Saturday, January 8, 2011

മറൈൻ ഡ്രൈവ് ബ്ലോഗ് മീറ്റ്


മറൈൻ ഡ്രൈവ് ബ്ലോഗ് മീറ്റ്


ഇടപ്പള്ളി ഹൈവേ ഗാർഡനിലെ ബ്ലോഗ്മീറ്റിനു ശേഷം എറണാകുളത്തിനു പോകാൻ ന്യായമായൊരു ആവശ്യമൊന്നും വന്നു ഭവിക്കാത്തതിനാൽ വിഷമിച്ചു വശായിരിക്കുമ്പോഴാണ് രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞപോലെ ജയൻ വൈദ്യർ ഒരു കുറിപ്പടി എഴുതിയത്. വായിച്ചു നോക്കുമ്പോൾ എറണാകുളം ആലപ്പുഴ തൃശൂർ ഭാഗങ്ങളിലെ ബ്ലോഗ് വസന്തക്കാർ മാത്രം രുചിച്ചാൽ മതിയെന്നൊരു സൂചന.ബ്ലോഗിന്റെ വസന്തകാലം വീണ്ടെടുക്കാനുള്ള കൊട്ടിക്കലാശം അവിടെ നടക്കുമ്പോൾ അവിടങ്ങളുകാർക്കെന്താ കൊമ്പുണ്ടോ? നമ്മൾ തിരുവനന്തപുരത്തുകാരെ സംബന്ധിച്ച് എറണാകുളം എന്നത് അങ്ങ് ഉഗാണ്ടയിലോ അന്റാർട്ടിക്കയിലെ മഞ്ഞുവെള്ളത്തീന്റെ അടിപ്പരപ്പിലോ ഒന്നുമല്ലല്ലോ! നമ്മ വലിഞ്ഞുകയറി വരുമെന്നൊരു ഭീഷണി അങ്ങോട്ടും വന്നാൽ അവിടെ വച്ച് കൊമ്പു കോർക്കാമെന്ന് അവർ ഇങ്ങോട്ടും.


നമ്മ നോക്കുമ്പോ ആറും ഏഴും തീയതികളിൽ ഇത്തിരി ഫ്രീയുണ്ട്. വീട്ടിൽ ചുമ്മാതിരിക്കുന്ന സമയത്ത് ബസ് സ്റ്റോപ്പിൽ ചെന്ന് ഒരു ബസുപിടിച്ച് അഞ്ചഞ്ചര മണിക്കൂർ സ്വപ്പനം കണ്ടിരുന്നാൽ വെട്ടിക്കീറാൻ എറണാകുളത്ത് കൊണ്ട് ചവിട്ടി തള്ളിത്തരും. അവിടുന്ന് നടയടിച്ച് മറൈൻ ഡ്രൈവിൽ ചെന്നാൽ ബ്ലോഗുവസന്തത്തിനു ഐക്യദാർഢ്യവും പ്രഖ്യാപിച്ച് രാത്രി വണ്ടികളിലേതിലെങ്കിലും കയറിയിരുന്ന് തൂക്കിത്തട്ടിയാൽ വെളുക്കെ വെളുക്കെ നാട്ടുക്കവലയിൽ കൊണ്ട് തള്ളിത്തരും. അത്രതന്നെ. മാത്രവുമല്ല മീറ്റിന്റെ കാര്യം പിന്നെ ആരെങ്കിലുമൊക്കെ ഇടുന്ന പോസ്റ്റ്വഴി അറിയുന്നതിനേക്കാൾ നേരിട്ട് കണ്ടുതന്നെ അറിയാമല്ലോ . അപ്രകാരമൊക്കെ ചിന്തിച്ചു വശായി ആറാം തീയതി രാവിലെ ഒൻപതേമുക്കാലൊപ്പിച്ച് കോട്ടയത്തിന് പാഞ്ഞുവന്നൊരു ഫാസ്റ്റിൽ കൈകാട്ടുകയും വണ്ടിത്താൻ സഡൻ ബ്രേക്കിട്ട് നിർത്താൻ കനിഞ്ഞതിൻ പ്രകാരം അതിൽ കയറിക്കൂടി ഉച്ചയോടെ കോട്ടയം സ്റ്റാൻഡിൽ എത്തിപെടുകയുംചെയ്തിട്ടുള്ളതാകുന്നു. അവിടൊന്നൊരൂണക്കവും കഴിഞ്ഞ് അടുത്തൊരു വണ്ടിയിൽ കയറി അതുവരെ കണ്ടതിന്റെ തുടർ സ്വപ്നങ്ങളിലൂടെ സഞ്ചരിച്ച് നാലരമണിയോടടുപ്പിച്ച് എറണാകുളം കെ.എസ്.ആർ.റ്റി സി സ്റ്റാൻഡിൽ ലാൻഡ് ചെയ്തു. മടക്കമിനി മീറ്റൊക്കെ കഴിഞ്ഞ് ഇന്നോ നാളെയോ എന്ന് ഉറപ്പിക്കാൻ വയ്യാത്തതിനാൽ ഒരു ലോഡ്ജ് മുറിയെടുത്ത് ഒന്നു ഫ്രഷായിട്ട് ഒരു ഓട്ടോയിൽ ബ്ലോഗ് വസന്തത്തിന്റെ കൊട്ടും കുരവയും മനസിൽ ധ്യാനിച്ച് മറൈൻ ഡ്രൈവിൽ എത്തി. പക്ഷേങ്കി അവിടമൊക്കെ പരതിയിട്ട് ബ്ലോഗ്ഗർ പോയിട്ട് ഒരു ക്ലീഗറുമില്ല.


ആരെയെങ്കിലും വിളിക്കാമെന്നു വച്ച് ഫോൺ എടുത്തപ്പോഴാണ് ഡോ.ജയൻ ദാമോദരൻഅവർകളുടേതടക്കം ഒരു നമ്പരുപോലും ഫോണിൽ തെളിയുന്നില്ല. ഫോണിൽ നമ്പർ എപ്പോഴെങ്കിലും സേവ് ചെയ്താലേ അത് ഫോണിൽ കുത്തിയെടുക്കാൻ പറ്റൂ എന്ന നഗ്ന സത്യം വെളിപ്പെടുകയാൽ ഇതിപ്പോൾ കുട്ടിയാരു കൊല്ലത്തു പോയതുപോലെ ആയോ എന്ന ശങ്കയിലായി.കുട്ടിയാരു കൊല്ലത്തുപോയതുപോലെ എന്ന ഒരു പ്രയോഗം നമ്മുടെ നാട്ടിൽ ഉണ്ട്. അത് ഇനി കൊച്ചുസാറണ്ണൻ കൊച്ചിയിൽ പോയതുപോലെ എന്നുംകൂടി പറയാവുന്നതാണ്. തിരുവനന്തപുരത്തെ തബാറക്ക് റഹ്മാൻ എന്ന ബ്ലോഗ്ഗർ എറണാകുളത്ത് മുമ്പ് മീറ്റിനു വന്നിരുന്നു. ആ വകയിൽ വല്ല നമ്പരോ ഉണ്ടോന്നറിയാൻ ഒന്നു വിളിച്ചു നോക്കിയെങ്കിലും പുള്ളിയുടെ കൈയ്യിൽ എറണാകുളത്തുകാരുടെ നമ്പരുകൾ ഒന്നും ഇല്ല. പിന്നെ മറ്റു നമ്പരുകളിൽ വിളിച്ച് അവരിൽ നിന്ന് എറണാകുളത്തെ ആരുടെയെങ്കിലും നമ്പർ തപ്പാമെന്നു താബു പറഞ്ഞെങ്കിലും ഇനിയിപ്പോൾ അവിടെ കടയിൽ തിരക്കിലിരിക്കുന്ന താബുവിനെ ബുദ്ധിമുട്ടിക്കേണ്ടെന്നുകരുതി ഫോൺ കട്ടാക്കി.


കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും അലയുമ്പോൾ നീ എവിടത്തെ പൂത്ത ബ്ലോഗറെടാ കൂവേ എന്ന് സ്വയം ചോദിക്കുന്നുണ്ടായിരുന്നു. ഇത്രേടം വരെ വരുമ്പോൾ ഒരു കരുതലൊക്കെ വേണ്ടെ? ആരുടെയെങ്കിലും നംബർ ഒന്നു വാങ്ങി വയ്ക്കണ്ടെ? മനസിൽ ഒരക്കം പോലും കരുതി വയ്ക്കാൻ കപ്പാസിറ്റിയില്ലാത്തത്ര ദൃഢമാണ് കണക്കും ഈയുള്ളവൻ അവർകലും തമ്മിൽ ഉള്ള ബന്ധം. സ്വന്തം നമ്പർ പോലും കാണാതെ പറയാൻ മാത്രം വളർന്നിട്ടില്ല ഇനിയും. പിന്നല്ലേ മറ്റുള്ളവരുടെ നംബരുകൾ മനസിൽ സേവാക്കി വയ്ക്കുന്നത്. എന്തായാലും വന്നതോ വന്നു ഇനി ഇന്നു പോകുന്നില്ല. എറണാകുളത്ത് നാട്ടിലെ ഒരു സുഹൃത്ത് സകുടുംബം വാഴുന്നുണ്ട്. നോം എറണാകുളത്ത് കെട്ടിയെഴുന്നള്ളിയ ദിവസങ്ങളിലൊന്നും അങ്ങോട്ടു ചെല്ലാതിരുന്നതിന്റെ പരിഭവങ്ങൾ നാളെ തീർത്തിട്ടു പോകാമെന്ന് കരുതി സമാധാനിച്ചു. വന്നതിൽ എന്തെങ്കിലും പ്രയോജനം വേണ്ടേ? എന്തായാലും മടങ്ങി ലോഡ്ജിൽ വരാം എന്നു തീരുമാനിച്ച ശേഷം ഒരു വട്ടം കൂടി നടനടാന്നു ഒന്നു നടന്നു നോക്കാമെന്നു കരുതി വീണ്ടും വച്ചടി നടന്നു. രണ്ടുമൂന്നുവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നതിനാൽ ഇനി ആരെങ്കിലും വല്ല ഭീകരവാദിയോ ആണെന്ന് സംശയിച്ച് വശായി കണ്ട്രോൾ റൂമിൽ വിളിക്കുമോ എന്നൊരു ഭയം ഉണ്ടാകാതെയുമിരുന്നില്ല. എന്തായാലും കാൽ കൊണ്ടുള്ള ലാസ്റ്റ് ബ്രൌസിംഗിൽ ബ്ലോഗ്ഗർമാരെ കണ്ടുമുട്ടി. എല്ലാവരും ബോട്ടിംഗ് ഒക്കെ കഴിഞ്ഞ് മടങ്ങി വന്നിരിക്കുന്നു. ചർച്ചയെല്ലാം അതിനുള്ളിൽ ആയിരുന്നു.


നമുക്ക് ചർച്ചാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരുതാർത്ഥ്യം ഉണ്ടാവുകയും പിന്നീടുള്ള ഒത്തിരിക്കൽ, കവിത ചൊല്ലൽ, ഫോട്ടോയ്ക്ക് മസിൽ പിടിക്കൽ, ഭക്ഷണം എന്നീ പരിപാടികളിൽ പങ്കുകൊള്ളാൻ ഇടവരികയും ചെയ്തിട്ടുള്ളതാകുന്നു. ആളെണ്ണം അല്പം കുറഞ്ഞുപോയെങ്കിലും ഈ ഒത്തുചേരലും ബോട്ടിൽ വച്ച് നടന്ന ചർച്ചയും വളരെ ക്രിയാത്മകമായിരുന്നു എന്ന് മനസിലാക്കി. മാത്രവുമല്ല പുതിയതായി ചിലരെ കൂടി പരിചയപ്പെടാനും കഴിഞ്ഞു. എറണാകുളത്തിനു ചുറ്റിലും ഉള്ളവരെയാണ് പ്രധാനമായും ലക്ഷ്യമാക്കിയിരുന്നതെങ്കിലും നമ്മൾ തിരുവനന്തപുരം കൊല്ലം ഭാഗത്തുനിന്നും കണ്ണൂരിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. വിമൽ ചിറയിൻ കീഴ് (ആളവന്താൻ),പ്രവീൺ വട്ടപ്പറപത്ത്, ജോ, മത്താപ്പ് , ദക്ഷിണാഫ്രിക്കയിൽ നിന്നും അവധിക്കെത്തിയ ആവനാഴി രാഘവൻ ചേട്ടൻ, ഭാര്യ മാവേലി കേരളം പ്രസന്നച്ചേച്ചി തുടങ്ങിയവരെ ആദ്യമായി നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. കൂടാതെ ഷെരീഫിക്കയെ (ഷെരീഫ് കൊട്ടാരക്കര) കൂടുതൽ അടുത്തറിയാനുള്ള അവസരവും ഈ മീറ്റിൽ ഉണ്ടായി. അടുത്തുള്ള ഒരു റെസ്റ്റാറന്റിൽ ഒത്തുകൂടി ലഘുഭക്ഷണങ്ങളും കഴിഞ്ഞ് പിരിയുമ്പോൾ മണി ഒൻപതു കഴിയും. മീറ്റിൽ ഭാഗീകമായി മാത്രം പങ്കെടുക്കാൻ കഴിഞ്ഞത് നിങ്ങൾ വായനക്കാരുടെ ഭാഗ്യം. ഇല്ലെങ്കിൽ പോസ്റ്റ് ഇതുപോലെ ആയിരിക്കുമായിരുന്നില്ല. അനന്തനിർഗ്ഗളം നീണ്ടുമാണ്ടു പോയേനെ!


എന്തായാലും ഈ മീറ്റ് നല്ലൊരു അനുഭവം തന്നെയായിരുന്നു. ഓരോ മീറ്റും സൌഹൃദങ്ങളുടെ നൂറുവസന്തങ്ങൾ വിരിയിച്ചു കൊണ്ടേയിരിക്കുന്നു. നെറ്റിലൂടെ മാത്രം കാണുന്നവർ, അക്ഷരങ്ങൾകോണ്ട് പരസ്പരം അടുപ്പപ്പെട്ടവർ നേരിട്ട് കാണുന്നതിലുള്ള ഒരു സസ്പെൻസ് തന്നെ കുളിർമയുള്ള ഒരു മാനസികാനുഭൂതിയാണ്. ഈ ബൂലോകം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും പരസ്പരം കാണാനിടയില്ലാത്ത എത്രയെത്രപേർ ഇന്ന് നമുക്ക് ഉറ്റവരും ഉടയവരുമാകുന്നു. ഈ ഭൂമിയിൽ നാം ഒറ്റയ്ക്കല്ലെന്ന മനോബലം ഈ ബൂലോകം നമുക്ക് നൽകുന്നു. അക്ഷരങ്ങളുടെ മാനുഷിക മൂല്യം തിരിച്ചറിയുന്ന ഇതുപോലെ എത്രയെത്ര അനുഭവങ്ങൾ. തിരുവനന്തപുരത്തുള്ളതുപോലെ പരിചയം ഇപ്പോൾ കൊച്ചിയിലുമായി. ഇനി ബൂലോകത്തിന്റെ ആസ്ഥാനമായി അത് മാറുന്നതോടെ ആയിരമായിരം സ്നേഹസൌഹൃദങ്ങൾക്ക് കൊച്ചി സാക്ഷിയാകും. മീറ്റിനെക്കുറിച്ചുള്ള ജയൻ ഡോക്ടരുടെയും മറ്റും ഫോട്ടോ സഹിതമുള്ള പോസ്റ്റുകളിൽ എല്ലാവരുടെയും പേരുകൾ പറഞ്ഞ് സവിസ്തരം എഴുതിയിട്ടുള്ളതിനാൽ ഈ പോസ്റ്റ് നീട്ടുന്നില്ല. കണ്ണൂരിൽ നിന്നുവന്ന ചേട്ടനും ചേച്ചിയും (ലീലാ എം.ചന്ദ്രനും , ചന്ദ്രനും ), കൊച്ചിയിലെ മനോരാജും, നന്ദകുമാറും യുസ്സഫ്പായും ഒക്കെ സജീവമായി ഈ മീറ്റിനുണ്ടായിരുന്നു എന്നത് കൂടി പരാമർശിച്ച് നിർത്തുന്നു. മീറ്റും ചർച്ചയും ഒക്കെ കൊള്ളാം. ബൂലോകത്ത് ഇനിയും വസന്തം വിരിയാൻ ഒത്തുകൂടിയതുകൊണ്ട് മാത്രമായില്ല. വല്ലപ്പോഴും ഒരു പോസ്റ്റെങ്കിലും അറ്റ്ലീസ്റ്റ് ഒരു കമന്റെങ്കിലും ഇട്ട് ബൂലോകത്തെ പരിപോഷിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

13 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ ‘തട്ടത്തുമല ബ്ലോഗീറ്റിന് പോയ പോലെ’ എന്ന ചൊല്ല് ബൂലോഗത്തുണ്ടായി..അല്ലേ !

ആധാരെഴുത്ത് സ്റ്റൈലിലുള്ള ഈ കാച്ച് എനിക്കിഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്...

പിന്നെ
എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ

ഇ.എ.സജിം തട്ടത്തുമല said...

ഉറങ്ങാതിരുന്ന് പോസ്റ്റിയ നമുക്ക് ഉറങ്ങാതിരുന്ന് കമന്റ്റിയ മുരളിജിയ്ക്ക് ഉറങ്ങാൻ നേരത്തൊരു താങ്ക്സ്!

Junaiths said...

ഹഹ്ഹ അവസാനം അണ്ണന്മാര്‍ക്കിട്ടു കൊട്ടിയ കൊട്ട് കൊള്ളാം...എല്ലാ പുലികളും ഉണ്ടായിരുന്നല്ലോ...സന്തോഷം..

ശ്രീനാഥന്‍ said...

നന്നായി കുറിപ്പും ചിത്രങ്ങളും,ജയൻ ഡോക്റ്ററുടേത് വായിച്ചിരുന്നു. പിന്നെ തിരന്തോരത്തുകാർക്കും കൊമ്പുണ്ട് എന്നു സമ്മതിച്ചിരിക്കുന്നു!

faisu madeena said...

തട്ടുമല അവസാനം എത്തിയാല്‍ എന്താ ....പോസ്റ്റ്‌ കലക്കി ...

ഒഴാക്കന്‍. said...

ഞങ്ങ മലപ്പുറം കാരും മലപ്പുറം കടല്‍ക്കരയില്‍ ഒരു മീറ്റ്‌ വെക്കും ....

ഇ.എ.സജിം തട്ടത്തുമല said...

കമന്റുകൾക്ക് വീണ്ടും നന്ദി!

Anil cheleri kumaran said...

ഇതൊരു അനർഗനിർഗള പ്രവാഹം തന്നെ.

jayanEvoor said...

അപ്പോ... കൊച്ചുസാറണ്ണൻ പറഞ്ഞ മാതിരി,
എല്ലാവരും എഴുതുക... എഴുതിക്കൊണ്ടേയിരിക്കുക!

വരികളിൽ മലയാളം പൂത്തുലയട്ടെ!

ഷെരീഫ് കൊട്ടാരക്കര said...

വന്നു. കണ്ടു. വായിച്ചു. അതങ്ങ് ഇഷ്ടപ്പെട്ടു.അങ്ങിനെ എല്ലാരും എറുണാകുളം ബ്ലോഗര്‍ സംഗമത്തിന് ജെയ് വിളിക്കട്ടെ. ആശംസകള്‍.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നല്ല രീതിയിൽ ചർച്ച നടന്ന, ഒരു ബ്ലോഗ് മീറ്റ് ..ശരിക്കും ആസ്വദിച്ചു

ജന്മസുകൃതം said...

കണ്ണൂര് നിന്നും വന്ന ചേട്ടനും ചേച്ചിക്കും
തിരുവനന്തപുരം ഓര്‍ക്കുട്ട് സംഗമം ഓര്‍മ്മിക്കാനുള്ള ഒരവസരവും
കൂടി സജിം തന്നു എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു.
എന്തായാലും ആ സന്ധ്യനേരത്തെ കൂടിച്ചേരല്‍ ഇത്രയും ക്ലേശപൂര്‍ണ്ണമായ ഒന്നായിരുന്നല്ലേ....
നമിച്ചു മാഷെ.....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇലയിടലൊക്കെ കഴിഞ്ഞ് കയറിച്ചെന്നിട്ട് ബ്ലോഗ് മീറ്റിന്റെ പൊട്ടും പൊടിയുമെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞല്ലോ. സമാധാനം. വിവരണം നന്നായി . ആശംസകൾ.