Tuesday, December 6, 2011

സോഷ്യൽ നെറ്റ്വർക്കുകൾക്ക് നിയന്ത്രണം വരുന്നെന്ന്!

ഈ പോസ്റ്റിന്റെ ചുരുക്കം: ഏതാനും ചിലർ സോഷ്യൽ നെറ്റ്വർക്കുകളെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് സോഷ്യൽനെറ്റ്വർക്കുകൾക്ക് മുഴുവൻ നിയന്ത്രണമേർപ്പെടുത്തുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുംപോലെയാണ്. ഇത് ജനാധിപത്യ നിഷേധമാണ്. ഇതിനെതിരെ പ്രതികരിക്കുക, പ്രതിഷേധിക്കുക, പൊരുതുക!

സോഷ്യൽ നെറ്റ്വർക്കുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നുപോലും!

സോഷ്യൽ നെറ്റ്വർക്കിനു നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നുവത്രേ! കേന്ദ്രമന്ത്രി കപിൽ സിപലാണ് പ്രഖ്യാപനവുമായി വന്നിരിക്കുന്നത്. നിയന്ത്രണമെന്നു പറഞ്ഞാൽ വെറും നിയന്ത്രണമൊന്നുമല്ല; നിരോധനം തന്നെയാകും ഉദ്ദേശിക്കുക. ഭരണകൂടം സൈബർ ലോകത്തെ ഭയന്നുതുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. പലലോകരാജ്യങ്ങളിലും സമീപകാലത്ത് പല ഭരണകൂടങ്ങളും അട്ടിമറിക്കപ്പെട്ടത് സോഷ്യൽനെറ്റ്വർക്കുകളിൽ കൂടിയാണെന്ന അനുഭവപാഠം കൂടിയാകാം ഇത്തരമൊരു നീക്കത്തിനുപിന്നിൽ. ഒപ്പം അണ്ണാഹസാരെയുടെ സമരത്തിന് സൈബർ ലോകത്ത് നിന്ന് ലഭിച്ച പ്രചോദനവും ഒരു കാരണമായിട്ടുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു.

ഉപയോഗവും ദുരുപയോഗവും എല്ലാ മേഖലകളിലുമുണ്ട്. വെട്ടുകത്തി തേങ്ങ പൊതിക്കാൻ മാത്രമല്ല, ആളുകളെ വെട്ടിക്കൊല്ലാനും ഉപയോഗിക്കാം. അതുകൊണ്ട് വെട്ടുകത്തിയും കറിയിരുമ്പും ഒക്കെ നിരോധിക്കുമോ? പത്ര മാധ്യമങ്ങൾക്കും ടി.വി ചാനലുകൾക്കും ഒക്കെ ഇതുപോലെ നിയന്ത്രണമേർപ്പെടുത്തുമോ? മൊബെയിൽ ഫോൺകൊണ്ട് ഉപയോഗങ്ങളും ദുരുപയോഗങ്ങളുമുണ്ട്. ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അതുകൊണ്ട് മൊബെയിൽ ഫോൺ നിരോധിക്കുമോ? പണ്ട് സ്റ്റണ്ട് മാസിക പോലുള്ള അശ്ലീല മാസികകൾ പലതും ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനത്തതൊക്കെ ഉണ്ട്. അതുകൊണ്ട് അച്ചടി മാധ്യമങ്ങൾ മൊത്തമായും നിരോധിക്കുമോ?

ഇപ്പോൾ തന്നെ ഇന്റെർനെറ്റിൽ ധാരാളം അശ്ലീല സൈറ്റുകൾ ഉണ്ട്. അതൊന്നും ഇതുവരെ ആരും നിയന്ത്രിച്ചിട്ടില്ല. ഇന്റെർനെറ്റിൽ ഒന്നിനെയും നിയന്ത്രിക്കാൻ കഴിയുമെന്നും തോന്നുന്നില്ല. പിന്നെ ഇപ്പോൾ എന്താണ് ഇങ്ങനെയൊക്കെ തോന്നാൻ കാരണമെന്ന് എല്ലാവർക്കും ഊഹിക്കാം. ഭരണകൂടത്തിനും ഇവ ഭീഷണിയാകുന്നുണ്ട്. രാഷ്ട്രീയ നേതാക്കൾക്കും മത- സാമുദായിക നേതാക്കൾക്കും ഇവ ഭീഷണിയാകുന്നുണ്ട്. മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസപ്രചരണങ്ങൾക്കും ചൂഷണങ്ങൾക്കും സോഷ്യൽ നെറ്റ്വർക്കുകൾ ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ അന്ധവിശ്വാസങ്ങളും മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും സുഗമമായി നടത്താൻ അതുമായി ബന്ധപ്പെട്ടവർതന്നെ സൈബർലോകത്തെ ഉപയോഗിക്കുന്നുമുണ്ട്. !

രാഷ്ട്രീയ നേതാക്കളെയും മതനേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ വരുന്നതാണത്രേ ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായത്. ഏതാനും ചിലർ സോഷ്യൽ നെറ്റ്വർക്കുകളെ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് സോഷ്യൽനെറ്റ്വർക്കുകൾക്ക് മുഴുവൻ നിയന്ത്രണമേർപ്പെടുത്തുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമല്ലേ? ആരാണോ വ്യക്തികളെ അപകീർത്തിപ്പേടുത്തുന്നത്, അഥവാ മറ്റെന്തെങ്കിലും തെറ്റുകൾ ചെയ്യുന്നത് അവർക്കെതിരെ നടപടിയെടുക്കാൻ ഇപ്പോൾത്തന്നെ നിയമങ്ങളുണ്ട്. അവ ആവശ്യമായ തരത്തിൽ പരിഷ്കരിച്ച് പ്രായോഗികമാക്കുക വഴി ദുരുപയോഗക്കാരെ മാത്രം ശിക്ഷിക്കാമല്ലോ. അതിനു മൊത്തം നിയന്ത്രണം, നിരോധനം എന്നൊക്കെ പറയുന്നത് ജനാധിപത്യാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമല്ലാതെ മറ്റൊന്നുമല്ല.

നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഏറ്റവുമധികം സഹായിക്കുന്ന മാധ്യമമാണ് ഇന്റെർനെറ്റും അതിന്റെ ഭാഗമായ സോഷ്യൽ നെറ്റ്വർക്കുകളും. ഏതൊരു സാധാരണ പൌരനും ഏതൊരു വിഷയത്തിലും തന്റെ പ്രതികരണം അറിയിക്കുവാൻ ഇവ സഹായിക്കുന്നു. അതുവഴി തനിക്കും രാജ്യത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നൊരു അഭിമാനം ഓരോ പൌരനുമുണ്ടാകും. താനും ലോകത്തോടും രാജ്യത്തോടും ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരാളെണെന്ന ബോധം ഓരോ പൌരനിലുമുണ്ടാകും. ഇത് പൌരന്റെ കടമകൾ സ്വയം അറിഞ്ഞ് നിർവ്വഹിക്കുന്നതിനുകൂടി പ്രചോദനമാകും. രാജ്യസ്നേഹമുണ്ടാക്കും. ജനാധിപത്യബോധമുണ്ടാക്കും. സോഷ്യൽ നെറ്റ്വർക്കുകളെയും സൈബർ ലോകത്തെയും ദുർബലപ്പെടുത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനു തുല്യമാണ്. പൌരാവകാശ നിഷേധമാണ്. സോഷ്യൽ നെറ്റ്വർക്കുകളെ അന്യായമായി നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ സൈബർ ലോകം മറ്റ് താല്പര്യങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കണം.

ഇങ്ങണെ പോയാൽ ഇന്ത്യ ഒരു വലിയ ജനാധിപത്യരാജ്യമാണെന്ന് ഇനി അധികകാലം ആർക്കും ഊറ്റം കൊള്ളാനാകില്ല. പിന്നെ എന്തിന് ചൈനയെ പറയുന്നു? എങ്കിൽ പിന്നെ ഇവിടെയും ഇനി ചൈനയിലെ പോലെ ഏകകക്ഷി മേധാവിത്വം മതിയല്ലോ. കൊൺഗ്രസ്സ് മാത്രം മതി. പിന്നെ പ്രശ്നമില്ലല്ലോ. കോൺഗ്രസ്സിനെ എതിർക്കുന്നവരെ നാടുകടത്താം. ഇപ്പോൾ കോൺഗ്രസ്സ് ഗവർണ്മെന്റിന്റെ ഭാഗത്ത് നിന്നാണ് ജനാധിവത്യ വിരുദ്ധ നടപടി ഉണ്ടായിരിക്കുന്നത് എന്നതിനാൽ കോൺഗ്രസ്സിനെത്തന്നെയേ കുറ്റപ്പെടുത്താനാകൂ. അൺലിമിറ്റഡ് ജനാധിപത്യമുള്ള ദേശീയപാർട്ടി എന്നൊക്കെയുള്ള കോൺഗ്രസ്സിന്റെ അവകാശവാദം കോൺഗ്രസിനുള്ളിൽ തമ്മിലടിക്കാനുള്ള സ്വാതന്ത്ര്യം മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നു സാരം.

പൌരാവകാശത്തെ അടിച്ചമർത്തുന്നതിനുപിന്നിലുമുണ്ട് ആഗോളവൽക്കരണ താല്പര്യം; ആരും പ്രതികരിക്കരുത് എന്ന താല്പര്യം. മുതലാളിത്തത്തിന് എങ്ങനെയും അരങ്ങ് വാഴാൻ വേണ്ടത് പ്രതികാരിക്കാത്ത ഒരു ഉപഭോക്തൃസമൂഹത്തെയാണ്. ശല്യമില്ലാത്ത ഒരു വിപണിയാണ് ബഹുരാഷ്ട്രകുത്തകകൾ ആവശ്യപ്പെടുന്നത്. പൌരാവകാശങ്ങളെ അടിച്ചമർത്തുക എന്ന മുതലാളിത്ത താല്പര്യം ഭരണകൂടത്തിന്റെ താല്പര്യമാകുന്നത്, മുതലാളിത്തവും ഭരണകൂടവും തമ്മിൽ വേർപെടുത്താനാകാത്ത പരസ്പരബന്ധം നിലനിൽക്കുന്നു എന്നതുകൊണ്ടുകൂടിയാണ്.

ഇപ്പോൾ സൈബർ ലോകത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം വരാനിരിക്കുന്ന നിരവധി പൊരാവകാശ നിരാസങ്ങളിലേയ്ക്കുള്ള ഭരണകൂടത്തിന്റെ ചുവടു വയ്പായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് ഓരോരോ രോഗങ്ങളുടെ തുടക്കം. ആദ്യം തന്നെ ഫലപ്രദമായ ചികിത്സ നൽകിയില്ലെകിൽ പിന്നെ സ്ഥിതിഗതികൾ സങ്കീർണ്ണമാകും. പൌര സ്വാതന്ത്ര്യത്തിനുമേലുള്ള ഏതുതരം അന്യായമായ കടന്നുകയറ്റങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ നെറ്റ്വർക്കുകൾക്കുമേൽ നിയന്ത്രണമേർപ്പെടുത്താനുള്ള ദുരുദ്ദേശപരമായ കേന്ദ്രഗവർണ്മെന്റ്നീക്കത്തിനെതിരെ സൈബർ ലോകത്ത് നിന്നും അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം.

8 comments:

അനില്‍ഫില്‍ (തോമാ) said...

I support you

ഇ.എ.സജിം തട്ടത്തുമല said...

നന്ദി, അനിൽ ഫിൽ!

Anonymous said...

നിരോധനം ഒന്നും ബാധകമാവില്ല ഗള്‍ഫില്‍ പോലും അതിനെ ബ്രേക്ക് ചെയ്യാന്‍ കഴിയുന്നുണ്ട് കപില്‍ സിബല്‍ പറഞ്ഞത് സോണിയാജിയെ സുഖിപ്പിക്കാന്‍ മാത്രമാണ് സോണിയക്കും രാഹുലിനും ഒക്കെ എതിരെ കപട പ്രചാരണങ്ങള്‍ ഉണ്ടല്ലോ സ്വിസ്സ് ബാക്ക് അക്കൌന്റ് അങ്ങിനെ ഒക്കെ , എന്തായാലും ഓര്‍ തരത്തിലുള്ള നിരോധനവും പ്രാക്ടിക്കല്‍ അല്ല അതിനാല്‍ സജീം വെറുതെ വറി ചെയ്യണ്ട പിന്നെ നെറ്റ് വന്നില്ലെങ്കില്‍ സീ പീ എം പറയുന്നത് മാത്രമാണ് സത്യം എന്ന് നമ്മള്‍ തെറ്റി ധരിച്ചേനെ ബംഗാള്‍ സ്വര്‍ഗം ആണെന്ന പ്രചരണം ഒക്കെ തട്ടിതെറിപ്പിച്ചതില്‍ നെറ്റിന്റെ സ്വാധീനം ഉണ്ട് അതിനാല്‍ കപില്‍ സിബലിന്റെ മോഹം വ്യാമോഹം ആയിരിക്കും , ഗൂഗിള്‍, ഫേസ് ബുക്ക് ഒക്കെ അതിലെ കണ്ടെന്റ് ഒന്ന് സെല്‍ഫ് കണ്ട്രോള്‍ ചെയ്യണമെന്നു മാത്രമേ മന്തി പറഞ്ഞുള്ളൂ ബാക്കി ഒക്കെ സജീമിന്റെ ഊഹം ആണ്

ഇ.എ.സജിം തട്ടത്തുമല said...

"സജീം വെറുതെ വറി ചെയ്യണ്ട പിന്നെ നെറ്റ് വന്നില്ലെങ്കില്‍ സീ പീ എം പറയുന്നത് മാത്രമാണ് സത്യം എന്ന് നമ്മള്‍ തെറ്റി ധരിച്ചേനെ ബംഗാള്‍ സ്വര്‍ഗം ആണെന്ന പ്രചരണം ഒക്കെ തട്ടിതെറിപ്പിച്ചതില്‍ നെറ്റിന്റെ സ്വാധീനം ഉണ്ട് അതിനാല്‍ കപില്‍ സിബലിന്റെ മോഹം വ്യാമോഹം ആയിരിക്കും"

ഹഹഹ! കമന്റിനു നന്ദി!

ഞാന്‍ പുണ്യവാളന്‍ said...

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആല്ലേ ഇന്ത്യ കാര്യം ലക്‌ഷ്യം വയ്ക്കുന്ന സകല അശ്ലീല സൈറ്റുകള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിരോധിച്ചതിനു ശേഷം കേന്ദ്രം ഇക്കാര്യം സംസാരിച്ചാല്‍ മതി , പിന്നെ എല്ലാത്തിനും ചില നിയന്ദ്രനങ്ങലോകെ നല്ലതാ മോസ പായ പദപ്രയോഗങ്ങളും പ്രവണതകളും ഞാന്‍ പല ബ്ലോഗിലും സോഷ്യല്‍ മീഡിയയിലും കണ്ടിട്ടുണ്ട് അത് കൊണ്ട് സര്‍ക്കാരിനെതിരെ ബഹളം കൂട്ടാന്‍ ഞാന്‍ എല്ലാ ആവിഷ്കാര സ്വതന്ത്രവും അഭിപ്രായ സ്വതന്ത്രവും ഹനിക്കാതിരുന്നാല്‍ മതി ...

മുല്ലപ്പെരിയാറിനെ കുറിച്ചുള്ള പുതിയ ലേഖനം
മനസിലാക്കുന്നതും മനസിലാക്കാതതും

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നിരോധനം വിപരീത ഗുണമേ ചെയ്യൂ ,കപില്‍ സിബളിനെക്കൊണ്ടോന്നും ജനകീയ മുന്നേറ്റം തടയാന്‍ പറ്റില്ല ,കാലിക പ്രാധാന്യമേറിയ പോസ്റ്റ്‌ ..

സുബൈദ said...

ഇവിടെ ഒരു ചര്‍ച്ച നടക്കുന്നത് അറിയിക്കുന്നു. വരുമെന്ന പ്രതീക്ഷയോടെ

Nassar Ambazhekel said...

ഭരണക്കാരുടെ കൂറ് അവരുടെ കീശ വീർപ്പിക്കാൻ സഹായിക്കുന്ന കുത്തകകളോടാകുമ്പോൾ രാഷ്ട്രീയക്കാരിൽനിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കാം. തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കുന്ന ഒരു പറ്റം മാധ്യമങ്ങൾ മാത്രമാവുന്നതാവും ഇരുകൂട്ടർക്കും സൗകര്യം. പൊതുസമൂഹം ജാഗ്രത പാലിക്കുകയും പ്രതികരിക്കുകയും ചെയ്യുമെന്ന് നമുക്കാശിക്കാം.