Showing posts with label അനുസ്മരണം. Show all posts
Showing posts with label അനുസ്മരണം. Show all posts

Sunday, July 16, 2023

നീയില്ലാതെ രണ്ട് വർഷം

നീയില്ലാതെ രണ്ട് വർഷം


അനിയത്തി. 2021 ജൂലൈ 9 നായിരുന്നു. വർഷം രണ്ട് കഴിയുന്നു. എന്റെ ജീവിതത്തിലെ എക്കാലത്തെയും വലിയ നഷ്ടം, ദുഃഖം അങ്ങനെയെന്നെ കടന്നുപോയി. അതിലും വലുത് എനിക്കിനി വരാനില്ല. എനിക്ക് ജീവിതത്തോട് തന്നെ തീരെ വിരക്തി തോന്നിത്തുടങ്ങിയ ദിവസത്തിന്റെ ഓർമ്മദിനം കൂടിയാണത്. അവളോളം പ്രാധാന്യം അന്നുമിന്നുമിനിയെന്നും എന്റെ ജീവിതത്തിൽ വേറെയില്ല. ഉമ്മാ, വാപ്പ ഇവരെല്ലാം എനിക്ക് അവൾക്ക് താഴെയെ ഉള്ളൂ എന്ന് പറയാൻ പോലും എനിക്ക് മടിയില്ല.  ഞാൻ ജീവിച്ചിരിക്കെ അവൾ പോയി എന്നതാണ് എന്നെ ഏറ്റവും അലോസരപ്പെടുത്തുന്നത്. ഏത് അളവുകോൽ വച്ച് നോക്കിയാലും എന്നെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കേണ്ടത് അവളായിരുന്നു. അത്രത്തോളം അർത്ഥം, പ്രധാന്യം ഞാൻ എന്റ ജീവിതത്തിന് ഒരിക്കലും കല്പിക്കുന്നില്ല. ഏത് സന്തോഷത്തിലും ഉള്ളിലൊരു തീനോവായി എന്നുമെപ്പോഴും അവൾ കൂടെയുണ്ട്. ആ നോവൊഴിഞ്ഞ ഒരു നിമഷവും ഞാൻ ആഗ്രഹിക്കുന്നുമില്ല. അവളെക്കുറിച്ചോർത്ത് , ആ അകാല നഷ്ടത്തെയോർത്ത് എനിക്ക് എന്നും സങ്കടപ്പെട്ടുകൊണ്ടേയിരിക്കണം.......

Saturday, July 17, 2021

ഓർമ്മകൾ ഇനിയും ഉണർന്നു കൊണ്ടേയിരിക്കും

 

ക്ഷമിക്കുക! സർജറിയുടെയും ചികിത്സകളുടെയും നാൾവഴികളിൽ രക്ഷപ്പെടുമോ രക്ഷപ്പെടുമോ എന്ന ഇടയ്ക്കിടെയുള്ള നിൻ്റെ ചോദ്യങ്ങൾക്ക്  അവസാനത്തെ ഒരു മാസം മുമ്പ് വരെയും രക്ഷപ്പെടും രക്ഷപ്പെടും എന്നു പറഞ്ഞ് ഉറപ്പു തന്നത് സത്യമായിരുന്നു. കുറയുന്ന അസുഖമാണെന്ന് ഡോക്ടർമാർ പറഞ്ഞത് ശരി തന്നെയായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ, പ്രതിക്ഷയോടെ തന്നെയാണത് പറഞ്ഞത്.

പക്ഷെ സഹനത്തിൻ്റെ  ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷം  രോഗനിലയറിയാൻ ആ വലിയ പെറ്റ് സ്കാൻ എടുത്ത ശേഷം,  ഞാൻ നിന്നോട്   പറഞ്ഞതിൽ പലതും അനിവാര്യമായ കള്ളമായിരുന്നു. അതുവരെയെന്ന പോലെ സഹനശക്തിയുടെ പരമാവധിയെയും വെല്ലുവിളിക്കുന്ന കഠിനമായ വേദനകളെ നേരിടാൻ അതിജീവിക്കുമെന്ന പ്രത്യാശ നിന്നിൽ കെടാതെ നിൽക്കേണ്ടത് അനിവാര്യതയായിരുന്നു. 

ചെയ്ത കീമോ കൾ അപര്യാപ്തമായിരുന്നെന്നും റേഡിയേഷൻ്റെ സാദ്ധ്യതകൾക്കപ്പുറം അസുഖം സ്പ്രെഡായെന്നും ശക്തമായ കീമോ മാത്രമാണ് പ്രതിവിധിയെന്നും  ഡോക്ടർമാർ വിധിക്കുമ്പോഴും അസുഖം കുറയുമെന്ന ഉറപ്പ് ഡോക്ടർമാരുടെ വാക്കുകളിലുമുണ്ടായിരുന്നില്ല. പക്ഷെ വീണ്ടും ശക്തമായ  കീമോ തുടരാൻ കഴിയും വിധം ആരോഗ്യം ക്ഷയിച്ച അവസ്ഥയിൽ നിന്നും നീ വീണ്ടും അതിജീവിച്ചുവരുമെന്ന പ്രതീക്ഷ നമ്മൾ  പൂർണ്ണമായും കൈവിട്ടിരുന്നില്ല. 

ഒരു മിറക്കിളിലായിരുന്നു പിന്നെ എല്ലാവരിലും പ്രതീക്ഷ.  ഉറപ്പില്ലാത്ത ആ പ്രത്യാശയിൽ നിന്നു കൊണ്ട്,  കീമോ വീണ്ടും തുടരാൻ കഴിഞ്ഞാലും രോഗത്തെ അതിജീവിക്കുമെന്ന ഉറപ്പില്ലായ്മ മറച്ചു വച്ചു കൊണ്ട് നിനക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഒരു പാട് കർത്തവ്യങ്ങൾ ബാക്കി നിൽക്കുന്ന നിൻ്റെ ജീവിതം കൈവിട്ടു പോകുമെന്നത് നിനക്ക് ചിന്തിക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു.   ആർ.സി.സിയിൽ അവസാനം പോയ ദിവസം നീ പോലുമറിയാതെ  നൽകിയ മോർഫിൻ ഇഞ്ചക്ഷൻ്റെ സുഖം പറ്റി വീട്ടിലേയ്ക്കുള്ള ആ ആംബുലൻസ് യാത്രയെ പറ്റി നല്ല യാത്രയായിരുന്നു, സുഖമായിരുന്നു എന്ന് നീ പറയുമ്പോൾ എൻ്റെ മനസ്സ് അണകെട്ടി നിർത്തിയ ഒരു കണ്ണീർ കടലായിരുന്നു.  

അവസാനം കൗണ്ട് കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും വേദന കുറയ്ക്കാനുമെന്നു പറഞ്ഞ് നൽകിയ ഇഞ്ചക്ഷനുകൾ മോർഫിനല്ലെങ്കിലും  വേദനയ്ക്ക് ശമനമുണ്ടാകാൻ  വേണ്ടി മാത്രമുള്ളതാണെന്നതായിരുന്നു നിന്നോട് പറയാതിരുന്ന മറ്റൊരു  സത്യം.  അതു കൊണ്ടു തന്നെ അവസാനിമിഷം വരെയും പ്രത്യാശ നഷ്ടപ്പെടാതെ  വേദനകളോടും രോഗത്തോടും അടിപതറാതെ പൊരുതാൻ നിനക്ക് കഴിഞ്ഞു. 

വാക്കുകൾക്കതീതമായ  കൊടിയ   വേദനകൾക്കും രോഗങ്ങൾക്കും ഒടുവിൽ നിൻ്റെ രോഗത്തിനു നിൻ്റെ ജീവനെടുക്കാൻ കഴിഞ്ഞു. പക്ഷെ നിന്നെ  തോല്പിക്കാൻ കഴിഞ്ഞില്ല. തോല്പിക്കാൻ കഴിയാത്ത ശത്രുവിനെ കുതന്ത്രങ്ങൾ കൊണ്ട് കൊന്നു ജയിക്കുന്ന ശത്രുവിനയാന് നിൻ്റെ മരണത്തിൽ ഞാൻ കണ്ടത്.  പൊരുതി പൊരുതി ഒടുവിൽ നീ മരണത്തിൻ്റെ അത്യാഗ്രഹത്തിനു കീഴ്പെട്ടു കൊടുത്തു എന്നേ ഞാൻ പറയൂ. 

സ്വന്തം ജീവിതത്തിൻ്റെ നാൾവഴിപരിസരങ്ങളിൽ നിന്നും നീ ആർജ്ജിച്ചെടുത്ത സഹനശക്തിയുടെ കരുത്ത് മുഴുവൻ പുറത്തെടുത്ത് നീ നടത്തിയ പോരാട്ടങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനകളോടെ, നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച് എൻ്റെ മനസ്സ് ഒടുവിലൊടുവിൽ കല്ലായി മാറിയിരുന്നു എന്നത് നീയും  മനസ്സിലാക്കിയിരുയിരുന്നോ എന്നറിയില്ല. എങ്കിലും നിൻ്റെ അവസാനശ്വാസം വരെ നിൻ്റെയൊപ്പം നിന്നു പരിചരിക്കാൻ കഴിഞ്ഞു എന്നുള്ളതു മാത്രമാത്രമാണ് നമുക്ക് എല്ലാം ആശ്വാസമായുള്ളത്. 

നീ അനുഭവിച്ച വേദനകൾക്കും രോഗത്തിനും പകരം നൽകാൻ ചികിത്സകളും പരിചരണവുമല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിയുക? ജീവൻ്റെ വിലയെന്താണെന്ന്, ജീവിക്കാനള്ള ഒരു മനുഷ്യൻ്റെ ആഗ്രഹമെന്താണെന്ന് എനിക്ക് നല്ല മുന്നറിവും അനുഭവങ്ങളുമുണ്ട്. അല്ലെങ്കിൽ തന്നെ  ഒരുറുമ്പിനെ പോലും നോവിക്കാനിഷ്ടപ്പെടാത്ത, പുറത്ത് പറ്റുന്ന ഒരീച്ചയെ പോലും കൊല്ലാതെ ഊതി വിടുന്ന  ഒരു പിതാവിൻ്റെ മക്കളായ എന്നെയും നിന്നെയും ജീവൻ്റെ വില- അതാരും പഠിപ്പിക്കേണ്ടല്ലോ. 

ആ അവസാന ദിവസം എനിക്ക് മരിച്ചാൽ മതിയെന്ന് നിന്നെക്കൊണ്ട് പറയിച്ചത് ആ  വേദനകളാണ്. അല്ലാതെ ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ തന്നെ ജീവിക്കാൻ ആഗ്രഹമില്ലാതെ മരിച്ച ആരെങ്കിലുമുണ്ടാകുമോ ലോകത്ത് ? സ്വയം ജീവനൊടുക്കിയവർ പോലും ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറ്റ് നിവൃത്തികൾ ഇല്ലെന്ന ശരിയോ തെറ്റോ ആയചിന്തയിലാണ് സ്വയം ജീവനൊടുക്കുന്നതു പോലും! . 

വേദനകളില്ലാത്ത ലോകത്തിലേക്കാണ് നീ  പോയതെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. നിന്നെക്കാൾ കുറഞ്ഞ പ്രായത്തിലേ മരിച്ചവരെയോർത്ത് ഞാൻ സമാധാനിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മരിക്കാത്തവരില്ലെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. ഞാനുമൊരിക്കൽ മരിക്കുമെന്നോർത്ത് സമാധാനിക്കുന്നു. അതെ, മരണത്തിൻ്റെ കാര്യത്തിൽ നീ ഒറ്റയ്ക്കല്ല, അതെല്ലാവർക്കും സംഭവിക്കുന്നതാണെന്നോർത്ത് ഞങ്ങൾ എല്ലാവരും സമാധാനിക്കാൻ ശ്രമിക്കുന്നു. അതെ, ശ്രമിക്കുന്നതേയുള്ളു!

Monday, August 24, 2020

സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

  

 

സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

തട്ടത്തുമല എ. ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചുള്ള ഈ അനുസ്മരണക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ പലതും അദ്ദേഹത്തിന്റെ മകൻ എന്ന നിലയിൽ ഈയുള്ളവൻ തന്നെ പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ചിന്തിക്കാഞ്ഞിട്ടല്ല;  മറിച്ച് എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ഒക്കെ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രത്യേകിച്ചും പുതുതലമുറയ്ക്കും വരും തലമുറയ്ക്കും ഒരു ചെറിയ റഫറൻസ് എന്ന നിലയിൽ  ഇതിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നെങ്കിൽ ലഭിച്ചുകൊള്ളട്ടെ എന്ന് കരുതിക്കൂടിയാണ് എന്റെ പരിമിതമായ അറിവുകളുടെ ഒരു കുഞ്ഞ് സമാഹാരം എന്നുള്ള  നിലയ്ക്ക് കൂടി ഞാൻ ഈ അനുസ്മരണക്കുറിപ്പ് സമർപ്പിക്കുന്നത്.

തട്ടത്തുമല ശ്രീ എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ച് ഒരു മകൻ എന്ന നിലയിലും ഒരു എളിയ പൊതുപ്രവർത്തകൻ എന്ന നിലയിലും എനിക്കറിയാവുന്ന കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങളും സമാഹരിച്ചുകൊണ്ടുള്ള ഒരു അനുസ്മരണക്കുറിപ്പാണിത്.

ആഗസ്റ്റ് 25 തട്ടത്തുമല എ ഇബ്രാഹിം കുഞ്ഞ്സർ അനുസ്മരണ ദിനമാണ്. അന്നാണ് അദ്ദേഹം നിശബ്ദനായത്. സ്നേഹനിധിയായ ഒരു പിതാവിന്റെ ഒരിക്കലും മരിക്കാത്ത ഒർമ്മകൾക്കു മുന്നിൽ ഒരു മകൻ സമർപ്പിക്കുന്ന അഭിമാനക്കറിപ്പുകളുടെ സമാഹാരം.

തട്ടത്തുമല. എം.സി റോഡ് അഥവാ ഇന്നത്തെ സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്ന തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു മനോഹരമായ ഗ്രാമം. ഇന്നത്തെ പോലെ സ്കൂളും വായനശാലയും പാൽ സൊസൈറ്റിയും അംഗൻവാഡികളും കടകമ്പോളങ്ങളും ഒന്നുമില്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു ഈ ഗ്രാമത്തിനും. കാടും മലയും വെട്ടിത്തെളിച്ച് ജനവാസവും കൃഷിയും ജീവിതവും കുടിയേറ്റമുമൊക്കെ തുടങ്ങി എത്രയോ വർഷങ്ങൾ അങ്ങനെ കടന്നു പോയി. വയലും തോടും കൃഷിയോഗ്യമായ പുരയിടങ്ങളും  പാറക്കൂട്ടങ്ങളും എല്ലാം നിറഞ്ഞ് നിരപ്പും നിമ്നോന്നതങ്ങളുമെല്ലാം സമം ചേർന്ന തട്ടുകളൊത്ത വാസയോഗ്യമായ ഒരു പ്രദേശം. അന്നത്തെ തട്ടൊത്തമല. അതാണ് ഇന്നത്തെ തട്ടത്തുമല.

പിൽക്കാലത്ത് അടുത്തും അകലെയും ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ കുടിയേറി വന്ന് ജനവാസം കൂടിക്കൂടി വന്നു. അക്കൂട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ്തന്നെ തൊട്ടടുത്ത് കിളിമാനൂരിനടുത്ത് പാപ്പാല പുളിമൂട്ടിൽ കുടുംബത്തിൽ നിന്നും രണ്ട് ശാഖകൾ കുടിയേറി തട്ടത്തുമലയിലെ ഒരു വയലോരംപറ്റി ഇരുകരകളിലായി സ്ഥിരതാമസമാക്കി. അതിലൊന്നായിരുന്നു. പണയിൽ പുത്തൻവീട്. അവിടെ അബ്ദുൽ ഖാദർ - ബീവിക്കുഞ്ഞ് ദമ്പതികൾക്ക് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം ഏഴ് മക്കൾ. അവരിൽ മൂത്ത പുത്രനായിരുന്നു പിൽക്കാലത്ത് തട്ടത്തുമലയിൽ സർവ്വാദരണീയനും സ്നേഹ നിധിയുമായിത്തീർന്ന ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ.

പിൽക്കാലത്ത് തട്ടത്തുമലയുടെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതികൾക്ക് നാന്ദി കുറിക്കാൻ മുൻനിരയിൽ നിന്ന് നയിച്ച ഈ മനുഷ്യൻ വേറിട്ടൊരു വ്യക്തിത്വത്തിനും ജീവിത മാതൃകകൾക്കും ഉടമയായിരുന്നു. വിശ്വാസം കൊണ്ട് അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവൃത്തി പഥത്തിൽ  സമാധാനകാംക്ഷിയായ ഗാന്ധിയൻ മാർഗ്ഗവും സ്വീകരിച്ച എ.ഇബ്രാഹിം കുഞ്ഞ് സാറിൽ തീക്ഷ്ണമായ കൗമാര - യൗവ്വന കാലത്ത് തന്നെ ആദണീയമായ ഒരു വ്യക്തിത്വം രൂപപ്പെടാൻ സഹായിച്ചത് കരുണാർദ്രമായ ഒരു ഹൃദയവും സാമൂഹ്യബോധവും ഇഴുകി ചേർന്ന സവിശേഷ സ്വഭാവങ്ങളൾ കൊണ്ടു കൂടിയാണ്. ടീച്ചേഴ്സ് - ട്രെയിനിംഗ് പാസ്സായി അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ച സാർ ഒരു ദരിദ്ര കർഷക കുടുംബമായ സ്വന്തം കുടുംബത്തിൻ്റെ  ഉത്തരവാദിത്തങ്ങൾ ഏറെ ഉണ്ടായിരിക്കെ തന്നെ  സഹജീവികളുടെ ജീവിതങ്ങളിലേക്കു കൂടി കൺ തുറന്നു.

ദരിദ്രരും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുമായ പ്രദേശവാസികൾക്ക് ഇബ്രാഹിം കുഞ്ഞ് സാർ ഒരു ആശ്വാസവും സാമ്പത്തിക പ്രതിസന്ധികളിൽ അവസാന രക്ഷകനുമായിരുന്നു. വിശിഷ്യാ വളരെ ദയനീയമായ ജീവിതാവസ്ഥകളിൽ കഴിഞ്ഞിരുന്ന ദളിത് സമൂഹത്തോട് ഇബ്രാഹിം കുഞ്ഞ് സാർ കാട്ടിയിരുന്ന സ്നേഹാനുകമ്പയും ശ്രദ്ധയും കരുതലും ആ സമൂഹങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിന് പ്രത്യേകമായൊരിടം നൽകി എന്നു മാത്രമല്ല ദളിത് സമൂഹങ്ങളോടുള്ള ഇതര ജനവിഭാഗങ്ങളുടെ മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കുവാൻ സാർ ഒരു മാതൃകയായി.

മാനവികതയുടെ മൂർത്തി മദ്ഭാവമായിരുന്ന ശ്രീ.എബ്രാഹിം കുഞ്ഞ് സാറിൻ്റെ സഹജീവിയ സ്നേഹവും സാമൂഹ്യബോധവും സ്വാഭാവികമായും അദ്ദേഹത്തെ  ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാക്കി. അക്കാലത്തെ കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ആഗോള സാഹചര്യങ്ങൾ സ്വാഭാവികമായും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റുമാക്കി. തട്ടത്തുമല പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഉദ്ഭവത്തിനും വളർച്ചയ്ക്കും നേതൃത്വപരമായ പങ്കും ധൈഷണികമായും സാമ്പത്തികമായും മറ്റും ഉള്ള ഉറച്ച പിന്തുണയും നൽകി. എന്നാൽ കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിൻ്റെയും നാട്ടുകാരുടെയും കൂടിപൊതുവായ പൊതുവായ ആവശ്യങ്ങൾക്കുകൂടി  പ്രാധാന്യം നൽകിയ സാർ അത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു നാടിൻ്റെ നായകത്വം വഹിച്ചത് തട്ടത്തുമലയുടെ ശില്പിയെന്ന അതിഭാവുകത്വം തോന്നാവുന്ന ഒരു വിളിപ്പേരിനും അദ്ദേഹത്തെ അർഹനാക്കി.

തട്ടത്തുമലയിൽ ഒരു വായനശാല തുടങ്ങിക്കൊണ്ടായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ നേത്യത്വത്തിൽ അക്കാലത്തെ സാമൂഹ്യ പ്രവർത്തകരും യുവാക്കളും തട്ടത്തുമലയുടെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്. അതായിരുന്നു ഇന്ന് സ്വന്തം സ്ഥലവും കെട്ടിടവുമായി തട്ടത്തുമലയിൽ തല ഉയർത്തി നിൽക്കുന്ന സ്റ്റാർ തിയേറ്റേഴ്സ് & കെ.എം.ലൈബ്രറി. ആ വായനശാലയിലിരുന്നാണ് ഇബ്രാഹിം കുഞ്ഞ് സാറും മറ്റ് സാമൂഹ്യ പ്രവർത്തകരും ചേർന്ന് തട്ടത്തുമലയുടെ വികസന സ്വപ്ങ്ങൾ നെയ്തെടുത്തതും യാഥാർത്ഥ്യമാക്കിയതും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് തട്ടത്തുമല ജംഗ്ഷനിൽ സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത്തലയെടുത്ത് നിൽക്കുന്ന തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഒരു പ്രൈമറി സ്കൂളായി തുടങ്ങിയതാണ് ഈ സ്കൂൾ. ഇവിടെയൊരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഇറങ്ങിത്തിരിച്ച അക്കാലത്തെ നാട്ടിലെ മഹാരഥന്മാരുടെ മുൻനിരയിൽ നിന്ന് നയിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ഉണ്ടായിരുന്നു. താൻ കൂടി മുൻകൈയ്യെടുത്ത് സ്ഥാപിച്ച ഈ സ്കൂളിൽ തന്നെയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ അദ്ധ്യാപന ജീവിതത്തിൻ്റെ ഏറിയ പങ്കും ചെലവഴിച്ചത്. അക്കാലത്തെ പൊതുപ്രവർത്തകരിൽ നല്ലൊരു പങ്ക് അദ്ധ്യാപകരും കൂടിയായിരുന്നുവെന്നതും ആ കാലത്തിൻ്റെ ഒരു സവിശേഷതയായിരുന്നു. സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി അക്കാലത്ത് നാട്ടുകാർ നടത്തിയ പരിശ്രമങ്ങളും നൽകിയ സഹായങ്ങളും എന്നും ആവേശത്തോടെയാണ് എ.ഇബ്രാഹിം കുഞ്ഞ് സാർ പിൽക്കാലത്ത് എന്നും സ്മരിച്ചിരുന്നത്.

സ്ത്രീകൾ പൊതുവെ പൊതുരംഗത്ത് വരാൻ മടിച്ചിരുന്ന ഒരു കാലത്ത് നാട്ടിലെ സ്ത്രീകളെ പൊതുരംഗത്തേക്ക് ആനയിച്ച് സ്റ്റാർ മഹിളാസമാജവും സ്റ്റാർ അംഗനവാഡിയും സ്ഥാപിക്കാനായത് ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ സാമൂഹ്യ സേവന ചരിത്രത്തിലെ 'ഒരു പൊൻതൂവലാണ്. ഇന്നത്തെപ്പോലുള്ള സ്ത്രീ ശാക്തീകരണം സ്വപ്നം കാണാൻ കാണാൻ കഴിയാതിരുന്ന ഒരു കാലത്ത് വിവിധ മതസ്ഥരായ കുലീന കുടുംബങ്ങളിലുള്ള സ്ത്രീകളെ പോലും സമൂഹത്തിൻ്റെ മുഖ്യധാരയിലിറക്കി സ്ത്രീശാക്തീകരണത്തിന് ധൈര്യവും  മാതൃകയും നൽകുവാൻ ഇബ്രാഹിം കുഞ്ഞ് സാർ നിസ്തുലമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അക്കാലത്ത് പൊതുരംഗത്തിറങ്ങുന്ന സ്ത്രീകൾ കൗതുക കാഴ്ചകളായിരുന്നെങ്കിൽ ഇന്ന് സ്ത്രീകളെ മുഖ്യധാരയിൽ സർവ്വസാധാരണമാക്കുന്നതിൽ ഓരോ നാട്ടിലെയും ഇബ്രാഹിം കുഞ്ഞ് സാറിനെ പോലെ എത്രയോ മഹാരഥന്മാർ ധൈഷണിക സംഭാവനകൾ നൽകിയിട്ടുണ്ടാകും.

നാടാകെ ഗ്രന്ധശാലകളും ഗ്രന്ധശാലാ പ്രസ്ഥാനവുമൊന്നും രൂപം കൊള്ളുന്നതിനു മുമ്പേ സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള ഒരു ഗ്രന്ധശാലയായി കെ.എം ലൈബ്രറി യെ മാറ്റുന്നതിൽ സാറിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വായനശാല സാറിന് ജീവിതാന്ത്യം വരെ  ജീവവായു പോലെയായിരുന്നു. സ്കൂൾ കഴിഞ്ഞാൽ രാത്രി ഏറെ വൈകുവോളം വായനശാലയിൽ എഴുത്തുകുത്തകളുമായി കഴിയുന്നത് പതിവു ചര്യയായിരുന്നു. കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നൃത്തം, കാക്കാരിശ്ശി നാടകം, സംഗീതം, റേഡിയോ ക്ലബ്ബ്, സ്റ്റാർ ബാലജനസംഘം തുടങ്ങി കലകളെയും സാഹിത്യത്തെയും പരിഭോ ഷിപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ആവുന്നത്ര പരിശ്രമിച്ചു. സാറിൻ്റെ ഏറ്റവും ഇളയ സഹോദരിയടക്കം കുലീന മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളടക്കം കുഞ്ഞ് സാറിൻ്റെ ഉത്തരവാദിത്തത്തിൽ നൃത്തം പഠിക്കാനെത്തിയത് അക്കാലത്തൊരു സാമൂഹ്യവിപ്ലവം തന്നെയായിരുന്നു.

നാടകത്തെക്കുറിച്ച് നല്ല അറിവും അവബോധവുമുണ്ടായിരുന്ന എ.ഇബ്രാഹിം കുഞ്ഞ് സാറായിരുന്നു സ്റ്റാർ തിയേറ്റേഴ്സിൻ്റെ എല്ലാ - പ്രൊഫഷണൽ - അമച്ച്വർ നാടകങ്ങളുടെയും സംവിധായകൻ. കുട്ടികൾക്കായി കൊച്ചു കൊച്ചു നാടകങ്ങൾ ഇബ്രാഹിം കുഞ്ഞ് സാർ രചിക്കുകയും ചെയ്തിരുന്നു. കാക്കാരിശ്ശി നാടകം, കമ്പടികളി പോലുള്ള നാടൻ കലാരൂപങ്ങളെ അദ്ദേഹം പ്രത്യേകമായി പ്രോത്സാഹിപ്പിച്ചിരുന്നു.

കന്നുകാലി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി തട്ടത്തുമലയിൽ ഒരു ക്ഷിരോല്പാദക സഹകരണസംഘം രൂപീകരിക്കുന്നതിനും അദ്ദേഹം മുൻ നിരയിലുണ്ടായിരുന്നു.

സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിനും എത്രയോ മുമ്പുതന്നെ കെ.എം ലൈബ്രറിയിൽ സാക്ഷരതാ പ്രവർത്തനം തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും അക്ഷരജ്ഞാനമില്ലാത്ത കർഷകരെയും കർഷകത്തൊഴിലാളികളെയും ഇബ്രാഹിം കുഞ്ഞ് സാർ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പകൽ കുട്ടികളെയും രാത്രി മുതിർന്നവരെയും അക്ഷരമുറപ്പിക്കുന്ന ഇബ്രാഹിം കുഞ്ഞ് സാർ നാട്ടുകാർക്ക് ഏറ്റവും ആദരണീയനായ മാതൃകാ ഗുരുനാഥനായി.

ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും സി.പി.എം അനുഭാവ അദ്ധ്യാപക സംഘടനാ പ്രവർത്തകനായിരുന്നെങ്കിലും സി.പി.ഐ എമ്മിൻ്റെ പാർട്ടി അംഗമായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയത്തിനതീതമായ സാമൂഹ്യ ബന്ധമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കൈമുതൽ. ജീവിതത്തിലുടനീളം ഉയർന്ന  മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ഇബ്രാഹിം കുഞ്ഞ് സാർ ജാതി മത - കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും സ്നേഹാദങ്ങൾ നേടിയ, സർവ്വാദരണീയനായ, സ്നേഹനിധിയായ ഗുരുനാഥനായിരുന്നു. എക്കാലത്തും തട്ടത്തുമലയുടെ ഒരു സ്വകാര്യ അഭിമാനമായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാർ. അതിരുകളില്ലാത്ത സ്നേഹവും കരുണാർദ്രമാമായ ഒരു ഹൃദയവും കൊണ്ട്, സമാധാനത്തിൻ്റെ സദാദൂതനായി വലിപ്പച്ചെറുപ്പമില്ലാത്ത പെരുമാറ്റം കൊണ്ടും ഏറ്റവും ഇളം തലമുറയോടു പോലുമുള്ള ബഹുമാനം കൊണ്ടും സമാനതകളില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു എ ഇബ്രാഹിം കുഞ്ഞ് സാർ.

ലളിതജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വന്തം കുടുംബത്തിലും ലളിത ജീവിതമാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. പ്രൈമറി സ്കൂൾ അദ്ധ്യാപകൻ എന്ന ഒരു സർക്കാർ ഉദ്യോഗത്തിൻ്റെ പിൻബലമുണ്ടായിരുന്നെങ്കിലും സാമ്പത്തികമായി അദ്ദേഹം സുരക്ഷിതനായിരുന്നില്ല. കാരണം സാമൂഹ്യ സേവനത്തിൻ്റെ മാർഗ്ഗേ വരവിൽ കവിഞ്ഞ ചെലവുണ്ടായിരുന്നത് കുടുംബ ജീവിതത്തിൽ പലപ്പോഴും സാമ്പത്തിക  പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. തട്ടത്തുമലയുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന എ ഇബ്രാഹിം കുഞ്ഞ് സാറിന് പക്ഷെ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാട മോ തട്ടത്തുമലയിലോ മറ്റെവിടെയെങ്കിലുമോ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന പരാജയം ബാക്കി നിന്നിരുന്നു. ഏറേ കാലം വട്ടപ്പാറയിലുള്ള ഒരു കൊച്ചു മൺപുരയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സ്വന്തമായൊരു കൊച്ചുവീടെന്ന സങ്കല്പം ബാക്കിനിൽക്കെയാണ് എൺപത്തിയേഴാം വയസ്സിൽ അദ്ദേഹം ഇനിയൊന്നും സ്വപ്നം കാണാൻ കഴിയാത്ത നിന്നും നിശബ്ദതയിലേക്ക്,  ഇനിയുണരുകാകാത്ത നീണ്ട നിദ്രയിലേക്ക് വിലയം പ്രാപിച്ചത്. ഇത് ഞാൻ പറയാൻ കാരണം  സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെ സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കുമെന്ന പോലെ ഇബ്രാഹിം കുഞ്ഞ് സാറിനും സ്വന്തം കുടുംബത്തിൻ്റെ അഭിവൃദ്ധി ബാക്കി വച്ച ഒരു സ്വപ്നമാക്കി യാത്രയാകാനേ കഴിഞ്ഞുള്ളു. ആ ഒരു ന്യൂനത ഒഴിച്ചാൽ എ ഇബ്രാഹിം കുഞ്ഞ് സാറിന്റെ  കുഞ്ഞ് ജന്മം  സാർത്ഥകമായിരുന്നുവെന്ന് വിശ്വസിക്കുവാനാണ് ഞാനടക്കം ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കുടുംബത്തിനിഷ്ടം.

ശിഷ്യ തലമുറകൾക്ക് അതുല്യനും സർവ്വാദരണീയനുമായ നല്ല ഗുരുനാഥനായിരുന്നു സ്നേഹനിധിയായ ഇബ്രാഹിം കുഞ്ഞ് സാർ. കമ്മ്യൂണിസ്റ്റുകാർക്ക് അദ്ദേഹം ആദർശനിഷ്ഠയുള്ള ഒരു കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. കുടുംബത്തിന് ഒരു നല്ല കുടുംബനാഥനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ഭാര്യയയ്ക്ക് നല്ല ഭർത്താവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. മക്കൾക്ക് സ്നേഹനിധിയായ ഒരു പിതാവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ചെറുമക്കൾക്ക് വാത്സല്യത്തിൻ്റെ നിറകുടമായൊരു കളിക്കൂട്ടുകാരനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. നാട്ടുകാർക്ക് സർവ്വാദരണീയമായ ഒരു സാമൂഹ്യ സേവകനും മാതൃകാദ്ധ്യാപകനുമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. പതിറ്റാണ്ടുകൾക്കു മുന്നേ അഭ്യസ്തവിദ്യരുടെ നടെന്നൊരു ഖ്യാതി നേടിക്കൊടുക്കുന്നതിൽ, തട്ടത്തുമലയുടെ അനുക്രമമായ വികസനമുന്നേറ്റങ്ങളിൽ  ഇബ്രാഹിം കുഞ്ഞ് സാറിനൊപ്പം നിന്ന തട്ടത്തുമലയിലെ മറ്റ്  നിരവധി മഹാരഥന്മാരെ കൂടി ചേർത്തു നിർത്തി,  എ.ഇബ്രാഹിം കുഞ്ഞ് സാറിനെ സ്മരിക്കുന്നതോടൊപ്പം അവരെയെല്ലാവരെയും സ്മരിച്ചു കൊണ്ട് ഈ ഓർമ്മക്കുറിപ്പ് ചുരുക്കുന്നു.

ഇബ്രാഹിം കുഞ്ഞ് സാറിന്റെ സമകാലികരും അദ്ദേഹത്തെ പോലെയോ അതിൽ ഏറിയോ കുറഞ്ഞോ  തട്ടത്തുമലയിൽ സാമൂഹ്യസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്. അവരുടെയൊന്നും പേരുകൾ ഇവിടെ പരാമർശിക്കാതെ പോയത് ഓർക്കാഞ്ഞിട്ടല്ല. ഏതെങ്കിലും പേരുകൾ വിട്ടുപോയാൽ അത് ഒരു അനുചിതമാകും എന്നതുകൊണ്ടാണ്. അവരെയെല്ലാവരെയും ഇത്തരുണത്തിൽ ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഓർമ്മകൾക്കൊപ്പം ഞാൻ ചേർത്തുനിർത്തുകയാണ്. ഇബ്രാഹിം കുഞ്ഞ് സാറിന് മുമ്പും പിമ്പും മണ്മറഞ്ഞ തട്ടത്തുമലയിലെ എല്ലാ പൊതുപ്രവർത്തകരെയും ഞാൻ സ്മരിക്കുന്നു.

 

 

Wednesday, August 5, 2020

സ.വി.പ്രഭാകരന് ആദരാഞ്ജലികൾ!

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ! സി പി ഐ നേതാവ് സ. വി പ്രഭാകരൻ അന്തരിച്ചു. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം. നിലമേൽ പ്രദേശത്തെ രാഷ്ട്രീയ കാരണവർ.നിലമേലിന്റെ രാഷ്ട്രീയ ഗതിവിഗതികളെ പോലും പലപ്പോഴും നിർണ്ണയിച്ചിരുന്ന രാഷ്ട്രീയ കുശാഗ്രബുദ്ധി. നിലമേൽ സർവീസ് സഹകർന ബാങ്കിന്റെ സ്ഥാകപ്രമുഖൻ. സി പി ഐയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന നേതാവ്. ചടയമംഗലം നിയോജക മണ്ഡലത്തിൽ ആര് എം എൽ എ ആകണം എന്ന് തീരുമാനിച്ചിരുന്ന വ്യക്തി. കേരളത്തിലെ സി പി ഐ മന്ത്രിമാരെയും പാർട്ടി സെക്രട്ടറിയെയും വരെ നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്ന നേതാവ്. എല്ലാവരുടെയും ആശാൻ

എന്തൊക്കെ സ്ഥാനമാനങ്ങളിൽ എത്താമായിരുന്നിട്ടും വലിയ മോഹങ്ങളിൽ നിന്ന് ഒഴിഞ്ഞു നടന്ന മഹാമനസ്കൻ. പ്രായോഗിക രാഷ്ട്രീയത്തിലും രാഷ്ട്രീയ വിജ്ഞാനത്തിലും അഗ്രഗണ്യനായിരുന്നെങ്കിലും പൊതുവേദികളിലെ പ്രഭാഷണ വേദികളിൽ മാത്രം മികവ് പുലർത്താൻ കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈശിഷ്ട്യത്തെ ഒട്ടും കുറച്ചുകാണാനാകില്ല. നിലമേലിന്റെ രാഷ്ട്രീയമണ്ഡലങ്ങളിലും ഈയുള്ളവൻ ഇടകലർന്നിട്ടുണ്ടെങ്കിലും പലപ്പോഴും ആശാനുമായി വേദികൾ പങ്കിട്ടിട്ടുണ്ടെങ്കിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അത്ര പരിചയമോ ദീർഘകാല ബന്ധമോ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന നിരാശയുണ്ട്. ഈയുള്ളവന്റെ തട്ടകം പിന്നീട് സ്ഥിരമായി തട്ടത്തുമലയിലൊതുങ്ങിയതിനാൽ പഴയ പരിചയമൊന്നും പുതുക്കാനായില്ല. എങ്കിലും എന്നും ഏറെ ബഹുമാനത്തോടെ നോക്കി കണ്ടിരുന്ന ഒരു സജീവ രാഷ്ട്രീയപ്രതിഭയായിരുന്നു സ. വി പ്രഭാകരൻ.

നിലമേൽ പ്രദേശത്തെ തൊഴിലാളികളുൾപ്പെടെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമിടയിലെ പ്രശ്നങ്ങളിലും തർക്കങ്ങളിലും പല കുടുംബങ്ങൾക്കും അവസാന വാക്ക് ആശാന്റേതായിരുന്നു. ഒരു അതിരുതർക്കം വലിയൊരു തർക്കാമായാൽ പ്രഭകരയണ്ണനെ തേടി ചെല്ലുന്ന പല ആവലാതിക്കാരെയും ഈയുള്ളവനറിയാം.വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളോട് ഇടപഴകിയുരുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിനതീതമായ ജനകീയ ബന്ധം പുലർത്താനും ജനങ്ങളുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങാനും കഴിഞ്ഞിരുന്ന സ. പ്രഭാകരയണ്ണന് എന്റെയും ആദരാഞ്ജലികൾ!


Wednesday, September 11, 2019

വാപ്പയുടെ ഓർമ്മകളിൽ

വാപ്പയുടെ ഓർമ്മകളിൽ

എൺപത്തിയേഴാം വയസ്സിൽ മരണപ്പെട്ട എന്റെ പിതാവിനെക്കുറിച്ച് നിരന്തരമെഴുതുമ്പോൾ നിങ്ങളിൽ പലരും ചിന്തിച്ചേക്കാം ഓ, ഇവനു മാത്രമേ  അച്ഛനുണ്ടായിരുന്നുള്ളോ  ഇത്രമാത്രം ഓർക്കാനും എഴുതാനും ഒരു വാർദ്ധക്യമരണത്തിൽ  എന്തിരിക്കുന്നുവെന്ന്! എന്നാൽ എനിക്ക് എന്തിനെക്കാളും, എല്ലാറ്റിനെക്കാളും വലുത് എന്റെ പിതാവായിരുന്നു. അതെ, ദൈവത്തെക്കാളും ഉയരെയായിരുന്നു അദ്ദേഹത്തിന് എന്റെ മനസ്സിലുള്ള സ്ഥാനം. എന്റെ മതാവിനും അതുതന്നെ സ്ഥാനം. അതുകൊണ്ട് ഇടയ്ക്കിട  എന്റെ വാപ്പായെകുറിച്ച് എഴുതിയും പറഞ്ഞും ഞാനെന്റെ ഓർമ്മകളിൽനിന്ന്  മായാതെ മറയാതെ ജീവിപ്പിക്കും. അതെന്റെ ആത്മസായൂജ്യമാണ്. എന്റെ ഓർമ്മകളിൽ, എന്റെ ചിന്തകളിൽ, എന്റെ ഓരോ നാഡിഞരമ്പിലും  അദ്ദേഹം ഒരിക്കലും മരിക്കാത്ത ഒരു അമാനുഷനാണ്.  മാതാപിതാക്കളെ അളവറ്റ്  സ്നേഹിക്കുന്ന ഏതൊരാൾക്കുമുള്ള സമർപ്പണം കൂടിയാണ് എന്റെ ഈ സ്മരണാഞ്ലികൾ! ജീവിച്ചിരിക്കുമ്പോൾ നമുക്ക് വേണ്ടപ്പെട്ടൊരാളുടെ വില നമ്മളിൽ എല്ലാവരും മനസ്സിലാക്കിയെന്നിരിക്കില്ല.
എന്റെ സ്നേഹനിധിയായ,  കരുണാമയനായ –ക്ഷമിക്കുക അങ്ങനെയല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്ക് ഒന്നും പറഞ്ഞു തുടങ്ങാനാകില്ല- വാപ്പ എ. ഇബ്രാഹിംകുഞ്ഞ്സാർ മരണപെട്ടത് കഴിഞ്ഞ തിരുവോണനാളിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് എൺപത്തിയേഴ് വയസ്സ് പ്രായമുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച് എന്നെ ആശ്വസിപ്പിക്കുന്ന ഒരു ഘടകമേയല്ല. നൂറു വയസ്സോ അതിനുമപ്പുറമോ അദ്ദേഹം ജീവിച്ചിരിക്കണമെന്ന അത്യാഗ്രഹവുമായി വാപ്പയെ ശുശ്രൂഷിച്ചുപോന്ന ഞങ്ങൾക്ക് വാപ്പയുടെ മരണം എൺപത്തിയേഴാം വയസ്സിലും അകാലത്തിലെ മരണമാണ്. കാരണം അദ്ദേഹം ഒപ്പമില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. അത്രമേൽ നമ്മളെ സ്നേഹിച്ച, നമ്മൾ  സ്നേഹിച്ച് കൊതിതീരാത്ത, നമ്മളെ സ്നേഹിച്ച്  കൊതി തീരാത്ത അതിരുകളില്ലാത്ത സ്നേഹത്തിന്റെ,  കാരുണ്യത്തിന്റെ ഒരു കലവറയായിരുന്നു  അദ്ദേഹം.
കഴിഞ്ഞ വർഷം ഇതുപോലൊരു  തിരുവോണനാളിലും വപ്പയെയും കൊണ്ട്  ഞാനും ഉമ്മയും ആശുപത്രിയിലായിരുന്നു. കുറെ ദിവസമായിരുന്നു ആശുപത്രിയിൽ എത്തിയിട്ട്. രാവിലെ അല്പം പ്രയാസങ്ങൾ പ്രകടിപ്പിച്ചെങ്കിലും അന്നുതന്നെ നീണ്ടൊരുറക്കത്തിലേയ്ക്ക് വഴുതി വിഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഇഞ്ചക്ഷന്റെ ബലത്തിൽ സുഖമായൊന്നുറങ്ങുന്നത് കണ്ട് ദിവസങ്ങളോളമുള്ള ഉറക്കമില്ലായ്മയിൽ നിന്ന് മുക്തമായല്ലോ എന്ന ആശ്വാസത്തിൽ വിശ്രമിക്കുകയായിരുന്നു നമ്മൾ. അല്ലാതെ വാപ്പ മരിക്കുന്നതിനെ പറ്റി ചിന്തിക്കാനോ അത് കാത്തിരിക്കാനോ ഞങ്ങൾക്ക് കഴിയില്ലല്ലോ. എത്രയോ തവണ മരണത്തെ മുഖാമുഖം കണ്ട് മരണമെന്ന ആ മഹപാതകിയെ അതിജീവിച്ചതാണ് വാപ്പ. ആ സന്ദർഭത്തെ മുതലെടുത്താണ് മരണം പാത്തു പതുങ്ങി ഉറക്കത്തിലായിരുന്ന വാപ്പയുടെ ദേഹത്തിനല്ല്ലിൽ അന:ധികൃതമായി  പ്രവേശിച്ച് ആ ജീവൻ മോഷ്ടിച്ച് കടന്നുകളഞ്ഞത്.
മരണം നമ്മളെ കബളിപ്പിക്കുന സമയങ്ങളിൽ ഞാൻ പുറത്തിറങ്ങി ഒരു കസേരയിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. വാപ്പയെ കാണാൻ വന്ന ബന്ധുക്കളുമായി സൊറപറഞ്ഞ് ഉമ്മ വാപ്പയുടെ അരികിൽതന്നെ ഉണ്ടായിരുന്നു. വാപ്പ ഉണർന്നിരുന്നെങ്കിൽ അല്പം  കഞ്ഞിയെങ്കിലും കൊടുക്കാമായിരുന്നു എന്ന് കാത്തിരിക്കുകയായിരുന്നു നമ്മൾ .വാപ്പ ഉണർന്നിട്ട് വല്ലതും സംസാരിച്ചിട്ട് പോകാനിരിക്കുകയായിരുന്നു അന്നു വന്ന ബന്ധുക്കൾ. വൈകുന്നേരത്തോടെ ഉറക്കം അല്പം നീണ്ടുപോകുന്നല്ലോ, ഇനി  മതിയെന്ന് കരുതി ഞങ്ങൾ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് മനസ്സിലായത് നമ്മളെയെല്ലാം കബളിപ്പിച്ച് പാത്തു പതുങ്ങിയെത്തിയ മരണം ആ ജീവനുംകൊണ്ട് കടന്നുകളഞ്ഞത്. അതോ ഇനി നമ്മളാരും  വാപ്പയ്ക്കു വേണ്ടി പ്രയാസപ്പെടേണ്ട, ഈ വേദനയൊന്നും താങ്ങാൻ എനിക്ക് ഇനി വയ്യതാനും, ഞാനങ്ങ് പോയേക്കാം  എന്നു പറഞ്ഞ് മരണത്തെ വിളിച്ചു വരുത്തി നമ്മളോട് യാത്രപോലും പറയാതെ വാപ്പ പോയതാണോ? വാർദ്ധക്യത്തിൽ സാധാരണമെന്ന പോലെ ചക്രശ്വാസം വലിച്ച് കണ്ടു നിൽക്കുനവരെ പ്രയാസപ്പെടുത്താതെ ആ ഒരുറക്കത്തിൽ നിന്ന് വാപ്പ  മന:പൂർവ്വം ഉണരാതിരുന്നതാണോ? എങ്ങനെയായാലും അത് വാപ്പയുടെ അവസാനത്തെ ഉറക്കമായിരുന്നു.
മരണം സ്ഥിരീകരിക്കപ്പെടുമ്പോഴും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ട ആനിമിഷങ്ങൾ ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. വാപ്പ മരിച്ചുവെന്ന് ആരോടും വീളിച്ചു പറയാൻ തന്നെ മടിച്ചു നിന്ന നിമിഷങ്ങൾ! ദിവസങ്ങളോളം കല്ലമ്പലത്തിനടുത്തുള്ള  ആ സ്വകാര്യ ആശുപത്രയിൽ ഐ സി യൂണിറ്റിലും അതിനോട് ചേർന്നുള്ള എച്ച് ഡി റൂമിലുമായി കിടത്തിയിരുന്ന വാപ്പയെ രണ്ട് മൂന്ന് ഡയാലിസുകൾ തുടർച്ചയായി നടത്തി ഒരുവിധം രോഗശമനം പ്രത്യക്ഷപ്പെട്ടപ്പോൾ സാധാരണ മുറിയിലേക്ക് മാറ്റിയിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി കഴിയുമ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും നമ്മളും. വാപ്പ പലപല ആശുപത്രികളിലായി ഒരുപാട് തവണ കിടന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിച്ചത് ഈ ആശുപത്രിവാസ കാലത്തായിരുന്നു. ടോയ്ലറ്റിലെ ചെറിയൊരു വീഴ്ചയിൽ ഒരു കൈക്ക് പൊട്ടലുണ്ടായി ആ കൈയുടെ ശേഷി നഷ്ടപ്പെട്ടിടം മുതൽക്കായിരുന്നു അസുഖങ്ങളെല്ലാം ഗുരുതരമായി മാറിയത്.
അനസ്തേഷ്യ നൽകി കൈക്ക് ഓപ്പറേഷൻ നടത്തണമെന്നും നടത്തേണ്ടെന്നും രണ്ടഭിപ്രായം വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. അനസ്തേഷ്യയുടെ ഡോക്ടർ അതിൽ അല്പം റിസ്ക് ഉണ്ട് എന്ന് പറഞ്ഞതു മുഖവിലയ്ക്കെടുത്താണ് ആ ഓപ്പറേഷൻ ഒഴിവാക്കിയത്. ദീർഘസ്നാളായി നെഫ്രോളജി ട്രീറ്റ്മെന്റിലിരിക്കുന്ന, ഇടയ്ക്കിടെ കടുത്ത ശ്വാസം മുട്ട് വന്ന് മരണവെപ്രാളപ്പെടുന്ന ഒരു രോഗിക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തുന്നതിനോട് ഡോക്ടർമാർക്കിടയിലും ബന്ധുക്കൾക്കിടയിലും രണ്ട് പക്ഷമുണ്ടായപ്പോൾ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സർജറിക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ദു:ഖം പിന്നെ ഒരിക്കലും മാറില്ല. അല്പം വേദനകളും അസ്വസ്ഥതകളും അനുഭവിച്ചാലും ഒരു  ദിവസമെങ്കിലും വാപ്പ അധികം ജീവിക്കണമെന്നായിരുന്നു നമ്മുടെ മോഹം. ആ തീരുമാനത്തിന് ന്യായീകരണമുണ്ടെങ്കിലും ആ സർജറി ചെയ്യാതിരുന്നതിൽ പിന്നീട് എനിക്ക് വലിയ പശ്ചാത്താപം തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ആ അനസ്തേഷ്യയോ സർജറിയോ  കാരണമായി മരണപ്പെട്ടിരുന്നെങ്കിൽപോലും ഇത്രയും നിരാശ ഉണ്ടാകുമായിരുന്നില്ലെന്ന ചിന്ത എപ്പോഴും എന്റെ മനസ്സിൽ പലപ്പോഴും  രൂപപ്പേടാറുണ്ട്; ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലെങ്കിലും!  
കഴിഞ്ഞ തിരുവോണദിനം ഒരു ആഗസ്റ്റ് 25 ആയിരുന്നു. അതാണ് എന്റെ പിതാവ് എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ ചരമദിനം. അന്നൊരു തിരുവോണമായിരുന്നതുകൊണ്ട് എന്റെ മനസ്സിൽ ആ കലണ്ടർ തീയതിയെക്കാൾ തിരുവോണമാണ് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. വാപ്പാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു തിരുവോണം. അന്ന് ഉച്ചയ്ക്കും സായാഹ്നത്തിനും ഇടയ്ക്കുള്ള ഏതോ ഒരു സമയത്താണ് വാപ്പയുടെ ശരീരവും ജീവനും തമ്മിലുള്ള വിനിമയബന്ധം നിലച്ചുപോയത്. പക്ഷെ അതൊക്ക ഭൗതികമായ യാഥാർത്ഥ്യങ്ങൾ മാത്രം. എന്റ് ശരീരവും ജീവൻ എന്ന അദ്ഭുതവും തമ്മിലുള്ള ബന്ധം  നിലച്ചു പോകും വരെ എന്റെ ആത്മാവബോധങ്ങളിലെപ്പോഴും ഒരിക്കലും മരിക്കാത്ത ഒരു അദ്ഭുതമനുഷ്യനായി എന്റെ വാപ്പാ ഉണ്ടായിരിക്കും!