഗണിക്കനമെന്നുമായിരുന്നു ഇ എം എസിന്റെ നിലപാട്. അതായത് ഭരണഘടനാപരമായി പിന്നോക്കസമുദായക്കാർക്ക് ലഭിക്കേണ്ട സംവരണാനുകൂല്യങ്ങൾ ആ സമുദായത്തിനു പുറത്തേക്ക് പോകരുതെന്ന് സാരം. ഇപ്പോൾ മുന്നോക്കത്തിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുമ്പോൾ മുന്നോക്കത്തിലെ പിന്നോക്കക്കാരുടെ അഭാവത്തിൽ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ആർക്ക് നൽകണമെന്ന ചോദ്യം കൂടി പ്രസക്തമാവുകയാണ്.

പിന്നോക്കക്കാരിലെ മുന്നോക്കകാർക്കുപോലും സംവരണാനുകൂല്യം നൽകേണ്ടതില്ലെന്ന വാദഗതി നിലനിൽക്കുമ്പോൾ മുന്നോക്കത്തിൽ മുന്നോക്കത്തിനു സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകുന്നതിന് ന്യായീകരണമുണ്ടോ? മറ്റൊരു കാര്യം ഓരോ സംസ്ഥനത്തെയും മുന്നോക്ക പിന്നോക്ക സമുദായങ്ങളുടെ സാമൂഹ്യാവസ്ഥകൾ തമ്മിൽ ചെറുതല്ലാത്ത അന്തരങ്ങൾ ഉണ്ട്. ഉദാഹരണത്തിന് കേരളത്തിൽ മുസ്ലിം, ഈഴവ, ക്രിസ്ത്യൻ സമുദായക്കാരിൽ സാമ്പത്തികാമായി പിന്നിൽ നിൽക്കുന്നവരാണ് കൂടുതലെങ്കിലും അവർക്ക് സാമൂഹ്യമായി പിന്നോക്കവസ്ഥ ഇല്ല. പിന്നോക്ക സമുദായക്കാർ എന്ന നിലയിൽ യാതൊരുവിധ സാമൂഹ്യമായ വിവേചനങ്ങളും അവർ അനുഭവിക്കുന്നില്ല. എന്നാൽ എല്ലാ സംസ്ഥനങ്ങളിലെയും പിന്നോക്കക്കാരുടെ അവസ്ഥ ഇതുപോലെയല്ല. 

ഒരേ സമുദായത്തിലുള്ളവർ തന്നെ വ്യത്യസ്ത സംസ്ഥനങ്ങളിൽ വ്യത്യസ്ഥമായ സാമൂഹ്യാവസ്ഥകൾ അനുഭവിക്കുന്നവരാണ്. ഉദാഹരണത്തിന് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹ്യാവസ്ഥ കേരളത്തിലെ പോലെ സുഖകരമല്ല. പട്ടികജാതി പട്ടികവർഗ്ഗ സമുദായങ്ങളെക്കാൾ ദയനീയമായ സാമൂഹ്യാവസ്ഥകളാണ് മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ സംവരണത്തിന്റെ കാര്യത്തിൽ ഒരു പുനർചിന്തനവും ഭരണ ഘടനാ ഭേദഗതിയുമൊക്കെ വരുത്തുമ്പോൾ അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന വിധത്തിലായാൽ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ സാമൂഹ്യനീതി കൈവരുത്താൻ സഹായകരമാകുമോ? ഇത് വ്യത്യസ്തതരത്തിലായിരിക്കില്ലേ, ഓരോ സംസ്ഥാനങ്ങളിലെയും ഓരോരോ സമുദായങ്ങളെയും ബാധിക്കുക? മറ്റൊന്ന് എസ് സി, എസ് എസ് റ്റി വിഭാഗങ്ങളുടെ കാര്യത്തിൽ ഒരു ചിന്താവിഷയം എന്ന നിലയിൽ പോലും അടുത്ത കലാത്തൊന്നും സാമ്പത്തിക സംവരണം എന്ന വിഷയം ചർച്ചയ്ക്കെടുത്തുകൂടാത്തതാണ്. സംവരണാനുകൂല്യം ഉണ്ടായിരുന്നിട്ടുകൂടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുപോലും സാമൂഹ്യമായി മുന്നേറാൻ കഴിയില്ലെന്നിരിക്കെ പട്ടിക ജാതി പട്ടികവർഗ്ഗക്കാരുടെ സംവരണക്കാര്യത്തിൽ അടുത്തകാലത്തൊന്നും തൊട്ടുകൂടാത്തതുമാണ്.

ഒരു സ്ഥിരം പ്രതിഭാസം എന്ന നിലയിൽ അല്ല നമ്മുടെ ഭരണഘടനാ വിധാതാക്കൾ സാമുദായികസംവരണം ഏർപ്പെടുത്തിയത്. ഓരോ സമുദായവും സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറി മുന്നേറുന്ന മുറയ്ക്ക് കാലന്തരെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കണം എന്ന നിലയ്ക്ക് തന്നെയാണ് സങ്കല്പിച്ചിട്ടുള്ളത്. പക്ഷെ സംവരണാനുകൂല്യങ്ങൾ കൊണ്ട് കുറച്ചേറെ അവസര സമത്വം പാലിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്ത് ഓരോ സമുദായങ്ങൾക്കിടയിൽ സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ ഏകീകൃതമായ ഒരു മാറ്റം ഇനിയും പ്രകടമായിട്ടില്ല.മുന്നോക്ക സമുദായക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ അത് സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെയോ വിവേചനങ്ങളുടെയോ അടിസ്ഥനത്തിലല്ല കാണേണ്ടത്. സാമൂഹ്യമായ പിന്നോക്കാവസ്ഥയോ വിവേചനമോ അവർ നേരിടുന്നില്ല. എന്നാൽ ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവസര സമത്വം അവരും അർഹിക്കുന്നുണ്ട്.

മുന്നോക്ക സമുദായത്തിൽ നല്ലൊരു പങ്കിന്റെ സാമ്പത്തികമായ പിന്നോക്കാവസ്ഥ മറ്റ് പിന്നോക്കസമുദായങ്ങളുടേതിനു സമാനമോ അതിലും കൂടുതലോ ആണ്. ആ നിലയിൽ ആണ് മുന്നോക്കസമുദായക്കാർക്കുള്ള സാമ്പത്തിക സംവരനം സാധൂകരിക്കപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും സംവരണം മൊത്തമായും എടുത്തു കളയണമെന്ന നിലപാട് പ്രചരിപ്പിക്കുന്ന ഒരു പാർട്ടി കേന്ദ്രം ഭരിക്കുമ്പോൾ അവർ തന്നെ സാമ്പത്തിക സംവരണം കൊണ്ടു വരുന്നത് വിരോധാഭാസമാണെങ്കിലും അതിൽ കൗതുകമൊന്നുമില്ല. കാരണം സംവരണം ഒരു രാഷ്ട്രീയ വിഷയമായിട്ട് വർഷങ്ങളായി. അമ്പലം, പള്ളി, പശുക്കൾ എന്നിവയൊക്കെ രാഷ്ട്രീയ നേട്ടങ്ങൾക്കുപയോഗിക്കുന്ന് ഒരു പാർട്ടി സംവരണത്തെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിൽ കൗതുകപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഒരു കാര്യം ആര് എന്ത് താല്പര്യത്തിൽ നടപ്പിലാക്കുന്നു എന്നതിലല്ല, നടപ്പിലാക്കുന്ന കാര്യം നീതീകരിക്കത്തക്കതാണോ എന്നതാണ് പ്രസക്തം.

Wednesday, January 2, 2019

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു


ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു

ശബരിമലയിൽ ഇന്ന് പുലർച്ചെ രണ്ട് സ്ത്രീകൾ പ്രവേശിച്ച് അയ്യപ്പദർശനം നടത്തി. ബിന്ദു, കനകദുർഗ്ഗ എന്നീ സ്ത്രീകളാണ് എല്ലാ പ്രതിഷേധങ്ങളെയും അതിജീവിച്ച് പോലീസ് സംരക്ഷണയോടെ മലചവിട്ടിയത്. കഴിഞ്ഞൊരു ദിവസം അവർ അയ്യപ്പദർശനത്തിനെത്തിയെങ്കിലും പ്രതിഷേധവും പോലീസിന്റെ അഭ്യർത്ഥനയും മാനിച്ച് തിരിച്ചു പോയിരുന്നു. സർക്കാർ വിവിധസാമൂഹ്യ സാമുദായിക സംഘടനകളുടെ പിന്തുണയോടെ നടത്തിയ വനിതാ മതിലിന്റെ പിറ്റേന്നാണ് ഈ രണ്ട് സ്ത്രീകൾ മല ചവിട്ടീ അയ്യപ്പദർശനം നടത്തിയത്. എന്നാൽ ഇവർ കേരളത്തിലെ ഏതെങ്കിലും പ്രബല രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ ആയിരുന്നില്ല. ഇവർ നക്സൽ  അനുകൂലികളാണെന്നാണ് പറയപ്പെടുന്നത്.  ഇവർ ശബരിമല ദർശനം നടത്തിയത് സംബന്ധിച്ച എന്റെ ഫെയ്സ് ബൂക്ക് പോസ്റ്റ് ചുവടെ:

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ വീമ്പടിക്കുന്നില്ല. വീരവാദം മുഴക്കുന്നില്ല. ആഘോഷിക്കുന്നുമില്ല. നാലും തുനിഞ്ഞ് നല്ലിപ്പും കെട്ട് ആരെങ്കിലുമിറങ്ങിയാൽ ഇങ്ങനെയും സംഭവിക്കാം. അത്രതന്നെ! ആൾബലമോ കായബലമോ കാട്ടി എല്ലയിടത്തും ജയിക്കാമെന്ന് കരുതുന്ന എല്ലാവർക്കുമുള്ള പാഠം എന്നേയുള്ളൂ. അതെ, എല്ലാവർക്കും തന്നെ! ചിലപ്പോൾ അങ്ങനെയാണ്. എത്രമഹാഭൂരിപക്ഷത്തെയും ജയിക്കാൻ ഒരു ചെറുന്യൂനപക്ഷത്തിന് അല്ലെങ്കിൽ ഒന്നോ രണ്ടോ പേർക്ക് കഴിയും. പക്ഷെ ജീവഭയം ഉണ്ടാകരുതെന്ന് മാത്രം. ഇതിന്റെ ക്രെഡിറ്റ് ആർക്കും അവകാശപ്പെട്ടതല്ല. സർക്കാരിനോ വനിതാമതിലിനോ ഒന്നും. 

പോലീസല്ല, ആര് അഭ്യർത്ഥിച്ചാലും തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ചു വന്നു. കയറി. വലിയബഹളങ്ങളൊന്നുമില്ലാതെ. ഇനിയിപ്പോൾ ആരും കയറിയിരുന്നില്ലെങ്കിലും ആർക്കും വീമ്പടിക്കാൻ അതിൽ ഒന്നുമുണ്ടാകുമായിരുന്നില്ല. ആരും ഇതുപോലെ തയ്യാറായില്ല. കയറിയില്ല എന്നേ വരുമായിരുന്നുള്ളൂ. ബഹുകക്ഷി ജനാധിപത്യം നില നിൽക്കുന്ന ഒരു രാജ്യത്ത് ബഹുവിധ നിലപാടുകളും അതിന്റെ സാധൂകരണത്തിനും സാക്ഷാൽക്കാരത്തിനുമുള്ള ശ്രമങ്ങളും ഉണ്ടാകും. അതിൽ ആരുടെയെങ്കിലും വിജയത്തിൽ ആർക്കെങ്കിലും അഹങ്കാരമോ ആർക്കെങ്കിലും പരാജയത്തിന്റെ ജാള്യതയോ ഉണ്ടാകേണ്ടതില്ല. സമാധാനത്തിന്റെ മാർഗ്ഗത്തിലൂടെ എല്ലാവർക്കും അവരവരുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാം. നേരേതാണോ അത് ആത്യന്തികമായി കാലത്തെ അതിജീവിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പേ ഗൗരവത്തിലെടുക്കേണ്ടിയിരുന്ന മുത്തലാക്ക് വിഷയം ഇപ്പോൾ മാത്രം നിയമമായതുപോലെയേ ഉള്ളൂ. അതും ഒരാചാരമായിരുന്നല്ലോ!

Tuesday, January 1, 2019

വനിതാമതിൽ വൻവിജയമായി


വനിതാമതിൽ

വനിതാ മതിൽ വൻവിജയമായി. അതിൽ അദ്ഭുതമൊന്നുമില്ല. ഇതുപോലൊരു പരിപാടി നടത്താനുള്ള ആൾബലവും സംഘാടകശേഷിയും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക്-പ്രത്യേകിച്ച് സി പി ഐ എമ്മിനുണ്ട്. ഇത് സർക്കാരിന്റെ ഒരു പരിപാടി എന്ന നിലയ്ക്കല്ലായിരുന്നെങ്കിലും വിജയിക്കുമായിരുന്നു. കാരണം മുമ്പ് പലപ്രാവശ്യം മനുഷ്യച്ചങ്ങലയും മനുഷ്യക്കോട്ടയുമൊക്കെ സംഘടിപ്പിച്ചപ്പോഴും വമ്പിച്ച സ്ത്രീ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വനിതാമതിലിനെക്കുറിച്ച് വീമ്പ് പറയാനൊന്നും ഞാൻ മിനക്കെടുന്നില്ല. വനിതാമതിലിനോളമൊന്നും ആയില്ലെങ്കിലും ബി.ജെ പിയുടെ സംഘാടക ശേഷിക്കനുസൃതമായി അഥവാ വിഷയം ഭക്തിയുടേതായിതിനാൽ അവരുടെ ആൾബലത്തിനും സംഘാടകശേഷിക്കുമല്പമപ്പുറം അയ്യപ്പജ്യോതി എന്നൊരു പരിപാടി അവർക്കും സംഘടിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ അയ്യപ്പജ്യോതിക്കു നേരെ ഒരിടത്തും ഒരക്രമവും ഉണ്ടായില്ല. 

സി പി എമ്മിനു വലിയ ആൾശേഷിയും സംഘടനാ സംവിധാനങ്ങളൊമൊക്കെയുള്ള സ്ഥലങ്ങളിൽ ഉടനീളം തന്നെയാണ് അയ്യപ്പജ്യോതി തെളിച്ചത്. സംഘടനാ ശേഷിയുടെ അഹങ്കാരം ഒരിടത്തും സി പി എമ്മോ മറ്റ് ഇടതുപക്ഷമോ കാണിച്ചില്ല. നേരിട്ടും പതിയിരുന്നും ഒക്കെ കല്ലെറിയാനും ആക്രമിക്കാനുമൊക്കെ ശക്തിയുള്ള സ്ഥലങ്ങളിലൊക്കെ അവർ കൗതുകത്തോടെ അത് നോക്കി നിൽക്കുകയും ചിത്രങ്ങളെടുക്കുകയുമേ ചെയ്തിട്ടുള്ളൂ. നമ്മുടെ സ്ഥലത്തും എം സി റോഡിൽ  ഏതോ പഞ്ചായത്തിലുള്ളവർ വന്ന് അയ്യപ്പജ്യോതി തെളിയിച്ചിരുന്നു. അന്ന് വൈകുന്നേരം ഞങ്ങളും അതാഘോഷപൂർവ്വം കൗതുകത്തോടെ തന്നെ നിരീക്ഷിച്ചു നിന്നത്. കാരണംരവർ ആരെയും ആക്രമിക്കാനല്ല വന്നത്. എന്നാൽ വനിതാമതിലിനു നേരെ കാസർകോട്ടും മറ്റും ഒറ്റപ്പെട്ട് നടന്ന അക്രമങ്ങൾ ഇപ്പോൾ നടക്കുന്ന ജനാധിത്യപരവും സമാധാനപരവുമായ സംവാദാത്മകമായ അന്തരീക്ഷത്തിന്  കളങ്കമേല്പിക്കുന്നതായി.

കാസർകോട്ടെ ബി ജെ പിക്കാർക്കെന്താ കൊമ്പുണ്ടോ? ബി ജെ പിക്ക് ശക്തിയുള്ള എത്രയോ പ്രദേശങ്ങൾ ദേശീയപാതയ്ക്കരികുകളിൽ ഉണ്ട്. അവിടെയൊന്നുമുള്ള ഒരു ബി ജെ പിക്കർക്കും തോന്നാത്ത അക്രമബുദ്ധി കാസർകോട്ടെ ബി ജെ പിക്കാർക്കുണ്ടായതെന്തുകൊണ്ട്? അല്പം ശക്തിയുള്ളതിന്റെ അഹങ്കാരത്തിൽ നിന്നും ഉദ്ഭവിച്ച ഫാസിസ്റ്റ് മനോഭാവം. മന:പൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഇരു ഭാഗത്തും നാശനഷ്ടങ്ങളുണ്ടാക്കാനുള്ള ചെകുത്താൻ പണി. ശബരിമലവിഷയം  കോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. അതൊക്കെ ആയതിന്റെ വഴിക്ക് നീങ്ങും. ചിലപ്പൊൾ പുതിയ നിയമനിർമ്മാണങ്ങളുണ്ടാകും. ഈ സംവാദങ്ങളും വിവാദങ്ങളും പ്രതിഷേധങ്ങളുമൊക്കെ തുടരും. അതിന് ഇതുപോലെ ജനങ്ങളെ അണിനിരത്തി നടത്തുന്ന വൻപരിപാടികൾക്കു നേരെ അവിടവിടെയുമിവിടെയും നിന്ന്  അക്രമം നടത്തുന്നത് വെറും ക്രിമിനൽ പ്രവർത്തനമാണ്. 

ഇപ്പോഴും പലയിടത്തുമുണ്ടാകുന്ന മറ്റ്  രാഷ്ട്രീയ സംഘട്ടനങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടതില്ല. അത്തരം സംഘട്ടനങ്ങളും തീരെ ന്യായീകരിക്കത്തക്കതല്ലെങ്കിലും അതിനൊക്കെ പ്രാദേശികവും പരസ്പരപ്രകോപനപരവുമായ പല കാരണങ്ങളുമുണ്ടാകും. 
ഒരു കൂട്ടർ സംഘടിപ്പിക്കുന്ന ഇതുപോലൊരു പരിപാടിയെ മറ്റൊരു കൂട്ടർ ആക്രമിക്കുന്ന പ്രവണത ഏത് ഭാഗത്തു നിന്നാണ് ആരംഭിക്കുന്നതെങ്കിലും അത് മുളയിലെ നുള്ളപ്പെടേണ്ടതാണ്. ഇതിനുമുമ്പൊന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഇത് മതിലിന്റെയോ അയ്യപ്പജ്യോതിയുടേയോ നവോത്ഥാനത്തിന്റെയോ ശബരിമലയുടെയോ പ്രശ്നമല്ല. ജനാധിപത്യ വിരുദ്ധതയുടെയും ഫാസിസത്തിന്റെയും പ്രശ്നമാണ്. മന:പൂർവ്വം സ്വന്തം പ്രസ്ഥാനത്തിലുള്ളവർക്കും എതിർ പ്രസ്ഥാനത്തിലുള്ളവർക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്ന തികച്ചും പ്രകോപനപരമായ ക്രിമിനൽ പ്രവർത്തനമാണ്. 

ഇത് അവരുടെ നേതൃത്വത്തിന്റെ അറിവോടെയാണെങ്കിൽ കൂടുതൽ ഗൗരവമർഹിക്കുന്ന വിഷയമാണ്. ഇതിനെ അവരുടെ നേതൃത്വംപലപിക്കുന്നില്ലെങ്കിൽ, തടയിടുന്നെങ്കിൽ അത് അതിലും വലിയ അപകടമാണ്. ഇന്നത്തെ ചാനൽ ചർച്ചകളിൽ മുഖ്യ ചർച്ചാ വിഷയമാകേണ്ടിയിരുന്നത് വനിതാമതിലിന്റെ വിജയമോ നവോത്ഥാനമോ ശബരിമലയോ അയ്യപ്പ ജ്യോതിയോ ഒന്നുമായിരുന്നില്ല; മറിച്ച് ഒറ്റപ്പെട്ടതെങ്കിലും ഈക്രംമസംഭവങ്ങളാണ് ചർച്ചയ്ക്കെടുക്കേണ്ടിയിരുന്നത്. മാദ്ധ്യമങ്ങൾ ആ ഉത്തരവാദിത്വം നിറവേറ്റിയില്ല. അതിനെ നിസാരവൽകരിച്ചു. കൈരളി ചാനൽപോലും.  ഫാസിസത്തിനെതിരെയുള്ള പോരാട്ടമെന്നാൽ പ്രധാനമായും അത് അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടിയാണ്.