ഈ പോസ്റ്റ് വേണ്ടവിധം വായിച്ചു നോക്കാത്തതിനാൽ അക്ഷരത്തെറ്റുകൾ കണ്ടേക്കാം. ദയവായി ചൂണ്ടിക്കാണിക്കുക.
അനൂപ് ജേക്കബിന് അഭിനന്ദനങ്ങൾ
പിറവം ഉപതെരഞ്ഞെടുപ്പിൽ വിജായിച്ച അനൂപ് ജേക്കബിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ!
അങ്ങനെ ആ സസ്പെൻസും പൂർത്തിയായി. പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ് ജേക്കബ് വിജയിച്ചു. പതിനായിരത്തിനു മുകളിലാണ് ഭൂരിപക്ഷം. മുൻമന്ത്രിയും കേരളാ കോൺഗ്രസ്സ് ജേക്കബ്ബ് വിഭാഗം ചെയർമാനുമായിരുന്ന ടി.എം.ജേക്കബ്ബിന്റെ നിര്യാണം മൂലമാണ്, അദ്ദേഹം മത്സരിച്ചു വിജയിച്ച പിറവം നിയമസഭാ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അനൂപ് ജേക്കബ് ടി.എം.ജേക്കബ്ബിന്റെ മകനാണ്.
പിറവം ഉപതെരഞ്ഞെടുപ്പിൽ ആർക്കാണ് വിജയസാദ്ധ്യതയെന്നത് ഇതു സംബന്ധിച്ച എന്റെ ഒരു
മുൻപോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് ഈയുള്ളവനെ അദ്ഭുതപ്പെടുത്തിയ ഒന്നല്ല. തെരഞ്ഞെടുപ്പിനു മുമ്പ് വിജയസാധ്യതകളെ പറ്റി സാമാന്യേന ഓരോ പാർട്ടിക്കാരും മുന്നണിക്കാരും പറയുന്നതിൽ തെറ്റൊന്നുമില്ല. ആത്മവിശ്വാസവും വേണം. എന്നാൽ അതിരുവിട്ട അവകാശവാദങ്ങളും പ്രവചനങ്ങളും മുൻവിധികളും ഗീർവാണങ്ങളും ആർക്കുംതന്നെ ഭൂഷണമല്ല എന്നാണ് എന്റെ അഭിപ്രായം. അത് എന്റെ ആ മുൻ പോസ്റ്റിൽ ഞാൻ ആത്മാർത്ഥമായിത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അല്ലാതെ ആരോ അതിൽ കമന്റിട്ടതു പോലെ പിറവത്തെ പരാജയം മുൻകൂട്ടി കണ്ടിട്ടൊന്നുമല്ല ഞൻ അങ്ങനെ പറഞ്ഞിട്ടുള്ളത്. ഇരുമുന്നണികളിലെയും നേതാക്കൾ മുൻകൂർ നടത്തിയ വിജയപ്രഖ്യാപനങ്ങൾ കണ്ടിട്ടാണ് ഞാൻ അതേ പറ്റി എഴുതിയത്.
(അതിന്റെ ലിങ്ക്). എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പിറവം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എം.ജെ.ജേക്കബ്ബിന് ജനങ്ങൾക്കിടയിലുള്ള മതിപ്പും സ്വീകാര്യതയും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം തുച്ഛമായ വോട്ടുകൾക്കാണ് തോറ്റുപോയത് എന്നതും, എൽ.ഡി.എഫ് ഇപ്പോൾ ഭരണത്തിലല്ലാ എന്നതും മാത്രമായിരുന്നു അവിടെ എൽ.ഡി.എഫിന് അനുകൂലമായ ഘടകങ്ങൾ. മറ്റെല്ലാ ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഇരു മുന്നണികളും പറഞ്ഞിരുന്നതുപോലെ ഈ ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ കേരളത്തിൽ ഭരണത്തിലുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ മാത്രം ആണെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല. ഒരു തെരഞ്ഞെടുപ്പിൽ പല ഘടകങ്ങളും സ്വാധീനിക്കും. അതിൽ സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലും പല സ്വാധീന ഘടകങ്ങളിൽ ഒന്നു മാത്രമായിരിക്കും.
പിറവത്ത് ടി.എം.ജേക്കബിന്റെ മകന്റെ സ്ഥാനാർത്ഥിത്തം, ടി.എം.ജേക്കബ്ബിനോടും കുടുംബത്തോടുമുള്ള സഹതാപം, അനുപ് ജയിച്ചാൽ മന്ത്രിയാകുമെന്ന ആ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷ, യുവസ്ഥാനാർത്ഥിയെന്ന ഇമേജ്, എന്നീ ഘടകങ്ങളുടെ സ്വാധീനമുണ്ട്. കൂടാതെ സാമുദായിക ശക്തികളുടെ നിർണ്ണായകമായ പിന്തുണ അവിടെ യു.ഡി.എഫിന് അനുകൂലമായിരുന്നു. സാമുദായിക ശക്തികളുടെ അകമഴിഞ്ഞ പിന്തുണ യു.ഡി.എഫിനു ലഭിക്കും പോലെ എൽ.ഡി.എഫിന് ഒരിടത്തും ഒരു കാലത്തും സ്വാഭാവികമായും ലഭിക്കില്ല. പിറവത്തും മറിച്ചായിരിക്കില്ലല്ലോ. അതൊക്കെ അതിജീവിച്ച് വേണം എൽ.ഡി.എഫിന് ജയിക്കാൻ. അതിനുള്ള ഒരു സാഹചര്യമോ, ജനങ്ങൾക്ക് ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാരിനെ വിലയിരുത്താനുള്ള ഒരു സമയമോ ആയിട്ടുമുണ്ടായിരുന്നില്ല. പിന്നെ ഭരണയന്ത്രങ്ങളുടെ ദുരുപയോഗം ഈ തെരഞ്ഞെടുപ്പ് വിജയത്തെ പല രൂപത്തിൽ കുറച്ചൊക്കെ സ്വാധീനിച്ചിട്ടുണ്ടാകണം. പണം, മദ്യം എന്നിവയൊഴുക്കിയുള്ള വോട്ട് നേടലും ഒരളവുവരെ പിറവത്തും നടന്നിട്ടുണ്ടാവണം. മദ്യവും, പണവും ഒഴുക്കുന്ന കാര്യത്തിൽ യു.ഡി.എഫിനെ വെല്ലാൻ എൽ.ഡി.എഫിനു കഴിയില്ല. ഭരണത്തിലുള്ള കക്ഷിയ്ക്ക് പ്രതിപക്ഷത്തുള്ളവരേക്കാൾ കള്ള വോട്ട് ചേർക്കാനും കഴിയും. അതൊന്നും യു.ഡി.എഫ്കാർ മാത്രം ചെയ്യുന്നതാണെന്ന് ഞാൻ പറയുന്നില്ല. ഇരുപക്ഷത്തുള്ളവരും പലയിടത്തും ഏറിയും കുറഞ്ഞും അതൊക്കെ പരീക്ഷിക്കുന്നുണ്ട്. ഞാൻ പൊതുവേ അതിന് എതിരാണ്. എങ്കിലും മദ്യവും പണവും നൽകി വോട്ടു പിടിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് യു.ഡി.എഫുകാർ തന്നെയാണെന്നാണ് എനിക്ക് നേരിൽ കാണാൻ കഴിഞ്ഞിട്ടുള്ള അനുഭവം.
പണം, മദ്യം, കള്ളവോട്ട് എന്നീക്കാര്യങ്ങൾ കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് നിഷേധിക്കനാകില്ല. ജാതിമതശക്തികളുടെ രാഷ്ട്രീയ ഇടപെടലും സ്വാധീനവും കാലം കഴിയുന്തോറും കൂടി വരികയുമാണ്. അത് പിറവത്തും പ്രകടമാണ്. ഇതെല്ലാം കൂടി സമം ചേർന്നില്ലായിരുന്നെങ്കിൽ ഇത്രയും ഭൂരിപക്ഷം (12,070 നു പുറത്താണ് ഭൂരിപക്ഷം)) അനൂപിന് അവിടെ ലഭിക്കുമായിരുന്നില്ല. ഞാനീ യു.ഡി.എഫിനിട്ട് അല്പം കുത്തിക്കുത്തി പറഞ്ഞുവന്നത് തെരഞ്ഞെടുപ്പിൽ പലഘടകങ്ങളും സ്വാധീനിക്കും എന്നുള്ളതാണ്. മത്സരിക്കുന്നവരിൽ ഒരാളുടെ വിജയത്തിന്റെ രൂപത്തിൽ അതെല്ലാം പുറത്ത് വരും. അതുകൊണ്ട് പിറവം ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ഇപ്പോൾ അധികാരത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തലായി മാത്രം കാണാൻ കഴിയില്ല എന്നാണ് എന്റെ പക്ഷം. കാരണം ഈ യു.ഡി.എഫ് സർക്കാർ അത്ര ജനപ്രിയ സർക്കാരൊന്നുമല്ല. ബഡ്ജറ്റ് വന്നതോടെ അത് കൂടുതൽ വ്യക്തമായതാണ്. നിലവിലുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരെ പ്രീതിപ്പെടുത്താൻ പെൻഷൻ പ്രായം കൂട്ടുകവഴി തൊഴിൽ കാത്തു കഴിയുന്ന അഭ്യസ്ഥ വിദ്യരായ ലക്ഷക്കണക്കിനു ചെറുപക്കാരോട് ഈ സർക്കാർ അനീതി കാട്ടി. അവർക്ക് ടെസ്റ്റ് എഴുതാനുള്ള പ്രമാവധി പ്രായം കൂട്ടുകപോലും ചെയ്യാതെയാണ് പെൻഷൻ പ്രായം അന്യായമായി വർദ്ധിപ്പിച്ചത്. എത്ര വലിയ ജകീയപ്രതിഷേധവും ക്ഷണിച്ചു വരുത്തുന്ന നടപടികൾപോലും പ്രഖ്യാപിക്കാൻ ധിക്കാരം കാണിക്കുന്ന ഒരു ജനവിരുദ്ധ സർക്കാരാണിതെന്നതിന് മറ്റൊരുദാഹരണം വേണ്ട. പെൻഷൻ പ്രായം കൂട്ടുന്നതുപോലെ ഒരു തീരുമാനം കൈക്കൊള്ളുമ്പോൾ സർക്കാരിന് നേരിയ ഭുരിപക്ഷം മാത്രമേയുള്ളൂ എന്ന ഒരു വിചാരം പോലും ഉണ്ടായില്ല. അത്ര ധിക്കാരം.
എന്തായാലും കൂട്ടത്തിൽ രാഷ്ട്രീയംവിട്ട് ചിലതുകൂടി പറയാം. പിറവം ഉപതെരഞ്ഞെടുപ്പ് വാശിയേറിയ ഒരു തെരഞ്ഞെടുപ്പായിരുന്നു. രാഷ്ട്രീയവും വികസനവും നന്നായി ചർച്ച ചെയ്യപ്പെട്ട ഒരു തെരഞ്ഞെടുപ്പ്. ഞാൻ മേൽ സൂചിപ്പിച്ച ചില ചില്ലറ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ തികച്ചും ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്. പൊതുവേ വലിയ അക്രമ സംഭവങ്ങളൊന്നും ഇല്ലാതെ നടന്ന തെരഞ്ഞെടുപ്പ്. സമ്പൂർണ്ണസാക്ഷരത നേടിയ ഒരു സംസ്ഥാനം എന്ന നിലയിൽ ഇവിടുത്തെ എല്ലാ ജനങ്ങളും അങ്ങേയറ്റം പ്രബുദ്ധരാണെന്ന് പറയാനാകില്ലെങ്കിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജനങ്ങൾ പ്രബുദ്ധരാണ്. ഉത്തരേന്ത്യയിലെ കൈയൂക്ക്, പണം, ഗുണ്ടായിസം, ജാതിമതം തുടങ്ങിയവയാൽ നിർണ്ണയിക്കപ്പെടുന്ന രഷ്ട്രീയവും തെരഞ്ഞെടുപ്പുകളും അവയുടെ ഫലങ്ങളും വച്ചു നോക്കുമ്പോൾ നമുക്ക് കേരളത്തിൽ ഏറെ അഭിമാനിക്കാവുന്ന ഘടകങ്ങളുണ്ട്. പിറവത്ത് നടന്ന സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പും ഏറെക്കുറെ പ്രബുദ്ധതയുടെയും ജനാധിപത്യ ബോധത്തിന്റെയും അടയാളമായിത്തന്നെ കാണാം. ഞാൻ മേൽ മുന്നേ സൂചിപ്പിച്ച ചില ദുസ്വാധീനങ്ങളും അനഭിലഷണീയപ്രവണതകളും കാണാതെയല്ല, ഇത് പറയുന്നത്. ഇപ്പോഴും നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അത്തരം ദുഷ്പ്രവണതകളും ദു:സ്വാധീനങ്ങളും പൂർണ്ണമായും ഇല്ലാതാക്കേണ്ടതുണ്ട്. അവയെ പറ്റി മുമ്പും ഞാൻ എഴുതിയിട്ടുണ്ട്. ഇനിയും എഴുതും. അത് ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ മാത്രം അടിസ്ഥാനമാക്കി ചർച്ചചെയ്യേണ്ടതല്ല. വരും നാളുകളിലും വിശദമായി ചർച്ച ചെയ്യേണ്ടതാണ് എന്ന് കരുതുന്നു. ഉത്തർ പ്രദേശിൽ അഖിലേഷ് യാദവ് അവിടുത്തെ ഗുണ്ടാ മാഫിയാ രാഷ്ട്രീയത്തെ ദുർബ്ബലപ്പെടുത്താൻ ചില ശ്രമങ്ങൾ തുടങ്ങി വച്ചിരിക്കുന്നു എന്നുള്ള അവിടെ നിന്നുള്ള വാർത്തകൾ ശുഭസൂചനയാണ്. അങ്ങനെ ചില നല്ല അനക്കങ്ങൾ ഉത്തരേന്ത്യയിൽ ഒരിടത്തെങ്കിലും സംഭവിച്ചു തുടങ്ങുമ്പോൾ നമ്മൾ ഇപ്പോഴുള്ളതിലും മോശപ്പെട്ട അവസ്ഥയിലേയ്ക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പിറവത്ത് അമിതമായ ആത്മ വിശ്വാസം വച്ചുപുലർത്താൻ മാത്രം അനുകൂലമായ എന്തെങ്കിലും ഘടകങ്ങൾ യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് ഉണ്ടായിരുന്നില്ല എന്ന് ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചു. എങ്കിലും ഇരു മുന്നണികളും ആത്മ വിശ്വാസത്തോടെയും വിജയപ്രതീക്ഷയൊടെയും തെരഞ്ഞെടുപ്പിനെ നേരിട്ടു. യു.ഡി.എഫിനെ സംബന്ധിച്ച് ഇത് കേവലം ഒരു പ്രിസ്റ്റീജ് തെരഞ്ഞെടുപ്പായിരുന്നില്ല. മറിച്ച് ജീവൻമരണ പോരാട്ടമായിരുന്നു. ഗവർൺമെന്റിന്റെ നിലനില്പിനെ തന്നെ ബാധിച്ചേക്കാമെന്ന ഭയം നിലവിലുള്ള കക്ഷിനില വച്ച് സ്വാഭാവികവുമാണ്. സെൽവരാജുമാർ ഇനിയും അധികം ഉണ്ടാകണമെന്നില്ലല്ലോ. അതുകൊണ്ട് ആ ഒരു ഗൌരവം ഉൾക്കൊണ്ടുകൊണ്ട് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിനു കഴിഞ്ഞു. മറുപക്ഷത്ത് എൽ.ഡി.എഫിനെ സംബന്ധിച്ച് ഒരു രാഷ്ട്രീയ വിജയം എന്നതിനപ്പുറം ഒരു പ്രിസ്റ്റീജ് തെരഞ്ഞെടുപ്പായിരുന്നില്ല പിറവം. കാരണം അത് ഒരു സ്ഥിരം എൽ.ഡി.എഫ് മണ്ഡലമല്ല. ചുരുക്കം തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് അവിടെ എൽ.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്കാണ് അന്നത്തെയും സ്ഥാനാർത്ഥിയായിരുന്ന എം.ജെ. ജേക്കബ് തോറ്റുപോയത് എന്നത് എൽ.ഡി.എഫിന് ആത്മ വിശ്വാസം നൽകിയിരുന്നു. എം.ജെ.ജേക്കബ്ബിനെ മുൻനിർത്തി ഒരു കടുത്ത മത്സരം സൃഷ്ടിക്കുവാൻ എൽ.ഡി.എഫിനു കഴിഞ്ഞു. ആരു ജയിച്ചാലും ഒരു അയ്യായിരത്തിനകം വോട്ടിന്റെ ഭൂരിപക്ഷത്തിനപ്പുറം പോകില്ലെന്നായിരുന്നു പൊതുവിൽ വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും അനൂപ് ജേക്കബിന്റെ ഭുരിപക്ഷം പതിനായിരത്തിനു മുകളിലേയ്ക്ക് ഉയരത്തക്ക വിധം ചില സ്വാധീനങ്ങളും ദു:സ്വാധീനങ്ങളും പിറവത്ത് സംഭവിച്ചു.
അതൊക്കെ എന്തുതന്നെ ആയാലും ഏതെങ്കിലും ഒരു ഉപതെരഞ്ഞെടുപ്പോടെയോ പൊതുതെരഞ്ഞെടുപ്പോടെയോ തന്നെ എക്കാലത്തേയ്ക്കുമുള്ള ഒരു സൂചന അത് നൽകുന്നുവെന്ന് ആർക്കും കരുതാനാകില്ല. ഇനിയിപ്പോൾ ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെട്ടതുകൊണ്ട് കേരളത്തിലെ എൽ.ഡി.എഫോ സി.പി.ഐ.എമ്മോ നിലമ്പരിശായി എന്നും ആരും കരുതേണ്ടതില്ല. എൽ.ഡി.എഫിന്റെയോ സി.പി.ഐ.എമ്മിന്റെയോ ജനകീയാടിത്തറയിൽ എന്തെങ്കിലും ഇളക്കം തട്ടിയെന്നും ആരും കരുതേണ്ടതില്ല. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെ അടിസ്ഥാനമാക്കിയല്ല സി.പി.ഐ.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ വളർച്ചയും തളർച്ചയും നിർണ്ണയിക്കപ്പെടുന്നത്. ഭരണത്തിലിരുന്ന് വളർന്നതുമല്ല ഇടതുപക്ഷപ്രസ്ഥാനങ്ങൾ. ഭരണമില്ലാത്തപ്പോഴാണ് എൽ.ഡി.എഫും, സി.പി.ഐ.എമ്മും ഒക്കെ കൂടുതൽ വളർന്നിട്ടുള്ളത്. കോൺഗ്രസ്സിനെയോ മറ്റ് യു.ഡി.എഫ് കക്ഷികളെയോ പോലെ തെരഞ്ഞെടുപ്പുകളെയോ ഭരണത്തെയോ മുന്നിൽകണ്ടും അധികാരത്തിനു വേണ്ടി മാത്രവും പ്രവർത്തിക്കുന്ന കേവലം ഒരാൾകൂട്ടമല്ല സി.പി.ഐ.എമ്മും ഇടതുപക്ഷവും. സദാ ജനങ്ങൾക്കൊപ്പം സേവന രംഗത്തും സമര രംഗത്തും നിൽക്കുന്ന മുന്നണിയാണ് ഇടതുപക്ഷം. ഈ മുതലാളിത്ത- ബൂർഷ്വാ സാമൂഹ്യ വയവസ്ഥിതിയിൽ ഇടയ്ക്കിടെ ലഭിക്കുന്ന ഭരണം പോലും ഒരു സമരമാണ് ഇടതുപക്ഷത്തിന്. സമൂലമായ സാമൂഹ്യമാറ്റങ്ങൾക്കുവേണ്ടിയാണ് അത് നില നിൽക്കുന്നത്. അതുകൊണ്ടാണ് രാജ്യവ്യാപകമയി മറ്റു ബൂർഷ്വാ പ്രസ്ഥാനങ്ങളെപ്പോലെ ഇടതുപക്ഷത്തിന് കടന്നു ചെല്ലാൻ കഴിയാത്തതും. കമ്മ്യൂണിസം വളരുന്നത് പല സ്ഥാപിത താല്പര്യങ്ങൾക്കും തടസ്സമാകും. അതുകൊണ്ടുതന്നെ അതിന്റെ വളർച്ചയെ പ്രതിരോധിക്കാൻ ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്ത ശക്തികളും ജാതിമത-വർഗ്ഗീയ ശക്തികളും അവർ കൈയ്യാളുന്ന ഭരണകൂടവും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അതിന്റെയൊക്കെ ഭാഗമായി പിറവത്തെ പോലെ പല തിരിച്ചടികളും ഉണ്ടാകും. അതിനെയൊക്കെ അതിജീവിച്ച് ഇടതുപക്ഷ പ്രസ്ഥാനം മുൻപോട്ടുതന്നെ പോകുകയും ചെയ്യും. തിരിച്ചടികൾ ഇടതുപക്ഷത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളെ അല്ല.
ഈ ഒരു ഉപതെരഞ്ഞെടുപ്പ് ഫലത്തെ മുൻ നിർത്തി പോലും ചിലർ പറയും; എൽ.ഡി.എഫ് തകർന്നെന്നും സി.പി.ഐ.എം തകർന്നെന്നും കമ്മ്യൂണിസം കാലഹരണപ്പെട്ടെന്നും ഇനി എൽ.ഡി.എഫ് ഒരിക്കലും അധികാരത്തിൽ വരില്ലെന്നും ഒക്കെ. ചുമ്മാ! ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു! കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നു പൊതുവിൽ എല്ലാവരും കരുതിയതാണ്. തൊട്ടുമുമ്പ് നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അല്പം മേൽകൈ ഉണ്ടായിരുന്നതുമാണ്. പക്ഷെ എന്നിട്ടും തൊട്ടു പിന്നാലെ നടന്ന നിയമസഭാ പൊതു തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷത്തോട് അടുത്തു വന്നു. നിസാരമായ സീറ്റുകളുടെ വ്യത്യാസത്തിലാണ് എൽ.ഡി.എഫിനു ഭരണം നഷ്ടപ്പെട്ടതും യു.ഡി.എഫിനു ഭരണം ലഭിച്ചതും. അതുകൊണ്ട് എക്കാലത്തും കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലിരിക്കും എന്നൊരു അഹന്ത ആരും വച്ചു പുലർത്തേണ്ട. കേരളത്തിൽ ഇനിയും എൽ.ഡി.എഫ് അധികാരത്തിൽ വരും. അതുപോലെ ഇനി നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരുന്നു. അവിടുത്തെ എം.എൽ.എ ആയിരുന്ന സെൽവരാജ് എം.എൽ.എ സ്ഥാനം രാജിവച്ച് സി.പി.ഐ.എം വിട്ടു പോയതാണ് ഉപതെരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തിയത്. പിറവത്ത് ജയിച്ചതുകൊണ്ട് യു.ഡി.എഫ് നെയ്യാറ്റിൻ കരയിൽ വിജയിക്കുമെന്നു കരുതേണ്ട. നെയ്യാറ്റിൻകരയിൽ യു.ഡി.എഫിന് അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിൽ ജയിക്കും. അല്ലാതെ പിറവം ജയിച്ചതുകൊണ്ട് നെയ്യാറ്റിൻകരയിൽ ജയിക്കുമെന്ന് യു.ഡി.എഫോ പിറവം തോറ്റതുകൊണ്ട് നെയ്യാറ്റിൻകരയിൽ തോൽക്കുമെന്ന് എൽ.ഡി.എഫോ കർതേണ്ട. എല്ലായ്പോഴും ഒന്നിന്റെ തനിയാവർത്തനമായിരിക്കും മറ്റൊന്ന് എന്ന് കരുതുന്നതിൽ യാതൊരു യുക്തിയുമില്ല. കേരളത്തിൽ ഒരിക്കൽ ഭരണത്തിലിരിക്കുന്നവർ പിന്നെ അധികാരത്തിൽ വരില്ലെന്ന ധാരണ പൊതുവിൽ ഉണ്ടായിരുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ മാറിത്തുടങ്ങിയിട്ടുണ്ട്. കാരണം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമായിരുന്നു.വിജയത്തിൽ ആരും അഹങ്കരിക്കുകയോ പരാജയത്തിൽ പ്രകൊപിതരാകുകയോ ചെയ്യാൻ പാടില്ല.
അന്യായമായ കുടുംബവാഴ്ചയ്ക്ക് ഞാൻ എതിരാണെങ്കിലും രാഷ്ട്രീയക്കരുടെ മക്കൾ രഷ്ട്രീയത്തിൽ വരുന്നതിൽ തെറ്റുണ്ടെന്നു കരുതുന്നില്ല. പല രാഷ്ട്രീയ നേതാക്കളും സ്വന്തം മക്കളെ കേട് കൂടാതെ ഫ്രിഡ്ജിൽ വച്ചിട്ടാണ് മറ്റുള്ളവരുടെ മക്കളെ സംഘടിപ്പിക്കാനിറങ്ങുന്നത്. അനൂപ് ജേക്കാബ് പക്ഷെ അച്ഛന്റെ അനുമതിയോടെ മുമ്പേ തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുള്ളതാണ്. ടി.എം. ജേക്കബ്ബിനൊപ്പം അദ്ദേഹത്തിന്റെ മരണം വരെയും തുടർന്നിപ്പോൾ മകൻ അനൂപ് ജേക്കബ്ബിനും പാർട്ടിക്കുമൊപ്പം നിൽക്കുന്ന ജോണി നെല്ലൂരിനെ മറികടന്നാണ് പിറവത്ത് മത്സരിച്ച് ജയിച്ചത് എന്നൊരു ന്യൂനതയുണ്ട് എന്നിരിക്കിലും ജോണി നെല്ലൂരിന് അതിൽ കുണ്ഡിതമില്ലാത്ത സ്ഥിതിയ്ക്ക് അത് കാര്യമാക്കേണ്ടതില്ലെന്നു കരുതാം. ഏതായാലും അനൂപ് ജേക്കബ്ബിന്റെ തിളക്കമാർന്ന വിജയത്തിൽ സന്തോഷിക്കുന്നുവെങ്കിലും ഒരു സി.പി.ഐ.എം കാരൻ എന്ന നിലയിൽ എൽ.ഡി.എഫിന്റെ പരാജയത്തിൽ ദു:ഖിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു. അച്ഛന്റെ പാതയിൽ ഇനി കേരളത്തിലെ ഒരു മന്ത്രികൂടി ആകാനിരിക്കുന്ന അനൂപ് ജേക്കബിന് ആശംസകൾ!
(രാവിലെ തെരഞ്ഞെടുപ്പ്ഫലം അറിഞ്ഞുടൻ നീട്ടിപ്പരത്തിയ ഒരു പോസ്റ്റ് ഏതാണ്ട് പൂർണ്ണമായി എഴുതിക്കഴിഞ്ഞപ്പോൾ കറണ്ട് പോയി. സേവ് ചെയ്യാൻ മറന്നു പോയതിനാൽ അതു നഷ്ടമായി. യു.പി.എസ് കേടാണ്. പിന്നെ ഉച്ചയ്ക്കു ശേഷം എഴുതിയ ഈ പോസ്റ്റ് ആദ്യം എഴുതിയതിന്റെയത്ര സുഖം എനിക്ക് നൽകുന്നില്ല എന്ന ദു:ഖംകൂടി ഇതൊനോടൊപ്പം പങ്കു വയ്ക്കുന്നു. ഒരിക്കൽ എഴുതിയത് രണ്ടാമത് ഒന്നുകൂടി അതേപടി എഴുതുക എന്നെ സംബന്ധിച്ച് അല്പം ശ്രമകരമാണ്. ആദ്യം എഴുതിയത് പലതും മറക്കും. )