Sunday, June 26, 2011

ഇ.എ.സജിം തട്ടത്തുമലയുമായി അഭിമുഖം
ഇ.എ.സജിം തട്ടത്തുമലയുമായി ഡോ. ജെയിംസ് ബ്രൈറ്റ് നടത്തിയ അഭിമുഖം


ഇത്തിരി ചോദ്യങ്ങളും ഒത്തിരി ഉത്തരങ്ങളും; ബൂലോകം ഓൺലെയിൻ അഡ്മിൻ ഡോ. ജെയിംസ് ബ്രൈറ്റിന്റെ പത്ത് ചോദ്യങ്ങളും അവയ്ക്കുള്ള നീട്ടിപ്പരത്തിയ ഉത്തരങ്ങളും ! പൊതുവിൽ ബ്ലോഗ് എന്ന മാദ്ധ്യമത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും അല്പം ചിലത് പറയാനുള്ള ഒരു അവസരമായി ഈ ഈ അഭിമുഖത്തെ കണ്ടു. ബൂലോകം ഓൺലെയിനിൽ പ്രസിദ്ധീകരിച്ച അഭിമുഖം എന്റെതന്നെ ബ്ലോഗിൽ കൂടി കിടക്കണമെന്ന ആഗ്രഹം കൊണ്ട് ഇവിടെ റീപോസ്റ്റ് ചെയ്യുന്നു.

1. Q. ഡോ.ജെയിംസ് ബ്രൈറ്റ്: സജിമിനെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ വളരെ സന്തോഷം. ബ്ലോഗില്‍ വന്നതുകൊണ്ട് എന്തെല്ലാം പ്രയോജനം ഉണ്ടായി?

A. ..സജിം തട്ടത്തുമല: ഇങ്ങനെ ഒരു ഇന്റെര്‍വ്യൂ നടത്തുന്നതില്‍ താങ്കളോടുള്ള നന്ദി ആദ്യം അറിയിക്കുന്നു. ഒപ്പം ഇങ്ങനെ ഒരു ഇന്റെര്‍വ്യൂവിന് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിലുള്ള താങ്കളുടെ കഴിവും സൂക്ഷ്മതയും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് കൂടി പറഞ്ഞുകൊള്ളുന്നു.

ഇനി ബ്ലോഗില്‍ വന്നതുകൊണ്ടുള്ള പ്രയോജനങ്ങളെപ്പറ്റി പറയാം. എഴുത്തിനോടും വായനയോടും വലിയ താല്പര്യമുള്ള ഒരാളാണ് ഞാന്‍. പ്രീ-ഡിഗ്രീ കാലത്തു തന്നെ പത്ര മാദ്ധ്യമങ്ങളില്‍ ചിലതിലൊക്കെ എന്റെ ചില രചനകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഒരുപാ‍ട് എഴുതി അയക്കുമ്പോഴാണ് ഒന്നോരണ്ടൊ അച്ചടിച്ചു വരുന്നത്. പള്ളിക്കൂടക്കാലത്ത് ആകാശവാണിയുടെ ആരാധകനായിരുന്ന ഞാന്‍ അവിടേയ്ക്കും ചില വികല സൃഷ്ടികള്‍ അയച്ച് കാത്തിരുന്നിട്ടുണ്ട്. ശ്രോതാക്കളുടെ ഭാഗ്യത്തിന് അവര്‍ ഒന്നും സ്വീകരിച്ചില്ല. എന്തെങ്കിലും എഴുതി അയച്ച ശേഷമുള്ള കാത്തിരിപ്പും അത് പ്രസിദ്ധീകരിച്ച് വരാതിരിക്കുമ്പോഴുള്ള നിരാശയും വളരെ വലുതാണ്. ഇത് മാദ്ധ്യമങ്ങളുടെ കുഴപ്പമല്ല. അവിടെ എണ്ണമറ്റ രചനകള്‍ എത്തും. അതൊന്നും നോക്കാന്‍ അവിടെ ആര്‍ക്കും സമയമുണ്ടാകില്ല. നോക്കിയാല്‍ തന്നെ പരിശോധിക്കുന്ന ആളിന്റെ മനോഭാവങ്ങള്‍ ആണ് രചനകളുടെ നിലവാരം നിര്‍ണ്ണയിക്കുന്നത്. പരിശോധകര്‍ എത്ര വലിയ പണ്ഡിതന്മാര്‍ ആയാലും ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് നിലവാരം സംബന്ധിച്ച് തീര്‍പ്പുകല്പിക്കാന്‍ കഴിയുന്നതല്ല ഒരാളുടെ ഏതെങ്കിലും രചന; ചില മാദ്ധ്യമങ്ങള്‍ ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞവ പിന്നീട് മറ്റു ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും അവ ഉല്‍കൃഷ്ടമെന്ന് പിന്നീട് വാഴ്ത്തപ്പെടുകയും അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത എത്രയോ അനുഭവങ്ങളുണ്ട്, എഴുത്തിന്റെ ലോകത്ത്.

ഇനി അതല്ലെങ്കില്‍ നമ്മുടെ രചനകള്‍ അച്ചടിച്ചു വരാന്‍ നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും മാദ്ധ്യമസ്ഥാപനങ്ങളില്‍ ഉണ്ടാകണം. അല്ലെങ്കില്‍ നമ്മള്‍ ചെന്ന് അവരെ നമ്മുടെ വേണ്ടപ്പെട്ടവര്‍ ആക്കണം. അതിനൊന്നും ഞാന്‍ മിനക്കെട്ടിട്ടില്ല. അക്കാര്യങ്ങളില്‍ അത്ര മിടുക്കുമില്ല. ഇഷ്ടവുമുണ്ടായില്ല. ഒരുപാട് എഴുതാനും പറയാനുമുണ്ട്. പക്ഷെ നാലാള്‍ക്ക് മുന്നില്‍ അതെത്തിക്കുവാന്‍ കഴിയുന്നുമില്ല. ഇത് വല്ലാത്തൊരു പിരിമുറുക്കം എന്നില്‍ സൃഷ്ടിച്ചു. എന്നെങ്കിലും സ്വന്തമായി ഒരു മാസിക തുടങ്ങണമെന്നും എന്നിട്ട് ഇഷ്ടാനുസരണം എഴുതണമെന്നും മനസില്‍ വിചാരിച്ചു നടന്നു. പക്ഷെ അതിനു പണം വേണം. പണം വേണമെങ്കില്‍ ജോലി വേണം. ഇത് ജോലിയുമില്ല. പണവുമില്ല. ഒടുവില്‍ അത് ആഗ്രഹമായി മാത്രം ശേഷിച്ചു. ഇനി എനിക്ക് അത്തരം ഒരു ആഗ്രഹങ്ങളും നിറവേറ്റാനാകില്ലെന്നുറപ്പിച്ച് കഴിയവേ ആണ് വളരെ വൈകിയാണെങ്കിലും യാദൃശ്ചികമായി ബ്ലോഗ് എന്ന മാദ്ധ്യമം ഞാനും കണ്ടെത്തിയത്. ഇതെനിക്ക് നല്‍കിയ സന്തോഷം ശരിക്കും ഒരു ഭ്രാന്തായി മാറി എന്നുവേണം പറയാന്‍.

ആദ്യമാദ്യം പല പേരുകളില്‍ പല ബ്ലോഗുകള്‍ തുടങ്ങി. കമ്പെട്ടിയുടെ മുന്നില്‍നിന്ന് എഴുന്നേല്‍ക്കാതെയായി. ഒരിക്കല്‍ പ്രൊഫെയില്‍ പേരു തന്നെ ബ്ലോഗ് ഭ്രാന്തനെന്ന് എഴുതി വയ്ക്കുക പോലും ഉണ്ടായി. ആദ്യം തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതി വീട്ടില്‍ എവിടെയൊക്കെയോ സൂക്ഷിച്ചിരുന്ന കവിതകളും കഥകളും ലേഖനങ്ങളും എല്ലാം പൊടിതട്ടിയെടുത്ത് എന്റെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചു. ഒപ്പം ബ്ലോഗിന്റെ സാങ്കേതികവശങ്ങള്‍ പഠിക്കാനും ഏറെ താല്പര്യം കാണിച്ചു. അതിന്നും തുടരുന്നുണ്ട്. അങ്ങനെ ഞാനും ഒരു ബ്ലോഗറായി. ഇതുവഴി എനിക്ക് ലോകത്ത് എവിടെയുമുള്ള ധാരാളം മലയാളികളുമായി സൌഹൃദത്തില്‍ ആകാന്‍ കഴിഞ്ഞു. അവരില്‍ പലരെയും ഞാന്‍ നേരില്‍ കണ്ടിട്ടുകൂടിയില്ല. എന്നാല്‍ ചിലരെയെല്ലാം പിന്നീട് കണ്ടുമുട്ടാന്‍ അവസരം ഉണ്ടാകുകയും ചെയ്തു. അക്ഷരങ്ങളെയും അറിവിനെയും ആശയങ്ങളെയും സ്നേഹിക്കുന്നവര്‍ തമ്മിലുള്ള സവിശേഷമായ ഒരു സൌഹൃദമാണ് ബ്ലോഗിലൂടെ രൂപപ്പെടുക. ഇതില്‍ ചിലതൊക്കെ അല്പായുസുള്ള സൌഹൃദങ്ങളാകാം. എങ്കിലും സൌഹൃദങ്ങള്‍ സൌഹൃദങ്ങള്‍ തന്നെ; അവ നിലനില്‍ക്കുന്നസമയത്തോളം. നൈമിഷികമായ സൌഹൃദങ്ങള്‍പോലും ക്രിയാത്മകമായ ഊര്‍ജ്ജം നമുക്ക് നല്‍കും. പോസിറ്റീവ് എനര്‍ജി എന്നൊക്കെ പറയില്ലേ? അതുതന്നെ!

നമുക്ക് ആരുടെയും ശുപാര്‍ശകളില്ലാതെ അവനവനാല്‍ത്തന്നെ നാലാള്‍ അറിയുന്ന ആളാകാനും നാലാളെ അറിയുന്ന ആളാകാനും കഴിയുന്നു എന്നതും ബ്ലോഗിന്റെ പ്രത്യേകതയാണ്. ഒപ്പം നമ്മുടെ അറിവുകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുവാനും മാദ്ധ്യമം നമ്മെ സഹായിക്കും. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരമാണ് ബ്ലോഗിന്റെ ഏറ്റവും വലിയ മെച്ചമെന്നതും എടുത്തുതന്നെ പറയണം. മറ്റൊന്ന് നമ്മുടെ നാട്ടിലും ലോകത്താകെയും അനുനിമിഷം ഓരോ കാര്യങ്ങള്‍ നടന്നുകോണ്ടിരിക്കും. അവയോട് സമൂഹത്തില്‍ അറിയപ്പെടുന്ന, പ്രശസ്തരായ വ്യക്തികളും പ്രസ്ഥാനങ്ങളും പ്രതികരിക്കുകയും അവരുടെ നിലപാടുകള്‍ അറിയിക്കുകയും ചെയ്യും. അവരുടെ പ്രതികരണങ്ങളും നിലപാടുകളും വാര്‍ത്താപ്രാധാന്യം നേടുകയും മാദ്ധ്യമങ്ങള്‍ വഴി ആളുകള്‍ അറിയുകയും ചെയ്യും.

എന്നാല്‍ ലോകത്ത് നടക്കുന്ന ഏതുകാര്യത്തോടും സധാരണക്കാരായ ആളുകള്‍ക്കും അവരുടേതായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാകും. പക്ഷെ അവര്‍ പ്രശസ്തരല്ലാത്തതുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നില്ല. സാധാരണക്കാരന് അവന്റെ വാക്കുകള്‍ തനിക്കുചുറ്റുമുള്ള ചെറുലോകത്ത് വല്ല ചായക്കടയിലോ വായനശാലയിലോ കടത്തിണ്ണയിലോ സ്വന്തം വീട്ടിലോ ഇരുന്ന് മാത്രം പറയാന്‍ കഴിയും. ചിലരാകട്ടെ ആരോടും പറയാതെ മനസില്‍ വച്ച് വീര്‍പ്പുമുട്ടുകയും ചെയ്യും. നമ്മുടെ നാട്ടില്‍ പഴയ ഒരു നക്സല്‍ അനുഭാവിയായിരുന്ന .രാഘവന്‍ ഏതെങ്കിലും ഒരു വിഷയത്തോടുള്ള തന്റെ പ്രതികരണം ഒരു കടലാസില്‍ എഴുതി തന്റെ പെട്ടിക്കടയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് തൃപ്തനാകുന്നത് ഞാന്‍ ഇത്തരുണത്തില്‍ ഓര്‍ക്കുകയാണ്. തന്റെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഒരു മാദ്ധ്യമം ഇല്ലാത്തതുകൊണ്ടാണ് രാഘവയണ്ണന്‍ അങ്ങനെ ചെയ്തിരുന്നത്. ചിലപ്പോള്‍ അദ്ദേഹം സ്വന്തമായി ലഘുലേഖകള്‍ തന്നെ ഇറക്കിയിരുന്നു.

എന്നാല്‍ ഇന്ന് ഇന്റെര്‍നെറ്റും ബ്ലോഗും ആവശ്യത്തിനെങ്കിലും പഠിക്കുന്ന ഏതൊരു സാധരണ പൌരനുകൂടിയും ഏത് വിഷയത്തിലും തന്റെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിലപാടുകളും നാലാളെ അറിയിക്കുവാന്‍ ബ്ലോഗുകള്‍ വഴി കഴിയും. ജനാധിപത്യ പ്രക്രിയയില്‍ ഒരു പൌരന് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ബ്ലോഗുകള്‍ സഹായിക്കും. ഇതൊന്നുമല്ലെങ്കിലും ബ്ലോഗുകള്‍കൊണ്ട് ആത്മാസാക്ഷാല്‍ക്കാരത്തിലൂടെ ആത്മസംതൃപ്തി ആഗ്രഹിക്കുന്നവര്‍ക്ക് അത് നേടാനെങ്കിലും കഴിയുമല്ലോ! അതുതന്നെ ഒരു വലിയ കാര്യമാണ്.

മറ്റൊന്ന് നമുക്ക് സ്വയം തിരുത്താനും തിരുത്തപ്പെടാനും നമ്മളെത്തന്നെ തിരിച്ചറിയാനും ബ്ലോഗുകള്‍ സഹായിക്കും എന്നുള്ളതാണ്. നമ്മള്‍ ശരിയെന്ന് കരുതുന്ന പല നിലപാടുകളും തെറ്റാണെന്ന് നമുക്ക് തിരിച്ചറിയാന്‍ ബ്ലോഗുകളിലൂടെയുള്ള സംവാദം സഹായിക്കും. ഉദാഹരണത്തിന് ഞാന്‍ തന്നെ ചില നിലപാടുകളില്‍ ഊന്നിനിന്ന് പ്രസിദ്ധീകരിച്ച പല പോസ്റ്റുകളും കമന്റുകള്‍ വന്ന ശേഷം അതിലെ എന്റെ നിലപാട് പാടേ മാറിയ അനുഭവം എനിക്കുതന്നെ ഉണ്ട്. ചില നിലപാടുകള്‍ നമ്മുടെ അറിവുകേടുകളില്‍ നിന്നുണ്ടാകുന്നതാണെന്ന് ബോദ്ധ്യം വന്നാല്‍ നാം അതു തിരുത്തണം. ബ്ലോഗില്‍ പലപ്പോഴും എനിക്ക് അനുഭവം ഉണ്ട്.

ഇനി മറ്റൊന്ന് സ്വന്തം പേരു വച്ച് പറയാന്‍ കഴിയാത്ത അല്ലെങ്കില്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ഒരു ബ്ലോഗ്ഗര്‍നാമം സ്വീകരിച്ച് വിളിച്ചു പറയാന്‍ കഴിയും എന്നത് ബ്ലോഗിന്റെ മറ്റൊരു മെച്ചമാണ്. കൂടുതല്‍ ശക്തമായി നിര്‍ഭയം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇതുവഴി കഴിയുന്നു. ഞാനും ..സജിം തട്ടത്തുമല എന്ന പേര്‍ മാത്രം ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്ന ആളല്ല. വേറെയുമുണ്ട് സജീവമായ ബ്ലോഗുകള്‍, അടികൊള്ളി ബ്ലോഗുകള്‍! ചില നല്ല സൌഹൃദങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കൂടി ഫെയ്ക്ക് ഐഡികള്‍ സഹായിക്കും.

എന്തായാലും പ്രതികരണശേഷിയുള്ള ജനാധിപത്യവാദിയുടെ സൌഭാഗ്യമാണ് ബ്ലോഗുകള്‍. ഇത് മനുഷ്യ ചരിത്രത്തിലെ സുപ്രധാനമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് എന്ന് ഞാന്‍ ഉറപ്പിച്ചുതന്നെ പറയും. ഞാന്‍ എന്ന സാധരണക്കാരില്‍ സാധരണക്കാരനായ ഒരു ഗ്രാമവാസിക്ക് എന്റെ ഗ്രാമത്തില്‍, എന്റെ കൊച്ചു വീട്ടിലിരുന്ന് എന്റെ പറട്ട കമ്പെട്ടിയിലൂടെ ലോകത്തോട് ആശയവിനിമയം നടത്താനും സംവദിക്കാനും അറിവുകള്‍ പങ്കു വയ്ക്കാനും, അതിരുകള്‍ക്കപ്പുറം സൌഹൃദങ്ങളും മനുഷ്യ ബന്ധങ്ങളും ഉണ്ടാക്കുവാനും ബ്ലോഗുകളില്‍കൂടിയും സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കൂടിയും കഴിയുന്നു എന്നത് ഒരു ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. എന്നാല്‍ നിലയില്‍ ഇതിന്റെ പ്രാധാന്യം നാം എല്ലവരും മനസിലാക്കിയോ എന്ന് സംശയമാണ്. ബ്ലോഗ് ഫോണുകള്‍ പോലെ ഒരു വ്യക്തിഗത മാദ്ധ്യമമല്ല; ഒരു ബഹുജന മാദ്ധ്യമമാണ്. അച്ചടിക്കുന്ന പത്രങ്ങളും ആനുകാലികങ്ങളും മറ്റ് ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളും പോലെതന്നെ! ബ്ലോഗുകള്‍ അവയെക്കാള്‍ ഏറെ മെച്ചങ്ങള്‍ ഉള്ളതുമാണ്.

എന്തിനു കൂടുതല്‍ പറയുന്നു? ബ്ലോഗില്ലായിരുന്നെങ്കില്‍ ഞാന്‍ ഡോ.ജെയിംസ് ബ്രൈറ്റിനെയും, ഡോ. മോഹന്‍ ജോര്‍ജിനെയും, കാപ്പിലാനെയും, ജിക്കുവിനെയും തുടങ്ങി എത്രയോ പേരെ, എങ്ങനെ അറിയുമായിരുന്നു? ഞാന്‍ എന്ന ഒരു സാധാരണ മനുഷ്യന്‍ -ഒരു പ്രയോജനരഹിതന്‍- ഇവിടെ തട്ടത്തുമല എന്നൊരു ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നുവെന്ന് നിങ്ങളില്‍ എത്ര പേര്‍ അറിയുമായിരുന്നു?എവിടെയോ എന്നോ നഷ്ടപ്പെട്ടുപോയെന്നു നാം വിലപിച്ചിരുന്ന മനുഷ്യബന്ധങ്ങളും മാനവിക മൂല്യങ്ങളും ആശയ സംവാദങ്ങളും തദ്വാരാ ഉള്ള സാംസ്കാരിക ചലനാത്മകതയും ഇന്റെര്‍നെറ്റിന്റെ ലോകത്തെങ്കിലും തിരിച്ചുവരുന്ന് ചെറിയ കാര്യമാണോ? ഇതൊക്കെ സൌഭാഗ്യം എന്നല്ലാതെ ഏതു വാക്കു കൊണ്ടാണ് അവയെ വിശേഷിപ്പിക്കുക?

ഇനി വീണ്ടും എന്നിലേയ്ക്ക് വരാം. ജീവിതപരാജയം സ്വയം സമ്മതിച്ച് എന്നിലേയ്ക്ക് ഒതുങ്ങിക്കൂടി ഇനി എനിക്കൊന്നിനുമാകില്ലെന്ന് കരുതിയിരുന്ന എന്നെ പോലെ ഒരു നിസാരജീവിയ്ക്ക്, ഞാന്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് അക്ഷരങ്ങള്‍ വഴി എന്തെങ്കിലും ഒരു തെളിവ് അടയാളപ്പെടുത്താന്‍ ബ്ലോഗിംഗിലൂടെ കഴിയുന്നു എന്നത് എന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. ആരൊക്കെ ബ്ലോഗിംഗ് നിര്‍ത്തിയാലും മനസിനും ശരീരത്തിനും വലിയ കുഴപ്പമൊന്നുമില്ലാത്ത കാലത്തോളം ഞാന്‍ ബ്ലോഗിംഗ് തുടരും. ആരെങ്കിലും വായിക്കുമോ എന്നതുപോലും എനിക്കു പ്രശ്നമല്ല. പ്രതിഫലമില്ലാത്ത പണി എന്റെ ആത്മസാക്ഷാല്‍ക്കാരവും സായൂജ്യവുമാണ്. അതല്ലെങ്കില്‍ മുഴുത്ത ഭ്രാന്ത്! ഞാന്‍ എഴുതുന്നത് നിലവാരമുള്ളതായാലും ഇല്ലാത്തതായാലും എനിക്ക് അത് ആത്മസായൂജ്യം തന്നെ! ആര്‍ക്കും എന്നെ തടയാനാകില്ല.ജീവനുള്ളതുവരെ. എന്നെ പോലെ ഇതുപോലെ ചിന്തിക്കുന്ന വേറെയും ധാരാളം ബ്ലോഗ്ഗര്‍മാരുണ്ടാകും.

2. Q. ഡോ. ജെയിംസ് ബ്രൈറ്റ്: ബ്ലോഗും അദ്ധ്യാപനജീവിതവും എങ്ങനെ മുമ്പോട്ടു കൊണ്ടുപോകുന്നു?

A. ..സജിം തട്ടത്തുമല: രണ്ടും ഒരുമിച്ച് കൊണ്ടു പോകുന്നു. അദ്ധ്യാപനം എനിക്ക് ബ്ലോഗ് പോലെതന്നെ ഒരു ആത്മസായൂജ്യം കൂടിയാണ്. ഒരു സേവനവുമാണ്. (എന്റെ കുട്ടികള്‍ ഭൂരിപക്ഷവും ഫീസ് തരാറില്ലെന്നതു കൊണ്ട് പ്രത്യേകിച്ചും സേവനം എന്നേ പറയാനാകൂ!). ഒരു റ്റി.റ്റി.സി യോ, ബി.എഡോ എടുക്കാന്‍ അന്നത്തെ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. എന്നാല്‍ അദ്ധ്യാപനത്തോട് താല്പര്യവും. അതുകൊണ്ടാണ് പാരലല്‍ കോളേജ് നടത്തുന്നത്. മറ്റു തൊഴില്‍ കിട്ടിയാലും ഇത് ഒരു വശത്തുകൂടി നടത്തിക്കൊണ്ടിരിക്കണം എന്നാണ് ആഗ്രഹം. പതിനെട്ടാം വയസില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ തുടങ്ങിയതാണ് പാരലല്‍ കോളേജ് അദ്ധ്യാപനം. പഠനവും അദ്ധ്യാപനവും രാഷ്ട്രീയവും നാടകഭ്രാന്തും സാംസ്കാരിക പ്രവര്‍ത്തനവും ഒക്കെ എളിയ തോതില്‍ ഒരുമിച്ചുകൊണ്ട് പോകുന്നു; എന്റെ ഇട്ടാവട്ടത്തില്‍ മാത്രമാണെങ്കിലും! ബഹുമുഖ പരീക്ഷണങ്ങള്‍ അഥവാ മുഴുത്ത ഭ്രാന്തുകള്‍ എന്റെ അക്കാഡമിക്ക് ഭാവിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ച രീതിയില്‍ കോഴ്സുകള്‍ ഒന്നും എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സ്വന്തമായി ഒരു പാരലല്‍ കോളേജുമായി ഒതുങ്ങേണ്ടിവന്നു. കുറെ വര്‍ഷം നടത്തിയ സ്ഥാപനം സ്പ്ലിറ്റായപ്പോള്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്താല്‍ പുതിയതൊരെണ്ണം തുടങ്ങിയതാണ്. പുതിയതുതന്നെ ഇപ്പോള്‍ ഏഴെട്ട് വര്‍ഷമായി. ഇപ്പോള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് ഒരു ഓലപ്പുരയാണെന്റെ സര്‍വ്വകലാശാല. തട്ടത്തുമല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനെയാണ് പ്രധാനമായും എന്റെ സ്ഥാപനം ഡിപ്പെന്‍ഡ് ചെയ്യുന്നത്. ഡിഗ്രി ക്ലാസ്സുകളും പി.എസ്.സി കോച്ചിംഗും ഒക്കെ ഉണ്ട്. എനിക്ക് പി.എസ്.എസി പരീക്ഷകള്‍ വഴി ജോലികിട്ടാത്തതിലുള്ള വാശിയ്ക്കാണ് പി.എസ്.സി കോച്ചിംഗ് സെന്റര്‍ തുടങ്ങിയത്. ഹഹഹ! കണക്ക് എന്ന വിഷയമാണ് എന്റെ ശത്രു. എനിക്ക് പി.എസ്.സി വഴി ജോലി കിട്ടാത്തതിന്റെ കാരണം അതുതന്നെ.ജീവിതത്തിന്റെതന്നെ കണക്കുകൂട്ടലുകള്‍ ഒക്കെ തെറ്റിയതും തെറ്റിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടാകാം. കണക്ക് എന്ന് കേള്‍ക്കുന്നതുപോലും എനിക്ക് ഒരുതരം അലര്‍ജിയാണ്.

തൊഴില്‍ പരമായി മൊത്തത്തില്‍ വരുമാനം കമ്മി! പകല്‍ ക്ലാസ്സുകളില്‍ അദ്ധ്യാപകര്‍ ഫില്‍ ആയി കഴിഞ്ഞാല്‍ ഞാന്‍ പിന്നെ ഫ്രീ ആണ്. അതിനാല്‍ പകല്‍ മിക്കവാറും ഓണ്‍ലെയിന്‍ ആയിരിക്കും. അതുകൊണ്ട് ബ്ലോഗിംഗിനു സമയം കിട്ടുന്നുണ്ട്. തൊഴിലില്ലാത്തതിന്റെ വാശി ബൂലോകരോട് തീര്‍ക്കാന്‍ നമ്മളെന്ത് തെറ്റു ചെയ്തു എന്ന് ഒരു ബൂലോകവാസിയും ചോദിക്കരുത്.നിവൃത്തിയില്ലാത്തതുകൊണ്ടാണ്.
കാട്ടുവാസിയോട് വേട്ടയാടരുതെന്നും, മുക്കുവനോട് മീന്‍ പിടികരുതെന്നും ജോലിയും കൂലിയുമില്ലാത്തവനോട് ബ്ലോഗ് ചെയ്യരുതെന്നും പറയരുത്.

3. Q. ഡോ. ജെയിംസ് ബ്രൈറ്റ്: വിദ്യാര്‍ത്ഥില്‍കളോട് ബ്ലോഗിങ്ങിനെ പറ്റി വിശദീകരിക്കാറുണ്ടോ?

A. ..സജിം തട്ടത്തുമല: തീര്‍ച്ചയായും. താല്പര്യം ഉണ്ടാക്കിയെടുക്കാനാണ് ആദ്യം ശ്രമിക്കുക. താല്പര്യമുള്ളവരെ കണ്ടുപിടിച്ച് ബ്ലോഗിംഗ് പരിശീലിപ്പിക്കുന്നു. പലരും ബ്ലോഗുകള്‍ തുടങ്ങിക്കഴിഞ്ഞു. ബൂലോകം ഓണ്‍ലെയിനിലും വന്നിട്ടുണ്ട് പലരും. ഫോണ്ട് സെറ്റിംഗും മലയാളം ടൈപ്പിംഗും വളരെ ലളിതമാണെങ്കിലും കുട്ടികളില്‍ മിക്കവര്‍ക്കും അതൊരു കീറാമുട്ടിയാകുന്നു. മുതിര്‍ന്നവരുടെ സ്ഥിതിയും മറിച്ചല്ല. അത് പരിഹരിച്ചു വരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആളുകളുടെ പേരും സ്ഥലപ്പേരും ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ പലപ്പോഴും തെറ്റുകള്‍ വരുന്നു. തൊട്ടുമുമ്പത്തെ തലമുറയിലെ കുട്ടികള്‍ക്ക് പ്രശ്നം അത്രയുമുണ്ടായിരുന്നില്ല. മാത്രമല്ല പഠനത്തില്‍ .റ്റി യുടെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്താന്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് എല്ലാവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്നു. വെറുമൊരു കീറ ഓലപ്പുരയാണെങ്കിലും ഇവിടെ നിന്ന് കോഴ്സുകള്‍ കഴിഞ്ഞു പോകുന്ന കുട്ടികളിലും ഉപരിപഠനത്തിനു പോകുന്ന കുട്ടികളിലും നല്ലൊരു പങ്ക് ഉപഗ്രഹത്തിനു ചുറ്റിലും എന്ന പോലെ എന്നെയും സ്ഥാപനത്തെയും ചുറ്റിപറ്റി നില്‍ക്കുകയാണ് പതിവ്. സ്ഥാപനത്തിന് കൂടുതല്‍ പരസ്യം നല്‍കാന്‍ ഇവിടെ ശ്രമിക്കുന്നില്ല.

4. Q. ഡോ. ജെയിംസ് ബ്രൈറ്റ്: സജിമിന്റെ പ്രസംഗപാടവം ഞങ്ങള്‍ ആരാധനയോടെയാണ് നോക്കിക്കാണുന്നത്. ഇതെങ്ങനെ കൈവശംവന്നു?

A. ..സജിം തട്ടത്തുമല: സത്യത്തില്‍ എനിക്ക് ഇപ്പോള്‍ പ്രസംഗിക്കാനൊന്നും അറിയില്ല. അഥവാ ഇപ്പോള്‍ പ്രസംഗിക്കാറില്ല. ഇപ്പോള്‍ പ്രസംഗിക്കാന്‍ മുന്‍ കാലത്തെ പൊലെ ആര്‍ക്കും അവസരങ്ങളുമില്ലല്ലോ! (നാക്കിന്റെ ഗുണംകൊണ്ട് ഒരിക്കല്‍ പ്രസംഗിക്കാന്‍ വിളിക്കുന്നവരില്‍ ചിലരാരും പിന്നെ എന്നെ വിളിക്കാറുണ്ടായിരുന്നില്ല). പക്ഷെ അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു; പ്രസംഗങ്ങളുടെ വസന്തകാലം! പണ്ട് ഇവിടെ സ്കൂള്‍ രാഷ്ട്രീയം വളരെ ഗൌരവത്തില്‍ ഉള്ളതായിരുന്നു എന്നറിയാമല്ലോ? . സ്കൂള്‍ പാര്‍ളമെന്റ് തെരഞ്ഞെടുപ്പുകള്‍ നിയമസഭാതെരഞ്ഞെടുപ്പിനെ വെല്ലും. പല സ്കൂളുകളിലും വിദ്യാര്‍ത്ഥിസംഘടനകളുടെയും അവയുടെ മാതൃപാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ ഇടപെട്ടാണ് ക്ലാസ്സുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതുപോലും. നമ്മുടെ തട്ടത്തുമലയില്‍ മേല്‍ക്കൈ പൊതുവേ ചുവപ്പ് രാഷ്ട്രീയത്തിനാണ്. സ്കൂളില്‍ ഇലക്ഷനടുക്കുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥിസംഘടനകള്‍ക്കും ക്ലാസ്സുകളില്‍ പ്രസംഗിക്കുവാന്‍ പത്ത് മിനിട്ട് സമയം വീതം അനുവദിക്കുമായിരുന്നു. അഞ്ചാം ക്ലാസ്സ് മുതലേ രാഷ്ട്രീയവും തെരഞ്ഞെടുപ്പും സമരവുമൊക്കെ ഉള്ളൂ.സ്കൂള്‍ ഇലക്ഷന്‍ കാലത്ത്, പക്ഷെ ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഒരു ദിവസം അന്നത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ക്ലാസില്‍ വന്ന്നമ്മുടെ സാറിന്റെ മോന്‍എന്ന് പറഞ്ഞ് എന്നെ എടുത്ത് തോളില്‍ വച്ച് കൊണ്ടു പോയി. കൊണ്ടുപോയത് സ്കൂളിനടുത്ത് തന്നെയുള്ളതും എന്റെ പിതാശ്രീയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്ഥാപിതമായതുമായ വയനശാലയിലേയ്ക്കാണ്. വാപ്പയുടെ അനുവാദമൊന്നും അവര്‍ക്ക് പ്രശ്നമല്ല. വാപ്പായെ പോലെ ഞാനും അവര്‍ക്കൊരു പൊതുമുതല്‍ ആയിരുന്നുവെന്ന് കാലക്രമേണ എനിക്കു മനസിലായി. വായനശാലയില്‍ കൊണ്ടുപോയിരുത്തി എന്നെ പ്രസംഗം പഠിപ്പിച്ചു. എന്നിട്ട് ഉച്ചകഴിഞ്ഞ് ഓരോ ക്ലാസ്സുകളിലും കൊണ്ടു പോയി എന്നെ ക്ലാസ്സ് ടീച്ചറുടെ മേശപ്പുറത്ത് എടുത്ത് നിര്‍ത്തി. എസ്.എഫ്.ഐക്ക് അനുവദിച്ച പത്തുമിനുട്ടില്‍ അഞ്ചുമിനുട്ട് ഒരു മുതിര്‍ന്ന കുട്ടിനേതാവിന്റെ പ്രസംഗം. പിന്നെ അഞ്ചു മിനുട്ട് മേശപ്പുറത്തുനിന്ന് ഞാനും! ഇതായിരുന്നു എന്റെ ആദ്യ പ്രസംഗം. അന്ന് ചെറിയവായില്‍ എന്തൊക്കെയാണ് വിളിച്ചുപറഞ്ഞതെന്ന് എനിക്കുതന്നെ നിശ്ചയമില്ല. അവര്‍ പഠിപ്പിച്ചതും ഞാന്‍ പറഞ്ഞതും തമ്മില്‍ എന്തെങ്കിലും ബന്ധം പ്രസംഗത്തിനുണ്ടായില്ല. മേശപ്പുറത്ത് കയരി നിന്നതും ചരടുപോയ പട്ടം പോലെയായി കുഞ്ഞുവായിലെ രാഷ്ട്രീയ അധികപ്രസംഗം! അന്നുമുതല്‍ എനിക്കുമൊരു പേരു വീണു; കുട്ടിസഖാവ്!

ഒന്‍പതാം ക്ലാസ്സില്‍ ഞാന്‍ സ്കൂള്‍ ലീഡറായിരുന്നു. അക്കാലത്ത് ബാലസംഘത്തിന്റെ കിളിമാനൂര്‍ ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. മുപ്പത്തഞ്ച് കിലോമീറ്ററുകള്‍ക്കപ്പുറത്ത് തിരുവനന്തപുരത്ത് ഒറ്റയ്ക്ക് കമ്മിറ്റിയ്ക്ക് പോയി വരുമായിരുന്നു അക്കാലത്ത്. മിക്കകുട്ടികള്‍ക്കും അടുത്തുള്ള കിളിമാനൂര്‍ ടൌണിനപ്പുറം പോകാന്‍ അന്ന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. തിരുവനന്തപുരം നഗരവുമായി അക്കാലം മുതല്‍ക്കേ എനിക്ക് വൈകാരിക ബന്ധം ഉണ്ട്. കുറച്ചുകൂടി അടുത്ത് കോളേജുകളുണ്ടായിരുന്നിട്ടും ഡിഗ്രിപഠനത്തിന് തിരുവനന്തപുരം തെരഞ്ഞെടുത്തത് അതുകൊണ്ടാണ്.

എന്നാല്‍ അടുത്ത് തന്നെയുള്ള നിലമേല്‍ എന്‍.എസ്.എസ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിച്ച കാലമായിരുന്നു എന്റെ ജീവിതത്തിലെ വസന്തകാലം. (നിലമേല്‍ കൊല്ലം ജില്ലയാണ്. നമ്മള്‍ തിരുവനന്തപുരം കൊല്ലം ജില്ലാ ജില്ലാ അതിര്‍ത്തിയിലാണ് താമസം.) അന്നത്തെ കലാലയങ്ങള്‍ സര്‍ഗ്ഗാത്മക കലാലയങ്ങള്‍ ആയിരുന്നു. അന്നത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇന്നത്തെ പോലെ ആയിരുന്നില്ല. ഞാനൊക്കെ കോളേജില്‍ പോകുന്നതുതന്നെ രാഷ്ട്രീയപ്രവര്‍ത്തനവും പ്രസംഗവുമൊക്കെ നടത്താന്‍ വേണ്ടി ആയിരുന്നു. ക്ലാസ്സുകള്‍ തോറും എല്ല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ആശയ പ്രചരണം നടത്തും. ക്ലാസ്സില്‍ കയറാത്ത ഞാന്‍ അവിടെ സെക്കന്‍ഡ് പി.ഡി.സി റെപ്രസെന്റേറ്റീവ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പ്രീഡിഗ്രിയ്ക്ക് രണ്ട് വര്‍ഷവും കൂടി ഞാന്‍ ആകെ അഞ്ച് പീര്യീടേ എന്റെ ക്ലാസ്സില്‍ പഠിക്കാനിരുന്നിട്ടുള്ളൂ. കൊളേജില്‍ മുടങ്ങാതെ പോകുകയും ചെയ്യും. തിരുവനന്തപുരത്ത് ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴും ഇതു തന്നെ ആയിരുന്നു സ്ഥിതി. രാഷ്ട്രീയപ്രവര്‍ത്തനം മാത്രമാണ് കോളേജില്‍ പോകുന്നതിന്റെ മുഖ്യ ഉദ്ദേശം. ഏറ്റവും അവസാനം കോളേജില്‍ നിന്നും പോകുന്നതും നമ്മള്‍ സംഘടനാ പ്രവര്‍ത്തകര്‍ ആണ്. സാറില്ലാത്ത സമയങ്ങളില്‍ സംഘം ചേര്‍ന്ന് ഓരോ പാര്‍ട്ടിക്കാര്‍ ക്ലാസ്സുകളില്‍ ചെന്ന് പ്രസംഗിക്കും. പ്രസംഗം കേട്ട് കൈയ്യടിക്കാനും എതിരാളിയെ കുറ്റം പറയുമ്പോള്‍ ഷെയിം വിളിക്കാനും ഒക്കെ ഉള്ള ആളുകള്‍ ഓരോ സംഘത്തിലും ഉണ്ടാകും. പ്രീഡിഗ്രി ക്ലാസ്സുകളാണ് പ്രധാന വിളനിലം. രണ്ട് മണിക്കൂറിലധികം നിര്‍ത്താതെ ഒരു ക്ലാസ്സില്‍നിന്ന് ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. കാരണം നമ്മള്‍ ഇറങ്ങിയാല്‍ അടുത്ത പാര്‍ട്ടിക്കാ‍ര്‍ കയറും. പ്രസംഗവും അതിനുള്ള മറുപടികളുമായി നല്ലൊരു സംവാദ ഭൂമിയായിരുന്നു അന്നത്തെ നമ്മുടെ നിലമേല്‍ കോളേജ്. പുറത്ത് മാതൃപാര്‍ട്ടികളുടെ നല്ല ഇടപെടലും സഹായങ്ങളും ഉണ്ടാകും. ഇടയ്ക്കിടെ സംഘട്ടനങ്ങളൊക്കെ നടക്കുമെങ്കിലും പ്രസംഗത്തിനും മറ്റും ഒരു കുറവും ഉണ്ടാകുമായിരുന്നില്ല. പലപ്പോഴും നമ്മള്‍ വിവിധ പാര്‍ട്ടികളിലെ പ്രാസംഗികര്‍ തമ്മില്‍ രഹസ്യമായി അവരവരുടെ പാര്‍ട്ടി ആശയങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളും ലഘുലേഖകളും കൈമാറുമായിരുന്നു. പിറ്റേന്ന് പ്രസംഗിക്കുന്നത് എന്തിനെ കുറിച്ചൊക്കെ ആകുമെന്ന് ചിലപ്പോഴെല്ലാം പരസ്പരം പറയും. അതിനനുസരിച്ച് പഠിച്ചിട്ടാണ് ഓരോ പാര്‍ട്ടിയിലെ പ്രാസംഗികരും വരുന്നത്. എസ്.എഫ്., കെ.എസ്.യു, ..എസ്.എഫ് , .ബി..വി.പി എന്നീ സംഘടനകളാണ് അന്ന് അവിടെ ഉണ്ടായിരുന്നത്. .ബി.വി.പിയിലെ എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ അവരുടെ പല പ്രസിദ്ധീകരണങ്ങളും എനിക്ക് തരുമായിരുന്നു. ഞാന്‍ നല്ല യുക്തിവാദ ഗ്രന്ഥങ്ങള്‍ അടക്കം അവര്‍ക്കും കൊടുക്കുമായിരുന്നു. ചുരുക്കത്തില്‍ ആശയ സംവാദങ്ങള്‍ നിറഞ്ഞ സര്‍ഗ്ഗാത്മക കലാലയങ്ങള്‍! ഭൂമിക്കു കീഴിലുള്ള മുഴുവന്‍ വിഷയങ്ങളും കാമ്പസില്‍ നമ്മള്‍ ചര്‍ച്ച ചെയ്തു. കാമ്പസ് കാലത്തെ കുറിച്ച് പ്രത്യേകം പോസ്റ്റുകള്‍ ഭാവിയില്‍ എഴുതണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് ഇവിടെ ചുരുക്കുന്നു.

ഡിഗ്രിയ്ക്ക് ഞാന്‍ തിരുവനന്തപുരത്ത് ഗവ. ആര്‍ട്സ് കോളേജിലാണ് പഠിച്ചത്. അപ്പോള്‍ ഞാന്‍ എസ്.എഫ്. ഏരിയാ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു. ആര്‍ട്ട്സ് കോളേജില്‍ ബി. രണ്ടാം വര്‍ഷത്തില്‍ ഞാന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലറായിരുന്നു. അപ്പോള്‍ പിന്നെ ക്ലാസ്സില്‍ കയറില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. താടിയൊക്കെ നീട്ടി വളര്‍ത്തി ഒരു ബുദ്ധിജീവിയായി ഞാന്‍ അഭിനയിച്ച കാലം കൂടിയായിരുന്നു അത്. എല്ലാവരും വിശ്വസിച്ചു മണ്ടനായ ഞാനൊരു ബുദ്ധിജീവിയാണെന്ന്! ഹഹഹ! ഒടുവില്‍ താടി കണ്ട് തിരിച്ചറിഞ്ഞ് ശത്രു പക്ഷത്ത് നിന്ന് ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത മനസിലാക്കി ബുജിത്താടി വടിച്ചുകളയുകയായിരുന്നു. ഏകകക്ഷി മേധാവിത്വത്തിന്റെ ഒരു മുരടിപ്പ് ആര്‍ട്ട്സ് കോളേജില്‍ ഉണ്ടായിരുന്നു. അവിടെ ഞാന്‍ വല്ലപ്പോഴും മാത്രമേ പോകാറുണ്ടായിരുന്നുള്ളൂ. നിലമേല്‍ കോളേജിനെ അപേക്ഷിച്ച് പ്രസംഗവും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളും ഒക്കെ കുറവായിരുന്നു ആര്‍ട്ട്സ് കോളെജില്‍. പ്രീഡിഗ്രിയ്ക്ക് പെണ്‍പിള്ളേരില്ലാത്തത് അക്കാലത്ത് ഒരു കുറവ് തന്നെ ആയിരുന്നു. പെണ്‍കുട്ടികള്‍ ഇല്ലാത്തിടത്ത് ആര് ആരുടെ മുന്നില്‍ സര്‍ഗ്ഗാത്മകത്വം കാണിക്കാന്‍! ഹഹഹ!

കലാലയജീവിത കാലത്തൊക്കെയും ഞാന്‍ ഒരു സജീവ പാരലല്‍ കോളേജ് അദ്ധ്യാപകന്‍ കൂടിയായിരുന്നു. പ്രസംഗം കേട്ടാണ് പലരും പഠിപ്പിക്കാന്‍ വിളിച്ചത്. സത്യത്തില്‍ രാഷ്ട്രീയ ഭ്രാന്ത് പിന്നിട് പാരലല്‍കോളേജ് ഭ്രാന്തിന് വഴിമാറുകയുണ്ടായി. പിന്നെ ഗ്രന്ഥശാലാ പ്രവര്‍ത്തനം. അത് എനിക്ക് രാഷ്ട്രീയം പോലെ പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നു. എന്റെ പിതാവ് സജീവ ഗ്രന്ഥശാലാ പ്രവര്‍ത്തകനായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ ലൈബ്രറിയില്‍ കിടന്നാണ് വളര്‍ന്നതെന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും അതിശയോക്തിയാകില്ല.

വിശ്വാസത്തില്‍ മാര്‍ക്സിസ്റ്റും പ്രവര്‍ത്തിയില്‍ ഗാന്ധിയനുമായിരുന്നു നാട്ടില്‍ സര്‍വ്വാദരണീയനായ എന്റെ പിതാവ്. നാട്ടിലെ ഏറ്റവും വലിയ സമാധാനപ്രിയന്‍. ഒപ്പം തട്ടത്തുമല സ്കൂളിലെ തന്നെ അദ്ധ്യാപകനും. സ്കൂളിന്റെ സ്ഥാപക പ്രവര്‍ത്തനങ്ങളിലെ മുഖ്യ പങ്കാളിയും ആയിരുന്നു അദ്ദേഹം. സര്‍ക്കാര്‍സ്കൂള്‍ സ്ഥാപിച്ച് അവിടെത്തന്നെ വര്‍ഷങ്ങളോളം അദ്ധ്യാപനവും നടത്താന്‍ കഴിഞ്ഞ ഭാഗ്യവാന്മാരില്‍ ഒരാളാണ് എന്റെ വാപ്പ. അദ്ദേഹത്തിന്റെ മകന്‍ എന്ന മേല്‍ വിലാസത്തിലല്ലാതെ എനിക്ക് തട്ടത്തുമലയില്‍ അറിയപ്പെടാന്‍ കഴിയില്ല. ഇനി ഞാന്‍ ഇന്ത്യയുടെ രാഷ്ട്രപതി ആയെന്നിരിക്കട്ടെ. സമയത്ത് ഒരു പി.എസ്. പരീക്ഷയ്ക്ക് അപ്പോഴത്തെ രാഷ്ട്രതപി ആരെന്ന് ചോദ്യം വന്നാല്‍ തട്ടത്തുമലയിലെ പരീക്ഷാര്‍ത്ഥികള്‍ എഴുതും; ഇബ്രാഹിം കുഞ്ഞ് സാറിന്റെ മകന്‍! അല്ലാതെ ..സജിം എന്ന് ആരും എഴുതില്ല. ഞങ്ങള്‍ രണ്ടു മക്കളാണ്. എനിക്കിളയത് പെണ്ണ്. ഞങ്ങള്‍ക്ക് രണ്ടിനും തട്ടത്തുമല പ്രദേശത്ത് ഇബ്രാഹിംകുഞ്ഞ് സാറിന്റെ മക്കള്‍ എന്ന ലേബലിലേ അറിയാപ്പെടാന്‍ കഴിയൂ. നമ്മുടെ ഉമ്മയ്ക്കാകട്ടെ ഇബ്രാഹിംകുഞ്ഞ് സാറിന്റെ കെട്ടിയോള്‍ എന്ന ലേബലിലും. നമ്മുടെ മൂവരുടെയും സ്വന്തം പേരുകള്‍ക്ക് ഒരു വിലയും ഇവിടത്തെ ആളുകള്‍ കല്പിക്കുന്നില്ല. നമുക്ക് അതില്‍ അഭിമാനമേയുള്ളൂ. ഇങ്ങനെയൊക്കെയാണെങ്കിലും ദാരിദ്ര്യത്തിന് ഒരു കുറവുമില്ലെന്നതില്‍ ഞങ്ങള്‍ ഊറ്റം കൊള്ളുകതന്നെ ചെയ്യും. ഒരു കിടപ്പാടം പോലും ഉണ്ടാക്കാന്‍ മറന്ന് പൊതുപ്രവര്‍ത്തനം നടത്തിയ ആളാണ് എന്റെ പിതാവ്. അതിന്റെ പ്രയസങ്ങള്‍ ഇപ്പോള്‍ കുറച്ച് ഇല്ലാതില്ല. നാടിനു വേണ്ടി ജീവിച്ച് സ്വന്തം ജീവിതം മറന്നുപോയ നമ്മുടെ പിതാശ്രീ താമസിച്ചാണ് വിവാഹം കഴിച്ചത്. അത് ഭാഗ്യം. നേരത്തെ ആയിരുന്നെങ്കില്‍ ഉമ്മയെ ആകില്ല കല്യാണം കഴിക്കുക. വേറെ ആരെയെങ്കിലുമായിരിക്കും കല്ല്യാണം കഴിക്കുമായിരുന്നത്. കോമ്പിനേഷനില്‍ ഞാന്‍ എന്ന മഹാന്‍ ജനിക്കുമായിരുന്നില്ല. എങ്കില്‍ ഇവിടെ പ്രളയമായിരുന്നേനേ! ഞാനില്ലാത്ത ലോകമോ? ഹഹഹ!

നാടകഭ്രാന്തെന്ന ഒരു സവിശേഷരോഗവും ഞാന്‍ കൊണ്ടുനടന്നിരുന്നു. സ്വന്തമായി നാടകം എഴുതി അവതരിപ്പിക്കുന്ന അസുഖമാണ് കൂടുതല്‍ പ്രകടിപ്പിച്ചത്. നാടകരംഗത്ത് ചില പുതിയ പരീക്ഷണങ്ങള്‍ ഒക്കെ നടത്തി. പിന്നെ പിന്നെ അതിനൊന്നും മിനക്കെടാന്‍ ആരും ഇല്ലാതായപ്പോള്‍ ഉപേക്ഷിച്ചു. നാടക മത്സരങ്ങളില്‍ പലപ്രാവശ്യം നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍തന്നെ രോമാഞ്ചം കൊള്ളുമെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. പുതുതലമുറക്കാരെ അസൂയപ്പെടുത്തുക എന്നതിനപ്പുറം ഇതൊന്നും പറയുന്നതില്‍ എനിക്ക് ഒരു താല്പര്യവുമില്ല. പുതുതലമുറക്കാര്‍ക്ക് ഇതൊന്നും പറഞ്ഞിട്ടുള്ള കാര്യമല്ലല്ലോ. അവര്‍ക്ക് മൊബെയില്‍ഫോണ്‍, പ്രണയമില്ലാത്ത പ്രേമം, മിമിക്രി, ക്രിക്കറ്റ് ജ്വരം, പുക, ചാരായം, തമ്പാക്ക് ഇതൊക്കെത്തന്നെ ധാരാളം!

വേദിയിലും സദസിലും കഥാപാത്രങ്ങളുള്ള ഒരു നാടക രീതി ഞാന്‍ സ്വന്തമായി പരീക്ഷിച്ചിരുന്നു . എന്റെ നാട്ടില്‍ അത് നല്ല പ്രതികരണം ഉണ്ടാക്കി. സ്കൂള്‍കുട്ടികള്‍ക്ക് നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്ത് കൊടുത്തിരുന്നു. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം നാടക രംഗത്ത് കൂടുതല്‍ കാലം നില നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് ലഘുനാടകങ്ങള്‍ എഴുതി. ഒന്നിന്റെയും ഒരു പ്രതി പോലും ഇന്ന് എന്റെ കൈവശമില്ല. പലകൈ മറിഞ്ഞ് പോയി. അതുകൊണ്ട് ബ്ലോഗ് തുടങ്ങുമ്പോള്‍ അവ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. വനിതകള്‍ക്ക് വേണ്ടി ഉള്ള രണ്ട് നാടകങ്ങള്‍ മാത്രം എന്റെ നാടക ബ്ലോഗില്‍ കിടപ്പുണ്ട്. ഇപ്പോഴും ഞാന്‍ സ്ക്രിപ്റ്റുകള്‍ അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഉള്ള പല സ്കൂളുകളിലും കോളേജുകളിലും എന്റെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ വായനശാല ഒരു കാലത്ത് ഒരു നാടകക്കളരിതന്നെ ആയിരുന്നു. (കെ.എം.ലൈബ്രറി &സ്റ്റാര്‍ തിയേറ്റേഴ്സ്, തട്ടത്തുമല. സ്ഥാപകമുഖ്യന്‍ എന്റെ പിതാശ്രീതന്നെ!). ഇതൊരു ആത്മപ്രശംസയല്ലെന്ന് അടിവരയിടട്ടെ.( അങ്ങനെ ധരിക്കുന്നതുകൊണ്ട് എനിക്ക് പരിക്കൊന്നും പറ്റില്ല, എങ്കിലും…) ഒരു ദേശത്തിന്റെയും ഒരു കാലത്തിന്റെയും ലഘു വിവരങ്ങള്‍ കോറിയിടാന്‍ ചെറിയ ഇന്റെര്‍വ്യൂവിനെ ഞാന്‍ വലുതാക്കുന്നുവെന്നേയുള്ളൂ.

5. Q. ഡോ. ജെയിംസ് ബ്രൈറ്റ്: ബ്ലോഗ് സാക്ഷരതാ പ്രവര്‍ത്തനങ്ങളെപറ്റിയുള്ള കാഴ്ചപ്പാടുകള്‍ എന്തെല്ലാമാണ്?

A. ..സജിം തട്ടത്തുമല: ഇന്റെര്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്കേ ബ്ലോഗിലേയ്ക്ക് വരാന്‍ കഴിയൂ. ഇന്റെര്‍നെറ്റ് അറിയണമെങ്കിലോ കമ്പെട്ടി അറിയണം. അതുകൊണ്ട് പ്രാഥമികമായി കമ്പെട്ടിയില്‍ അടിസ്ഥാന സാക്ഷരതയും പിന്നെ ഇന്റെര്‍നെറ്റ് ബ്രൌസിംഗും പഠിപ്പിക്കണം. എന്നിട്ട് വേണം അവര്‍ ബ്ലോഗില്‍ വരാന്‍. ബ്ലോഗ് തുടങ്ങുന്നതും ചെയ്യുന്നതും എല്ലാം കാര്യം ലളിതമാണ്. പക്ഷെ .റ്റിയില്‍ ഉന്നത ബിരുദം ഉള്ളവരില്‍ പോലും നല്ലൊരു പങ്കിന് ഇതത്ര സിമ്പിള്‍ അല്ല. പഠിക്കാനുള്ള താല്പര്യക്കുറവുതന്നെ പ്രധാന കാര്യം. ഫോണ്ട് സെറ്റിംഗും മംഗ്ലീഷ് എഴുത്തും ഇന്നും മിക്കവര്‍ക്കും കീറാമുട്ടിയാണ്. എപ്പോഴും ഓണ്‍ലെയിനില്‍ കിട്ടുന്ന ചില സുഹൃത്തുക്കളും എന്റെ ചില വിദ്യാര്‍ത്ഥികളും എന്നെ വിളിച്ചിട്ട് സാറിന് ടൈപ്പ് ചെയ്യാന്‍ അറിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. കാരണം അവര്‍ അവരുടെ കമ്പെട്ടിയില്‍ എന്റെ ബ്ലോഗു കാണുന്നത് വികലമായും ചിലപ്പോള്‍ വെറും ചതുരക്കട്ടകളായിട്ടുമൊക്കെയാണ്. അവരുടെ സിസ്റ്റത്തില്‍ യൂണീക്കോഡ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ചെറിയൊരറിവിന്റെ കുറവ് മാത്രമാണിത്. ബ്ലോഗില്‍ ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നാലും അത് ആരും ഫോളോ ചെയ്യുന്നില്ല. അല്ലെങ്കില്‍ അത് ശ്രദ്ധിക്കുന്നില്ല.

6. Q. ഡോ. ജെയിംസ് ബ്രൈറ്റ്: നമ്മുടെ ബ്ലോഗുകള്‍ ഭാവിയില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ? ജനാധിപത്യ പ്രക്രിയയില്‍ ഇന്റെര്‍നെറ്റിന്റെ സ്വാധീനം ഈജിപ്റ്റില്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞല്ലോ?

A. ..സജിം തട്ടത്തുമല: ബ്ലോഗുകള്‍ രാഷ്ട്രീയവല്‍ക്കരിക്കപെട്ടുകൂടെന്നില്ല. കാരണം ജനാധിപത്യത്തില്‍ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. രാഷ്ട്രീയം ഇല്ലാതിരിക്കാന്‍ ഒരു ജനാധിപത്യപൌരന് സാധിക്കില്ല. എനിക്ക് രാഷ്ട്രീയമില്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതില്‍തന്നെ ഒരു രാഷ്ട്രീയമുണ്ട്. അഭിപ്രായങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചു വച്ച് ജീവിക്കാം. പക്ഷെ നിഷ്പക്ഷനായിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഉള്ളുകൊണ്ടെങ്കിലും ഓരോരുത്തര്‍ക്കും ഒരു രാഷ്ട്രീയം ഉണ്ടായിരിക്കും. ചിലര്‍ക്ക് കാലാകാലങ്ങളില്‍ വ്യത്യസ്ഥ രാഷ്ട്രീയ നിലപാടുണ്ടാകാം. അപ്പോഴും അവര്‍ക്കൊരു രാഷ്ട്രീയമുണ്ടല്ലൊ! അപ്പപ്പോഴത്തെ രാഷ്ട്രീയം. അതുകൊണ്ടൊക്കെത്തന്നെ ബ്ലോഗുകള്‍ ഭാവിയില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൂടെന്നില്ല. അതില്‍ ഞാന്‍ വലിയ അപകടം ഒന്നും കാണുന്നില്ല. ജനാധിപത്യത്തിന്റെ ജീവവായുവാണ് രാഷ്ട്രീയം. ജനാധിപത്യപ്രക്രീയയില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബ്ലോഗുകള്‍ സ്വാധീനം ചെലുത്തും. റ്റി.വി പോലെ എല്ലാ വീട്ടിലും കമ്പെട്ടിയും നെറ്റ് കണക്ഷനും ഉണ്ടാകുന്ന കാലം വിദൂരമല്ല. എല്ലാവരും ലാപ്ടോപ്പുമായി നടക്കുന്നകാലം. അന്ന് സോഷ്യല്‍നെറ്റ്വര്‍ക്കുകളുടെയും ബ്ലോഗുകളുടെയും പ്രാധാന്യം വളരെ വലുതായിരിക്കും. വീട്ടമ്മമാര്‍ പോലും ബ്ലോഗും സമാന മാദ്ധ്യമങ്ങളും ഉപയോഗിച്ച് ഓരോരോ കാര്യങ്ങളില്‍ അപ്പപ്പോള്‍ തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്ന കാലം വരും. അഥവാ വരണം. വരുത്താന്‍ നമ്മള്‍ ശ്രമിക്കുകയും വേണം. ഇനി അതല്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ മറ്റൊരു കണ്ടുപിടിത്തം ഉണ്ടാകണം. എങ്കില്‍ ചിലപ്പോള്‍ റ്റി.വി വന്നപ്പോള്‍ റേഡിയോക്കുണ്ടായ അവസ്ഥ വരും. അതിനെപറ്റി ഇപ്പോള്‍ നാം ഉള്‍ക്കണ്ഠപ്പെടേണ്ടതില്ല.

ഇന്ന് ഓരോരുത്തര്‍ക്കും എഴുതാന്‍ മാത്രമല്ല തങ്ങളെത്തന്നെ ദൃശ്യവല്‍ക്കരിക്കാനും ബ്ലോഗില്‍ സൌകര്യമുണ്ട്. നമുക്ക് പറയാനുള്ളത് പറഞ്ഞ് അതിന്റെ വീഡിയോ ചിത്രം എടുത്ത് അപ് ലോഡ് ചെയ്തിടുക. അല്ലെങ്കില്‍ യു-ട്യൂബില്‍ ചാനല്‍ തുടങ്ങുക. ഇന്ന് പലര്‍ക്കും യു-ട്യൂബില്‍ സ്വന്തം ചാനലുകള്‍ ഉണ്ടല്ലോ! ലൈവ് കാണിക്കാനും ഇന്ന് ഇന്റെര്‍നെറ്റില്‍ സൌകര്യമുണ്ട്. യൂട്യൂബടക്കം എല്ലാത്തരം ഇന്റെര്‍നെറ്റ് പ്രസാധനത്തെയും ബ്ലോഗിംഗ് എന്നുതന്നെ വിളിക്കാം. നമ്മള്‍ ഒരു വിഡിയോ ചിത്രം നിര്‍മ്മിച്ച് അത് നെറ്റ്വഴി പ്രദര്‍ശിപ്പിക്കുനതും ഒരു തരത്തില്‍ ബ്ലോഗിംഗ് തന്നെ. അതുകൊണ്ട് ബ്ലോഗ് എന്ന് പറയുമ്പോള്‍ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ നാം കാണണം. സ്വന്തം വെബ്സൈറ്റുകളുണ്ടാക്കി പ്രവര്‍ത്തിക്കുന്നതിനെയും ബ്ലോഗിംഗ് ആയി തന്നെ കണക്കാക്കാം. ഓണ്‍ലെയിന്‍ പത്രങ്ങളും അതുതന്നെ. ഇന്ന് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്കെല്ലാം ഓണ്‍ലെയിന്‍ വെര്‍ഷന്‍ ഉണ്ടല്ലോ. അതൊക്കെ ബ്ലോഗായി തന്നെ പരിഗണിക്കാവുന്നതാണ്.

7. Q. ഡോ. ജെയിംസ് ബ്രൈറ്റ്: നമ്മുടെ നാട്ടില്‍ അഴിമതി തടയുന്നതിന് ബ്ലോഗുകള്‍ ഉപയോഗിക്കുന്ന ഒരു രീതി നടപ്പിലാകുമോ?

A. ..സജിം തട്ടത്തുമല: ബ്ലോഗ്ഗര്‍മാരെ പേടിച്ച് പലരും നാവുപൊക്കാത്ത കാലം വരുമല്ലോ, പിന്നല്ലേ? ഞാന്‍ തന്നെ പോകുന്ന വഴിയില്‍ ഒരു യോഗം നടന്നാല്‍ ഒളിച്ചും പാത്തും നിന്ന് അത് കേള്‍ക്കും. ഉള്‍പ്രദേശങ്ങളില്‍ ഒന്നും നടക്കുന്ന യോഗങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ അത്ര ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ടുതന്നെ അവിടെയൊക്കെ നിന്ന് നേതാക്കള്‍ എന്ത് വിളിച്ചു പറഞ്ഞാലും അത് വാര്‍ത്തയോ വിവാദമോ ആകില്ല. പക്ഷെ കേട്ട് നില്‍ക്കുന്ന ബ്ലോഗ്ഗര്‍ ഇത് ചിലപ്പോള്‍ ലോകത്തോട് വിളിച്ചു പറയും. ബ്ലോഗ്ഗര്‍മാര്‍ വിചാരിച്ചാലും അഴിമതിയൊക്കെ പുറത്തു കൊണ്ട് വരാന്‍ കഴിയും. നമ്മുടെ പുതിയ വിവരാവകാശ നിയമത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഭാവിയില്‍ ബ്ലോഗ്ഗര്‍മാരായിരിക്കും. ഇപ്പോള്‍ ഏത് കാര്യം വലിയവാര്‍ത്തയും വിവാദവും ആകണമെന്ന് തീരുമാനിക്കുന്നത് വന്‍ കിട മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ആണല്ലോ. അതൊന്നും ഇനി നടക്കില്ല. അവര്‍ തമസ്കരിക്കുന്ന സംഭവങ്ങള്‍കൂടി ബ്ലോഗ്ഗര്‍മാര്‍ ഉയര്‍ത്തിക്കൊണ്ടുവരും. കാരണം ഇനി വരുംകാലം ഓരോ പൌരനും പത്രപ്രവര്‍ത്തകനും പ്രവര്‍ത്തകയുമായിരിക്കും. എല്ലാവരും എല്ലായ്പോഴും സജീവമായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഏതു സമയത്തും ഒരാള്‍ ഒരു പ്രസാധകനായും പത്രപ്രവര്‍ത്തകനായും പ്രത്യക്ഷപ്പെടാം. ഇനി ആര്‍ക്കും ഒന്നും മൂടിവയ്ക്കാനാകില്ല. ചില വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുന്നുണ്ടല്ലോ; അതൊന്നും ഇനി നടക്കില്ല.പത്രാധിപരുടെ വിലക്കുപോലൊന്നും ബ്ലോഗര്‍മാര്‍ക്ക് ഇല്ലല്ലോ. ബ്ലോഗുകള്‍ മൂലം കുറ്റവാളികള്‍ പലരും അകത്താകുന്ന കാലത്തേയ്ക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. നമ്മുടെ വിവരാവകാശ നിയമത്തിന്റെ പ്രധാന ഉപഭോക്താക്കള്‍പോലും ഭാവിയില്‍ ബ്ലോഗര്‍മാരായിരിക്കും. അതെ, ബ്ലോഗെന്ന മാധ്യമത്തിന്റെ ബലത്തില്‍ ഒരു ജനാധിപത്യപൌരന് ഒറ്റയ്ക്ക് തന്നെ ഒരു പ്രതിരോധശക്തിയായി മാറാന്‍ കഴിയും. ഈജിപ്റ്റിലും ടുണീഷ്യയിലും ലിബിയയിലും ബഹറെയിനിലും എല്ലാം ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇന്റെര്‍നെറ്റിലെ സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍ നല്‍കിയ ഉത്തേജനം നമ്മുടെ അനുഭവത്തിലുള്ളത് ഇത്തരുണത്തില്‍ നാം ഓര്‍ക്കണം.

8. Q . . ഡോ. ജെയിംസ് ബ്രൈറ്റ്: ബ്ലോഗുകള്‍ .തളരുന്നു എന്നു പറയുന്നതിന്റെ നിജസ്ഥിതി എന്താണ്? ബ്ലോഗുകള്‍ വളരുവാന്‍ നാം എന്തെല്ലാം ചെയ്യേണ്ടി വരും?

A. ..സജിം തട്ടത്തുമല: ബ്ലോഗുകള്‍ വളരുക തന്നെയാണ്. തളരുകയല്ല. ബ്ലോഗിംഗ് വളരാന്‍ നാം ഒന്നും ചെയ്തില്ലെങ്കിലും അത് വളരും. നാം എന്തെങ്കിലും ഒക്കെ ചെയ്താല്‍ വളര്‍ച്ചയ്ക്ക് ആക്കം കൂടും എന്നേയുള്ളൂ. തളരുന്നുവെന്ന് ചില മുഖ്യധാരാ എഴുത്തുകാര്‍ പറഞ്ഞുണ്ടാക്കുകയാണ്. ബ്ലോഗ് എന്ന മാദ്ധ്യമത്തിലേയ്ക്ക് ഓരോ നിമിഷവും പുതിയ പുതിയ ആളുകള്‍ കടന്നുവന്നുകൊണ്ടിരിക്കും. മാത്രമല്ല ബ്ലോഗ് എന്നത് ഒരു പ്രാദേശിക പ്രതിഭാസമല്ല. ലോകവ്യാപകമായ ഒന്നാണ്. ലോകത്ത് എവിടെയും ബ്ലോഗുകള്‍ വളരുകയാണ്. ലോകത്തിന്റെ ഗതിവിഗതികളില്‍ ബ്ലോഗുകള്‍ നിര്‍ണ്ണായകമായ സ്വാധീനം ഭാവിയില്‍ ചെലുത്തും. ഇവിടെ ബ്ലോഗ് എന്ന് പറയുമ്പോള്‍ സ്വന്തം വെബ് സൈറ്റുകള്‍ വഴി അവനവന്‍ പ്രസാധനം നടത്തുന്നതും കൂടി ഉള്‍പ്പെടും എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ! വിക്കി ലീക്ക്സ് വെളിപ്പെടുത്തലുകള്‍ അടുത്തകാലത്ത് വലിയ സംഭവമായിരുന്നല്ലോ.വിക്കി ലീക്സിന്റെ പ്രവര്‍ത്തനങ്ങളും ഒരു തരം ബ്ലോഗിംഗ് തന്നെ. അതുകൊണ്ട് ബ്ലോഗ് എന്നാല്‍ ഗൂഗിളിലും വേര്‍ഡ്പ്രസ്സിലും മറ്റും സൌജന്യമായി അക്കൌണ്ട് തുറന്ന് പ്രസാധനം നടത്തുന്നത് മാത്രമല്ല എന്ന് മനസിലാക്കണം. നെറ്റ്വഴിയുള്ള എല്ലാത്തരം ആശയവിനിമയങ്ങളും ഒരര്‍ത്ഥത്തില്‍ ബ്ലോഗിംഗ് ആണ്. ബ്ലോഗുകള്‍ തളരണമെന്ന് ആരെങ്കിലുംചിലര്‍ ആഗ്രഹിച്ചാലും അത് വളര്‍ന്നുകൊണ്ട്തന്നെ ഇരിക്കും.

9. Q. . ഡോ. ജെയിംസ് ബ്രൈറ്റ്: ബ്ലോഗില്‍ ഗ്രൂപ്പുകളുടെ സ്വാധീനം (ഗ്രൂപ്പുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെങ്കില്‍) സജിമിന് അനുഭവപ്പെട്ടിട്ടുണ്ടോ?

A. ..സജിം തട്ടത്തുമല: ബ്ലോഗില്‍ ഗ്രൂപ്പുകള്‍ ഉണ്ട് എന്നു തന്നെ ഞാന്‍ കരുതുന്നു. ഇതുകൊണ്ട് ഗുണവും ദോഷവും ഉണ്ട്. ദോഷം മത്രമേ ഉള്ളുവെന്ന് പറയുന്നവര്‍ ഉണ്ടായിരിക്കാം. ഞാന്‍ അങ്ങനെ കരുതുന്നില്ല. ഗ്രൂപ്പിസം ഒക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഉദ്ദേശം നല്ലതാണെങ്കില്‍. ഞാന്‍ ഇതുവരെ ഒരു ഗ്രൂപ്പിലും ചേര്‍ന്നിട്ടില്ല. സമാന ചിന്താഗതിയുള്ളവര്‍ ഏതെങ്കിലും ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന തരം ഗ്രൂപ്പാണെങ്കില്‍ അതില്‍ ചേരാന്‍ എനിക്ക് മടിയുമില്ല. പക്ഷെ ബ്ലോഗര്‍മാര്‍ എന്ന നിലയില്‍ എല്ലാവരും ഗ്രൂപ്പുകള്‍ക്കതീതമായി ഒന്നായിരിക്കുന്നത് നല്ലതു തന്നെ. വെറുതെ ഗ്രൂപ്പിനുവേണ്ടി ഗ്രൂപ്പുണ്ടാക്കേണ്ട കാര്യം ഇല്ല. പിന്നെ ഒരു കാര്യം ഞാന്‍ തുറന്നു പറയാം. വലിയവര്‍ ചെറിയവര്‍ എന്ന ഒരു തരം തിരിവ് ബ്ലോഗര്‍മാര്‍ക്കിടയിലും ഉണ്ട്. മുമ്പേ വന്നവര്‍ പുറകേ വന്നവര്‍ എന്ന ഒരു തരം തിരിവും ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷെ ഇതെന്റെ മാത്രം അനുഭവമായിരിക്കാം. സമൂഹത്തില്‍ നല്ലതല്ലാത്ത എന്തൊക്കെ ഉണ്ടോ അതില്‍ ചിലതൊക്കെ ബ്ലോഗര്‍മാര്‍ക്കിടയിലും കടന്നുവരും എന്നു കരുതി സമാധാനിക്കുകയേ ഇക്കാര്യത്തില്‍ നിവൃത്തിയുള്ളൂ. എന്തായാലും എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ഗമയാണ്. ആരും, അവര്‍ ഇനി ആരുതന്നെ ആയാലും, എത്ര ഉന്നതരായാലും ഗമ കാണിക്കരുത്. ബ്ലോഗര്‍മാര്‍ക്കിടയില്‍ ഗമയന്മാരുണ്ട് എന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല. ബ്ലോഗ് മീറ്റുകളില്‍ വച്ചും ചിലരുടെ ഗമ അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊക്കെ ചെറിയ കാര്യങ്ങള്‍ ആണ്.

പുലിബ്ലോഗര്‍മാര്‍ എന്ന് ധരിക്കുന്ന ചിലര്‍ പുലികള്‍ എന്നു ധരിക്കുന്നവരുടെ ബ്ലോഗുകളേ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യൂ. അവര്‍ക്ക് എല്ലാവരുടെ കമന്റുകളും വേണം. അവര്‍ പുതിയ ബ്ലോഗര്‍മാരുടെ ബ്ലോഗുകള്‍ വായിച്ച് ആസ്വദിക്കും. പക്ഷെ കമന്റെഴുതില്ല. അണ്‍പുലികളുടെ (പുലികളായി ചിലരാല്‍ അംഗീകരിക്കപ്പെടാത്തവരുടെ) ബ്ലോഗില്‍ കമന്റെഴുതുന്നത് ഒരു കുറച്ചില്‍ പോലെയാണ് ചിലര്‍ക്ക്. ഇതാണ് ഗ്രൂപ്പുകള്‍ ഉണ്ടാകാന്‍ ഒരു കാരണം. അഗ്രഗേറ്ററുകള്‍ വഴിയല്ല പലര്‍ക്കും ഇപ്പോള്‍ നല്ല വായനക്കാരെ കിട്ടുന്നത്. ചിലര്‍ പോസ്റ്റ് എഴുതിയിട്ട് അവരുടെസ്വന്തക്കാരായബ്ലോഗര്‍മാര്‍ക്ക് ലിങ്ക് അയച്ചുകൊടുക്കും. ചിലര്‍ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനുമുമ്പ് അത് മെയില്‍ ചെയ്തുകൊടുക്കും. ( ഇതൊന്നും ഒട്ടും ശരിയല്ലെന്നല്ല. ചിലപ്പോഴൊക്കെ ആവശ്യം തന്നെ) പോസ്റ്റ് പബ്ലിഷ് ചെയ്ത ഉടന്‍ സ്വന്തക്കാര്‍ വന്ന് കമന്റ് എഴുതി കൊഴുപ്പിക്കും. ചിലര്‍ പോസ്റ്റ് വായിക്കുകതന്നെയില്ല. പക്ഷെ കമന്റെഴുതും. ഏത് ബ്ലോഗര്‍ക്കും പുലിയാകാം. പത്തന്‍പത് പേര്‍ ചേര്‍ന്ന് ഒരു പരസ്പരസഹായ സമിതി ഉണ്ടാക്കിയാല്‍ മതി. അങ്ങോട്ടും ഇങ്ങോട്ടും കമന്റിട്ട് എല്ലാവര്‍ക്കും പുലികളാകാം. ഒരു ബ്ലോഗറുടെ നിലവാരം നിര്‍ണ്ണയിക്കുന്നത് കമന്റുകളല്ല. അവരുടെ പോസ്റ്റുകളാണെന്ന് നാം മനസിലാക്കണം. എല്ലാവര്‍ക്കും എല്ലായ്പോഴും ഒരേപോലെ നിലവാ‍രം പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഒന്നോരണ്ടോ നല്ല പോസ്റ്റ് എഴുതി ശ്രദ്ധിക്കപ്പെട്ടു എന്ന് കരുതി ആരും വലിയ ആളാകരുത്. അഥവാ വലിയ ആളെന്ന് സ്വയം ധരിക്കരുത്. ഗമ കാണിക്കരുതെന്നര്‍ത്ഥം.

ഞാനിതൊക്കെ പറഞ്ഞെങ്കിലും ഗ്രൂപ്പുകളൊക്കെ ഉണ്ടാക്കിക്കൊള്ളട്ടെ. വലിയവര്‍ എന്നു കരുതുന്നവര്‍ വലിയവര്‍ ചമഞ്ഞ് നടന്നുകൊള്ളട്ടെ. പക്ഷെ എല്ലാ ബ്ലോഗര്‍മാരും പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരും പ്രോത്സാഹിപ്പിക്കപ്പെടുന്നവരും ആകണം. ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഗമ കാണിച്ചാല്‍ ഗമ കാണാനും ബ്ലോഗര്‍മാര്‍തന്നെ വേണമല്ലോ. ബ്ലോഗില്ലെങ്കില്‍, ബ്ലോഗ്ഗര്‍മാര്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ബ്ലോഗ്പുലി? എന്ത് ബ്ലോഗ് ഗമ? ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ നമ്മള്‍ കൂടിയവരെന്നും മറ്റുള്ളവര്‍ കുറഞ്ഞവരെന്നും ഉള്ള മനോഭാവം ശരിയല്ലെന്ന് ഞാന്‍ ചുരുക്കി പറഞ്ഞു കൊള്ളുന്നു. ഞാന്‍ പറഞ്ഞതുപോലെയൊന്നും ബ്ലോഗ് മേഖലയില്‍ സംഭവിക്കുന്നില്ലെങ്കില്‍ ക്ഷമിക്കുക. ഒരു പക്ഷെ എന്റെ തോന്നലുകള്‍ ആകാം.

10. Q. ഡോ. ജെയിംസ് ബ്രൈറ്റ്: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മലയാളം ബ്ലോഗുകള്‍ എങ്ങിനെ ഉരുത്തിരിയും എന്നാണ് സജിം കരുതുന്നത്?

A. ..സജിം തട്ടത്തുമല: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ബ്ലോഗുകളുടെയും ബ്ലോഗ്ഗര്‍മാരുടെയും എണ്ണം ഇന്നത്തെ അപേക്ഷിച്ച് വളരെവളരെ കൂടുതലായിരിക്കും എന്നതില്‍ സംശയിക്കേണ്ട. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ബ്ലോഗുകള്‍ക്ക് കൂടുതല്‍ ഔദ്യോഗിക അംഗീകാരവും പ്രശസ്തിയും പ്രാധാന്യവും ലഭിക്കും. ഇന്ന് മിക്കവാറും എല്ലാവര്‍ക്കും -മെയില്‍ .ഡി.കള്‍ ഉള്ളതുപോലെ ഭാവിയില്‍ എല്ലാവര്‍ക്കും സ്വന്തമായി ബ്ലോഗുകള്‍ ഉണ്ടാകും. ഭാവിയില്‍ സ്വന്തമായി ഒരു ബ്ലോഗെങ്കിലുമില്ലാത്തവര്‍ സ്വന്തമായി ഒരു മേല്‍വിലാസമില്ലാത്തവര്‍ എന്ന് കരുതപ്പെട്ടുകൂടെന്നില്ല.ഒരാളെ വെളിപ്പെടുത്താനുള്ള നല്ലൊരു മാദ്ധ്യമം എന്ന നിലയില്‍ ബ്ലോഗുകള്‍ക്ക് വലിയ പ്രാധാന്യം വരും. സ്വന്തമായി ഒരു വെബ്സൈറ്റ് ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന ഒരു കാലത്തെ നമുക്ക് എന്തുകൊണ്ട് വിഭാവനം ചെയ്തുകൂട? ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഓണ്‍ലെയിന്‍ സംവിധാനം ഏര്‍പ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വീട്ടില്‍ ഒരു കമ്പെട്ടിയും ഇന്റെര്‍നെറ്റ് കണക്ഷനും -മെയില്‍ .ഡിയും, സ്വന്തം വെബ്സൈറ്റും അതല്ലെങ്കില്‍ ഒരു ബ്ലോഗെങ്കിലും ഇല്ലാതെ ലോകത്ത് ആര്‍ക്കാണ് ഇനിയുള്ളകാലം നന്നായി ജീവിക്കാന്‍ കഴിയുക? വീട്ടിലിരുന്ന് തനിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എല്ലാം ഓണ്‍ലെയിന്‍ വഴി നേടിയെടുക്കാന്‍ കഴിയുന്ന ഒരു കാലം വിദൂരമല്ല. ഇപ്പോള്‍തന്നെ അത് പല മേഖലകളിലും പ്രാവര്‍ത്തികമായി കഴിഞ്ഞു. അതുകൊണ്ട് ഇനെര്‍നെറ്റിന്റെ സാദ്ധ്യതകള്‍ പരമാ‍വധി പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. ബ്ലോഗുകള്‍ വരുംകാലത്തിന്റെ പ്രതീക്ഷകളാണ്. ഭാവിയില്‍ പക്വവും ക്രിയാത്മകവുമായ ഒരു ജനാധിപത്യ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ബ്ലോഗുകള്‍ക്ക് നിര്‍ണ്ണായകമായ പങ്കു വഹിക്കാന്‍ കഴിയും. മാനുഷിക ബന്ധങ്ങളെ ഊഷ്മളമാക്കാന്‍ സഹായിക്കുന്ന ബ്ലോഗുകളും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും പരിവര്‍ത്തനങ്ങളുടെ മാദ്ധ്യമമായും മാറിക്കൊണ്ടിരിക്കുന്നുവെന്ന് സമീപകാല ലോക സംഭവങ്ങള്‍ നമ്മെ ഉണര്‍ത്തിക്കുന്നുണ്ട്.

ഇനി തല്‍ക്കാലം കത്തിയടിയ്ക്ക് ബ്രേക്കിടുന്നു. ഇല്ലെങ്കില്‍ ഇതിനിയും അങ്ങ് നീണ്ടു പോകും. അല്പം ആത്മപ്രശംസയുടെ അംശങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും, ഇന്റെര്‍വ്യൂവില്‍ ബ്ലോഗിനെപ്പറ്റിയും എന്നെപ്പറ്റിത്തന്നെയും കുറെ കാര്യങ്ങള്‍ ഇത് വായിക്കാന്‍ ഇടവന്ന ഹതഭാഗ്യരുമായി പങ്കുവയ്ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഞാന്‍ രേഖപ്പെടുത്തുന്നു. എപ്പോഴെങ്കിലും എഴുതണമെന്നും പറയണമെന്നും കരുതിയിരുന്ന കുറെ കാര്യങ്ങള്‍കൂടി പറയാന്‍ ഇന്റെര്‍വ്യൂ ഒരു നിമിത്തമാക്കി എന്നേയുള്ളൂ! കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും പറഞ്ഞത് എന്തെങ്കിലും കൂടി പോയെങ്കില്‍ വിമര്‍ശിക്കാനും തിരുത്തിക്കാനും മടിയ്ക്കരുതെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും എന്റെ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു!


Saturday, June 25, 2011

ഫ്രീഡം വാ‍ക്ക്


തിരുവനന്തപുരത്ത് ഫ്രീഡം വാ‍ക്ക് നടത്തി

പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധം ഇക്കഴിഞ്ഞ 2011 ജൂൺ 23-ന് തിരുവനന്തപുരം നഗരത്തിൽ നടന്നു. കൊച്ചിയിൽ പുരുഷ സുഹൃത്തിനോടൊപ്പം തൊഴിൽ സ്ഥാപനത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ തട്ടുകടയിൽ നിന്ന് ചായ കുടിച്ചതിന് തസ്നി ബാനുവെന്ന പെൺകുട്ടിയെ സദാചാര പോലീസ് ചമഞ്ഞ സാമൂഹ്യ വിരുദ്ധർ ക്രൂരമായി ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ടുള്ളതായിരുന്നു ശ്രദ്ധേയമായ ഈ പ്രതിഷേധ മാർച്ച്. നടന്നതാകട്ടെ രാത്രിയിലും.

ഫ്രീഡം വാക്ക് എന്നായിരുന്നു രാത്രിയിൽ നടന്ന ഈ പ്രതിഷേധ പരിപാടിയുടെ പേര്. സെന്റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സ്റ്റഡീസ് എന്ന സാംസ്കാരിക കൂട്ടയ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതായിരുന്നു ഫ്രീഡം വാക്ക്. രാത്രി ഒൻപതര മണിയൊടെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള സാംസ്കാരികപ്രവർത്തകർ ഒത്തു ചേർന്നു. തുടർന്ന് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ വിളംബരം എന്നോണം രണ്ട് യുവതികൾ ഫ്രീഡം വാക്കിന്റെ ബാനറും പിടിച്ച് രാത്രിയെ കീറി മുറിച്ചുകൊണ്ട് തിരുവനന്തപുരം നഗരവീഥിയിലൂടെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് മാർച്ച് ചെയ്തു. തൊട്ടു പുറകെ ആണും പെണ്ണുമായി നൂറുകണക്കിന് പ്രവർത്തകർ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ബാനറുമേന്തി വീ ഷാൾ ഓവർ കം എന്ന ഗാനവും പാടി നടന്നു നീങ്ങി.

ടി.എൻ. സീമ എം.പി, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായിരുന്ന ചലച്ചിത്ര നിരൂപകൻ വി.കെ.ജോസഫ്, വനിതാസാഹിതി നേതാവ് പി.എസ്.ശ്രീകല, കെ.ജി. സൂരജ്, ബി.എൻ.സന്ധ്യ, രോഷനാരാ മെഹ്രിൻ, ബിന്ദു, സന്തോഷ് വിത്സൺ, അനിൽ കുര്യാത്തി തുടങ്ങിയവർ നേതൃത്വം നൽകി.

സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്രീഡം വാക്ക് എത്തുമ്പോൾ പരിപാടിയുടെ അനുബന്ധമായി സ്ത്രീ പോരാട്ടാം പ്രതിരോധം എന്ന വിഷയത്തിൽ ഷാന്റോ ആന്റണിയുടെ നേതൃത്വത്തിൽ ചിത്രരചന നടക്കുകയായിരുന്നു.തുടർന്ന് വി.എസ്.ബിന്ദു രചനയും രോഷ്നാരാ മെഹ്രിൻ സംവിധാനവും നിർവ്വഹിച്ച തെരുവു നാടകവും ഒരു കൊച്ചു കൂട്ടുകാരിയുടെ കവിതാലാപനവും നടന്നു.ലഘുവെങ്കിലും സ്ത്രീസ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നുകയറ്റങ്ങളെ അതിജീവിക്കുവാനുള്ള സ്ത്രീസമൂഹത്തിന്റെ ദൃഢനിശ്ചയം വിളിച്ചറിയിക്കുന്നതായിരുന്നു നാടകം. ടി.എൻ.സീമ എം.പി സംസാരിച്ചു. ഇന്റെർ നെറ്റിലെ ഫെയ്സ് ബൂക്ക് പോലെയുള്ള സോഷ്യൽ നെറ്റ്വർക്കുകളിലെ സൌഹൃദ ഗ്രൂപ്പുകൾ വഴി നടത്തിയ പ്രചരണം ഈ പ്രതിഷേധ സംഗമത്തിൽ ആണും പെണ്ണുമായി നല്ല ആൾപങ്കാളിത്തം ഉണ്ടാക്കി.

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ഇപ്പോൾ ഒരു മതേതര സ്വഭാവമൊക്കെ കൈവന്നിരിക്കുന്നു എന്ന് കൊച്ചി സംഭവം തെളിയിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നവരിൽ ജാതിമത ഭേദം ഇല്ല. ഇതുപോലെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ കേരളത്തിൽ നിത്യ സംഭവമാകുമ്പോൾ ഇത്തരം പ്രതിഷേധങ്ങളുടെ ചെറുതിരയിളക്കമെങ്കിലും ഉണ്ടാകുന്നതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു.

ബ്ലോഗ് സെന്റർ ഉദ്ഘാടനം ജൂലായ് 1 ന്


ബ്ലോഗ് സെന്റർ ഉദ്ഘാടനം ജൂലായ് 1 ന്

ബൂലോകത്തിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരം കോവളത്ത് ഉദ്ഘാടന സജ്ജമായിരിക്കുന്നു. പരിമിതമായ സൌകര്യങ്ങളോടെയാണെങ്കിലും ഉദ്ഘാടനം നടത്താൻ ഇനിയും അമാന്തിക്കേണ്ടെന്നു കരുതി ദിവസവും സമയവും കുറിക്കുകയായിരുന്നു. നാളെ നാളെ നീളെ നീളെ എന്നു നീട്ടിക്കൊണ്ടു പോകുന്നതിൽ അർത്ഥമില്ലല്ലോ! അത്യാവശ്യം മിനുക്കു പണികളൊക്കെ ഇതിനകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. പരിമിതികൾ ഉണ്ടെന്നു സൂചിപ്പിച്ചെങ്കിലും അത്യാവശ്യം വേണ്ട സൌകര്യങ്ങൾ ഒക്കെ ഉണ്ട് ഓഫീസിൽ. എന്തായാലും ബൂലോകത്തിന് ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം സക്ഷാൽക്കരിക്കപ്പെടുന്ന ആ സുദിനം സമാഗതമാവുകയാണ്. ഈ സന്തോഷം ഞാനും പങ്ക് വയ്ക്കുന്നു.

2011 ജൂലായ് 1 ന് കോവളം ജംഗ്ഷനിൽ ബൂലോകത്തിന്റെ ആസ്ഥാന മന്ദിരം ലളിതമായ ചടങ്ങുകളോടെ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. ബൂലോകത്തു നിന്ന് ഒരാൾ തന്നെയാകും ഉദ്ഘാടനം നിർവ്വഹിക്കുകയെന്ന് മുമ്പേ തന്നെ സൂചിപ്പിച്ചിരുന്നു. അതിൻപ്രകാരം ബൂലോകത്തെ ഏറ്റവും ശ്രദ്ധേയമായ സാന്നിദ്ധ്യമായ നിരക്ഷരൻ ആയിരിക്കും ഈ ഓഫീസിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുക.പ്രത്യേകിച്ച് വലിയ ചടങ്ങുകൾ ഒന്നുമില്ലെങ്കിലും വൈകുന്നേരം അഞ്ചു മണിയ്ക്ക് കോവളത്ത് എത്തിച്ചേരുന്നവർക്ക് ഈ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ കഴിയും.

കോവളം ജംഗ്ഷനിൽ കാനറാ ബാങ്കിനു സമീപമാണ് ബൂലോക മന്ദിരം പ്രവർത്തന സജ്ജമാകുന്നത്. അത്യാവശ്യം കമ്പ്യൂട്ടറുകളും ഇന്റെർ നെറ്റ് കണക്ഷനും എല്ലാം ഉണ്ടായിരിക്കും.ബ്ലോഗ് സാക്ഷരതയ്ക്കും അത്യാവശ്യം മീറ്റിംഗുകൾ കൂടുന്നതിനും ഉള്ള സൌകര്യങ്ങൾ ബൂലോകത്തിന്റെ ഈ ഓഫീസിൽ ഉണ്ടായിരിക്കും. ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെട്ട പ്രകൃതി സുന്ദരമായ കോവളത്ത് ബൂലോകം ഓൺലെയിൻ ഏർപ്പെടുത്തുന്ന ഈ ബ്ലോഗ് സെന്ററിന് ഭാവിയിൽ ബ്ലോഗിന്റെ നിലനില്പിനും വളർച്ചയ്ക്കും ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്ന പ്രത്യാശയോടെ ഈ ചരിത്ര മുഹൂർത്തത്തിന്റെ വർത്തമാനം ബൂലോക സുഹൃത്തുക്കളെ സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

Saturday, June 18, 2011

എം.എഫ്.ഹുസൈനെക്കുറിച്ച് അഭിമാനിക്കുമ്പോൾ......


എം
.എഫ്.ഹുസൈനെക്കുറിച്ച് അഭിമാനിക്കുമ്പോൾ..........

വിശ്വവിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈൻ 2011 ജൂൺ 11 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണ വാർത്തയുടെ അന്നോ പിറ്റേന്നോ എഴുതേണ്ട പോസ്റ്റാണിത്. എന്നാൽ ചില തിരക്കുകളാൽ അതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മരണത്തിൽ ആദ്യംതന്നെ അനുശോചിക്കുന്നു. അതോടൊപ്പം അല്പം ചില കാര്യങ്ങൾ ഇവിടെ കുറിച്ചിടുന്നു.

രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ എല്ലാം നൽകി ആദരിച്ച എം.എഫ്. ഹുസൈൻ എന്ന വിഖ്യാത ഇന്ത്യൻ ചിത്രകാരനെ ഇന്ത്യയിൽ നിന്ന് ഒരു കൂട്ടം വർഗ്ഗീയ വാദികൾ നാടുകടത്തുകയായിരുന്നു. വന്ദേമാതരം എന്ന പേരിൽ അദ്ദേഹം വരച്ച ഒരു ചിത്രത്തെ ചൊല്ലിയാണ് ഹിന്ദു വർഗ്ഗീയ വാദികൾ അദ്ദേഹത്തിനെതിരെ ഭീഷണി ഉയർത്തിയത്. രാഷ്ട്രത്തിന് അദ്ദേഹത്തിനു വേണ്ട സംരക്ഷണം നൽകാൻ കഴിയാത്തതിനാൽ നാട് വിട്ട് ഖത്തറിൽ ചെന്ന് അവിടുത്തെ പൌരത്വം എടുക്കുകയായിരുന്നു. മരണപെട്ടത് ലണ്ടനിൽ വച്ചും. ഇന്ത്യയിലേയ്ക്ക് മടങ്ങി വരാൻ അതിയായി ആഗ്രഹിച്ചിരുന്ന ഈ അനുഗ്രഹീത കാലാകാരനെ സ്വന്തം രാജ്യത്ത് മടക്കി കൊണ്ടു വരുന്നതിൽ നമ്മുടെ ഭരണ കൂടം വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. എം.എഫ്.ഹുസൈന് രാജ്യം വിടേണ്ടിവന്നത് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ തീരാകളങ്കമാണ്.

ഹിന്ദു വർഗ്ഗീയ വാദികൾ മാത്രമല്ല, മുസ്ലിം വർഗ്ഗീയ വാദികളും മുമ്പ് അദ്ദേഹത്തിനെതിരെ ഭീഷണി ഉയർത്തിയിരുന്നു. ഒരു കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേൽ നടന്ന ഈ അതിക്രമം ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ യശസിനു കളങ്കം ചാർത്തി. ഇന്ത്യൻ പിക്കാസോ എന്നറിയപ്പെട്ടിരുന്ന എം.എഫ്.ഹുസൈൻ എന്ന വരയുടെ മാന്ത്രികൻ ഇന്ത്യക്കാരനായിരുന്നു എന്ന് നെഞ്ചിൽ കൈവച്ച് അഭിമാനിക്കുവാനുള്ള ധാർമ്മികമായ അവകാശം ഓരോ ഇന്ത്യക്കാരനും നഷ്ടപ്പെട്ടു എന്നു വേണം പറയാൻ. താൻ ഹൃദയത്തിലേറ്റി നടന്ന മാതൃരാജ്യത്ത് ജീവിത സായന്തനം ചെലവഴിക്കാനോ ഇവിടെത്തന്നെ മരിച്ച് പിറന്ന ഈ മണ്ണിൽ തന്നെ ലയിച്ചു ചേരാനോ കഴിയാതെ പോകുന്നത് ഒരു രാജ്യസ്നേഹിയെ സംബന്ധിച്ചിടത്തോളം അഗാധമായ ഹൃദയ വേദനയുണ്ടാക്കും. എന്നാൽ എം.എഫ്.ഹുസൈന്റെ കാര്യത്തിൽ അതു തന്നെ സംഭവിച്ചു പോയതിൽ നാം ഓരോ ഇന്ത്യക്കാരനും ഉള്ളുരുകി പശ്ചാത്തപിക്കെണ്ടതാണ്. അതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ!

ഒരു കലാകാരന്റെ എല്ലാ സൃഷ്ടികളും കുറ്റമറ്റതോ എല്ലാവർക്കും ഇഷ്ടപ്പെടുന്നതോ ആയിക്കൊള്ളണം എന്നില്ല. സൃഷ്ടിയോട് എതിർപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കുവാൻ ജനാധിപത്യപരമായ ധാരാളം മാർഗ്ഗങ്ങൾ ഉണ്ട്. വിയോജനക്കുറിപ്പുകൾ ഇറക്കാം, ചർച്ചകൾ സംഘടിപ്പിക്കാം, ജാഥകളും പ്രകടനങ്ങളും നടത്താം. സൃഷ്ടികർത്താവിനെ തന്നെ പങ്കെടുപ്പിച്ച് സംവാദങ്ങൾ സംഘടിപ്പിക്കാം. അങ്ങനെ എത്രയോ മാർഗ്ഗങ്ങൾ. ഒരു സൃഷ്ടി നിയമ വിരുദ്ധമോ സമൂഹത്തിൽ ആർക്കെങ്കിലും പ്രയാസം ഉണ്ടാക്കുന്നവയോ ആണെങ്കിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതികൾ വഴി തന്നെ അതിനു പരിഹാരം കാണാൻ ശ്രമിക്കാം. പലപ്പോഴും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതുമാണ്. എന്നാൽ ഒരു രാജ്യത്തെ പൌരനെ താൻ ആവിഷ്കരിച്ച ഒരു കാലാ-സാഹിത്യ സൃഷ്ടിയുടെ പേരിൽ (എന്തിന്റെ പേരിൽ ആയാലും) നാടു കടത്തുന്നത് അത്യന്തം പൈശാചികമാണ്.

ഒരാളുടെ കലാ സാഹിത്യ സൃഷ്ടികളെ സംബന്ധിച്ച് എല്ലാവർക്കും ഒരേ അഭിപ്രായം ആയിക്കൊള്ളണം എന്നില്ല. കാരണം ഓരോരുത്തരും അവരവരുടേതായ ആസ്വാദന തലങ്ങളിൽ നിന്നു കൊണ്ടാകും അവയെ സമീപിക്കുക. ബോധ പൂർവ്വം ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുവാൻ ഒരു കലാകാരൻ സാധാരണ തയ്യാറാകില്ല. പ്രത്യേകിച്ചും എം.എഫ്. ഹുസൈനെ പോലെ ഒരാൾ. പലപ്പോഴും നിർദ്ദോഷമായി ചെയ്യുന്ന ഒരു സൃഷ്ടി വിവാദത്തിൽ ആകുമ്പോഴായിരിക്കും അതിന്റെ കർത്താവ് അതേ പറ്റി ആലോചിക്കുന്നതു പോലും. ഒരു കലാസൃഷ്ടിയെ ദോഷൈക ദൃഷ്ടിയോടെ സമീപിച്ചാൽ അതിൽ പല കുഴപ്പങ്ങളും ഉണ്ടെന്നു തോന്നും. ഇനി അഥവാ ആയിരക്കണക്കിനു അർത്ഥവത്തും മനോഹരവുമായ ചിത്രങ്ങൾ വരച്ച ഒരു ചിത്രകാരനിൽ നിന്ന് എന്തെങ്കിലും ചെറിയ പിഴവുകൾ ഉണ്ടായാലും അതെ പറ്റി പ്രതിഷേധം അറിയിച്ച് ക്ഷമിക്കാനും പൊറുക്കാനും കഴിയണ്ടേ? പ്രത്യേകിച്ചും അതിരു കവിഞ്ഞ ദേശീയതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവർക്ക്!

ചിത്രകല വളരെയേറേ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും എം.എഫ്.ഹുസൈന്റെ ചിത്രങ്ങൾ വളരെയൊന്നും കാണാനോ ആസ്വദിക്കാനോ ഈയുള്ളവനു കഴിഞ്ഞിട്ടില്ല. വന്ദേമാതരം, മാധുരി ദീക്ഷിത്ത് വിഷയങ്ങളിൽ അല്പം ചില വിയോജിപ്പുകൾ ഉണ്ട് എന്നത് തുറന്നു പറയാതെയും ഇരിക്കുന്നില്ല. ചിത്രകലയെ മുടിനാരു കീറി അറിഞ്ഞ് ആസ്വദിക്കാൻ മാത്രം അതു സംബന്ധിച്ച എന്തെങ്കിലും അവബോധം ഇല്ലാത്തതുകൊണ്ടാകാം. എന്നാൽ ഒരു ചിത്രകാരനെ വിരട്ടി ഓടിക്കാൻ മാത്രം പ്രകോപനമൊന്നും അതിലില്ല. കാരണം നമ്മുടെ പുരാതന കാലം മുതലുള്ള ചിത്രകലാ പാരമ്പര്യം വച്ച് നോക്കുമ്പോൾ ആ ചിത്രത്തിന്റെ പേരിൽ ഇത്രയധികം പ്രകോപനമുണ്ടാകുന്നതിനു യാതൊരു ന്യായീകരണവും ഇല്ല. ഇനി അദ്ദേഹത്തിനെതിരെ വാളോങ്ങിയവരുടെ വികാരങ്ങളെ മാനിച്ചും ന്യായീകരിച്ചും പറഞ്ഞാൽ തന്നെയും, ഇങ്ങനെ ഒരു നഗ്ന ചിത്രം ആലേഖനം ചെയ്ത് ഭാരത മാതാവിനെ ആക്ഷേപിക്കേണ്ടിയിരുന്നില്ലെന്ന് അദ്ദേഹത്തോട് നേരിട്ട് ചെന്നു സൌമ്യമായി പറഞ്ഞ് ഒരു ചായയും കുടിച്ച് കെട്ടിപ്പിടിച്ച് പിരിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ചിത്രത്തോടല്ല , ചിത്രകാരനോടാണ് അസഹിഷ്ണുതയെങ്കിൽ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ!

ഇവിടെ ഏറ്റവും പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു കൊണ്ട് ഞാൻ കുറിപ്പ് അവസാനിപ്പിക്കുകയാണ്. സ്വന്തം രാജ്യത്ത് ജീവന് ഭീഷണി ഉയർന്നപ്പോൾ ജീവഭയം മൂലം എം.എഫ്.ഹുസൈൻ പിടിച്ചി നിൽക്കാനാകാതെ രാജ്യം വിട്ടു പോയി. അദ്ദേഹം ചെന്നെത്തിയ മറ്റൊരു രാജ്യത്ത് അവിടുത്തെ പൌരത്വം നിരുപാധികം ലഭ്യമാകുകയും ചെയ്തു. പണ്ട് പത്തു രൂപയ്ക്ക് മുംബേയിൽ ചിത്രം വിറ്റു നടന്ന എം.എഫ്. ഹുസൈന്റെ ചിത്രങ്ങൾക്ക് പിൽക്കാലത്ത് കോടികൾ വില മതിപ്പുണ്ടായി. സ്വന്തം ചിത്രങ്ങൾകൊണ്ട് സാമ്പത്തികമായി അദ്ദേഹം ഭേദപ്പെട്ട നിലയിലുമായി. ഒപ്പം വിഖ്യാത ചിത്രകാരൻ എന്ന പ്രശസ്തിയും ലോകാദരവും. അങ്ങനെയുള്ള ഒരു അസാധാരണ പൌരന് സ്വന്തം രാജ്യത്ത് ജീവന് ഭീഷണി ഉയർന്നാൽ മറ്റൊരു രാജ്യത്തിലേയ്ക്ക് പോകാൻ ബുദ്ധിമുട്ടൊന്നുമില്ല. മറ്റേതെങ്കിലും ഒരു രാജ്യത്തെ പൌരത്വം ലഭിക്കാനും പ്രയാസമില്ല. എന്നാൽ നാം ചിന്തിക്കേണ്ട വിഷയം, എം.എഫ്. ഹുസൈന്റെ അനുഭവം അത്രത്തോളം പ്രശസ്തിയോ ധനസ്ഥിതിയോ ഇല്ലാത്ത ഒരാൾക്കാണ്, ഒരു സാധാരണ പൌരനാണ് സംഭവിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു? ഇവിടെയാണ് നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളെ നാം തിരിച്ചറിയേണ്ടത് !

Thursday, June 9, 2011

പൊതു വിദ്യാലയങ്ങളെ ആരു സംരക്ഷിക്കും?


മുൻകുറിപ്പ്: നമ്മുടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപക സമൂഹത്തിൽ നല്ലൊരു പങ്ക് അവരുടെ മക്കളെ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പൊതു വിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിക്കാതെ അൺ എയിഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർത്തു പഠിപ്പിക്കുന്നതിൽ പ്രതിഷേധിഷേധിക്കുന്ന കുറിപ്പ്.

പൊതു വിദ്യാലയങ്ങളെ ആരു സംരക്ഷിക്കും?

സംസ്ഥാനത്ത് അംഗികാരമില്ലാത്ത അഞ്ഞൂറിലധികം സ്കൂളുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യു.ഡി.എഫിനോ അതിലെ ഘടക കക്ഷികൾക്കോ അൺ എയ്ഡഡ് മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്നതിനോട് തത്വത്തിൽ വിയോജിപ്പില്ല. അതവരുടെ നയത്തിന്റെ ഭാഗമാണ്. അവരുടെ നയം നടപ്പിലാക്കുവാൻ അവർക്ക് അവകാശമുണ്ട്. അതിനുള്ള ജനവിധി ഭൂരിപക്ഷം കുറവാണെങ്കിലും അവർക്ക് ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കപ്പെടുന്നതിനോട് ഇടതുപക്ഷത്തെ അപേക്ഷിച്ച് വളരെ മൃദുവായ സമീപനമാണ് വലതുപക്ഷത്തിനുള്ളത്.

എന്നാൽ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മേഖലയുടെ അന്യായമായ കടന്നു കയറ്റത്തോട് വിയോജിപ്പുള്ളവർക്ക് ഇപ്പോഴത്തെ സർക്കാർ നടപടിക്കെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. അതിനുള്ള അവകാശം അവർക്കും ഉണ്ട്. ഇടതുപക്ഷ വിദ്യാഭ്യാസ നയത്തിനു വിപരീതമായ യു.ഡി.എഫ് സർക്കാരിന്റെ നടപടികൾക്കെതിരെ ഇതിനകം ഇടതുപക്ഷാനുകൂല സംഘടനകൾ സമരമുഖത്തിറങ്ങി കഴിഞ്ഞു. ജനാധിപത്യത്തിൽ ഇത് സ്വാഭാവികമാണ്. ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ശരിയല്ലെന്നു കണ്ടാൽ അതിനെതിരെ പ്രതികരിക്കുനതും ചെറുത്തു നില്പ് സംഘടിപ്പിക്കുന്നതും മറ്റും പ്രതിപക്ഷ ധർമ്മവുമാണ്. അതെല്ലാം ആയതിന്റെ വഴിക്ക് നടക്കുകയും ചെയ്യും. പ്രതിപക്ഷ ഇടപെടൽകൊണ്ട് സർക്കാർ തീരുമാനം തിരുത്തപ്പെടുമോ എന്നത് അതിനെതിരെയുള്ള പ്രതികരണങ്ങളുടെ ശക്തിയനുസരിച്ചിരിക്കും.

ഇവിടെ ഇതുമായി ബന്ധപ്പെട്ട മറ്റു ചില വസ്തുതകൾ തുറന്നു പറയാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്. ആദ്യം തന്നെ ഈ ലേഖകന്റെ ഇതു സംബന്ധിച്ച അഭിപ്രായം പറയാം. രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നയത്തെ ഈയുള്ളവൻ അംഗീകരിക്കുന്നില്ല. സ്വകാര്യ മേഖലയിൽ വിദ്യാലയങ്ങളേ പാടില്ല എന്നഭിപ്രായം ഇല്ല. എന്നാൽ പൊതു വിദ്യാലയങ്ങളെ തകർക്കുന്ന നിലയിൽ സ്വകാര്യ മേഖലയുടെ ഇടപെടൽ അന്യായമാണ്. പൊതു വിദ്യാലയങ്ങൾ എന്നാൽ സർക്കാർ-എയ്ഡഡ് മേഖലയെന്നാണ് വിവക്ഷിതാർത്ഥം. ഇംഗ്ലീഷ് , മീഡിയം മലയാളം മീഡിയം എന്ന തരം തിരിവാണ് ശരിക്കും രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നത്. അതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ഒന്നുകിൽ എല്ലാം മലയാളം മീഡിയം ആക്കുക. അല്ലെങ്കിൽ എല്ലാം ഇംഗ്ലീഷ് മീഡിയം ആക്കുക.

ലോക ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിന് വേണ്ടത്ര പ്രാധാന്യം നൽകിക്കൊണ്ടുതന്നെ മലയാളം മീഡിയം മാത്രമായി നിലനിൽക്കുന്ന വിധത്തിൽ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണം വരുത്തുന്നതാണ് ഉത്തമം. ഇംഗ്ലീഷ് മീഡിയത്തിലേ മക്കളെ പഠിപ്പിക്കൂ എന്ന് വാശിയുള്ളവർ ഇംഗ്ലണ്ടിലോ അമേരിക്കയിലോ കാനഡയിലോ മറ്റോ അയച്ചു പഠിപ്പിക്കട്ടെ. ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നടത്തൂ എന്നുള്ളവർ ഏത് ഉഗാണ്ടയിലോ പോയി നടത്തട്ടെ. അല്ലെങ്കിൽ മറ്റെന്തെങ്കിലും ബ്യിസിനസിലേയ്ക്ക് തിരിയട്ടെ. ഇവിടെ മലയാളം സ്കൂളുകൾ മതി. എന്നാൽ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പത്താം ക്ലാസ്സ് കഴിയുമ്പോൾ കുട്ടികൾ സംസാരിച്ചു തുടങ്ങുന്ന രീതിയിലുള്ള സിലബസ് ഉണ്ടാകുകയും ആകാം. ഇവയാണ് ഇതു സംബന്ധിച്ച ഈയുള്ളവന്റെ അഭിപ്രായങ്ങൾ.

ഞാൻ ഒരു പാരലൽ അദ്ധ്യാപകനാണ്. എന്റെ പാരലൽ കോളേജിൽ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളും അൺ എയ്ഡഡിൽ പഠിക്കുന്ന കുട്ടികളും ട്യൂഷനു വരുന്നുണ്ട് . ഇതിൽ ഇംഗ്ലീഷ് മീഡിയം കുട്ടികളും മലയാളം മീഡിയം കുട്ടികളും ഉണ്ട്. പക്ഷെ നാളെ വിവാഹിതനായി കുട്ടിളുണ്ടായാൽ (അങ്ങനെയൊന്നും വരാനിടയില്ല) അവരെ ഞാൻ പൊതു വിദ്യാലയത്തിലേ പഠിപ്പിക്കൂ. അതും മലയാളം മീഡിയത്തിൽ. ഇംഗ്ലീഷ് പക്ഷെ അവരെ ഞാൻ വേറെ പഠിപ്പിക്കും. ഹിന്ദിയും തമിഴും ഒക്കെ പഠിപ്പിക്കും. പക്ഷെ ഒന്നാം ഭാഷ മലയാളമായിരിക്കും. മലയാള മക്കളെയാണ് എനിക്കാവശ്യം. സ്വന്തം നിലപാട് വ്യക്തമാക്കാൻ ഇതും കൂടിയൊക്കെ പറഞ്ഞെന്നേയുള്ളൂ. പറയാനിരുന്ന മറ്റു കാര്യത്തിലേയ്ക്ക് വരാം.

അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അനുമതി നൽകുന്നതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷാനുകൂല സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു. ഇടതുപക്ഷാനുകൂലവും അദ്ധ്യാപകരംഗത്തെ ഏറ്റവും വലിയ സംഘടനയുമായ കെ.എസ്.റ്റി.എ അതിശക്തമായി പ്രതികരിക്കുകയും സമര പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു. അതിരു വിട്ട് സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്ക് അനുമതി നൽകുന്നത് പൊതു വിദ്യാലയങ്ങളെ തകർക്കും എന്നതാണ് ഈ നടപടിയെ എതിർക്കാനുള്ള മുഖ്യ കാരണമായി പറയുന്നത്. ഇതിലാണ് ഒരു വിരോധാഭാസം നിലനിൽക്കുന്നത്. ഇടത് - വലത് ആഭിമുഖ്യമുള്ള അദ്ധ്യാപക സംഘടനകൾക്കോ അതിലെ അംഗങ്ങൾക്കോ പൊതുവിദ്യാലയത്തെ സംരക്ഷിക്കാനെന്ന പേരിൽ സമരം നടത്താൻ ധാർമ്മികമായി അവകാശമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ല. വ്യക്തമായ രാഷ്ട്രീയം കൂടി മാറ്റിവച്ച് ഇത് ഞാനും ചോദിക്കുകയാണ്.

നമ്മുടെ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്കൂളുകളിൽ വന്ന് ജോലി ചെയ്ത് ശമ്പളം പറ്റി പോകുന്നതല്ലാതെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് എന്ത് പരിശ്രമമാണ് നടത്തുന്നതെന്ന് ഉള്ളിൽതട്ടി പറയാമോ? ഈ അദ്ധ്യാപകർക്ക് പൊതു വിദ്യാലയങ്ങളോട് എത്ര കണ്ട് ആത്മാർത്ഥതയുണ്ട്. ആത്മാർത്ഥത പോട്ടെ; മതിപ്പെങ്കിലും ഉണ്ടോ? ഈ അദ്ധ്യാപകരുടെ മക്കളിൽ നല്ലൊരു പങ്കും സ്വന്തം മക്കളെ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയച്ചുകൊണ്ട് സ്വന്തം തൊഴിൽ മേഖലയെ തന്നെ പരിഹസിക്കുകയല്ലേ? പൊതു വിദ്യാലയങ്ങൾ കൊള്ളില്ലെന്ന് സ്വയം വിളിച്ചു പറയുകയല്ലേ?

മലയാള ഭാഷയോട് സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഇവർക്ക് പുച്ഛമാണ്. ഇനി അതല്ല ഇംഗ്ലീഷ് മീഡിയം തന്നെ പഠിപ്പിക്കണമെന്നുണ്ടെങ്കിൽ പൊതു വിദ്യാലയങ്ങളിൽ തന്നെ ഇപ്പോൾ സ്റ്റേറ്റ് സിലബസിൽ ഇംഗ്ലീഷ് മീഡിയം ഉണ്ടല്ലോ. അതിൽ ചേർത്താലും പോരേ? എന്തിന് അൺ എയ്ഡഡ് തെരഞ്ഞെടുക്കുന്നു? സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ സവന്തം മക്കളെ ഇംഗ്ലീഷ് മീഡിയം ആയാലും മലയാളം മീഡിയം ആയാലും പൊതു വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കനമെന്ന വ്യവസ്ഥ അവരുടെ സർവീസ് ചട്ടങ്ങളുടെ തന്നെ ഭാഗമാക്കണം എന്നാണ് ഈയുള്ളവന് പറയുവാനുള്ളത്. പൊതു വിദ്യാലയത്തെക്കുറിച്ച് മതിപ്പില്ലാത്തവർ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത് പൊതു വിദ്യാലയങ്ങളുടെ നിലനില്പിന് കടുത്ത ഭീഷണിയാണ്. സ്വന്തം മക്കളെ അയക്കാൻ കൊള്ളാത്ത സ്കൂളുകളിൽ അവർ പഠിപ്പിക്കുന്നതെന്തിന്?

അതുകൊണ്ടൊക്കെ തന്നെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർ അവരുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കണമെന്ന് നിയമം വരണം. നിയമമില്ലെങ്കിലും ധാർമ്മികമായി തന്നെ അവർക്ക് അതിന് ബാദ്ധ്യതയുണ്ട്. പ്ലസ്-ടൂ കഴിഞ്ഞ് എം.ബി.ബി.എസിനും എഞ്ചിനീയറിംഗിനും മറ്റും സ്വാശ്രയ മേഖലയെ അഭയം പ്രാപിക്കുന്നതു മനസിലാക്കാം. പക്ഷെ ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്-ടൂവരെ പൊതു വിദ്യാലയങ്ങളിൽ നിന്ന് സ്വന്തം മക്കളെ അകറ്റി നിർത്തുന്നത് വിവരമുള്ള അദ്ധ്യാപകർക്ക് ചേർന്നതല്ല. അല്ലെങ്കിൽ എന്തു കൊണ്ട് തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർക്കാതെ അൺ എയിഡഡ് സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കുന്നു എന്നതിനു ഈ അദ്ധ്യാപകർ പൊതു സമൂഹത്തിനു മനസിലാകുന്ന വ്യക്തമായ വിശദീകരണം നൽകണം. അതുമല്ലെങ്കിൽ പൊതു വിദ്യാലയങ്ങൾ കൊള്ളില്ലെന്ന് ഈ അദ്ധ്യാപകർ വിളിച്ചു പറയണം.

ഈ പറഞ്ഞതുകൊണ്ട് അദ്ധ്യാപകർ മൊത്തത്തിൽ അവരുടെ മക്കളെ പൊതുവിദ്യാലയങ്ങളിൽ അയക്കുന്നില്ല എന്നർത്ഥമില്ല. ഞാൻ ഒരു സർക്കാർ സ്കൂൾ അദ്ധ്യാപകന്റെ മകനാണ്. പഠിച്ചത് അതേ സ്കൂളിൽതന്നെ. അതും മലയാളം മീഡിയം. ആ സ്കൂളിൽ പഠിച്ച അറിവുകൊണ്ടുതന്നെ മലയാളത്തിൽ ഇതുപോലെ ഇത്രയെങ്കിലുമൊക്കെ എഴുതാൻ കഴിയുന്നത്. അതിൽ അഭിമാനവും ഉണ്ട്. എളുപ്പം നോക്കി പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും കൂടി മലയാളത്തിൽ പഠിച്ചെഴുതിയതാണ്. പിന്നല്ലേ!

മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ കെ.എസ്.റ്റി.എയിലെ സി.പി. എം പാർട്ടി അംഗത്വമുള്ളവരും പ്രധാന പ്രവർത്തകരുമെങ്കിലും നിഷ്കർഷ വയ്ക്കണ്ടേ? മറ്റുള്ളവരുടെ കാര്യം പോട്ടേ. കെ.എസ്.റ്റി.എയിൽ അംഗങ്ങളാകുന്നവർ എല്ലാം സി.പി.എം കാരോ ഇടതുപക്ഷക്കാരോ അല്ല; കടുത്ത കോൺഗ്രസുകാർ പോലും അതിൽ അംഗങ്ങളായിട്ടുണ്ട്. ശക്തമായ സംഘടന അതായതുകൊണ്ട് അവരും അതിൽ അംഗത്വമെടുത്ത് നിൽക്കുന്നു. എന്നാൽ കെ.എസ്.റ്റി.എ യിലെ പാർട്ടി അംഗത്വമുള്ളവരും പ്രധാന ഭാരവാഹികളുമെങ്കിലും സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിട്ട് അൺ എയ്ഡഡ് കടന്നുകയറ്റത്തിനനുകൂല മായ സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നതായിരിക്കും ധാർമ്മികമായ മര്യാദ എന്നാരെങ്കിലും പറഞ്ഞു പോയൽ അതിൽ കുറ്റം കാണാൻ കഴിയില്ല.

എല്ലാ കെ.എസ്.റ്റി.എ നേതാക്കളും കുട്ടികളെ അൺ എയ്ഡഡ് സ്കൂളിൽ പഠിപ്പിക്കുന്നുവെന്ന് ആരോപിക്കുന്നില്ല. നല്ലൊരു പങ്ക് പൊതു വിദ്യാലയങ്ങളിൽ തന്നെ മക്കളെ പഠിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ കെ.എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി എം.ഷാജഹാൻ എന്റെ നാട്ടുകാരനും പാരലൽ കോളേജിൽ എന്നെ പണ്ട് പഠിപ്പിച്ചിട്ടുള്ള ആളുമാണ്. അദ്ദേഹത്തിന്റെ മകൾ പൊതു വിദ്യാലയത്തിൽ, അതും മലയാളം മീഡിയത്തിൽ തന്നെയാണ് പഠിച്ചത്. നല്ല മാർക്കുവാങ്ങിത്തന്നെ ജയിച്ചത്. ഇപ്പോൾ ആ കുട്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ്. മെറിറ്റ് സീറ്റിൽ സർക്കാർ മെഡിക്കൽ കോളേജിൽ തന്നെ പഠിക്കുന്നുവെന്നാണ് ഞാൻ മനസിലാക്കുന്നത്. പക്ഷെ അദ്ദേഹത്തെ പോലുള്ള നേതാക്കളെ മാതൃകയാക്കാൻ അനുയായികൾ എല്ലാം തയ്യറാകുമോ എന്നതാണ് പ്രശ്നം.

പിൻകുറിപ്പ്: ഇത്രയുമൊക്കെ തുറന്നെഴുതിയെങ്കിലും പൊതു വിദ്യാലയങ്ങളെ തകർക്കുന്നതും രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്നതും വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ വികലമായ സർക്കാർ നടപടികൾക്കെതിരെ നടക്കുന്ന സമരമുഖങ്ങളിൽ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് ഞാനും ഉണ്ടാകും.എല്ലാ സത്യങ്ങൾക്കും നേരെ ഒരു പോലെ കണ്ണടയ്ക്കേണ്ട കാര്യമില്ലെന്ന ചിന്തയിൽ പൊതു സമൂഹത്തിന്റെ ബോധ്യത്തിനു വേണ്ടി ഇങ്ങനെ കോറിയിടുന്നു എന്നു മാത്രം. പൊതു സമൂഹത്തിൽ ആരൊക്കെ ഇത് വായിക്കാൻ പോകുന്നു എന്നത് എനിക്ക് പ്രശ്നമേ അല്ല! മറ്റേതു പോസ്റ്റും എന്നതു പോലെ ഇതും എഴുതിയതോടെ ഞാൻ സംതൃപ്തനായിക്കഴിഞ്ഞു.