Wednesday, July 27, 2011

തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്


തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്


സൌഹൃദങ്ങളുടെ പൂക്കാലം ആഘോഷിക്കുന്ന ബ്ലോഗ്ഗർമാരുടെ പുതിയൊരു കൂടിക്കഴ്ചയ്ക്കു കൂടി സമയമായി.തൊടുപുഴയിലാണ് അടുത്തുവരുന്ന ഒത്തു ചേരൽ. അവിടെയുള്ള ഹരീഷ് തൊടുപുഴയും ദേവനുമാണ് മുഖ്യ സംഘാടകർ. അറുപതില്പരം പേർ പങ്കെടുക്കുമെന്നാണ് ഹരീഷ് തൊടുപുഴയുടെ നിഗമനം.

അഥവാ അല്പം അങ്ങോട്ടോ ഇങ്ങോട്ടോ കൂടുന്നതിലോ കുറയുന്നതിലോ അല്ല കാര്യം എന്നിരിക്കിലും, മുൻ കൂട്ടി പറഞ്ഞിരുന്നവർ എല്ലാം കൃത്യമായി എത്തുക എന്നത് മീറ്റിന്റെ വിജയത്തിന് ആവശ്യമാണ്. ഒഴിച്ചുകൂടാൻ പാടില്ലാത്ത അത്യവശ്യക്കാർ ഒഴിച്ച് പറഞ്ഞിരുന്നവർ എല്ലാം പങ്കെടുക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

അടുത്തിടെ നടന്ന തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് ആളെണ്ണം കൊണ്ടും സംഘാടന മികവുകൊണ്ടും ഒരു മഹാ സംഭവമായിരുന്നു. അതിനുശേഷം ഔപചാരികതകളുടെ ലവലേശമില്ലാതെ എറണകുളത്ത് നടന്ന മീറ്റും പ്രൌഢഗംഭീരമായിരുന്നു.പങ്കെടുത്ത എല്ലാവർക്കും കൂടുതൽ ഇടപഴകാനും പരിചയപ്പെടാനും പരിചയം പുതുക്കാനും ഒക്കെ എറണാകുളം മീറ്റിലും കഴിഞ്ഞു.

ഇപ്പോഴിതാ തൊടുപുഴയിലും ഒരു സംഗമം. തീർച്ചയായും ഇതും ബ്ലോഗ്ഗർമാർക്ക് ഊഷ്മളമായ ഒരു അനുഭവമായിരിക്കും എന്നതിൽ സംശയമില്ല.

2011 ജൂലായ് 31 രാവിലെ 10 മണിയ്ക്ക് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ ആണ് ബ്ലോഗ്ഗേഴ്സ് സംഗമം നടക്കുന്നത്. നാലു മണി വരെ ബ്ലോഗ്ഗേഴ്സിനു അടുത്തും അറിഞ്ഞും മിണ്ടിയും പറഞ്ഞും ഉല്ലസിച്ചും ചെലവഴിക്കാം. ഈയുള്ളവനും അതിനുള്ള അവരസം നഷ്ടമാകില്ലെന്നുതന്നെ ഇതെഴുതുന്നതുവരെയും ഉള്ള പ്രതീക്ഷ.

ഓരോ ബ്ലോഗ്മീറ്റുകളും ജീവിതത്തിലെ ഓരോ അവിസ്മരണീയമായ അനുഭവങ്ങൾ ആകുമ്പോൾ കഴിയുന്നതും അതിൽ പങ്കെടുക്കുക എന്നത് ഒരു ആഗ്രഹമാകാതിരിക്കുന്നതെങ്ങനെ? ഇപ്പോൾ അതൊരു ശീലമായിരിക്കുകയാണ്.ഈയുള്ളവനെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത അത്യാവശ്യങ്ങളിൽ ഒന്നായി അതിപ്പോൾ മാറിയിരിക്കുന്നു.

അപ്പോൾ ഇനി തൊടുപുഴയിൽ ബ്ലോഗ്ഗേഴ്സ് സംഗമത്തിന് എത്തുന്നതുവരെ അതിന്റെയൊരു ജിജ്ഞാസയിലും പ്രത്യാശയിലുമാണ്! ഇങ്ങനെയുള്ള കൊച്ചുകൊച്ചു ജിജ്ഞാസകളും പ്രത്യാശകളുമായി ഈയുള്ളവനവർകളും ഈ ചെറിയ ജീവിതം അടയാളപ്പെടുത്തുന്നു! ഓർക്കാനും ഓമനിക്കാനും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ!

അപ്പോൾ ഇനി തൊടുപുഴയിൽ..........

Sunday, July 24, 2011

മൈമൂണ്‍ അസീസ്‌: ഇ-ലോകത്തെ ഒരു ബഹുമുഖ പ്രതിഭ

മൈമൂണ്‍ അസീസ്‌: -ലോകത്തെ ഒരു ബഹുമുഖ പ്രതിഭ

ഇന്റെർനെറ്റിന്റെ ലോകത്ത് വന്നതിനു ശേഷം എനിക്ക് ധാരാളം പുതിയ പരിചയക്കാരും സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്. അതല്ലെങ്കിൽ ഒരിക്കലും കേൾക്കുകയോ അറിയുകയോ കാണുകയോ ചെയ്യാൻ ഇടയില്ലാത്തവരാണ് അവരിൽ അധികവും. എന്നെ പോലെ തന്നെ ഇന്റെർനെറ്റിന്റെ ലോകത്ത് പ്രവേശിച്ചിട്ടുള്ള മറ്റനവധി പേർക്കും ഇതേ അനുഭവമാണുള്ളതെന്നും മനസിലാക്കുന്നുണ്ട്. ഒരു തരത്തിലും പ്രചോദിപ്പിക്കപ്പെടാതെ എത്രയോപേരിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പ്രകാശിപ്പിക്കുവാൻ ഇന്റെർനെറ്റിലെ സോഷ്യൽ നെറ്റ്വർക്കുകളും ബ്ലോഗുകളും മറ്റ് മാധ്യമങ്ങളും സഹായിക്കുന്നുണ്ട്.

ഇനിയും ഈ ഒരു മേഖലയിലേയ്ക്ക് കടന്നുവരാൻ കഴിയാതെ പോകുന്നവർക്ക് അത് ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും. കാരണം എഴുത്തിന്റെയും വരയുടെയും മാത്രമല്ല പ്രക്ഷേപണത്തിന്റെയും സംപ്രേഷണത്തിന്റെയും മേഖലകൾ കൂടി ഇന്റെർനെറ്റ് തുറന്നിടുന്നു. ഒരു വ്യക്തിയുടെ ഏതുതരം കഴിവുകളും ഇന്റെർനെറ്റിലെ വിവിധ മീഡിയകൾ വഴി ഇന്ന് തെളിയിക്കാനാകും.ഒരു സാധാരണ പൌരനും തന്റെ ജീവിതസാന്നിദ്ധ്യം വിളിച്ചറിയിക്കാൻ ഈ മാധ്യമം വഴി സാധിക്കും.എല്ലാവർക്കും പത്രപ്രവർത്തകരും എഴുത്തുകാരും, വരപ്പുകാരും, പാട്ടുകാരും, അവതാരകരും അഭിനേതാക്കളും സംവിധായകരും മറ്റും മറ്റുമാകാനുള്ള അനന്തമായ സാദ്ധ്യതകളാണ് ഇന്റെർനെറ്റ് പ്രദാനം ചെയ്യുന്നത്.

ഞാൻ പറഞ്ഞുവരുന്നത് ഇന്റെർ നെറ്റ് മുഖാന്തരം നാലാളറിഞ്ഞ ഒരു സവിശേഷ വ്യക്തിത്വത്തെക്കുറിച്ചാണ്. ഒരു പക്ഷെ ഒരു സാധാരണ ഉദ്യോഗസ്ഥയും വീട്ടമ്മയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയുമായി നാട്ടിൽ ഒരു പരിമിതമായ ലോകത്ത് മാത്രം അറിയപ്പെടുമായിരുന്നതും, എന്നാൽ ഇന്റെർനെറ്റിന്റെ സാദ്ധ്യതകളിൽ ചിലത് തനിക്കിണങ്ങും വിധം ഉപയോഗപ്പെടുത്തി തന്റേതായ ഒരിടവും പ്രശസ്തിയും ഇ-ലോകത്ത് ഉണ്ടാക്കിയെടുത്തതുമായ ഒരു വനിതയെയും ഇന്റെർനെറ്റിന്റെ ലോകത്ത് വന്ന് എനിക്ക് പരിചയപ്പെടാനായി. അവരെ പറ്റിയാണ് ഈ ഒരു കുറിപ്പ്.

ഒരു പക്ഷെ ഇന്റെർനെറ്റിന്റെ ലോകത്ത് വന്നിരുന്നില്ലെങ്കിൽ മൈമൂൺ അസീസ് എന്ന ഒരു സ്ത്രീവ്യക്തിത്വം എന്റെ ശ്രദ്ധയിലോ അറിവിലോ വരാൻ ഒരു സാദ്ധ്യതയുമില്ലെന്നു വേണം കരുതാൻ. കായം കുളം സ്വദേശിനിയും കുടിംബിനിയും ഉദ്യോഗസ്ഥയും സാമൂഹ്യ പ്രവർത്തകയുമായ അവർ ബ്ലോഗ്ഗറും, പ്രശസ്തമായ പല സോഷ്യൽ നെറ്റ്വർക്കുകളിലെ സജീവ സാ‍ന്നിദ്ധ്യവുമാണ്. ആ നിലയിൽ ഇ-ലോകത്ത് ആവശ്യത്തിന് പ്രശസ്തിയുമുണ്ട്. നല്ല കഥകളും കവിതകളും ഗാനങ്ങളും ലേഖനങ്ങളും എഴുതുന്ന ഒരു എഴുത്തുകാരിയാണവർ. കൌമാര യൌവ്വനങ്ങൾ അടക്കി വാഴുന്ന ഇ-ലോകത്തെ സൌഹൃദക്കൂട്ടങ്ങൾക്കിടയിൽ അവർ അമ്മയും ചേച്ചിയുമായി താരശൊഭയോടെ തിളങ്ങി നിൽക്കുന്നു.

സ്വത്ത നിഷേധത്തിനോ നിർദോഷമായ പരമ്പരാഗത ജീവിത രീതികളുടെ നിരാസത്തിനോ ഒന്നും മുതിരാതെ മതപരവും ആത്മീയവുമായ വിശ്വാസങ്ങളെയും പ്രാർത്ഥനകളെയും എല്ലാം അതേ പടി നില നിർത്തിക്കൊണ്ടു തന്നെ മാറുന്ന കാലത്തിനനുസൃതമായി പുരോഗമനോത്മുഖവും സർഗ്ഗാത്മകവും സർവ്വോപരി സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നിയതുമായ ഒരു ജീവിതം നയിക്കാൻ മുസ്ലിം പശ്ചാത്തലമുള്ള ഒരു സാധാരണ വനിതയ്ക്ക് എങ്ങനെ സാധിക്കും എന്നതിന്റെ മികച്ച മാതൃകയാകാൻ മൈമൂൺ അസീസിനു കഴിയുന്നു. തന്റെ ജീവിത സഖാവിന്റെ കൂടെ പൂർണ്ണമായ പിന്തുണയോടെയാണ് അവർ ഈ മാതൃകാ ജീവിതം പിന്തുടരുന്നതെന്നും പ്രത്യേകമായി എടുത്തു പറയേണ്ടതാണ്.

ഞാൻ അവരെ അറിയുന്നത് ഇന്റെർനെറ്റിലെ ചില സോഷ്യൽ നെറ്റ്വർക്കുകളിലൂടെയാണെന്നത് ഇനിയും പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ! ഞാൻ അവരെ ആദ്യമായി നേരിൽ കാണുന്നത് തിരുവനന്തപുരത്ത് നടന്ന കൂട്ടം സോഷ്യൽ നെറ്റ്വർക്കിന്റെ ഒരു മീറ്റിൽ വച്ചാണ്. അതിനുശേഷവും ഇ-മാധ്യമം വഴി മിക്കപ്പോഴും അവരുമായി എനിക്ക് ആശയ വിനിമയം ഉണ്ട്. ഇതിനിടയിലാണ് കുറെ നാളുകൾക്കു ശേഷം ഇക്കഴിഞ്ഞ 2011 ജൂലായ് 23 ന് തിരുവനന്തപുരത്ത് വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്ന സൌഹൃദം ഡോട്ട് കോം മീറ്റിൽ വച്ച് വീണ്ടും അവരെ നേരിൽ കാണുന്നത്. അവിടെ സ്വാഗതഗാനം എഴുതി സംഗീത സംവിധാനം നിർവ്വഹിച്ചത് മൈമൂൺ അസീസ് ആയിരുന്നു. പാടിയതും അവരുടെ നേതൃത്വത്തിൽതന്നെ.കേൾക്കാൻ വളരെ മനോഹരമായിരുന്നു ആ സ്വാഗത ഗാനം.

മൈമൂൺ അസീസിൽ ഒരു സംഗീതകലാകാരി ഉണ്ട് എന്നത് എന്നെ സംബന്ധിച്ച് ഒരു പുതിയ അറിവായിരുന്നു. അതേ പറ്റിയുള്ള എന്റെ അന്വേഷണത്തിൽ അവർ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. പോകാൻ നേരം മൈമൂൺ അസീസ് രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച ഒരു സംഗീത ആൽബം എനിക്ക് സമ്മാനിച്ചു. എനിക്ക് സാധാരണ സംഗീത ആൽബങ്ങളോ സിനിമാ സി.ഡികളോ ഒന്നും കാണാൻ ഇപ്പോൾ സമയം കിട്ടാറില്ല.അതിന് ഇപ്പോൾ കുറച്ചുനാളായി ശ്രമിക്കാറുമില്ല. മുമ്പേ കേട്ട് ആകൃഷ്ടമായ കുറെ ഗാനങ്ങളും പിന്നെ കവിതകളും ആവർത്തിച്ച് കേൾക്കുന്നതിലൂടെയാണ് ഞാനെന്റെ അടങ്ങാത്ത സംഗീതാഭിനിവേശം നിലനിർത്തി പോരുന്നത്. പുതിയ ആൽബം ഗാനങ്ങളോടൊന്നും അധികം അടുപ്പമോ പരിചയമോ ഇല്ല.

എന്നാൽ മൈമൂൺ അസീസ് എനിക്ക് നൽകിയ സി.ഡി പിറ്റേന്നു തന്നെ ഞാൻ ഇട്ട് കേട്ടു. രചനയും സംഗീതവും മൈമൂൺ അസീസ് തന്നെ. അത്ര പ്രശസ്തരായ ഗായകരൊന്നുമല്ല (ഇനി എനിക്കറിയാത്തതാണോ എന്നറിയില്ല) ഈ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മൈമൂൺ അസീസും ഇതിൽ ഗാനം ആലപിക്കുന്നുണ്ട്. ആകെ അഞ്ച് ഗാനങ്ങളേ ഉള്ളൂ. കേരള വർണ്ണനയാണ് ഗാനങ്ങൾ എല്ലാം. കേൽക്കാൻ നല്ല ഇമ്പമുള്ള ഗാനങ്ങൾ. അനേകം ഗാനങ്ങൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കുന്ന പല ആൽബങ്ങളിലും ഒന്നോ രണ്ടോ മാത്രമായിരിക്കും മനസിൽ തങ്ങി നിൽക്കുക. ബാക്കിയൊക്കെ അരോചകങ്ങളായിരിക്കും. എന്നാൽ മൈമൂണിന്റെ ഈ സംഗീത ആൽബത്തിൽ ആകെയുള്ള അഞ്ചു ഗാനങ്ങളിൽ അഞ്ചും നല്ല മധുരമനോഹരമായ ഗാനങ്ങൾ തന്നെ.

പുതിയ അടിപൊളി പാട്ട് സ്നേഹികൾക്ക് ഇത് രസിക്കുമോ എന്നറിയില്ല. എന്റെ സംഗീത ആസ്വാദന അഭിരുചികളുമായി ഏറെ അടുത്തു നിൽക്കുന്നതാണ് ഇതിലെ ഗാനങ്ങൾ. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം എനിക്കവ വളരെ ഇഷ്ടമായി. കേരളവർണ്ണനാ ഗാനങ്ങളാകയാൽ വരികളിലെ അർത്ഥ സമ്പുഷ്ടതയെക്കുറിച്ചൊന്നും ഞാൻ വലിയ സന്ദേഹിയാകുന്നില്ല. സംഗീതാത്മകമായ വരികളാണ് അവ എന്നത് മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. എങ്കിലും വാക്കുകളുടെ ഉപയോഗത്തിൽ കുറച്ചുകൂടി നല്ല ആലോചനകൾ ഉണ്ടാകേണ്ടതായിരുന്നു എന്ന ഒരു തോന്നൽ ഉണ്ടായി എന്നത് മറച്ചു വയ്ക്കുന്നില്ല.

എല്ലവരുടെയും ആസ്വാദനാഭിരുചികൾ ഒരു പോലെ ആയിരിക്കില്ല. എന്തായാലും എനിക്ക് ഈ ഗാനങ്ങൾ ഇഷ്ടമായതുപോലെ എന്റെ സംഗീതാഭിരിചികളുമായും ആസ്വാദനാഭിരുചികളുമായും സാമ്യമുള്ള അഭിരുചികൾ ഉള്ളവർക്ക് ഈ ഗാനങ്ങൾ ഇഷ്ടപ്പെടാതിരിക്കില്ല. നമ്മൾ തമ്മിൽ അങ്ങനെ അഭിരുചിപരമായ സാമ്യതയുണ്ടോ എന്നറിയണമെങ്കിൽ ആ പാട്ട് കേട്ട് അത് നിങ്ങൾക്കിഷ്ടപ്പെടണമല്ലോ. താല്പര്യമുള്ളവർ അവരുമായി ബന്ധപ്പെട്ട് ആ സി.ഡി വാങ്ങി കേട്ടു നോക്കുക.തീർച്ചയായും കേരളത്തെയും മലയാളത്തെയും സ്നേഹിക്കുന്നവർക്ക് മൈമൂൺ അസീസിന്റെ ഈ സംഗീത ആൽബത്തിലെ പാട്ടുകൾ ഇഷ്ടപ്പെടും!

ഞാൻ ആ ഗാനങ്ങൾ നന്നായി ആസ്വദിച്ചുവെന്നതിന്റെ അടയാളപ്പെടുത്തലും അതിനുള്ള സ്നേഹോപഹാരവുമായി ഈ കുറിപ്പ് മൈമൂൺ ഇത്തയ്ക്ക് സമർപ്പിക്കുന്നു. ഒപ്പം എന്റെ ഈ എഴുത്തു മൂലം ഇനിയും ആരെങ്കിലും കൂടി ഇതെപറ്റി അറിയുന്നെങ്കിൽ അറിയാനുള്ള ആഗ്രഹവും! അങ്ങനെ എഴുത്തും പ്രസംഗവും പാട്ടും എല്ലാമായി ഒരു ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷ വ്യക്തിത്വത്തിനുടമയായ ശ്രീമതി മൈമൂൺ അസീസിന് തന്റെ ബഹുമുഖമായ കർമ്മ പഥങ്ങളിൽ ഇനിയും എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു.

Thursday, July 21, 2011

മദ്യനയം എന്ന യു.ഡി.എഫ് ഉഡായിപ്പ്


മദ്യനയം എന്ന യു.ഡി.എഫ് ഉഡായിപ്പ്

യു.ഡി.എഫിന്റെ പുതിയ മദ്യനയം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നുവത്രേ! ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരും. ആദ്യപടിയെന്ന നിലയിൽ വീര്യം കുറഞ്ഞ കള്ളു കൊടുക്കുന്ന സഹകരണ സംഘങ്ങൾ നടത്തുന്നവ  ഉൾപ്പെടെയുള്ള  കള്ളു ഷോപ്പുകൾ നിർത്തലാക്കും. കള്ളു ദുരന്തം അതോടെ ഇല്ലാതാകും. കള്ളുകുടിയുടെ അളവ് അതോടെ ക്രമാതീതമായി കുറയും.കള്ളുദുരന്തങ്ങൾ  പിന്നെ പഴങ്കഥകളാകും.

താരതമ്യേന അപകടമില്ലാത്ത മദ്യം വിറ്റ് ഉപജീവനം നടത്തുന്നവരുടെ കാര്യം ‘ശരി’ യാക്കിക്കൊടുക്കും. കള്ളുവ്യവസായത്തെ ലക്ഷ്യമാക്കി ചില സ്ഥലങ്ങളിൽ  പ്ലാന്റേഷൻ അടിസ്ഥാനത്തിൽ നട്ടു വളർത്തിയ ചെത്തുതെങ്ങുകളെ ചരിത്ര സ്മാരകങ്ങളാക്കി സംരക്ഷിക്കും. അത്തരത്തിൽ ഉപജീവന മാർഗ്ഗം കണ്ടെത്തിയവരെ  പുരാവസ്തു വകുപ്പ് ഏറ്റെടുക്കും.ചെത്തുകള്ള് കുടിച്ച് ഇനി കേരളത്തിലെ ഒരു കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത തകരരുത്. ബലേഭേഷ്!

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ലൈസൻസ് നൽകിയതും അന്ന് യു.ഡി.എഫ് നഖ ശിഖാന്തം ആക്ഷേപങ്ങൾ ഉന്നയിച്ചതുമായവ ഉൾപ്പെടെ നിലവിലുള്ള എല്ലാ ബാറുകളും അതേ പടി നില നിർത്തുക വഴി സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാകും. പുതുതായി ഈ വർഷവും വരും വർഷങ്ങളിലും ത്രീസ്റ്റാർ ഹോട്ടലുകൾക്ക് ലൈസൻസ് നൽകി മദ്യ നിരോധനത്തിന്റെ അടുത്ത ഘട്ടം കൂടി പൂർത്തിയാക്കും. ബലേ ഭേഷ്!

തുടർന്നുള്ള വർഷങ്ങളിൽ  ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ലൈസൻസ് ലൈസൻസ് നൽകുക വഴി മദ്യ നിരോധനത്തിന്റെ സുപ്രധാനമായ മറ്റൊരു  ഘട്ടവും പൂർത്തിയാ‍ക്കും.ബലേ ഭേഷ്! 2011 ആയാൽ പിന്നെ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമായി ലൈസൻസ്  പരിമിതപ്പെടുത്തുമ്പോൾ സമ്പൂർണ്ണ മദ്യ നിരോധനം എന്ന ചിരകാല സ്വപ്നം പൂവണിയുകയായി.  ബലേ ബലേ ബലേ  ഭേഷ്!

അപ്പോഴേയ്ക്കും കേരളം മുഴുവൻ ബാറളമായി മാറുമോ എന്ന  സംശയത്തിലാണ് കോൺഗ്രസ്സ് എം.എൽ.എ ടി.എൻ.പ്രതാപനും മനോരമയും മറ്റും. മുസ്ലീം ലീഗാകട്ടെ ഒറ്റയ്ക്ക് എന്നെങ്കിലും അധികാരം കിട്ടുമ്പോൾ (അങ്ങനെയും ഒരു കാലം വരുമോ എന്നു മാത്രം ചോദിക്കരുത്. സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗങ്ങൾ എല്ലാം നമുക്കു സ്വന്തം.....)സമ്പൂർണ്ണ മദ്യപാനം നടപ്പിലാക്കാനിരിക്കുകയായിരുന്നുവെന്നും ഇപ്പോഴത്തെ നയം സമ്പൂർണ്ണ മദ്യ നിരോധനത്തിലേയ്ക്ക്  ഇഴഞ്ഞേ  നീങ്ങുകയുള്ളുവെങ്കിലും  കൂട്ടുകക്ഷി ഭരണമായതുകൊണ്ട് പടിപടി ആയെങ്കിലും സമ്പൂർണ്ണ നിരോധനം വന്നാൽ മതിയെന്ന് വിചാരിക്കുന്നതായും  ചാനൽ ചർച്ചയിൽ ലീഗ് നേതാവ്  കെ.എൻ.എ ഖാദർ!

പതിനെട്ടു വയസായവരും അതിനു താഴെയുള്ളവരും  ഇനി ഇരുപത്തിയൊന്നു വയസുള്ളവരെ വിട്ടുവേണം മദ്യം വാങ്ങാൻ. ആരാധനാലയങ്ങൾ വിദ്യാലയങ്ങൾ എന്നിവയിൽ നിന്നുള്ള ചാരയക്കട ദൂരം അൻപത് മീറ്ററിൽ നിന്ന് ഇരുന്നൂറു മീറ്ററാക്കി വലിച്ചു നീട്ടുന്നുണ്ട്. ഇനി ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറി വേണം അടുത്തുള്ള ബാറിൽ എത്താൻ; അഥവാ ഈ ലഹരിക്കടകൾ   ഇരുന്നൂറു മീറ്റർ എന്ന  ദൂരപരിധി പാലിക്കുന്നില്ല്ലെങ്കിൽ ആരാധനാലയങ്ങളും വിദ്യാലയങ്ങളും പൊളിച്ച് ഇരുന്നൂറു മീറ്റർ ദൂരേയ്ക്ക് മാറ്റിയാൽ മതിയാകും!

കേരളത്തിൽ പണ്ട് പത്ത് രൂപാ നിരക്കിൽ സർക്കാർ അംഗീകൃത തിരുക്കു ചാരായം കിട്ടുന്ന കാലത്ത് മുക്കിനു മുക്കിനുനിന്ന് കുടിച്ച് ഇടവഴികളിലും മറ്റും സുഖനിദ്രയിലാണ്ടിരുന്ന  കുടിയന്മാർ ബാറുകളിലെ കൂടാരങ്ങളിലേയ്ക്ക് പോയി വില കൂടിയ മദ്യം കഴിച്ചു തുടങ്ങിയതോടെ പാവപ്പെട്ട കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം അപകടകരമായ രീതിയിൽ തകിടം മറിയുകയായിരുന്നില്ല; മറിച്ച് ഈ പാവം ഈ ‘കുടികിടപ്പുകാർ’ ബാറുകലിലെ കൂടാരങ്ങളിലേയ്ക്ക് ‘കുടിയേറി’നാടനു പകരം ഫോറിൻ കഴിക്കുക വഴി  അവരുടെ ജീവിതനില വാരം ഉയർത്തുകയായിരുന്നുവെന്നാണ് പുതിയ സാമ്പത്തിക ശാസ്ത്ര നിരീക്ഷണം! 

ഇനി കള്ളെല്ലാം നിർത്തി ത്രീസ്റ്റാറിലും പിന്നെ ഫോർസ്റ്റാറിലും 2011 മുതൽ ഫൈവ് സ്റ്റാറിലും മാത്രം കയറി മദ്യം കഴിക്കുന്നതോടെ പാവപ്പെട്ടവരുടെ ജീവിത നിലവാരം അങ്ങ്  ഉയർന്നുയർന്ന് അങ്ങ് ഉച്ച സ്ഥായിയിലാകും. ഒപ്പം സമ്പൂർണ്ണ മദ്യ നിരോധനം എന്ന ലക്ഷ്യവും സാക്ഷാൽക്കരിക്കപ്പെടുകയായി. എല്ലാവരും ജോറായി ഒന്നു കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുക!

ഇനി ഈ രണ്ടായിരത്തി പതിനൊന്നു പോയിട്ട് രണ്ടായിരത്തി പന്ത്രണ്ടുവരെയെങ്കിലും യു.ഡി.എഫ് ഭരണം നീണ്ടു പോകുമോ എന്ന അനാവശ്യമായ ചോദ്യങ്ങളൊന്നും നാം ചോദിക്കാതിരിക്കുക. ഇന്നലെ (ഇതെഴുതുന്നതിന്റെ തലേന്ന്) സ്വയം വരുത്തിയ വീഴ്ചയിൽ നിലം പതിക്കേണ്ടതായിരുന്നു കിണറ്റിന്റെ പാതയിലിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന ഭരണം! മതിയായ ഭൂരിപക്ഷമില്ലെങ്കിലും തമാശകൾക്ക് ഒരു കുറവുമില്ലെന്നത് ആശ്വാസം തന്നെ!

ബഹുമാനികളേ, ധൈര്യമുണ്ടെങ്കിൽ സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിൻ!

Tuesday, July 12, 2011

ബ്ലോഗ് മീറ്റ് പോസ്റ്റ് (എറണാകുളം)

ബ്ലോഗ് മീറ്റ് പോസ്റ്റ് (എറണാകുളം)

മുൻകുറിപ്പ് : ഈ പോസ്റ്റിലെ മീറ്റുമായി വലിയ ബന്ധമില്ലാത്ത ആദ്യത്തെ കത്തിയടികൾ കഴിഞ്ഞ് മീറ്റിടത്തെ വിശേഷങ്ങൾ എഴുതി തുടങ്ങുന്ന ഭാഗത്ത് “ഇനി മീറ്റിടത്തെ വിശേഷങ്ങളിലേയ്ക്ക്” എന്ന് പ്രത്യേകം തലക്കെട്ട് നൽകിയിട്ടുണ്ട്.

സ്നേഹം, സൌഹൃദം, സാഹോദര്യം, സഹിഷ്ണുത, മാനവികത തുടങ്ങി നന്മയുടെ മാനുഷിക ഭാവങ്ങൾ ഉൾക്കൊള്ളുന്ന ഉന്നതമായ ജീവിത മൂല്യങ്ങൾ സമൂഹത്തിൽ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വിലാപങ്ങൾ ഒരു വശത്ത് ഉയർന്നുകേൾക്കുമ്പോൾ എഴുത്തിന്റെ വഴിയിൽ കാണാതെ കണ്ടു മുട്ടി പരിചയിച്ചും സംവദിച്ചും വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് കലഹിച്ചും ഊഷ്മളമായ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നിത്യവസന്തം വിരിയിച്ച് വിസ്മയമാകുകയാണ് ബൂലോകർ അഥവാ ബ്ലോഗെഴുത്തുകാർ. ഭൂമുഖത്തെ ഹൃസ്വവും അനിശ്ചിതവുമായ ജീവിതമെന്ന മഴത്തുള്ളിയെ സൌഹൃദങ്ങളുടെ പൂക്കാലമാക്കാൻ ഉത്സാഹിക്കുകയാണ് മൊത്തത്തിൽ ബ്ലോഗ്ഗർമാർ ഉൾപ്പെടെയുള്ള ഇ-എഴുത്തുകാർ!

ആധുനിക വിവര സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ കൈവന്ന ഇ-എഴുത്തിന്റെ സാദ്ധ്യതകളെ തികച്ചും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന ബ്ലോഗ്ഗർമാർക്കിടയിൽ മനുഷ്യനും മനുഷ്യനും എന്നതിനപ്പുറം മതിലുകളില്ല. ഒരേ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്ഥാനങ്ങൾക്കുള്ളിൽ പോലും പരസ്പരം ഐക്യപ്പെടാനാകാതെ അംഗങ്ങൾ കലഹിക്കുമ്പോഴാണ് വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരും വ്യത്യസ്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്നവരുമായ ബ്ലോഗ്ഗർമാർ യാതൊരു പ്രസ്ഥാനത്തിന്റെയും ലേബലുകളോ ഔപചാരികമായ നേതൃഘടനയോ സ്ഥാനമാനങ്ങളുടെ വലിപ്പച്ചെറുപ്പമോ ഒന്നുമില്ലതെ എല്ലാവരും ഒന്നെന്ന സമഭാവനയിൽ ഒരുമിച്ചു കൂടുന്നത്.

ബ്ലോഗ് എന്ന മാധ്യമം സജീവമായതിനുശേഷം ഇതിനകം നിരവധി ബ്ലോഗ് മീറ്റുകൾ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും ബ്ലോഗ്ഗർമാർ ഉള്ളയിടങ്ങളിലെല്ലാം സംഘടിപ്പിക്കപ്പെട്ടുപോരുന്നുണ്ട്. ഓരോ മീറ്റുകൾ കഴിയുമ്പോഴും ബൂലോകവും അതു വഴിയുള്ള സ്നേഹസൌഹൃദങ്ങളും വളരുകയാണ്. കവലകളിൽ ചങ്ങാതിമാർ ഒത്തു ചേരുന്നതുപോലെ ഇ-എഴുത്തുകാർ കമ്പെട്ടിയുടെ വെള്ളിത്തിരയിൽ ഓൺലെയിനായി നിത്യമെന്നോണം ഒത്തു ചേരുന്നുണ്ട്. എങ്കിലും കാണാമറയത്തിരുന്ന് സംവദിക്കുന്നവർ ഇടയ്ക്കിടെ ശരീരങ്ങളോടെ തന്നെ ഒത്തു കൂടുമ്പോൾ അത് കൂടുതൽ ഊർജ്ജം പകർന്ന് സ്നേഹത്തിന്റെ ഊഷ്മളത വീണ്ടും വർദ്ധിപ്പിക്കുന്നു.

ഈയിടെ നടന്ന തുഞ്ചൻ പറമ്പിലെ വിശാലമായ ബ്ലോഗ് മീറ്റിനു ശേഷം കേരളത്തിൽ നടന്ന ഇ-എഴുത്തുകാരുടെ മറ്റൊരു സംഗമമായിരുന്നു എറണാകുളം ബ്ലോഗ് മീറ്റ്. എറണാകുളം മയൂരാ പാർക്ക് ഹോട്ടലിൽ 2011 ജൂലൈ 9 ശനിയാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ നടന്ന ബ്ലോഗ് സംഗമത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുതിയതും പഴയതുമായ എഴുപതില്പരം ബ്ലോഗ്ഗർമാർ ഒത്തു ചേർന്നു.( യഥാർത്ഥകണക്ക് മുഖ്യസംഘാടകർ അറിയിക്കും എന്ന് കരുതുന്നു). ഇനിയും തൊടുപുഴയിൽ മറ്റൊരു മീറ്റ് നടക്കാനിരിക്കുകയുമാണ്.

എറണാകുളം മീറ്റിനെ പറ്റി ഒറ്റവാക്കിൽ ഇന്നത്തെ യുവതലമുറയുടെ ഭാഷയിൽ പറയുന്നതാണ് നല്ലത്; ഇത് ഒരു അടിപൊളി മീറ്റായിരുന്നു! എല്ലാവർക്കും ഒറ്റയ്ക്കും കൂട്ടായും പരസ്പരം പരിചയപ്പെടുവാനും ദീർഘനേരം സംസാരിക്കുവാനും സൌഹൃദം പങ്കു വയ്ക്കുവാനും പുതുക്കുവാനും ഒക്കെ കഴിഞ്ഞു.

എന്നെ സംബന്ധിച്ച് ഇത് നാലാമത്തെയോ അഞ്ചാമത്തെയോ ബ്ലോഗ്മീറ്റാണ്. ബ്ലോഗ്മീറ്റുകളിൽ പങ്കെടുക്കുന്നത് എനിക്ക് ഒരു ഹരമാണ്. വെറുതെ മീറ്റിൽ വന്നിരുന്നാൽ മതി. നേരിൽ കണ്ടിട്ടില്ലാത്തവരെ കാനുന്നതിലുള്ള കൌതുകം, കണ്ടിട്ടുള്ളവരെ തന്നെ വീണ്ടും കാണുന്നതിലുള്ള സന്തോഷം; പിന്നെ ഫോട്ടോ പിടിത്തം, വീഡിയോ പിടിത്തം, സദ്യ എല്ലാം സന്തോഷം. എറണാകുളത്തെ സംഗമത്തിലും പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി ഞാൻ എല്ലാവരുമായി പങ്കു വയ്ക്കുന്നു.

മുൻ കൂട്ടി ഓരോ പരിപാടി നിശ്ചയിക്കുന്ന സമയം മുതൽ എനിക്ക് ഒരു തരം ഉൽക്കണ്ഠയാണ്. നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ? അതോ അന്ന് ഒഴിവാക്കാനാകാത്ത എന്തെങ്കിലും അസൌകര്യങ്ങൾ വന്നു പോകുമോ? പൊതുവേ ഒരു കാര്യത്തിലും ശുഭാപ്തി വിശ്വാസം വച്ചു പുലർത്താത്ത ആളാണ് ഞാൻ. നാളെ എന്തെന്ന് ഇന്ന് പറയുന്നതിൽ തീരെ താല്പര്യമില്ലാത്ത ആൾ. ഈ ബ്ലോഗ് മീറ്റിന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു. പ്രത്യേകിച്ചും എത്തിച്ചേരാൻ അദമ്യമായി ആഗ്രഹിക്കുന്ന ഒരു കാര്യത്തെ സംബന്ധിച്ചാകുമ്പോൾ വല്ലാത്തൊരു പിരി മുറുക്കമാണ്. എന്റെ യാത്രകളെക്കുറിച്ചൊന്നും ഞാൻ പോകുന്നതിനു തൊട്ടുമുമ്പല്ലാതെ വീട്ടിൽ പോലും പറയാറില്ല. മാത്രവുമല്ല എനിക്ക് യാത്രയുണ്ടെന്നു പറഞ്ഞാൽ ഉമ്മയ്ക്കോ വാപ്പയ്ക്കോ അസുഖം വന്നാലും എന്റെ യാത്ര മുടക്കേണ്ടെന്നു കരുതി അവർ അത് മറച്ചു വയ്ക്കും. അവരുടെ ശാരീരികസ്ഥിതി നിരീക്ഷിച്ചിട്ടാണ് എന്റെ ദൂരയാത്രകൾ എല്ലാം ഇപ്പോൾ ക്രമീകരിക്കുന്നത്.

ഇനി ഇതൊന്നുമല്ലെങ്കിൽ വല്ല മരണമോ കല്യാണമോ മറ്റു വല്ല പൊതു പരിപാടികളോ വന്നു കയറാനും മതി. എന്തായാലും നമ്മുടെ ബ്ലോഗ് മീറ്റിന് രണ്ട് ദിവസം മുമ്പ് ഒരു മരണം വന്നു. പിന്നെയുള്ളത് ഒരു കല്യാണം; അത് മീറ്റിന്റെ പിറ്റേന്ന് പാത്താം തീയതി. അങ്ങനെ രണ്ട് അസൌകര്യങ്ങൾ മീറ്റ് ദിവസത്തിനു മുമ്പും പിമ്പുമായി കഴിഞ്ഞു. അതുകൊണ്ട് മീറ്റിനെത്താനായി. എട്ടാം തീയതിയും ഒൻപതാം തീയതിയും അസൌകര്യങ്ങൾ വളരെയൊന്നും ഇല്ലാതെ കിട്ടി. ഒൻപതാം തീയതി വൈകിട്ടു കൂടി കൂടേണ്ട ആ കല്യാണത്തിന് പിറ്റേന്ന് കല്യാണ മണ്ഡപത്തിലേ ചെല്ലൂ എന്ന് പഴയ ശിഷ്യനും ഇപ്പോൾ വക്കീലുമായ കല്യാണപ്പയ്യനോടും പയ്യന്റെ പിതാവിനോടും പറഞ്ഞിരുന്നു.

തലേ ദിവസം തന്നെ എറണാകുളത്തെത്താൻ തീരുമാനിച്ചതിനാൽ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. എട്ടാം തീയതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയ്ക്ക് ഇറങ്ങാനായിരുന്നു പ്ലാൻ. അന്ന് വീട്ടിൽ കിടക്കാൻ എന്റെ സഹൃത്തും സന്തത സഹചാരിയുമായ അമ്പുവിനെ ഏർപ്പാടാക്കി. എട്ടാം തീയതി രാവിലെ ചില അത്യാവശ്യങ്ങൾ- ട്രഷറി, മെഡിക്കൽ ഷോപ്പ് അങ്ങനെ ചിലതൊക്കെ- കഴിഞ്ഞ് പുറപ്പെടാൻ കുറച്ച് വൈകുകയായിരുന്നു. ഏതാണ്ട് വൈകിട്ട് നാല് മണിയ്ക്ക് പോകാൻ ഒരുങ്ങി നിൽക്കുമ്പോൾ പൂമുഖത്ത് ഒരു അപരിചിത ശബ്ദം; വീട്ടിൽ ഒരു കാക്കാത്തി ലക്ഷണശാസ്ത്രവുമായി പ്രവചനോത്സുകയായി വന്നിരിക്കുകയാണ് എന്ന് മനസിലായി. കുറെ കാലമായി കാക്കാത്തിമാർ ആരെങ്കിലും വീട്ടിൽ വന്നിട്ട്.കക്കാത്തിയ്ക്ക് വല്ലതും കൊടുത്ത് പറഞ്ഞു വിടാനാൻ ഉമ്മയോടൊ വാപ്പയോടോ പറയാനാണ് ഞാൻ അങ്ങോട്ട് ചെന്ന് എത്തി നോക്കിയത്.

അപ്പോഴേയ്ക്കും ഉമ്മായുടെയും വാപ്പായുടെയും തലവിധികൾ കാക്കാത്തി പ്രവചിച്ചു തുടങ്ങിയിരുന്നു. അവരാകട്ടെ സാകൂതം കേൾക്കുകയുമാണ്. എനിക്കാണെങ്കിൽ ഇതിൽ വിശ്വാസം തീരെയില്ല. എങ്കിലും കാക്കാത്തിമാർ വന്നാൽ വല്ലതും കൊടുക്കാറുണ്ട്. വയറ്റിപ്പിഴപ്പല്ലേ? നമ്മൾ വേണ്ടെന്നു പറഞ്ഞാലും കാശു കിട്ടുമ്പോൾ അവർ നമ്മെ പറ്റി ചില നല്ല ഭാവികൾ പറഞ്ഞേ പോകൂ. നല്ല പ്രായത്തിൽ ഒരു കാക്കാത്തി ചില പ്രണയ വിശേഷങ്ങൾ പറഞ്ഞ് കൂട്ടുകാരുടെ മുമ്പിൽ നാണം കെടുത്തിയ കഥയൊക്കെ ഓർമ്മവന്നതുകൊണ്ട് പെട്ടെന്ന് അവരെ പറഞ്ഞു വിടാൻ ഉമ്മയോട് ആംഗ്യം കാണിച്ചിട്ട് തിരിഞ്ഞതും കാക്കാത്തി എന്റെ ലക്ഷണശാസ്ത്രം പ്രവചിച്ചു കഴിഞ്ഞു.

“എവിടെ ചെന്നാലും ഒരു കസേരയുള്ള മോനാണ് ആ നിൽക്കുന്നത് ” എന്ന് ഉമ്മയോടും വാപ്പയോടും കക്കാത്തി തട്ടി വിട്ടു. സ്വന്തം മകനെ പൊക്കി പറഞ്ഞാൽ ആരാണ് ഒന്നു പുളകിതരാകാത്തത്. അവർ രണ്ടുപേരും പുളകിതരായെന്ന് എനിക്ക് മനസിലായി.ഇനി എന്തൊക്കെ വീട്ടു സാധനങ്ങൾ ദാനധർമ്മമായി കാക്കാത്തിയുടെ കൈയ്യിലേയ്ക്ക് ഒഴുകുന്നുവോ ആവോ! ഹാംഗറിലല്ലാതെ ഒരു ഷർട്ടെങ്ങാനും അലസമായി ഊരിയിട്ടിരുന്നാൽ അത് എനിക്ക് വേണ്ടാത്തതാണെന്ന് രണ്ടുപേരും കൂടി അവെയിലബിൾ പോളിറ്റ് ബ്യൂറോ കൂടി തീരുമാനിച്ച് ഞാനില്ലാത്ത നേരം നോക്കി ആർക്കെങ്കിലും ദാനം ചെയ്യുന രണ്ട് ജന്മങ്ങളാണ്.

കാരണം ഇതിനകം തന്നെ തന്റെ മക്കൾ, സഹോദരങ്ങൾ ഇവർക്ക് പഴയ വസ്ത്രങ്ങൾ വല്ലതും സഹായിക്കണമെന്ന് കാക്കാത്തി അഭ്യർത്ഥിച്ചു കഴിഞ്ഞിരുന്നു. എന്റെ ലക്ഷണശാസ്ത്രം (അഥവാ സൂത്രം) പറഞ്ഞതും ഉമ്മയുടെ ഒരു പഴയ സാരി ആദ്യം തന്നെ കാക്കാത്തിയുടെ കൈയ്യിലേയ്ക്ക് ചെന്ന് പതിച്ചു കഴിഞ്ഞിരുന്നു. എന്നെ പറ്റി കക്കാത്തി പറഞ്ഞത് കേട്ടതും സത്യത്തിൽ ഞാനും അറിയാതെ ഒന്നു പൊങ്ങി പോയി. വീട്ടിന്റെ ഉത്തരത്തിൽ ചെന്നു മുട്ടാതെ ബാലൻസ് ചെയ്ത് നിൽക്കാൻ നന്നേ പാടു പെട്ടു. പിന്നെ എന്റെ ചില പഴയ ഷർട്ടുകൾ പാൻസുകൾ തുടങ്ങിയവ ഞാൻ തന്നെ പറക്കിക്കൊടുത്തു. എന്തുചെയ്യണമെന്നറിയാതെ വച്ചിരുന്ന കുറെ പഴയ വസ്ത്രങ്ങൾ കുന്നുകൂടി കിടക്കുന്നുണ്ടായിരുന്നു. അതിപ്പോൾ നമ്മെപറ്റി നല്ലത് പറഞ്ഞ കക്കാത്തി തന്നെ കൊണ്ടു പോകട്ടെ! പെട്ടെന്ന് കാക്കാത്തിയെ ഒഴിവാക്കേണ്ട ആവശ്യകതയും ഇതിനിടയിൽ ഞാൻ ഉമ്മയെയും വാപ്പയെയും ബോദ്ധ്യപ്പെടുത്താൻ ആംഗ്യ ഭാഷയിലൂടെ ശ്രമിച്ചുകൊണ്ടിരുന്നു. അവർക്കാണെങ്കിൽ എന്തെങ്കിലും കൂടി കേൾക്കണം! എനിക്കാണെങ്കിൽ അതൊന്നും കേട്ട് പൊങ്ങി വീട്ടിന്റെ ഉത്തരം തകർക്കാനും വയ്യ!

ആരെങ്കിലും ഒന്നു പൊക്കി പറഞ്ഞ് ചെത്തമരത്തിൽ കയറ്റിയാൽ കയറാതിരിക്കാൻ മാത്രം ദുർബലനൊന്നുമല്ലല്ലോ ഈ ഒന്നൊന്നര ഞാൻ. (കാക്കാത്തി പറഞ്ഞത് നേരാണ്. ബ്ലോഗ് മീറ്റ് നടക്കിന്നിടത്തും എല്ലാവർക്കും ഇരിക്കാൻ കസേരകൾ ഉണ്ടാകുമല്ലൊ. പോകും വഴി, വെയിറ്റിംഗ് ഷെഡ്, ബസ്സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും കസേരകൾ ഉണ്ട്. അതുമല്ലെങ്കിൽ കാക്കാത്തി ഉള്ളിൽ വിചാരിച്ച കസേര കടത്തിണ്ണയോ പെട്ടിക്കടയുടെ കാലു പോയ ബഞ്ചോ ഒക്കെ ആയിരിക്കാം. അവിടെയൊക്കെ ഞാൻ ഇരിക്കുന്നത് ഈ കാക്കാത്തിപ്പെണ്ണ് കണ്ടിട്ടുണ്ടോ എന്തോ!) എന്തായാലും ഞാൻ പൊങ്ങി പോയി എന്നത് സത്യം!

ചോദിക്കാതെ പറഞ്ഞ ലക്ഷണങ്ങൾക്ക് അവകാശം പോലെ കിട്ടിയ ദക്ഷിണയും പിടിപ്പത് സമ്മാനങ്ങളുമായി കാക്കാത്തി വീണ്ടും വാതിൽ പടിയിൽ ഇരിക്കാനും വാപ്പയും ഉമ്മയും അവരോട് കുശലം പറയാനും തുടങ്ങിയപ്പോൾ ഞാൻ വിഷമിച്ചു. കാക്കാത്തി ഇരിക്കുമ്പോൾ എനിക്ക് ബാഗും തൂക്കി ഇറങ്ങാനൊരു മടി. കാര്യം ഇതൊക്കെയാണെങ്കിലും ഈ കക്കാത്തിമാരൊക്കെ വല്ല കള്ളന്മാരും പറഞ്ഞുവിടുന്ന ചാരത്തികളോ മറ്റോ ആണെങ്കിലോ? ഒരു കാക്കാത്തി കൂടെ വന്നത് അടുത്ത വീട്ടിലെങ്ങാണ്ട് കയറിയിരിക്കുകയാണെന്നും ഈ കക്കാത്തി പറഞ്ഞു. നോക്കുമ്പോൾ ഞാൻ ബാഗും തൂക്കി യാത്ര പോകുന്നു. ഇന്ന് വരില്ലെന്ന കാര്യം ഉമ്മായുടെ വായിൽ നിന്ന് തന്നെ സ്വാഭാവികമായും കാക്കാത്തി മനസിലാക്കിക്കൊള്ളും.ഒരു ജോഡി കിളവനും കിളവിയും മാത്രമുള്ള ഒരു വീട് ഉണ്ടെന്ന് കാക്കാത്തി കള്ളന്മാർക്ക് റിപ്പോർട്ട് ചെയ്യും. വേണമെങ്കിൽ ഇന്നു തന്നെ കയറിക്കൊള്ളണമെന്നും!

ഇത് കേട്ട് വശായി വല്ല ബാങ്കിലോ, ജൂവല്ലറിയിലോ ഒക്കെ കയറി നല്ല വല്ല മോഷണവും പ്ലാനിട്ടിരിക്കുന്ന കള്ളന്മാർ പരിപാടിയിൽ മാറ്റം വരുത്തി നമ്മുടെ വീട്ടിൽ വന്ന് കയറും. സ്വാഭാവികമായും എന്റെ മുറിയായിരിക്കും ലക്ഷ്യം വയ്ക്കുക.അവിടെ കയറിയാൽ നഷ്ടപ്പെടുന്നത് എന്റെ അഭിമാനമാണ്. അവർക്ക് സമയ നഷ്ടവും. കാരണം ആർക്കും വേണ്ടാതെ പൊടി പിടിച്ചിരിക്കുന്ന കുറെ പുസ്തകങ്ങൾ മാത്രമാണ് മുറിയിൽ ഉള്ളത്. പിന്നെയുള്ളത് ഒരു പറട്ട കമ്പെട്ടിയാണ്. അതിലെങ്ങാനും തൊട്ടാൽ അവന്മാർ എർത്തടിച്ച് ഓഫ് ലെയിനായതുതന്നെ! ഇനി ഞാൻ പറഞ്ഞ കൂട്ടുകാരൻ അമ്പു എന്ന ധൈര്യവാൻ എന്റെ മുറിക്കകത്താണ് കിടക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ വെപ്രാളവും നിലവിളിയും കാരണം ഈ ഏരിയയിലൊന്നും കള്ളന്മാർക്ക് ഇന്നിനി മോഷ്ടിക്കാനുമാകില്ല; ഓടിയാലും മുഴുക്കില്ല (അമ്പു). എന്തിന്, വെറുതെ കള്ളന്മാർക്ക് മിനക്കെടുത്തുണ്ടാക്കേണ്ടെന്നു കരുതി കാക്കാത്തി ഇറങ്ങും വരെ ഞാൻ വെയിറ്റ് ചെയ്തു. അത് കാരണം വീണ്ടും ഇറങ്ങാൻ വൈകുകയായിരുന്നു.

കക്കാത്തി പോയിക്കഴിഞ്ഞ് നാല് മണിയോടെ യാത്രയൊക്കെ പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി തട്ടത്തുമല ജംഗ്ഷനിൽ ഇറങ്ങി വെയിറ്റിംഗ് ഷെഡ്ഡിൽ ഇരുന്നു. സ്വാഭാവികമായും ഞാൻ ബസ് കാത്ത് നിന്നാൽ പിന്നെ ബസുകളൊന്നും അടുത്ത സമയത്ത് ഇതു വഴി കടന്നു വരാറില്ല. ആ സമയത്ത് എത്തേണ്ടതൊക്കെ വഴിയിൽ ബ്രേക്ക് ഡൌൺ ആകും. ചിലതൊക്കെ റൂട്ട് തിരിച്ചു വിടും. ചിലതിനി സമയം തെറ്റിയേ വരൂ. സ്കൂൾ വിട്ട് ദൂരെനിന്നു വരുന്ന അദ്ധ്യാപകരും കുട്ടികളും ഒക്കെ ജംഗ്ഷൻ നിറഞ്ഞ് നിൽക്കുന്നുണ്ട്. എന്നെക്കാരണം വടക്കോട്ട് പോകുന്നവർക്കൊന്നും ഇന്നിനി യഥാസമയം ബസ് കിട്ടില്ലല്ലോ എന്നായി എന്റെ ചിന്ത!

അല്പം കഴിഞ്ഞ് എറണാകുളം ബോർഡ് വച്ചൊരു സൂപ്പർ ഫാസ്റ്റ് ഭൂമി തൊടാതെ കടന്നു വരുന്നുണ്ട്. ഇവിടെ സൂപ്പർ ഫാസ്റ്റിനു സ്റ്റോപ്പില്ലെങ്കിലും കൈകാണിക്കാമെന്നു കരുതിയതാണ്. ദൂരേയ്ക്കാണെന്നു മനസിലാക്കിയാൽ ചിലപ്പോൾ സൂപ്പറുകളും നിർത്താറുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള സമയം തന്നിട്ടു വേണ്ടേ? അതങ്ങ് കടന്നു പോയി. ആളുകളുടെ മുമ്പിൽ നാണം കെടാതിരുന്നതും നല്ലത്. നിറുത്തിയില്ലെങ്കിൽ അവിടെ നിൽക്കുന്ന പിള്ളേർ ചിലപ്പോൾ ചോദിക്കും ഈ സാറിനു ഫാസ്റ്റും സൂപ്പർ ഫാസ്റ്റുമൊന്നും കണ്ടാലറിയില്ലേ എന്ന്! ഇവിടെ സൂപ്പറിനു സാധാരണ സ്റ്റോപ്പില്ലല്ലോ! എന്തായാലും ആദ്യം വന്ന വണ്ടികൾ ഒക്കെ തിരക്കുകാരണം ഞാൻ കയറാതെ വിട്ടു. നാലരയോടെ ഒരു കോട്ടയം ഫാസ്റ്റിൽ കയറി കോട്ടയത്തിറങ്ങി. അവിടെ നിന്ന് ഭാഗ്യത്തിനു താമസം വന്നില്ല. ഇറങ്ങിയതും എറണാകുളത്തേയ്ക്ക് പിടിച്ചിട്ടിരുന്ന മറ്റൊരു ബസിൽ കയറി യാത്ര തുടർന്നു. പത്തര മണിയോടെ എറണാകുളം കെ.എസ്.ആർ.റ്റി സി ബസ് സ്റ്റാൻഡിൽ എത്തി.

ബ്ലോഗ് മീറ്റ് സംഘാടകരെ ആരെയെങ്കിലും വിളിച്ചാലോ? പുലർച്ചേ നാലു മണിമുതൽ വരുന്നവർക്ക് ഉപയോഗിക്കാൻ മീറ്റിടത്ത് റൂം എടുത്തിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. എങ്കിലും ഇനിയിപ്പോൾ അവരെ ആരെയും വിളിച്ച് ബുദ്ധിമുട്ടിയ്ക്കേണ്ട എന്നു കരുതി. ഒരു പക്ഷെ അവരൊക്കെ സംഘാടനമൊക്കെ നടത്തി ക്ഷീണിച്ച് വീടുകളിൽ ചെന്ന് ഉറങ്ങുകയാകും. ഒരു റൂം എടുത്താൽ, തിരികെ പോരാൻ നേരവും ഒന്നു ഫ്രഷായി പോകാമല്ലോ എന്നു കരുതി ബസ്റ്റാൻഡിനടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. എന്നിട്ട് ഭക്ഷണം വല്ലതും കഴിക്കാനായി പുറത്തിറങ്ങി.

അവിടെ ബസ്റ്റാൻഡിനടുത്തുതന്നെ ഒരു ബാറുണ്ട്. ബാറിൽ കയറുന്ന രീതികൽ അറിയാത്തതുകൊണ്ടും, മദ്യപാന ശീലം ഇല്ലാത്തതുകൊണ്ടും സർവ്വോപരി മദ്യ വർജ്ജന സമിതിയുടെ സ്വയം പ്രഖ്യാപിത അഖിലേന്ത്യാ പ്രസിഡന്റായതുകൊണ്ടും കയറേണ്ടെന്നു കരുതി. തൽക്കാലം അവിടെ നിന്ന് ഇറങ്ങി വരുന്നവരുടെ ശാരീരിക നിലകൾ കണ്ട് ആസ്വദിച്ച് കുറെ നേരം തട്ടുകടയിൽ ചെലവഴിക്കാമെന്നു കരുതി. രണ്ടുണ്ട് ഫലം. അങ്കവും കാണാം താളിയും പറിക്കാം. മദ്യപിക്കാത്തവർക്കും ഈ തട്ടുകടയിഉൽ വന്നാൽ ഫിറ്റാകാം. അവിടെ ദോശതിന്നാൻ വരുന്ന മദ്യാരാധകരുടെ അടുത്തിരുന്നാൽ മതി. ഇവിടെ വരുമ്പോഴൊക്കെ ഈ ബസ്റ്റാൻഡിനോട് ചേർന്ന് ഒരു ചേട്ടനും ചേച്ചിയും നടത്തുന്ന സൂപ്പർ സ്പെഷ്യാലിറ്റി തട്ടുകടയിൽനിന്ന് ദോശയും വറുത്ത മീനും കഴിക്കാറുണ്ട്. സ്പെഷ്യൽ കോംബിനേഷനുകളാണ്. ആ പതിവ് തെറ്റിച്ചില്ല. രണ്ടു മൂന്നു ദോശയും ഒരു ഓംലെറ്റും രണ്ട് വറുത്തമീനുമൊക്കെ വാങ്ങിത്തിന്ന് റൂമിൽ ചെന്ന് കിടന്നുറങ്ങി.

ഇനി മീറ്റിടത്തെ വിശേഷങ്ങളിലേയ്ക്ക്

പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ ഒരു ഓട്ടോയിൽ എറണാകുളം മയൂരാ പാർക്കിനു മുന്നിൽ എത്തി. റൂഫ് ടോപ്പിൽ മീറ്റ് നടക്കുന്ന ഹാളിൽ എത്തുമ്പോൾ രജിസ്ട്രേഷൻ എന്ന പിടിച്ചുപറി കൌണ്ടർ ആരംഭിച്ചിരുന്നു. ഡോ.ജയൻ ദാമോദരൻ കുശലം പറഞ്ഞ് കൌശലപൂർവ്വം രജിസ്ട്രേഷൻ കൌണ്ടറിലേയ്ക്ക് എന്നെ ആനയിക്കുകയായിരുന്നു. സ്വാഭാവികമായും ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചിലർ തന്നെ ആ നിയോഗം ഏറ്റെടുത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു. മദ്ധ്യകേരളത്തിൽ പറ്റിയ ആളുകൾ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല, ഉത്തര കേരളത്തിൽ നിന്ന് വന്ന പൊന്മളക്കാരനെയായിരുന്നു സ്റ്റെയർ കയറിവരുന്നവരെ ആദ്യം തന്നെ ഘെരാവോ ചെയ്ത് പോക്കറ്റടിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. സംസാരിച്ചപ്പോഴാണ് മനസിലായത് ടിയാൻ തലേ ദിവസം തന്നെ വന്ന് തമ്പടിച്ച് വിദഗ്ദ്ധപരിശീലനം നേടിയിരിക്കുന്നു എന്ന്. അപ്പോൾ പിന്നെ രക്ഷപ്പെടാനാകില്ല. തലേ ദിവസം പൊന്മളക്കാരൻ ഉണ്ടായിരുന്നെന്നറിഞ്ഞെങ്കിൽ ഞാനും രാത്രി അവിടെ കൂടുമായിരുന്നു. പൊന്മുളക്കാരനോടൊപ്പം എറണാകുളത്ത് താമസിച്ചു എന്ന് പറയാനുള്ള അപൂർവ്വ അവസരം അങ്ങനെ നഷ്ടമായി.

രജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞപ്പോൾ പൊന്മളക്കാരൻ പുതിയ നിബന്ധന വച്ചു. ഒരു സ്കോർ ഷീറ്റും തന്നിട്ട് മത്സരത്തിനു വന്നിട്ടുള്ള ചിത്രങ്ങൾക്ക് മാർക്കിടണമെന്നു പറഞ്ഞു. മുമ്പേ വന്നവർ ഒക്കെ സ്കോർ ഷീറ്റുമായി എന്തു ചെയ്യണമെന്നറിയാതെ തൂക്കിയിട്ടിരുന്ന ചിത്രങ്ങളിൽ നോക്കി കണ്ണുമിഴിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് അപ്പോഴാണ് കണ്ടത്. ബൂലോകം ഓൺലെയിനും നമ്മുടെ ബൂലോകവും ചേർന്നാണ് ചിത്രപ്രദർശനവും മത്സരവും സ്പോൺസർ ചെയ്തിരിക്കുന്നത്. വിശ്വപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടേ നാട്ടുകാരൻ എന്നതിനപ്പുറം ചിത്രകലയുമായോ ഫോട്ടോഗ്രാഫിയുമായോ ബന്ധമൊന്നുമില്ലാത്ത ഞാനും ഇടണം പടങ്ങൾക്ക് മാർക്ക്!

ചിത്ര കലയുമായി എനിക്ക് തീരെ ബന്ധമില്ലെന്നും പറഞ്ഞുകൂട. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നമ്മുടെ അന്നത്തെ ഉപപാഠപുസ്തകം ആർട്ടിസ്റ്റ് രാജാരവി വർമ്മയെക്കുറിച്ചായിരുന്നു. കൊട്ടാരം ചുമരുകളിൽ കരിക്കട്ട കൊണ്ട് ചിത്രം വരച്ച് രവിവർമ്മ മുതിർന്നവരുടെ ശാസന ഏറ്റുവാങ്ങിയ കാര്യം ആ പുസ്തകത്തിൽ പരാമർശിച്ചിരുന്നു. അത് കാരണം നമ്മുടേ വീട്ടിലെ ചുമരുകളിൽ കരിക്കട്ടകൊണ്ട് ഞാനും അക്കാലാത്ത് “എന്റെ ചിത്രാന്വേഷണ പരീക്ഷണങ്ങളിൽ” ഏർപ്പെട്ടിരുന്നു. ഞാൻ അന്ന് വരയ്ക്കുന്ന ചിത്രങ്ങളൊക്കെ ആദ്യം വിളിച്ചു കാണിക്കുന്നത് അനിയത്തിയെ ആയിരുന്നു. ആദ്യമായി ചുമരിൽ ചില ചിത്രങ്ങൾ വരച്ചിട്ട് ഞാൻ അവളെ വിളിച്ചു കാണിച്ചു.

ഒന്നാമത്തെ ചിത്രം നോക്കി അവൾ പറഞ്ഞു നല്ല പോത്ത്! ഞാൻ പറഞ്ഞു കറക്ട്! സത്യത്തിൽ ഞാൻ വരച്ചത് പട്ടിയെ ആയിരുന്നു എന്ന് അവളോട് പറഞ്ഞില്ല. പോത്തെങ്കിൽ ഇനി പോത്തായി തന്നെ ഇരിക്കട്ടെ. രണ്ടാമത്തെ ചിത്രം നോക്കിയിട്ട് അവൾ പറഞ്ഞത് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകതന്നെ ചെയ്തു. അവൾക്ക് ആ ചിത്രം ഇഷ്ടപ്പെട്ടതുമില്ല. കൊമ്പും തുമ്പിക്കൈയ്യും ഇല്ലാത്ത എന്ത് ആനയെന്നായി അവൾ. ഇനി തുമ്പിക്കൈയ്യും കൊമ്പും വരയ്ക്കാൻ പോകുന്നതേ ഉള്ളുവെന്ന് ഞാൻ. സത്യത്തിൽ ഞാൻ വരച്ചത് നമ്മുടെ സ്കൂളിലുള്ള പ്രാവിനെ ആയിരുന്നു! പിന്നെ ഞാൻ വരച്ചത് ഒരാളിന്റെ തലയായിരുന്നു. ഉദ്ദേശിച്ചത് ഗാന്ധിജിയെ. അവൾ പറഞ്ഞു അത് അങ്ങേ വീട്ടിലെ അഹമ്മദ്ക്കായാണെന്ന്. അവളെ സംബന്ധിച്ച് മൊട്ടത്തലയുള്ള പടങ്ങളെല്ലാം അഹമ്മദിക്കയുടേതാണ്! അപ്പോൾ ചുരുക്കി പറഞ്ഞാൽ അന്നേ മുരടിച്ചു പോയതാണ് എന്റെ ചിത്രകലാവിരുത്!

പിന്നെ ജഡ്ജാകുന്നതിന്റെ കാര്യം. ഓരോന്നിനും പത്ത് മാർക്കിനാണ് മാർക്കിടേണ്ടത്. ആദ്യമായി ഒരു കലാമത്സരത്തിന് ജഡ്ജായി പോയത് ഞാനോർത്തു. സംഗതി ലളിതഗാന മത്സരമാണ്. വയ്യെന്ന് പറയാൻ നമ്മൾ അത്ര കേമന്മാരൊന്നുമല്ലല്ലോ. പോയി. മത്സരം തുടങ്ങി. ഫുൾ മാർക്ക് ആരും ഇടാറില്ലെന്ന് മറ്റൊരു ജഡ്ജ് പറയുന്നതു കേട്ടു വച്ചിരുന്നു. ആദ്യത്തെ കുട്ടി പാടിയപ്പോൾ അത് വളരെ നന്നായെന്നു തോന്നി. കുട്ടിയെ കണ്ടാൽ തന്നെ കൊടുക്കും മാർക്ക്; മിടുക്കി! ഒട്ടും പിശുക്ക് കാണിച്ചില്ല, കൊടുത്തു മാർക്ക് ഒൻപതര! രണ്ടാമത്തെ കുട്ടി വന്നു പാടി. അപ്പോൾ അത് അതിലും നല്ലത്. എന്തുചെയ്യും? ആദ്യത്തെ കുട്ടിയുടെ മാർക്കിൽ അരയങ്ങു കുറച്ചു. ഒൻപതും, ഒൻപതരയുമായി. മൂന്നാമത്തെ കുട്ടി പാടിയപ്പോൾ അദ്യത്തെ രണ്ടിനേക്കാൾ വലരെ മനോഹരം. കുഴഞ്ഞോ? ഫുൾ മാർക്ക് ഇടാനും വയ്യ. ആദ്യത്തെ കുട്ടികൾക്ക് അരമാർക്ക് വച്ച് കുറച്ച് പ്രശ്നം പരിഹരിച്ചു. പക്ഷെ പിന്നെ പാടാൻ വന്ന ഓരോ കുട്ടിയും ഒന്നിനൊന്ന് മെച്ചം. ചുരുക്കം പറഞ്ഞാൽ സംഘാടകർ മാർക്കിടാൻ തന്ന സ്കോർ ഷീറ്റ് വെട്ടിത്തിരുത്തി കുളമായി!

അതു പോലെ ഇവിടെ സംഭവിക്കരുതെന്നു കരുതി സ്കോർ ഷീറ്റും വാങ്ങി ആദ്യം ചിത്രങ്ങൾ എല്ലാം നടന്നു കണ്ടു. എന്നിട്ട് ഓരോന്നിനോരോന്നിനായി മാർക്കിടൻ തുടങ്ങി. പണ്ട് എനിക്ക് പറ്റിയെന്നു പറഞ്ഞതുപോലെ ഇതിനിടയിൽ പലരുടേയും സ്കോർ ഷീറ്റുകൾ കുളമാകുന്നതു കാണാമായിരുന്നു!

ഈ മാർക്കിടീലൊക്കെ നടന്നുകൊണ്ടിരിക്കെ തന്നെ നന്ദകുമാർ അടുത്തു വന്നു. എപ്പോൾ വന്നു എന്നു ചോദിച്ചു. ഇന്നലെ വന്നെന്നും ലോഡ്ജിൽ കിടന്നെന്നും പറഞ്ഞപ്പോൾ അത് വേണ്ടായിരുന്നു എന്നായി നന്ദൻ. അങ്ങനെ കൈയ്യിൽ നിന്ന് പണം കളയരുത് എന്നായി അദ്ദേഹം. ആരെയെങ്കിലും വിളിക്കാമായിരുന്നുവെന്നും ഇവിടെ എടുത്ത മുറിയിലോ അദ്ദേഹത്തിന്റെ ഫ്ലാറ്റിലോ ഒക്കെ താമസിക്കാമായിരുന്നു എന്നും നന്ദൻ പറഞ്ഞു. മുമ്പ് ഞാൻ ഇടപ്പള്ളി മീറ്റിനുവന്ന് റൂമെടുത്ത് പൈസ കളഞ്ഞ കാര്യവും നന്ദൻ ഓർമ്മപ്പെടുത്തി. രാത്രി ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയെന്ന് ഞാൻ പറഞ്ഞു. അപ്പോൾ നന്ദൻ പറഞ്ഞാണ് അറിയുന്നത്, പൊന്മളക്കാരൻ രാത്രി അവിടെ ഉണ്ടായിരുന്നെന്ന്! വിളിക്കാഞ്ഞത് അബദ്ധമായി എന്ന് എനിക്ക് അപ്പോൾ തോന്നുകയും ചെയ്തു. നന്ദനോട് സംസാരിച്ചശേഷം വേദിയിൽ ലാപ്ടോപ്പുമായി ഓൺലെയിൽ സ്ക്രീമിംഗിനുള്ള തയ്യാറെടുപ്പിലായിരുന ജോയെ ചെന്നു കണ്ട് എന്റെ മഹനീയ സാന്നിദ്ധ്യം അറിയിച്ചു.അല്പം കഴിഞ്ഞ് ചാണ്ടിക്കുഞ്ഞും തട്ടത്തുമല അല്ലേ എന്നു പറഞ്ഞ് വന്ന് പരിചയം പുതുക്കി.

പതിവുപോലെ ആദ്യമെത്തിയവരിൽ ഷെരീഫ് കൊട്ടാരക്കരയും ഉൾപ്പെട്ടിരുന്നു. അദ്ദേഹം പുതിയൊരു ബ്ലോഗ്ഗറെ എനിക്ക് പരിചയപ്പെടുത്തിയിട്ട് ഇത് നിങ്ങളുടെ നാട്ടുകാരനാണെന്നും പറഞ്ഞു. പരിചയപ്പെട്ടപ്പോൾ കിളിമാനൂർ കൊട്ടാരം കുടുംബത്തിൽ പെട്ടതാണ്. ഇപ്പോൾ തൃപ്പൂണിത്തുറയിൽ സ്ഥിരവാസം. കൊച്ചിൻ യൂണിവേഴ്സിറ്റി ജീവനക്കാരനായ അനൂപ് വർമ്മയായിരുന്നു അത്. പറഞ്ഞുവന്നപ്പൊൾ നമ്മൾ ഒരേ കാലയളവിൽ നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിച്ചതാണ്. അനൂപുമായി വീണ്ടും കാണാനും അറിയാനും ഓർമ്മകൾ വീണ്ടെടുക്കാനും കഴിഞ്ഞതാണ് എന്നെ സംബന്ധിച്ച് ഈ ബ്ലോഗ് മീറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ഇന്റെർനെറ്റുമായി ഞാൻ ബന്ധം സ്ഥാപിച്ച അന്നുമുതൽ ഇതുപോലെ പഴയ പല സഹപാഠികളുമായും എനിക്ക് വീണ്ടും ബന്ധം പുതുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫോൺ നമ്പരും ഗൂഗിൾ പ്ലസിൽ ആഡ് ചെയ്യാൻ ഇ-മെയിലും കൈമാറിയാണ് അനൂപും ഞാനും മീറ്റിൽ നിന്ന് പിരിഞ്ഞത്. വിശ്വവിഖ്യാത ചിത്രകാരൻ കിളിമാനൂർ രാജാരവിവർമ്മയുടെ കൊട്ടാരം കുടുംബത്തിൽ നിന്നും അനൂപ് വർമ്മയെന്ന ഒരു ബ്ലോഗ്ഗർ ഉണ്ടെന്ന കാര്യം ഞാൻ ബൂലോകരെ അഭിമാന പൂർവ്വം അറിയിച്ചുകൊള്ളുന്നു.

അല്പം കഴിഞ്ഞപ്പോൾ നമ്മെ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ബൂലോകരുടെ രോമാഞ്ചകഞ്ചുകമായ സാക്ഷാൽ പകൽക്കിനാ‍വൻ മുതുകിൽ പിടിപ്പതു ഭാണ്ഡവുമായി പർവ്വതാരോഹകരെ പോലെ കയറിവന്നു. തൊടുപുഴ മീറ്റിനു വരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ലീവിന്റെ ലഭ്യതയിലുള്ള മാറ്റം മറിച്ചിലുകൾ കാരണം തൊടുപുഴ മീറ്റ് അദ്ദേഹത്തിന് മിസ് ആകുമെന്നുറപ്പായി. ഈ മീറ്റുള്ളതുകൊണ്ടും ഇതിലെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞതിലുമുള്ള സന്തോഷത്തിലായിരുനു പകലവൻ. ഞാൻ ആദ്യമായി പകലിനെ ബ്ലോഗ് വഴി പരിചയപ്പെട്ടതും , അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കമ്പെട്ടിയുടെ മുമ്പിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി എന്റെ മുറിയുടെ വാതിലിനുമുന്നിൽ ഒരു പകൽകിനാവുപോലെ സാക്ഷാൽ പകൽക്കിനാവൻ പ്രത്യക്ഷനായതും ഇത്തരുണത്തിൽ ഓർത്തുപോയി. പകൽ പുണ്യാളനുമൊപ്പം മൂന്നാറിനും മറ്റും പോകാൻ നിശ്ചയിച്ചിരുന്നതിനാൽ മീറ്റ് തീരും മുമ്പ് പോകുമെന്ന് മുൻ കൂട്ടി പറഞ്ഞു. ഫോട്ടോ സെക്ഷൻ കഴിഞ്ഞ് കുറെ നേരം കൂടി ചെലവഴിച്ച ശേഷം എല്ലവാരെയും കണ്ട് പകലും പുണ്യാളനും യാത്രപറഞ്ഞിറങ്ങി. ക്യാമറഭാണ്ഡങ്ങളുമായി പുറപ്പെട്ടിരിക്കുന്നതിനാൽ ഒറ്റക്കണ്ണിൽ ഇനി കുറെ നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കാം.

പത്ത് മണിയ്ക്ക് മീറ്റ് ആരംഭിച്ചു. വ്യത്യസ്തമായ ഒരു പരിചയപ്പെടൽ രീതി ഈ മീറ്റിന്റെ പ്രത്യേകതയായി. ചിലരെ ഒറ്റയ്ക്കും കൂട്ടായും വേദിയിൽ വിളിച്ചുവരുത്തിയും മറ്റുള്ളവരുടെ ഇരിപ്പിടങ്ങളിലേയ്ക്കും നില്പിടങ്ങളിലേയ്ക്കും മൈക്കുമായി അങ്ങോട്ട് ചെന്നും പരസ്പരം ഓരോന്ന് ചോദിച്ചും പറഞ്ഞുമുള്ള പരിചയപ്പെടൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. മീറ്റിൽ എല്ലാവരെയും മൈക്കുമായി നടന്ന് പരിചയപ്പെടുത്തിയ സുന്ദരനും സുമുഖനുമായ ആ ചെറുപ്പക്കാരൻ ശെന്തിലിന്റെ പ്രകടനം നന്നായി. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ബ്ലോഗ്ഗർ സന്ദീപ് പാമ്പള്ളി അദ്ദേഹത്തെ സിനിമയിലെടുക്കാനുള്ള ആഗ്രഹം മീറ്റിൽ വച്ച് തന്നെ പ്രകടിപ്പിച്ചിരുന്നു.
കളികളും പാട്ടും കവിതയും മിമിക്രിയുമൊക്കെയായി ഒരു ഉത്സാഹത്തിമിർപ്പ് തന്നെയായിരുന്നു മീറ്റിൽ.

ഒരു വശത്ത് മീറ്റുകളിലെ പതിവ് കാഴ്ചയായ കാർട്ടൂണിസ്റ്റ് സ്ജ്ജീവേട്ടന്റെ ചിത്രം വര പൊടിപൊടിക്കുന്നുണ്ടായിരുന്നു. മീറ്റിൽ പങ്കെടുത്ത ഓരോരുത്തരും സജ്ജീവ്വേട്ടന്റെ മുമ്പിൽ ഉപവിഷ്ടരായി അവരവരുടെ കാരിക്കേച്ചറും വരച്ച് അതും പിടിച്ച് ഫോട്ടോയുമെടുത്ത് വീണ്ടും മീറ്റ്കൂട്ടത്തിൽ വിലയം പ്രാപിക്കുന്നുണ്ടായിരുന്നു. ഇടപ്പള്ളി മീറ്റിൽ വച്ച് എന്റെ ചിത്രം സജ്ജീവേട്ടൻ വരച്ചതാണ്. ഈ മുഖം വരയ്ക്കാൻ അല്പം പ്രയാസമുള്ള മുഖങ്ങളിലൊന്നാണെന്നും മേലാൽ ഈ മോന്തയും കൊണ്ട് വരരുതെന്നും അന്നേ താക്കീത് ചെയ്തതാണ്. അതുകൊണ്ട് ആദ്യമൊന്നും ഞാൻ അങ്ങോട്ട് പോയില്ല.

ഉച്ചയ്ക്കു ശേഷം ആളൊഴിഞ്ഞ സമയം നോക്കി പാത്തു പതുങ്ങി ചെന്ന് ഞാൻ ഒന്നു രണ്ടു വട്ടം സജ്ജീവേട്ടനെ രൂക്ഷമായി നോക്കിയപ്പോൾ ഇടപ്പള്ളിയിൽ എന്നെ വരച്ചതും പറഞ്ഞതുമൊക്കെ അദ്ദേഹം മറന്നിരിക്കുന്നു എന്ന് മനസിലാക്കി ഞാനും അദ്ദേഹത്തിന്റെ മുന്നിൽ ഉപവിഷ്ടനായി. നിമിഷങ്ങൾക്കുള്ളിൽ ഞാനും വരകളിലായി. ഭാഗ്യത്തിന് ഇത് വരയ്ക്കാൻ പ്രയാസമുള്ള മുഖമാണെന്ന് ഇത്തവണ ഈ അദ്ഭുതവരപ്രതിഭ പറഞ്ഞില്ല.

ഇടയ്ക്ക് ഞാൻ ചെന്ന് പത്നീസമേതം വന്ന പാലക്കാട്ടേട്ടനെന്ന കേരള ദാസനുണ്ണിയെ പരിചയപ്പെട്ടു. ആദ്യം മനസിലാകാതിരുന്ന അദ്ദേഹം ബ്ലോഗിന്റെ പേരു കേട്ടതും എന്നെ തിരിച്ചറിഞ്ഞു. ബ്ലോഗെഴുത്തിൽ വന്നതിന്റെ സന്തോഷവും ഒരുപാട് എഴുതാൻ മനസിൽ കിടക്കുന്നതും അതിനൊക്കെ സമയം തികയാത്തതിന്റെ വ്യാകുലതകളും അദ്ദേഹം പങ്കുവച്ചു. ഒപ്പം എന്റെ ബ്ലോഗ്ഗർ ഇന്റർവ്യൂ വായിച്ച ശേഷം വീട്ടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ പാമ്പ്തീണ്ടാൻ വന്ന കാര്യവും അദ്ദേഹം പറഞ്ഞു. ഭാഗ്യത്തിനു കുഴപ്പമൊന്നും ഉണ്ടായില്ല. ബ്ലോഗ് മീറ്റിനും മറ്റുമൊക്കെ മുടങ്ങാതെ പങ്കെടുക്കണമെന്നുണ്ടെങ്കിലും യത്രകൾക്ക് ആരോഗ്യം മനസിനൊപ്പം നീങ്ങാത്തതിലുള്ള പരിദേവനവും അദ്ദേഹം പങ്കുവച്ചു. ഞാൻ അദ്ദേഹത്തിന്റെ നോവലിന്റെ വായനയിലാണെന്ന കാര്യം കമന്റായിത്തന്നെ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ അറിയിച്ചിരുന്ന കാര്യം ഞാൻ ഓർമ്മപ്പെടുത്തി. ഞാൻ പെൻഡിംഗിൽ വച്ചിരുന്ന പോസ്റ്റുകളിൽ ചിലതാണ് അദ്ദേഹത്തിന്റെ നോവലുകൾ.

മണികണ്ടന്റെ സ്ത്രീസ്വരത്തിലുള്ള പാട്ട് ഏവർക്കും കൌതുകമായി. പോഡ്കാസ്റ്റിംഗ് ബ്ലോഗ്ഗർമാരിൽ ചിലർ മനോഹരമായ ഗാനങ്ങൾ ആലപിച്ചിരുന്നു. അവരിൽ പലരുടെയും പേരുകൾ ഇതെഴുതുമ്പോൾ ഓർമ്മ കിട്ടുന്നില്ലെന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. സാബു കൊട്ടോട്ടിയുടെ ജീവിതസൂത്രങ്ങളും, മറ്റു ചില ബ്ലോഗ്ഗർമാരുടെ പദ്യപാരയണങ്ങളും പാട്ടും കടംകഥകളും ഒക്കെയായി മീറ്റ് നിമിഷം തോറും കൊഴുക്കുന്നുണ്ടായിരുന്നു. ഓരോ ഭാഗത്തും പരസ്പരം പരിചയപ്പെടലും ഫോട്ടോയും വിഡിയോ പിടിക്കലുമൊക്കെ ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. ഒപ്പം നാണം കുണുങ്ങിയായ കുമാരന്റെ ഏരിയ തിരിച്ചുള്ള കോർണർ യോഗങ്ങളും അവയിൽ നിന്ന് കുമാരന്റെ കത്തിയടി കേട്ട് രക്ഷപ്പെടാനാകാതെ നിന്ന ബ്ലോഗീനീബ്ലോഗന്മാരുടെ രക്ഷിക്കണേ രക്ഷിക്കണേ എന്ന നിലവിളിയും ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ജിക്കു വർഗ്ഗീസും മറ്റുമാകട്ടെ ഫോട്ടൊപ്രദർശനവും അതിന്റെ ജഡ്ജിംഗ് ഷീറ്റുമൊക്കെയായി തിരക്കിലായിരുന്നു.

മത്താപ്പും മത്താപ്പിന്റെ തരത്തിൽ‌പ്പെട്ട മറ്റ് ചില പൊട്ടാസുകളും ഓരോരോ കോർണറുകളിൽ നിന്ന് ചില താത്വിക പ്രശ്നങ്ങൾ കലപിലക്കുന്നുണ്ടായിരുന്നു. ക്ലാസ്സു കട്ടുചെയ്യൽ, സിനിമയ്ക്ക് പോക്ക് തുടങ്ങിയ ഗൌരവമേറിയ അന്താരാഷ്ട്ര പ്രശ്നങ്ങളായിരുന്നു അവർ മുഖ്യമായും താത്വിക വിശകലനങ്ങൾക്ക് വിധേയമാക്കിയത്. അതിന്റെയൊപ്പം കൂടിയ വിവാഹ നിശ്ചയം കഴിഞ്ഞ ബ്ലോഗിനിയും റിപ്പോർട്ടർ ചാനലിലെ ലേഖികയുമായ ഒരു പെൺകൊച്ചിനെ അവളുടെ കല്യാണ വിശേഷങ്ങൾ പറഞ്ഞ് കണക്കിനു കളിയാക്കിയും റിപ്പോർട്ടർ ചാനൽ കാണുമ്പോഴത്തെ പൊട്ടലും ചീറ്റലും പറഞ്ഞ് വധിച്ചും ആ കൊച്ചിൽനിന്നും കിട്ടേണ്ടതു തരാതരം പോലെ മത്താപ്പും സംഘവും വാങ്ങിക്കൂട്ടുന്ന കാഴ്ചയും ഇടയ്ക്ക് കാണാൻ കഴിഞ്ഞു.

അല്പം സീനിയറായ ഒരു സ്ത്രീ ബ്ലോഗ്ഗറെക്കണ്ട് പരിചയപ്പെടാൻ ചെന്നപ്പോൾ അവർ ബ്ലോഗ്ഗറല്ല; ഒൻപതാം ക്ലാസുകാരിയായ ഒരു ബ്ലോഗ്ഗർപെൺകുട്ടിയുടെ അമ്മയാണ്. മകൾ അഞ്ജലി അനിൽ കുമാർ എന്ന കുട്ടിബ്ലോഗ്ഗർ അടുത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കുസുമം ആർ പുന്നപ്രയും മീറ്റിൽ എത്തിയിരുന്നു. നിലവിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് ഞാനും കുസുമം ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പുന്നപ്ര ആലപ്പുഴയാണെങ്കിലും ഇപ്പോൾ അവർ തിരുവനന്തപുരത്തുകാരാണ്.

ഇതിനിടയിൽ എപ്പോഴോ ചായയും ബിസ്കറ്റും വന്നതും അത് വാങ്ങിക്കുടിച്ചതും കടിച്ചതുമൊന്നും ആരും അറിഞ്ഞില്ല. ഇടയ്ക്ക് അതും അങ്ങു നടന്നു. പലർക്കും അതോർമ്മ കാണാനിടയില്ല. ആളുകൾ പിരിയുന്നതിനു മുമ്പ് നേരത്തേ തന്നെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ഏർപ്പാടാക്കിയിരുന്നു. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ ഉടൻ തന്നെ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും ഗ്രൂപ് ഫോട്ടോയുടെ കോപ്പിയും ലഭിച്ചു. ഇത് ഇനിയുള്ള മീറ്റുകൾക്കും ഒരു മാതൃകയാകണം. മീറ്റ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ ഗ്രൂപ്പ് ഫോട്ടോ എല്ലാവരെയും കാണിക്കാൻ കഴിയുന്നത് ഒരു സന്തോഷമാണ്.

ഉച്ചയ്ക്ക് ഊണിന്റെ കാര്യം വന്നപ്പോൾ എനിക്കല്പം നിരാശയായി. ഊണിനു ചെന്നപ്പോൾ ഫ്രെയിഡ് റൈസാണ്. ഞാനാണെങ്കിൽ ഉച്ചയ്ക്ക് നാടൻ ചോറേ കഴിക്കൂ. ഇല്ലെങ്കിൽ തലവേദന എടുക്കും. ഭാഗ്യത്തിനു ബിരിയാണിയായില്ല. എങ്കിൽ പുറത്തുപോയി ഭക്ഷണം കഴിക്കേണ്ടി വന്നേനേ. പിന്നെ അല്പം ഫ്രെയിഡ് റൈസ് ചട്ടിണിയും അച്ചാറും കൂട്ടി തിന്നു. ഇറച്ചിക്കറി പരമാവധി ഒഴിവാക്കുന്നതിനാൽ വാങ്ങിയില്ല. ഐസ് ക്രീമും ഊണിനൊപ്പം ഉണ്ടായിരുനു. എല്ലാവർക്കും ഭക്ഷണം ഇഷ്ടമായി എന്നാണ് ഞാൻ മനസിലാക്കുന്നത്.

ഊണിനു ശേഷം പുസ്തകസ്റ്റാളിൽ ചെന്ന് അടുത്തു നിൽക്കുന്ന ആളെ ശ്രദ്ധിക്കാതെ പുസ്തകങ്ങൾ മറിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തു നിന്ന ആൾ എന്നോട് പറയുന്നു;

“നമ്മൾ തമ്മിൽ ബുദ്ധിപരമായ ചില……..“ (സംവാദങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നാണ് പുള്ളി ഉദ്ദേശിച്ചത്).

ഞാൻ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ അദ്ദേഹം പറഞ്ഞു;

“ഞാൻ ഷിഹാബ്; ……..”

എന്റെ സംശയം മാറാഞ്ഞ് അദ്ദേഹം ബ്ലോഗ്ഗർനാമം പറഞ്ഞു”

“ അഞ്ചൽ……”

“അഞ്ചൽക്കാരൻ…..?” ഞാൻ ചോദിച്ചു.

“അതെ! താങ്കൾ ഇത്ര ചെറുപ്പമാണെന്ന് ഞാൻ കരുതിയില്ല. അല്പം കൂടി പ്രായം പ്രതീക്ഷിച്ചിരുന്നു”. എന്ന് അഞ്ചൽ

“ഞാനും താങ്കളെ ഇങ്ങനെ ഒരു രൂപത്തിലല്ല കണക്കാക്കിയിരുന്നത്. അല്പം കൂടി പ്രായം കണക്കാക്കിയിരുന്നു.
പിന്നെ….ഇപ്പോൾ പോസ്റ്റുകൾ അങ്ങനെ ഇല്ലല്ലോ” എന്ന് ഞാൻ.

“ഉപജിവനാർത്ഥം ദുബായിലാണല്ലോ. അവിടെ ജോലി ചെയ്യുന്ന കമ്പനി പറഞ്ഞു; ഒന്നുകിൽ ബ്ലോഗ്, അല്ലെങ്കിൽ ജോലി. രണ്ടുംകൂ‍ടി വെണ്ടെന്ന്! അതുകൊണ്ട് തൽക്കാലം ഒന്നടങ്ങിയിരിക്കുകയാണ്.” അഞ്ചൽ!

ദുബായിയിൽ നിന്നും ലീവിനെത്തിയതാണ് അഞ്ചൽക്കാരൻ. ഉച്ചയോടെയാണ് അദ്ദേഹം ബ്ലോഗ് മീറ്റിൽ എത്തിച്ചേർന്നത്. ബ്ലോഗിൽ വന്നതുമുതൽ അദ്ദേഹത്തിന്റെ ബ്ലോഗ് ഞാൻ സ്ഥിരം സന്ദർശിക്കുന്നതാണ്. നമ്മൾ തമ്മിൽ കമന്റുകളിലൂടെ ചില ചർച്ചകൾ നടന്നിട്ടുമുണ്ട്. അഞ്ചലും തട്ടത്തുമലയും തമ്മിൽ അരമണിക്കൂർ വണ്ടിദൂരമേയുള്ളൂ. പക്ഷെ നമ്മൾ തമ്മിൽ കാണുന്നത് ഇതാദ്യം. ആ പ്രൊഫെയിൽ ചിത്രത്തിൽ കാണുന്നതുപോലെയൊന്നുമല്ല; സുന്ദരനും സുമുഖനുമായ ഈ യുവ കോമളൻ. ഞാൻ വായിച്ച അഞ്ചലിന്റെ ചില പോസ്റ്റുകളെ പറ്റി സംസാരിച്ചു. അതിൽ ഒരു ഭ്രാന്തിയെക്കുറിച്ച് എഴുതിയ പോസ്റ്റിനെ ചൊല്ലി നാട്ടുകാർ പരാതി പറഞ്ഞത്രേ; നാട്ടുകാരെ അപമാനിച്ചെന്ന്. എന്നാൽ ഇതിലും വലുത് വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അഞ്ചൽക്കാരനും.

പിന്നീട് അദ്ദേഹം വേദിയിൽ കയറി സ്വയം പരിചയപ്പെടുത്തി. കൊല്ലം ജില്ലയിലെ അഞ്ചൽ നിന്ന് രാവിലെ ഇറങ്ങി ഉച്ചയ്ക്കാണ് എത്താൻ കഴിഞ്ഞത്. ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ കഴിഞ്ഞതിനാൽ താൻ ഇനി അതിൽ വരില്ലല്ലോ എന്ന നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. അഞ്ചൽക്കാരൻ പിന്നീട് കുറച്ച് വെള്ളക്കടലാസ് കീറി തുണ്ടുകളാക്കി മീറ്റിൽ എത്തിയ എല്ലാവരുടെയും കൈകളിൽ കൊടുത്തു. എന്നിട്ട് എല്ലാവരുടെയും പേരും ബ്ലോഗിന്റെ പേരും യു.ആർ.എലും എഴുതി വാങ്ങിച്ചു. ഇങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യം എനിക്കും മുമ്പേ തോന്നിയിട്ടുള്ളതാണ്. പക്ഷെ ആർക്കെങ്കിലും ബുദ്ധിമുട്ടായാലോ എന്നു കരുതി ചെയ്തിട്ടില്ലെന്നു മാത്രം.

കാരണം മീറ്റ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ പലരുടെയും പേരും ബ്ലോഗിന്റെ പേരും ഒക്കെ മറന്നു പോകാറുണ്ട്. എന്നു വച്ച് എല്ലാവരും ഇങ്ങനെ ഒറ്റയ്ക്കൊറ്റയക്ക് എഴുതിയെടുക്കാൻ നീൽക്കുന്നത് പ്രായോഗികവുമല്ല. അതുകൊണ്ട് അടുത്ത മീറ്റു മുതൽ പങ്കടുക്കുന്നവരുടെ പേരുകളും ബ്ലോഗുകളുടെ പേരും യു.ആർ.എലുകളും പ്രിന്റ് എടുത്ത് എല്ലാവർക്കും ഓരോ കോപ്പി നൽകാൻ കഴിഞ്ഞാൽ കൊള്ളാമായിരുന്നു. ഇപ്പോൾ ഗ്രൂപ്പ് ഫോട്ടോ കൊടുത്തതു പോലെ. ഇപ്പോഴത്തെ മീറ്റിൽ പങ്കെടുത്തവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തത് സംഘാടകർ ഏതെങ്കിലും ബ്ലോഗിൽ പ്രസിദ്ധീകരിച്ചെങ്കിൽ കൊള്ളാമായിരുന്നു.

കൊല്ലം കടവൂരിലുള്ള സന്തോഷ്, കോട്ടയം സ്വദേശി ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മഹേഷ് വിജയൻ, അനൂപ് വർമ്മ, അരുൺ കായംകുളം, പട്ടാളം രഘുനാഥൻ, ഒടിയൻ തുടങ്ങി ഒത്തിരി പേരെ ഈ മീറ്റിൽ വച്ച് എനിക്ക് പുതുതായി പരിചയപ്പെടാൻ കഴിഞ്ഞു. മനോരാജും പ്രവീൺ വട്ടപ്പറമ്പും യൂസഫ് പായും ഒക്കെ ഈ മീറ്റിലും സജീവ സാന്നിദ്ധ്യമായിരുന്നു. ഡോ. ജയൻ ദാമോദരനാകട്ടെ എന്നെയടക്കം മീറ്റിൽ പങ്കെടുക്കുമെന്നു പറഞ്ഞിരുന്ന മിക്കവരെയും രണ്ടു ദിവസം മുമ്പേ തന്നെ വിളിച്ച് ഓരോരുത്തരുടേയും വരവ് ഉറപ്പാക്കിയിരുന്നു. അത്ര ഉറപ്പൊന്നും പറയാതിരുന്ന സാ‍ബു കൊട്ടോട്ടി എത്തുമെന്ന് എനിക്കുറപ്പായിരുന്നു. അതപ്രകാരം തന്നെ സംഭവിച്ചു. എഴുതിക്കൊണ്ടിരിക്കുമ്പോൾ ഓർമ്മയിൽ കയറിവന്ന പേരുകൾ മാത്രമാണ് ഈ പോസ്റ്റിൽ അവിടെയും ഇവിടെയും ഉൾപ്പെട്ടിട്ടുള്ളത്.

എന്റെ ബ്ലോഗ്മീറ്റ് അനുഭങ്ങളിൽ ചിലതു മാത്രമാണ് ഞാൻ പോസ്റ്റാക്കുന്നത്. ഇനി മറ്റുള്ളവരുടെ പോസ്റ്റുകൾ കൂടി വായിക്കുമ്പോൾ മാത്രമേ മീറ്റിന്റെ പൂർണ്ണ വിവരം എല്ലാവർക്കും അനുഭവഭേദ്യമാകൂ. മീറ്റ്പോസ്റ്റെഴുത്ത് ബ്ലോഗ്മീറ്റിന്റെ ഒരു അനന്തരഫലമായി ഇതിനകം മാറിയിട്ടുണ്ടല്ലോ! ഞാൻ ചിത്രങ്ങൽ ഒന്നുമെടുത്തില്ല. ഫോട്ടോകളും വീഡിയോയും മറ്റു കാണാൻ മറ്റു ബ്ലോഗുകൾ സന്ദർശിക്കാം. ലിങ്കുകൾ ഇവിടെ വരുന്നവർ ദയവായി കമന്റുക!

പരിചയപ്പെട്ട ചിലരുടെ പേരുകളും അവരുടെ ബ്ലോഗുകളുടെ പേരും ബ്ലോഗ്ഗർ നാമവുമൊക്കെകൂടി കൂടി കുഴഞ്ഞ് മറിഞ്ഞു. പലതും മറതിയിലുമായി. ഒരുപാട് പേരെ ഒരുമിച്ചു പരിചയപ്പെടുമ്പോൾ ഇത് സ്വാഭാവികമണ്. പലർക്കും ഈ അനുഭവം ഉള്ളതായി എന്നോട് പറഞ്ഞിട്ടുണ്ട്. ദയവായി സംഘാടകർ അവിടെ പങ്കെടുത്തവരുടെ ബ്ലോഗ് യു.ആർ.എൽ-കൾ എങ്കിലും പോസ്റ്റ് ചെയ്യുക!

പിൻകുറിപ്പ്: ബ്ലോഗ്മീറ്റിനെ സംബന്ധിച്ച് എന്റെ ഈ ഭാഷ്യം മാത്രമാണ് ഈ പോസ്റ്റ്. മീറ്റ് സംബന്ധിച്ച മറ്റുള്ളവരുടെ പോസ്റ്റുകൾ കൂടി വായിക്കുമ്പോൾ മാത്രമേ മീറ്റിന്റെ പൂർണ്ണ വിവരം എല്ലാവർക്കും അനുഭവഭേദ്യമാകൂ. മീറ്റ്പോസ്റ്റെഴുത്ത് ബ്ലോഗ്മീറ്റിന്റെ ഒരു അനന്തരഫലമായി ഇതിനകം മാറിയിട്ടുണ്ടല്ലോ! ഞാൻ ചിത്രങ്ങൽ ഒന്നുമെടുത്തില്ല. ഫോട്ടോകളും വീഡിയോയും മറ്റു കാണാൻ മറ്റു ബ്ലോഗുകൾ സന്ദർശിക്കാം. ലിങ്കുകൾ ഇവിടെ വരുന്നവർ ദയവായി കമന്റുക!

കൂടുതൽ ചിത്രങ്ങൾ കാണാൻ ലിങ്കിൽ ഞെക്കുക: ചിത്രബ്ലോഗം

എറണാകുളം ബ്ലോഗ്മീറ്റിൽ പങ്കെടുത്തവരുടെ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ വിശ്വമാനവികം വായനശാലയിൽ ഉണ്ട്


Sunday, July 10, 2011

ബ്ലോഗ് മീറ്റ്, എറണാകുളം: “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!”


എറണാകുളം ബ്ലോഗ് മീറ്റ്: “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!”

ഇ-എഴുത്തുകാരുടെ സൌഹൃദ സംഗമം എറണാകുളം മയൂരാ പാർക്ക് ഹോട്ടലിൽ 2011 ജൂലൈ 9 ന് രാവിലെ കൃത്യം പത്ത് മണിയ്ക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണിയീടെ വിജയകരമായി പര്യവസാനിച്ചു.

“സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ!” എന്ന് ഏതോ റ്റി.വി പരസ്യത്തിൽ പറയുന്നതുപോലെ എറണാകുളം മീറ്റു കഴിഞ്ഞ് വീട്ടിൽ വന്നു കയറിയിട്ട് സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ എന്നു മാത്രമാണ് ഇന്ന് നടന്ന ബ്ലോഗ് മീറ്റിനെ കുറിച്ച് ആദ്യം തന്നെ പറയാനുള്ളത്.അഞ്ച് മണിയ്ക്ക് അവിടെ നിന്നും ബസ് കയറി രാത്രി പത്തര പത്തേ മുക്കാൽ മണിയോടെയാണ് വീട്ടിൽ എത്തിയത്. മീറ്റിലെ വിശേഷങ്ങൾ സംബന്ധിച്ച വിശദമായ പോസ്റ്റ് രാത്രിയിനി എഴുതുന്നില്ല.അത് അല്പം വിശദാമായി തന്നെ എഴുതുവാനുണ്ട്. എഴുതണമെന്ന് വിചാരിക്കുന്നുമുണ്ട്.

എന്നാൽ അഞ്ചഞ്ചര മണിക്കൂർ യാത്രചെയ്ത് ബ്ലോഗ് മീറ്റിൽ പങ്കെടുക്കുകയും അത്രയും സമയം തിരിച്ച് യാത്രചെയ്ത് വീട്ടിലുമെത്തിയിട്ട് മീറ്റിനെ പറ്റി ഒന്നും എഴുതാതെ കിടന്നുറങ്ങുന്നതെങ്ങനെ? മാത്രവുമല്ല നമ്മൾ കുറെ ബ്ലോഗ്ഗർമാർ മീറ്റിൽ യഥാ സമയം പങ്കെടുത്തു എന്നല്ലാതെ അതിന്റെ സംഘാടനത്തിലൊന്നും പങ്ക് വഹിച്ചതല്ല. ഏതാനും ബ്ലോഗ്ഗർമാരുടെ കുറെ ദിവസത്തെ ശാരീരികവും ബുദ്ധിപരവുമായ അദ്ധ്വാനത്തിന്റെ ഫലമാണ് ഈ ബ്ലോഗ് മീറ്റും. അതുകൊണ്ടു തന്നെ മികവുറ്റ സംഘാടനം കൊണ്ട് പങ്കെടുത്ത എല്ലാ ബ്ലോഗ്ഗർമാരെയും സന്തുഷ്ടരാക്കിയ ആ സംഘാടക സംഘത്തിന് ഒരു നന്ദി വാക്ക് പറയാൻ അല്പം ഉറക്കമൊഴിഞ്ഞാലെന്ത്? മീറ്റ് സംഘാടകർക്ക് ഒരായിരം നന്ദി; ഒപ്പം നമ്മെ പോലെ മീറ്റിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ ബ്ലോഗ്ഗർമാർക്കും നന്ദി!

ബൂലോകത്തിന്റെ വളർച്ചയിൽ ബ്ലോഗ് മീറ്റുകൾക്കുള്ള പങ്ക് ചെറുതല്ല. ബ്ലോഗിലൂടെ ഉണ്ടായ സൌഹൃദങ്ങളുടെ കണ്ണി മുറിയാതെ അത് നില നിർത്തുന്നതിനും ബ്ലോഗ് മീറ്റുകൾക്ക് വലിയ പങ്കുണ്ട്. ഔപചാരികതകൾ ഒന്നുമില്ലാത്ത മീറ്റ് അക്ഷരാർത്ഥത്തിൽ അടിപൊളിയുടെ പൂരമായി. എല്ലാവർക്കും വിശദമായി പരിചയപ്പെടാനും പരിചയം പുതുക്കാനും ആവശ്യമുള്ളത്ര സമയം ഈ മീറ്റിൽ ലഭിച്ചു. മീറ്റ് ഹാളിൽ നടന്ന ചിത്രപ്രദർശനവും അതിന്റെ മാർക്കിടലും വേറിട്ട മറ്റൊരനുഭവമായി. കാർക്കൂണിസ്റ്റ് സജ്ജീവേട്ടന്റെ പതിവു വരയ്ക്ക് ഈ മീറ്റിലും ബ്ലൊഗ്ഗർമാർ വിധേയരായി. ഈ മീറ്റിലും പുതിയ ഏതാനും ബ്ലോഗ്ഗർമാരെ കൂടി പരിചയപ്പെടാൻ കഴിഞ്ഞു.

നേരത്തെ വീ‍ട്ടിലെത്തിയവർ ഒരു പക്ഷെ ഇതിനകം മീറ്റനുഭവം അതിന്റെ ഗൌരവത്തിൽ ബൂലോകത്ത് എത്തിച്ചിട്ടുണ്ടാകണം. ഈ മീറ്റിലെ എന്റെ അനുഭവം ഏതാനും ദിവസങ്ങൾക്കുള്ളിൽ വിശദമായി ഞാൻ എഴുതുമെന്നാണ് എനിക്ക് ഇപ്പോൾ എന്നെ പറ്റി തോന്നുന്നത്. ആ തോന്നൽ യാഥാർത്ഥ്യമകാൻ എനിക്ക് ഞാൻ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു! ഇപ്പോൾ തൽക്കാലം മീറ്റ് ദൃശ്യങ്ങൾ ഒക്കെ ഇതിനകം ഇട്ട മറ്റ് ബ്ലോഗുകളിൽ പോയി അവ ഒന്നു കണ്ടാനന്ദിക്കട്ടെ. എന്തായാലും ഈ പോസ്റ്റ് തൽക്കാലം ഇത്രയും വച്ച് അങ്ങ് പോസ്റ്റുന്നു. മീറ്റ് ചിത്രങ്ങൾക്ക് തൽക്കാലം മറ്റു ബ്ലോഗുകൾ കാണുക.

Friday, July 8, 2011

ബ്ലോഗേഴ്സ് സംഗമം, എറണാകുളം


എറണാകുളത്ത് ബ്ലോഗേഴ്സ് സംഗമം
മലയാളം ഇ-എഴുത്തുകാരുടെ സൌഹൃദ സംഗമം 2011 ജൂലൈ 9 ശനിയാഴ്ച എറണാകുളം കച്ചേരിപ്പടി ഹോട്ടൽ മായൂരാ പാർക്കിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണിവരെ!

Wednesday, July 6, 2011

സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കിടയിൽ ഭിന്നത


സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കിടയിൽ ഭിന്നത

എം..ബേബിയും എൽ.ഡി.എഫും സ്വാശ്രയ വിദ്യാഭ്യാസമേഖല കുളമാക്കിയെന്നായിരുന്നു സർക്കാരിന്റെ കാലത്ത് പലരും ആക്ഷേപിച്ചത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ സ്വാശ്രയ മാനേജർമാരുമായി ചർച്ചയോട് ചർച്ച നടത്തി എം..ബേബി എന്ന നല്ലൊരു രാഷ്ട്രീയ നേതാവിന്റെ ഇമേജ് തന്നെ നഷടമായി പോയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സത്യങ്ങൾ വെളിച്ചത്തു വരുന്നു. സ്വാശ്രയ മാനേജ്മെന്റുകൾക്കിടയിൽ തന്നെ ശക്തമായ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. കേരളത്തിലെ ക്രിസ്തീയ സമുദായത്തിലെ നല്ലൊരു പങ്ക് ആളുകളെ എൽ.ഡി.എഫിനെതിരെ തിരിച്ചുവിടാൻ ഇന്റെർ ചർച്ച് കൌൺസിലുകാർ സ്വാശ്രയ പ്രശ്നത്തെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.

സത്യത്തിൽ
ക്രിസ്തീയ സമുദായത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന നിലപാടാണ് ഇപ്പോൾ ക്രിസ്തീയ മാനേജ്മെന്റുകൾ സ്വീകരിച്ചിരിക്കുന്നത്. എൽ.ഡി.എഫ് തങ്ങളുടെ ശത്രുവാണെന്ന് ശ്രീ ജോർജ് പോൾ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫ് ആയാലും, യു.ഡി.എഫ് ആയാലും അവർക്ക് തങ്ങളുടെ സ്വാർത്ഥ താല്പര്യം മാത്രമാണ് വലുതെന്ന് വീണ്ടും വ്യക്തമായിരിക്കുന്നു. കേരളത്തിലെ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും താല്പര്യങ്ങളോട് തികച്ചും ധിക്കാര പരമായ സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നീതി നടപ്പാക്കാൻ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും സർക്കാരിനെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയാണ് മതത്തിന്റെ ലേബൽ ഒട്ടിച്ച് നടക്കുന്ന വിദ്യാഭ്യാസ വ്യാപാരികൾ.

ക്രിസ്ത്യൻ സമൂഹത്തിന്റെ മൊത്തം പ്രതിനിധികളായി സ്വയം ചമഞ്ഞ് നടക്കുന്നവർ സമുദായ താല്പര്യങ്ങളെക്കാൾ സാമ്പത്തിക താല്പര്യങ്ങളാണ് തങ്ങൾക്ക് വലുതെന്ന് ഇത്രയും പ്രകടമായിത്തന്നെ വിളിച്ചു പറയുമ്പോൾ, ഇവരുടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ സമുദായത്തിനാണോ വ്യക്തികൾക്കാണോ എന്ന കാര്യത്തിൽ വ്യക്തത തരുന്നുണ്ട്. സ്വന്തം വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി ഒരു ഹൈക്കോടതി വിധിയുടെ ബലത്തിൽ സമാന്തര ഭരണാധികാരികളെ പോലെ പെരുമാറുന്ന അവർ രാഷ്ട്രത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാൻ പൊതു സമൂഹത്തിനു കഴിഞ്ഞാൽ കൊള്ളാം.

എൽ
.ഡി.എഫ് സർക്കാരിനോട് തങ്ങളുടെ ശത്രുതയത്രയും എന്നു പറയുന്ന ഇവർ .കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയം മുതൽ പൊതു താല്പര്യത്തിനെതിരായ നിലപാടുകൾ സ്വീകരിച്ചവർ ആണ് എടുത്തുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനോടാണ് തങ്ങളുടെ കൂറ് എന്നു പ്രഖ്യാപിക്കുമ്പോഴും മെഡിക്കൽ സീറ്റുകളിൽ വർഷം തന്നെ പാതിക്കുപാതി അഡ്മിഷൻ എന്ന സർക്കാർ നയത്തെ അംഗീകരിക്കാൻ ശ്രീ.ജോർജു പോളും സംഘവും തയാറാകുന്നില്ല. ഇതിനകം അവർ നടത്തിയ അഡ്മിഷനിലുള്ള കുട്ടികളുടെ കാര്യം സർക്കാർ ഏറ്റെടുത്താൽ തങ്ങൾ ഒത്തു തീർപ്പിനു തയ്യാറാണെന്നുള്ള മുട്ടാ പോക്കാണ് അവർ ഉന്നയിക്കുന്നത്.മുമ്പേ തന്നിഷ്ടപ്രകാരം സർക്കാർ സീറ്റുകളിൽ അന്യായമായ പ്രവേശന നടപടികൾ സ്വീകരിച്ചതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമത്രേ!

കോലഞ്ചേരി മെഡിക്കൽ കോളേജ് അടക്കം പലതും ജോർജ് പോൾ അടക്കമുള്ള ചിലരുടെ സ്വകാര്യ സ്ഥാപനങ്ങളാണെന്നും സഭകളുമായി അവയ്ക്ക് ബന്ധമൊന്നും ഇല്ലെന്നും ഒരു ചാനൽ ചർച്ചയിൽ ശ്രീ ഫസൽ ഗഫൂർ പറഞ്ഞിരിക്കുന്നു. പരസ്പരം ചെളിവാരി എറിയുന്ന രീതിയിലേയ്ക്ക് ചർച്ചകൾ വഴിമാറുമ്പോൾ സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിഗൂഢതകളിലേയ്ക്കാണ് അത് വിരൽ ചൂണ്ടുന്നത്. ഇന്ന് നടന്ന ചർച്ചയിൽ ക്രിസ്തീയമാനേജ് മെന്റുകൾ എന്നവകാശപ്പെടുന്നവരുടെ നിലപാടുകളിൽ ആദ്യംതന്നെ ശക്തമായി പ്രതിഷേധിക്കേണ്ടത് കേരളത്തിലെ സാധാരണ ക്രിസ്തീയ സമൂഹമാണ്. സമുദായത്തിന്റെ പേരും പറഞ്ഞ് സ്വന്തം സ്ഥാപനങ്ങളെ ഉപയോഗിച്ച് ഇടതുപക്ഷനെതിരെ ജനവികാരം ഇളക്കിവിടുകയും തങ്ങളുടെ താല്പര്യങ്ങൾക്ക് ഇണങ്ങുന്ന ഒരു സർക്കാരിന്റെ രൂപീകരണത്തിന് ആവുന്നതൊക്കെ ചെയ്യുകയും ചെയ്തിട്ട് അങ്ങനെ വന്ന ഒരു സർക്കാരിന്റെ നിലപാടുകൾ പോലും അംഗീകരിക്കാതിരിക്കുക വഴി അവരുടെ യഥാർത്ഥ കച്ചവടമുഖമാണ് വെളിവാക്കുന്നത്.

തങ്ങളുടെ
സാമ്പത്തിക നേട്ടങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടുകൾ സ്വീകരിച്ചാൽ എൽ.ഡി.എഫായാലും യു.ഡി.എഫ് ആയാലും അംഗീകരിക്കില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. മാത്രവുമല്ല അവർ ശക്തമായി സർക്കാരിനെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയുമാണ്. വെല്ലുവിളി വെല്ലുവിളിയായി തന്നെ നേരിടണം. അതിന് ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതാണ്.

Saturday, July 2, 2011

ബ്ലോഗ് സെന്റർ ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം കോവളത്ത് ബൂലോകം ഓൺലെയിൻ ബ്ലോഗ് സെന്റർ ഉദ്ഘാടന ചടങ്ങിൽനിന്നും ഏതാനും ചിത്രങ്ങൾ; ഒപ്പം വാർത്തയും വിവരണവും !
ചിത്രങ്ങളിൽ നിരക്ഷരൻ (മനോജ് രവീന്ദ്രൻ), ജോ (കെ.ജെ.ജോഹർ), ജെയിംസ് സണ്ണി പാറ്റൂർ, കോവളം സുനിൽ കുമാർ, ..സജിം തട്ടത്തുമല, തബാറക്ക് റഹ്മാൻ, സുജ വയൽപൂവുകൾ, ഫ്രാങ്കേ ഫെറേറ (വിദേശി സുഹൃത്ത്), ഗീതാ മനോജ്, മിസിസ് സുനിൽ, സുനിലിന്റെ മകൾ തുടങ്ങിയവരെ ചിത്രങ്ങളിൽ കാണാം.

ബ്ലോഗ് സെന്റർ ഉദ്ഘാടനം ചെയ്തു

അങ്ങനെ ബൂലോകത്തിന് ഒരു ആസ്ഥനമന്ദിരം എന്നലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടുന്നു. . തിരുവനന്തപുരത്ത് ബ്ലോഗ് സെന്ററിനു തുടക്കമായി.കോവളം ജംഗ്ഷനിൽ ബീച്ച് റോഡിനു സമീപമുള്ള കാനറാ ബാങ്ക് ബ്യിൽഡിംഗിൽ ജംഗ്ഷൻ ആർട്ട് കഫേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബ്ലോഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം 2011 ജൂലായ് 1ന് വൈകുന്നേരം ആറുമണിയോടെ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത ബ്ലോഗ്ഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ) നില വിളക്കു കൊളുത്തി നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം ചുരുക്കം വാക്കുകളിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. ചടങ്ങിൽ നമ്മുടെ ബൂലോകം സാരഥി ജോ, ജെയിംസ് സണ്ണി പാറ്റൂർ,..സജിം തട്ടത്തുമല, തബാറക്ക് റഹ്മാൻ, സുജ, ജോർജു കുട്ടി, മിസിസ് മനോജ് രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. ലളിതവും പ്രൌഢ ഗംഭീരവുമായ ഉദ്ഘാടന ചടങ്ങ് ബൂലോകത്തിന്റെ ചരിത്രത്തിൽ പുതിയൊരദ്ധ്യായമായി.

അനുബന്ധക്കുറിപ്പ്

അങ്ങനെ ബൂലോകത്തിന് ഒരു ആസ്ഥാനം എന്ന സ്വപ്നസാക്ഷാൽകാരത്തിലേയ്ക്ക് നാം ചുവട് വച്ചു കഴിഞ്ഞു. ഏതൊരു ചരിത്ര സംഭവത്തിനും ഒരു നിമിത്തമുണ്ടാകണം. എന്തെങ്കിലും, ആരെങ്കിലും ഒരു നിമിത്തമാകണം. അങ്ങനെയാണ് ചരിത്രമുണ്ടാകുന്നത്. ഇവിടെ ബൂലോകം ഓൺലെയിൻ ഒരു നിമിത്തമാകുകയാണ്. നമ്മുടെ ബൂലോകം വെബ് പോർട്ടലും നിമിത്തത്തിന്റെ ഭാഗമായപ്പോൾ ബൂലോകത്ത് അതൊരു വഴിത്തിരിവായി. നിമിത്തമൊരു ചരിത്രമായി! ഇനി ഒരു ചരിത്രം കൂടി ബൂലോകത്തിന്റെ തുടർന്നുള്ള സജീവചലനങ്ങൾക്ക് ഒരു നിമിത്തമാകും. എഴുത്തും വായനയുമായി ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സ്വയം പ്രസാധകരായ ബൂലോകർക്ക്, അവരുടെ കൂട്ടായ്മകൾക്ക് അഭിമാനിക്കാവുന്ന ഒരു നിമിഷം!

ബൂലോകം ഇന്നെത്തി നിൽക്കുന്ന വളർച്ചയും വികാസവും വച്ച് നോക്കുമ്പോൾ ഒരു ചെറിയ മുറിയിൽ ആരംഭിക്കുന്ന ആസ്ഥാന പ്രവർത്തനം കുറച്ചൊക്കെ അപര്യാപ്തമാണ്. എന്നിരിക്കിലും ഇത്തരം ഒരു സംരഭത്തിന് ഇന്നത്തെ നിലയ്ക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ ഇത്രയെങ്കിലും ചെയ്തു് ഒരു നല്ല തുടക്കമിടാൻ കഴിയുന്നത് ചെറിയ കാര്യമല്ല. ഒന്നും ചെയ്യാതിരിക്കുന്നതും എന്തെങ്കിലും ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നമ്മുടെ ആസ്ഥാന മന്ദിരത്തിൽ അത്യാവശ്യം മുപ്പതോളം പേർക്ക് കൂടിയിരിക്കാനുള്ള സൌകര്യം ഇപ്പോൾ തന്നെ ഉണ്ട്.

വളരെ വിശാലവും സുസംഘടിതമായ ഒരു ഓഫീസ് പ്രവർത്തവവും മറ്റും ലക്ഷ്യം വച്ചാണ് ബൂലോകം ഓൺലെയിൻ ചുവട് വച്ചത്. ലക്ഷ്യത്തിലേയ്ക്കു തന്നെ ഇനിയും സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ കോവളത്തെ ആസ്ഥാനം ഭാവിയിലേയ്ക്കുള്ള ഉറച്ചതും പ്രതീകാത്മകവുമായ ഒരു കാൽ വയ്പാണ്. നമ്മുടെ പുതിയ ഓഫീസിൽ അത്യാവശ്യം കുറച്ചുപേർക്ക് കൂടാനും ഇരിക്കാനും ഉള്ള സൌകര്യങ്ങൾ ഉണ്ട്. ബ്ലോഗിന്റെ ആസ്ഥാനം എന്ന നിലയ്ക്കും അത്യാവശ്യം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഒരു കൂടിയാലോചാനാ മുറി എന്ന നിലയ്ക്കും അത്യാ‍വശ്യം ലൈബ്രറി, ഇന്റെർനെറ്റ് സൌകര്യം, ബ്ലോഗ് ലിറ്ററസി സൌകര്യങ്ങൾ, പ്രദർശനങ്ങൾ, കളക്ഷൻസ്, വിസിറ്റേഴ്സ് ഡയറി തുടങ്ങിയവ ഒക്കെ സജ്ജീകരിക്കുന്നുണ്ട്; ഉള്ള സൌകര്യത്തിൽ പരമാവധി സജ്ജീകരണങ്ങൾ! ഭാവിയിൽ ഇത് വികസിപ്പിച്ച് നമ്മുടെ കുറച്ചുകൂടി വലിയ സ്വപ്നങ്ങളിലേയ്ക്ക് ചുവടുവയ്ക്കാൻ കഴിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം; ബൂലോകർ ഇത് ഗൌരവമായി കണക്കാക്കുന്നപക്ഷം!

ഇങ്ങനെ ഒരു ഓഫീസിന്റെ റിസ്ക് ബൂലോകം ഓൺലെയിൻ ഏറ്റെടുക്കുന്നതതും നമ്മുടെ ബൂലോകം ഡോട്ട് കോമും ബ്ലോഗ്ഗർമാരും ഇതിനോട് സർവ്വാത്മനാ സഹകരിക്കുന്നതും ബൂലോകത്തോടുള്ള താല്പര്യവും കടപ്പാടും കൊണ്ടുതന്നെയാണ്. ബ്ലോഗ്ഗർമാരുടെ ഒരു കൂട്ടിടമായ ബൂലോകം ഓൺലെയിൻ ബൂലോകത്ത് ഇങ്ങനെ എന്തെങ്കിലും ചില ചലനങ്ങൾ ഉണ്ടാക്കാൻ മുൻ കൈ എടുക്കുന്നത് ഒരു നിയോഗമായി കാണുകയാണ്. ഒരു നല്ല തുടക്കം, ഒരു നല്ല മാതൃക ആരിലെങ്കിലും കൂടി സംഭവിക്കേണ്ടതാണല്ലോ. അതേ! ബൂലോകത്തിന് ഒരു ആസ്ഥാനം ഉണ്ടാക്കുക എന്നത് ബൂലോകം ഓൺലെയിൻ, നമ്മുടെ ബൂലോകം എന്നിവ ഒരു നിയോഗമായി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഇനി നമുക്ക് മെല്ലെ മെല്ലെ ഭാവികാര്യങ്ങൾ തീരുമാനിക്കാം.ബ്ലോഗ്ഗർമാർക്ക് പ്രചോദനവും പ്രോത്സാഹനവും ഏകുന്ന പ്രവർത്തനങ്ങൾക്ക് ഭാവിയിലും ബൂലോകം ഓൺലെയിൻ സദാ സന്നദ്ധമായിരിക്കും.

തിരുവനന്തപുരത്തെ അന്തർദ്ദേശീയ പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ ആദ്യത്തെ ബ്ലോഗ് സെന്റർ ഉണ്ടാകുന്നത് എന്തുകൊണ്ടും ഉചിതമാണ്. കേരളത്തിലങ്ങോളമുള്ള മലയാളികൾ ഒരു പ്രാവശ്യമെങ്കിലും തിരുവനന്തപുരത്ത് വരേണ്ടവരാണ്. തിരുവനന്തപുരത്തു വന്നാൽ ചിലരെങ്കിലും കോവളം ഒന്നു കാണാതെ പോകില്ല. കോവളത്ത് വരുന്നത് ബ്ലോഗ്ഗർമാർ ആരെങ്കിലും ആണെങ്കിൽ നമ്മുടെ ഓഫീസ് ഒന്നു സന്ദർശിക്കാതെ പോകുന്നതെങ്ങനേ? തീർച്ചയായും നമുക്ക് ഇവിടെ ഇനിമേൽ ഒരു ആസ്ഥാനവും ഒരു ഓഫീസുമുണ്ടെന്ന് അഭിമാനപൂർവ്വം പറയുകതന്നെ ചെയ്യാം.ബ്ലോഗിൽ നിന്നും പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ ഇവിടെ പ്രദർശനത്തിനും വില്പനയ്ക്കുമായി ഉദ്ഘാടന ദിവസം തന്നെ ശേഖരിക്കുകയും സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും കുറെ ബ്ലോഗ് കൃതികൾ ശേഖരിക്കാനുണ്ട്. ഇതുവരെ ബ്ലോഗിൽ ഇന്നും വന്ന പുസ്തകങ്ങളുടെ ഒരു ലിസ് തയാറാക്കിയിട്ടുള്ളതായി നിരക്ഷരൻ അറിയിച്ചിട്ടുമുണ്ട്. ഇനിയും നമുക്ക് ഭാവിയിൽ ചെയ്യാവുന്ന കാര്യങ്ങൾ സംബന്ധിച്ച അഭിപ്രായ നിർദ്ദേശങ്ങൾ ബൂലോകരിൽ നിന്നും പ്രതീക്ഷിക്കുന്നു.

കോവളത്ത് ഓഫീസ് പ്രവർത്തിക്കുന്നതിനാവശ്യമായ മുറിയും മറ്റ് സൌകര്യങ്ങളും നൽകിയ ഡോ. ജെയിംസ് ബ്രൈറ്റിന്റെ ഉത്തമ സുഹൃത്ത്ശ്രീ സുനിലിനോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയില്ല. കാലത്തിന്റെ സന്ദേശം വായിക്കാൻ കഴിയുന്ന സ്നേഹമയനും നിഷ്കളങ്കനായ ഒരു വ്യക്തിക്കു മാത്രമേ ഇങ്ങനെ ഒരു സംരഭത്തിനു വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ കഴിയു. സുനിൽ എന്ന വ്യക്തിയുടെ വിശാല ഹൃദയത്തിനു മുന്നിൽ നമ്മൾ തികഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുകയാണ്. അദ്ദേഹം ഒരു ബ്ലോഗ്ഗർ അല്ലെങ്കിൽ കൂടിയും ബൂലോകത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കിയിട്ടുണ്ട് എന്നു വ്യക്തം. തന്റെ സുഹൃത്ത് ഉൾപ്പെടുന്ന ബൂലോകരുടെ ഐഡിയകൾക്കുള്ള അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയാണ് നമുക്ക് ശ്രീ സുനിലിൽ നിന്നും ലഭിച്ചിട്ടുള്ളത്. ശ്രീ.സുനിലിന്റെ മികച്ച സംഘാടനം കൊണ്ടാണ് വളരെ പെട്ടെന്നുതന്നെ നമുക്ക് ബ്ലോഗ്സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുവാൻ കഴിയുന്നത്.

മഴകാരണം മൂന്നു മണിയ്ക്ക് എത്താനിരുന്ന എനിക്ക് നാലു മണിയ്ക്ക് മാത്രമേ അവിടെ എത്താൻ കഴിഞ്ഞുള്ളൂ. ഞാൻ ബസിലിരിക്കുമ്പോൾ തന്നെ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തെത്തിയ നമ്മുടെ ബൂലോകം സാരഥി ജോ എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ആഗമനം അറിയിച്ചു. ഞാൻ കോവളത്ത് എത്തുമ്പോൾ അല്പം മുമ്പ് അവിടെ എത്തിച്ചേർന്ന ജോയും ഒപ്പം വന്ന അദ്ദേഹത്തിന്റെ കസിനും ഉദ്ഘാടനച്ചടങ്ങിനാവശ്യമായ മുന്നൊരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒപ്പം ഉദ്ഘാടന വാർത്ത ഉടൻ പബ്ലിഷ് ചെയ്യാനുള്ള തിടുക്കത്തിലുമായി. അല്പ നിമിഷങ്ങൾക്കുള്ളിൽത്തന്നെ നിരക്ഷരൻ പത്നീ സമേതനായി വന്നിറങ്ങി. തുടർന്ന് തബാറക്ക് റഹ്മാൻ, ജെയിംസ് സണ്ണി പാറ്റൂർ, സംഭവം വായിച്ചറിഞ്ഞ് കോവളം സ്വദേശിയായ സുജാ ബ്ലോഗ്ഗർ തുടങ്ങിയവർ എത്തിച്ചേർന്നു. തൊഴില്പരമായ തിരക്കുമൂലം ഉദ്ഘാടനം കഴിഞ്ഞുമാത്രം എത്താൻ കഴിഞ്ഞ കെ.ജി.സൂരജും അനിൽ കുര്യാത്തിയും ഓഫീസ് സന്ദർശിച്ചു മടങ്ങി.

ബ്ലോഗ് സെന്റർ എന്ന സ്വപ്നസാഫല്യത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ബൂലോകരുടെ ക്രിയാത്മകായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സജീവമായ ചർച്ചകളും പ്രതീക്ഷിക്കുന്നു. ഇനിയുമിനിയും ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും, അതുവഴി വളരുന്ന ഊഷ്മളമയ സൌഹൃദബന്ധങ്ങളെ ഊട്ടിവളർത്താനും, ബൌദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്നതും സംവേദനക്ഷമവും പക്വമാർന്ന ജനാധിപത്യ ബോധം ഉൾക്കൊള്ളുന്നതുമായ ഒരു പൌരസമൂഹത്തിന്റെ സൃഷ്ടിയ്ക്കും പ്രതിജ്ഞാബദ്ധമായ മനസുമായി നവ മാധ്യമത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് ഒരുമിച്ച് യാത്രതുടരാം.

കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഈ ലിങ്ക് വഴി ചിത്രബ്ലോഗത്തിൽ എത്തുക. ചിത്രങ്ങളും വാർത്തകളും ബൂലോകം ഓൺലെയിൻ, നമ്മുടെ ബൂലോകം എന്നീ സൈറ്റുകളിലും കാണാം.