Monday, December 31, 2012

സ്ത്രീകളോട്

സ്ത്രീകളോട്

ഇനി നിങ്ങളിൽ ഒരാളിന്റെ യാത്രയ്ക്ക്
വാളും പരിചയുമായ്
ആയിരം ആർച്ചമാർ മുന്നിലും
കുതിരപ്പുറമേറി
ആയിരം ത്സാൻസിമാർ പിന്നിലും
കൂട്ടിനുണ്ടാകണം
അറിയുക നിങ്ങൾ തന്നുള്ളിൽ
ഉറങ്ങിക്കിടപ്പുണ്ട്
ആയിരം ഉണ്ണിയാർച്ചമാരും
ആയിരം ത്സാൻസീ റാണിമാരും
അവശ്യം അവരെ പുറത്തെടുക്കുക
മുന്നിലും പിന്നിലും
അണി നിരത്തുക
സ്വയമൊരു സുരക്ഷാവലയം തീർത്ത്
സധൈര്യം യാത്ര ചെയ്യുക!

Saturday, December 29, 2012

ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ നരാധമൻമാർക്കിടയിൽപെട്ടു പോയി

ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു


ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ  നരാധമൻമാർക്കിടയിൽപെട്ടു പോയി!

ഏതാനും ദിവസങ്ങൾക്കു മുമ്പ് ദില്ലിയിൽ കൂട്ട ബലാൽസംഗത്തിനിരയായ ഇരുപത്തിമൂന്നു വയസ്സുകാരിയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു. വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോയിരുന്ന പെൺകുട്ടി അവിടെ ആശുപത്രിയിൽവച്ച് ഇന്ന് പുലർച്ചേ രണ്ട് പതിഞ്ച് മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ദില്ലി സെന്റ് സ്റ്റീഫൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു  ജ്യോതി. ഫിസിയോതെറാപ്പി കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇന്റേർണൽ ഷിപ്പിന് വേണ്ടി കുട്ടി പഠനപ്രവർത്തനം തുടർന്നുവരികയായിരുന്നു. 

കൂട്ട ബലാൽസംഗത്തിനിരയായ കുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അവിടെ നിന്നും സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ മരണവുമായുള്ള മല്പിടിത്തത്തിൽ ജ്യോതിയും  ഡോക്ടർമാരും ഒടുവിൽ പരാജയപ്പെട്ടു. ഇതോടെ ഈ  കൂട്ട‌ബലാൽസംഗക്കേസിലെ ഒന്നാം അനുഭവസാക്ഷി ഇല്ലാതായിരിക്കുന്നു. അതായത് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് നശിച്ചിരിക്കുന്നു.  ഇനി കേസ് ഏത് വിധം പോകുമെന്നത് കാത്തിരുന്ന് കണേണ്ടിയിരിക്കുന്നു. 

പെൺകുട്ടിയെ കൂട്ട  ബലാൽസംഗം ചെയ്ത  ക്രൂരജന്തുക്കളെ മനുഷ്യരെന്ന പരിഗണന വച്ച് ശിക്ഷിക്കേണ്ടവരല്ല. ഇവർ മൃഗതുല്യരാണെന്ന് പറഞ്ഞാൽ മൃഗങ്ങളടക്കം  നിലവിലുള്ള ജീവിവർഗ്ഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കും. ഇവറ്റകളെ അനുകമ്പയർഹിക്കാത്ത വിചിത്ര ജന്മങ്ങളായി കരുതി കടുത്ത ശിക്ഷകൾക്ക് വിധേയരാക്കണം. അതിന് നിലവിലുള്ള നിയമ സംവിധാനങ്ങൾക്ക് എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തണം.  കേവലമായ ഒരു വധശിക്ഷകൊണ്ടുപോലും ഇത്തരം കൊലയാളികളെ ശിക്ഷിച്ചു കലിയടക്കാനാകില്ല. കാരണം വധം അവറ്റകളെ ഒരു തരത്തിൽ രക്ഷിക്കുകയാണല്ലോ. 

ജ്യോതിയുടെ മരണത്തെ തുടർന്ന് വീണ്ടും ജനകീയ പ്രതികരണങ്ങൾ ശക്തമാകുമെന്ന് കരുതി ഭരണകൂട സംവിധാനങ്ങൾ ഇതിനകം ജാഗ്രതപ്പെട്ടിട്ടുണ്ട്. എന്നാൽ കത്തുന്ന പ്രതിഷേധങ്ങൾക്കുനേരേ കടുത്ത നടപടികൾ എടുത്താൽ അത് എരിതീയിൽ കനലുവാരി ഇടുന്നതിനു തുല്യമായിരിക്കും. പ്രതിഷേധരൂപങ്ങൾ അക്രമാസക്തമാകാതിരിക്കുവാൻ നിയമ സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ടതുതന്നെ. എന്നാൽ ജനങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ശത്രുഭാവത്തിൽ നേരിടുന്നതിന് ഭരണകൂടം തയ്യാറാകരുത്. 

ഭരണവും ഭരണീയരും എന്ന വ്യത്യാസമില്ലാതെ ഈ സാഹചര്യത്തെ ഒരുമിച്ചു നിന്നു നേരിടേണ്ടതാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ ഭരണകൂടവും നിയമ –നീതി സംവിധാനങ്ങളും അവസരമൊരുക്കണം. ജനങ്ങളാകട്ടെ ശക്തവും സമാധാനപരവുമായ പ്രതിഷേധങ്ങളിലൂടെ   ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പുകളും  നൽകണം. അവിടെ നാം എല്ലാ സങ്കുചിത ചിന്തകളും വെടിയുക.

Thursday, December 27, 2012

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൾഹിയിൽ  ബസിനുള്ളിൽവച്ച് ഒരു വിദ്യാർത്ഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ അലയടിച്ചുകൊണ്ടിരിക്കവേ വീണ്ടും ഡൽഹിയിൽനിന്നുതന്നെ  ഒരു ബലാത്സംഗ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.  ജയ്പൂര്‍ സ്വദേശിനിയായ 42 കാരിയെ ബുധനാഴ്ച രാത്രി ഒരുസംഘം ആളുകള്‍ തെക്കന്‍ ഡല്‍ഹിയില്‍ കൂട്ടബലാൽസംഗത്തിനിരയാക്കിയതായാണ് പരാതി. യുവതിയുടെ  സുഹൃത്തും  മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ബാലല്‍സംഗം ചെയ്തതെന്നാണ് വിവരം. സംഭവശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പെൺകൂട്ടുകാർ ആൺകൂട്ടുകാരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം എന്നൊരു ഗുണപാഠംകൂടി പുതിയ കേസിലുണ്ട്. ഇത് കുറ്റം പെൺകുട്ടിയിൽ ചാർത്താൻ വേണ്ടി പറയുന്നതല്ല.

ഇവിടുത്തെ നല്ലൊരു പങ്ക് പുരുഷൻമാരും പ്രായഭേദമന്യേ കുഴപ്പാക്കാരാണ്. പുറമേ കാണുന്നതുപോലെയൊന്നുമല്ല. എല്ലാറ്റിനും കാമപ്പിരാന്താണ്. ലൈംഗികതയുടെ അതിപ്രേരണയില്ലാത്ത സൗഹൃദത്തിന്റെ ഒരു മനോഭാവത്തിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കാൻ ഇനിയും ഒരുപാട് കാലമെടുക്കും.പ്രത്യേകിച്ചും പുരുഷൻമാർ. കപടസദാചാരംകൊണ്ട് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന കാമവെറി ഇത്തരം ലൈംഗികാതിക്രമങ്ങളിലൂടെ പ്രകടമാക്കപ്പെടുമ്പോൾ അത്  നമ്മുടെ  സാംസ്കാരികമായ പിന്നോക്കാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.

പുറത്ത് അറിയുന്നവയേക്കാൾ ഭയാനകമായ എത്രയോ സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ  നടക്കുന്നുണ്ടാകും. ആയിരം കേസുകൾ ഇതുപോലെ നടക്കുമ്പോഴാകും ചിലത് മാത്രം പുറം ലോകം അറിയുന്നത്. സാക്ഷരീകരിക്കപ്പെട്ടുവെന്ന് നാം അഭിമാനിക്കുന്ന കേരളത്തിൽ പോലും പലതരം ലൈംഗിക കുറ്റകൃത്യങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ല. ആണിനും പെണ്ണിനും ഇവിടെ അരക്ഷിതാവസ്ഥയുണ്ട്. നമ്മുടെ ഭരണകൂട വ്യവസ്ഥയുടെയും  നിയമ-നീതി സംവിധാനങ്ങളുടെയും ദൗർബ്ബല്യം തന്നെയാണ് ഈ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണം.

മുതലാളിത്തത്തിന്റെ സമ്മർദ്ദംമൂലം അനുദിനം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം  ഗുണ്ടകളും മാഫിയകളും മതഭ്രാന്തൻമാരും അരങ്ങുവാഴുന്ന ഒരു പൊതുസ്ഥിതിയിലേയ്ക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് അരാജകത്വത്തിലേയ്ക്കാണ് നമ്മുടെ രാജ്യത്തെ നയിക്കാൻ പോകുന്നത്. കൈയ്യൂക്കും ധനശേഷിയുമുള്ളവൻ കാര്യക്കാരനാകുന്ന പഴയകാലം പുതിയരൂപത്തിൽ ഇവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥയിൽ കൊലപാതകവും  ബലാത്സംഗവും മോഷണവും പിടിച്ചുപറിയും മറ്റ് കുറ്റകൃത്യങ്ങളും പെരുകി വരുന്നതിൽ അദ്ഭുതമൊന്നുമില്ല. അവരവരുടെ സ്വയരക്ഷ അവരവരുടെ ജാഗ്രതപോലിരിക്കും എന്നതാണ് സ്ഥിതി. ഒന്നുകിൽ  നാം ഭയന്ന് ജീവിക്കുക.അല്ലെങ്കിൽ ഈ അരക്ഷിതാവസ്ഥയെ അതിജീവിക്കുന്നതിന് സാമൂഹ്യമായ കരുത്ത് നേടാൻ സംഘടിക്കുക. 

Tuesday, December 25, 2012

സൂപ്പർ ബ്ലോഗ്ഗർ അവാർഡ് -2012

സൂപ്പർ ബ്ലോഗ്ഗർ അവാർഡ്-2012

ബൂലോകം ഡോട്ട് കോമിൽ 2012 -ലെ  സൂപ്പർ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ് നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം  ഫൈനൽ ലിസ്റ്റിൽ വന്ന പത്തുപേരിൽ ഞാനും ഉണ്ടായിരുന്നു. കിട്ടിയത് തികച്ചും അർഹതയുള്ള ഒരാൾക്കു തന്നെ. മനോജ് രവീന്ദ്രൻ (നിരക്ഷരൻ) ഇത്തവണയും ഞാൻ ഫൈനൽ ലിസ്റ്റിൽ ഉണ്ട്. ആ ലിസ്റ്റിൽ  പലർക്കും വോട്ടു ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ചിലരുടെ പേരുകൾ ഞാനും നിർദ്ദേശിച്ചിരുന്നു. ആ പേരുകൾ ഏതാണ്ട് എല്ലാം  ഫൈനൽ ലിസ്റ്റിൽ വന്നിട്ടുമുണ്ട്. അവരിൽ ആർക്കെങ്കിലും  ഒരാൾക്കല്ലേ വോട്ട് ചെയ്യാൻ പറ്റൂ.  പക്ഷെ ഞാനും ആ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉള്ള സ്ഥിതിയ്ക്ക് ഞാൻ എന്തുചെയും? അപ്പോൾ പിന്നെ എന്റെ വോട്ടെങ്കിലും എനിക്കു കിട്ടണ്ടേ? മാത്രവുമല്ല  എനിക്ക് വോട്ടു ചെയ്യുമായിരുന്നു എന്നു കരുതാവുന്ന  പലരും മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉണ്ട്. അപ്പോൾ അവരുടെ വോട്ടും അവരവർക്ക് പോയി. എന്തായാലും കഴിഞ്ഞവർഷവും ഈ വർഷവും ഫൈനൽ ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്തിക്കണ്ടതു തന്നെ വലിയൊരു അവാർഡും അംഗീകാരവുമായി കരുതുന്നു. അർഹതയുള്ള ആർക്കും അവാർഡ് കിട്ടിക്കൊള്ളട്ടെ. ആർക്കു കിട്ടിയാലും എന്റെ മുൻകൂർ ആശംസകൾ! എന്തായാലും എല്ലാവരും വോട്ടിംഗിൽ പങ്കെടുക്കുക. ഇതൊക്കെ ഒരു പ്രോത്സാഹനവും പ്രചോദനവുമാണ്. അത്തരം സംരഭങ്ങൾ ഒരുക്കുന്നവരോട് നമ്മൾ സഹകരിക്കേണ്ടതാണ്. വോട്ട് ചെയ്യാൻ www.boolokam.com -ൽ എത്തുക. ബന്ധപ്പെട്ട പോസ്റ്റിൽ മത്സരലിസ്റ്റിലുള്ള പേരുകളിൽ നിങ്ങൾക്കിഷ്ടപ്പെട്ട പേരിന്റെ മുന്നിലുള്ള കള്ളിയിൽ വച്ച് ഒന്നു ക്ലിക്കിയിട്ട് ആ കോളത്തിനു താഴെ vote എന്ന കള്ളിയിൽ കൂടി ക്ലിക്കുമ്പോൾ നിങ്ങൾ വോട്ട് ചെയ്തു കഴിഞ്ഞു. വെരി സിമ്പിൾ. ഡിസംബർ 31 വരെ വോട്ട് രേഖപ്പെടുത്താം. നിങ്ങളുടെ വോട്ടും കാത്ത് ആ പേരുകൾ കാത്തിരിക്കുന്നു. ഈ അവാർഡ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ബൂലോകം ഡോറ്റ് കോമിന് ആശംസകൾ!

Thursday, December 6, 2012

ബാബറി മസ്ജിദിന്റെ ഓർമ്മയ്ക്ക്

ഡിസംബർ 6: ഒരു കറുത്ത ദിനത്തിന്റെ ഓർമ്മ പുതുക്കൽ

വീണ്ടും ഒരു ഓർമ്മദിനം. ഹിന്ദു വർഗ്ഗീയവാദികൾ ബാബറി മസ്ജിദ് തകർത്തതിന്റെ ഓർമ്മ മതേതര വാദികളുടെ മനസിനെ ചുട്ടുപൊള്ളിക്കുന്ന ദിനം. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തിനും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വിവിധമത വിശ്വാസികളുടെ മതസഹിഷ്ണുതയ്ക്കും കനത്ത പ്രഹരമേല്പിച്ച ഒരു  പൈശാചികതയുടെ വാർഷികാചരണം.  ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയമോ  ചരിത്രസ്മാരകമോ നിഷ്കരുണം തകർത്തെറിഞ്ഞു എന്നതിനപ്പുറം ഒരുപാട് മാനങ്ങളുള്ള ഒരു അപ്രിയസത്യത്തോട്  പൊരുത്തപ്പെടാനും  പൊറുക്കാനും വ്രണിതഹൃദയങ്ങളൾ സ്വയം ഊതിയാറ്റുന്ന ദിനം.  

ഒരു കെട്ടിടസമുച്ചയം തകർത്തെറിഞ്ഞു എന്നതിൽ ഒതുങ്ങുന്നതല്ല ബാബറി മസ്ജിദ് തകർത്ത സംഭവം. തകർത്തെറിഞ്ഞ മസ്ജിദിന്റെ സ്ഥാനത്ത് പകരം പള്ളി പണിതോ ക്ഷേത്രം പണിതോ രണ്ടും കൂടി പണിതോ ഒന്നും പണിയാതിരുന്നോ എന്നുളളവയുമൊന്നുമല്ല പ്രശ്നം. ആ ദുഷ്‌പ്രവൃത്തിയുടെ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട ചിന്താവിഷയം. ബാബ്‌റി മസ്ജിദ് തകർത്ത  പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെ ഇനി താഴോട്ട്  പറയും വിധം സംഗ്രഹിക്കുന്നു:  

ബാബറി മസ്ജിദ് തകർത്തത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളിൽ എന്നത്തേയ്ക്കുമുള്ള അരക്ഷിതബോധം സൃഷ്ടിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും തുടർന്നും ഭീഷണിയുണ്ടാകുമോ എന്ന ഭയം മുസ്ലിങ്ങളെ മാത്രമല്ല മറ്റ് ന്യുനപക്ഷ മതവിഭാഗങ്ങളെ കൂടി ബാധിച്ചു. പിന്നീടും ഈ ഭയത്തെ ശക്തിപ്പെടുത്താൻ പോന്ന സംഭവങ്ങൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നതും ഇവിടെ പരാമർശിച്ചുകൊള്ളുന്നു. പള്ളിപൊളിക്കൽ സംഭവം മുസ്ലിങ്ങളിൽ മതേതരവാദികളായിരുന്ന കുറച്ചുപേർ കൂടി വർഗ്ഗീയവാദികളും തീവ്രവാദികളും ആയി  മാറുന്നതിനിടയാക്കി.  അഥവാ അങ്ങനെ അവരെ വഴിതെറ്റിക്കാൻ  മുസ്ലിം വർഗ്ഗീയതീവ്രവാദികൾക്കു കഴിഞ്ഞു.   മുസ്ലിം ഭീകരവാദികൾക്ക് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങളെ ഭീകരപ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കാൻ പറ്റിയ നല്ലൊരു അവസരമായി ബാബറി മസ്ജിദ് സംഭവത്തെ ഉപയോഗപ്പെടുത്താൻ  കഴിഞ്ഞു. മുസ്ലിം തീവ്രവാദത്തിന് കരുത്തുപകരാൻ ഒരു വഴിമരുന്നായി മാറുകയായിരുന്നു ബാബറി മസ്ജിദ് സംഭവം.

ബാബറി മസ്ജിദ് പൊളിച്ചതോടെ ഇന്ത്യയിലെ  വർഗ്ഗീയവാദികളല്ലാത്ത ഭൂരിപക്ഷം വരുന്ന യഥാർത്ഥ ഹിന്ദുമതവിശ്വാസികളുടെ മനസിൽ എന്നത്തേയ്ക്കും വലിയൊരു കുറ്റബോധം സൃഷ്ടിക്കപ്പെട്ടു. (തകർത്തവരിൽ അതുണ്ടാകില്ല. അവർ മതവിശ്വാസികളല്ല, വർഗ്ഗീയഭീകരരാണ്). ചെയ്തത് വർഗ്ഗീയ വാദികളാണെങ്കിലും ഹിന്ദു മതത്തിന്റെ മഹത്തായ പാരമമ്പര്യത്തിനുമേൽ മായാത്ത കരി വാരിത്തേച്ച സംഭവമായി പള്ളി പൊളിക്കൽ. ഇത് നിഷ്കളങ്കരും അന്യമതസഹിഷ്ണുത പുലർത്തുന്നവരുമായ യഥാർത്ഥ ഹിന്ദുമതവിശ്വാസികളെ ലജ്ജിപ്പിച്ചു. ഇന്നും തങ്ങളെ തെറ്റിദ്ധരിക്കരുതേയെന്ന് ഓരോ യഥാർത്ഥഹിന്ദുവും ഇന്ത്യൻ മുസ്ലിങ്ങളെയും  മറ്റ് മതന്യൂനപക്ഷങ്ങളെയും നോക്കി  അപേക്ഷിക്കുന്നു. ബാബ‌റി മസ്ജിദ് സംഭവത്തിലൂടെ നിങ്ങൾ കണ്ടതല്ല ഹിന്ദുമതമെന്ന് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ബാബറി മസ്ജിദ് തകർത്തതിൽ യാതൊരു ഉത്തരവാദിത്വവും താല്പര്യവുമില്ലാതിരുന്ന മതേതരവാദികളായ ഹിന്ദു വിശ്വാസികളിൽപോലും തങ്ങളുടെ ഏതെങ്കിലും ക്ഷേത്രങ്ങൾ മുസ്ലിം വർഗ്ഗീയ വാദികൾ പ്രതികാരബുദ്ധ്യാ തകർത്തുകളയുമോ എന്നൊരു ഭയം എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാനും അയോദ്ധ്യാസംഭവം കാരണമായിട്ടുണ്ട്. ഓരോ ഡിസംബർ 6-നും ഇന്ത്യയിലെ പല ഹിന്ദുദേവാലയങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഖജനാവിൽ നിന്ന് വൻ‌തുക ചെലവഴിക്കേണ്ടി വരുന്നു. അടികൊണ്ടവൻ എന്നെങ്കിലും തിരിച്ചടിക്കുമെന്ന ഭയം പോലൊന്ന് ഇന്ത്യൻ സമൂഹത്തിൽ എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാൻ ബാബറി മസ്ജിദ് സംഭവം കാരണമായി.  

മറ്റൊന്ന് ഇന്ത്യയിലെ മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗം തങ്ങളുടെ  മതം  തിരിച്ചറിയാനുള്ള അടയാളങ്ങൾ സ്വീകരിച്ചു തുടങ്ങിയതുപോലും  ബാബ‌റി മസ്ജിദ് സംഭവത്തിനുശേഷമാണ്. കേരളത്തിൽ അടക്കം മുസ്ലിങ്ങളിൽ നല്ലൊരു പങ്ക് വിശ്വാസത്തെ പിൻ‌പറ്റുമ്പോഴും മതപരമായ തിരിച്ചരിവ് മറ്റുള്ളവർക്കുണ്ടാകാൻ മന:പൂർവ്വമായി വേഷവിതാനത്തനിലോ മറ്റോ ക്രമീകരണങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം അങ്ങനെ ചില പ്രതികരണങ്ങൾ ഉണ്ടായ്‌വന്നു. താൻ ഇന്ന മതമാണെന്ന് സദാ വിളിച്ചുപറയുന്നത് ഇന്ത്യയിൽ ഒരു മത വിശ്വാസിയുടെയും ശീലമായിരുന്നിട്ടില്ല.  അതിന്റെ ആവശ്യവുമില്ല. എന്നാൽ ബാബറി സംബവത്തിനു ശേഷം അങ്ങനെ ചിലതുണ്ടായി എന്നത് അത്ര ആശാസ്യമായ ഒരു കാര്യമല്ല. വിശ്വാസത്തോടുള്ള കൂറിനേക്കാളുപരി തങ്ങളെ തിരിച്ചറിഞ്ഞോളൂ , ഭയന്നിട്ട് എവിടെ പോകാൻ എന്നൊരു ധ്വനിപ്പിക്കലാണത്.തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം.

നാനാ ജാതി മതസ്ഥർക്കും ബാധകമായ എത്രയോ വലിയ ജിവൽ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണാനിരിക്കവേ അത്തരം ലക്ഷ്യങ്ങൾക്കായി ഒരുമിച്ചു നിൽക്കേണ്ട മനുഷ്യരിൽ അധമ വികാരങ്ങളുണ്ടായി വർഗ്ഗീയ കലാപങ്ങളും ആരാധനാലയങ്ങൾ തകർത്തെറിയലും ഒന്നും ഇനിയു ഉണ്ടാകാതിരിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു. ഓരോരോ മത വിശ്വാസികളുടെ ഭാഗത്തുനിന്നു മാത്രമല്ല സർക്കാരുകളുടെയും  നീതി പീഠങ്ങളുടെയും ഭാഗത്തുനിന്നും ഒരു വിശ്വാസി സമൂ‍ഹത്തെയും പ്രകോപിപ്പിക്കുവാൻ പോന്ന സമീപനങ്ങളും പ്രവർത്തനങ്ങളും അനീതികളും  ഉണ്ടാകാതിരിക്കട്ടെ എന്നുകൂടി ആഗ്രഹിച്ചുകൊണ്ട് ഈ കുറിപ്പ് സംഗ്രഹിക്കുന്നു പറയാൻ ഒരുപാട് ബാക്കി വച്ചുകൊണ്ട്.

ഈ വിഷയം സംബന്ധിച്ച് ഇന്നത്തെ ദേശാഭിമാനിയിൽ വന്ന ലേഖനങ്ങൾ താഴെയുള്ള ലിങ്കുകൾ വഴി പോയി വായിക്കാം: 

അയോദ്ധ്യ നൽകുന്ന സന്ദേശം

ഡിസംബർ ആറിന്റെ ഓർമ്മയ്ക്ക്

Tuesday, November 27, 2012

ചിരിച്ചു ചിരിച്ച് ഊപ്പാടഞ്ചും വന്നു!

ഒരു കോമഡി ഷോ കണ്ടപ്പോൾ ചുമ്മാ എഴുതാൻ തോന്നിയത്.  

ചിരിച്ചു ചിരിച്ച് ഊപ്പാടഞ്ചും വന്നു.

എനിക്ക് സ്ഥിരമായി റ്റി.വി പരിപാടികളൊന്നും കാണാൻ കഴിയാറില്ല. രാത്രി കിട്ടുന്ന സമയത്ത് ചാനലുകൾ മാറിമാറി പിടിയ്ക്കാറുണ്ട്. വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും കഴിഞ്ഞാൽ പിന്നെ ഞാനേറെ കാണുന്നത് കോമഡി ഷോകളാണ്. കോമഡി സീരിയലുകളും കാണാറുണ്ട്. ചിരിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യർ അപൂർവ്വമാണല്ലോ. ചില കോമഡി ഷോകൾ വെറും തറ പരിപാടികളാണ്. അവ കണ്ടാൽ ചിരിയല്ല കലിയാണു വരിക. എന്നാൽ ചിലതൊക്കെ കണ്ടാൽ ചിരിച്ചു ചിരിച്ച് നെഞ്ചിൻകൂട് തകരും.

ഇന്ന് രാത്രി മഴവിൽ മനോരമയിൽ കണ്ട ഒരു കോമഡി ഷോ കണ്ട് ചിരിച്ച് ചിരിച്ച് ചുമച്ചും കുരച്ചും ഇരുന്നുകൊണ്ടാണ് ഇതെഴുതുന്നത്. ഇന്നലെ ഇതിന്റെ ക്ലിപ്പിംഗുകൾ കണ്ടപ്പോഴേ തുടങ്ങിയ ചിരിയാണ്. ഇനി നാളത്തേതിന്റെ ക്ലിപ്പിംഗുകളും കണ്ടു. അതും മോശമാകില്ലെന്നു തോന്നുന്നു. കോമഡിയുടെ തീമുകളെയും അതിലെ സംഭാഷണങ്ങളെയും വേണമെങ്കിൽ നാലും മൂന്നും പറഞ്ഞ് വിമർശിക്കാം. പക്ഷെ വെറും ചിരിക്കാനുള്ള പരിപാടികൾ എന്ന രീതിയിൽ മാത്രം കണ്ടാൽ അവ നല്ല നേരം പോക്കുകൾ തന്നെ.കോമഡി പരിപാടികളുടെ കാര്യത്തിൽ ഉള്ളൂതുറന്നു ചിരിക്കുക എന്നതു മാത്രമാണ് പ്രേക്ഷകർക്കു ചെയ്യാനുള്ളത്.

മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയലും ഇന്ന് ഏറെ പേർ കാണുന്നുണ്ട്. ഞാനും. അതിൽ പക്ഷെ അല്പം കളിയും കാര്യവുമുണ്ട്. ശരിക്കും നമ്മുടെ വ്യവസ്ഥിതികൾക്കെതിരെയുള്ള നല്ല പ്രതികരണങ്ങളാണ് മറിമായത്തിലെ ഓരോ എപ്പിസോഡുകളുടെയും പ്രമേയങ്ങൾ. സാധാരണ ഞാൻ സിനിമാ-സീരിയൽ നടീനടന്മാരെയൊന്നും ആരാധിക്കുന്ന ആളല്ല. പുതിയ നടീനടന്മാരെ പലരെയും എനിക്ക് തിരിച്ചുപോലും അറിയില്ല. അഭിനയം കൊള്ളാമെങ്കിൽ ഇഷ്ടപ്പെടും. ഇല്ലാത്തപ്പോൾ ഇല്ല. എന്നാൽ മറിമായത്തിലെ അഭിനേതാക്കളെ മാത്രമല്ല, അതിന്റെ പിന്നിലും മുന്നിലും പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.അത്രയ്ക്കിഷ്ടമാണ് എനിക്കാ പരിപാടി.

മറിമായത്തിലെ സ്ത്രീകഥാപാത്രമായ (രചനയെന്നാണ് പേരെന്നു തോന്നുന്നു) ആളെ എനിക്ക് വളരെ ഇഷ്ടമായി. ആ സംസാരവും ശരീര ഭാഷയുമെല്ലാം അപാരം തന്നെ. സൗന്ദര്യം മാത്രം കൈമുതലായി അഭിനയരംഗത്തേക്ക് വരുന്ന നടികൾക്കിടയിൽ രചന വേറിട്ടൊരനുഭവമാണ്. സൗന്ദര്യവും അഭിനയമികവും ഒരുപോലെ കൈമുതലുള്ള രചനയുടെ രൂപം മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇതുവരെ സ്ഥിരം നാം കണ്ടുവന്നിരുന്ന പല പരിപാടികളിൽ നിന്നും വ്യത്യസ്തമായി സാധാരണ ജനങ്ങൾക്ക് വളരെ പരിചിതമായ പ്രമേയങ്ങളാണ് മറിമായത്തിന്റെ പ്രത്യേകതകളിലൊന്ന്. ശരിക്കും ആക്ഷേപഹാസ്യം. സാമൂഹ്യ വിമർശനം ഹ്യൂമറിന്റെ സഹായത്തോടെ നിർവ്വഹിച്ചിരിക്കുകയാണ് മറിമായത്തിൽ.

മഴവില്ലിലെ തന്നെ തട്ടീം മുട്ടീം സീരിയലും ചിരിക്കു വകനൽകുനതാണ്. ഏഷ്യാനെറ്റിലെ കോടീശ്വ്വരൻ പരിപാടിയിൽ അവതാരകൻ സുരേഷ് ഗോപി എന്തൊരു ബഹളമായിരുന്നു. ആ പരിപാടി ഇപ്പോൾ ഇല്ലെന്നു തോന്നുന്നു. എന്നാൽ കൈരളിയിലെ പച്ചക്കുതിര അവതരിപ്പിക്കുന്ന സിദ്ദീക്കിനെ നോക്കൂ. എത്ര നല്ല ഒതുക്കത്തിലാണ് അദ്ദേഹം ആ പരിപാടി അവതരിപ്പിക്കുന്നത്. യാതൊരു ബഹളവുമില്ല. ദാ പോയി ദാ വന്നു എന്ന മട്ടിലുള്ള വൃത്തികേടുകൾ ഒന്നുമില്ല. കോടീശ്വരൻ കണ്ടപ്പോൾ തോന്നിയ വെറുപ്പ് പച്ചക്കുതിര കാണുമ്പോൾ ഇല്ല.

എനിക്കത്ര ഇഷ്ടപ്പെടാത്ത പരിപാടീകളാണ് മഴവില്ലിലെ വെറുതയല്ല ഭാര്യ, കൈരളിയിലെ അമ്മ അമ്മായിയമ്മ എന്നീവ. ഇ-ലോകവുമായി ബന്ധപ്പെട്ട പരിപാടികൾ ഏതു ചാനലിൽ വന്നാലും ഞാൻ കാണും. ദർശന റ്റി.വിയിൽ ബ്ലോഗ്ഗർമാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്. അതെനിക്ക് വളരെ ഇഷ്ടമായി. ഇ-ലോകത്തെ എഴുത്തുകാരെയും ശ്രദ്ധിക്കാൻ ഏതെങ്കിലും ചാനൽ തയ്യാറാകുന്നല്ലോ. നന്ന്.ആ പരിപാടി ഞാനിനി സ്ഥിരം കാണും. എല്ലാ ചാനലുകളിലെയും എല്ലാ പരിപാടികളെയും കുറിച്ച് ഇപ്പോൾ വിശദമായി എഴുതുന്നില്ല. ഇന്നത്തെ ചിരിയുടെ ആവേശത്തിൽ ഇത്രയും എഴുതിയതാണ്. നല്ല ചാനൽ പരിപാടികൾ ഒരുക്കി അവതരിപ്പിക്കുന്നവർക്കെല്ലാം അഭിനന്ദനങ്ങൾ!

Friday, November 23, 2012

പി.ഗോവിന്ദപ്പിള്ളയ്ക്ക് ആദരാഞ്‌ജലികൾ

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു


മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ള (പി.ജി) അന്തരിച്ചു. മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്ത്  ഇ.എം.എസിന് തൊട്ടടുത്ത സ്ഥാനമാണ് അദ്ദേഹത്തിനു കല്പിക്കാവുന്നത്. സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരമായിരുന്നു പി.ജി. അറിവിന്റെ  ഭാരം സദാ തലയിലേറ്റി നടന്നിരുന്ന അദ്ദേഹം പക്ഷെ യാതൊരു തലക്കനമോ ബുദ്ധിജീവി ജാഡകളോ ഒരിക്കലും  ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. നിഷ്കളങ്കമായ ചിരിയും സ്നേഹമയമായ  പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സാംസ്കാരിക കേരളത്തിനാകെയും സി.പി.ഐ.എമ്മിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ചും ഒരു വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.  തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും  വിശ്വമാനവികതയുടെ മഹത്തായ  സന്ദേശമാണ് പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം കേവലം ഒരു ചാരുകസേരബുദ്ധിജീവി മാത്രമായി ഒത്തുങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല. സംസ്ഥാന നിയമസഭാംഗമായും സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമൊക്കെയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വായന ഒരു ലഹരിയായി കൊണ്ടു നടന്ന പി.ജി അതിലൂടെ താൻ നേടുന്ന അറിവുകൾ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ജനസമക്ഷം പങ്കുവച്ചുകൊണ്ടിരുന്നു. നിരവധി അമൂല്യമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ബുദ്ധിജിവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാധാരണക്കാരുടെയും   റഫറൻസ് ഗ്രന്ഥങ്ങളാണ് പി.ജിയുടെ പുസ്തകങ്ങൾ. അദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങളും പ്രഭാഷണങ്ങളും ക്ലാസ്സുകളും മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ ചെലവഴിക്കുന്ന ഏതു സന്ദർഭവും     ഓരോ “സർവ്വകലാശാലകൾ“  തന്നെയായിരുന്നു. എഴുത്തിൽ പുസ്തകങ്ങളുടെ എണ്ണപ്പെരുപ്പം  അദ്ദേഹം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം  എഴുതിയ പുസ്തകങ്ങൾ ഓരോന്നും എക്കാലത്തും  വിലമതിക്കാനാകാത്ത ബൌദ്ധിക സ്വത്തുക്കളായിരിക്കും. പി.ജിയ്ക്ക് പകരം പി.ജി മാത്രം. സഖാവ് പി.ജിയുടെ അഭാവം നമ്മുടെ സാംസ്കാരിക ലോകത്തിന്  വലിയൊരു നഷ്ടം തന്നെയായിരിക്കും. സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ മാർക്സിസ്റ്റ് ആചാര്യന്, ആ മഹാ പണ്ഡിതന്, ആ സാംസ്കാരിക പ്രതിഭയ്ക്ക് എന്റെയും   ആദരാഞ്‌ജലികൾ

ദേശാഭിമാനി വാർത്ത ചുവടെ


പി.ഗോവിന്ദപ്പിള്ള അന്തരിച്ചു
Posted on: 22-Nov-2012 11:23 PM
തിരു: മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനിയുടെ മുന്‍ മുഖ്യപത്രാധിപരുമായിരുന്ന പി ഗോവിന്ദപിള്ള (86) അന്തരിച്ചു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി ജി വ്യാഴാഴ്ച രാത്രി പതിനൊന്നോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. നവംബര്‍ 14 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സില്‍ ബിരുദം നേടി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ തടവില്‍ കഴിയുമ്പോള്‍ മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭാ ചേര്‍ന്നില്ല. 1998ല്‍ മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു.

പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്‍മാന്‍, ജേര്‍ണല്‍ ഓഫ് ആര്‍ട് ആന്റ് ഐഡിയാസ് ത്രൈമാസികയുടെ പത്രാധിപസമിതി അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണ സമിതിയിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റികളിലും അംഗമായിരുന്നു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാള മനോരമ വാർത്ത ചുവടെ

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം. പ്രമുഖ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25നു ജനിച്ച പി.ഗോവിന്ദപ്പിള്ള  ആലുവ യുസി കോളജില്‍ പഠിക്കുമ്പോള്‍ പി. കൃഷ്ണപിള്ളയുടെ സ്വാധീനവലയത്തില്‍പ്പെട്ടു കമ്യൂണിസ്റ്റുകാരനായി. വിദ്യാഭ്യാസകാലത്തു ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു നാലുതവണ ജയില്‍വാസം അനുഭവിച്ചു. ജയില്‍വാസക്കാലം ഹിന്ദി, തമിഴ്, കന്നട ഭാഷകള്‍ പഠിക്കാന്‍ വിനിയോഗിച്ചു. എതല്‍ ലിലിയന്‍ വോയ്നിച്ചിന്റെ 'കാട്ടുകടന്നല്‍ പരിഭാഷപ്പെടുത്തിയതു ജയില്‍വാസത്തിനിടയ്ക്കാണ്. 1951ല്‍ ഇരുപത്താറാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരുകൊച്ചി നിയമസഭയിലേക്കു ജയിച്ചു. 1953 മുതല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍.

സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ത്തന്നെ പെരുമ്പാവൂരില്‍നിന്ന് നിയമസഭയിലേക്കു വിജയിച്ചു. 1960ല്‍ മല്‍സരിച്ചു തോറ്റു. 1964ലും 67ലും പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

ന്യൂ ഏജ് പത്രാധിപസമിതി അംഗം, ദേശാഭിമാനി മുഖ്യപത്രാധിപര്‍, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

'മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം; ഉദ്ഭവവും വളര്‍ച്ചയും എന്ന പഠനഗ്രന്ഥത്തിന് 1988ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ നൂറു വാല്യങ്ങളുള്ള സമാഹാരം പ്രസിദ്ധപ്പെടുത്തിയതിന്റെ ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.

എം. എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവളും റിട്ട. ഫിലോസഫി പ്രഫസറുമായ രാജമ്മയാണു ഭാര്യ. മക്കളായ എം.ജി. രാധാകൃഷ്ണനും പാര്‍വതിയും പത്രപ്രവര്‍ത്തനരംഗത്തു സജീവം. സിപിഎം. നേതാവും തിരുവനന്തപുരം മുന്‍ മേയറുമായ വി. ശിവന്‍കുട്ടി മരുമകന്‍.

വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം മികച്ച വായനക്കാരനും വിവിധ വിഷയങ്ങളില്‍ പണ്ഡിതനുമായിരുന്നു. 30,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി സ്വന്തമായിരുന്നു. കൈരളി ടെലിവിഷനില്‍ അവതരിപ്പിച്ച 'വിദേശം പരിപാടി വിജ്ഞാനത്തിലും വീക്ഷണത്തിലുമുള്ള പുതുമകൊണ്ട് വലിയ ശ്രദ്ധ പിടിച്ചുപറ്റി.
കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആശയ പ്രചാരകനുമായിരിക്കുമ്പോഴും പാര്‍ട്ടിനയങ്ങളുമായി പൊരുത്തപ്പെടുത്താന്‍ പി.ഗോവിന്ദപ്പിള്ളയ്ക്കു പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂര്‍ച്ചയുള്ള ആ നാവും തൂലികയും പലതവണ പാര്‍ട്ടി ശാസനയും നടപടിയും ഏറ്റുവാങ്ങി.

സൈലന്റ് വാലി വിവാദത്തില്‍ സിപിഎം നയത്തിനു വിരുദ്ധമായി ശാസ്ത്ര സാഹിത്യ പരിഷത്തിനോടൊപ്പം നിന്നു പദ്ധതിയെ എതിര്‍ത്ത പിജി, പാര്‍ട്ടിയുടെ അപ്രീതിക്കു പാത്രമായെങ്കിലും നിക്ഷ്പക്ഷമതികളുടെ പ്രശംസ നേടി.

അടിയന്തരാവസ്ഥക്കാലത്തു നക്സലൈറ്റ് നേതാവായ കെ. വേണുവിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും പാര്‍ട്ടി വിമര്‍ശനം ഏറ്റുവാങ്ങി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെടാന്‍ പിജി തന്ത്രം മെനഞ്ഞതായും പാര്‍ട്ടി കുറ്റപ്പെടുത്തുകയുണ്ടായി. കര്‍ണാടകയില്‍ നാടന്‍പാട്ടു ഗവേഷണത്തിന് അദ്ദേഹം പോയതിനെപ്പറ്റിയായിരുന്നു ആരോപണം. അതേച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടപ്പെട്ടു.

ചൈനയിലെ ടിയനന്‍മെന്‍ സ്ക്വയറില്‍ സ്വാതന്ത്യ്രദാഹികളായ യുവജനങ്ങളെ ഡെങ് സിയാവോ പിങ്ങിന്റെ സൈന്യം കൂട്ടക്കൊല ചെയ്തപ്പോള്‍ അതിനെതിരെ തൂലിക ചലിപ്പിക്കാന്‍ ഇദ്ദേഹം ധൈര്യംകാട്ടി. അതിനും പാര്‍ട്ടിയുടെ ശാസന നേരിടേണ്ടി വന്നു.
മന്നത്തു പത്മനാഭനെ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ചതും വന്‍ ഒച്ചപ്പാടു സൃഷ്ടിച്ചിരുന്നു. 1999ല്‍  ദേശാഭിമാനിയുടെ ഞായറാഴ്ച പതിപ്പിലായിരുന്നു വിവാദ ലേഖനം വന്നത്. സംസ്ഥാനമെമ്പാടും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു പാര്‍ട്ടിയും ദേശാഭിമാനിയും വിവാദ പരാമര്‍ശം തങ്ങളുടെ അഭിപായമല്ലെന്നു പിജിയെ തള്ളിപ്പറഞ്ഞു. ഭാഷാപോഷിണിയില്‍ വന്ന അഭിമുഖത്തിലെ ഇ എം എസിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിജിയെ സംസ്ഥാന കമ്മിറ്റിയില്‍നിന്നു പുറത്താക്കിയിരുന്നു. ഈ പ്രശ്നത്തില്‍ ഇഎംഎസ് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

കേരള കൌമുദി വാർത്ത ചുവടെ 

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം: മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. കുറച്ചുദിവസമായി വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ചികിത്‌സയിലായിരുന്നു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി.ഗോവിന്ദപ്പിള്ള(പി ജി)​ വ്യാഴാഴ്ച രാത്രി പതിനൊന്നേ കാലോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്.

പി.ജിയുടെ ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 11 മുതൽ 12 മണിവരെ എ.കെ.ജി സെന്രറിലും 12 മണി മുതൽ വി.ജെ.ടി ഹാളിലും പൊതു ദർശനത്തിനുവയ്ക്കും. വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരിക്കും.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 1957ലും 1967ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.   പാര്‍ട്ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു.

വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പി.ജിയുടെ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

Saturday, November 17, 2012

ഭരണകൂട ഭീകരതയുടെ പുത്തൻ വഴിത്താരകൾ

ആദ്യം ഈ ലേഖനം പ്രസിദ്ധീകരിച്ച മാസികയെപ്പറ്റി ഏതാനും വാക്കുകൾ

കൈരളി നെറ്റ് മാസിക 

കൊല്ലത്തു നിന്നും ഒരു മാസിക തുടങ്ങിയിട്ടുണ്ട്. കൈരളിനെറ്റ് എന്നാണ് അതിന്റെ പേര്. ആദ്യത്തെ രണ്ടു മൂന്നു ലക്കങ്ങൾ വായിച്ചപ്പോൾ തന്നെ എനിക്കിഷ്ടമായി. നിലവാരം പുലർത്തുന്ന ഒരു മാസികയാണ്. അതുകൊണ്ടുതന്നെ  അതിൽ എന്തെങ്കിലും എഴുതണമെന്ന ആഗ്രഹം എനിക്കും ഉണ്ടായി. പുതിയ ലക്കത്തിൽ എന്റെയും ഒരു ലേഖനം ഉണ്ട്. അത് സ്കാൻ ചെയ്ത്  ഇമേജായി  ഇതോടൊപ്പം താഴെ ചേർക്കുന്നു. ബ്ലോഗ്ഗർമാരുടെ കൂടി സൃഷ്ടികൾ ഉൾപ്പെടുത്തണം എന്ന ആഗ്രഹം കൈരളി നെറ്റ് സംരംഭകർക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ബ്ലോഗ്ഗർമാർ അവരുടെ ഭേദപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകൾ നൽകുകയും പുതിയ സൃഷ്ടികൾ അയച്ചു കൊടുക്കുകയും ചെയ്ത് സഹകരിച്ചാൽ അത്  മാസികയ്ക്ക് കൂടുതൽ ഗുണകരമാകും. തൽക്കാലം പ്രതിഫലമൊന്നും നൽകാനവർക്ക് കഴിഞ്ഞെന്നിരിക്കില്ല. എങ്കിലും ഇ-എഴുത്തുകാരെക്കൂടി സഹകരിപ്പിച്ചുകൊണ്ട് ഒരു മാസിക നടത്തിക്കൊണ്ടു പോകുവാൻ അതിന്റെ സംഘാടകർ ആഗ്രഹിക്കുമ്പോൾ അതിനോട് ബ്ലോഗ്ഗർമാർ മനസറിഞ്ഞ് സഹായിക്കേണ്ടതും സഹകരിക്കേണ്ടതുമാണ് എന്ന് എനിക്ക് തോന്നുന്നു. കഴിയുന്നത്ര പേർ ഇതിന്റെ വരിക്കാരാവുക എന്നതും  ഒരു വലിയ സഹായവും പ്രോത്സാഹനവും ആയിരിക്കും. കഴിയുമെങ്കിൽ അത്യാവശ്യം പരസ്യംങ്ങൾ സംഘടിപ്പിച്ചുനൽകിയും ആർക്കും സഹായിക്കാം. വാർഷിക വരിസംഖ്യ 120 രൂപ മണീ ഓർഡർ അയച്ചാൽ    കൈരളിനെറ്റ് മാസിക പോസ്റ്റിൽ ലഭിക്കും. പോസ്റ്റ് ഓഫീസിൽ പോകുക, മണി ഓർഡർ ഫോറം പൂരിപ്പിക്കുക എന്നതൊക്കെ തിരക്കിനിടയിൽ പലർക്കും ബുദ്ധിമുട്ടായി തോന്നാം. തിരക്കുള്ളവർക്ക് ആരെയെങ്കിലും കൊണ്ട് ഒരു മണി ഓർഡർ ഫോം വാങ്ങിപ്പിച്ച് പൂരിപ്പിച്ച് ആ പൈസയും കൊടുത്തു പോസ്റ്റ് ഓഫീസിൽ വിട്ടാലും മതിയല്ലോ. അല്ലെങ്കിൽത്തന്നെ നാം ദിവസവും എത്ര പോസ്റ്റ് ഓഫീസുകൾ മറി കടന്നു പോകുന്നു. ഒരു അഞ്ചു മിനുട്ടിൽ ഒരു മണി ഓർഡർ പൂരിപിച്ച് അയക്കാമല്ലോ. ഞാനിതു പറയാൻ കാരണം പലരും ഒരു ചെറു സംഖ്യ മുടക്കുവാൻ ഇല്ലാത്തതുകൊണ്ടോ ആഗ്രഹമില്ലാത്തതുകൊണ്ടോ അല്ല ഏതെങ്കിലും പ്രസിദ്ധീകരണങ്ങളുടെ പോസ്റ്റൽ വരിക്കാരാകാത്തത്. തിരക്കും, മടിയും, മറതിയും മറ്റും കാരണമാണ്.  കൈരളിനെറ്റ് മാസിക തപാലിൽ ലഭിക്കാനുള്ള  വിലാസം ഇതോടൊപ്പം നൽകുന്നു. 

മാനേജർ, കൈരളിനെറ്റ് മാഗസിൻ, ഇരവിപുരം പി.ഒ, കൊല്ലം-11

കൈരളിനെറ്റിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു

ക്കഴിഞ്ഞലക്കം (2012 നവംബർ)  കൈരളിനെറ്റ് മാസികയിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനം ഇമേജായി  താഴെ നൽകുന്നു. ഇമേജിൽ  ക്ലിക്ക് ചെയ്ത് ലേഖനം  വലുതാക്കി കണ്ടു  വായിക്കാം. ഓരോ പേജിറ്റെയും ഇമേജിൽ മൌസ് വച്ച് റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പൾ വരുന്ന മെനുവിൽ വ്യൂ ഇമേജ് എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ടൂൾ വരും (ഒരു ലെൻസ്). ആലെൻസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ ഇമേജ് വലുതായി കാണിക്കും. അപ്പോൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. വീണ്ടും ആ ടൂളിൽ ക്ലിക് ചെയ്യുമ്പോൾ ഇമേജ് പൂർവ്വസ്ഥിതിയിൽ ആകും. അറിഞ്ഞുകൂടാത്തവർക്കു വേണ്ടി വിശദീകരിച്ചു എന്നു മാത്രം. ഇമേജ് ഫയലുകൾക്കു താഴെ ലേഖനം ടൈപ്പുചെയ്തതും ഇട്ടിട്ടുണ്ട്. ഓരോരുത്തരുടയും സൌകര്യവും താല്പര്യം പോലെയൊക്കെ വായിക്കുക.

ഇനി ലേഖനത്തിന്റെ മൂലരൂപം പൂർണ്ണരൂപത്തിൽ ടൈപ്പുചെയ്തത് താഴെ നൽകുന്നു

ഭരണകൂട ഭീകരതയുടെ പുത്തൻ വഴിത്താരകൾ

ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങൾ ഉപയോഗിച്ച് ജനങ്ങളെ കായികമായി അടിച്ചമർത്തി ഭരിക്കുന്നതു മാത്രമല്ല ഭരണകൂടഭീകരത. ഒരു ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾ കൊണ്ടോ ബോധപൂർവ്വമുള്ള  നിഷ്ക്രിയത്വം കൊണ്ടോ അവഗണന കൊണ്ടോ മറ്റേതുതരത്തിലും  ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന ഏതു പ്രവർത്തനവും ഒരു തരത്തിൽ  ഭരണകൂട ഭീകരതയാണ്. രാഷ്ട്രസംരക്ഷണം, ക്രമസമാധാന പാലനം,  മറ്റ് ദൈനംദിനകാര്യനിർവ്വവണം, രാജ്യത്തിന്റെയും ജനങ്ങളുടെയും  പൊതുവായ മേൽനോട്ടം എന്നിങ്ങനെ ചുരുക്കി കാണാവുന്ന ഏതാനും ഉത്തരവാദിത്തങ്ങളിൽ ഒതുങ്ങുന്നതല്ല ഒരു ആധുനിക രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ചുമതലകൾ. ഒരു ഭരണകൂടസംവിധാനത്തിന് സർവ്വതല സ്പർശിയായ ഒട്ടേറെ ചുമതലകൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനങ്ങൾക്ക് സുഗമമായ ഒരു ജീവിതാവസ്ഥ സൃഷ്ടിച്ചു കൊടുക്കുക എന്നതാണ്. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളുടെ കാര്യത്തിൽ ഒരു ഭരണകൂടം സദാ ജാഗരൂകമായിരിക്കണം. തങ്ങളുടെ ജീവിതം കൂടുതൽ സുഖകരമാക്കിത്തരാൻ കഴിയുന്ന ഒരു ഭരണം പ്രതീക്ഷിച്ചുകൊണ്ടാണ് ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾ ഒരു ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത്. എന്നാൽ അതിനു വിരുദ്ധമായി  ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യംതന്നെ ജനങ്ങളെ ഭയപ്പെടുത്തും വിധം പ്രവർത്തിച്ചാൽ അതിനെയും ഭരണകൂടഭീകരത എന്നുതന്നെയാണ് പറയേണ്ടത്.  നമ്മുടെ രാജ്യത്ത് ഇപ്പോൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടമില്ലാത്ത ഒരു അരാജകസംവിധാനമായിരുന്നെങ്കിൽപോലും ഇത്രയും ജീവിത പ്രയാസങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ജനം കരുതിപ്പോകുന്ന സാഹചര്യങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്. പ്രകൃത്യാലോ, സമ്പദ്‌വ്യവസ്ഥയുടെയും കമ്പോള ശക്തികളുടെയും  മറ്റും പ്രവർത്തനഫലമായോ, ബാഹ്യശക്തികളുടെ ഇടപെടലുകൾകൊണ്ടോ, മറ്റേതെങ്കിലും വിധത്തിലോ  ഒരു രാഷ്ട്രത്തിലെ ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടായാൽ തങ്ങളുടെ രക്ഷയ്ക്ക് കാവലായി ഒരു ഭരണകൂടമുണ്ടെന്ന ബോധ്യമാണ് ഏതൊരു രാഷ്ട്രത്തിലെയും ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്നത്. എന്നാൽ ഇവിടെ ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യംതന്നെ ജനങ്ങളെ ഭയവിഹ്വലരാക്കുകയാണ്.

ഇവിടെ അഴിമതി കൊടികുത്തി വാഴുന്നത് ഇവിടെ ഒരു ഭരണകൂടസംവിധാനം ഉള്ളതുകൊണ്ടാണ്. കാരണം ഭരണകൂടം തന്നെയാണ് ഇവിടെ ഭീകരമായ അഴിമതി നടത്തുന്നത്. മുകൾതട്ടുമുതൽ താഴേതട്ടുവരെയും അഴിമതിയ്ക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും ഭരണകൂടം തന്നെയാണ്. ഇവിടെ ജനജീവിതം ദുസഹമാക്കും വിധം വിലവിർദ്ധനവുണ്ടാകുന്നത് ഇവിടെ ഒരു ഭരണകൂടസംവിധാനമുള്ളതുകൊണ്ടാണ്. കാരണം ഇവിടെ അടിയ്ക്കടി വിലവർദ്ധനവുണ്ടാക്കുന്നത് ജനവിരുദ്ധമായ  ഭരണകൂടനയങ്ങൾ കാരണമാണ്. വിലവർദ്ധന രൂക്ഷമാകുമ്പോൾ കമ്പോളത്തിൽ ഇടപെട്ട് അത് നിയന്ത്രിക്കേണ്ട ഭരണകൂടംതന്നെ വിലവർദ്ധവ രൂക്ഷമാക്കുവാൻ വേണ്ടി ബോധപൂർവ്വം കമ്പോള ശക്തികളെ സഹായിക്കുകയാണ്. പരമാവധി സമത്വത്തിലേയ്ക്ക് രാഷ്ട്രത്തെ നയിക്കേണ്ട ഭരണകൂടം ഇവിടെ സ്വയം അസമത്വത്തിന്റെ തത്വശാസ്ത്രമായ മുതലാളിത്തത്തെ ശക്തിപ്പെടുത്തുവാൻ ബോധപൂർവ്വം പശ്രമിക്കുകയാണ്. തങ്ങളുടെ ജീവിതം ദുരിതപിപൂർണ്ണമാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭരണകൂടം  തികഞ്ഞ  ധാഷ്ഠ്യത്തോടെ പെരുമാറുകയാണ്.  ജനകീയ സമരങ്ങളെ നിയമ- നീതിന്യായ സംവിധാനങ്ങളെ ദുരുപയോഗിച്ച് അടിച്ചമർത്തുകയാണ്.  സരരങ്ങളും പണിമുടക്കുകളും മറ്റ് പ്രതിഷേധ മാർഗ്ഗങ്ങളുമെല്ലാം വികസന വിരുദ്ധ പ്രവർത്തനങ്ങളാണെന്ന ധാരണ ബോധപൂർവ്വം സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ്. ജനാധിപത്യത്തെ കളങ്കമില്ലാതെ പരിപാലിച്ച് ശക്തിപ്പെടുത്തേണ്ട ഭരണകൂടം തന്നെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്. ജനാധിപത്യം എന്നാൽ ഇന്ന് പണാധിപത്യമായി മാറിയിരിക്കുന്നു. പണമില്ലാത്തവർക്കുകൂടി ജീവിക്കുവാനാവശ്യമുള്ള സാമൂഹ്യാവസ്ഥകൾ സൃഷ്ടിച്ചുകൊടുക്കേണ്ട ഭരണകൂടംതന്നെ കാശുള്ളവർ മാത്രം ജീവിച്ചാൽ മതിയെന്ന് ഉറക്കെ വിളിച്ചു പറയുകയാണ്. ഇവിടെ  ഭരണകൂടം മുതലാളിത്തത്തിന്റെ ദാസ്യവേല ചെയ്യുകയാണ്. മുതലാളിത്തം ഇച്ഛിക്കുന്ന രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ഏതൊരു  സാഹചര്യവും സൃഷ്ടിച്ചുകൊടുക്കുവാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് നമ്മുടെ ഭരണകൂടം നിർഭയം വിളിച്ചു പറയുകയാണ്. ഇവിടെ ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് പാവപ്പെട്ടവരും സാധാരണക്കാരുമായ  ജനം ചിന്തിച്ചുപോയാൽ അതിൽ അവരെ കുറ്റം പറയാനാകില്ല. ഒരു ഭരണകൂടംതന്നെയില്ലാതെ കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്നതും  യാന്ത്രികമായി പ്രവർത്തിക്കുന്നതുമായ ഒരു  അരാജകസമൂഹത്തിൽ പോലും ഭരണകൂട സാന്നിദ്ധ്യമുള്ള ഇപ്പോഴത്തെ അവസ്ഥയിലുള്ളതിനേക്കാൾ നീതി തങ്ങൾക്കു ലഭിക്കുമായിരുന്നു എന്ന് ജനം ചിന്തിച്ചുപോയാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ജങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടതും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി സദാ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുമായ  ഭരകൂടംതന്നെ  ജനങ്ങളുടെ ഏറ്റവും വലിയ ശത്രുവായി നിലകൊള്ളുന്നുവെന്ന ഭയാനകമായ ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ രാജ്യത്ത് നില നിൽക്കുന്നത്. പെട്രോൾ, ഡീ‍സൽ, പാചകവാതകം തുടങ്ങി സാധാരണക്കാ‍രന്റെ ജീവിതം ദുസഹമാക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങളുടെ മുഖത്തുനോക്കി ഇനിയും വിലവർദ്ധനവുണ്ടാകും വേണമെങ്കിൽ നാവടക്കി ജീവിച്ചുകൊള്ളൂ‍ എന്നാണ് നമ്മുടെ ഭരണാധികാരികൾ  ക്രൂരമായ ഭാവത്തോടെ വിളിച്ചുപറയുന്നത്.

നമ്മുടെ രാജ്യത്ത് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നല്ല; ശാസ്ത്ര-സാങ്കേതികരംഗത്തും ഗതാഗത വാർത്താവിനിമയ സൌകര്യങ്ങളുടെ കാര്യത്തിലും പ്രതിരോധത്തിന്റെ കാര്യത്തിലുമൊക്കെ വലിയ പുരോഗതി ഉണ്ടാ‍യിട്ടുണ്ട്. അതൊക്കെ ഉണ്ടാകേണ്ടതുമാണ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യാനന്തരം ഒരു കാര്യത്തിലും മുന്നേറിയിട്ടില്ലെന്നോ വികസിച്ചിട്ടില്ലെന്നോ കണ്ണുമടച്ച് ആരും പറയില്ല.  എന്നാൽ രാജ്യം വികസിച്ചു എന്നതുകൊണ്ട് ജനജീവിതത്തിനും അതിനൊത്ത പുരോഗതി ഉണ്ടായി എന്നു പറയാനാകില്ല. ഇവിടെ രാജ്യം നേടിയ പുരോഗതിയുടെ ഗുണങ്ങൾ  ഏതാനും പേർക്ക് മാത്രമാണ് അനുഭവിക്കാൻ കഴിയുന്നത്. അതാ‍യത് സമ്പന്ന വർഗ്ഗത്തിനു മാത്രം. സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുകയും ദരിദ്രർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് നമ്മുടെ രാജ്യത്ത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്. ദരിദ്രരുടെയും സാധാരണക്കാരുടെയും ജീവിതം നാൾക്കുനാൾ ദുസഹമാ‍യിക്കൊണ്ടിരിക്കുന്നു. ഇതിനുത്തരവാദികൾ മാറിമാറിവന്ന ഭരണകൂടങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ അന്നന്നത്തെ അന്നത്തിനു പോലും വല്ലാതെ കഷ്ടപ്പെടുന്നവരും പട്ടിണിക്കാരും തൊഴിലില്ലാത്തവരും കിടപ്പാടമില്ലാത്തവരും നിത്യതൊഴിൽ ഇല്ലാത്തവരും  വളരെ ശോചനീയമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവരുമാണെന്ന കാര്യം ഗൌരവത്തിലെടുത്തുകൊണ്ടുള്ള ഭരണമല്ല നാളിന്നുവരെ മാറിമാറിവന്ന സർക്കാരുകൾ നടത്തിയിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം പത്തറുപത്തഞ്ചുകൊല്ലം ജനാധിപത്യഭരണം നടന്നിട്ടും ഭൂരിപക്ഷജനതയുടെ ജീവിത സാഹചര്യങ്ങളിൽ കാര്യാ‍യ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനെ എന്തുപറഞ്ഞും ന്യായീകരിക്കാനാകില്ല. ജനസംഖ്യ ഉയർന്നതാണെങ്കിലും ഭൂവിസ്തൃതിയിലും വിഭവശേഷിയിലും പിന്നോക്കാവസ്ഥയുള്ള ഒരു രാജ്യമല്ല ഇന്ത്യ. പരാശ്രയമില്ലാതെ  സ്വയം പര്യാപ്തമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുവാനുള്ള എല്ലാ ചുറ്റുപാടുകളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. കാർഷികമായും വ്യാവസായികമായും ഗണ്യമായ പുരോഗതി കൈവരിക്കുവാനുള്ള സാഹചര്യങ്ങൾ ഇന്ത്യയിലുണ്ട്. ആ സാഹചര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയാത്തത് നാളിതുവരെ ഇവിടെ ഭരണം നടത്തിയിട്ടുള്ളവരുടെ പിടിപ്പുകേടും ആത്മാർത്ഥതയില്ലായ്മയും തന്നെയാണ്. രാജ്യപുരോഗതിക്കുപകരം സ്വന്തം കീശവീർപ്പിക്കുവാനുതകുന്ന പ്രവർത്തനങ്ങളിലുമാണ് ഭരണത്തിലേറുന്നവർ ശദ്ധിച്ചു പോരുന്നത്. ഭരണം ഉപയോഗിച്ചു സ്വന്തം കാര്യം നേടുന്ന കാര്യത്തിൽ നമ്മുടെ നേതാക്കളെ വെല്ലാൻ ലോകത്ത് മറ്റാർക്കും കഴിയില്ലതാനും! എണ്ണിത്തിട്ടപ്പെടുത്താനാകാത്തത്രയും തുകയുടെ അഴിമതികളാണല്ലോ അവർ നടത്തി ലോകത്തെ ഞെട്ടിപ്പിക്കുനത്.    

രാഷ്ട്രം എന്നാൽ ഒരു ഭൂമിശാത്രപ്രദേശം മാത്രമല്ല. ഒരു ഭൂപ്രദേശവും അവിടെ കുറെ ജനങ്ങളും അവരെ നയിക്കാൻ ഒരു ഭരണകൂടസംവിധാനവും ഉള്ളപ്പോഴാണ് അത് ഒരു രാഷ്ട്രമകുന്നത്. ഉദഹരണത്തിന് അന്റാർട്ടിക്ക ഒരു രാജ്യമാണ് ഒരു രാഷ്ട്രമല്ല. കാരണം അവിടെ ആൾപ്പാർപ്പും ഗവർണ്മെന്റും ഒന്നുമില്ല. അപ്പോൾ ഒരു രാജ്യത്തിന്റെ പുരോഗതി എന്നു പറഞ്ഞാൽ ജനങ്ങളുടെ പുരോഗതിയാണ്. രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. അല്ലാതെ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതല്ല. ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടി എന്നത് ഹിറ്റ്ലറുടെ നയമാണ്. ജനമുണ്ടെങ്കിലേ രാഷ്ട്രമുള്ളൂ. ജനങ്ങളുടെ സൌകര്യത്തിനാണ് രാഷ്ട്രവും രാഷ്ട്രീയവ്യവസ്ഥിതിയും മറ്റും  ഉണ്ടാക്കുന്നത്. ഇവിടെയിപ്പോൾ  രാഷ്ട്രവും ജനങ്ങളും എല്ലാം ഭരണവർഗ്ഗത്തിനുവേണ്ടിയുള്ളതാണെന്ന് തോന്നും നമ്മുടെ ഭരണകൂട നയങ്ങൾ കണ്ടാൽ. അധികാരം നേടുന്നത് സ്വന്തം സ്വാർത്ഥത്തിനുവേണ്ടിയെന്ന് ഓരോ ഭരണാധികരിയും കരുതുന്നതിന്റെ ദുരന്തം ജനങ്ങൾ അക്ഷരാർത്ഥത്തിൽ അനുഭവിക്കുകയാണ്. ഏറ്റവും കൂ‍ടുതൽ അഴിമതി നടത്തുന്നവർ ഏറ്റവുമധികം മഹത്വവൽക്കരിക്കപെടുന്നവരായി മാറുന്നു. നമ്മുടെ ഓരോരോ മന്ത്രിമാർ ഇന്ന് അഴിമതിയിലൂടെ നേടുന്ന തുക രാജ്യം തന്നെ അളന്നുവാങ്ങാവുന്നതിലും വലുതാണ്. സമ്പത്ത് ഏതാനും വ്യക്തികളുടെ പേരിൽ കേന്ദ്രീകരിക്കാതിരിക്കുവാൻ നിയമമുണ്ടാക്കിയിട്ടുള്ള രാജ്യമാണ് നമ്മുടേതെങ്കിലും ഇന്നും ഇന്ത്യ വിലയ്ക്കുവാങ്ങാൻ കഴിവുള്ളത്രയും സമ്പന്നർ നമ്മുടെ രാജ്യത്തുണ്ട്. രാജ്യം സെന്റുവിലയ്ക്ക് അളന്നുവാങ്ങാ‍ൻ കഴിയാത്തതുകൊണ്ട് അവർ ഭരണാധികാരികളെ വിലയ്ക്കു വാങ്ങുന്നു. എന്നിട്ട് അവരുടെ ബിസിനസ് സാമ്രാജ്യങ്ങൾ വിപുലപ്പെടുത്തുന്നു. മുതലാളിത്തം അരക്കിട്ടുറപ്പിക്കുന്നു. ഭരണാധികാരികൾ ജനങ്ങളുടെ തലയിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യം വിറ്റു  വിറ്റുതുലയ്ക്കുന്നു.  അങ്ങനെ അവരും സമ്പന്നരാകുന്നു. ഇന്ന് ഇവിടുത്തെ നേതാക്കന്മാരിൽ നല്ലൊരു പങ്കും അഴിമതിയിലൂടെയും മറ്റ് അവിഹിത മാർഗ്ഗങ്ങളിലൂടെയും  അതിവേഗം രാജ്യം അളന്നുവാങ്ങാൻ കഴിയുന്നത്ര സമ്പന്നരായിക്കൊണ്ടിരിക്കുന്നു.

തെരഞ്ഞെടുപ്പിനുമുന്നേ രാഷ്ട്രീയപ്പാർട്ടികളെ മുതലാളിമാർ വിലയ്ക്കുവാങ്ങുന്നു. വ്യവസായികളിൽ നിന്നും മറ്റും  വാങ്ങുന്ന കാശുകൊണ്ട് രാഷ്ട്രീയകക്ഷികൾ വോട്ട്  വിലക്കു വാങ്ങുന്നു.  കാശിനു വാങ്ങിയ വോട്ടിനു പിന്നെ ജനങ്ങളോട് കടപ്പാടില്ലല്ലോ. അധികാരത്തിൽ എത്തുന്നവർ പണമൊഴുക്കി നേടുന്ന വിജയം ജനകീയ അംഗീകാരമായി കരുതുന്നില്ല. അതുകൊണ്ട് അവർ ജനങ്ങളോടുള്ള കടപ്പാടിനെ പറ്റി ചിന്തിക്കുന്നതുമില്ല. വിലപ്പെട്ട സമ്മതിദാനാവകാശം എന്നത് ഇന്ന് പണപരമായിത്തന്നെ പറയാൻ കഴിയും. വോട്ട് പോലും ഇന്ന് പണം നൽകി വാങ്ങാവുന്ന ഒരു ഉപഭോഗ വസ്തുവാണ്. സമ്പന്ന വർഗ്ഗതാല്പര്യം സംരക്ഷികുവാനുതകുന്ന ഭരണം വരുവാൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വൻ കുത്തകകളും മൾട്ടി നാഷണൽ കമ്പനികളും പണം ഒഴുക്കുന്നു. ഈ പണം പലവിധത്തിൽ പ്രയോജനപ്പെടുത്തി ജനങ്ങളെ വിലയ്ക്കുവാങ്ങുന്ന ദല്ലാൾമാരായി  പ്രബല രാഷ്ട്രീയപ്പാർട്ടികളും അവയുടെ നേതാക്കളും മാറുന്നു. മുതലാളിമാർക്കു വേണ്ടി ഭരണം നടത്തുന്ന ഏജന്റുമാരായി ഭരണാധികാരികൾ മാറുന്നു. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്നാണ് ഏബ്രഹാം ലിങ്കൺ ജനാധിപത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. എന്നാൽ ഇവിടെയിപ്പോൾ ജനാധിപത്യം എന്നുപറഞ്ഞാൽ  മുതലാളിമാർക്കുവേണ്ടി മുതാ‍ളിമാരാൽ സൃഷ്ടിക്കപ്പെടുന്ന മുതലാളിമാരുടെ ഭരണം എന്നായി  മാറിയിരിക്കുന്നു  തെരഞ്ഞെടുപ്പിനു കുത്തകകളും മൾട്ടി നാഷണൽ കമ്പനികളും സംഭാവന ചെയ്ത പണം തിരിച്ചു പിടിക്കാൻ കുത്തകകൾക്കു വേണ്ട സൌകര്യങ്ങൾ  ഭരണം നേടുന്നവർ ചെയ്തുകൊടുക്കുന്നു. അവിടെ രാജ്യത്തിന്റെ ഖജനാവോ, കഷ്ടന്ഷ്ടങ്ങളോ, ജനങ്ങളോ ഒന്നും ഭരണനേതാക്കൾക്ക് ഒരു പ്രശ്നമേയല്ല. രാ‍ഷ്ട്രീയം ഒരു വ്യവസായമായാണ് ഇന്ന് നമ്മുടെ രാഷ്ട്രീയക്കാർ കാണുന്നത്. പണ്ടൊക്കെ മുതൽ മുടക്കില്ലാത്ത ഒരു ബിസിനസ്സാണ് രാഷ്ട്രീയമെന്ന് പറയുമായിരുന്നു. എന്നാൽ ഇന്ന് മുതലുള്ളവർ പലരും മുതലിറക്കിത്തന്നെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. മുടക്കുന്നതിന്റെ എത്രയോ മടങ്ങ് തിരിച്ചുപിടിക്കാമെന്ന ഉറപ്പ് അവർക്കുണ്ട്. ഒരു മന്ത്രിതന്നെ ആകണമെന്നില്ല. ഒരു എം.എൽ.എയോ, എം.പിയോ ഭരണാധികാരികളെ സ്വാധീനിക്കാനാകുന്ന എന്തെങ്കിലുമൊരു സ്ഥാനമോ മതി ഇന്ന് പണമുണ്ടാക്കാൻ. അങ്ങനെ പണം മുടക്കിയും മുടക്കാതെയും രാഷ്ട്രീയത്തിൽ ലാഭക്കച്ചവടത്തിനിറങ്ങുന്നവർ ആർജ്ജിക്കുന്ന അധികാരം ഉപയോഗിച്ച് അവർ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുമെന്ന് വിശ്വസിക്കുന്ന സാമാന്യജനമാണ് വിഡ്ഢികൾ. നിത്യോപയോഗസാധനങ്ങളുടെ വിലകൂടിയാലോ രാജ്യത്ത് ജനങ്ങൾ പട്ടിണിയിലും ദുരിതത്തിലും ആയാലോ അവർക്കെന്ത്? ഇവിടെ പെട്രൊളിന്റെ വിലകൂട്ടിയാൽ സകലമാന സാധനങ്ങളുടെയും വിലകൂടുമെന്ന് അറിയാഞ്ഞിട്ടല്ലല്ലോ അതിന്റെ വർദ്ധിപ്പിക്കുന്നത്. പെട്രോൽ വിലകൂട്ടാനും കുറയ്ക്കാനുമുള്ള അധികാരംതന്നെ ഇപ്പോൾ എണ്ണക്കമ്പനികൾക്കാണ്. ഇനി ഡീസലിന്റെ വിലനിശ്ചയിക്കുവാനുള്ള അവകാശവും എണ്ണകമ്പനികൾക്ക് നൽകാ‍ൻ പോകുകയാണത്രെ. കമ്പോളത്തിലുള്ള ഇടപെടലിൽ നിന്ന് ഘട്ടം ഘട്ടമായി സർക്കാർ പിൻ‌വാങ്ങുകയെന്നാൽ യാന്ത്രികമുതലാളിത്തത്തിനു രാജ്യം സമ്പൂർണ്ണമായും വിട്ടുകൊടുക്കുക എന്നാണർത്ഥം. സ്വകാര്യവൽക്കരണനയം വഴി പൊതുമേഖല എന്നൊന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ആഗോളവൽക്കരണം, സ്വകര്യവൽക്കരണം, ഉദാരവൽക്കരണം ഇവയൊക്കെ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന വിപത്തുകളെക്കുറിച്ച് വിവരമുള്ളവർ മുമ്പേ ചൂണ്ടിക്കാണിച്ചപ്പോൾ അവരെ കളിയാക്കുകയും മനുഷ്യനു പറഞ്ഞാൽ മനസിലാകുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കൂ എന്നു പറയുകയും ചെയ്തവരുണ്ട്.  അവർക്കുകൂടിയും  ഇപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ മനസിലായിത്തുടങ്ങി. ക്രമേണ ഉണ്ടാകുമെന്നു പറഞ്ഞ വിപത്തുകൾ പ്രതീക്ഷിച്ചതിലും പ്രവചിച്ചതിലും നേരത്തേ സംഭവിച്ചു എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനു ലോകത്ത് രണ്ട് മാതൃകകൾ ഉണ്ടായിരുന്നു. ഒന്ന് സോഷ്യലിസത്തിന്റെയും മറ്റൊന്ന് മുതലാളിത്തത്തിന്റെയും. സോഷ്യലിസം ഒരു  ലക്ഷ്യമായിത്തന്നെ  നമ്മുടെ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചവേളയിൽ  അന്ന്  സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല അംശങ്ങൾ ഉൾപ്പെടുത്തി രണ്ടിന്റെയും ദോഷവശങ്ങൾ ഉണ്ടാകാത്തവിധം ഒരു മിശ്രസമ്പദ്വ്യവസ്ഥയാണ് അന്നത്തെ നേതാക്കൾ മുന്നോട്ടു വച്ചത്. ആത്യന്തികമായി സോഷ്യലിസം സ്ഥാപിക്കാനുതകും വിധമുള്ള ഒരു ക്രമീകരണം  എന്ന നിലയ്ക്കാണ് മിശ്രസമ്പദ് വ്യവസ്ഥ അന്ന് വിഭാവന ചെയ്തത്. ഇന്നും സാമ്പത്തികശാസ്ത്രത്തിൽ ഇന്ത്യ ഒരു മിശ്രസമ്പദ് വ്യവസ്ഥയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ മിശ്രസമ്പദ് വ്യവസ്ഥയിൽ മുതലാളിത്തഘടകങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കി സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുവാൻ പരിശ്രമിക്കേണ്ട ഭരണാധികാരികൾ തനിമുതലാളിത്തത്തിന്റെ പാതയിലേയ്ക്കാണ് ഇന്ത്യയെ നയിച്ചത്. കാലക്രമേണ സോഷ്യലിസം എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നതിനു പകരം പൊതുമേഖലയെ ആകെ തകർത്ത് ഒരു മുതലാളിത്ത സമൂഹം സൃഷ്ടിച്ചെടുക്കുന്നതിനുള്ള വ്യഗ്രതയായിരുന്നു ഇവിടെ ഭരണത്തിലേറുന്നവർക്ക്. ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നീ നയങ്ങൾ പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ത്യ സോഷ്യലിസം എന്ന ലക്ഷ്യത്തിൽ നിന്ന് ഏറെ അകലുകയും തനിമുതലാളിത്തത്തോട് അതിവേഗം അടുക്കുകയും ചെയ്തു. ഇന്ന് നമ്മുടെ ഭരണാധികാരിവർഗ്ഗം സോഷ്യലിസം എന്ന പദം ഒരു അലങ്കാരത്തിനുവേണ്ടി പോലും ഉച്ചരിക്കാതായിരിക്കുന്നു. എന്നുതന്നെയല്ല സമ്പൂർണ്ണ മുതലാളിത്ത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുവാൻ പ്രതിജ്ഞാബദ്ധമാണ്‌ തങ്ങളെന്ന് ഭരണനേതൃത്വം സദാ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ സംഘാടനത്തിനു നേതൃത്വം വഹിച്ച നമ്മുടെ രാജ്യം ഇന്ന് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു അമേരിക്കൻചേരിരാഷ്ട്രം എന്ന നിലയിൽ അറിയപ്പെടുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു. ലോകമാകെ സാമ്രാജ്യത്വത്തിനെതിരെ ജനരോഷമുയർന്നുവരുമ്പോൾ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക്  നമ്മുടെ രാജ്യത്തെ  അടിയറവയ്ക്കുന്ന നയങ്ങളാണ് നമ്മുടെ ഭരണകൂടം സ്വീകരിക്കുന്നത്. ലാഭേച്ഛയിൽ അധിഷ്ഠിതമായ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥിതി ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ ലക്ഷ്യമാകുമ്പോൾ വില വർദ്ധനയെക്കുറിച്ചോ പാവപ്പെട്ടവരുടെയും  സാധാരണക്കാരുടെയും  ജീവിത പ്രയാസങ്ങളെക്കുറിച്ചോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കഴിവുള്ളവർ അതിജീവിക്കും എന്നതാണ് മുതലാളിത്തത്തിന്റെ ധാർഷ്ഠ്യാദർശം. അതുകൊണ്ട് പാവപ്പെട്ടവരും സാധാരണക്കാരും കഴിവില്ലാത്തവരാണെങ്കിൽ സ്വയം കെട്ടടങ്ങുകയേ നിവൃത്തിയുള്ളൂ. ഇനി പ്രതിഷേധിക്കാമെന്നാണെങ്കിൽ അതിനുള്ള അവകാശങ്ങളൊക്കെ നീതി പീഠത്തിന്റെ കൂടി സഹായത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പാതയൊര പൊതുയോഗ നിരോധനം, സമാധാനപരമായി പോലും സമരം ചെയ്യുന്നവരുടെ പേരിൽ  കേസെടുക്കൽ, മാധ്യമസ്വാതന്ത്ര്യത്തിനുനേർക്കുള്ള ഭരണകൂട ഇടപെടലുകൾ, സോഷ്യൽ നെറ്റ് വർക്കുകൾക്കുമേലുള്ള വിലക്കുകൾ എന്നൊക്കെ കേൾക്കുമ്പോൾ  അരാഷ്ട്രീയവൽക്കരിക്കപ്പെട്ട മനസുകൾക്ക് അതെല്ലാം  നല്ല കാര്യങ്ങളായി തോന്നും. എന്നാൽ ജനങ്ങളെ അടിച്ചമർത്തി ഭരിക്കാനുളള ഭരണകൂടത്തിന്റെയും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാമ്രാജ്യത്വത്തിന്റെയും  കുടിലതന്ത്രങ്ങളുടെ ഫലമായാണ് സമൂഹം അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. അരാഷ്ട്രീയവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകില്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ ബഹുമാനപ്പെട്ട നീതിപീഠങ്ങളുടെ ഭാഗത്തുനിന്നും  ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കുന ഇടപെടലുകൾ ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ഭരണകൂടവും പോലീസും, നീതിപീഠവും അപ്പാടെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായാൽ സംഭവിക്കുന്നത് ഭരണകൂടഭീകരതയായിരിക്കും. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുനത്. ഇങ്ങനെ പോയാൽ  ജനാധിപത്യം എന്നാൽ ഒരു ഭരണകൂടം സ്ഥാപിക്കുനതിനുള്ള  കേവലമായ ഒരു ഉപാധി എന്നതിനപ്പുറം ഒന്നുമല്ലാതാകുന്ന സ്ഥിതിയുണ്ടാകും. തെരഞ്ഞെടുപ്പുകൾ  ഭരണകൂട ഭീകരതയ്ക്കുള്ള ഒരു ലൈസൻസ് ആയി മാറും. ഇപ്പോഴത്തെ നിലവച്ചു നോക്കിയാൽ ഇവിടെ  ജനാധിപത്യമാർഗ്ഗത്തിലൂടെ സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കപ്പെടുന്ന വിരോധാഭാസമാണ് ഭാവിയിലും  നമുക്ക് പ്രതീക്ഷിക്കാവുന്നത്!