Thursday, January 13, 2011

സര്‍ക്കാര്‍ ഓഫീസുകളിലെ നൂലാമാലകളെപറ്റിതന്നെ! !

സര്‍ക്കാര്‍ ഓഫീസുകളിലെ നൂലാമാലകളെപ്പറ്റിത്തന്നെ!

ഈയുള്ളവന്റെ കഴിഞ്ഞ രണ്ടു പോസ്റ്റുകൾ സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന പിണറായി വിജയന്റെ അഭിപ്രായത്തിന്റെ ചുവടു പിടിച്ചുള്ളതായിരുന്നു. അതിൽ സർക്കാർ ഉദ്യോഗസ്ഥന്മാരെക്കുറിച്ചും നിയമങ്ങളുടെ നൂലാമാലകളെക്കുറിച്ചും മറ്റും ഉദാഹരണങ്ങൾ സഹിതം എഴുതിയിരുന്നു. അതെഴുതിയതിന്റെ പിറ്റേദിവസം തന്നെ ഈയുള്ളവനുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ.

ഇപ്പോൾ എഞ്ചിനീയറിംഗിനു പഠിക്കുന്ന എന്റെ ഒരു വിദ്യാർത്ഥിനിയുടെ എസ്.എസ്.എൽ സി സർട്ടിഫിക്കറ്റിൽ ജനനതീയതി തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽനിന്നും വാങ്ങിയിട്ടുമുണ്ടായിരുന്നില്ല. എസ്.എസ്.എൽ.സി ബൂക്കിൽ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിലെ ജനന തീയതി തന്നെ രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമം വന്നതിനാൽ (പാസ്പോർട്ടിനുള്ള അപേക്ഷയിലാണ് ഈ നിബന്ധനയുള്ളത്. അതായത് പാസ്പോർട്ടിനപേക്ഷിക്കുമ്പോൾ യഥാർത്ഥ ജനന സർട്ടിഫിക്കറ്റും കൂടി ഇപ്പോൾ നൽകേണ്ടതുണ്ട്. മുമ്പ് ഈ നിയമം ഉണ്ടായിരുന്നില്ല) എസ്.എസ്.എൽ.സി ബൂക്കിൽ ജനനതീയതി തിരുത്തുന്നതിനും അതിനായി ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് വാങ്ങാനുമുള്ള ശ്രമം ആരംഭിച്ചു. കുട്ടിയെ പ്രസവിച്ച ആശുപത്രി സ്ഥിതിചെയ്യുന്നത് ഈയുള്ളവൻ താമസിക്കുന്ന പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്ത് പ്രദേശത്ത് തന്നെ. കുട്ടിയുടെ വാസഗൃഹം തൊട്ടു ചേർന്നു കിടക്കുന്ന കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിലും.

കുട്ടിയെ പ്രസവിച്ചത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ്. ഇത് ഉൾപ്പെടുന്നത് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ആണ്. ഈ കുട്ടിയുടെ മാതാവ് ജനനതീയതി കിട്ടുന്നതിന് കിളിമാനൂർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തി. അവിടെയെത്തുമ്പോൾ അതിനു കുറെ നടപടി ക്രമങ്ങൾ ആവശ്യമായി വന്നു. കാരണം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ഉള്ള ജനനതീ‍യതിയും യഥാർത്ഥ ജനന തീയതിയും തമ്മിൽ പത്തു മാസത്തിനു പുറത്ത് വ്യത്യാസം. ഓരോ തവണ ചെല്ലുമ്പോഴും ഓരോരോ കാര്യങ്ങൾ പറയും. ആവശ്യമായ സർട്ടിഫിക്കറ്റും സത്യവാങ് മൂലങ്ങളും മറ്റും മറ്റുമായി ഓരോന്നോരോന്നായി അവർ വാങ്ങിക്കൊണ്ടു കൊടുത്തു. ഒന്നു കൊണ്ടു ചെല്ലുമ്പോൾ മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നു പറയും. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത പാവം ഒരു സ്ത്രീ ആണ് അവർ . ഭർത്താവ് ഗൾഫിലും. ഒടുവിൽ അവർ കയറിയിറങ്ങി മടുത്തു. വീട്ടിൽ ചെന്ന് ആ അമ്മ കുട്ടിയോടു പറഞ്ഞു; ഇതൊന്നും നടക്കുന്ന കാര്യമല്ല. നീ ഇനി പഠിത്തമൊക്കെ നിറുത്തി വീട്ടിലിരുന്നാൽ മതിയെന്ന്! ഇനി ഈ ആവശ്യവുമായി കയറിയിറങ്ങാൻ വയ്യെന്ന്!

ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടത്, ഇവിടെ ഈ ആവശ്യക്കാരിയെ ഇട്ടു നടത്തിയ്ക്കുവാൻ കാരണം ഉദ്യോഗസ്ഥരുടെ കുഴപ്പം മാത്രമല്ല. നിയമത്തിന്റെ കുരുക്കുകളും കൂടിയാണ്. പക്ഷെ അത് ഈ ആവശ്യക്കാരിയെ സമാധാനപരമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. അതുകൊണ്ടുവാ ഇതുകൊണ്ടുവാ എന്നു പറയുന്നതല്ലാതെ എന്താണ് കുഴപ്പമെന്ന് അവരെ ബോദ്ധ്യപ്പെടുത്തിയില്ല. അതാണു അവർ ഒടുവിൽ മടുത്ത് പിരാകി പിൻവാങ്ങാൻ ഒരുങ്ങിയത്. ഒടുവിൽ അവർ ഇക്കാര്യം എന്നോട് പറഞ്ഞു. അവരിൽനിന്നും ആ അപേക്ഷയും അതിനൊപ്പം അതുവരെ നൽകിയ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങി ഞാൻ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ചെന്നു.

ബന്ധപ്പെട്ട ജീവനക്കാരിയെ സമീപിച്ച് ഞാൻ കാര്യം അന്വേഷിച്ചു. എന്താണ് ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി ചെയ്യേണ്ടത് എന്നു ചോദിച്ചു. അപ്പോൾ ആ ജീവനക്കാരി പെൺകുട്ടി ഉടൻ തന്നെ രേഖകൾ പരിശോധിച്ചു. അപ്പോഴാണ് യഥാർത്ഥ പ്രശ്നം കണ്ടു പിടിച്ചത്. അവിടെ രജിസ്റ്ററിൽ കുട്ടിയുടെ ജനനം ആശുപത്രി അധികൃതർ രേഖപ്പെടുത്തിയിട്ടൂണ്ട്. പക്ഷെ ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നതിനു കുട്ടിയുടെ മറ്റു സഹോദരങ്ങളുടെ എല്ലാം വിവരങ്ങളും ജനന ക്രമവും അപേക്ഷയോടൊപ്പം നൽകണം. അവിടെ ഓഫീസ് രേഖകളിൽ ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് കിട്ടേണ്ട കുട്ടിയുടെ ജനന ഓർഡർ അഞ്ചാമതാണ്. അതായത് കുട്ടി മറ്റു നാലു സഹോദരിമാർക്കു ശേഷം അഞ്ചാമതു ജനിച്ചിരിക്കുന്നു. ആകെ ആ കുട്ടിയുടെ അമ്മ പ്രസവിച്ചത് നാലുകുട്ടികളെ മാത്രം! അവിടെയാണ് നിയമ പ്രശ്നം. യഥാർത്ഥത്തിൽ കുട്ടിയെ പ്രസവിച്ച ആശുപത്രി അധികൃതർ നൽകിയ ജനന രേഖകളിൽ അവർ വരുത്തിയ തെറ്റാണ്. നാലാമതു ജനിച്ച കുട്ടി അഞ്ചാമത് ജനിച്ചു എന്നാണ് ആശുപത്രി അധികൃതർ അവിടെ നൽകിയിരിക്കുന്ന വിവരം. ഇത് അപേക്ഷകയായ ഈ പാവം കുട്ടിയുടേതോ രക്ഷകർത്താവിന്റേതോ അല്ലാത്ത കുറ്റം!

ഇപ്പോൾ പ്രശ്നം എന്താണെന്നു ചോദിച്ചാൽ ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ മേല്പറഞ്ഞ അപേക്ഷകളും ആവശ്യമയ സർട്ടിഫിക്കറ്റുകളും എല്ലാം കൂടി പഞ്ചായത്ത് ഡയറക്ടറേറ്റിൽ അയക്കണം. അവിടെ അപേക്ഷകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷം തിരിച്ച് ഗ്രാമ പഞ്ചായത്തിൽ അയക്കും. എന്നിട്ടു വേണം ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റ് നൽകാൻ. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ കുട്ടിയുടെ അപേക്ഷകളും ഗ്രാമപഞ്ചായത്തിലെ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്ത വിവരങ്ങളും പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിൽ എത്തുമ്പോൽ സംഗതി പ്രശ്നമാകും. കുട്ടി യഥാർത്ഥത്തിൽ ജനിച്ചിരിക്കുന്നത് നാലാമത്. അതായത് ആ അമ്മയുടെ അവസനത്തെ കുട്ടി. പഞ്ചായത്ത് രജിസ്റ്ററിൽ ജനന ഓർഡർ അഞ്ചാമതും. സംഗതി പൊരുത്തക്കെട്‌.

ഈ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ട് ഡയറക്ടറേറ്റിൽ നിന്നും വീണ്ടും കേസുകെട്ടെല്ലാം കൂടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വരും. പഞ്ചായത്തിലുള്ള രേഖ അവർക്ക് തിരുത്താൻ പറ്റില്ല. നാലാമതു ജനിച്ച കുട്ടിയെ അഞ്ചാമത് ജനനിപ്പിക്കാൻ കഴിയുകയുമില്ല. ആ അമ്മ ആകെ പ്രസവിച്ചത് നാലുമക്കളെ! എന്തു ചെയ്യും? ഇതാണ് പ്രശ്നം. സംഗതി ഗുലുമാൽ. ഇനി ഇത് സത്യസന്ധമായി നേടിയെടുക്കാൻ കഴിയില്ല. ഒരു കൃത്രിമം നടത്തിയേ പറ്റൂ. ഇല്ലെങ്കിൽ പ്രശ്നം കൂടൂതൽ സങ്കീർണ്ണമാകും. അതിന് ഇനി ആ അമ്മ പ്രസവിച്ച എല്ലാ കുട്ടികളുടെയും വിവരം സംബന്ധിച്ച സത്യവാങ് മൂലത്തിൽ കുട്ടികളുടെ ജനന ഓർഡർ കൊടുത്തിരിക്കുന്നതിന്റെ ഇടയിൽ അതായത് നാലാമത് പ്രസവിക്കാത്ത ഒരു കുട്ടിയെ പ്രസവിച്ചതായി കാണിച്ച് ഒരു കള്ള ജനനവും ജനനതീയതിയും കൃത്രിമമായി എഴുതി കയറ്റണം. അപ്പോൾ ഈ പറയുന്ന ജനന സർട്ടിഫിക്കറ്റ് കിട്ടേണ്ട കുട്ടിയുടെ ജനനക്രമം അഞ്ചാമതാകും. ഇവിടെ ചട്ടപ്രതിസന്ധി മറികടക്കാൻ അപേക്ഷക ഒരു കള്ളം ചെയ്യാൻ നിർബന്ധിതമാകുന്നു. നിയമത്തിലെ അനാവശ്യമായ ഒരു നിബന്ധന കാരണം! സത്യത്തിൽ ഒരു കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നത്തിന് ആ കുട്ടിയുടെ മറ്റ് സഹോദരങ്ങളുടെ ജനന രേഖകൾ കൂടി നൽകണം എന്ന നിബന്ധന തന്നെ അനാവശ്യമാണ്.

എന്നിട്ട് ഈ ഗുലുമാലുകളെല്ലാം കൂടി ഡയറക്ടറേറ്റിൽ എത്തിച്ചാൽ കൊറിയിടാതെ (സർക്കാർ ഓഫീസുകളിലെ ഈ കൊറിയിടലുകളെ പറ്റി തന്നെ ഒത്തിരി എഴുതാനുണ്ട്) അവർ പരിശോധിച്ചശേഷം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അയക്കും. എന്നിട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് നൽകും. ആ ആ‍ശുപത്രി അധികൃതർ വരുത്തിയ തെറ്റോ അതുമല്ലെങ്കിൽ ഒരു ക്ലറിക്കൽ മിസ്റ്റേക്കോ വരുത്തുന്ന തൊന്തറവുകൾ നോക്കണേ!

സത്യത്തിൽ ഇത്തരം ഒരു കേസ് എന്തിനാണ് ഡയറക്ടറേറ്റിൽ ഒക്കെ പോയി വരുന്നത് ? ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അതെല്ലാം ക്ലിയർ ചെയ്ത് ഈ ജനന സർട്ടിഫിക്കറ്റ് നൽകാവുന്നതല്ലേയുള്ളൂ ? ഈ നൂലാമാലകൾ ഒക്കെ എന്തിനു വേണ്ടിയാണ്? ഒരു പ്രാദേശിക സർക്കാർ കാര്യാലയത്തിൽ വച്ച് പരിഹരിക്കാവുന്നതും സർട്ടിഫിക്കറ്റ് ചെയ്യാവുന്നതുമായ എത്രയെത്ര കാര്യങ്ങൾക്കു വേണ്ടിയാണ് ആളുകൾ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ സംസ്ഥാന ഓഫീസുകളിലും കയറിയിറങ്ങേണ്ടി വരുന്നത്! എന്തിനീ ഗുലുമാലുകൾ ?

ഇനി മേല്പറഞ്ഞ ഈ കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് സങ്കീർണ്ണമായ നടപടിക്രമങ്ങളും പിന്നെ നീണ്ടു നീണ്ട കാത്തിരിപ്പുകൾക്കും ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ചാലും അതിൻ പ്രകാരം എസ്.എസ്.എൽ.സി ബുക്കിൽ അറിഞ്ഞോ അറിയാതെയോ തെറ്റായി രേഖപ്പെടുത്തിയ ജനന തീയതി തിരുത്തി കിട്ടാനുള്ള നടപടിക്രമങ്ങൾ ഇതിനേക്കാൾ ഒക്കെ സങ്കീർണ്ണം ആണ്. എസ്.എസ്.എൽ.സി ബുക്കിൽ ജനനരേഖ തിരുത്തി നൽകാനുള്ള അധികാരം തിരുവനന്തപുരത്ത് പരീക്ഷാ ഭവനിൽ ഇരിക്കുന്ന ജോയിൻ രജിസ്ട്രാർക്കാണ്. പല പല നടപടിക്രമങ്ങൾ കഴിഞ്ഞ് ജനന സർട്ടിഫിക്കറ്റ് തിരുത്തിയ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഒക്കെ കയ്യിൽ കിട്ടുമ്പോൾ വർഷങ്ങൾ കഴിയും. ഇതേപറ്റി കഴിഞ്ഞ പോസ്റ്റിൽ വിശദമായി എഴുതിയിട്ടുള്ളതിനാൽ ഇവിടെ കൂടുതൽ പറയുന്നില്ല.

7 comments:

Anonymous said...

ഒരാള്‍ തന്നെ പല പല പാസ്പോര്‍ട്ട്‌ എടുത്താല്‍ കണ്ടുപിടിക്കാന്‍ പേരു അച്ഛണ്റ്റെ പേരു ഡേറ്റ്‌ ഓഫ്‌ ബര്‍ത്‌ ഇവ ചേര്‍ത്ത്‌ സെര്‍ച്ച്‌ ചെയ്യണം യുണീക്‌ ഐ ഡിക്കും ഇതേ ലോജിക്കാണു അതാണു ഈ നിയമം ഇപ്പോള്‍ പാസ്സ്പോര്‍ട്ടിനു നിര്‍ബന്ധമാക്കാന്‍ കാരണം , കേന്ദ്ര നിയമം പൊളിച്ചെഴുതാന്‍ പറ്റില്ല

അപ്പോള്‍ പിന്നെ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌ പലയിടത്ത്‌ പലതാക്കാതെ ഒന്നാക്കാന്‍ നമ്മള്‍ ശ്രധിക്കണം അതിണ്റ്റെ ആവശ്യത്തെ പറ്റി ബോധവല്‍ക്കരിക്കണം നമ്മുടെ കേരളത്തില്‍ എല്ലാവരും ജനിക്കുന്നത്‌ ഏപ്രില്‍ മേയ്‌ ആണെന്നു തോന്നും ഉദ്യോഗസ്ഥരുടെ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌ പരിശോധിച്ചാല്‍

വെളിയില്‍ ഈ കുഴപ്പമില്ല അവര്‍ ഉള്ള ഡേറ്റ്‌ തന്നെ ആണു വെക്കുന്നത്‌, ഇവിടെ അഡ്മിഷന്‍ തികയ്ക്കാന്‍ പ്രോട്ടക്‌ ഷന്‍ ഒഴിവാക്കാന്‍ ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാന്‍ ഇങ്ങിനെ സമകലമാന തട്ടിപ്പിനും ഈ ഡേറ്റ്‌ ഓഫ്‌ ബര്‍ത്തില്‍ കയറി കളിച്ചു ഫലം ഒരു മുപ്പത്‌ ശതമാനത്തിനെങ്കിലും ഒറിജിനല്‍ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌ അല്ല

വേറെ ഒരു കുഴപ്പം ജനിച്ചാല്‍ കുട്ടിക്കു പേരിടുകയില്ല സര്‍ട്ടിഫിക്കറ്റ്‌ ആ കോളം ബ്ളാങ്ക്‌ ആക്കും പിന്നെ തോന്നിയ പേരിടും മലയാളത്തില്‍ ആശുപത്രിയില്‍ എഴുതിയതല്ല പഞ്ചായത്തില്‍ കൊടുക്കുന്നത്‌

പിന്നെ പേന വച്ചു സര്‍ട്ടിഫിക്കറ്റില്‍ മാറ്റും അതു പാസ്‌ പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ പിടിക്കും ക്വറി വെയ്ക്കും

Anonymous said...

അതുകൊണ്ട്‌ അത്യാവശ്യം ബോധവല്‍ക്കരിക്കണം പേരില്ലാതെ ബര്‍ത്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കരുത്‌ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷ ഓണ്‍ ലൈന്‍ ആക്കണം പഞ്ചായത്തില്‍ ഡേറ്റ കൊടുക്കാതെ ഇതെല്ലാം ഒന്നിച്ചു ശ്റ്റേറ്റ്‌ ഡേറ്റ സെണ്റ്ററില്‍ സൂക്ഷിക്കണം വെരിഫിക്കേഷനു എപ്പോഴും അവൈലബിള്‍ ആയിരിക്കണം

ദുബായില്‍ ഇരുന്നു ഒരു ഉദ്യോഗസ്ഥനു പരിശോധിക്കാന്‍ കഴിയണം

ഇനി പരീക്ഷാ ഭവനിലെ കാര്യം , ഡേറ്റ്‌ ഓഫ്‌ ബര്‍ത്‌ മാറ്റി സര്‍ട്ടിഫിക്കറ്റ്‌ പ്രിണ്റ്റ്‌ ചെയ്യാന്‍ ഒരു സെക്കന്‍ഡ്‌ മതി പക്ഷെ ഇവിടെ നൂറു കൂനാം കുരുക്കാണു ഒന്നു പരീക്ഷാ ഭവനില്‍ രണ്ട്‌ മേധാവികള്‍ ഉണ്ട്‌ രണ്ടു പേരും കിടമത്സരം ആയിരിക്കും ഞാന്‍ കേമന്‍ ഞാനാണു കേമന്‍ ആരു കേമന്‍ എന്നു ആറ്‍ക്കും അറിയില്ല (വ്യക്തി അല്ല പോസ്റ്റാണു പ്രശ്നം)

സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക്‌ മാറ്റാന്‍ സെക്രട്ടറിക്കും ബയോ ഡേറ്റ മാറ്റാന്‍ ജോയിണ്റ്റ്‌ കമ്മീഷണറ്‍ക്കും ആണു ഉത്തരവാദിത്വം പോരേ പൂരം , ജോയിണ്റ്റ്‌ കമ്മീഷണര്‍ എന്‍ ക്വയറി നടത്തി ഹീയറിംഗ്‌ നടത്തി കുടുമബത്തിലെ എല്ലാവരുടെയും സര്‍ട്ടിഫിക്കറ്റ്‌ നോക്കി പിന്നെ ഒരു ഇണ്ടാസ്‌ അടിക്കണം (ടൈപ്പ്‌ ചെയ്യണം) പടി ഇല്ലെങ്കില്‍ ടൈപ്പടി അവിടെ കിടക്കും, ഇതു നിസ്സാരമായി കമ്പ്യൂട്ടര്‍ വല്‍ക്കരി

ക്കാം ഒരു വേദ്‌ ഡോക്യുമെണ്റ്റില്‍ ഒരു ഡെയിലി വേജസ്‌ കാരി/കാരനെ പറഞ്ഞു കൊടുത്താല്‍ മതി

ചെയ്യില്ല

ഈ ഇണ്ടാസ്‌ ഇറങ്ങി വേണം മാറ്‍ക്കു മാറ്റാന്‍ അവിടെയും സെക്ഷന്‍ ക്ളര്‍ക്ക്‌ സൂപ്രണ്ട്‌ സെക്രട്ടറി (ഇവരെല്ലാം എന്നും ടൂറും ആയിരിക്കുമ്മ്‌ ത്രിവേണീ സംഗമം ഒരിക്കലും നടക്കില്ല)

Anonymous said...

ഒരു നിമിഷം കൊണ്ട്‌ നടക്കുന്ന കാര്യം ഒരു വര്‍ഷം കൊണ്ടും നടക്കുകയില്ല നടക്കാന്‍ അനുവദിക്കില്ല ലളിതമായി ഇതു പരിഹരിക്കാം

കാസര്‍ഗോഡ്‌ മുതല്‍ പാറശ്ശാല വരെ ഉള്ളവര്‍ തിരുവനന്തപുരത്ത്‌ വരണ്ട ഈ പരിശോധിച്ചു തീരുമാനിക്കാനുള്ള അധികാരം എ ഈ ഓ ഓഫീസിനു നല്‍കുക അവിടെ നിന്നും ഓണ്‍ ലൈന്‍ ആയി അപേക്ഷ ഫോര്‍വേഡ്‌ ചെയ്യുക മാര്‍ക്കില്‍ മാറ്റം ഇല്ലെങ്കില്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റ്‌ അടിക്കാം ഡേറ്റ്‌ മാറ്റിയാല്‍ മതി? പ്രിണ്റ്റെടുത്ത്‌ ഒപ്പിടാന്‍ ഒരു ദിവസം മതി , എവിടെ നടക്കാന്‍?

ജോയിണ്റ്റ്‌ കമ്മീഷണറ്‍ പിന്നെ തലസ്ഥാനത്തിരിക്കുന്നത്‌ എന്തിനു? അയാള്‍ക്കെന്തിനു ടൈപ്പടിക്കാന്‍ ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റണ്റ്റ്‌? വിചാരണ ചെയ്ത്‌ ഞെളിയാന്‍ എന്തു സുഖം ആണു

വെളിയില്‍ എല്ലാവരും ക്യൂ ആയി അവിടെ നില്‍ക്കട്ടെ

കൂടുതല്‍ ക്യൂ സെക്റട്ടറിയുടെ മുറിക്കു വെളിയിലോ ഇവിടെയോ? ഞാനാണിവിടെ അധികാരി എല്ലോറ്‍ക്കും മേലാവി

Anonymous said...

ഇതിനൊക്കെ പെട്ടെന്നു തീരുമാനം എടുക്കാന്‍ കഴിവുള്ള മന്ത്രി വേണം പീ ജേ ജോസഫോ മാണിയോ ആയാല്‍ ഈ മെയില്‍ കണ്ടാല്‍ പ്രശ്നം തീര്‍ക്കും പക്ഷെ ബേബി സാര്‍ ചെയ്യില്ല അദ്ദേഹത്തെ്‌ കണ്‍ഫ്യൂഷന്‍ അടിപ്പിച്ചു തീരുമാനം എടുപ്പിക്കാതിരിക്കാന്‍ പിണറായി പറഞ്ഞ പോലെയുള്ള പേര്‍സണല്‍ സ്റ്റാഫ്‌ ഉണ്ട്‌ ഇനി എസ്‌ എസ്‌ എല്‍ സി ബുക്കിണ്റ്റെ ഡേറ്റ കൊടുക്കുന്ന സമയം അഡ്മിഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പോലെ ഡേറ്റ്‌ വയ്ക്കുക എന്നൊരു നിര്‍ദ്ദേശം യുഗങ്ങളായി ഉണ്ട്‌, മിടുക്കന്‍മാര്‍ പ്രിന്‍സിപ്പലിനെ സ്വാധീനിച്ചു സ്കൂളില്‍ നിന്നു ഡേറ്റ്‌ ശരിയാക്കി അയപ്പിക്കും ഇല്ലേല്‍ അവണ്റ്റെ ഒരു കൊല്ലം പോക്കാണു , ഈ നിര്‍ദ്ദേശത്തില്‍ ഒരു വരി കൂടി ചേര്‍ത്താല്‍ മതി ഒറിജിനല്‍ ബര്‍ത്‌ സര്‍ട്ടിഫിക്കറ്റ്‌ പ്രൊഡ്യൂസ്‌ ചെയ്താല്‍ ആ ഡേറ്റോ അല്ലെങ്കില്‍ അഡ്മിഷന്‍ രജിസ്റ്ററിലെ ഡേറ്റോ എന്നു മാറ്റിയാല്‍ മാത്രം മതി തൊണ്ണൂറു ശതമാം പ്രശ്നം സ്കൂളില്‍ തന്നെ തീരും , എവിടെ ചെയ്യാന്‍ ആരു പറയാന്‍ ആര്‍ക്ക്‌ ചേതം ഈ ഒറ്റ പരിഹാരം നടത്തിയാല്‍ അപേക്ഷകളുടെ എണ്ണം ഭീമമായി കുറയും

Anonymous said...

ഇപ്പോള്‍ കെട്ടിക്കിടക്കുന്ന അപേക്ഷ ഓരോ ജില്ലയില്‍ ഒരു പൊതു അദാലത്ത്‌ (സ്പീഡ്‌ പ്റോഗ്രാം) നടത്തി പതിനാലു ദിവസം കൊണ്ട്‌ തീറ്‍ക്കാം വേണമെങ്കില്‍ ഒരു മേള ആക്കാം എം എ ബേബിക്കു പതിനാലു ഉല്‍ഘാടനം ചെയ്യാം പക്ഷെ ചെയ്യുമോ?

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ സുശീലൻ, എന്റെ ഈ പോസ്റ്റ് താങ്കളുടെ കമന്റുകളും കൂടി ചേർത്ത് വായിക്കുമ്പോൾ കുറച്ചു കൂടി പൂർണ്ണത വരുന്നു. ഡേറ്റ് ഓഫ് ബർത്ത് തിരുത്തുന്നതുസംബന്ധിച്ച് ഇതിനു മുമ്പുള്ള ഒരു പോസ്റ്റിൽ ഞാൻ കുറച്ചുകൂടി വീശദമായി പറഞ്ഞിരുന്നു. സത്യത്തിൽ ഇത്തരം ഗൌരവമുള്ള പോസ്റ്റുകൾ ബ്ലോഗുകളിൽ ആരും വായിക്കാറില്ലെന്നതിനാൽ ഞാൻ ലാഘവത്തോടെ വെറും മന:സമധാനത്തിനു വേണ്ടി എഴുതിയതാണ് സിവിൽ സർവീസുമായി ബന്ധപ്പെട്ട മൂന്നു പോസ്റ്റുകളും. ഇല്ലെങ്കിൽ കുറച്ചുകൂടി കാര്യമായി എഴുതുമായിരുന്നു. തീർച്ചയായും താങ്കളെ പോലെ ഈ വിഷയങ്ങൾ അറിയാവുന്ന ഒരാൾ ഇതു വായിച്ച് നിർദ്ദേശങ്ങൾ അടക്കം കമന്റ് ചെയ്തതിനു നന്ദി! ബന്ധപ്പെട്ടവർ ആരും വന്നു കണ്ടില്ലെങ്കിലും ഇവിടെ നമ്മൾ കോറിയിട്ടത്തിന്റെ മന:സമാധാനമെങ്കിലും ഉണ്ടല്ലോ! ബ്ലോഗിൽ ഞാൻ കളിയായും കാര്യമായും പോസ്റ്റുകൾ ഇടാറുണ്ട്. വല്ലപ്പോഴുമെങ്കിലും എന്റെ ബ്ലോഗുവഴി താങ്കളും കടന്നു പോകുന്നതിൽ സന്തോഷം!

മുക്കുവന്‍ said...

എന്റെ അനിയന്റെ ജനന സര്‍ട്ടിഫിക്കേറ്റിനു അവന്‍ ഒരു വര്‍ഷം അപേക്ഷാ ഫോറവുമായി നടന്നു.. ദേ അവന്‍ അത് വാങ്ങീട്ടോ പക്ഷേ കൊറേ നടന്നു... സര്‍കാരാഫീസില്‍ നിന്ന് ഒരു കാര്യം നേരേ ചൊവ്വേ കിട്ടില്ലാ കാരണം തിരക്ക്... അവര്‍ തൊഴില്‍ ചെയ്യുന്നുണ്ട്.. പക്ഷേ അത് സീക്വൊന്‍ഷ്യല്‍ ആല്ലാ‍ാ... കാശുകൊടുക്കുന്നവന്റെ കാര്യം മാത്രം നടക്കും ഇല്ലാത്തവന്‍ എന്നും ക്യൂവില്‍ തന്നെ....