Monday, June 15, 2020

വിവാഹത്തിൻ്റെ രാഷ്ട്രീയ മാനങ്ങൾ

വിവാഹത്തിൻ്റെ രാഷ്ട്രീയ മാനങ്ങൾ

വിവാഹം പ്രധാനമായും ഒരു കുടുംബ കാര്യം തന്നെയാണ്. എന്നാൽ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും സി.പി.ഐ.എം പോലുള്ള ഒരു പാർട്ടിയുടെ  ഉയർന്ന നേതൃത്വത്തിലുള്ളതുമായ ഒരാളുടെ കുടുംബത്തിലെ ഒരു വിവാഹക്കാര്യം വരുമ്പോൾ അതിനു കുറച്ചാക്കെ രാഷ്ട്രീയമായും സാംസ്കാരികമായും ഒരു മാനം ഉണ്ടാവുക സ്വാഭാവികമാണ്. പ്രത്യേകിച്ചും ആദർശാധിഷ്ഠിതമായ ഒരു പാർട്ടിയുടെ നേതാവാകുമ്പോൾ ജനങ്ങളുടെ സവിശേഷമായ ശ്രദ്ധ  അതിലേക്ക് കൂടി തിരിഞ്ഞെന്നിരിക്കും. സ്വജാതീയ വിവാഹമാണോ, മിശ്രവിവാഹമാണോ,  ലളിതമായാണോ, ആർഭാടമായാണോ,  സാധാരണ നാട്ടുനടപ്പുകൾ അനുസരിച്ചും, മതാചാരങ്ങൾ പാലിച്ചുമാണോ വിവാഹം നടക്കുന്നത്, ആരൊക്കെ പങ്കെടുത്തു, ഭക്ഷണ സൽക്കാരം എവ്വിധമായിരുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ ഒരു കൗതുകത്തിനെങ്കിലും ജനങ്ങൾ അന്വേഷിക്കും.


സ.പിണറായി വിജയൻ്റെ മകളുടെയും ഇപ്പോൾ ആ കുട്ടിയെ വിവാഹം കഴിക്കുന്ന മുഹമ്മദ് റിയാസിൻ്റെയും ആദ്യ വിവാഹങ്ങൾ ഏതാണ്ട് സാധാരണ നാട്ടുനടപ്പുകൾ അനുസരിച്ച് നടന്നിട്ടുള്ളതുമാണ്. എന്നാൽ രണ്ടു പേരുടെയും ആദ്യ വിവാഹബന്ധങ്ങൾ വേർപെടുത്തപ്പെട്ടു. അതിന് പല കാരണങ്ങളുമുണ്ടാകാം. ആണും പെണ്ണുമായ രണ്ട് വ്യക്തികൾക്ക് അവരുടെ ദാമ്പത്യ ജീവിതം ഒരു തരത്തിലും പൊരുത്തപ്പെടുത്തി കൊണ്ടുപോകാൻ കഴിയാതെ വന്നാൽ പിന്നെ വിവാഹമോചനമല്ലാതെ മറ്റൊരു മാർഗ്ഗമില്ല. വിവാഹമോചിതർ മറ്റൊരു വിവാഹബന്ധം സ്ഥാപിക്കുന്നതും സാധാരമാണ്. അതിന് നിയമ തടസ്സങ്ങളുമില്ല.    ഈയുള്ളവൻ്റെ അറിവിൽ സ.പിണറായി വിജയൻ്റെ മകളുടെ ആദ്യ ഭർത്താവുമായി തൊഴിൽ മേഖലയിൽ വച്ചുണ്ടായ പരിചയം പിന്നീട് വിവാഹത്തിൽ കലാശിച്ചതാണെന്നാണ് കേട്ടിട്ടുള്ളത്. അവർ സ്വജാതീയരായത് യാദൃശ്ചികമായിരുന്നു. അല്ലാതെ പിണറായി വിജയൻ ജാതി നോക്കി തിരക്കിയിറങ്ങി കണ്ടു പിടിച്ചതല്ലെന്നാണറിവ്. ഇനി അഥവാ മറിച്ചാണെങ്കിലും അതിൽ അപാകതയൊന്നും ഇല്ല. സ്വന്തം മക്കൾക്ക് സ്വയം കണ്ടെത്തലുകൾ ഒന്നുമില്ലെങ്കിൽ രക്ഷിതാക്കൾ മക്കൾക്കായി സ്വജാതിയിൽ നിന്നു തന്നെ വിവാഹമന്വേഷിക്കുന്നതും നാട്ടാചാരങ്ങൾ അനുസരിച്ച് വിവാഹം നടത്തുന്നതും ഒരു സാധാരണ നാട്ടുനടപ്പാണ്.  ഇതിൽ മുഹമ്മദ് റിയാസിൻ്റെ കാര്യത്തിൽ സംഘടനാ പ്രവർത്തനത്തിനിടയിൽ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ നാട്ടുനടപ്പു സരിച്ച് കല്യാണം കഴിച്ചതാണെന്നാണെന്നാണറിവ്. അവിടെയും ജാതി ഒന്നായത് യാദൃശ്ചികം മാത്രം. എന്തായാലും ഇവരുടെ രണ്ടു പേരുടെയും വിവാഹബന്ധങ്ങൾ പിന്നീട് വേർപെടുത്തപ്പെട്ടു പോയി. രണ്ട് പേർക്കും പുനർവിവാഹം വേണമെന്നും തോന്നി. വിവാഹമോചിതയാണെന്നു കരുതി പിണറായി വിജയൻ്റെ മകൾക്ക് വേറൊരു വിവാഹബന്ധം കിട്ടാതെയില്ല.


വിവാഹമോചിതനായതു കൊണ്ട് മുഹമ്മദ് റിയാസിനും മറ്റൊരു വിവാഹബന്ധം കിട്ടാതെ വരില്ല. പക്ഷെ ഇങ്ങനെ ഒരാലോചന വന്നു. ഇരുകൂട്ടർക്കും താല്പര്യമായി. ആദ്യവിവാഹമാണെങ്കിലും പുനർവിവാഹമാണെങ്കിലും കേരളത്തിൻ്റെ മുഖ്യ മന്ത്രിയും സി.പി.ഐ (എം)-ൻ്റെ സമുന്നത നേതാവുമായ പിണറായി വിജയനും കുടുംബത്തിനും, ഡി.വൈ.എഫ്.ഐ യുടെ അഖിലേന്ത്യാ പ്രസിഡൻ്റായ മുഹമ്മദ് റിയാസിനും ഇങ്ങനെയൊരു വിവാഹത്തിന് ജാതിയും മതവുമൊന്നും  ഒരു തടസ്സമായില്ലെങ്കിൽ തികച്ചും വ്യക്തിപരമായ ഒരു കാര്യം എന്നതിനപ്പുറം  ഈ മാതൃത ജനങ്ങളുടെ സവിശേഷ ശ്രദ്ധയെ ആകർഷിക്കും എന്നതിൽ സംശയമില്ല. ഇത്തരം ചില സന്ദർഭങ്ങളിലെങ്കിലും എന്ത് ചെയ്യുന്നു എന്നതിലുപരി ആര് ചെയ്യുന്നു എന്നതിന് പ്രാധാന്യം കൈവരും. സ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമൊന്നും ജാതിയും മതവും അത്ര വലിയ കാര്യങ്ങളല്ലെന്ന് പറയുന്നത്  സ്വന്തം പ്രവൃത്തികളിലൂടെ തെളിയിക്കുമ്പോൾ അതിന് വ്യക്തിപരം എന്നതിലുപരി മറ്റ് പല മാനങ്ങളുമുണ്ടാകും. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ. തീർച്ചയായും ഇത് സമൂഹത്തിന് ഒരു മാതൃകയും ഭാവിയിലേക്ക് അഭിലഷണീയമായ  ഒരു ദൃഷ്ടാന്തവുമാണ്. യാദൃശ്ചിമയി സംഭവിച്ചതെങ്കിലും  സ. പിണറായി വിജയനെ മുണ്ടുടുത്ത മോഡി എന്നു വിളിക്കുന്നവർക്ക് ഒരു മറുപടി കൂടിയുമാണ് ഇത്.


മിശ്രവിവാഹങ്ങൾ സാധാരണക്കാർക്കിടയിൽ തന്നെ ഇന്ന് സർവ്വസാധാരണമാണ്. എന്നാൽ ജാതി-മത ചിന്തകളും വ്യവസ്ഥകളും ഇന്നും ശക്തമായി സമൂഹത്തിൽ നിലനിൽക്കുന്നതിനാലും വ്യത്യസ്ത ജാതി-മത വിഭാഗങ്ങളിൽ പെടുന്നവരുടെ കുടുംബ ജീവിതവും ആ കുടുംബങ്ങളിലെ സാംസ്കാരികാന്തരീക്ഷവും അവരുടെ ഭക്ഷണശീലവും  സാമൂഹ്യ ജീവിതവും എല്ലാം ജാതി-മത വിശ്വാസങ്ങളും ആചരണങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാലും മിശ്രവിവാഹ ജീവിതത്തിന് സാധാരണക്കാർക്ക് പ്രായോഗികമായി പല പ്രയാസങ്ങളും നേരിടാം. സാമ്പത്തികമായി അത്രമേൽ സുരക്ഷിതരല്ലാത്തവരാണെങ്കിൽ പ്രത്യേകിച്ചും. അതുകൊണ്ടാണ് സാധാരണക്കാർക്കിടയിലെ മിശ്രവിവാഹങ്ങളെ  സമൂഹം അത്രമേൽ പ്രോത്സാഹിപ്പിക്കാത്തത്. പലരും അത്തരമൊരു സാഹസത്തിനു മുതിരാത്തത്. മാത്രവുമല്ല വിവാഹം രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയായതിനാൽ ഇരു കടുംബങ്ങളും ഒരുപോലെ സഹകരിച്ചില്ലെങ്കിൽ   ഒരു അറേഞ്ച്ഡ് മിശ്രവിവാഹത്തിനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. ഇന്നും മിക്ക മിശ്രവിവാഹങ്ങളും കുടുംബങ്ങളുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള  എതിർപ്പുകളോടെയാണ് നടക്കുന്നത്. അതു കൊണ്ടു തന്നെ സാധാരണക്കാർ  ബഹുഭൂരിപക്ഷവും മിശ്രവിവാഹങ്ങളിൽ താല്പര്യപ്പെടാറില്ല. എന്നാൽ സമ്പന്നരോ ഏതെങ്കിലും മേഖലയിൽ  സെലിബ്രിറ്റികളോ ഒക്കെയാണെങ്കിൽ മിശ്രവിവാഹങ്ങൾ അവരുടെ കുടുംബജീവിതത്തിലോ സാമൂഹ്യ ജീവിതത്തിലോ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ല.


സാധാരണക്കാരുടെ വിവാഹങ്ങൾ സ്വജാതീയ വിവാഹമായാലും മിശ്രവിവാഹമായാലും വാർത്താപ്രാധാന്യമൊന്നും നേടാറില്ല. എന്നാൽ സെലിബ്രിറ്റികളുടെ കാര്യം അങ്ങനെയല്ലല്ലോ. അവ വാർത്താപ്രാധാന്യവും ജനശ്രദ്ധയും നേടും. രാഷ്ട്രീയ നേതാക്കളും   സെലിബ്രിറ്റികളാണല്ലോ. അതു കൊണ്ട് അവരുടെ വിവാഹം പോലുള്ള കുടുംബകാര്യങ്ങൾ വാർത്താപ്രാധാന്യവും ജനശ്രദ്ധയും നേടുന്നത് സ്വാഭാവികം.  രാഷ്ട്രീയനേതാക്കളോ അവരുടെ മക്കളോ മിശ്രവിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ല.  അതൊക്കെ സാധാരണക്കാരുടേതിൽ നിന്ന് വ്യത്യസ്തമായി ജനശ്രദ്ധ നേടാറുമുണ്ട്. ഇവിടെ ഇപ്പോൾ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ്റെ കുടുംബത്തിൽ ജാതി-മത ചിന്തകൾക്കതീതമായി ഒരു വിവാഹം നടന്നാൽ സമൂഹത്തിൽ ചില ചലനങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. അദ്ദേഹത്തിൻ്റെ വ്യക്‌തി ജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ ഒരു പൊൻ തൂവൽ കൂടി ചാർത്തപ്പെടുമ്പോൾ അസൂയാലുക്കളാകുന്നവരും ഇന്നും  ജാതി-മത തീവ്രചിന്തകളും പേറി നടക്കുന്നവരും ഇതിനെ വിലകുറച്ചു കാണാനും പലതരത്തിൽ അവമതിക്കാനും ശ്രമിക്കും. എന്നാൽ പിണറായി വിജയൻ്റെ പറച്ചിലും പ്രവൃത്തിയും ഒന്നാണെന്നു തെളിയിക്കാൻ യാദൃശ്ചികമായെങ്കിലും കിട്ടിയ അവസരം സഹായകമാകുമ്പോൾ പുരോഗമനേച്ഛുക്കൾ പിണറായി വിജയൻ്റെ ആ ജീവിത മാതൃകയെ അകമഴിഞ്ഞ് പ്രകീർത്തിക്കും. ആ പ്രകീർത്തനങ്ങൾക്കു മാത്രമേ ചരിത്രത്തിൽ ഇടം കാണുകയുള്ളു. പ്രത്യേകിച്ചും ഇന്ത്യയുടെ മതേതരത്വം തന്നെ ഭീഷണമായ വെല്ലുവിളിയിൽ നിൽക്കുമ്പോൾ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യഭരണാധികാരി തന്നെ ഒരു മതേതര മാതൃക കാട്ടിക്കൊടുക്കുമ്പോൾ ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും അതിന് ഒരു രാഷ്ട്രീയമാനവും സാംസ്കാരിക മാനവും സാമൂഹ്യ പ്രാധാന്യവും  കൈവരുന്നുണ്ട്.


മിശ്രവിവാഹങ്ങൾ ഇന്ന് സാർവ്വത്രികമാണെങ്കിലും അതിന് നിയമപരമായ സാധുതയുണ്ടെങ്കിലും പിണറായി വിജയനെ പോലെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന അതും ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹക്കാര്യമാകുമ്പോൾ അതിൽ ഒരു നവോത്ഥാന മൂല്യവും ചരിത്രപരമായ പ്രാധാന്യവും കല്പിക്കാവുന്നതുമാണ്. ഏതായാലും ഇപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന രണ്ടു പേരുടെയും ആദ്യ വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതിൻ്റെ അനുഭവ പാഠങ്ങൾ കൂടി വച്ചു കൊണ്ട് പുതിയ വിവാഹ ജീവിതം അലോസരങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ രണ്ടു പേർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

(ഇ.എ.സജിം തട്ടത്തുമല )