Friday, June 20, 2014

ജനവിധി 2014

ജനവിധി 2014

ഇക്കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയുടെ നാളിതവരെയുള്ള ചരിത്രഗതി മാറി മറിയുകയാണ്. ഇന്ത്യ ഒരു പുതിയ യുഗത്തിലേയ്ക്ക് കടക്കുകയാണ്. ജയിച്ചു കയറിയവർക്കും തോറ്റവർക്കുമടക്കം ഇക്കാലമത്രയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നിരവധി പാഠങ്ങൾ ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ഒപ്പം ജനങ്ങൾക്കും.  ആരു ജയിച്ചു എന്നതിനപ്പുറം എന്തുകൊണ്ട്, എങ്ങനെ ജയിച്ചു എന്നുള്ളത് ഏത് തെരഞ്ഞെടുപ്പിലും പ്രസക്തമാണ്. എന്നാൽ അത് ജയിക്കുന്നവരും തോൽക്കുന്നവരും കാര്യമായി ഗൌനിക്കാറില്ല. അതിന്റെ ഫലം പിന്നീട് അനുഭവിക്കുകയും ചെയ്യും.

ലിഖിതമോ അലിഖിതമോ ആയ ഒരു പ്രകടന പത്രികയുമായാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. ഇപ്പോൾ അധികാരത്തിലേറുന്നവർക്കും പ്രകടനപത്രികയുണ്ടായിരുന്നു. അപ്പോൾ സാങ്കേതികമായി അവരുടെ പ്രകടന പത്രികയിലെ  വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നെങ്കിലും അത് നടപ്പിലാക്കാനുള്ള അനുമതിയായി ഈ ജനവിധി വിവക്ഷിക്കപ്പെടും. അതിൽ ഏതൊക്കെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയും, ഏതിലൊക്കെ തൊടാൻ കഴിയും എന്നുള്ളതൊക്കെ വെറെ കാര്യം. എന്തായാലും ഇപ്പോൾ ജയിച്ചവർക്ക് ശക്തനായൊരു നേതാവുണ്ട്. കേഡറ്റ് സ്വഭാവത്തിലുള്ള പാർട്ടിയുടെയും  പാർട്ടിയേതര പ്രസ്ഥാനങ്ങളുടെയും ശക്തമായ പിൻ‌ബലമുണ്ട്. ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് അവരുടെ  ഭരണ കാലയളവിൽ ഉണ്ടാവുകയും ചെയ്യും. ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞുവെന്നുള്ള ധാരണകളും പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണല്ലോ.

ഏതായാലും രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണോ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതാണോ എന്ന ചോദ്യം ഉത്തരം മുട്ടിക്കുന്ന ഒരു സാഹചര്യം സംജാതമാകുമോ എന്നറിയില്ല. അതൊക്കെ കാത്തിരുന്ന് കാണുക. ഭരണമാണോ ജനങ്ങളാണോ വലുതെന്ന ചോദ്യത്തിന്റെ ഉത്തരമനുസരിച്ചായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങളെ എക്കാലത്തും വിഢികളാക്കാൻ കഴിയില്ലെന്നും സഹികെട്ടാൽ ജനം ഏതറ്റം വരെ പോകുമെന്നുമുള്ള പാഠം കൂടി  ഈ ജനവിധി നൽകുന്നുണ്ട്.
മതേതരത്വം പാടി നടന്നാൽ മാത്രം ജനങ്ങൾക്ക് വയറു നിറയില്ല എന്ന പാഠം മതേതര ലേബലിലുള്ള പാർട്ടികൾക്കില്ലാതെ പോയതിന്റെ ദു:ഖം മതേതരലേബലിലുള്ള പാർട്ടികൾ പങ്കിട്ടെടുക്കട്ടെ. യോജിപ്പും ഭിന്നിപ്പും എല്ലാം ജനങ്ങൾക്കുവേണ്ടിയല്ലാതെ അധികാരത്തിനു വേണ്ടി മാത്രമാകുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് മുൻ‌കൂട്ടി കാണാൻ കഴിയാഞ്ഞിട്ടല്ല, നാളെ എന്തായാലും നമുക്കെന്താ നമ്മുടെ കാലം സുഭിക്ഷമാകണമെന്ന സ്വാർത്ഥ ചിന്തയുമായി ഭരിക്കുകയും രാഷ്ട്രീയം കൈകാര്യം ചെയ്യുകയും ചെയ്തവർ ഇനിയെങ്കിലും പാഠം പഠിച്ചാൽ നന്ന്.

എന്തായാലും ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ അവരുടെ പ്രകടന പത്രികയിലെ വിവാദ വാഗ്ദാനങ്ങളും രഹസ്യവും പരസ്യവുമായ അവരുടെ വിവാദവിഷയകമായ അജണ്ടകളും ലക്ഷ്യങ്ങളും സംബന്ധിച്ച മതേതരവാദികളുടെ ആശങ്കകളും ഗുജറാത്തിൽ സംഭവിച്ച ചില പേടിപ്പെടുത്തുന്ന  ഓർമ്മകളും മാറ്റി നിർത്തിയാൽ  ഒരു രാഷ്ട്രീയക്കാരൻ, അതും ശക്തനായ ഒരു നേതാവ് രാജ്യഭരണത്തിനു നേതൃത്വം നൽകുന്നു എന്നത് ഒരു പ്രത്യേകതയാണ്. രാജ്യം ഭരിക്കേണ്ടത് ബ്യൂറോക്രാറ്റുകളല്ല, രാഷ്ട്രീയക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനത്തെ ദയനീയമായി കൂപ്പുകുത്തിച്ചത് ഒരു ബ്യൂറോക്രാറ്റിനെ ഭരണ നേതൃത്വം ഏല്പിച്ചതിന്റെ ദുരന്തഫലമാണെന്ന് കോൺഗ്രസ്സ് അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കേണ്ട സമയം കൂടിയാണിത്. 

എന്തായാലും ജനവിധി ജനവിധിയാണ്. അതു പിന്നീട് ജനത്തിന്റെ തലവിധിയും തന്നെ. ഇനി മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. ബി.ജെ.പി ഗവർണ്മെന്റ് ഇന്ത്യയുടെ ഗവർൺ‌മെന്റാണ്. നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്. അതുകൊണ്ട് മോഡി സർക്കാർ നമ്മുടെ എല്ലാം സർക്കാർ തന്നെ. ഇനി വിമർശന ബുദ്ധ്യാ ഭരണത്തെ നോക്കികാണുക. ഗുണഫലങ്ങൾ വല്ലതുമുണ്ടെങ്കിൽ അനുഭവിക്കുക. ദോഷങ്ങളുണ്ടായാൽ ജനധിപത്യ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തിരുത്താൻ ശ്രമിക്കുക. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ജനങ്ങളുടെ ഉത്തരവാദിത്തം  വളരെ വലുതാണ്.


(2014 മേയ് ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ എഡിറ്റോറിയൽ)