Friday, May 23, 2014

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് അനുകൂലമായി കേരള സർക്കാർ ഹൈക്കോടതിയിൽ അഭിപ്രായം പ്രകടിപ്പിച്ചതായി വാർത്ത വന്നിരിക്കുന്നു. കേരളത്തിൽ സ്കൂൾ കോളേജ് രാഷ്ട്രീയത്തിനെതിരെ ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ മുമ്പും പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. കോടതികളെ സമീപിച്ചിട്ടുണ്ട്. ചില അനുകൂല വിധികൾ സമ്പാദിക്കുകയും അത് പിന്നീട് സ്കൂൾ- കലാലയ രാഷ്ട്രീയത്തെ കുറച്ചൊക്കെ പ്രതികൂ‍ലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കലാലയ രാഷ്ട്രീയം പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടിരുന്നില്ല. ലിങ്ദോ കമ്മീഷന്റെയും മറ്റും ചില ഇടപെടലുകൾ കലാലയ രാഷ്ട്രീയം,  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് എന്നിവയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും അരാഷ്ട്രീയ വാദികൾ തൃപ്തരായില്ല. അവർക്ക് വേണ്ടത് സമ്പൂർണ്ണ നിരോധനമാണ്. അതിനായി അവർ നിരന്തരം വ്യവഹാരങ്ങൾ നടത്തുന്നു. വിദ്യാഭ്യാസക്കച്ചവടക്കാരായ മാനേജ്മെന്റുകൾക്ക് വേണ്ടിയാണ് ഇത്തരകാരിൽ ചിലർ  കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തുവരുന്നത്. സ്വകാര്യ മാനേജുമെന്റുകൾക്ക് തങ്ങളുടെ തോന്ന്യാസങ്ങൾ നടത്താൻ പലപ്പോഴും കലാലയ രാഷ്ട്രീയം തടസ്സമാകുന്നുണ്ട്. കലാലയ രാഷ്ട്രീയം ഇല്ലാത്ത കലലയങ്ങളിൽ തികഞ്ഞ അരജകത്വം ഉണ്ടാകുമെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. അത്തരം കലാലയങ്ങളിൽ  കാമ്പസ്  രാഷ്ട്രീയത്തിന്റെ അഭാവത്തിൽ   ക്രിമിനൽ സ്വഭാവമുള്ള കാളികൂളി പിള്ളെരുടെ  ഗ്യാംഗുകളും ഗ്യാംഗ് വാറുകളും ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വലിയ വിപണീകളായി അത്തരം കലാലയങ്ങൾ മാറുന്നു. വിദ്യാർത്ഥികൾ വർഗ്ഗീയവാദികളും തീവ്രവാദികളും രാജ്യ ദ്രോഹികളുമായി മാറാനും അരാഷ്ട്രീയ കലാലയങ്ങൾ കാരണമാകും.  അങ്ങനെ എല്ലാം കൊണ്ടും തികഞ്ഞ അരാജകത്വമാകും അരാഷ്ട്രീയ കലാലയങ്ങളിൽ സംഭവിക്കുക.

സാമൂഹ്യ ബോധവും രാഷ്ട്രീയ ബോധവും വരും തലമുറയിൽ അന്യം നിൽക്കാനാകും കലാലയ രാഷ്ട്രീയ നിരോധനം സഹായകമാകുക. പണ്ട് കലാലയ സംഘട്ടനങ്ങളുടെ പേരു പറഞ്ഞാണ് ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ രംഗത്തിറങ്ങിയിരുന്നത്. ചിലർ  അക്കാഡമിക നിലവാരം തകർച്ചയെക്കുറിച്ചും മുതലക്കണ്ണീ‍രൊഴുക്കി.  ഇന്നും  അരാഷ്ട്രീയവാദികൾ   വിദ്യാർത്ഥിരാഷ്ട്രീയത്തിനെതിരെ ഉയർത്തുന്നത് വിദ്യാർത്ഥിസംഘട്ടനം,  അക്കാഡമിക നിലവാരത്തകർച്ച തുടങ്ങിയ വാദങ്ങളാണ്.  കലാലയ രാഷ്ട്രീയം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകരുടെയും നേതാക്കളുടെയും പോലും അക്കാഡമിക നിലവാരം തകർക്കുന്നില്ല എന്നതണ് അനുഭവം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും വളർന്നു വന്ന നേതക്കളെല്ലാം ഉയർന്ന മാർക്കോടെ ഉന്നത ബിരുദങ്ങൾ  കരസ്ഥമാക്കിയിട്ടുള്ളവരാണ്. രാഷ്ട്രീയത്തിലൊന്നുമിറങ്ങാതെ പഠിക്കുന്ന എത്രയോ പേർ ഉഴപ്പിയും കളിച്ചു നടന്നും ലഹരി വസ്തുക്കൾക്കടിമപ്പെട്ടും അവരുടെ ഭാവി കളയുന്നുണ്ട്. പലരും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നുമുണ്ട്. എന്നാൽ വിദ്യാർത്ഥി നേതാക്കൾ ബഹുഭൂരിപക്ഷവും കൈ നിറയെ ബിരുദങ്ങളും ബിരുദാ‍നന്തര ബിരുദങ്ങളുമായി തന്നെയാണ് പൊതു ധാരയിലേയ്ക്ക് വരുന്നത്. അവർ മറ്റുള്ളവർക്ക് മാതൃകകളുമാണ്. ഏതെങ്കിലും വിദ്യാർത്ഥിയുടെ അക്കാഡമിക്ക് ഭാവി തകരുന്നുണ്ടെങ്കിൽ അതിന്റെ കുറ്റം കലാലയ രാഷ്ട്രീയത്തിന്റെ തലയിൽ കെട്ടിവയ്ക്കരുത്. കലാലയ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നവരേക്കാൾ കൂടുതൽ അക്കാഡമികത്തകർച്ച മറ്റ് വിദ്യാർത്ഥികളിൽ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഏത് പ്രതിഭാസത്തിന്റെ  തലയിൽ കെട്ടിവയ്ക്കും?

പണ്ട് കലാലയ രാഷ്ട്രീയം കത്തിനിന്ന കാലങ്ങളിൽ നമ്മുടെ കലാലയങ്ങൾ സർഗ്ഗാത്മകവും സംവാദാത്മകവും ആയിരുന്നു. ഇടയ്ക്കിടെ അവ സംഘർഷാത്മകമാകുമായിരുന്നു എന്നത് നേരുതന്നെ. ഇന്നും പലപ്പോഴും സംഘർഷങ്ങൾ നടക്കുന്നുണ്ട്. അടിപിടി അക്രമങ്ങൾ കലാലയങ്ങളുടെ മാത്രം പ്രത്യേകതയല്ല. അത് സമൂഹത്തിന്റെ  പല മേഖലകളിലും സംഭവിക്കുന്നുണ്ട്. അതിനെ നേരിടാൻ നിയമങ്ങളുമുണ്ട്. എങ്കിലും കലാലയങ്ങളിൽ സംഘർഷങ്ങൾ ഒഴിവാക്കി കലാലയ രാഷ്ട്രീയം സർഗ്ഗാത്മകവും  സംവാദാത്മകവുമാക്കി  നിലർത്തുവാനുള്ള നിയന്ത്രണങ്ങൾ സ്വാഗതാർഹമാകും. അല്ലാതെ സമ്പൂർണ്ണ വിദ്യാർത്ഥി‌രാഷ്ട്രീയ നിരോധനം ജനാധിപത്യവിരുദ്ധമാണ്. അത് ഭൂഷണമല്ല. കലാലയത്തിലല്ല, എവിടെയും രാഷ്ട്രീയം  നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സമാധാനപരമായി സംഘടിക്കുവാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും  സമരം ചെയ്യുവാനും ഉള്ള അവകാശം നമ്മുടെ ഭരണഘടന എല്ലാ പൌരൻ‌മാർക്കും  നൽകുന്നുണ്ട്. കലാലയങ്ങളിലും തൊഴിൽ സ്ഥലങ്ങളിലും പുറത്തും എവിടെയും ഈ പൌരാവകാശങ്ങൾ ആർക്കും നിഷേധിക്കുവാൻ കഴിയില്ല. കലാലയ മാനേജു  മെന്റുകൾ വിദ്യാർത്ഥിരാഷ്ട്രീയം നിഷേധിച്ചു കൊണ്ടുള്ള റൂൾസ് ആൻഡ് റെഗുലേഷൻ ഇറക്കുന്നതും അതിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൊണ്ട് ഒപ്പു വയ്പ്പിക്കുന്നതും പോലും  ഭരണഘടനാ വിരുദ്ധമാണ്.

സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ബഹുമാനപ്പെട്ട നീതി പീഠങ്ങളായാലും ഭരണകൂടമായാലും കോളേജ് മാനേജുമെന്റുകളായാലും അത്  ഭരണഘടനാ വിരുദ്ധമാണ്. ഭരണ കൂടം ഈ സ്വാതന്ത്ര്യ നിഷേധത്തിന് ഒത്താശ ചെയ്ത് അതിനുകൂട്ടുനിന്നാൽ അത് ഭരണകൂട ഭീകരതയാണ്. നമ്മുടെ കലാലയങ്ങൾ സംഘർഷ രഹിതവും എന്നാൽ തികച്ചും ജനധിപത്യപരമായി രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം ഉള്ളവയും സർഗ്ഗാത്മകവും സംവാദാത്മകവും  ആകണം. മാറുന്ന  കാലത്തിനനുസരിച്ച് അതിന് എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാറ്റങ്ങൾ വരുത്തണം,  ആവശ്യമായ നിയന്ത്രണങ്ങൾ  എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കാം.  അല്ലാതെ രാഷ്ട്രീയ നിരോധനം ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. അത് കലാലയങ്ങളിലായലും മറ്റെവിടെയായാലും. ഭാവി തൽമുറ സാമൂഹ്യ ബോധം ഉള്ളവരാകണം. രാഷ്ട്രീയ ബോധമുള്ളവരാകണം. ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ അവർ ചെറുപ്രായത്തിലേ പഠിച്ച് പക്വതയാർജ്ജിക്കണം. അവർ തികഞ്ഞ ജനാധിപത്യ വിശ്വാസികളാകണം.  അവർ സഹിഷ്ണുതയുള്ളവരും സമാധാന പ്രിയരും  ആകണം. പക്വമാർന്ന ഒരു ജനധിപത്യ സമൂഹം ഇവിടെ വളർന്നു വരണം. രാജ്യത്തിന്റെ ഭാവി ഭാവി‌തലമുറയിലാണ്. അവർ കേവലം പുസ്തകപ്പുഴുക്കളും  സ്വാർത്ഥമതികളും അരാഷ്ട്രീയ വാദികളുമാകരുത്. സഹജീവീയ സ്നേഹവും രാഷ്ട്രീയബോധവും ജനാധിപത്യ ബോധവും   ഉള്ളവരാകണം. വരും തലമുറ രാജ്യ സ്നേഹവുമുള്ള ഉത്തമ പൌരൻ‌മാരാകണം. അതിന് സർഗ്ഗാത്മകവും സമാധാന പൂർണ്ണവുമായ കലാലയങ്ങൾ ഉണ്ടാകണം. അതിന് കലാലയങ്ങളിൽ  രാഷ്ട്രീയവുമുണ്ടാകണം.

(2014 ഏപ്രിൽ ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ)