Tuesday, January 25, 2011

പ്രതികരണങ്ങളിലെ കപടനാട്യങ്ങൾ!


പ്രതികരണങ്ങളിലെ കപടനാട്യങ്ങൾ!

ഈ പോസ്റ്റ് നമ്മുടെയൊക്കെ പ്രതികരണ ശേഷിയെ കുറിച്ചാണ്.നാം എപ്പോഴും പറയാറുള്ളതാണല്ലോ പ്രതികരണ ശേഷിയെപ്പറ്റി. നിങ്ങൾ പ്രതികരണശേഷിയുള്ള ഒരാളാണോ? പ്രതികരണശേഷി ഉണ്ടെങ്കിൽത്തന്നെ പ്രതികരിക്കേണ്ട സന്ദർഭങ്ങളിലൊക്കെ നിങ്ങൾ പ്രതികരിക്കാറുണ്ടോ? ആരോടാണോ, എന്തിനോടാണോ പ്രതികരിക്കേണ്ടത് അത് ആവിധം തന്നെ നിർവ്വഹിക്കുന്നുണ്ടോ? അങ്ങനെ പ്രതികരിച്ചാലുണ്ടാകുന്ന അനന്തര ഫലങ്ങളെ അഭിമുഖീകരിക്കുവാൻ നിങ്ങൾ തയ്യാറാണോ? ജീവിതത്തിലുടനീളം ഈ പ്രതികരണ ശേഷി നിലനിർത്താൻ നിങ്ങൾക്കു സാധിക്കുമോ? ഈ ചോദ്യങ്ങൾക്കൊന്നിനും ഒറ്റവാക്കിൽ സത്യസന്ധമായ ഒരു ഉത്തരം നൽകുവാൻ നിങ്ങൾക്ക് കഴിയില്ലെന്നുതന്നെ വിശ്വസിക്കട്ടെ?

അനീതി എവിടെ കണ്ടാലും ഞാനെതിർക്കുമെന്നൊക്കെ നമ്മളിൽ പലരും പറയാറുള്ളതാണ്. അങ്ങനെ അനീതി കാണുന്നിടത്തൊക്കെ ചാടിവീണ് നമ്മളിൽ എത്രപേർ പ്രതികരിക്കാറുണ്ട്? അങ്ങനെ പ്രതികരിച്ചാൽ തന്നെ ആരെങ്കിലും നമ്മളെക്കുറിച്ച് നല്ലതു പറയുമോ? നമ്മളെ പിന്തുണച്ച് കൂടെ നിൽക്കുമോ? ആരും കൂടെ ഇല്ലെങ്കിലും നമ്മൾ നമ്മുടേതായ പ്രതികരണം നടത്തേണ്ടതല്ലേ? പ്രതികരണത്തിന്റെ കാര്യത്തിൽ നമ്മുടെ സംഭാവന എത്രത്തോളമുണ്ട്? സത്യത്തിൽ നാം ഓരോരുത്തരും സ്വയം വിലയിരുത്തിയാൽ ഇക്കാര്യത്തിൽ നമ്മൾ എത്ര ഉദാസീനരാണെന്ന് മനസിലാക്കാൻ കഴിയും. പല സന്ദർഭങ്ങളിലും പ്രതികരണത്തിന്റെ കാര്യത്തിൽ നാം എത്ര സ്വാർത്ഥരാണെന്ന് മനസിലാക്കൻ പറ്റും. പല സന്ദർഭങ്ങളിലും നാം എത്ര നിസഹായരാണെന്നും മനസിലാക്കാൻ കഴിയും.

ഞാൻ മുഖം നോക്കാതെ അനീതിക്കെതിരെ ശബ്ദിക്കുമെന്ന് നമ്മളിൽ പലരും വീമ്പിളക്കും. നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആരെങ്കിലും കൊടിയ അനീതി നടത്തിയാൽ പോലും നാം പ്രതികരിക്കില്ല. മത്രമല്ല ചിലപ്പോൾ ന്യായീകരിക്കുകയും ചെയ്യും. ചിലർ പറയാറുണ്ട് എന്റെ അച്ഛനായാലും ഞാൻ പറയാനുള്ളതു പറയുമെന്ന്! ശരിയായിരിക്കാം; അച്ഛൻ തെറ്റു ചെയ്താൽ നമ്മളിൽ പലരും എതിർത്തേക്കും.അത് തെറ്റെന്നു തന്നെ പറയും. പക്ഷെ മറ്റു പലരും കാണിക്കുന്ന കൊള്ളരുതയ്മകൾ അവരുടെ വിരോധം ഭയന്ന് കണ്ടില്ലെന്നു നടിക്കും. അയൽക്കാരൻ വന്ന് സ്വന്തം പുരയിടം തോണ്ടിയാൽ ചാടിയിറങ്ങും. ആരെങ്കിലും നമുക്ക് വേണ്ടപ്പെട്ടവർ സർക്കാർ റോഡോ മറ്റു പൊതുമുതലോ അന്യന്റെ മുതലോ കൈയ്യേറിയാൽ മിണ്ടാതിരിക്കുകയും ചെയ്യും. തൊട്ട കൈക്ക് അടികൊടുക്കുന്നവരാണത്രേ ചിലർ. എവിട? തന്നെക്കാൾ കൈയ്യൂക്ക് കുറഞ്ഞവർ എന്തെങ്കിലും തെറ്റ് ചെയ്താൽ തൊട്ട കൈക്ക് അടികൊടുത്ത് വലിയ ആളു ചമയും. തനിക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത തടിമിടുക്കുള്ള ആരെങ്കിലുമാണ് തെറ്റ് കാണിക്കുന്നതെങ്കിൽ നാക്കുതന്നെ ഇറങ്ങിപ്പോകും. പിന്നെയയല്ലേ കൈ പൊങ്ങുന്നത്.

പലയിടത്തും അരുതാത്ത കാര്യങ്ങൾ നടക്കുമ്പോൾ അടിപേടിച്ച് മിണ്ടാതെ പോകേണ്ടിവരും. ചുരുക്കത്തിൽ കഴുതക്കാമം കരഞ്ഞു തീർക്കുന്നതുപോലെയാണ് നമ്മൾ അവിടെയും ഇവിടെയും നിന്ന് എന്തിനെങ്കിലും എതിരെ വല്ലതും പ്രതികരിക്കുന്നത്. എവിടെനിന്നാണോ പ്രതികരിക്കേണ്ടത്, ആർക്കു നേരെയാണോ പ്രതികരിക്കേണ്ടത് അവർക്കു നേരെ നമ്മുടെ നാവോ മുഷ്ടിയോ ചലിക്കുകയില്ല. അഥവാ അതിനൊന്നും നമൂക്ക് സമയമില്ല. എല്ലാത്തിനും ഭരണകൂടത്തെയും രാഷ്ട്രീയക്കാരെയും വിമർശിച്ച് സായൂജ്യമടയുക. സ്വന്തം ഉത്തരവാദിത്വങ്ങൾ ആരും നിറവേറ്റുകയുമില്ല. ഇന്ത്യയ്ക്ക് അന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിൽ സ്വാതന്ത്ര്യം കിട്ടിയത് ഭാഗ്യം. ഇന്നായിരുന്നെങ്കിൽ സ്വാതന്ത്ര്യ സമരത്തിനിറങ്ങാൻ ഒരുപക്ഷെ ആരുമുണ്ടാകുമായിരുന്നില്ല. നല്ലോരുപങ്ക് ബ്രിട്ടീഷുകാരുടെ പക്ഷത്ത് നിന്ന് ദേശസ്നേഹികളായ സ്വാതന്ത്ര്യ സമരപോരാളികളെ നേരിടുമായിരുന്നു.


ചായക്കടയിലും ചാരായക്കടയിലും ചന്തക്കവലയിലും നാലാൾകൂടിന്നിടത്തൊക്കെ ഇരുന്ന് നാട്ടിൽ നടക്കുന്ന സകല അനീതികൾക്കെതിരെയും നമ്മൾ സംസാരിക്കും. എന്നാൽ ആരാണോ ഈ അനീതി കാണിക്കുന്നത് അവർക്കു നേരെ മുഖാമുഖം ചെന്നുനിന്ന് അതിനെ ചോദ്യം ചെയ്യുമോ? എന്തിനും ഏതിനും പഞ്ചായത്ത് മെമ്പർ മുതൽ കേന്ദ്രഭരണകൂടത്തെയും ലോക രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതകൾക്കെതിരെയും വരെ നമ്മൾ നാക്കിട്ടടിക്കും. പക്ഷെ കേൾക്കുന്നവർ അതുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരും നമുക്ക് ചുറ്റുമുള്ള ആരെങ്കിലും ചിലരും മാത്രമായിരിക്കും. ഒരു യുദ്ധമുണ്ടായാൽ യുദ്ധത്തിനെതിരെ നമ്മൾ സംസാരിക്കും. എന്നിട്ട് കതകുമടച്ച് വീട്ടിലിരിക്കും. അതിനെതിരെ അടുത്ത തെരുവിലെങ്കിലും ഇറങ്ങി നാലാളെക്കൂട്ടി ഒരു പ്രകടനമെങ്കിലും നടത്താൻ തയ്യാറാവുകയുമില്ല. വിലവർദ്ധനവിനെതിരെ സംസാരിക്കും. സർക്കാരുകളെ കുറ്റം പറയും. ക്രിയാത്മകമായി എന്തെങ്കിലും പ്രതികരണത്തിനു തയ്യാറാകാതെ പിന്നെ പുതിയ യാഥാർത്ഥ്യങ്ങളുമായി നാം പൊരുത്തപ്പെടും. അഴിമതിക്കെതിരെ സംസാരിക്കും. അനീതിക്കെതിരെ സംസാരിക്കും. കൊടിയ അഴിമതിയും വൃത്തികേടുകളും നടത്തിയതിനു ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തുവരുന്ന രാഷ്ട്രീയക്കാരനെ പിന്നെയും വോട്ട് ചെയ്ത് അധികാരത്തിലേറ്റുകയും ചെയ്യും.

മദ്യമാഫിയകൾക്കെതിരെ സംസാരിക്കും. രാഷ്ട്രീയക്കാരും മദ്യമാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾക്കെതിരെ ധാർമ്മികരോഷം കൊള്ളും. എന്നിട്ട് അവരുടെ ബാറുകളിൽ ചെന്ന് വിഷച്ചാരായം വാങ്ങിക്കുടിക്കുകയും ചെയ്യും. മദ്യ രാജാവ് മുന്നിൽ വന്നു നിൽക്കുമ്പോൾ മാറാപ്പഴിച്ചിട്ട് ആരാധനയോടെ നോക്കും. ഒത്താൽ അവന്റെ സ്ഥാപനങ്ങളിൽ പോയി തൊഴിലെടുക്കാനും ശമ്പളം പറ്റാനും ഉളുപ്പില്ല. കഞ്ചാവിനെതിരെ സംസാരിക്കും. പുകവലിക്കുന്നവർക്കെതിരെ സംസാരിക്കും. പാൻപരാഗ് വയ്ക്കുന്നവർക്കെതിരെ സംസാരിക്കും. എന്നിട്ട് സ്വയം അതൊക്കെ ചെയ്യുകയും ചെയ്യും. അതൊന്നും ഉപയോഗിക്കാത്തവർ ആണെങ്കിലും സ്വന്തമായി കടയുണ്ടെങ്കിൽ ഈ സാധനങ്ങൾ ഒക്കെത്തന്നെ എടുത്തു വച്ചിട്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു തന്നെ വിറ്റ് ലാഭമുണ്ടാക്കി സ്വന്തം കുട്ടികളുടെയും കുടുംബത്തിന്റെയ്യും ഭാവി സുരക്ഷിതമാക്കും.

സർക്കാർ ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് പറയും. സ്വജനപക്ഷപാതത്തെ കുറിച്ച് പറയും. ചുവപ്പുനാടയെക്കുറിച്ച് പറയും. കെടുകാര്യസ്ഥതയെക്കുറിച്ച് പറയും. എന്നാൽ സർക്കാർ ഓഫീസിൽ ചെന്നാലോ? ഒട്ട് മിണ്ടുകയുമില്ല. മറിച്ച് കൈക്കൂലിയും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് സ്വന്തം കാര്യങ്ങൾ ന്യായമല്ലാത്തവകൂടിയും നേടിയെടുക്കുകയും ചെയ്യുക. സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനും കൈക്കൂലിക്കും എതിരെ സംസാരിക്കും. സ്വന്തം കാര്യത്തിനു നേരം വെളുക്കും മുമ്പേ പച്ചനോട്ടുമായി സർക്കാർ ഡോക്ടറുടെ വീട്ടുവാതിൽക്കൽ ചെന്ന് കാത്തു നിൽക്കും. നീതിനിർവ്വഹണരംഗത്തെ അഴിമതിയെക്കുറിച്ചും ക്രിമിനലുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരെക്കുറിച്ചും വലിയ വായിൽ വർത്തമാനം പറയും. വേണ്ടപ്പെട്ട ആരെങ്കിലും തെമ്മാടിത്തരം കാണിച്ച് പോലീസിലാകുമ്പോൾ രാഷ്ട്രീയക്കാരനെ ചെന്നു കണ്ട് കാലു പിടിച്ചും പോലീസുകാർക്ക് കൈക്കൂലി കൊടുത്തും പ്രതിയെ രക്ഷിച്ചെടുക്കും. എന്നിട്ട് നീതിന്യായ വ്യവസ്ഥിതിയുടെ തകർച്ചയെപ്പറ്റി ഓലിയിടും.

മലയാള ഭാഷ മരിക്കുന്നതിനെ പറ്റി സംസാരിക്കും. സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേ ചേർക്കുകയുമുള്ളൂ. റോഡിൽ ട്രാഫിക്ക് കുരുക്കിനെതിരെ അധികാരികളെ തെറിപറയും. സ്വന്തം വാഹനം ട്രാഫിക്ക് നിയമം കാറ്റിൽ പറത്തി ഓടിച്ചു പോകും. പരിസരമലിനീകരണത്തിനെതിരെ സംസാരിക്കും. പൊതുവഴികൾ വൃത്തിയാക്കാത്തതിനു നഗര സഭയെയോ മുനിസിപ്പാലിറ്റിയെയോ പഞ്ചായത്തിനെയോ വിമർശിക്കും. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ എല്ലാം കൂടി പൊതുവഴിയിലേയ്ക്ക് തള്ളിവിടുകയും ചെയ്യും. ആളുകൾ സർക്കാർ റോഡും ഭൂമിയും ഒക്കെ കയ്യേറുന്നതിനെതിരെ രോഷം കൊള്ളും. സ്വന്തം വീട്ടിന്റെ മതിൽ കെട്ടുമ്പോൾ റോഡ് പാതിയും അവർക്കു സ്വന്തം! വീടു വയ്ക്കുമ്പോൾ ഇത്ര മീറ്റർ വിട്ടു വീട് വയ്ക്കണം എന്നു നിയമം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് കൈക്കൂലി കൊടുത്ത് അതിൽ പാതിപോലും വിടാതെ അനുമതി വാങ്ങി വീട് നിർമ്മിക്കും. നിലം നികത്തലിനെതിരെ പരിസ്ത്ഥിതിശാസ്ത്രം പറയും. സ്വന്തം നിലം കോരി കോൺക്രീറ്റ് കൃഷി തുടങ്ങും. ഗതാഗതത്തിന്റെ അപര്യാപ്തതയെപ്പറ്റി പരാതിപ്പെടും. റോഡ് വീതി കൂട്ടാൻ അല്പം സ്ഥലം വിട്ടു കൊടുക്കാൻ പറഞ്ഞാൽ ഉടൻ കോടതിയിൽ സ്റ്റേ വാങ്ങാൻ പോകും.

കൈകാണിച്ചാൽ വണ്ടി നിർത്താത്തതിനെപ്പറ്റി നമുക്ക് പരാതി;. നമ്മൾ വണ്ടിയിൽ കയറിയാൽ പിന്നെ എങ്ങും നിർത്താനും പാടില്ല! ഇനി വണ്ടിയിൽ നമുക്ക് സീറ്റ് കിട്ടിയില്ലെങ്കിലോ? സീറ്റിൽ ഇരിക്കുന്നവരോട് കലി. നമുക്ക് സീറ്റ് കിട്ടുമ്പോഴോ? നമ്മുടെ ദേഹത്തൊന്നും നിൽക്കുന്നവർ ഉരുമ്മിപ്പോകരുത്! പോരാത്തതിനു കുത്തി ഞെരുക്കി ആളെ കയറ്റുന്നതിൽ രോഷവും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ പ്രസംഗിക്കും. സ്വന്തം മകന് പൊന്നിൽ പൊതിഞ്ഞ പെണ്ണും, കൊണ്ടുനടക്കാൻ ലേറ്റസ്റ്റ് മോഡൽ കാറും രാജ്യവിസ്തൃതിയുടെ പകുതി ഭൂമിയും നിർബന്ധം. ആർഭാട വിവാഹത്തിനെതിരെ പ്രസംഗിക്കും. സ്വന്തം മക്കളുടെ കല്യാ‍ണത്തിന് തൃശൂർ പൂരത്തിന്റെ ആളും രാഷ്ട്രപതി വരെയുള്ള വി.വി.ഐ.പികളും അംബാനിവരെയുള്ള സമ്പന്നരും സിനിമാ സൂപ്പർ താരങ്ങളും വന്ന് സദ്യ ഉണ്ടിരിക്കണം. ലളിത ജീവിതത്തെപ്പറ്റി ഗാന്ധിജയന്തിയ്ക്കു പോയി ക്ലാസ്സെടുക്കും. കാലിൽ കിടക്കുന്നത് അയ്യായിരമോ അതിനുമുകളിലോ രൂപ വില വരുന്ന ചെരിപ്പായിരിക്കും. വരുന്നത് അൻപതു ലക്ഷം രൂപയുടെ എ.സി കാറിലും, താമസിക്കുന്നത് നിയമസഭാ മന്ദിരം പോലത്തെ വീട്ടിലും. രാജ്യത്തെ പട്ടിണിയിലും ദാരിദ്ര്യത്തിലും ഉൽക്കണ്ഠ രേഖപ്പെടുത്തും. തലയ്ക്കുമീതെ സമ്പത്ത് കുമിഞ്ഞുകൂടിയാലും അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കുകയുമില്ല.

ഈ നാട് നന്നാകില്ലെന്ന് കൂടെക്കൂടെ പറയും. നാടിന്റെ നാളത്തെ ഭാവിയിൽ ഉൽക്കണ്ഠപ്പെടും. ആരാണ് നാട് നന്നാക്കേണ്ടത്? നാടു നന്നാക്കേണ്ടവർ ആരൊക്കെയോ ഉണ്ട്. അവർ ആരാണെന്ന് പറാൻ അറിയുകയുമില്ല. എന്നാൽ അവർ നന്നാക്കിക്കൊള്ളണം. നമുക്ക് അതിനൊന്നും സമയമില്ല. നമ്മളോക്കെ നല്ല പിള്ളകളാണ്. അങ്ങനെയല്ലാത്തവർ ആരൊക്കെയോ ഉണ്ട്. നമ്മൾ ചെയ്യുന്നതൊക്കെ ശരി. ഇനി തെറ്റാണ് നമ്മൾ ചെയ്യുന്നതെങ്കിലും മറ്റുള്ളവർ അതു ചെയ്യാതിരുന്നാൽ മതി! എന്തിന്റെയും ഏതിന്റെയും എല്ലാ ഉത്തരവാദിത്തങ്ങളും സർക്കരിന്റെയോ മറ്റുള്ളവരുടെയോ തലയിൽ കെട്ടി വച്ചിട്ട് നമുക്ക് നമ്മുടെ കാര്യം മാത്രം! ഒത്തിടത്ത് ഒത്ത പോലെയാണ് നമ്മുടെ ന്യായങ്ങൾ. എന്നിട്ട് നാട് നന്നാകുന്നില്ലെന്ന് പരാതി പറഞ്ഞിട്ടെന്തുകാര്യം? ശരിക്കും നാട് നന്നാകാൻ നാട്ടുകാർ നന്നാവണം. മനുഷ്യൻ നന്നാവാൻ മനസു നന്നാവണം!

5 comments:

faisu madeena said...

എല്ലാവര്ക്കും അവനവന്റെ കാര്യം മാത്രം ..!

Muralee Mukundan , ബിലാത്തിപട്ടണം said...

‘മലയാള ഭാഷ മരിക്കുന്നതിനെ പറ്റി സംസാരിക്കും. സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേ ചേർക്കുകയുമുള്ളൂ. റോഡിൽ ട്രാഫിക്ക് കുരുക്കിനെതിരെ അധികാരികളെ തെറിപറയും. സ്വന്തം വാഹനം ട്രാഫിക്ക് നിയമം കാറ്റിൽ പറത്തി ഓടിച്ചു പോകും. പരിസരമലിനീകരണത്തിനെതിരെ സംസാരിക്കും. പൊതുവഴികൾ വൃത്തിയാക്കാത്തതിനു നഗര സഭയെയോ മുനിസിപ്പാലിറ്റിയെയോ പഞ്ചായത്തിനെയോ വിമർശിക്കും. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ എല്ലാം കൂടി പൊതുവഴിയിലേയ്ക്ക് തള്ളിവിടുകയും ചെയ്യും. ആളുകൾ സർക്കാർ റോഡും ഭൂമിയും ഒക്കെ കയ്യേറുന്നതിനെതിരെ രോഷം കൊള്ളും. സ്വന്തം വീട്ടിന്റെ മതിൽ കെട്ടുമ്പോൾ റോഡ് പാതിയും അവർക്കു സ്വന്തം! വീടു വയ്ക്കുമ്പോൾ ഇത്ര മീറ്റർ വിട്ടു വീട് വയ്ക്കണം എന്നു നിയമം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് കൈക്കൂലി കൊടുത്ത് അതിൽ പാതിപോലും വിടാതെ അനുമതി വാങ്ങി വീട് നിർമ്മിക്കും. നിലം നികത്തലിനെതിരെ പരിസ്ത്ഥിതിശാസ്ത്രം പറയും. സ്വന്തം നിലം കോരി കോൺക്രീറ്റ് കൃഷി തുടങ്ങും. ഗതാഗതത്തിന്റെ അപര്യാപ്തതയെപ്പറ്റി പരാതിപ്പെടും. റോഡ് വീതി കൂട്ടാൻ അല്പം സ്ഥലം വിട്ടു കൊടുക്കാൻ പറഞ്ഞാൽ ഉടൻ കോടതിയിൽ സ്റ്റേ വാങ്ങാൻ പോകും.‘

മലായാളിയുടെ ഡെഫിനിഹനാണീത് കേട്ടൊ ഭായ്.

സ്വന്തം കാര്യം സിന്ദാബാദ്...! ! !

mini//മിനി said...

വിദ്യാർത്ഥികളെ സമീപത്തുള്ള മലയാളം വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്ന് രക്ഷിതാക്കളോട് വാചാലമായി പറയുന്ന ഒരു അദ്ധ്യാപികയോട് ഒരു രക്ഷിതാവ് ചോദിച്ചു,
“നിങ്ങളുടെ കുട്ടികളെ എന്തിനാണ് പട്ടണത്തിലെ സ്വകാര്യ ഇംഗ്ലീഷ് വിദ്യാലയത്തിൽ അയച്ചത്?”
“അത് എന്റെ സ്ക്കൂളിൽ ഞാൻ മാത്രമേ നന്നായി പഠിപ്പിക്കുന്നുള്ളു, അത് കൊണ്ട് നന്നായി പഠിപ്പിക്കുന്ന മറ്റൊരു സ്ക്കൂളിൽ അയച്ചു”
ഇതാണ് പ്രതികരണത്തിന്റെ മറുപടി.

സത്യമേവജയതേ said...

ഒരു കൊള്ളാവുന്ന പോസ്റ്റ് ..നന്ദി

sm sadique said...

വെറും പ്രതികരണം; “എല്ലാം. “