Saturday, December 31, 2011

സ്വബോധമുള്ളവർക്കെല്ലാം പുതുവത്സരാശംസകൾ!

പുതുവത്സരാശംസകൾ!

ഇപ്പോൾ സ്വബോധമുള്ളവർക്കെല്ലാം പുതുവത്സരാശംസകൾ; ഇപ്പോൾ സ്വബോധമില്ലാത്തവരും ബോധം തെളിയുമ്പോൾ ഈ ആശംസകൾ എടുത്തുകൊള്ളുക!

ഇപ്പോൾ കുപ്പി മുന്നിലുള്ളവർ അടുത്ത വർഷം മുതൽ മദ്യം തൊടില്ലെന്ന് കുപ്പിയിൽതൊട്ട് പ്രതിജ്ഞചെയ്യുക! ഇതിനകം ബോധം പോയവർ ബോധം തെളിയുമ്പോൾ ഈ പ്രതിജ്ഞ എടുക്കുക. ഇപ്പോഴും ബിവറേജസുകളുടെ ക്യൂകളിലും ബാറുകളിലുമുള്ളവർ ഇനി ഈ നാണക്കേടിന് പോകില്ലെന്നും പ്രതിജ്ഞയെടുക്കുക.

അല്ല, ഇനിയും കുടിച്ചേ പറ്റൂ എന്നു നിർബന്ധംതന്നെയുള്ളവർക്കെല്ലാം കുടിവത്സരാശംസകൾ ! അല്ലപിന്നെ!

Friday, December 16, 2011

ആതിരൻ

ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.

ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് സ്കൂൾത്തരം കുട്ടികളുമുണ്ട്. മൂത്തത് പെൺകുട്ടി എട്ടാംതരം സിമിയും ഇളയത് ആൺകുട്ടി ആറാംതരം ശ്യാമും. രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ മദ്യപ അസോസിയേഷനിൽ സജീവ അംഗത്വം ഉള്ള ആളുമാണ്. ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

ആതിരനെക്കുറിച്ച് പറയുമ്പോൾ മുടിയൻ-ആനി കുടുംബത്തെ ഇക്കഥയിൽ കൊണ്ടുവരാതിരിക്കാനാകില്ല. കാരണം രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. ആതിരൻ മുടിയൻ-ആനി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ട് ഏതാനും നാളുകളേ ആവുകയുള്ളൂ. അതിനു മുമ്പും അയാൾ വല്ലപ്പോഴും വന്നുപോയിരുന്നു. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ. സഹോദരൻ ആതിരൻ കൂടെ തങ്ങളുടെ കൂടിയതിനുശേഷം ആനിയ്ക്ക് പ്രത്യേകിച്ച് പണിയ്ക്കൊന്നും പോയില്ലെങ്കിലും കുടുംബം ഒരുവിധം നന്നായി നടന്നു പോകും എന്ന നിലയിലായി. മക്കളുടേ പഠനം, വസ്ത്രം ഒക്കെ ആ‍തിരന്റെ ചെലവിലായി.

വേറെയൊരു ഗുണമുണ്ടായത് മദ്യപിച്ച് വീട്ടിലെത്തിയാൽ സ്ഥിരമായി ആനിയ്ക്ക് ഭർത്താവ് മുടിയൻജിയിൽ നിന്ന് ലഭിക്കുന്ന കുറെ അടിയിടികളും തൊഴികളും കുറഞ്ഞുകിട്ടി. സഹോദരന്റെ മുമ്പിലിട്ട് ഭാര്യയെ അടിക്കാൻ മുടിയന്റെ കൈ അത്രയെളുപ്പം പൊങ്ങുമായിരുന്നില്ല. ആതിരൻ തങ്ങളോടൊപ്പം വന്നുകൂടിയത് സ്വന്തം പെങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടിയാണോ എന്നൊരു സംശയം മുടിയനുണ്ടായിരുന്നെങ്കിലും അയാൾക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെയൊരു ദോഷഫലം എന്തായിരുന്നുവെന്നു ചോദിച്ചാൽ ആതിരന്റെ സഹായം കൂടി ഉള്ളതുകൊണ്ട് മുടിയന് വീട്ടുചെലവു ചെയ്യുന്നതിൽ നല്ല ഇളവ് ലഭിക്കുകയും, അയാൾ മദ്യപശ്രീപട്ടത്തിനും മദ്യപാനി അസോസിയേഷന്റെ പോളിറ്റ് ബ്യൂറോ അംഗത്വത്തിനും വേണ്ടി വന്നാൽ അഖിലേന്ത്യാ സെക്രട്ടറിവരെ ആകാൻ വരെ യോഗ്യനായി എന്നത് മാത്രമാണ്.

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും ഏറെക്കുറെ പ്രശസ്തനായി. എന്തുപണിയും ചെയ്യാനുള്ള സന്നദ്ധതമാത്രമല്ല, ചില പണികളിൽ ആതിരനെ വെല്ലാൻ അധികമാരും ഈ പ്രദേശത്ത് ഇല്ലാത്തതു കൂടിയാണ് ആതിരനെ സ്ഥലത്തെ പ്രധാനിയും പ്രശസ്തനുമാക്കിയത്. പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. എന്നാൽ എല്ലാവരും ഇത്തരത്തിൽ ഏതെങ്കിലുമൊരു ജോലിയിൽ പ്രത്യേക വൈദഗ്ദ്ധ്യവും താല്പര്യവും കാണിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആതിരൻ ജലസംബന്ധമായ ജോലികളിലായിരുന്നു എക്സ്പെർട്ട്. പ്രത്യേകിച്ചും കിണറുകൾ ഇറയ്ക്കുന്നകാര്യത്തിൽ.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. ഇറങ്ങാൻ ഒരു തൊടിപോലും ഇല്ലാത്ത കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. എത്രവെള്ളം നിറഞ്ഞു കിടന്നാലും അയാൾക്കതൊരു പ്രശ്നമേ അല്ല. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. ഇപ്പോഴും അയാളുടെ അച്ഛനമ്മമാർ അവിടെ പുഴയോരത്തുതന്നെയാണ്. അതുകൊണ്ടുതന്നെ നീന്തലിൽ അഗ്രഗണ്യനാണ്. തട്ടത്തുമലയിൽ നീന്താനറിയാവുന്നവർ വളരെക്കുറവാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ. കൂടെ ഒരു കയ്യാളുംകൂടി ഉണ്ടായാൽ പണി എളുപ്പം.

ഉണക്കു സീസണാകുമ്പോൾ എല്ലാവരും സാധാരണ കിണറുകൾ ഇറയ്ക്കാറുണ്ട്. ആ സീസണിൽപിന്നെ ആതിരന് കിണർ ഇറപ്പല്ലാതെ മറ്റ് പണികൾ ഒന്നുമില്ല. നല്ല കാശും കിട്ടും. ആതിരൻ ഉള്ളതുകൊണ്ടു മാത്രം ഇടയ്ക്കിടെ കിണർ ഒന്ന് വൃത്തിയാക്കിക്കളയാം എന്നു വിചാരിക്കുന്നവർകൂടി നട്ടിൽ ഉണ്ടായി. കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഇവിടത്തെ മറ്റ് കിണറിറപ്പുകാർക്ക് നീന്തൽ അത്ര വശമില്ലാത്തതുകൊണ്ട് വളരെ സൂക്ഷിച്ചേ കിണറ്റിലിറങ്ങാൻ സാധിക്കുകയുള്ളൂ. ആതിരന് വെള്ളത്തിൽ മുങ്ങി ചത്തുപോകുമെന്ന് ഭയപ്പെടേണ്ടതില്ല.കാരണം നീന്താനറിയാമല്ലോ!

ഇതിലൊക്കെ വച്ച് വലിയൊരദ്ഭുതം ഉള്ളത് എന്താണെന്നു വച്ചാൽ അല്പം വിസ്താരമുള്ളതും വെള്ളം നിറഞ്ഞു കിടക്കുന്നതുമായ കിണറാണെങ്കിൽ ഒന്നോ രണ്ടോ തൊടിയിറങ്ങിയിട്ട് ആതിരൻ വെള്ളത്തിലേയ്ക്ക് എടുത്തൊരു ചാട്ടമാണ്! നീന്തലും നിലവെള്ളം ചവിട്ടുമൊക്കെ വശമുള്ള ആതിരന് അതൊക്കെ ഒരു തമാശപോലെയാണ്. ആതിരൻ കിണറ്റിൽ ചെന്നു വീഴുന്നതും താഴ്ന്നു പോയിട്ട് പൊങ്ങിവന്ന് നിലവെള്ളം ചവിട്ടി നിൽക്കുന്നതും കിണറ്റിൽ ഇറങ്ങിയ ലക്ഷ്യം പൂർത്തീകരിച്ച് അനായാസേന കയറി വരുന്നതുമൊക്കെ ശ്വസമടക്കിപ്പിടിച്ചാണ് കരയിൽ നിന്ന് എത്തി നോക്കുന്നവർ കണ്ടുനിൽക്കാറുള്ളത്. പ്ലംബിങ്ങു പണിക്കാരും പലപ്പോഴും ആതിരന്റെ ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.

ആതിരൻ കിണർ ഇറയ്ക്കാൻ പോകുന്നിടത്തൊക്കെ കരയ്ക്കു നിന്നുള്ള ജോലികൾ ചെയ്യാൻ ഒരാളെകൂടി കൂട്ടിനു കൂട്ടാറുണ്ട്. ചിലപ്പോൾ അത് അളിയൻ മുടിയൻകുടിയനുമാകാം. വെള്ളവും അഴുക്കുമൊക്കെ വലിച്ചു കയറ്റുന്നത് സഹായിയുടെ ചുമതലയാണ്. വല്ല പാമ്പ് വർഗമോ വെള്ളത്തിൽ വീണതെടുക്കാനാണെങ്കിൽ, അവ ചത്തിട്ടില്ലെങ്കിൽ പോലും അവയെ കയ്യിലെടുത്ത് ഒന്നു ദേഹ പരിശോധനയൊക്കെ നടത്തി തഴുകിയും തലോടിയും താലോലിച്ചിട്ടൊക്കെയായിരിക്കും തൊട്ടിയിലോ കുട്ടയിലോ വച്ചുകെട്ടി മുകളിലേയ്ക്ക് വിടുക. പാമ്പ് പിടിത്തം തന്റെ തൊഴിലൊന്നുമല്ലെങ്കിലും കിണറ്റിൽ വീണു കിടക്കുന്നത് മൂർഖനാണെങ്കിലും ആതിരൻ കൈകൊണ്ടെടുക്കും. കീണറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമുള്ളതുകൊണ്ട് കിണറ്റിൽ അകപ്പെടുന്ന ജീവികളൊന്നും ഉപദ്രവിക്കില്ലെന്ന അന്ധ വിശ്വാസം ആതിരൻ ഒരു വിശ്വാസമായി കൊണ്ടു നടക്കുന്നത്, മറിച്ചൊരു തിക്താനുഭവം അത്തരം ജീവികളിൽനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാകാം.

കിണറിറപ്പ് കഴിഞ്ഞാൽ ആതിരന്റെ മറ്റൊരു വൈദഗ്ദ്ധ്യം മരം കയറ്റമാണ്. വല്ല ചക്കയോ മാങ്ങയോ തേങ്ങയോ അടർത്തണമെങ്കിലും ആതിരന്റെ കാൾഷീറ്റിനുവേണ്ടി ആളുകൾ കാത്തു നിന്നു. എത്ര കനവും ഉയരവുമുള്ള മരമാണെങ്കിലും അണ്ണാനെ പോലെ അയാൾ കയറിപ്പോകും. നല്ല കനവും അനേകം ശഖോപശാഖകളുമുള്ള മരമാണെങ്കിൽ ആ മരം അയാൾക്ക് ഒരു കളിസ്ഥലം പോലെയാണ്. എങ്കിലും മരം കയറാനും പ്രത്യേകിച്ച് തെങ്ങുകയറാനും ആളെക്കിട്ടാനില്ലാത്ത ഈ കാലത്തും എന്തുകൊണ്ടോ മരം കയറ്റം, തെങ്ങുകയറ്റം എന്നിവ ഒരു സ്ഥിരം ജോലിയായി അയാൾ സ്വീകരിച്ചിരുന്നില്ല. എല്ലാറ്റിന്റെയു കുത്തക ഏറ്റെടുക്കുന്നതിലുള്ള വൈമുഖ്യമാണോ അഭിരുചിയുടെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും അത്യാവശ്യത്തിന് ഒന്നോരണ്ടോ തേങ്ങയിടണമെന്നു പറഞ്ഞാൽ അത് ഒരു സഹായം എന്ന നിലയ്ക്കുതന്നെ ആതിരൻ ചെയ്തുകൊടുത്തിരിക്കുന്നു. അതിനു വല്ല കൂലിയോ കൊടുത്താൽ ഓ, ഇതിലൊക്കെ കൂലിവാങ്ങാനെന്തിരിക്കുന്നു എന്ന ഭാവമാണ്. എന്തായാലും ഒരു ദിവസം പോലും എന്തെങ്കിലും ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുകൂടേണ്ട സ്ഥിതി ഒരിക്കലും ആതിരനുണ്ടാകാറില്ല.

മറ്റൊരു പ്രശസ്തി കൂടി ആതിരനുണ്ട്. അതായത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല പേരാണ്. വല്ല കുളത്തിലോ പുഴയിലോ മറ്റോനിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്. പോലീസുകാരുടെയൊക്കെ വീടുകളിൽ പലജോലികൾക്കും ആതിരൻ പോകാറുണ്ട്. ആതിരന് പോലീസിൽ ഉള്ള പിടിപാട് പക്ഷെ ഇന്നാട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു. അത് അറിയാനിടയായത് ഒരു അപകടം ഈ നാട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. പരിസരവാസികളുടെ കിണറ്റിലും കുളത്തിലുമൊക്കെ വെള്ളമുള്ളപ്പോൾ അത് പലവിധത്തിൽ മലിനമായി കാടും പടലും പായലും പിടിച്ച് കിടക്കും.

അങ്ങനെ ഈ പായൽച്ചിറ (അങ്ങനെയാണ് ഈ കുളം അറിയപ്പെടുന്നത്) കാടും പടലും പായലും പിടിച്ചു കിടക്കുമ്പോൾ ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. നീളൻ കമ്പൊക്കെ എടുത്ത് ആഴമൊക്കെ നോക്കി കയറോ വടമോ കൊണ്ടു വന്ന് കുളത്തിനക്കരേയ്ക്ക് എറിഞ്ഞ് അക്കരെയിക്കരെ നിന്ന് വടം പിടിച്ച് അതിൽ തൂങ്ങി ഇറങ്ങാനുള്ള പദ്ധതി ആലോച്ചിച്ച് ആരോ വലിയ വടത്തിനായി പ്രദേശത്തെ തടിക്കണ്ട്രാക്കിന്റെ വീട്ടിലേയ്ക്കോടി. ചിലർ സമീപത്തെ കിണറിനെ ലക്ഷ്യമാക്കിയും ഓടി. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.

ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. തൊട്ടടുത്താണ് അവർ താമസിക്കുന്ന മറവക്കുഴിക്കോളനി. ആതിരൻ വന്ന് ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്. കുട്ടിയ്ക്ക് കമ്പിൽ പിടി കിട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു. അവിടെ കൂടിയവരിൽ ചിലർക്കൊക്കെ കണ്ടു പരിചയമുണ്ടെന്നേയുള്ളൂ. ചിലരുടെ വീടുകളിൽ പണിയ്ക്കും ചെന്നിട്ടുണ്ട്. എങ്കിലും അവിടെ കൂടിയ എല്ലാവർക്കും നല്ല പരിചയമില്ല. എന്നാൽ നാട്ടിൽ ആതിരൻ ഇതിനകം ഏറെക്കുറെ പ്രശസ്തനായിക്കഴിഞ്ഞതുമായിരുന്നു. അറിയാൻ ചിലതൊക്കെ ബാക്കിവച്ചുകൊണ്ടാണെങ്കിലും!


കുളത്തിൻ കരയിൽ എത്തിയുടൻ ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടിഅപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ആനിയുടെ പ്രഥമിക ശുശ്രൂഷയിൽ മിനിക്കുട്ടിയ്ക്ക് ബോധം വന്നു. പുഴക്കരയിൽ ജനിച്ചു വളർന്ന ആനിയ്ക്കറിയാം വെള്ളം വയറ്റിൽ നിറഞ്ഞ കുട്ടിയെ എന്തൊക്കെ ചെയ്യണമെന്ന്. രണ്ട് വനിതാപോലീസുകാരികളും കുട്ടിയുടെ അമ്മയും ആനിയ്ക്കൊപ്പം കുട്ടിയെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു. ബോധക്ഷയവുമില്ല. അതും അദ്ഭുതംതന്നെ. അരമണിക്കൂറെങ്കിലും കുളത്തിലകപ്പെട്ടു കിടന്നതാണ് . ഉടൻ തന്നെ ഒരു വനിതാ പോലീസുകാരി കുട്ടിയെ പിടിച്ചു വാങ്ങി ജീപ്പ് ഡ്രൈവറെയും കൂട്ടി ജീപ്പ് കിടക്കുന്ന സ്ഥലത്തേയ്ക്ക് ഓടി. കൂടെ മറ്റേ വനിതാ പോലീസും. അവർ കുട്ടിയെയും ബന്ധുക്കളെയും കൂടെ വേഗം വിളിച്ചു കയറ്റി ആശുപത്രിയിലേയ്ക്ക് പോയി. വയറ്റിൽ വെള്ളം കയറിയതാണ്. അതും മലിന ജലം.

എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും അപ്പോൾ ജീപ്പിൽ കയറി പോയില്ല. അല്പസമയത്തെ കുശല പ്രശ്നങ്ങൾക്കും, ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം എസ്.ഐ യും മറ്റ് മൂന്ന് പോലീസുകാരും മറ്റൊരു കാറിൽ കയറി പോകുകയായിരുന്നു. പോകുമ്പോൾ എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

കാറിൽ കയറാൻ നേരം എസ്.ഐയും പോലീസുകാരും ആതിരന്റെ വയറ്റിൽ ആ വെള്ളമെങ്ങാനും കയറിയെങ്കിൽ ആശുപത്രിയിൽ പോകാൻ ക്ഷണിച്ചു. എന്നാൽ അതൊന്നും സാരമില്ലെന്നും ഇനി നല്ലവെള്ളത്തിൽ പോയൊന്നു സോപ്പിട്ടുകുളിച്ചാൽ മതിയെന്നും പറഞ്ഞ് ആതിരൻ ഒഴിഞ്ഞു. താനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്ന ഭാവം!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി. പൊതുവേ അധികം സംസാരിക്കാത്ത ആതിരൻ ഇതൊന്നും ആരോടും കൊട്ടിഘോഷിച്ചു നടന്നിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിക്കൂ. ആരെക്കണ്ടാലും ഒരു നിർമ്മലമായ ചിരി പാസ്സാക്കും. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയും. അത്രതന്നെ. സംസാരത്തിലല്ല, പ്രവൃത്തിയിലാണ് ആതിരന് കൂടുതൽ താല്പര്യം.

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. എന്നാൽ ആശുപതിയിൽ നിരീക്ഷണത്തിൽ കിടന്നിരുന്ന മിനിക്കുട്ടിയ്ക്ക് ചില പലഹാരങ്ങളും മറ്റും ആതിരൻ വാങ്ങിക്കൊണ്ടുക്കൊടുക്കുകയും ചെയ്തു. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു. തൂങ്ങി മരിച്ച ജഡങ്ങൾ അഴിച്ചിറക്കുന്നതിനും വെള്ളത്തിൽ വീണ ചീഞ്ഞു നാറിയ ശവങ്ങൾ പുറത്തെടുക്കുന്നതിലും രണ്ട് താലൂക്ക് പ്രദേശത്തെ പോലീസ്സ്റ്റേഷനുകൾക്ക് ആതിരന്റെ സേവനം തുടർന്നും ലഭിച്ചുകൊണ്ടിരുന്നു. ഒരു പോലീസുകാരനു നൽകുന്ന പരിഗണന പോലും പലരിൽ നിന്നും ആതിരനു ലഭിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പെർമനന്റ് അല്ലാത്ത,യൂണിഫോമില്ലാത്ത ഒരു ജീവനക്കാരനെ പോലെയും ആതിരൻ ജീവിച്ചു പോന്നു.

സാധാരണ ഇത്തരം ജോലികളൊക്കെ ചെയ്യുന്നവർ മദ്യത്തിന്റെ അടിമകളായിരിക്കും. എന്നാൽ ആതിരൻ ഒരു മദ്യാസക്തനായിരുന്നില്ല. വല്ലപോലീസുകാരോ കൂട്ടുകാരോ വിളിച്ച് വല്ലപ്പോഴും ഒരു പെഗ്ഗ് കൊടുത്താൽ കുടിക്കും. മര്യാദയ്ക്ക് വീട്ടിൽ പോകും. ആരും അത് അറിയുകയുമില്ല. പലപ്പോഴും അടുത്ത പരിസരങ്ങളിൽ എന്തെങ്കിലും അപകടം നടക്കുമ്പോൾ പാഞ്ഞുവരുന്ന ഫയർ ഫോഴ്സുകാർ ആതിരൻ കാരണം ഒന്നും ചെയ്യേണ്ടതില്ലാതെ മടങ്ങിയ ചരിത്രമുണ്ട്. കാരണം രക്ഷാ പ്രവർത്തനം അതിനകം ആതിരൻ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത. ഒരു എക്സിസ്റ്റിംഗ് പഞ്ചായത്ത് പ്രസിഡന്റിനു ദുർമരണം സംഭവിച്ചാലെന്നതുപോലെയുള്ള ഒരാൾകൂട്ടമായിരുന്നു പിന്നെ തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ നാട്ടിലെ മറ്റ് ക്രമസമാധാന പ്രശ്നങ്ങളൊക്കെ വിസ്മരിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എസ്.ഐ.യും പോലീസുകാരെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു. പിടിച്ചു നിൽക്കാനാകാതെ സർക്കിൾ ഇൻസ്പെക്ടർതന്നെ കരച്ചിലടക്കാൻ കഴിയാതെ കൂടെവന്ന ഒരു പോലീസുകാരന്റെ തോളിൽ ചാരി വിതുമ്പി നിന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ ആതിരന്റെ വീട്ടിനടുത്തുള്ള പുറമൺകര പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോഴാണ് ആതിരൻ ആദ്യമായി പോലീസ് ഡിപാർട്ട്മെന്റിന്റെ സഹായിയായി എത്തുന്നത്. അത് പുഴയിൽ കുളിയ്ക്കാനിറങ്ങി കാണാതായ ഒരു യുവാവിന്റെ അഴുകിയ ശവം തപ്പിയെടുത്തുകൊണ്ടായിരുന്നു.

ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും ഒക്കെ നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ മരണത്തെ പറ്റി കൂടുതൽ അന്വേഷിക്കുവാനും തീരുമാനമുണ്ടായി. അന്വേഷണത്തിന്റെ ഫലമെന്തായാലും നാട്ടുകാർക്ക് ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു. ദളിതനും കൂലിവേലക്കാരനുമായ ഒരു സാധാരണ മനുഷ്യന് ഇതുപോലെ ഒരു നാടിന്റെ മുഴുവൻ ശ്രദ്ധാഞ്ജലി കിട്ടുന്ന ഒരു സംഭവം ഇവിടെ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വൻപോലീസ് സംഘവും നിരവധി വാഹനങ്ങളിൽ നാട്ടുകാരും അനുഗമിച്ചു. ആതിരന്റെ നാട്ടിലും വൻ ജലാവലി കാത്തു നിന്നിരുന്നു. രാത്രിയോടെ തന്നെ ശവസംസ്കാര കർമ്മങ്ങൾ നടന്നു. അങ്ങനെ ആതിരൻ എല്ലാവർക്കും ഒരോർമ്മയായി.

ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ദു:ശീലങ്ങൾ ഒന്നുമില്ലാതിരുന്ന, അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നവനും അരോഗ ദൃഢഗാത്രനുമായിരുന്ന ചെറുപ്പക്കാരനായ ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്? അല്ലെങ്കിൽ എങ്ങനെയാണു അത് സംഭവിച്ചത്? എന്താണ് മരണ കാരണം? വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും ആതിരന്റെ മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!

Tuesday, December 6, 2011

സോഷ്യൽ നെറ്റ്വർക്കുകൾക്ക് നിയന്ത്രണം വരുന്നെന്ന്!

ഈ പോസ്റ്റിന്റെ ചുരുക്കം: ഏതാനും ചിലർ സോഷ്യൽ നെറ്റ്വർക്കുകളെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് സോഷ്യൽനെറ്റ്വർക്കുകൾക്ക് മുഴുവൻ നിയന്ത്രണമേർപ്പെടുത്തുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുംപോലെയാണ്. ഇത് ജനാധിപത്യ നിഷേധമാണ്. ഇതിനെതിരെ പ്രതികരിക്കുക, പ്രതിഷേധിക്കുക, പൊരുതുക!

സോഷ്യൽ നെറ്റ്വർക്കുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നുപോലും!

സോഷ്യൽ നെറ്റ്വർക്കിനു നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നുവത്രേ! കേന്ദ്രമന്ത്രി കപിൽ സിപലാണ് പ്രഖ്യാപനവുമായി വന്നിരിക്കുന്നത്. നിയന്ത്രണമെന്നു പറഞ്ഞാൽ വെറും നിയന്ത്രണമൊന്നുമല്ല; നിരോധനം തന്നെയാകും ഉദ്ദേശിക്കുക. ഭരണകൂടം സൈബർ ലോകത്തെ ഭയന്നുതുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. പലലോകരാജ്യങ്ങളിലും സമീപകാലത്ത് പല ഭരണകൂടങ്ങളും അട്ടിമറിക്കപ്പെട്ടത് സോഷ്യൽനെറ്റ്വർക്കുകളിൽ കൂടിയാണെന്ന അനുഭവപാഠം കൂടിയാകാം ഇത്തരമൊരു നീക്കത്തിനുപിന്നിൽ. ഒപ്പം അണ്ണാഹസാരെയുടെ സമരത്തിന് സൈബർ ലോകത്ത് നിന്ന് ലഭിച്ച പ്രചോദനവും ഒരു കാരണമായിട്ടുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു.

ഉപയോഗവും ദുരുപയോഗവും എല്ലാ മേഖലകളിലുമുണ്ട്. വെട്ടുകത്തി തേങ്ങ പൊതിക്കാൻ മാത്രമല്ല, ആളുകളെ വെട്ടിക്കൊല്ലാനും ഉപയോഗിക്കാം. അതുകൊണ്ട് വെട്ടുകത്തിയും കറിയിരുമ്പും ഒക്കെ നിരോധിക്കുമോ? പത്ര മാധ്യമങ്ങൾക്കും ടി.വി ചാനലുകൾക്കും ഒക്കെ ഇതുപോലെ നിയന്ത്രണമേർപ്പെടുത്തുമോ? മൊബെയിൽ ഫോൺകൊണ്ട് ഉപയോഗങ്ങളും ദുരുപയോഗങ്ങളുമുണ്ട്. ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതുകൊണ്ട് മൊബെയിൽ ഫോൺ നിരോധിക്കുമോ? പണ്ട് സ്റ്റണ്ട് മാസിക പോലുള്ള അശ്ലീല മാസികകൾ പലതും ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനത്തതൊക്കെ ഉണ്ട്. അതുകൊണ്ട് അച്ചടി മാധ്യമങ്ങൾ മൊത്തമായും നിരോധിക്കുമോ?

ഇപ്പോൾ തന്നെ ഇന്റെർനെറ്റിൽ ധാരാളം അശ്ലീല സൈറ്റുകൾ ഉണ്ട്. അതൊന്നും ഇതുവരെ ആരും നിയന്ത്രിച്ചിട്ടില്ല. ഇന്റെർനെറ്റിൽ ഒന്നിനെയും നിയന്ത്രിക്കാൻ കഴിയുമെന്നും തോന്നുന്നില്ല. പിന്നെ ഇപ്പോൾ എന്താണ് ഇങ്ങനെയൊക്കെ തോന്നാൻ കാരണമെന്ന് എല്ലാവർക്കും ഊഹിക്കാം. ഭരണകൂടത്തിനും ഇവ ഭീഷണിയാകുന്നുണ്ട്. രാഷ്ട്രീയ നേതാക്കൾക്കും മത- സാമുദായിക നേതാക്കൾക്കും ഇവ ഭീഷണിയാകുന്നുണ്ട്. മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസപ്രചരണങ്ങൾക്കും ചൂഷണങ്ങൾക്കും സോഷ്യൽ നെറ്റ്വർക്കുകൾ ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ അന്ധവിശ്വാസങ്ങളും മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും സുഗമമായി നടത്താൻ അതുമായി ബന്ധപ്പെട്ടവർതന്നെ സൈബർലോകത്തെ ഉപയോഗിക്കുന്നുമുണ്ട്. !

രാഷ്ട്രീയ നേതാക്കളെയും മതനേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ വരുന്നതാണത്രേ ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായത്. ഏതാനും ചിലർ സോഷ്യൽ നെറ്റ്വർക്കുകളെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് സോഷ്യൽനെറ്റ്വർക്കുകൾക്ക് മുഴുവൻ നിയന്ത്രണമേർപ്പെടുത്തുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമല്ലേ? ആരാണോ വ്യക്തികളെ അപകീർത്തിപ്പേടുത്തുന്നത്, അഥവാ മറ്റെന്തെങ്കിലും തെറ്റുകൾ ചെയ്യുന്നത് അവർക്കെതിരെ നടപടിയെടുക്കാൻ ഇപ്പോൾത്തന്നെ നിയമങ്ങളുണ്ട്. അവ ആവശ്യമായ തരത്തിൽ പരിഷ്കരിച്ച് പ്രായോഗികമാക്കുക വഴി ദുരുപയോഗക്കാരെ മാത്രം ശിക്ഷിക്കാമല്ലോ. അതിനു മൊത്തം നിയന്ത്രണം, നിരോധനം എന്നൊക്കെ പറയുന്നത് ജനാധിപത്യാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമല്ലാതെ മറ്റൊന്നുമല്ല.

നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഏറ്റവുമധികം സഹായിക്കുന്ന മാധ്യമമാണ് ഇന്റെർനെറ്റും അതിന്റെ ഭാഗമായ സോഷ്യൽ നെറ്റ്വർക്കുകളും. ഏതൊരു സാധാരണ പൌരനും ഏതൊരു വിഷയത്തിലും തന്റെ പ്രതികരണം അറിയിക്കുവാൻ ഇവ സഹായിക്കുന്നു. അതുവഴി തനിക്കും രാജ്യത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നൊരു അഭിമാനം ഓരോ പൌരനുമുണ്ടാകും. താനും ലോകത്തോടും രാജ്യത്തോടും ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരാളെണെന്ന ബോധം ഓരോ പൌരനിലുമുണ്ടാകും. ഇത് പൌരന്റെ കടമകൾ സ്വയം അറിഞ്ഞ് നിർവ്വഹിക്കുന്നതിനുകൂടി പ്രചോദനമാകും. രാജ്യസ്നേഹമുണ്ടാക്കും. ജനാധിപത്യബോധമുണ്ടാക്കും. സോഷ്യൽ നെറ്റ്വർക്കുകളെയും സൈബർ ലോകത്തെയും ദുർബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനു തുല്യമാണ്. പൌരാവകാശ നിഷേധമാണ്. സോഷ്യൽ നെറ്റ്വർക്കുകളെ അന്യായമായി നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ സൈബർ ലോകം മറ്റ് താല്പര്യങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കണം.

ഇങ്ങണെ പോയാൽ ഇന്ത്യ ഒരു വലിയ ജനാധിപത്യരാജ്യമാണെന്ന് ഇനി അധികകാലം ആർക്കും ഊറ്റം കൊള്ളാനാകില്ല. പിന്നെ എന്തിന് ചൈനയെ പറയുന്നു? എങ്കിൽ പിന്നെ ഇവിടെയും ഇനി ചൈനയിലെ പോലെ ഏകകക്ഷി മേധാവിത്വം മതിയല്ലോ. കൊൺഗ്രസ്സ് മാത്രം മതി. പിന്നെ പ്രശ്നമില്ലല്ലോ. കോൺഗ്രസ്സിനെ എതിർക്കുന്നവരെ നാടുകടത്താം. ഇപ്പോൾ കോൺഗ്രസ്സ് ഗവർണ്മെന്റിന്റെ ഭാഗത്ത് നിന്നാണ് ജനാധിവത്യ വിരുദ്ധ നടപടി ഉണ്ടായിരിക്കുന്നത് എന്നതിനാൽ കോൺഗ്രസ്സിനെത്തന്നെയേ കുറ്റപ്പെടുത്താനാകൂ. അൺലിമിറ്റഡ് ജനാധിപത്യമുള്ള ദേശീയപാർട്ടി എന്നൊക്കെയുള്ള കോൺഗ്രസ്സിന്റെ അവകാശവാദം കോൺഗ്രസിനുള്ളിൽ തമ്മിലടിക്കാനുള്ള സ്വാതന്ത്ര്യം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നു സാരം.

പൌരാവകാശത്തെ അടിച്ചമർത്തുന്നതിനുപിന്നിലുമുണ്ട് ആഗോളവൽക്കരണ താല്പര്യം; ആരും പ്രതികരിക്കരുത് എന്ന താല്പര്യം. മുതലാളിത്തത്തിന് എങ്ങനെയും അരങ്ങ് വാഴാൻ വേണ്ടത് പ്രതികാരിക്കാത്ത ഒരു ഉപഭോക്തൃസമൂഹത്തെയാണ്. ശല്യമില്ലാത്ത ഒരു വിപണിയാണ് ബഹുരാഷ്ട്രകുത്തകകൾ ആവശ്യപ്പെടുന്നത്. പൌരാവകാശങ്ങളെ അടിച്ചമർത്തുക എന്ന മുതലാളിത്ത താല്പര്യം ഭരണകൂടത്തിന്റെ താല്പര്യമാകുന്നത്, മുതലാളിത്തവും ഭരണകൂടവും തമ്മിൽ വേർപെടുത്താനാകാത്ത പരസ്പരബന്ധം നിലനിൽക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.

ഇപ്പോൾ സൈബർ ലോകത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം വരാനിരിക്കുന്ന നിരവധി പൊരാവകാശ നിരാസങ്ങളിലേയ്ക്കുള്ള ഭരണകൂടത്തിന്റെ ചുവടു വയ്പായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് ഓരോരോ രോഗങ്ങളുടെ തുടക്കം. ആദ്യം തന്നെ ഫലപ്രദമായ ചികിത്സ നൽകിയില്ലെകിൽ പിന്നെ സ്ഥിതിഗതികൾ സങ്കീർണ്ണമാകും. പൌര സ്വാതന്ത്ര്യത്തിനുമേലുള്ള ഏതുതരം അന്യായമായ കടന്നുകയറ്റങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ നെറ്റ്വർക്കുകൾക്കുമേൽ നിയന്ത്രണമേർപ്പെടുത്താനുള്ള ദുരുദ്ദേശപരമായ കേന്ദ്രഗവർണ്മെന്റ്നീക്കത്തിനെതിരെ സൈബർ ലോകത്ത് നിന്നും അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം.

Friday, December 2, 2011

മുല്ലപ്പെരിയാറും പുതിയ ചില ഉൽക്കണ്ഠകളും

മുല്ലപ്പെരിയാറും പുതിയ ചില ഉൽക്കണ്ഠകളും

മുല്ലപ്പെരിയാറിൽ അപകടാവസ്ഥയൊന്നുമില്ലെന്ന് കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുന്നതും ഡാമിന്റെ സുരക്ഷയുമായി ബന്ധമൊന്നുമില്ലെന്നും മറ്റുമാണ് എ.ജി ഹൈക്കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നതത്രേ! ഇത് കേവലം ഒരു അഡ്വക്കേറ്റ് ജനറലിന്റെ മാത്രം അഭിപ്രായമായി കാണാൻ കഴിയില്ല. ഇതിനു പിന്നിൽ എന്തൊക്കെയോ പുകഞ്ഞു നീറുന്നുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി സ്വീകരിക്കുന്ന നിലപാട് പോലെയല്ല, കോടതിയ്ക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഒരു മൊഴി. മുല്ലപ്പെരിയാർ വിഷയത്തിൽ ഭാവിയിൽ ഹൈക്കൊടതിയും സുപ്രീം കോടതിയുമൊക്കെ പറഞ്ഞേക്കാവുന്ന സുപ്രധാന വിധികളെ പോലും സ്വാധീനിക്കാൻ പോകുന്നതാണ് ഈ സംസ്ഥാനത്തെ അഡ്വ. ജനറലിന്റെ ഈ നിലപാട്. ഇത് കേരളത്തിന്റെ താല്പര്യങ്ങൾക്ക് ഗുണകരമായിരിക്കില്ല.

അഡ്വ. ജനറൽ നിലവിലുള്ള സർക്കാരിന്റെ ഒരു വക്താവാണ്; സാങ്കേതികാർത്ഥത്തിൽ അങ്ങനെയല്ലെന്നു വാദിക്കാമെങ്കിലും. അതുകൊണ്ടുതന്നെഅഡ്വക്കേറ്റ് ജനറലിന്റെ സത്യവാങ് മൂലങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും മറ്റും ബന്ധപ്പെടുത്തി കേരളസർക്കാരിന്റെ നയവുമായി കാണാതിരിക്കാനാകില്ല. സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെ സർക്കാരിന് പുറമേ ഒരു നയം അകമേ മറ്റൊന്ന് എന്നതിന്റെ വെളിപ്പെടുത്തലാണിതെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ കുറ്റം പറയാനാകില്ല. മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ മാധ്യമ സൃഷ്ടിയാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. അപ്പോൾ മുല്ലപ്പെരിയാർ അപകടമുണ്ടാക്കാവുന്ന നിലായിലാണെന്ന് വിദഗ്ദ്ധന്മാർ പറഞ്ഞതൊന്നും മാധ്യമങ്ങൾ കാണാതിരിക്കണമായിരുന്നെന്നാണോ ഇതിന്റെ അർത്ഥം.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനതയുടെ താല്പര്യങ്ങളെയും നിലപാടുകളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ കേരളസംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നുതന്നെ ഉണ്ടാകുന്നു എന്നത് ലാഘവത്തോടെ കാണേണ്ടുന്ന ഒരു കാര്യമല്ല. മുല്ലപ്പെരിയാർ വിഷയത്തിൽ എന്തു നടക്കാൻ പോകുന്നുവെന്ന് ജനം ഉറ്റു നോക്കിക്കൊണ്ടിരിക്കവേ ഇത്തരമൊരു അഭിപ്രായ പ്രകടനം കോടതിയിൽ നടത്താൻ അഡ്വക്കേറ്റ് ജനറൽ ധൈര്യം കാണിച്ചതിൽ തന്നെ ചില അപകട സൂചനകൾ ഉണ്ട്. മുല്ലപ്പെരിയാറിൽ സംഭവിച്ചേക്കാമെന്ന് നാം ഭയപ്പെടുന്ന അപകടത്തേക്കാളും വലിയ അപകടങ്ങളായി നമ്മുടെ സർക്കാർ സംവിധാനങ്ങൾ മാറുന്നുവോ എന്ന ഉൽക്കണ്ഠ കൂടി നമ്മെ ബാധിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Thursday, December 1, 2011

മുല്ലപ്പെരിയാറും സി.പി.എം പോളിറ്റ് ബ്യൂറോയും

മുല്ലപ്പെരിയാറും സി.പി.എം പോളിറ്റ് ബ്യൂറോയും

മുൻകുറിപ്പ്: മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്നു പറഞ്ഞാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അത് പണിഞ്ഞുതീരുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് സി.പി.എം പോളിറ്റ്ബ്യൂറോ ഉദ്ദേശിക്കുന്നത്.

സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മുല്ലപ്പെരിയാർ വിഷയത്തിൽ എടുത്ത നിലപാട് മനോരമ ചാനൽ വിവാദമാക്കിയിരിക്കുന്നു. മനോരമയുടെ കണ്ണുകളിലൂടെ നോക്കിയാൽ സി.പി.എം ഏതുകാര്യത്തിൽ എന്ത് നിലപാടെടുത്താലും അതിനെ ദുർവ്യാഖ്യാനം ചെയ്യാം. ഏതൊരു വിഷയത്തിലും ഒരു ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയിൽ ദേശീയ താല്പര്യത്തിന് നിരക്കുന്ന നിലപാടുകളേ സ്വീകരിക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുനതിനു തമിഴ്നാടിന്റെ കൂടി സഹകരണം ആവശ്യമാണെന്നിരിക്കെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വികാരത്തിന്റെ ഭാഗമെന്ന് വ്യാഖ്യാനിക്കത്തക്ക ഒരു നിലപാട് സി.പീ.എം പോളിറ്റ് ബ്യൂറോ സ്വീകരിച്ചിട്ടില്ല എന്നേയുള്ളൂ. കാരണം ഇരുകൂട്ടർക്കും ഈ വിഷയത്തിൽ അവരുടേതായ ചില ന്യായവാദങ്ങൾ ഉണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു പ്രകോപനമുണ്ടാകുന്ന ഒരു നിലപാട് പരസ്യമായി സ്വീകരിക്കുവാൻ കഴിയില്ലാ എന്നത് ഒരു യാഥാർത്ഥ്യമാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും ഉൾപ്പെടുന്നതിനാൽ ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ടുമാത്രമേ പാർട്ടിയ്ക്ക് ഈ വിഷയത്തെ സമീപിക്കാൻ കഴിയൂ . തമിഴ്നാട്ടിൽ സി.പി.ഐ. എം അത്രവലിയ പാർട്ടിയൊന്നുമായിട്ടില്ലെങ്കിലും പാർട്ടിയുടെ തമിഴ്നാട് ഘടകത്തിന്റെയും തമിഴ്ജനതയുടെയും വികാരം പരിഗണിക്കാതിരിക്കാനുമാകില്ല. എന്നാൽ ആത്യന്തികമായി വിഷയത്തിനൊരു ന്യായാന്യായം ഉണ്ടാകണമല്ലോ. അതിലേയ്ക്ക് എത്തിച്ചേരാൻ വൈകുന്നത് ഉചിതമായിരിക്കില്ല. അതിനാണല്ലോ ഈ വിഷയത്തിൽ കേന്ദ്രസർക്കാരും സുപ്രീം കോടതിയും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്. സ്വാഭാവികമായും തമിഴ്നാട്ടിൽ അവിടുത്തെ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും അഭിപ്രായങ്ങളെ മാനിക്കാതെ അവിടുത്തെ പാർട്ടിയ്ക്ക് മുമ്പോട്ട് പോകാനാകില്ല. അതൊക്കെ അവരുടെ കാര്യം!

പോളിറ്റ് ബ്യൂറോയുടെ നിലപാട് കേരളത്തിൽ പുതിയൊരു ഡാം പണിയുന്നതിനെതിരല്ല. അഥവാ എതിരായാലും അത് ഇവിടുത്തെ പാർട്ടി ഘടകത്തിനു ബാധകമാകാനും പോകുന്നില്ല. ഇവിടുത്തെ ഘടകത്തിന് ഇവിടുത്തെ ജങ്ങളുടെ വികാരത്തിനൊപ്പമേ നിൽക്കാൻ കഴിയുകയുള്ളൂ. ഇത് വലിയൊരു പ്രത്യയശാസ്ത്രപ്രശ്നമൊന്നുമല്ല. വൈവിധ്യങ്ങളിൽ ഏകത്വം പുലരുന്ന ഒരു രാജ്യം എന്ന നിലയിൽ ദേശീയ പാർട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എല്ലാ സംസ്ഥാനങ്ങൾക്കും ബാധകവും സ്വീകാര്യവുമായ ഒരു നിലപാട് സ്വീകരിക്കുക എല്ലായ്പോഴും പ്രായോഗികമല്ല. ഇങ്ങനെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങളും ഉയർന്നുവരാം. അവയെ വ്യത്യസ്തമായിത്തന്നെ കാണണം. ഇത് കേരളത്തിലെ സി.പി.എം അംഗങ്ങളും അനുഭാവികളടക്കം കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെ ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. അത് ഒരുമിച്ചുനിന്ന് നേരിടാൻ തങ്ങൾ ഉൾപ്പെടുന്ന പ്രസ്ഥാനങ്ങളുടെ പൊതുവായ നിലപാടുകളോ നിസംഗതയോ ഒന്നും തടസ്സമാകില്ല. മുല്ലപ്പെരിയാർപോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒരു തടസ്സവും സി.പി.എമ്മിൽ നിന്നുണ്ടാകില്ല. സർക്കാരും കോടതിയുമൊക്കെ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ അംഗീകരിക്കുവാൻ സി.പി.എമ്മും ബാദ്ധ്യസ്ഥമാണ്.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവന്മരണ പോരാട്ടമാണ്. കേന്ദ്ര-സംസ്ഥാന ഗവർണ്മെന്റുകളോ, കോടതിയോ, സി.പി.എം അടക്കമുള്ള ഏതെങ്കിലും രാഷ്ട്രീയകക്ഷികളോ ആത്യന്തികമായി കേരളത്തിലെ ജനങ്ങളുടെ ജീവന്റെ നിലനില്പിന് അനുകൂലമല്ലാത്ത നടപടികൾ സ്വീകരിച്ചാൽ എന്തുചെയ്യണമെന്ന് ജിവഭയമുള്ള ജനങ്ങൾക്കറിയാം. ആ ജനങ്ങൾക്കിടയിൽ സി.പി.എമ്മുകാരും ഉണ്ടാകും. ഇത് അവരുടേയും കൂടി ജീവന്റെ പ്രശ്നമാണ്. പോളിറ്റ് ബ്യൂറോ പുതിയ ഡാം സംബന്ധിച്ച് തൽക്കാലം നിശബ്ദത പാലിക്കുന്നു എന്ന അരോപണത്തിൽ കഴമ്പൊന്നുമില്ല. പോളിറ്റ്ബ്യൂറോ ഇന്ന് പാസ്സാക്കിയ പ്രമേയത്തിലെ വരികളുടെ മുൻപിൻ ക്രമം നോക്കി കേരളത്തിന്റെ താല്പര്യത്തിനു പോളിറ്റ് ബ്യൂറോ പ്രാധാന്യം നൽകിയില്ലെന്ന് സമർത്ഥിക്കുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ഡാം നിർമ്മിക്കുന്ന കാര്യം അതിൽ സൂചിപ്പിക്കുന്നില്ലെന്നാണെങ്കിൽ, കേരളത്തിൽ പുതിയ ഡാം പണിയണമെന്ന കാര്യം പോളിറ്റ്ബ്യൂറോയുടെ പ്രമേയത്തിൽ എടുത്തുപറയേണ്ട ആവശ്യമില്ല. പുതിയ ഡാം പണിയാനുള്ള പാതയിലൂടെ കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയം മറന്ന് കൈകോർത്ത് മുന്നേറുകയാണെന്ന കാര്യം പോളിറ്റ് ബ്യുറോയ്ക്കും അറിയാം. തമിഴ്നാട്ടിൽ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങൾക്കുകം അറിയാം.

ഇക്കാര്യത്തിൽ സി.പി.ഐ.എം എന്നല്ല, ഏതെങ്കിലും ദേശീയ രാഷ്ട്രീയ കക്ഷികൾ ദേശീയതലത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനതാല്പര്യത്തിനു വിരുദ്ധമായാൽ അത് കേരളത്തിലെ ബന്ധപ്പെട്ട ഘടകങ്ങൾക്ക് പാലിക്കാൻ ബാദ്ധ്യതയില്ല. ഇത് അങ്ങനത്തെ ഒരു വിഷയമാണ്. അത് അറിഞ്ഞുകൊണ്ട് കേരളത്തിൽ പുതിയ ഡാം വേണ്ടെന്നൊരു നിലപാട് സ്വീകരിക്കാൻ മാത്രം വിവേകശൂബ്യരൊന്നുമല്ല സി.പി.എം പോളിറ്റ്ബ്യുറോ അംഗങ്ങൾ. ഇപ്പോൾ മുല്ലപ്പെരിയാർ ഡാം അപകടമില്ലാതെ സംരക്ഷിക്കണമെന്നു പറഞ്ഞാൽ പുതിയ ഡാം പണിയേണ്ടെന്നോ ഇപ്പോൾ ഉയർന്ന ജലനിരപ്പ് താഴ്ത്തണ്ടെന്നോ അതിനർത്ഥമുണ്ടെന്ന് വ്യഖ്യാനിച്ച് ചിന്താക്കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ല. മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രഗവർണ്മെന്റും സുപ്രീം കോടതിയും അടിയന്തിരമായി നടപടികൾ കൈക്കൊള്ളണമെന്നു പറഞ്ഞാൽ പുതിയ ഡാം നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നും, അതുവരെ നിലവിലുള്ള ഡാം സുരക്ഷിതമാക്കണമെന്നും, ഇപ്പോൾ ഉയർന്നിട്ടുള്ള ജലനിരപ്പ് താഴ്ത്തണമെന്നും ഒക്കെത്തന്നെയാണ് ഉദ്ദേശിക്കുന്നത്.

പിൻകുറിപ്പ്: മുല്ലപ്പെരിയാർ പ്രശ്നം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള കേവലം ഒരു നദീജലത്തർക്കമല്ല. ഒരു ഡാം തകർന്ന് കുറെ ആളുകൾ മരിക്കാൻപോകുന്നു എന്നതാണ് മുഖ്യമായ പ്രശ്നം. സമരങ്ങളുടെയും വിവാദങ്ങളുടെയും ലഹരിയിൽ എല്ലാവരും അത് മറന്നുപോകാതിരുന്നാൽ മതി!