Showing posts with label സൈബറിടം. Show all posts
Showing posts with label സൈബറിടം. Show all posts

Monday, June 7, 2021

ക്ലബ് ഹൗസ്

ക്ലബ് ഹൗസ്

ക്ലബ്ബ് ഹൗസുകൊള്ളാം. ഒരുവിധം അതിലും സാക്ഷരനായി. ചാനൽ ചർച്ചകകളുടെ റേറ്റിംഗ് കുറയാനിട. ആ സമയങ്ങളിലെല്ലാം ടിവിയുടെ മുന്നിലിരിക്കുന്ന പലരും ക്ലബ്ബ് ഹൗസിലെ ചർച്ചാ വേദികളിൽ സജീവമാണ്. നാളിതു വരെ നാവടക്കി ചാനൽ ചർച്ചകൾ കേട്ടുകൊണ്ടിരുന്നു. ഇനി സ്വന്തം നാവിനും ഒരു വിലയും നിലയുമൊക്കെ ഉണ്ടാക്കാം. ചാനലുകാർ കെട്ടിയൊരുക്കി കൊണ്ടിരുത്തുന്നവർ മാത്രമായിരിക്കില്ല ഇനി നിഷ്പക്ഷ നിരീക്ഷകർ.

പല ചാനൽ ചർച്ചകളിലുമിരുന്ന് പലരും വിഡ്ഢിത്തങ്ങൾ വിളമ്പുമ്പോൾ കയറി ഇടപെടാൻ തോന്നാറുണ്ട്. പക്ഷെ സാധിക്കില്ലല്ലോ. ശബ്ദസാഹിതി കളിലൂടെ സംവാദങ്ങളുടെ വിളനിലമായി ഇനി ക്ലബ്ബ് ഹൗസുകളും സജീവമായിരിക്കും. അതിനെക്കാൾ പുതിയതെന്തെങ്കിലും വരുന്നതുവരെയെങ്കിലും.

ചർച്ചകൾ മാത്രമല്ല കവിയരങ്ങും പാട്ടും പരിചയപ്പെടലുകളുമൊക്കെ അവിടെ പൊടിപൊടിച്ചു തുടങ്ങിയിട്ടുണ്ട്. പരസ്പര സഹായത്താൽ ഫോളോവേഴ്സിനെ കൂട്ടുന്ന ഗെയിമുകളുമായി ക്ലബ്ബ് ഹൗസിനെ വരവേൽക്കാൻ നിരവധി ഗ്രൂപ്പുകൾ രാവും പകലും സജീവമാണ്. ജാതി-മത-വർണ്ണ-വർഗ്ഗ ലിംഗ ചിന്തകൾക്കതീതമാണിപ്പോഴത്തെ കുട്ടായ്മകൾ കടുതലും. പക്ഷെ കാലേണ ഇവിടെയും വിഷവിത്തുകൾ വിതയ്ക്കപ്പെടാം. മാലിന്യങ്ങൾ കൂന്നുകൂടാം.

എന്നാലും മാനവികതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവർക്ക് ശബ്ദത്തിൻ്റെ സാദ്ധ്യതകൾ കൊണ്ട് ചിന്തകളെയും ആശയങ്ങളെയും സർഗ്ഗാത്മകമായി ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന ഒരിടമായിരിക്കും ക്ലബ്ബ് ഹൗസും. പക്ഷെ കാര്യമിതൊക്കെയാണെങ്കിലും മണിക്കൂറുകളോളം ക്ലബ് ഹൗസിലിരിക്കാൻ സാമ്പത്തിക പരാധീനർ എങ്ങനെ നെറ്റ് ചാർജ് ചെയ്യുമെന്നതാണ് മറ്റൊരു സാംസ്കാരിക പ്രതിസന്ധി!

Sunday, June 6, 2021

സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം

 സൈബർ ഇടങ്ങളിലെ സ്വതന്ത്ര ഇടതുപക്ഷം


സൈബർ ഇടങ്ങളിൽ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റയ്ക്കോ കൂട്ടായോ പിന്തുണയ്ക്കുന്നവരും ആശയ പോരാട്ടം നടത്തുന്നവരും ഇടതുപക്ഷത്തിന് സ്വയം പ്രതിരോധമൊരുക്കുന്നവരും എല്ലാവരും ഇടതുപക്ഷത്തെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളായിരിക്കില്ല. കൂടുതലും അനുഭാവികളാണ്. അംഗത്വമുള്ളവരും കുറച്ചേറെ ഉണ്ടാകും. ചിലർ പാർട്ടിയിലോ അതിൻ്റെ ബഹുജന മുന്നണികളിലോ അംഗത്വമുള്ളവരും ചുമതലയുള്ളവരും നേരിട്ടോ ഫെയ്ക്കായോ കണ്ടേക്കാം. തൊഴിൽപരമായ സുരക്ഷിതത്വം കണക്കിലെടുത്ത് ഫെയ്‌ക്കായി ഇടപെടുന്ന അംഗങ്ങളോ അനുഭാവികളോ ഒക്കെ ഉണ്ടാകും. ഇവരെല്ലാം പാർട്ടിയോ ഇടതു പക്ഷ മോ ഓദ്യോഗികമായി എടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളെയും അപ്പാടെ അംഗീകരിച്ചു കൊള്ളണമെന്നില്ല. പലർക്കും അതിനുള്ള ബാദ്ധ്യതയുമില്ല. പാർട്ടി വരയ്ക്കുന്ന രേഖയിലൂടെ എപ്പോഴും എല്ലാവരും സഞ്ചരിച്ചെന്നിരിക്കില്ല. ചിലർ ആ വരയിൽ നിന്ന് വഴുതി മാറി കോഷ്ഠികാട്ടി നടന്നു വരും. പക്ഷെ എവിടെ പോകാൻ. പിന്നെയും വരയിലും വരിയിലും വന്ന് കയറും.

പാർട്ടിയും മുന്നണിയും എടുക്കുന്ന പല തീരുമാനങ്ങളിലും നിലപാടുകളിലും സാധാരണ പാർടി അംഗങ്ങൾക്കും പ്രതിഷേധങ്ങൾ ഉണ്ടാകുകയും പരസ്പരം പറയുകയും തങ്ങൾക്കടുപ്പമുള്ള നേതാക്കളോട് പറയുകയുമൊക്കെ ചെയ്യാറുള്ളതാണ്. കാരണം സാധാരണ പാർട്ടി അംഗങ്ങൾ പാർട്ടിയോ മുന്നണിയോ എടുക്കുന്ന തീരുമാങ്ങളുടെയും നിലപാടുകളുടെയും നാനാവശങ്ങളൊന്നും വിശകലനം ചെയ്തിട്ടല്ല അഭിപ്രായം പറയുക. പെട്ടെന്ന് എല്ലാവർക്കും എന്തും ഒരുപേലെബോധ്യപ്പെട്ടെന്നും വരില്ല. എന്നാൽ പാർട്ടി / മുന്നണി തീരുമാനങ്ങളെ അവർ അംഗീകരിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യും. പരസ്യ വിമർശനം നടത്തുകയുമില്ല.

സാധാരണ പാർട്ടി അംഗത്വവും ചുമതലകളുമുള്ളവർ തന്നെ ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കും എന്നിരിക്കെ പാർട്ടിയുടെ ഔദ്യോഗിക കെട്ടുപാടുകൾക്ക് പുറത്തുള്ളവർ തികഞ്ഞ അച്ചടക്കത്തോടെ പെരുമാറണമെന്ന് ശഠിക്കുന്നത് ശരിയല്ല. പാർട്ടിക്കുള്ളിലെ ജനാധിപത്യ ബോധവും പൊതുജനാധിപത്യ ബോധവും രണ്ടും രണ്ട് തന്നെയാണ്. പാർട്ടി അംഗങ്ങളും ചുമതലപ്പെട്ടവരും പരസ്യമായി പാർട്ടി തീരുമാനങ്ങൾക്കെതിരെ നിലപാട് എടുക്കാൻ പാടില്ല തന്നെ; പക്ഷെ അല്ലാത്തവർ എതിരഭിപ്രായങ്ങൾ പറയുമ്പോൾ സ്നേഹ ബുദ്ധ്യാ തിരുത്താൻ ശ്രമിക്കാം എന്നല്ലാതെ അവർക്കെതിരെ എന്തെങ്കിലും സംഘടനാ നടപടികൾ എടുക്കാൻ കഴിയില്ലല്ലോ. അത്തരമാളുകളെയും ഗ്രൂപ്പുകളെയും ഒടക്കാക്കി ബഡക്കാക്കി അകറ്റുകയല്ല വേണ്ടത്. അടുപ്പിച്ചു നിർത്തിയാൽ തിരുത്തിയെടുക്കാം അകറ്റി നിർത്തിയാൽ അവർ അന്യരാകും. അവരുടെ ബുദ്ധിയും കഴിവുമൊക്കെ എതിരിടങ്ങൾക്ക് മുതൽക്കൂട്ടാക്കും. സ്വതന്ത്ര ചിന്തകളെയും ആശയങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും അടിച്ചമർത്തുന്നത് ആധുനിക ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാർക്ക്.

എല്ലാ വിഭാഗമാളുകളെയും ചേർത്തു നിർത്തിയാണ് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത്. ഇടതുപക്ഷത്തെയോ അതിനുള്ളിലെ പാർട്ടികളുടെയോ അച്ചടക്കമുള്ള സജീവ അംഗങ്ങളും പ്രവർത്തകരും മാത്രമല്ല ഇടതുപക്ഷത്തിൻ്റെ ശക്തി. പലവിയോജിപ്പുകൾക്കിടയിലും ഇടതുപക്ഷത്ത് ഉറച്ചു നിൽക്കുന്നവരും, എന്തൊക്കെ പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും നമ്മുടെ ചിഹ്നം കാണുമ്പോൾ മാറ്റി കുത്താൻ മനസ്സുവരാത്തവരും എല്ലാം ചേർന്നതാണ് ഇടതുപക്ഷത്തിൻ്റെ ശക്തി!