Tuesday, January 8, 2019

സാമ്പത്തികസംവരണവും അവസര സമത്വവും


സാമ്പത്തികസംവരണവും അവസരസമത്വവും

ഭരണഘടന ഉറപ്പ് നൽകിയ സംരക്ഷണപരമായ സംവരണം (പ്രൊട്ടക്ടീവ് ഡിസ്ക്രിമിനേഷൻ ആണിത്) സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ല. സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ്. സാമൂഹ്യമായ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങളിൽ ഒന്ന് മാത്രമാണ് സാമ്പത്തികാവസ്ഥ. സാമ്പത്തികമായി മുന്നിലാണ് എന്നതുകൊണ്ട് മാത്രം സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറുകയില്ല. സാമ്പത്തികസംവരണത്തെ അതിന്റെ മാനുഷിക വശംകൊണ്ട് ന്യായീകരിക്കുന്നുവെങ്കിലും ഇപ്പോൾ ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കുന്ന സാമ്പത്തിക സംവരണവും നിലവിലുള്ള സാമുദായിക സംവരണവും തമ്മിൽ ഇഴചേർക്കുന്നത് യുക്തിപരമല്ല. ഇത് രണ്ടും രണ്ടാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മുന്നോക്കസമുദായക്കാരായാലും പിന്നോക്ക സമുദായക്കാരായാലും ജീവിതമത്സരങ്ങളിൽ ആപേക്ഷികമായി പിന്നോട്ട് പോകുന്നുണ്ട്. ഈ യാഥാർത്ഥ്യം കാണാതിരിക്കുന്നതും ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.

പിന്നോക്കസമുദായത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ ആ സമുദായത്തിനുള്ളിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുക്കുന്ന സ്ഥിതിയും കാണാതിരുന്നുകൂട. ആ നിലയ്ക്കാണ് സംവരണം സംബന്ധിച്ച് ഇ.എം.എസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും പിന്നോക്കത്തിലെ പിന്നോക്കക്കർക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തിയിട്ട് ആ സമുദായത്തിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടെ അഭാവത്തിൽ ആ സമുദായത്തിൽ പെട്ട സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെത്തന്നെ പരിഗണിക്കനമെന്നുമായിരുന്നു ഇ എം എസിന്റെ നിലപാട്. അതായത് ഭരണഘടനാപരമായി പിന്നോക്കസമുദായക്കാർക്ക് ലഭിക്കേണ്ട സംവരണാനുകൂല്യങ്ങൾ ആ സമുദായത്തിനു പുറത്തേക്ക് പോകരുതെന്ന് സാരം. ഇപ്പോൾ മുന്നോക്കത്തിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുമ്പോൾ മുന്നോക്കത്തിലെ പിന്നോക്കക്കാരുടെ അഭാവത്തിൽ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ആർക്ക് നൽകണമെന്ന ചോദ്യം കൂടി പ്രസക്തമാവുകയാണ്.

പിന്നോക്കക്കാരിലെ മുന്നോക്കകാർക്കുപോലും സംവരണാനുകൂല്യം നൽകേണ്ടതില്ലെന്ന വാദഗതി നിലനിൽക്കുമ്പോൾ മുന്നോക്കത്തിൽ മുന്നോക്കത്തിനു സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകുന്നതിന് ന്യായീകരണമുണ്ടോ? മറ്റൊരു കാര്യം ഓരോ സംസ്ഥനത്തെയും മുന്നോക്ക പിന്നോക്ക സമുദായങ്ങളുടെ സാമൂഹ്യാവസ്ഥകൾ തമ്മിൽ ചെറുതല്ലാത്ത അന്തരങ്ങൾ ഉണ്ട്. ഉദാഹരണത്തിന് കേരളത്തിൽ മുസ്ലിം, ഈഴവ, ക്രിസ്ത്യൻ സമുദായക്കാരിൽ സാമ്പത്തികാമായി പിന്നിൽ നിൽക്കുന്നവരാണ് കൂടുതലെങ്കിലും അവർക്ക് സാമൂഹ്യമായി പിന്നോക്കവസ്ഥ ഇല്ല. പിന്നോക്ക സമുദായക്കാർ എന്ന നിലയിൽ യാതൊരുവിധ സാമൂഹ്യമായ വിവേചനങ്ങളും അവർ അനുഭവിക്കുന്നില്ല. എന്നാൽ എല്ലാ സംസ്ഥനങ്ങളിലെയും പിന്നോക്കക്കാരുടെ അവസ്ഥ ഇതുപോലെയല്ല. 

ഒരേ സമുദായത്തിലുള്ളവർ തന്നെ വ്യത്യസ്ത സംസ്ഥനങ്ങളിൽ വ്യത്യസ്ഥമായ സാമൂഹ്യാവസ്ഥകൾ അനുഭവിക്കുന്നവരാണ്. ഉദാഹരണത്തിന് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹ്യാവസ്ഥ കേരളത്തിലെ പോലെ സുഖകരമല്ല. പട്ടികജാതി പട്ടികവർഗ്ഗ സമുദായങ്ങളെക്കാൾ ദയനീയമായ സാമൂഹ്യാവസ്ഥകളാണ് മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ സംവരണത്തിന്റെ കാര്യത്തിൽ ഒരു പുനർചിന്തനവും ഭരണ ഘടനാ ഭേദഗതിയുമൊക്കെ വരുത്തുമ്പോൾ അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന വിധത്തിലായാൽ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ സാമൂഹ്യനീതി കൈവരുത്താൻ സഹായകരമാകുമോ? ഇത് വ്യത്യസ്തതരത്തിലായിരിക്കില്ലേ, ഓരോ സംസ്ഥാനങ്ങളിലെയും ഓരോരോ സമുദായങ്ങളെയും ബാധിക്കുക? മറ്റൊന്ന് എസ് സി, എസ് എസ് റ്റി വിഭാഗങ്ങളുടെ കാര്യത്തിൽ ഒരു ചിന്താവിഷയം എന്ന നിലയിൽ പോലും അടുത്ത കലാത്തൊന്നും സാമ്പത്തിക സംവരണം എന്ന വിഷയം ചർച്ചയ്ക്കെടുത്തുകൂടാത്തതാണ്. സംവരണാനുകൂല്യം ഉണ്ടായിരുന്നിട്ടുകൂടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുപോലും സാമൂഹ്യമായി മുന്നേറാൻ കഴിയില്ലെന്നിരിക്കെ പട്ടിക ജാതി പട്ടികവർഗ്ഗക്കാരുടെ സംവരണക്കാര്യത്തിൽ അടുത്തകാലത്തൊന്നും തൊട്ടുകൂടാത്തതുമാണ്.

ഒരു സ്ഥിരം പ്രതിഭാസം എന്ന നിലയിൽ അല്ല നമ്മുടെ ഭരണഘടനാ വിധാതാക്കൾ സാമുദായികസംവരണം ഏർപ്പെടുത്തിയത്. ഓരോ സമുദായവും സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറി മുന്നേറുന്ന മുറയ്ക്ക് കാലന്തരെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കണം എന്ന നിലയ്ക്ക് തന്നെയാണ് സങ്കല്പിച്ചിട്ടുള്ളത്. പക്ഷെ സംവരണാനുകൂല്യങ്ങൾ കൊണ്ട് കുറച്ചേറെ അവസര സമത്വം പാലിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്ത് ഓരോ സമുദായങ്ങൾക്കിടയിൽ സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ ഏകീകൃതമായ ഒരു മാറ്റം ഇനിയും പ്രകടമായിട്ടില്ല.മുന്നോക്ക സമുദായക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ അത് സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെയോ വിവേചനങ്ങളുടെയോ അടിസ്ഥനത്തിലല്ല കാണേണ്ടത്. സാമൂഹ്യമായ പിന്നോക്കാവസ്ഥയോ വിവേചനമോ അവർ നേരിടുന്നില്ല. എന്നാൽ ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവസര സമത്വം അവരും അർഹിക്കുന്നുണ്ട്.

മുന്നോക്ക സമുദായത്തിൽ നല്ലൊരു പങ്കിന്റെ സാമ്പത്തികമായ പിന്നോക്കാവസ്ഥ മറ്റ് പിന്നോക്കസമുദായങ്ങളുടേതിനു സമാനമോ അതിലും കൂടുതലോ ആണ്. ആ നിലയിൽ ആണ് മുന്നോക്കസമുദായക്കാർക്കുള്ള സാമ്പത്തിക സംവരനം സാധൂകരിക്കപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും സംവരണം മൊത്തമായും എടുത്തു കളയണമെന്ന നിലപാട് പ്രചരിപ്പിക്കുന്ന ഒരു പാർട്ടി കേന്ദ്രം ഭരിക്കുമ്പോൾ അവർ തന്നെ സാമ്പത്തിക സംവരണം കൊണ്ടു വരുന്നത് വിരോധാഭാസമാണെങ്കിലും അതിൽ കൗതുകമൊന്നുമില്ല. കാരണം സംവരണം ഒരു രാഷ്ട്രീയ വിഷയമായിട്ട് വർഷങ്ങളായി. അമ്പലം, പള്ളി, പശുക്കൾ എന്നിവയൊക്കെ രാഷ്ട്രീയ നേട്ടങ്ങൾക്കുപയോഗിക്കുന്ന് ഒരു പാർട്ടി സംവരണത്തെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിൽ കൗതുകപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഒരു കാര്യം ആര് എന്ത് താല്പര്യത്തിൽ നടപ്പിലാക്കുന്നു എന്നതിലല്ല, നടപ്പിലാക്കുന്ന കാര്യം നീതീകരിക്കത്തക്കതാണോ എന്നതാണ് പ്രസക്തം.

Wednesday, January 2, 2019

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു


ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു

ശബരിമലയിൽ ഇന്ന് പുലർച്ചെ രണ്ട് സ്ത്രീകൾ പ്രവേശിച്ച് അയ്യപ്പദർശനം നടത്തി. ബിന്ദു, കനകദുർഗ്ഗ എന്നീ സ്ത്രീകളാണ് എല്ലാ പ്രതിഷേധങ്ങളെയും അതിജീവിച്ച് പോലീസ് സംരക്ഷണയോടെ മലചവിട്ടിയത്. കഴിഞ്ഞൊരു ദിവസം അവർ അയ്യപ്പദർശനത്തിനെത്തിയെങ്കിലും പ്രതിഷേധവും പോലീസിന്റെ അഭ്യർത്ഥനയും മാനിച്ച് തിരിച്ചു പോയിരുന്നു. സർക്കാർ വിവിധസാമൂഹ്യ സാമുദായിക സംഘടനകളുടെ പിന്തുണയോടെ നടത്തിയ വനിതാ മതിലിന്റെ പിറ്റേന്നാണ് ഈ രണ്ട് സ്ത്രീകൾ മല ചവിട്ടീ അയ്യപ്പദർശനം നടത്തിയത്. എന്നാൽ ഇവർ കേരളത്തിലെ ഏതെങ്കിലും പ്രബല രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ ആയിരുന്നില്ല. ഇവർ നക്സൽ  അനുകൂലികളാണെന്നാണ് പറയപ്പെടുന്നത്.  ഇവർ ശബരിമല ദർശനം നടത്തിയത് സംബന്ധിച്ച എന്റെ ഫെയ്സ് ബൂക്ക് പോസ്റ്റ് ചുവടെ:

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ വീമ്പടിക്കുന്നില്ല. വീരവാദം മുഴക്കുന്നില്ല. ആഘോഷിക്കുന്നുമില്ല. നാലും തുനിഞ്ഞ് നല്ലിപ്പും കെട്ട് ആരെങ്കിലുമിറങ്ങിയാൽ ഇങ്ങനെയും സംഭവിക്കാം. അത്രതന്നെ! ആൾബലമോ കായബലമോ കാട്ടി എല്ലയിടത്തും ജയിക്കാമെന്ന് കരുതുന്ന എല്ലാവർക്കുമുള്ള പാഠം എന്നേയുള്ളൂ. അതെ, എല്ലാവർക്കും തന്നെ! ചിലപ്പോൾ അങ്ങനെയാണ്. എത്രമഹാഭൂരിപക്ഷത്തെയും ജയിക്കാൻ ഒരു ചെറുന്യൂനപക്ഷത്തിന് അല്ലെങ്കിൽ ഒന്നോ രണ്ടോ പേർക്ക് കഴിയും. പക്ഷെ ജീവഭയം ഉണ്ടാകരുതെന്ന് മാത്രം. ഇതിന്റെ ക്രെഡിറ്റ് ആർക്കും അവകാശപ്പെട്ടതല്ല. സർക്കാരിനോ വനിതാമതിലിനോ ഒന്നും. 

പോലീസല്ല, ആര് അഭ്യർത്ഥിച്ചാലും തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ചു വന്നു. കയറി. വലിയബഹളങ്ങളൊന്നുമില്ലാതെ. ഇനിയിപ്പോൾ ആരും കയറിയിരുന്നില്ലെങ്കിലും ആർക്കും വീമ്പടിക്കാൻ അതിൽ ഒന്നുമുണ്ടാകുമായിരുന്നില്ല. ആരും ഇതുപോലെ തയ്യാറായില്ല. കയറിയില്ല എന്നേ വരുമായിരുന്നുള്ളൂ. ബഹുകക്ഷി ജനാധിപത്യം നില നിൽക്കുന്ന ഒരു രാജ്യത്ത് ബഹുവിധ നിലപാടുകളും അതിന്റെ സാധൂകരണത്തിനും സാക്ഷാൽക്കാരത്തിനുമുള്ള ശ്രമങ്ങളും ഉണ്ടാകും. അതിൽ ആരുടെയെങ്കിലും വിജയത്തിൽ ആർക്കെങ്കിലും അഹങ്കാരമോ ആർക്കെങ്കിലും പരാജയത്തിന്റെ ജാള്യതയോ ഉണ്ടാകേണ്ടതില്ല. സമാധാനത്തിന്റെ മാർഗ്ഗത്തിലൂടെ എല്ലാവർക്കും അവരവരുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാം. നേരേതാണോ അത് ആത്യന്തികമായി കാലത്തെ അതിജീവിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പേ ഗൗരവത്തിലെടുക്കേണ്ടിയിരുന്ന മുത്തലാക്ക് വിഷയം ഇപ്പോൾ മാത്രം നിയമമായതുപോലെയേ ഉള്ളൂ. അതും ഒരാചാരമായിരുന്നല്ലോ!

Tuesday, January 1, 2019

വനിതാമതിൽ വൻവിജയമായി


വനിതാമതിൽ

വനിതാ മതിൽ വൻവിജയമായി. അതിൽ അദ്ഭുതമൊന്നുമില്ല. ഇതുപോലൊരു പരിപാടി നടത്താനുള്ള ആൾബലവും സംഘാടകശേഷിയും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക്-പ്രത്യേകിച്ച് സി പി ഐ എമ്മിനുണ്ട്. ഇത് സർക്കാരിന്റെ ഒരു പരിപാടി എന്ന നിലയ്ക്കല്ലായിരുന്നെങ്കിലും വിജയിക്കുമായിരുന്നു. കാരണം മുമ്പ് പലപ്രാവശ്യം മനുഷ്യച്ചങ്ങലയും മനുഷ്യക്കോട്ടയുമൊക്കെ സംഘടിപ്പിച്ചപ്പോഴും വമ്പിച്ച സ്ത്രീ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വനിതാമതിലിനെക്കുറിച്ച് വീമ്പ് പറയാനൊന്നും ഞാൻ മിനക്കെടുന്നില്ല. വനിതാമതിലിനോളമൊന്നും ആയില്ലെങ്കിലും ബി.ജെ പിയുടെ സംഘാടക ശേഷിക്കനുസൃതമായി അഥവാ വിഷയം ഭക്തിയുടേതായിതിനാൽ അവരുടെ ആൾബലത്തിനും സംഘാടകശേഷിക്കുമല്പമപ്പുറം അയ്യപ്പജ്യോതി എന്നൊരു പരിപാടി അവർക്കും സംഘടിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ അയ്യപ്പജ്യോതിക്കു നേരെ ഒരിടത്തും ഒരക്രമവും ഉണ്ടായില്ല. 

സി പി എമ്മിനു വലിയ ആൾശേഷിയും സംഘടനാ സംവിധാനങ്ങളൊമൊക്കെയുള്ള സ്ഥലങ്ങളിൽ ഉടനീളം തന്നെയാണ് അയ്യപ്പജ്യോതി തെളിച്ചത്. സംഘടനാ ശേഷിയുടെ അഹങ്കാരം ഒരിടത്തും സി പി എമ്മോ മറ്റ് ഇടതുപക്ഷമോ കാണിച്ചില്ല. നേരിട്ടും പതിയിരുന്നും ഒക്കെ കല്ലെറിയാനും ആക്രമിക്കാനുമൊക്കെ ശക്തിയുള്ള സ്ഥലങ്ങളിലൊക്കെ അവർ കൗതുകത്തോടെ അത് നോക്കി നിൽക്കുകയും ചിത്രങ്ങളെടുക്കുകയുമേ ചെയ്തിട്ടുള്ളൂ. നമ്മുടെ സ്ഥലത്തും എം സി റോഡിൽ  ഏതോ പഞ്ചായത്തിലുള്ളവർ വന്ന് അയ്യപ്പജ്യോതി തെളിയിച്ചിരുന്നു. അന്ന് വൈകുന്നേരം ഞങ്ങളും അതാഘോഷപൂർവ്വം കൗതുകത്തോടെ തന്നെ നിരീക്ഷിച്ചു നിന്നത്. കാരണംരവർ ആരെയും ആക്രമിക്കാനല്ല വന്നത്. എന്നാൽ വനിതാമതിലിനു നേരെ കാസർകോട്ടും മറ്റും ഒറ്റപ്പെട്ട് നടന്ന അക്രമങ്ങൾ ഇപ്പോൾ നടക്കുന്ന ജനാധിത്യപരവും സമാധാനപരവുമായ സംവാദാത്മകമായ അന്തരീക്ഷത്തിന്  കളങ്കമേല്പിക്കുന്നതായി.

കാസർകോട്ടെ ബി ജെ പിക്കാർക്കെന്താ കൊമ്പുണ്ടോ? ബി ജെ പിക്ക് ശക്തിയുള്ള എത്രയോ പ്രദേശങ്ങൾ ദേശീയപാതയ്ക്കരികുകളിൽ ഉണ്ട്. അവിടെയൊന്നുമുള്ള ഒരു ബി ജെ പിക്കർക്കും തോന്നാത്ത അക്രമബുദ്ധി കാസർകോട്ടെ ബി ജെ പിക്കാർക്കുണ്ടായതെന്തുകൊണ്ട്? അല്പം ശക്തിയുള്ളതിന്റെ അഹങ്കാരത്തിൽ നിന്നും ഉദ്ഭവിച്ച ഫാസിസ്റ്റ് മനോഭാവം. മന:പൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഇരു ഭാഗത്തും നാശനഷ്ടങ്ങളുണ്ടാക്കാനുള്ള ചെകുത്താൻ പണി. ശബരിമലവിഷയം  കോടതിയുടെ പരിഗണനയിൽ ഉള്ളതാണ്. അതൊക്കെ ആയതിന്റെ വഴിക്ക് നീങ്ങും. ചിലപ്പൊൾ പുതിയ നിയമനിർമ്മാണങ്ങളുണ്ടാകും. ഈ സംവാദങ്ങളും വിവാദങ്ങളും പ്രതിഷേധങ്ങളുമൊക്കെ തുടരും. അതിന് ഇതുപോലെ ജനങ്ങളെ അണിനിരത്തി നടത്തുന്ന വൻപരിപാടികൾക്കു നേരെ അവിടവിടെയുമിവിടെയും നിന്ന്  അക്രമം നടത്തുന്നത് വെറും ക്രിമിനൽ പ്രവർത്തനമാണ്. 

ഇപ്പോഴും പലയിടത്തുമുണ്ടാകുന്ന മറ്റ്  രാഷ്ട്രീയ സംഘട്ടനങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടേണ്ടതില്ല. അത്തരം സംഘട്ടനങ്ങളും തീരെ ന്യായീകരിക്കത്തക്കതല്ലെങ്കിലും അതിനൊക്കെ പ്രാദേശികവും പരസ്പരപ്രകോപനപരവുമായ പല കാരണങ്ങളുമുണ്ടാകും. 
ഒരു കൂട്ടർ സംഘടിപ്പിക്കുന്ന ഇതുപോലൊരു പരിപാടിയെ മറ്റൊരു കൂട്ടർ ആക്രമിക്കുന്ന പ്രവണത ഏത് ഭാഗത്തു നിന്നാണ് ആരംഭിക്കുന്നതെങ്കിലും അത് മുളയിലെ നുള്ളപ്പെടേണ്ടതാണ്. ഇതിനുമുമ്പൊന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഇത് മതിലിന്റെയോ അയ്യപ്പജ്യോതിയുടേയോ നവോത്ഥാനത്തിന്റെയോ ശബരിമലയുടെയോ പ്രശ്നമല്ല. ജനാധിപത്യ വിരുദ്ധതയുടെയും ഫാസിസത്തിന്റെയും പ്രശ്നമാണ്. മന:പൂർവ്വം സ്വന്തം പ്രസ്ഥാനത്തിലുള്ളവർക്കും എതിർ പ്രസ്ഥാനത്തിലുള്ളവർക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്ന തികച്ചും പ്രകോപനപരമായ ക്രിമിനൽ പ്രവർത്തനമാണ്. 

ഇത് അവരുടെ നേതൃത്വത്തിന്റെ അറിവോടെയാണെങ്കിൽ കൂടുതൽ ഗൗരവമർഹിക്കുന്ന വിഷയമാണ്. ഇതിനെ അവരുടെ നേതൃത്വംപലപിക്കുന്നില്ലെങ്കിൽ, തടയിടുന്നെങ്കിൽ അത് അതിലും വലിയ അപകടമാണ്. ഇന്നത്തെ ചാനൽ ചർച്ചകളിൽ മുഖ്യ ചർച്ചാ വിഷയമാകേണ്ടിയിരുന്നത് വനിതാമതിലിന്റെ വിജയമോ നവോത്ഥാനമോ ശബരിമലയോ അയ്യപ്പ ജ്യോതിയോ ഒന്നുമായിരുന്നില്ല; മറിച്ച് ഒറ്റപ്പെട്ടതെങ്കിലും ഈക്രംമസംഭവങ്ങളാണ് ചർച്ചയ്ക്കെടുക്കേണ്ടിയിരുന്നത്. മാദ്ധ്യമങ്ങൾ ആ ഉത്തരവാദിത്വം നിറവേറ്റിയില്ല. അതിനെ നിസാരവൽകരിച്ചു. കൈരളി ചാനൽപോലും.  ഫാസിസത്തിനെതിരെയുള്ള പോരാട്ടമെന്നാൽ പ്രധാനമായും അത് അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടിയാണ്.